LIMA WORLD LIBRARY

പ്രണയപൂര്‍വം ലിന്‍സി റിയാദ് – (നോവല്‍) അധ്യായം 8 – അഡ്വ. ലത ചുനക്കര

പോരാട്ടത്തിന്റെ രാത്രി

ലിന്‍സി മന്ത്രിയായി അധികാരമേററ്റിട്ട് ആറുമാസമായി. കേരളത്തിലെ ആതുരസേവനത്തിന് പുതിയ മാനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് പല ബില്ലുകളും പാസാക്കി. അവള്‍ ദിവസത്തില്‍ 24 മണിക്കൂറും രാജ്യത്തിനുവേണ്ടി ഒഴിഞ്ഞു വച്ചിരുന്നു. എല്ലാ നിയമസഭാ മീറ്റിങ്ങുകളിലും ലിന്‍സിയുടെ ബില്ലുകള്‍ ചര്‍ച്ച ചെയ്യാന്‍ ഉണ്ടാവും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളും സുസജ്ജമായി, ആശുപത്രി ജീവനക്കാര്‍ സേവനോന്‍മുഖരായി. മീഡിയകള്‍, ലിന്‍സി പുതിയതായി സ്ഥാപിച്ച, ലേറ്റസ്റ്റ് ടെക്‌നോളജി ഉള്ള മെഷീനുകളും റോബോട്ടിക് സര്‍ജറി മുതലായ ചികിത്സാരീതി കളെയും വാനോളം പ്രശംസിച്ചു.

ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ബില്ല് തയ്യാറാക്കി ആധുനിക റിസര്‍ച്ച് ടെക്‌നോളജി ഉപയോഗിച്ച് അര്‍ബുദ സെല്ലുകളെ തിരികെ ഉപയോഗമായ സെല്ലുകള്‍ ആക്കി മാറ്റുന്ന പ്രക്രിയകള്‍ക്ക് തുടക്കമിട്ടു. അതുപോലെതന്നെ പാവപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് 5 ലക്ഷം വരെ ഉള്ള മരുന്നുകള്‍ സൗജന്യമായി നല്‍കുന്ന ബില്ലും പാസായി പ്രാമുഖ്യത്തില്‍ വന്നു.

ലിന്‍സിക്ക് അര്‍ബുദ രോഗികളോട് ഒരു പ്രത്യേക ആഭിമുഖ്യവുമുണ്ടായിരുന്നു. പാവപ്പെട്ട അര്‍ബുദ രോഗികള്‍ക്ക് സൗജന്യമായി താമസിക്കുവാനും ആഹാരം കഴിക്കുവാനുമുള്ള ഒരു അഞ്ചു നിലയുള്ള സേവന കേന്ദ്രം ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഫലമായി ഉയര്‍ന്നു വരുന്നുണ്ടായിരുന്നു. അതിനുവേണ്ടി തുക ലഭ്യമാക്കാന്‍ ലിന്‍സി കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള മീറ്റിങ്ങുകളില്‍ പങ്കെടുത്തു. ദുബായിലും ഷാര്‍ജയിലും സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് പോയി, യുഎസ്, യൂ കെ, ഇ യൂ മലയാളികളുടെ സഹായവും ലഭ്യമാക്കി അങ്ങനെ ലോകം മുഴുവന്‍ ഉള്ള മലയാളികള്‍ ഭാഗഭുക്കുക്കാകിയ പദ്ധതികള്‍ കേരളത്തില്‍ ധൃതാഗതിയില്‍ തയ്യാറാകുന്നുണ്ടായിരുന്നു.

അപ്പോഴാണ് തൊടുപുഴ ഡിസ്ട്രിക്ട് ഹോസ്പിറ്റലില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ശ്രദ്ധ കൊടുക്കുന്ന പ്രത്യേക വാര്‍ഡ് തയ്യാറാകുകയും അത് ഉദ്ഘാടനം ചെയ്യുവാന്‍ ലിന്‍സിയെ ക്ഷണിക്കുകയും ചെയ്തത്.ലിന്‍സി ഒരു ദിവസം മുന്‍പ് തന്നെ പോകുവാനും ലിന്‍സിയുടെ വീടായ റോസ്മാന്‍ഷനില്‍ നിന്നും ഉദ്ഘാടനത്തിനു പങ്കെടുക്കുവാനും തീരുമാനിച്ചു. നിശ്ചിത ദിവസം തന്നെ പാലാ തൊടുപുഴ റോഡിന്റെ ഇടവശത്തും കുട്ടികളുടെയും ആരാധകരുടെയും കൈവീശല്‍ ഉത്തരമായി കൈവീശല്‍ നല്‍കിക്കൊണ്ട് ലിന്‍സി റോസ്മാന്ഷനിലേക്ക് സ്റ്റേറ്റ് കാറില്‍ പോയി.ജനങ്ങളുടെ സ്‌നേഹത്തില്‍ അവള്‍ സന്തുഷ്ടയായിരുന്നു അങ്ങനെ അവള്‍ ‘റോസ് മാന്‍ഷ്‌നില്‍, എത്തി.

നീല ഓടിട്ടതു പോലെ മുഖപ്പുള്ള കോണ്‍ക്രീറ്റ് മേല്‍ക്കൂര ചെയ്ത ഒരു രണ്ടുനില കെട്ടിടമായിരുന്നു റോസ് മാന്‍ഷന്‍. തോമാച്ചന്റെ വീടിനു ചുറ്റും രണ്ട് ഏക്കറില്‍ പരന്നുകിടന്ന മരങ്ങള്‍. അത്
വീടിന്റെ അടുത്ത് പ്ലാവ്,കുറച്ചു ദൂരെ മാവ്, പിന്നെ റബ്ബറിന്റെ പ്ലാന്റേഷന്‍ ഇങ്ങനെയായിരുന്നു നട്ടിരുന്നത്.പല വൃക്ഷങ്ങളും തോമാച്ചന്റെ കൈ കൊണ്ട് നട്ടതായിരുന്നു ;ബാക്കി തോമാച്ചന്റെ അച്ഛന്‍ വറീത് മാപ്പിളയും.വീടിന്റെ മുറ്റം മുഴുവന്‍ പൂമരങ്ങള്‍ ആയിരുന്നു. ലിന്‍സിയുടെ പ്രിയപ്പെട്ട പുഷ്പങ്ങള്‍- സുഗന്ധരാജനും ചെമ്പകവും നറുമണം പരത്തി.

തോമാച്ചന്‍ തലസ്ഥാനത്ത് ഒരു വീട് കേശവപിള്ളയുടെ വീടിന്റെ അടുത്ത് തന്നെ സംഘടിപ്പിച്ചിരുന്നു. ലിന്‍സിയുടെ സഹോദരന്‍ ലിന്‍സണ്‍ കുടുംബത്തോടെ വിദേശത്തായിരുന്നതുകൊണ്ട് ലിന്‍സിയുടെ അടുത്തുതന്നെ തോമാച്ചന്‍ വസിക്കാന്‍ തീരുമാനിച്ചു. തോമാച്ചന്റെ ചേട്ടന്റെ മകന്‍ ടോമിക്കുട്ടി ആയിരുന്നു അപ്പോള്‍ റോസ് മാന്ഷനും പ്ലാന്റേഷനും നോക്കിയിരുന്നത്. അവന്‍ വീട്ടില്‍ താമസിക്കുകയും റഫ്ഫ്, സ്വീറ്റി എന്നീ പേരുകളുള്ള അവരുടെ അയല്‍സേഷന്‍ നായ്ക്കളെ നോക്കുന്നതിന് സഹായിക്കുകയും ചെയ്തു.

തോമാച്ചന്‍ വീട്ടിലെത്തിയ ഉടന്‍ ടോമിക്കുട്ടിയുടെ ഭാര്യ ജെസ്സി അവള്‍ തയ്യാറാക്കിയിരുന്ന അച്ചപ്പവും, മുറുക്കും, ചക്കയുപ്പേരിയും, കാപ്പിയുമായി ഉമ്മറത്ത് എത്തി. ‘വന്നല്ലോ ലിന്‍സിമോള്‍!നാളെ ഇവിടെത്തന്നെ തങ്ങുമല്ലോ? അല്ലേ?? പള്ളിയിലെ അച്ഛനും കുറെ നാട്ടുകാരും ഒരുമിച്ച് മോളെ കാണാന്‍ നാളെ വരുന്നുണ്ട്; റോഡിനുള്ള നിവേദനവും കൊണ്ടാണെന്ന് തോന്നുന്നു’.
ലിന്‍സി ഓര്‍മ്മകള്‍ അയവിറത്തു ‘ജെസ്സി മോള്‍ ഇപ്പോഴും ക്വയറില്‍ പാടുന്നുണ്ടോ? ‘
‘ ജെസ്സി മോള്‍ തുന്നുന്ന പൂക്കളുടെ ഭംഗി ഒന്നു വേറെ തന്നെയായിരുന്നു’
ജെസ്സിക്ക് സന്തോഷമായി. ‘ഉണ്ടേ.. ടോമിച്ചായന് എല്ലാത്തിലും താല്പര്യമാണ്’. ജെസ്സി സന്തോഷത്തോടെ ചിരിച്ചു. ലിന്‍സി മോള്‍ക്ക് എന്തുവേണമെങ്കിലും എന്നോട് പറയണം കേട്ടോ. കുറച്ചു നാരങ്ങ വെള്ളം എടുക്കട്ടെ?..’

കേശവപിള്ളയും തോമച്ചനും പൂമുഖത്തിരുന്ന് വളരെ ഗൗരവമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. അവര്‍ ലിന്‍സിയെ വിഷം ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ച കാര്യം ഗൗരവത്തോടെ തന്നെ എടുത്തിരുന്നു. പോലീസ് അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടിയില്ല. ആരാണ് ചെയ്തതെന്നോ എന്തിനാണ് ചെയ്തതെന്നോ. കേശവപിള്ള യുടെ മനസ്സില്‍ നിന്നും റിയാദിന്റെ മരണം ഉണ്ടാക്കിയ ഞെട്ടല്‍ ഇനിയും മാഞ്ഞിരുന്നില്ല. ജീവിതകാലം മുഴുവന്‍ അത് നിലനില്‍ക്കും എന്നാണ് കേശവപിള്ള പറഞ്ഞത്.
‘ റിയാദ് മോന്‍ പോയത് അവനെ കത്തികൊണ്ട് കുത്തിയത് ആയിരുന്നുവല്ലോ. കത്തികൊണ്ടോ മറ്റ് ആയുധങ്ങള്‍ കൊണ്ടോ ലിന്‍സിക്ക് ഒരു ആക്രമണം പ്രതീക്ഷിക്കാവുന്നതാണ് ; അത് ഇവിടെ വീട്ടില്‍ ആയാലും ശരി നാളെ ഹോസ്പിറ്റലില്‍ ആയാലും ശരി. സുരക്ഷയുടെ കാര്യത്തില്‍ തോമാച്ചന്‍ വിട്ടുവീഴ്ച്ച വരുത്തരുത്; എന്തൊക്കെയാണ് ചെയ്തിരിക്കുന്നത്?’ ‘ഇനി ഞാന്‍ എന്തു ചെയ്യണം? ‘ കേശവപിള്ള ചോദിച്ചു. ചെറിയ തൊണ്ട കാറല്‍ ഉണ്ടായിരുന്നതുകൊണ്ട്, ജെസ്സി കൊടുത്ത ചൂടുവെള്ളം കുറേശ്ശെ കുടിച്ചു കൊണ്ടാണ് കേശവപിള്ള ഇരുന്നിരുന്നത്.അദ്ദേഹത്തിന്റെ നെറ്റിയില്‍ മുഖത്തിനു സമാന്തരമായി ഉണ്ടായിരുന്ന ചുളിവുകള്‍ വര്‍ധിച്ചു.
തോമാച്ചന്‍ ആലോചനയിലായി ‘ലിന്‍സിക്ക് എന്തെങ്കിലും അപകടം പറ്റിയാല്‍ തോമാച്ചന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല’.
‘എല്ലാ പഴുതുകളും അടയ്ക്കണം തോമാച്ചന്‍ കേശവപിള്ളയോട് പറഞ്ഞു.’
പുറം ഗേറ്റ് റിമോട്ട് കണ്‍ട്രോള്‍ ഉള്ള ഇലക്ട്രിക് ഗേറ്റ് ആണ്. വീടിനു ചുറ്റും സുരക്ഷാ ക്യാമറകള്‍ വെച്ചിട്ടുണ്ട്. അത് കണക്ട് ചെയ്തിരിക്കുന്നത് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ആണ്. സുരക്ഷാ പോലീസുകാര്‍ അവിടെ നിന്നും വീക്ഷിച്ചുകൊണ്ടേയിരിക്കും.വീടിനകത്തു ക്ലോസ് സര്‍ക്യൂട്ട് ടിവി ഉണ്ട്. പിന്നെ ബീറ്റ് പോലീസ് ഇപ്പോഴും കറങ്ങിക്കൊണ്ടിരിക്കും. വീട്ടില്‍ അഴിച്ചുവിട്ട രണ്ട് അല്‍സേഷന്‍ നായ്ക്കള്‍ ഉണ്ട്. ‘. തോമാച്ചന്‍ പറഞ്ഞു, പെട്ടെന്ന് എന്തോ ഓര്‍ത്തത് പോലെ ടോമിക്കുട്ടിയെ വിളിച്ചു.
‘ എടാ ടോമിക്കുട്ടീ രാത്രിയില്‍ പത്രോസും ലാച്ചനും ഇവിടെ തന്നെ കിടക്കാന്‍ പറയണം ഒരു ആളും ധൈര്യവും ഇപ്പോള്‍ നമുക്ക് ആവശ്യമാണ്’. ടോമി കുട്ടി പറഞ്ഞു ‘ഓ അങ്ങനെ ആകട്ടെ.’ തോമാച്ചന്‍ തിരിഞ്ഞ് കേശവപിള്ളയോട് ചോദിച്ചു ‘ഇത്രയും പോരേ ഇനി വേറെ എന്തെങ്കിലും ചെയ്യാന്‍ ഉണ്ടോ? ‘

കേശവപിള്ള തലകുലുക്കി എന്നിട്ട് പറഞ്ഞു ‘ഞാന്‍ വീടിന്റെ അകഭാഗം മുഴുവന്‍ കണ്ടില്ല എല്ലാം ഒന്ന് നോക്കി വെക്കട്ടെ തോമാച്ചനും വരൂ’.. തോമാച്ചനും കേശവപ്പിള്ളയും വീടിന്റെ അകഭാഗം ചുറ്റി കാണാനായി പുറപ്പെട്ടു. പൂമുഖത്തിന് ചുറ്റും അഴികളാല്‍ സുരക്ഷ നല്‍കിയിരിക്കുന്നു. അരമതിലും അഴികളും ആയിരുന്നു ഉണ്ടായിരുന്നത് അതില്‍ കര്‍ട്ടനുകള്‍ ഇട്ട് മറിച്ചിട്ടുണ്ടായിരുന്നു. നല്ല ഈട്ടി കൊണ്ടുള്ള സോഫകളും, കസേരകളും, കാപ്പി കുടിക്കാനുള്ള മേശകളും ഉണ്ടായിരുന്നു പൂമുഖത്തില്‍.അകത്തേക്ക് കടന്നാല്‍ കാണുന്നത് മറ്റൊരു വലിയ ഹാള്‍ ആയിരുന്നു. ആ ഹാളിന്റെ ഇടതു വശത്ത് രണ്ടു ചെറിയ കിടപ്പുമുറികളും നേരെ ചെന്നാല്‍ അടുക്കളയിലേക്കുള്ള ഇടാനാഴിയും ആയിരുന്നു. ആ ഇടനാഴി വലുപ്പം ഉള്ളതുകൊണ്ട് അത് തീന്‍ മുറിയായി ഉപയോഗിക്കുന്നുണ്ടായിരുന്നു. അതില്‍ എട്ടുപേര്‍ക്ക് ഇരിക്കാവുന്ന വലിയ തീന്‍മേശയും കസേരകളും റബ്ബര്‍ തടി കൊണ്ട് ഉണ്ടാക്കിയിരുന്നതായിരുന്നു. ആ ഇടനാഴിയില്‍ നിന്നും കയറാവുന്ന മറ്റു രണ്ടു വലിയ കിടപ്പറകള്‍. ഏറ്റവും പുറകില്‍ അടുക്കളയും വര്‍ക്ക് ഏരിയയും. വര്‍ക്ക് ഏരിയ തുറന്നതായിരുന്നു. അവിടെ ഇരിക്കാനുള്ള ചൂരല്‍ കസേരകളും മറ്റുമുണ്ടായിരുന്നു.

പൂമുഖത്തില്‍ നിന്നും കയറിയാല്‍ എത്തുന്ന ഹാളിന്റെ വലതു വശത്തതായിരുന്നു ലിന്‍സിയുടെ മുറിയില്‍ പോകാനുള്ള കോവണിപ്പടികള്‍. അതിന്റെ മുകളില്‍ കേശവപിള്ളയും തോമച്ചനും പോയി. ലിന്‍സിയുടെ മുറിയില്‍ നിറയെ സുഗന്ധപൂരിതമായ കാറ്റ് അടിക്കുന്നുണ്ടായിരുന്നു. ചെമ്പകം പൂത്തിട്ടുണ്ടായിരുന്നു. തുറന്ന വലിയ ജനാലകള്‍ ലിന്‍സി പ്രത്യേകമായി പറഞ്ഞു ചെയ്യിച്ചതായിരിന്നു.
ലിന്‌സിക്ക് റോമിയോ ജൂലിയറ്റ് സ്‌റ്റൈലില്‍ ഒരു ജനല്‍ ചെറുപ്പത്തില്‍ മുതല്‍ ആഗ്രഹമായിയുന്നു. അത് തോമച്ചന്‍ സാധിച്ചു കൊടുക്കുകയും ചെയ്തു. ലിണ്‍സണ്‍ന്റെ മുറി, ലിന്‍സിയുട മുറിയുടെ പുറകില്‍ ആയിരുന്നു. അത് അടച്ചിട്ടിരിക്കുകയായിരുന്നു. ലിന്‍സണെയും കാത്ത്. ലിന്‍സിയുടെ മുറിയില്‍ ഡബിള്‍ ബെഡും ദിവാനും ഉണ്ടായിരുന്നു.
തോമാച്ചന്റെ ഭയം കാരണം അദ്ദേഹം ലിന്‍സിയോട് പറഞ്ഞു ‘മകളെ നീ വളപ്പില്‍ പോവണ്ട’. എന്നാലും ലിന്‍സി എന്തോ ആലോചിച്ചു കൊണ്ട് പൂന്തോപ്പില്‍ നടന്നു. ‘അപ്പാ, ഞാനും ഒരു ഏകാന്തപഥിക അപ്പനെ പോലെ’ അവള്‍ പറഞ്ഞു. ‘നമ്മള്‍ക്ക് രണ്ടുപേര്‍ക്കും ഒരേ വിധി വന്നല്ലോ’. അവളുടെ കണ്ണുകള്‍ നിറഞ്ഞു തോമാച്ചന്റെയും. ജെസ്സി രണ്ടു ചൂരല്‍ കസേര എടുത്തുകൊണ്ടുവന്നു. തോമാച്ചന്‍ മറ്റു കാര്യങ്ങള്‍ക്കായി പോയപ്പോള്‍ ലിന്‍സി അതിലിരുന്ന് ഗാഢമായ ചിന്തയില്‍ ആണ്ടു.റിയാദ് എഴുതിയിരുന്ന ഒരു വിരഹ കവിത അവള്‍ ആലോചിച്ചു.

‘ഋതു മന്ത്രം ഓതുമീ കുളിര്‍ കാറ്റില്‍|

മറവിയുടെ താളം മുഴങ്ങുമ്പോള്‍|

മൗനമായി ഒഴുകിയ നിമിഷങ്ങളില്‍|

പെരുമഴ പാതയില്‍ തനിയെ ഞാന്‍|

 

സ്വച്ഛ നീലം കറുക്കുമ്പോള്‍|

വീണ്ടും നിന്നെ തിരയുമ്പോള്‍|

മിഴിനീരാല്‍ മെഴുകുമിതെന്മനം|

പെരുമഴ പാതയില്‍ തനിയെ ഞാന്‍ ||

അറ്റ പ്രതീക്ഷയാം വീഥിയില്‍|
ഓര്‍മ്മകളില്‍ നാം ത്രിസന്ധ്യയില്‍ |
മറവികള്‍ ചിതറിയ ചാറ്റലില്‍|
I പെരുമഴ പാതയില്‍ തനിയെ ഞാന്‍||

ആഴിയിലേക്ക് എത്തിടുമ്പോള്‍|
അഴിമുഖം ശാന്തമാകുമ്പോള്‍|
അശ്രു മഴ ഇതാ പെയ്‌തൊഴിഞ്ഞു|
പെരുമഴ പാതയില്‍ തനിയെ ഞാന്‍||

വേദനവിളമ്പുംഒളിവാക്കുകള്‍ |
നിശ്വാസം അളകോലായി നീട്ടുമ്പോള്‍ |
മറവിയാം മാരി നീറ്റല്‍ അകറ്റുമ്പോള്‍ |
പെരുമഴ പാതയില്‍ തനിയെ ഞാന്‍||

നഷ്ട നീലം നീരില്‍ പൊഴിയുമ്പോള്‍|
നിനവുകള്‍കാറ്റായി തഴുകുമ്പോള്‍ |
നനഞ്ഞിതാ നിനക്കായ് മിഴികള്‍ |
പെരുമഴ പാതയില്‍ തനിയെ ഞാന്‍||

ഞാറ്റുവേല കാറ്റില്‍ ചിതറുമ്പോള്‍ |
പക്ഷികള്‍ നിശ്ചലം സായാഹ്നത്തില്‍|
വിരഹാഞ്ജനം കൂട്ടിയ മിഴികള്‍|
പെരുമഴ പാതയില്‍ തനിയെ ഞാന്‍ ||

മറവി എന്നാശ്വാസത്തിന്‍ ദീപ്തിയില്‍|
മനം ഒന്നായിരുന്നു മൗനത്തിങ്കല്‍ |
വാനത്തിങ്കല്‍ മങ്ങിയ മഴവില്ല് |
പെരുമഴ പാതയില്‍ തനിയെ ഞാന്‍||’

അപ്പോള്‍ ഗേറ്റില്‍ നിന്ന് ഒരു കോളിംഗ് ബെല്‍ അടിച്ചു. ഗേറ്റ് ടോമിക്കുട്ടി തുറന്നപ്പോളാണ്, ലിന്‍സി അതിശയിച്ചു പോയത്. രണ്ട് ദിവസത്തേക്കുള്ള വസ്ത്രങ്ങള്‍ ഒരു ബാഗില്‍ ചുമന്നുകൊണ്ട് വന്നത് മറ്റാരുമായിരുന്നില്ല ലോ കോളേജിലെ ഗ്രന്ഥശാലാകാരി റോസ് ആയിരുന്നു. ‘ലിന്‍സി മോളെ…’ റോസ് വിളിച്ചു. ‘റോസമ്മേ. ‘ സന്തോഷത്തോടെ ലിന്‍സി ഓടിവന്ന് റോസമ്മയെ കെട്ടിപ്പിടിച്ചു. റോസമ്മയെ തോമാച്ചന് അവള്‍ പരിചയപ്പെടുത്തി കൊടുത്തു. ‘ ലിന്‍സി മോള് എന്റെ ഗ്രന്ഥശാലയില്‍ വന്ന് എന്നെ ക്ഷണിച്ചിട്ടുണ്ട്, അതുകൊണ്ടാണ് ഞാന്‍ വന്നത്’ റോസമ്മ തോമാച്ചനോട് പറഞ്ഞു.’റോസമ്മ എന്റെ കൂടെ വാ ഞാന്‍ പഴയ ആല്‍ബങ്ങള്‍ കാണിച്ചുതരാം എന്റെ അമ്മയുടെ ഫോട്ടോ കാണണ്ടേ?’ ലിന്‍സി റോസ് അമ്മയെ വിളിച്ചുകൊണ്ട് അകത്തേക്ക് പോയി. ജെസ്സി കുറച്ചു പലഹാരങ്ങളും ചായയുമായി വന്നു. പിന്നെ മൂന്നുപേരും കൂടി വര്‍ത്തമാനം പറഞ്ഞ് അവിടെയിരുന്നു. പഴയ ഫോട്ടോകള്‍ എല്ലാം തോമാച്ചന്റെ മുറിയില്‍ ആയിരുന്നു ഉണ്ടായിരുന്നത്. തോമാച്ചന്റെത് താഴത്തെ നിലയിലുള്ള ഇടനാഴിയിലേക്ക് തുറക്കുന്ന കിടപ്പറയായിരുന്നു.

അപ്പോഴേക്കും സന്ധ്യയായി……, രാത്രിയായി…, അത്താഴത്തിന് നല്ല വിഭവങ്ങളാണ് ജെസ്സി ഉണ്ടാക്കിയിരുന്നത് ലിസി റോസമ്മയോട് സംസാരിച്ചുകൊണ്ടിരുന്നു. തോമാച്ചനും കേശവപിള്ളയും തോളില്‍ തോള്‍ ഉരസിക്കൊണ്ട് ഊണ് കഴിച്ചു. പെട്ടെന്ന് കേശവപിള്ള പറഞ്ഞു ‘ ലിന്‍സീ, ലിന്‍സിമോളും റോസമ്മയും ജെസ്സിയും തോമാച്ചന്‍ ഉപയോഗിച്ചിരുന്ന പ്രധാന കിടപ്പറയില്‍ കിടന്നു കൊള്ളൂ. ഞാനും തോമാച്ചനും ടോമിക്കുട്ടിയും മുകളിലത്തെ നിലയിലുള്ള ലിന്‍സി ഉപയോഗിച്ചിരുന്ന കിടപ്പറയില്‍ കിടക്കാം. ‘ തോമാച്ചനും അതു ശരിവെച്ചു.

ഊണ് കഴിഞ്ഞ് തോമാച്ചന്‍ ലിന്‍സിയെ വിളിച്ച് സംസാരിച്ചു. തോമാച്ചന്‍ രഹസ്യമായി പറഞ്ഞു ‘മോളെ അപ്പന്റെ കണ്ണാടിഅലമാരിയിലെ കള്ളറയില്‍ അപ്പന്റെ തോക്ക് ഉണ്ട നിറച്ചാണ് വെച്ചിരിക്കുന്നത്. ആവശ്യമുള്ളപ്പോള്‍ അത് ഉപയോഗിക്കണം. ലൈസന്‍സ് ഉള്ള പിസ്റ്റല്‍ ആണ് അത്. ‘ പിന്നെ ലിന്‍സിയുടെ റൂമായിരുന്ന മുറിയില്‍ കിടക്കാന്‍ തീരുമാനിച്ച തോമാച്ചനും കേശപിള്ളയും ലിന്‍സി പഞ്ചനക്ഷത്രഹോട്ടല്‍ ഉദ്ഘാടനത്തിനു പോയി മരണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതിനെക്കുറിച്ച് സംസാരിച്ചു. അവര്‍ക്ക് ഉറക്കം വന്നില്ല എന്നാലും രാത്രിയായതിനാല്‍ ലൈറ്റ് അണച്ച് കിടന്നു.

ജെയിംസും അബൂബക്കറും ഒരാഴ്ചയ്ക്ക് മുമ്പ് തന്നെ തൊടുപുഴയില്‍ എത്തിയിരുന്നു.ലിന്‍സിയെ ഒഴിവാക്കുക തന്നെയായിരുന്നു അവരുടെ ഉദ്ദേശം. അവര്‍ സിസിടിവി ക്യാമറ ശരിയാക്കാനെന്ന വ്യാജേനെ വന്ന ദിവസം മുതല്‍ ‘റോസ്മാന്‍ഷനില്‍’ പോയിരുന്നു.ഒരു ക്യാമറ, പട്ടിയുടെ കൂട്ടിനു മുകളില്‍ തന്നെ വയ്ക്കാം എന്ന് ടോമിക്കുട്ടിയോട് പറയുകയും, അത് വെക്കാന്‍ എന്ന വ്യാജേന പട്ടികളുടെ തരവും ഇണക്കവും നോക്കുകയും ചെയ്തിരുന്നു. പോക്കറ്റില്‍ ഇട്ടിരുന്ന രണ്ട് എല്ലില്‍ തുണ്ടുകള്‍ അവറ്റകള്‍ക്ക് എറിഞ്ഞു കൊടുത്തു.ടോമിക്കുട്ടി അറിയാതെയായിരുന്നു അത്.അടുപ്പിച്ച് മൂന്ന് ദിവസം അവര്‍ വീട്ടില്‍ വന്ന് പട്ടികള്‍ക്ക് എല്ലിന്‍ കഷ്ണങ്ങള്‍ കൊടുത്തതോടെ അവരെ കാണുമ്പോള്‍ പട്ടികള്‍ കുരയ്ക്കാതെയായി അവ വാലാട്ടിക്കൊണ്ട് അവരുടെ കയ്യില്‍ നിന്നും എല്ലിന്‍ തുണ്ടുകള്‍ കഴിക്കാന്‍ തുടങ്ങി. ജെയിംസിന്, ലിന്‍സിയുടെ കിടപ്പുമുറി ഏതെന്നു മനസ്സിലായി പിന്നെ ഒന്നാം നിലയിലേക്ക് ഒരു ഏണിപോലുമില്ലാതെ കയറുവാനും ഇറങ്ങുവാനും പരിചയമായി; വൈദ്യുത കമ്പികള്‍ നോക്കിവെച്ചു. ഗേറ്റില്‍ വച്ചിരുന്ന ഇലക്ട്രിക് ലൈറ്റ് ഷോര്‍ട്ട് ആക്കി വൈദ്യുതി വിച്ഛേദിക്കാന്‍ പദ്ധതി തയ്യാറാക്കി.

അവന്‍ നീളമുള്ള മുനയുള്ള കത്തി വാങ്ങി തയ്യാറാക്കി. ‘ റിയാദിനെ കൊന്നതുപോലെ തന്നെ അവളെയും കൊല്ലണം; അവരുടെ അനശ്വര പ്രണയം മരണത്തിലൂടെ ഞാന്‍ സാധിച്ചു കൊടുക്കും’ ജെയിംസ് എല്ലുറഞ്ഞു പോകുന്ന ശബ്ദത്തില്‍ അബൂബക്കറുടെ ചെവിയില്‍ മന്ത്രിച്ചു. ആ ദുഷ്ടന്‍ ഒരു അട്ടഹാസം മുഴക്കി. അബൂബക്കര്‍ പോലും ഒന്ന് വിളറിപ്പോയി.

ലിന്‍സിയും കുടുംബവും പാലായില്‍ കൂടി കാറില്‍ പോകുമ്പോള്‍ അതു കണ്ടു,സന്തോഷത്തോടെ, കൈ íകാണിക്കാന്‍ ഒരു പുരുഷാരവം തന്നെ കൂടിയിരുന്നു.അതിന്റെ ഏറ്റവും പുറകില്‍ ചായക്കടയുടെ അടുത്ത് നിന്ന് ജെയിംസ് കാറില്‍ ആരൊക്കെയുണ്ട് എന്ന് നോക്കി കണ്ടുപിടിച്ചു വച്ചു.ഇത്തവണ സുഹറ ഇല്ലല്ലോ? ജെയിംസ് വിചാരിച്ചു.സുഹറ അത്യാവശ്യമായി അവളുടെ നാട്ടില്‍ ഉമ്മയ്ക്ക് ദീനം ആയതു കൊണ്ട് പോയതായിരുന്നു.സുഹറ ലിന്‍സിയോട് പറഞ്ഞത് അവള്‍ തൊടുപുഴ ഹോസ്പിറ്റലില്‍ ഉദ്ഘാടന ചടങ്ങിന് എത്തിക്കോളാം എന്നായിരുന്നു.
ജെയിംസ് എല്ലാ കാര്യവും സൂക്ഷ്മമായി പഠിച്ച് ചെയ്യുന്ന ഒരു മനുഷ്യനായിരുന്നു.അവന്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി മനസ്സില്‍ പദ്ധതിയിടും അത് കൊലപാതകമായാലും, റിസോര്‍ട്ട് പണിയായാലും അങ്ങനെ തന്നെ. ജെയിംസിന്റെ റിസോര്‍ട്ട് കള്‍ക്ക് നദീതട സംരക്ഷണ നിയമം പ്രകാരം രണ്ടാമത്തെ നോട്ടീസ് വന്നിരിക്കുന്നു. അത് പാര്‍ട്ടിയോട് പറഞ്ഞിട്ടോ ലിന്‍സിയോട് പറഞ്ഞിട്ടോ ഒന്നും നടന്നില്ല അതാണ് പകുതി ശ്രമിച്ചു വിട്ട കൊലപാതകം പൂര്‍ത്തിയാക്കാന്‍ പദ്ധതി ഇട്ടത് . അല്ലെങ്കിലും ജെയിംസിന് ഒന്നും പകുതി ചെയ്തു പിന്മാറുന്ന ശീലമില്ല.

അങ്ങിനെ നിശ്ചിത ദിവസം രാത്രിയായി. ജെയിംസും അബൂബക്കറും എറണാകുളത്തുള്ള ഹോട്ടലിലാണ് മുറി എടുത്തിരുന്നത്. അവിടെ രാത്രിയില്‍ തങ്ങുന്നതായി റെക്കോര്‍ഡ് ഉണ്ടാക്കണം അതായിരുന്നു അവരുടെ ഉദ്ദേശം. അതുപടി ഹോട്ടല്‍ റിസപ്ഷന്‍ അറിയാതെയാണ് അവര്‍ രാത്രി പുറത്തിറങ്ങിയത്. ഹോറ്റലില്‍ ലിഫ്റ്റ് ഉപയോഗിക്കാതെ, അവര്‍ പടികള്‍ ഇറങ്ങി, അവര്‍ പുറകിലുള്ള വഴിയിലൂടെ നടന്നു കാറിന്റെ അടുത്തെത്തി. ശബ്ദമുണ്ടാക്കാതെ പായുന്ന പുതിയ ഇന്നോവ കാര്‍ കാറില്‍ കയറി രാത്രി ഒരു മണി ആയപ്പോള്‍ തൊടുപുഴ ലിന്‍സിയുടെ വീടിന്റെ അരികില്‍ അവര്‍ എത്തി.ആകെ നിശ്ശബ്ദത. കാറിന്റെ ശബ്ദം കേള്‍ക്കാതെ ഇരിക്കാന്‍ ലിസിയുടെ വീടിന്റെ രണ്ട് ഫര്‍ലോങ്ങ് അകലെയാണ് അവര്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നത്. ദൂരെ നിന്ന് ബീറ്റ് പോലീസ് വരുന്നത് കണ്ട്, അവര്‍ കാര്‍ സൈഡ് റോഡില്‍ നിര്‍ത്തി ഒളിച്ചിരുന്നു. ബീറ്റ് പോലീസിന്റെ കാര്‍ പോയിക്കഴിഞ്ഞ ഉടനെ തന്നെ അവര്‍ ലിന്‍സിയുടെ വീട്ടിലേക്ക് നടന്നു.രണ്ടു മണിക്ക് കൃത്യം നടക്കണം;ജെയിംസ് പ്ലാന്‍ ഇട്ടു.രാത്രിയുടെ നിശബ്ദതയില്‍ അവര്‍ റോഡിലൂടെ റോസ്മാന്‍ഷനെ ലക്ഷ്യം വച്ചു നടന്നു.

ഏകദേശം രാത്രി ഒന്നര മണിയായി. ആകാശത്തില്‍ നല്‍ഷത്രത്തിന്റെ പ്രഭ മാത്രം, നിലവില്ലാത്ത രാത്രി.ഇരുളില്‍ അവരുടെ പാദപദനങ്ങള്‍ റോസ്മാന്ഷന്റെ അടുത്തേക്ക് വന്നു. അവര്‍ ഗേറ്റിന്റെ വെളിയില്‍ നിന്ന് തന്നെ പട്ടികള്‍ക്ക് ഉറക്കമരുന്നു കുത്തിവെച്ച കോഴി കാലുകള്‍ എറിഞ്ഞു കൊടുത്തു. അത് തിന്ന റഫും സ്വീറ്റിയും പട്ടികള്‍ ഉറക്കമായി. ഞൊടിയിടയില്‍ ഗേറ്റില്‍ ഉണ്ടായിരുന്ന വിളക്ക് ഷോര്‍ട്ട് ആക്കി വൈദ്യുതി വിച്ഛേദിച്ചു.ആ രാത്രിയുടെ നിശ്ശബ്ദതയുടെ മറവില്‍ ആ ഹീന കര്‍മത്തിനായി ജെയിംസും അബൂബക്കറും മുതിര്‍ന്നു.ജയിംസിന്റെ ശരീരത്തിലൂടെ ഒരു മിന്നല്‍ പിണര്‍ പോലെ ലഹരി കടന്നുപോയി. അതെ ആ വാടകക്കൊലയാളിക്ക് കൊല എന്നത് ലഹരിയായി മാറിയിരുന്നു. എന്നാല്‍ അബൂബക്കറാകട്ടെ ഭയംകൊണ്ട് വിളറിയിരുന്നു. അവന്റെ നട്ടെല്ലില്‍ ഉള്ള രോമം എഴുനേറ്റു നില്‍ക്കുന്നതായി അവനു തോന്നി.അവര്‍ വൈദ്യുതി പ്രവാഹം വിച്ഛേദിച്ച ഗേറ്റ് ശബ്ദമില്ലാതെ തുറന്ന് ഉള്ളില്‍ കയറി.
ഇതേസമയം ലിന്‍സി, പതിവുപോലെ,രാത്രിയില്‍ ഉറക്കമില്ലാതെ എഴുന്നേറ്റ് വന്നു പൂമുഖത്ത് ഇരിക്കുകയായിരുന്നു. പെട്ടെന്ന് വീട്ടിനുള്ളിലെ വൈദ്യുതി പ്രകാശം വിച്ഛേദിച്ചത് അവള്‍ അറിഞ്ഞിരുന്നു. പൂമുഖത്തെ കസേരയില്‍ ഇരുന്ന് തുറന്ന അഴികളിലൂടെ അവള്‍ കാതോര്‍ത്തു. രാത്രിയില്‍ പാദപദനങ്ങള്‍ അവളുടെ വീടിനു നേരെ വരുന്നത് അവള്‍ കേട്ടു. കര്‍ട്ടണിന്റെ പുറകില്‍ അവളിരിക്കെ,രണ്ട് രൂപങ്ങള്‍ വീടിനു മുന്‍പില്‍ നില്‍ക്കുന്നത് അവള്‍ കണ്ടു. ‘ആരാണ് അവര്‍?’ അവള്‍ ചിന്തിച്ചു. അവള്‍ ചെവി കൂര്‍പ്പിച്ചപ്പോള്‍ ചില സംസാരഭാഗങ്ങള്‍ അവളുടെ ചെവിയില്‍ വീണു. ജെയിംസ് പറയുകയായിരുന്നു ‘റിയാദിനെ ഞാന്‍ കൊന്നു; അവന്റെ അടുത്തേക്ക് തന്നെ ലിന്‍സിയെയും ഞാന്‍ അയയ്ക്കും’.
ലിന്‍സിയുടെ ശ്വാസം നിലക്കുന്നതുപോലെ അവള്‍ക്ക് തോന്നി. റിയാദിന്റെ കൊലയാളിയാണ് വീടിനു തൊട്ടു വെളിയില്‍ നില്‍ക്കുന്നത് എന്നവള്‍ക്കു മനസ്സിലായി. അവളുടെ ശരീരത്തില്‍ വൈദ്യുതി കയറിയതുപോലെ… കോപം കൊണ്ട് അവള്‍ വിറച്ചു.അവള്‍ക്ക് ആ വിറയലില്‍ കണ്ണുകള്‍ക്ക് ദൃശ്യശക്തി വര്‍ധിച്ചതു പോലെ. തൊണ്ടയിലെ വെള്ളം വറ്റി. എന്നാല്‍ അവള്‍ അതൊന്നും ശ്രദ്ധിച്ചില്ല…

അവള്‍ ഇരുളിലേക്ക് ഉറ്റുനോക്കി. ആദ്യമൊന്നും മുഖം തെളിഞ്ഞിരുന്നില്ല. ഒരു അതികായനും ഒരു മെലിഞ്ഞ കൂട്ടാളിയും ആണെന്ന് അവള്‍ക്കു മനസ്സിലായി. പെട്ടെന്ന് റോഡില്‍ കൂടി ഒരു പാണ്ടി ലോറി ചീറിപ്പാഞ്ഞു.ലോറിയുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ അവളുടെ മുന്നില്‍ രണ്ടു മുഖങ്ങള്‍ വ്യക്തമായി തിളങ്ങി. ‘ജെയിംസും അബൂബക്കറും’ അവള്‍ക്ക് മനസ്സിലായി ജെയിംസും അബൂബക്കറും ആണ് റിയാദിനെ കൊന്നതെന്നും അവര്‍ അവളെ കൊല്ലാനായി വീട്ടില്‍ വന്നിരിക്കുകയാണെന്നും.ലിന്‍സി അവസരം പാത്ത് ശ്രവിച്ചുകൊണ്ടേ ഇരുന്നു. അവള്‍ ശ്വാസം പോലും അടക്കി പിടിച്ചിരുന്നു. ആ കൊലയാളികളുടെ കാലുകള്‍ ഉണ്ടാക്കിയ ശബ്ദത്തില്‍ നിന്നും ലിന്‍സിക്ക് അവര്‍ പൂമുഖത്തിന്റെ മുന്‍പില്‍ നിന്നും മാറി,ഒന്നാം നിലയില്‍ വരാന്തയില്‍ എത്താന്‍ ശ്രമിക്കുന്നതായി മനസ്സിലായി. കാലടികള്‍ ഒട്ടു ദൂരെ പോയി, ഒന്നാം നിലയിലേക്ക് ചാടി കയറാന്‍ ശ്രമിക്കുന്നു. ലിന്‍സി ദൃഢനിശ്ചയത്തോടെ വീട്ടിനകത്തേക്ക് നടന്നു. അപ്പച്ചന്റെ മുറിയിലെ കണ്ണാടി അലമാരിയിലെ കള്ളറയില്‍ ഇരിക്കുന്ന അപ്പച്ചന്റെ പിസ്റ്റോള്‍ എടുത്ത് കൊണ്ട് അവള്‍ ഹാളില്‍ നിശബ്ദയായി പോകുവാന്‍ തുനിഞ്ഞു.

ഹാളിലേക്കു പോകുമ്പോള്‍ അവള്‍ കോപാവേശ്യത്താല്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ഒരു ചെറിയ ശബ്ദം കേട്ട് റോസമ്മ പെട്ടെന്ന് ഉണര്‍ന്നു ‘എന്താ മോളെ?’ റോസമ്മ അവളുടെ കയ്യില്‍ പിടിച്ചു ശബ്ദം ഇല്ലാതെ ചോദിച്ചു. ചൂണ്ടുവിരല്‍ അധരത്തില്‍ വച്ച് ലിന്‍സി കാണിച്ചു ‘നിശബ്ദം’. എന്നിട്ട് റോസമ്മയുടെ ചെവിയില്‍ മന്ത്രിച്ചു ‘ഞാന്‍ മുകളിലത്തെ എന്റെ കിടപ്പുമുറിയില്‍ പോകുന്നു അവിടെ റിയാദിന്റെ കൊലയാളിയുണ്ട് ; എന്നെ കൊല്ലാന്‍ വന്നതാണ് ; അമ്മ ശബ്ദമില്ലാതെ പോയി പത്രോസിനെയും ലാച്ചാനെയും വിളിച്ച് മേലേക്ക് വിട്’.എന്നിട്ട് അവള്‍ ഒരു നൂല് വെച്ച് വലിച്ചതു പോലെ അവള്‍ കിടപ്പറയിലേക്ക് നടന്നു. ശബ്ദമില്ലാതെ കോവണി കയറി. കിടപ്പറയുടെ വാതിലിലെത്തി ചെവിവട്ടം പിടിച്ചു.

മുകളിലത്തെ നിലയിലുള്ള കിടപ്പറയില്‍ കേശവപിള്ളയും തോമാച്ചനും കട്ടിലിലും ടോമിക്കുട്ടി ദിവാനിലും കിടന്നിരുന്നു. പെട്ടെന്ന് തോമാച്ചന്റെ അലര്‍ച്ച രാത്രിയുടെ നിശബ്ദതയെ ഭേദിച്ചു ‘ആരാടാ ദ്രോഹി എന്നെ കുത്തിയത്? ‘. കേശവപിള്ള ചാടി എഴുന്നേറ്റു മൊബൈലിലെ വിളക്ക് ഓണാക്കി ആ കറുത്ത രൂപത്തിന് നേരെ അടിച്ചു. ‘ജെയിംസ്” അവന്‍ തോമച്ചന്റെ നേരെ കത്തി ഓങ്ങി നില്‍ക്കുന്നു. ആ നിമിഷം തന്നെ വാതില്‍ തുറന്ന് ലിന്‍സി ജെയിംസിന്റെ നേരെ ബുള്ളറ്റുകള്‍ പായിച്ചു. ജെയിംസ് വളരെ പ്രവര്‍ത്തിപരിചയമുള്ള ഒരു കൊലയാളിയാണ്.

ലിന്‍സി ഇരുട്ടില്‍ നിന്നാണ് ബുള്ളറ്റുകള്‍ പായിച്ചത് എന്നിട്ടുപോലും പിസ്റ്റോലിന്റെ ക്ലിക്ക് ശബ്ദം അവന്‍ കേട്ടു; ഉടനെതന്നെ അവന്‍ ഒരു വശത്തേക്ക് മറിഞ്ഞു. ലിന്‍സി ഉന്നം വെച്ചത് നെഞ്ചിലേക്ക് ആണെങ്കിലും അവന്‍ ചാടിയതിനാല്‍ തോളിലാണ് വെടി ഏറ്റത്. നിലത്ത് കിടന്ന് ആ അതികയന്‍ ജനലിന്റെ ദിക്കിലേക്ക് ഒരു പൂച്ചയെ പോലെ ഉരുളുവാന്‍ തുടങ്ങി. ഒന്ന് ,രണ്ട് മൂന്ന്..ഇരുളില്‍ മൂന്നു വെടി മുഴങ്ങി. അവന്‍ ജനലില്‍ നിന്ന് ചാടുന്നതിനു മുന്‍പ് മൂന്നു ഉണ്ടകളില്‍ രണ്ടെണ്ണം അവന്റെ ദേഹത്തായി. എന്നിട്ടും അവന്‍ ഒരു പൂച്ചയുടെ മൈവഴക്കത്തോടെ ജനല്‍ ചാടി ഇരുളിലേക്ക് മറഞ്ഞു.

കേശവപിള്ളയും ടോമിക്കുട്ടിയും കൂടാതെ ലാച്ചനും പത്രോസും എല്ലാവരും കൂടി ടോര്‍ച് അടിച്ചു നോക്കിയിട്ട് പോലും ആ രണ്ട് കൊലപാതകികളെയും കാണുവാന്‍ പറ്റിയില്ല. ഇരുളില്‍ ലയിച്ചു പോയതു പോലെ. ഉടനെ തന്നെ ടോമിക്കുട്ടി,ബീറ്റ് പോലീസിനെ വിളിച്ചുവരുത്തി. വൈദ്യുതി പിന്നെയും പ്രവര്‍ത്തിപ്പിച്ചു; രാവിലെ വരെ അന്വേഷണം നീണ്ടു എന്നിട്ടും ഒരു ഫലവും ഉണ്ടായില്ല. ആരെയും കണ്ടുപിടിക്കാനായില്ല.

ലിന്‍സി അലറികരഞ്ഞുകൊണ്ട് തോമാച്ചന്റെ മുറിവ് പരിശോധിച്ചു, തോളിലാണ് അവന്റെ കുത്തേറ്റത്, പോലീസിന്റെ സഹായത്തോടെ തോമാച്ചനെ ഹോസ്പിറ്റലില്‍ എത്തിച്ചു….

(തുടരും)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px