LIMA WORLD LIBRARY

ഭാരതത്തിൻ്റെ ശിലാഹൃദയം: എല്ലോറ എന്ന ചരിത്രവിസ്മയം – സത്യഭാമ ജെ നായർ

ഭാരതത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൽ അതുല്യമായ സ്ഥാനമാലങ്കരിക്കുന്ന ചരിത്രസ്മാരകങ്ങളിലൊന്നാണ് എല്ലോറ ഗുഹകൾ. മഹാരാഷ്ട്രയിലെ ഔറംഗാബാദ് (ഛത്രപതി സംഭാജി നഗർ) ജില്ലയിലെ ചരണാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഈ ഗുഹാസമുച്ചയം, ഭാരതീയ ശില്പകലയുടെ, മതചിന്തയുടെ, സാങ്കേതിക മികവിന്റെ, കലാപാരമ്പര്യത്തിന്റെ മഹത്തായ പ്രതീകമായി കണക്കാക്കപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചരിത്രപഠിതാക്കളെയും കലാസ്വാദകരെയും സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന എല്ലോറ ഗുഹകൾ, മനുഷ്യന്റെ സൃഷ്ടിപരമായ കഴിവിന്റെ അപൂർവ സാക്ഷ്യമാണ്.

ചരിത്രത്തെ വെറും ഗ്രന്ഥങ്ങളിൽ മാത്രം ഒതുക്കാതെ, പാറകളിൽ കൊത്തിവെച്ച ഒരു മഹാകാവ്യമായി നിലനിൽക്കുന്നതാണ് എല്ലോറ. നൂറ്റാണ്ടുകൾ കടന്നുപോയിട്ടും ഈ ഗുഹകളുടെ ഭംഗിയും ശില്പസമ്പത്തും ഇന്നും അതേ തനിമയോടെ നിലകൊള്ളുന്നു. ഓരോ ഗുഹയും ഓരോ ശില്പവും പുരാതന ഭാരതത്തിന്റെ ആത്മാവിനെയും കലാസങ്കല്പങ്ങളെയും കുറിച്ചുള്ള വിലപ്പെട്ട അടയാളങ്ങളാണ്.

*എല്ലോറയുടെ ചരിത്രപശ്ചാത്തലം*

എല്ലൂർപുരം എന്ന വാക്ക് ലോപിച്ചാണ് എല്ലോറ എന്ന പേര് രൂപം കൊണ്ടത്. ഏ.ഡി. 600 – 1000 വരെയുള്ള കാലഘട്ടത്തിലാണ് എല്ലോറ ഗുഹകൾ നിർമ്മിക്കപ്പെട്ടത്. രാഷ്ട്രകൂടർ, യാദവർ തുടങ്ങിയ രാജവംശങ്ങളുടെ ഭരണകാലത്താണ് ഈ ശിലാസൃഷ്ടികൾ വികസിച്ചത്. അന്നത്തെ ഭരണാധികാരികൾ കലക്ക് നൽകിയ പ്രാധാന്യത്തിന്റെ തെളിവായി എല്ലോറ ഇന്നും നിലകൊള്ളുന്നു.

നൂറിലധികം ഗുഹകളാണ് ഇവിടെ സ്ഥിതിചെയ്യുന്നത്. ഇതിൽ മുപ്പത്തിനാലു ഗുഹകളിലാണ് പൊതുജനങ്ങൾക്ക് പ്രവേശനമുള്ളത്. ഇവയിൽ പന്ത്രണ്ട് ബുദ്ധഗുഹകളും (ഗുഹകൾ 1 – 12) പതിനേഴു ഹിന്ദുഗുഹകളും (ഗുഹകൾ 13 – 29) അഞ്ച് ജൈനഗുഹകളും ( ഗുഹകൾ 30 – 34) ഉൾപ്പെടുന്നു. വ്യത്യസ്ത മതവിശ്വാസങ്ങൾ ഒരേ മലനിരയിൽ സമാധാനപരമായി സഹവർത്തിത്വം പുലർത്തിയിരുന്നുവെന്നത് ഭാരതത്തിന്റെ സാംസ്കാരിക വിശാലതയെ സൂചിപ്പിക്കുന്നു. മതപരമായ വൈവിധ്യം സംഘർഷത്തിലേക്കല്ല, സൃഷ്ടിപരമായ കലാസമ്പത്തിലേക്കാണ് നയിച്ചതെന്ന് എല്ലോറ തെളിയിക്കുന്നു.

ഈ ഗുഹകൾ നിർമ്മിച്ച ശില്പികളുടെയും കലാകാരന്മാരുടെയും പേരുകൾ ചരിത്രത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ അവരുടെ പ്രതിഭയും കഠിനാധ്വാനവും ഓരോ ശില്പത്തിലും വ്യക്തമായി കാണാം. ലളിതമായ ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് ഇത്രയും വലിപ്പവും സൂക്ഷ്മതയും ഉള്ള ശിലാസൃഷ്ടികൾ നിർമിച്ചിരിക്കുന്നത് ഇന്നും അത്ഭുതത്തോടെയാണ് ലോകം കാണുന്നത്.

*ശില്പകലയുടെ അപൂർവ മാതൃക*

എല്ലോറ ഗുഹകളുടെ ഏറ്റവും വലിയ പ്രത്യേകത, അവ പാറ വെട്ടിമുറിച്ച് നിർമ്മിച്ച ഏകശിലാസൃഷ്ടികളാണെന്നതാണ്.
ഗുഹകളുടെ അകത്തളങ്ങളിൽ കാണുന്ന ശില്പങ്ങളും അലങ്കാരങ്ങളും പുരാതന ഭാരതീയ കലയുടെ ഉയർന്ന നിലവാരം വ്യക്തമാക്കുന്നു. ദേവദേവതകളുടെ രൂപങ്ങൾ, പുരാണകഥകൾ, നൃത്തഭംഗികൾ, സംഗീതരംഗങ്ങൾ, യുദ്ധദൃശ്യങ്ങൾ എന്നിവ അതീവ സൂക്ഷ്മതയോടെ കൊത്തിയെടുത്തിരിക്കുന്നു. ഓരോ ശില്പത്തിലും ജീവൻ തുടിക്കുന്ന ഭാവപ്രകടനങ്ങൾ കാണാം.

തൂണുകളുടെയും മണ്ഡപങ്ങളുടെയും രൂപകല്പനയിൽ പോലും ഗണിതശാസ്ത്രപരമായ കൃത്യത കാണാം. പ്രകാശവും വായുസഞ്ചാരവും പരിഗണിച്ചാണ് ഗുഹകളുടെ ആന്തരിക വിന്യാസം നിർമിച്ചിരിക്കുന്നത്. അതിനാൽ പുരാതന ഭാരതീയ ശില്പികൾക്ക് എഞ്ചിനീയറിംഗ് മേഖലയിലും ആഗധമായ പാണ്ഡിത്യം ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കാം.

*കൈലാസനാഥ ക്ഷേത്രത്തിന്റെ മഹത്വം*

എല്ലോറയിലെ ഏറ്റവും പ്രശസ്തവും അതുല്യവുമായ നിർമ്മിതിയാണ് കൈലാസനാഥ ക്ഷേത്രം. ലോകത്തിലെ ഏറ്റവും വലിയ ഏകശിലാ ശില്പസൃഷ്ടികളിലൊന്നായി ഇത് അറിയപ്പെടുന്നു. സാധാരണ ക്ഷേത്രനിർമാണരീതികളിൽ നിന്ന് വ്യത്യസ്തമായി, മുകളിൽ നിന്ന് താഴേക്കാണ് ഇത് കൊത്തിയെടുത്തത്. രാഷ്ട്രകൂട രാജാവായ കൃഷ്ണൻ ഒന്നാമന്റെ കാലത്താണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. നമ്മുടെ 20 രൂപ നോട്ടിൽ കൈലാസനാഥ ക്ഷേത്രത്തിൻ്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.

ശിവന്റെ കൈലാസപർവതത്തെ പ്രതിനിധാനം ചെയ്യുന്ന തരത്തിലാണ് ഈ ക്ഷേത്രത്തിന്റെ രൂപകല്പന. ഏകദേശം രണ്ടുലക്ഷം ടൺ പാറ നീക്കം ചെയ്താണ് ക്ഷേത്രം നിർമ്മിച്ചതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ക്ഷേത്രത്തിന്റെ ഭിത്തികളിൽ രാമായണവും മഹാഭാരതവും ഉൾപ്പെടെയുള്ള പുരാണകഥകളുടെ ദൃശ്യങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. രാവണൻ കൈലാസം ഉയർത്തുന്ന ദൃശ്യവും ശിവതാണ്ഡവരംഗങ്ങളും അതീവ ഭംഗിയോടെ അവതരിപ്പിച്ചിരിക്കുന്നു. ശില്പങ്ങളുടെ ഭാവസൗന്ദര്യവും കൃത്യതയും ഇന്നത്തെ സാങ്കേതിക വിദ്യകളെയും അത്ഭുതപ്പെടുത്തുന്ന തരത്തിലാണ്.

ക്ഷേത്രത്തിലെ മണ്ഡപങ്ങൾ, ശിലാസ്തംഭങ്ങൾ, ആനശില്പങ്ങൾ എന്നിവയെല്ലാം ചേർന്ന് ഒരു ഭൗതികനിർമ്മിതിയെക്കാൾ കൂടുതൽ ആത്മീയവും കലാപരവുമായ അനുഭവം സമ്മാനിക്കുന്നു. സന്ദർശകർക്ക് ഇത് വെറുമൊരു ചരിത്രസ്മാരകം മാത്രമല്ല, ഭാരതീയ കലാപാരമ്പര്യത്തിന്റെ മഹത്വം നേരിൽ കാണാനുള്ള അവസരവുമാണ്.

*ബുദ്ധഗുഹകളുടെ ആത്മീയശാന്തി*

എല്ലോറയിലെ ആദ്യത്തെ പന്ത്രണ്ട് ഗുഹകൾ ബുദ്ധമതവുമായി ബന്ധപ്പെട്ടവയാണ്. ഇവയിൽ വിഹാരങ്ങളും പ്രാർത്ഥനാമന്ദിരങ്ങളും ധ്യാനകേന്ദ്രങ്ങളും ഉൾപ്പെടുന്നു. ബുദ്ധസന്യാസിമാർ താമസിക്കുകയും പഠനപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്ന കേന്ദ്രങ്ങളായിരുന്നു ഇവ.

ബുദ്ധന്റെ വിശാലമായ പ്രതിമകളും ലളിതമായ ശില്പശൈലിയും ഈ ഗുഹകളുടെ പ്രധാന സവിശേഷതകളാണ്. ധ്യാനത്തിന് അനുയോജ്യമായ രീതിയിലാണ് ഇവയുടെ നിർമ്മാണം. ചില ഗുഹകളിൽ ഇരുനിലകളും മൂന്നുനിലകളും കാണാം.

വിശ്വകർമ്മ ഗുഹ, ‘കാര്പെന്റേഴ്സ് കേവ്’ എന്നറിയപ്പെടുന്ന ഗുഹ, ബുദ്ധഗുഹകളിൽ ഏറ്റവും ശ്രദ്ധേയമാണ്. മരംകൊണ്ട് നിർമ്മിച്ചതുപോലെ തോന്നിക്കുന്ന ശില്പരൂപങ്ങൾ ഈ ഗുഹയുടെ പ്രത്യേകതയാണ്. വലിയ ചൈത്യഗൃഹവും (പ്രാർത്ഥനാമുറി) ബുദ്ധപ്രതിമയും സന്ദർശകരെ ആകർഷിക്കുന്നു.

ബുദ്ധഗുഹകളുടെ ശാന്തമായ അന്തരീക്ഷം ഇന്നും ആത്മീയമായ ഒരു അനുഭവം സമ്മാനിക്കുന്നു. കാലം മാറിയിട്ടും ധ്യാനത്തിന്റെ നിശ്ശബ്ദത ഈ ഗുഹകളിൽ ഇപ്പോഴും നിലനിൽക്കുന്നതായി അനുഭവപ്പെടുന്നു.

*ജൈനഗുഹകളുടെ സൂക്ഷ്മസൗന്ദര്യം*

എലോറയിലെ അവസാനത്തെ അഞ്ച് ഗുഹകൾ ജൈനമതവുമായി ബന്ധപ്പെട്ടവയാണ്. ഇവയുടെ ശില്പകല അതീവ സൂക്ഷ്മതയും കൃത്യതയും കൊണ്ട് ശ്രദ്ധേയമാണ്. മറ്റ് ഗുഹകളെ അപേക്ഷിച്ച് അലങ്കാരപ്രാധാന്യം കൂടുതലുള്ളവയാണ് ജൈനഗുഹകൾ.

തീർത്ഥങ്കരന്മാരുടെ പ്രതിമകൾ, അലങ്കാരമണ്ഡപങ്ങൾ എന്നിവ അതീവ ശ്രദ്ധയോടെ നിർമ്മിച്ചിരിക്കുന്നു. ചെറിയ ഭാഗങ്ങളിൽ പോലും അസാധാരണമായ ശില്പകൗശലം കാണാം. ജൈനമതത്തിന്റെ പ്രത്യേകതകൾ ഈ ഗുഹകളുടെ രൂപകല്പനയിൽ പ്രതിഫലിക്കുന്നു.

*മതസൗഹാർദ്ദത്തിന്റെ പ്രതീകം*

എല്ലോറ ഗുഹകളുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ് മതസൗഹാർദ്ദത്തിന്റെ സന്ദേശം. ബുദ്ധ, ഹിന്ദു, ജൈന മതങ്ങളുമായി ബന്ധപ്പെട്ട ഗുഹകൾ ഒരേ സ്ഥലത്ത് നിലകൊള്ളുന്നത് ഭാരതത്തിന്റെ സഹിഷ്ണുതാപാരമ്പര്യത്തിന്റെ തെളിവാണ്.

വ്യത്യസ്ത മതവിശ്വാസങ്ങൾ പരസ്പരം മാനിച്ചുകൊണ്ട് വളർന്നുവന്ന ഒരു സമൂഹത്തിന്റെ ചിത്രമാണ് എല്ലോറ അവതരിപ്പിക്കുന്നത്. ചില ശില്പരൂപങ്ങളിലും നിർമ്മാണശൈലികളിലും ഈ പരസ്പരബന്ധം വ്യക്തമാണ്.

ഇന്നത്തെ ലോകത്ത് മതവിഭജനങ്ങളും സംഘർഷങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, എല്ലോറ മനുഷ്യരാശിക്ക് സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും വിലപ്പെട്ട സന്ദേശമാണ് നൽകുന്നത്.

*അധിനിവേശങ്ങളുടെയും ആക്രമണങ്ങളുടെയും മുറിവുകൾ*

മധ്യകാലഘട്ടത്തിലെ അധിനിവേശങ്ങളും ആക്രമണങ്ങളും എല്ലോറ ഗുഹകൾക്ക് സാരമായ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. ശില്പങ്ങളുടെ മുഖഭാഗങ്ങളും കൈകളും തകർത്ത നിലയിൽ ഇന്നും കാണാം. നിരവധി ശില്പങ്ങളുടെ മൂക്കും കണ്ണുകളും വികൃതമാക്കിയിട്ടുണ്ട്. ആംഗഭംഗം വരുത്തിയ ആനകളുടെ ശില്പങ്ങൾ കാഴ്ചക്കാരുടെ കണ്ണുകൾ ഈറൻ അണിയിക്കും. ക്ഷേത്രങ്ങളുടെ ആത്മീയപ്രാധാന്യത്തെയും കലാസൗന്ദര്യത്തെയും തകർക്കാനുള്ള ശ്രമങ്ങളായിരുന്നു ഇതിൻ്റെ പിന്നിൽ. ഭിത്തികളിലെ കൊത്തുപണികളിലും ദേവശാല്പങ്ങളിലും ആക്രമണത്തിന്റെ മുറിവുകൾ ഇന്നും അവശേഷിക്കുന്നു. എങ്കിലും, പാറയിൽ കൊത്തിയെടുത്ത ഈ മഹാസൃഷ്ടികളെ പൂർണമായി ഇല്ലാതാക്കാൻ ആക്രമണകാരികൾക്ക് കഴിഞ്ഞിട്ടില്ല. തകർന്ന ശില്പങ്ങൾ പോലും എല്ലോറയുടെ മഹത്വത്തെയും അതിജീവനശേഷിയെയും ഇന്നും സാക്ഷ്യപ്പെടുത്തുന്നു.

*ലോകപൈതൃകപട്ടികയിലെ സ്ഥാനം*

1983-ൽ UNESCO എല്ലോറ ഗുഹകളെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തി. ഈ അംഗീകാരം എല്ലോറയുടെ ചരിത്ര – സാംസ്കാരിക പ്രാധാന്യം ലോകത്തിന് മുന്നിൽ കൂടുതൽ വ്യക്തമാക്കുകയായിരുന്നു.

ഇന്ന് ഭാരതത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് എല്ലോറ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾ, ഗവേഷകർ, ചരിത്രവിദ്യാർത്ഥികൾ എന്നിവരെല്ലാം ഇവിടെ എത്തുന്നു.

പുരാവസ്തു വകുപ്പ് ഗുഹകളുടെ സംരക്ഷണത്തിനായി വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ട്. മഴ, കാലാവസ്ഥാവ്യതിയാനം, മനുഷ്യരുടെ ഇടപെടൽ എന്നിവ മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

*വിനോദസഞ്ചാരത്തിന്റെയും പഠനത്തിന്റെയും കേന്ദ്രം*

ചരിത്രപഠനത്തിനും ശില്പകലാ ഗവേഷണത്തിനും എലോറ വലിയ പ്രാധാന്യമുള്ള സ്ഥലമാണ്. ഭാരതീയ ശില്പകലയുടെ വികാസം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു തുറന്ന സർവകലാശാലപോലെയാണ്.

സ്കൂൾ – കോളേജ് വിദ്യാർത്ഥികളും വിദേശ ഗവേഷകരും നിരന്തരം ഇവിടെ സന്ദർശനം നടത്തുന്നു. പുരാതന ഭാരതീയ സംസ്കാരത്തിന്റെ വിവിധ തലങ്ങൾ നേരിട്ട് മനസ്സിലാക്കാൻ എല്ലോറ സഹായിക്കുന്നു.

വിനോദസഞ്ചാരമേഖലയിലും എല്ലോറയ്ക്ക് വലിയ സംഭാവനയുണ്ട്. മഹാരാഷ്ട്രയുടെ സമ്പദ്‌വ്യവസ്ഥയിൽ ഈ പൈതൃകകേന്ദ്രം പ്രധാന പങ്കുവഹിക്കുന്നു. സമീപ പ്രദേശങ്ങളിലെ നിരവധി ആളുകൾക്ക് തൊഴിൽസാധ്യതകളും ഇതിലൂടെ ലഭിക്കുന്നുണ്ട്.

*ഭാരതീയ പൈതൃകത്തിന്റെ അനശ്വരസ്മാരകം*

എല്ലോറ ഗുഹകൾ വെറും പാറക്കെട്ടുകളല്ല. അവ ഭാരതത്തിന്റെ സാംസ്കാരികബോധത്തിന്റെ, കലാസമ്പത്തിന്റെ, ആത്മീയചിന്തയുടെ, സാങ്കേതികമികവിന്റെ ജീവിച്ചിരിക്കുന്ന രേഖകളാണ്. നൂറ്റാണ്ടുകൾക്കുമുമ്പ് മനുഷ്യന്റെ കൈകൾ സൃഷ്ടിച്ച ഈ അത്ഭുതങ്ങൾ ഇന്നും ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു.

ചരിത്രത്തെ സ്നേഹിക്കുന്നവർക്കും കലാസൗന്ദര്യം ആസ്വദിക്കുന്നവർക്കും ആത്മീയത തേടുന്നവർക്കും ഒരുപോലെ അനുയോജ്യമായ ഇടമാണ് എല്ലോറ. ഓരോ ഗുഹയും ഒരു കഥ പറയുന്നു; ഓരോ ശില്പവും ഒരു കാലഘട്ടത്തെ ഓർമ്മപ്പെടുത്തുന്നു.

കാലത്തിന്റെ ഒഴുക്കിൽ പല സംസ്കാരങ്ങളും മറഞ്ഞുപോയെങ്കിലും, എല്ലോറ ഇന്നും അതിന്റെ മഹത്വം കൈവിടാതെ നിലകൊള്ളുന്നു. ഭാരതീയ പൈതൃകത്തിന്റെ ശാശ്വതസ്മാരകമായി എല്ലോറ ഗുഹകൾ എന്നും ചരിത്രത്തിന്റെ അഭിമാനമായി തുടരും.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px