പെട്രോൾ പമ്പിൽനിന്ന് വാഹനത്തിൽ ഇന്ധനം നിറയ്ക്കുമ്പോൾ, നാം വാങ്ങുന്ന പെട്രോളിൽ എത്ര ശതമാനം എഥനോൾ കലർന്നിട്ടുണ്ടെന്ന് ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ.രാജ്യത്തിന്റെ ഊർജസുരക്ഷ, വിദേശനാണ്യലാഭം ഒക്കെയാണ് ലക്ഷ്യമെന്ന പേരിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന എഥനോൾ മിശ്രിത ഇന്ധനപദ്ധതി ഇപ്പോൾ വലിയൊരു ചർച്ചാവിഷയമാണ്.
കരിമ്പ്, ചോളം, അരി തുടങ്ങിയ കാർഷിക ഉൽപന്നങ്ങളിലെ പഞ്ചസാരയും അന്നജവും പുളിപ്പിച്ച് ഉൽപാദിപ്പിക്കുന്ന ഒരുതരം ആൽക്കഹോളണ് എഥനോൾ . ഇന്ത്യയിൽ പ്രധാനമായും പെട്രോളിലാണ് എഥനോൾ കലർത്തുന്നത്. E10 എന്നാൽ പത്തുശതമാനം എഥനോളും 90 ശതമാനം പെട്രോളും അടങ്ങിയ ഇന്ധനം. E20 എന്നാൽ 20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും. ഇന്ത്യയിൽ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുക എന്ന ലക്ഷ്യമാണ് കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചിട്ടുള്ളത്. ഡീസലിൽ ഇതേ രീതിയിലുള്ള മിശ്രിതപദ്ധതി നിലവിലില്ല.
ഈ പദ്ധതിക്ക് പിന്നിൽ ചില സാമ്പത്തികവും പാരിസ്ഥിതികവുമായ ലക്ഷ്യങ്ങളുണ്ടെന്നാണ് കേന്ദ്രഗവൺമെന്റ് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ വലിയൊരു ഭാഗം വിദേശത്തുനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അതിനായി വലിയൊരു തുക വിദേശനാണ്യമായി ചെലവഴിക്കേണ്ടിവരുന്നു. പെട്രോളിൽ എഥനോൾ കലർത്തുന്നതിലൂടെ പെട്രോളിയത്തിന്റെ ഉപയോഗം കുറയ്ക്കാനും ഇറക്കുമതിച്ചെലവ് നിയന്ത്രിക്കാനും കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. പക്ഷേ ഈ കേന്ദ്രസർക്കാർ വാദത്തിൽ എത്രത്തോളം കഴമ്പുണ്ട് എന്നറിയണമെങ്കിൽ ഇന്ത്യയുടെ ആകെ ആഭ്യന്തര ഉപഭോഗത്തിന് എത്ര ശതമാനം ക്രൂഡോയിലാണ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നത് എന്ന് വ്യക്തമായ കണക്ക് വേണം.
മറ്റൊരു വാദം കരിമ്പ്, ചോളം തുടങ്ങിയ വിളകൾക്ക് പുതിയ വിപണി ലഭിക്കുകയും കർഷകർക്കും, പഞ്ചസാര വ്യവസായത്തിനും അധിക വരുമാനമാർഗം തുറക്കുകയും ചെയ്യുമെന്നാണ്. ചില മലിനീകരണ ഘടകങ്ങൾ കുറയ്ക്കാനും എഥനോൾ സഹായകമാകുമെന്നും പറയുന്നു.
എന്നാൽ ഒരു നയത്തിന്റെ നേട്ടങ്ങൾ പറയുമ്പോൾ അതിന്റെ മറുവശം കൂടി പരിശോധിക്കേണ്ടതുണ്ട്. എഥനോളിന്റെ ഊർജമൂല്യം പെട്രോളിനേക്കാൾ കുറവാണ്. അതുകൊണ്ടുതന്നെ E20 ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ മൈലേജിൽ വലിയ കുറവുണ്ടാകാം. നിതി ആയോഗിന്റെ കണക്കനുസരിച്ച്, പഴയ വാഹനങ്ങളിൽ ഈ കുറവ് കാറുകൾക്ക് ആറുമുതൽ ഏഴുശതമാനം വരെയും ഇരുചക്രവാഹനങ്ങൾക്ക് മൂന്നുമുതൽ നാലുശതമാനം വരെയും ആകാം. E20-ന് അനുയോജ്യമായി രൂപകൽപ്പന ചെയ്ത പുതിയ വാഹനങ്ങളിൽ കുറവ് താരതമ്യേന വളരെ ചെറുതായിരിക്കും.
ഒരു ലിറ്റർ പെട്രോളിൽ അമ്പത് കിലോമീറ്റർ മൈലേജ് ലഭിക്കുന്ന വാഹനത്തിന് ആറുശതമാനം കുറവുണ്ടായാൽ അത് 47 കിലോമീറ്ററിലേക്ക് താഴും. അപ്പോൾ ഒരേ ദൂരം സഞ്ചരിക്കാൻ കൂടുതൽ ഇന്ധനം വാങ്ങേണ്ടിവരും. ദിവസവും ജോലിക്കും ഉപജീവനത്തിനുമായി വാഹനം ഉപയോഗിക്കുന്ന സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇത് ചെറിയൊരു നഷ്ടമല്ല. ഇന്ധനത്തിന്റെ വിലയിൽ വലിയ കുറവൊന്നുമില്ലാതെ മൈലേജ് മാത്രം കുറയുന്ന സാഹചര്യമുണ്ടായാൽ അധികബാധ്യത ആരുടെ ചുമലിലായിരിക്കും? രാജ്യത്തിന്റെ വിദേശനാണ്യം ലാഭിക്കുന്നതിന്റെ നഷ്ടം വാഹനഉടമകൾ സഹിക്കണമെന്ന് പറഞ്ഞാൽ അതൊരിക്കലും ന്യായമല്ല.
പഴയ വാഹനങ്ങൾ, ഉയർന്ന അളവിലുള്ള എഥനോൾ ഉപയോഗിക്കാൻ പാകത്തിൽ രൂപകൽപ്പന ചെയ്യാത്തവയാണ്. പഴയ വാഹനങ്ങളിൽ അമിതമായ എഥനോൾ ഉപയോഗം എൻജിൻ തകരാറുണ്ടാക്കും.
എഥനോൾ ഉൽപാദനത്തിന് കരിമ്പും ചോളവും മാത്രമല്ല അരിയും ഉപയോഗിക്കുന്നുണ്ട്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കൈവശമുള്ള അധിക അരി ഇതിനായി അനുവദിച്ചിട്ടുമുണ്ട്. 2025-ൽ പുറത്തുവന്ന കണക്കുകളിൽ 52 ലക്ഷം മെട്രിക് ടൺ അധിക അരി, എഥനോൾ ഉൽപാദനത്തിനായി അനുവദിച്ചതായി വ്യക്തമാക്കുന്നു. 2025-26 കാലയളവിൽ എഥനോൾ ഉൽപാദനത്തിൽ FCI അരിയുടെ പങ്ക് ഏകദേശം 24.64 ശതമാനമായിരുന്നു എന്ന കണക്കും പുറത്തുവന്നിട്ടുണ്ട്.
മനുഷ്യർക്ക് ഭക്ഷണമായി ഉപയോഗിക്കേണ്ട അരി ഇന്ധനമായി മാറ്റുന്നത് എത്രത്തോളം ഉചിതമാണെന്നതും പരിശോധിക്കപ്പെടണം. രാജ്യത്ത് അധിക അരിശേഖരമുള്ളപ്പോൾ അത് ഉപയോഗിക്കുന്നത് വലിയ പ്രശ്നമല്ല.പക്ഷേ ഉൽപാദനം കുറഞ്ഞാലോ ഭക്ഷ്യധാന്യങ്ങളുടെ വില വർധിച്ചാലോ ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ട സർക്കാരിന്, ഭക്ഷ്യധാന്യങ്ങൾ ഇന്ധനമാക്കുന്നതിൽ വ്യക്തമായ നിയന്ത്രണങ്ങൾ വേണ്ടതല്ലേ.
കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ കുടുംബവുമായി ബന്ധമുള്ള Cian Agro Industries & Infrastructure എന്ന കമ്പനിയുമായി ബന്ധപ്പെട്ട് ഒരു വിവാദവും ഉയർന്നുവന്നിട്ടുണ്ട്. ഈ കമ്പനിയുടെ എഥനോൾ ബിസിനസും വരുമാനവർധനയും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കൾ ആരോപണങ്ങളുന്നയിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ 18 കോടി രൂപയായിരുന്ന വരുമാനം 723 കോടി രൂപയായി ഉയർന്നുവെന്ന ആരോപണവും ഉയർന്നു. ഗഡ്കരി ഇതിനെ നിഷേധിക്കുകയും കമ്പനിയുടെ ദേശീയ വിപണിയിലെ പങ്ക് വളരെ ചെറുതാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഒരു മന്ത്രിയുടെ കുടുംബത്തിന് ഒരു സർ സർക്കാർ നയത്തിലൂടെ സാമ്പത്തിക നേട്ടമുണ്ടാകുന്നുണ്ടെന്നതുകൊണ്ടുമാത്രം ആ നയം ആ കുടുംബത്തിന് ലാഭമുണ്ടാക്കാൻവേണ്ടി രൂപപ്പെടുത്തിയതാണെന്ന് തെളിയിക്കാനാവില്ല. എന്നാൽ അത്തരമൊരു സംശയം ഉയരുമ്പോൾ അതിന് വ്യക്തമായ മറുപടി നൽകേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്. നയരൂപീകരണത്തിൽ താൽപര്യസംഘർഷം ഉണ്ടായിട്ടുണ്ടോ, സർക്കാർ ഏർപ്പെട്ട കരാറുകളിലോ, വിലനിർണയത്തിലോ പ്രത്യേക പരിഗണന ലഭിച്ചിട്ടുണ്ടോ എന്നൊക്കെ പരിശോധിക്കപ്പെടണം. പൊതുനയം പൊതുജനങ്ങളുടെ താൽപര്യത്തിനാണോ അതോ ചില സ്വകാര്യ താൽപര്യങ്ങൾക്കാണോ മുൻഗണന നൽകേണ്ടത് എന്ന സംശയത്തിന് സുതാര്യതയിലൂടെയാണ് മറുപടി നൽകേണ്ടത്.
എഥനോൾ ഉൽപാദനത്തിന് ഭക്ഷ്യധാന്യങ്ങൾക്കു പകരം കാർഷിക അവശിഷ്ടങ്ങളും ഭക്ഷ്യയോഗ്യമല്ലാത്ത ജൈവവസ്തുക്കളും ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾക്ക് എത്രത്തോളം സാധ്യതയുണ്ടെന്ന പഠനം നടത്തണം. വാഹനങ്ങളുടെ സാങ്കേതികവിദ്യയും ഇന്ധനത്തിന്റെ ഗുണനിലവാരവും ഉറപ്പാക്കണം. മൈലേജ് കുറയുന്നതിന്റെ സാമ്പത്തികഭാരം ഉപഭോക്താവിന് മേൽ അടിച്ചേൽപ്പിക്കരുത്.
രാജ്യത്തിന്റെ എണ്ണ ഇറക്കുമതി കുറയ്ക്കുക എന്നത് നല്ല ലക്ഷ്യമാണ്. കർഷകർക്ക് പുതിയ വിപണി തുറക്കുന്നതും സ്വാഗതാർഹമാണ്. മലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങളും ആവശ്യമാണ്. പക്ഷേ ഈ ലക്ഷ്യങ്ങളെല്ലാം കൈവരിക്കുമ്പോൾ ഭക്ഷ്യസുരക്ഷയും പരിസ്ഥിതിയും സാധാരണക്കാരന്റെ കുടുംബബജറ്റും താളംതെറ്റുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
ഓരോ ലിറ്റർ പെട്രോളിലും നിശ്ചിതശതമാനം എഥനോൾ കലർത്തുമ്പോൾ, അതുകൊണ്ട് രാജ്യത്തിന് എന്ത് നേട്ടമുണ്ടായി, കർഷകന് എന്ത് ലഭിച്ചു, വാഹന ഉടമയ്ക്ക് എത്ര നഷ്ടമുണ്ടായി,ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതയെ എങ്ങനെ അത് ബാധിച്ചു എന്നതെല്ലാം പൊതുസമൂഹത്തിന് അറിയാൻ അവകാശമുണ്ട്.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളർച്ചയും ജനങ്ങളുടെ ജീവിതച്ചെലവും രണ്ടായി കാണാനാവില്ല. ദേശീയതാൽപര്യം എന്നത് ഇറക്കുമതിച്ചെലവ് കുറയ്ക്കുന്നതിൽ മാത്രം ഒതുങ്ങുന്നതുമല്ല. ആ നേട്ടത്തിന്റെ പങ്ക് സാധാരണക്കാരന്റെ ജീവിതത്തിലും പ്രതിഫലിക്കണം. അതിനുള്ള ഉത്തരവാദിത്വം കൂടി ഭരണകൂടത്തിനുണ്ട്. ക്ഷേമരാഷ്ട്രം എന്ന സങ്കൽപത്തിലൂന്നി കോർപ്പറേറ്റുകളുടെ താല്പര്യത്തെക്കാൾ പൊതുജന താൽപര്യം സംരക്ഷിക്കുന്ന തരത്തിൽ ഭരണകൂടങ്ങൾ പെരുമാറട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.










