സാറാക്കുട്ടിയുടെ അതിജീവനം – അദ്ധ്യായം – 6 | സൂസൻ പാലാത്ര

Facebook
Twitter
WhatsApp
Email

നോവൽ

സാറാക്കുട്ടീടെ അതിജീവനം
…………………………….

സൂസൻ പാലാത്ര

അധ്യായം – 6

പതിവുപോലെ വെളുപ്പിനെ നാലുമണിക്ക് സാറാക്കുട്ടിയുണർന്നു. മറിയക്കുട്ടി ലിസമ്മയെ കെട്ടിപ്പിടിച്ചു കിടന്ന് നല്ല ഉറക്കമാണ്. പടിഞ്ഞാറേ മുറിയിൽ അപ്പനും അമ്മച്ചിയും നല്ല ഉറക്കത്തിൽ. കിഴക്കേമുറിയിൽ സഹോദരന്മാരും ഉറക്കത്തിലാണ്. നടുക്കത്തെ മുറിയിലാണ് സാറാക്കുട്ടിയുടെയും സഹോദരിമാരുടെയും സുഖവാസം.

” ഉഷ:കാലം നാം എഴുന്നേല്ക്കുക പരനേശുവേ
സ്തുതിപ്പാൻ ”

സാറാക്കുട്ടി അവളുടെ മുഴങ്ങുന്ന സ്വരത്തിൽ പാടി. ബൈബിൾ വായിച്ചു. പാതിരാ പ്രാർത്ഥനകൂടി ചേർത്ത് അവൾ പ്രഭാത നമസ്ക്കാരം ഭക്തിനിർഭരമായി നടത്തി.

അവളുടെ ജീവിതത്തിന് ഇന്ന് ചില ലക്ഷ്യങ്ങളൊക്കെയുണ്ട്. ഇത്രകാലവും സ്വന്തം വീട്ടിലെ ജോലികളും, ഒരു പ്രയോജനവും കിട്ടാഞ്ഞിട്ടും തറവാട്ടുവീട്ടിലെ വിടുപണികളും ചെയ്ത് നൊമ്പരത്തിലും നാണക്കേടിലുമാണ് അവൾ ജീവിച്ചത്. സത്യത്തിൽ വല്ല്യമ്മച്ചിയെ അവൾക്ക് ഭയമായിരുന്നു. അതുകൊണ്ടുതന്നെ അവർ നിർദ്ദേശിക്കുന്ന എല്ലാ പണികളും ലാഭേച്ഛയില്ലാതെ ചെയ്തു. ആർദ്രതയോടെ ഒന്നോർക്കാൻ ആ വല്യമ്മച്ചി ഒന്നും അവൾക്ക് സമ്മാനിച്ചില്ല.

ഇപ്പോൾ വീട്ടിൽ നടക്കാനും കിടക്കാനും ഒക്കെ നല്ല സ്വാതന്ത്ര്യമായി. വല്ലുപ്പാപ്പന് സ്വന്തമായി കിട്ടിയ വീതത്തിൽ ഒരു വീടു വച്ചു പോയി. വല്ല്യപ്പച്ചൻ മരിക്കുന്നതിനു മുമ്പ് വല്ലുപ്പാപ്പനോട് പറഞ്ഞത്രേ. നീ വീടുവച്ച് മാറിത്താമസിക്കണം. ആ മുറി നിനക്ക് ശാശ്വതമാകയില്ല, എന്ന്. വല്യപ്പച്ചൻ മരിച്ച് നാല്പതടിയന്തിരത്തിനു മുമ്പുതന്നെ വല്ലുപ്പാപ്പൻ പുതിയ വീട്ടിലേയ്ക്ക് മാറി.
ആ മുറിയിലാണ് അപ്പനുമമ്മയും കിടക്കുന്നത്.

അതിരാവിലെ ട്യൂഷന് കുട്ടികൾ വരും. അവരെ പഠിപ്പിച്ചു വിട്ടാലുടൻ അവൾ അറയ്ക്കലും അതിൻ്റെ തൊട്ടടുത്ത വീടായ മാലിയിലും ട്യൂഷനെടുക്കും. പിന്നീട് അവൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ പോകണം. ഇപ്പോൾ കൈ നിറയെ കാശുണ്ട് അവളുടെ കയ്യിൽ. അതുകൊണ്ട് ചുണ്ടിൽ എപ്പോഴും ഒരു മൂളിപ്പാട്ടുമായി ആനന്ദചിത്തയായിട്ടാണ് അവളുടെ നടപ്പ്. ഇടയ്ക്കൊക്കെ അവൾ മറിയക്കുട്ടി ചേച്ചിയേം ലിസമ്മയേം കൂട്ടിപ്പോയി അത്യാവശ്യം വസ്ത്രങ്ങളൊക്കെയെടുക്കും. എല്ലാവരേയും കൂട്ടി ഒരോ സിനിമയൊക്കെ കാണും. അടുത്തുള്ള സഹകരണ ബാങ്കിലെ ഒരു ചിട്ടിയിലും അവൾ ചേർന്നിട്ടുണ്ട്.

അവളുടെ ആത്മാർത്ഥതയും പഠനത്തിലുള്ള ശുഷ്കാന്തിയും കണ്ട് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ അവളെ കൂടി അവിടെ സ്റ്റാഫായി നിയമിച്ചു. ഇപ്പോഴത്തെ പ്രിൻസിപ്പലിന് ജോലിയായാലുടൻ ആ പോസ്റ്റിൽ അവളെ നിയമിക്കും. ശമ്പളം കൂടുതലുണ്ട്. ജോബ് വർക്കിൻ്റെ പകുതിയും ലഭിക്കും. എന്നും അതു പോരല്ലോ. അവളും പി.എസ്.സി. ടെസ്റ്റുകൾക്കു് അപേക്ഷ അയയക്കാനും എഴുതാനും തുടങ്ങി.

അറയ്ക്കലെയും മാലിയിലെയും ട്യൂഷൻ വിടാൻ പറ്റുന്നില്ല. കയ്യിൽ കാൽ കാശിന് മാർഗ്ഗമൊന്നുമില്ലാത്ത കാലത്ത്, വിദ്യാഭ്യാസ യോഗ്യതകളൊന്നും നോക്കാതെ തന്നെ വിളിച്ചൊരു ജീവിതമാർഗ്ഗം കാട്ടിത്തന്നതാണ് അവർ. അവരെ ഒരു തരത്തിലും ഒഴിവാക്കാനാവില്ല.

പണം ഇഷ്ടം പോലെ കിട്ടുന്നുണ്ടെങ്കിലും മനം നിറയെ സന്തോഷമുണ്ടെങ്കിലും കഷ്ടപ്പാടാണ്. നാൾക്കുനാൾ അവളുടെ ദേഹം ചടച്ചുവന്നു. ഇഷ്ടം പോലെ പശൂന്നെയ്യ് വിറ്റിരുന്ന അവളുടെ വീട്ടിലെ പാൽ മുഴുവൻ ഇപ്പോൾ പാൽസ്റ്റോറിലാണ് കൊടുക്കുന്നത്. ട്യൂഷൻ പിള്ളേരും പാലുമേടീരുകാരുമൊക്കെയായിട്ടുള്ള ആ ഒച്ചയും ബഹളവും ഒന്നു നീക്കാൻ. വീട്ടാവശ്യത്തിന് കുറച്ചു തൈരും മോരുമുണ്ടാക്കും, അത്ര തന്നെ. മറിയക്കുട്ടിയും അവളും ജോലിക്കുപോയാൽ പിന്നെ അമ്മ തന്നെ വേണ്ടേ എല്ലാറ്റിനും. സാറാക്കുട്ടിയോർത്തു:
“എന്തുമാത്രം വെണ്ണയും നെയ്യും കഴിച്ചിട്ടുണ്ട്, തങ്ങൾ കുട്ടികൾ. ഇപ്പോൾ അത്യാവശ്യം നെയ്യ് പുറത്തു നിന്നും വാങ്ങണം. അമ്മ പനങ്കുഴിയിലെ കുട്ടിയമ്മയോട് പറഞ്ഞിട്ടുണ്ട് ഇടങ്ങഴി നെയ്യ് വേണമെന്ന്. എന്തു വിലയായാലും കൊടുക്കണം. വിവാഹ പ്രായമായ പെമ്പിള്ളേര് കൊഞ്ചിക്കുരച്ചിരിക്കാൻ പാടില്ല. ആരെങ്കിലും കെട്ടിക്കൊണ്ടു പോകണ്ടേന്ന്, കാണാൻ ഒരു ചൊവ്വും ചെമ്മാന്ത്രോം വേണമല്ലോന്ന്.

ട്യൂഷന് പോകുംവഴി അവൾ അമ്മയുടെ ആജ്ഞപ്രകാരം പനങ്കുഴി വീട്ടിലേയ്ക്കുള്ള കുത്തുകല്ലുകൾ കയറി. മുറ്റത്ത് കൂട്ടിനുള്ളിൽ കിടന്ന് ഒരു അൾസേഷൻ നായ കുരച്ചു ബഹളമുണ്ടാക്കി. തൻ്റെ അമ്മയെപ്പോലെ സുന്ദരിയായ, ചുരുണ്ട മുടിയുള്ള, വിശറി പോലെ ഞൊറിയുള്ള, തൂവെള്ള കച്ചമുറിയും ചട്ടയും ധരിച്ച് ആ അമ്മച്ചി ഇറങ്ങി വന്നു. അവൾ സ്വയം പരിചയപ്പെടുത്താൻ തുടങ്ങി…
“ഞാൻ … ”
അവർ ഇടയ്ക്കു കയറിപ്പറഞ്ഞു. “മോളെ പിന്നെ എനിക്കറിയാമ്മേലെ, മോളെന്നും ഇതുവഴിയല്ലേ നടന്നുപോകുന്നത്, മോളെ എനിക്കൊത്തിരിയിഷ്ടമാ കേട്ടോ. മിടുക്കിയാ, അടക്കോം ഒതുക്കോ മുള്ള കൊച്ച്. പെങ്കൊച്ചുങ്ങളായാൽ ഇങ്ങനെ വേണംന്ന് ഞാനെല്ലാരോടും പറയാറുണ്ട്. അവൾ നെയ്യ് വാങ്ങി. പണവും കൊടുത്ത് നല്ലവാക്കുകൾക്ക് നന്ദി പറഞ്ഞിറങ്ങി.

ശ്…ശ്ശ് … ശബ്ദം കേട്ട ദിക്കിലേക്ക് അവൾ തിരിഞ്ഞൊന്നു നോക്കി. അവളെ ഉറ്റുനോക്കിക്കൊണ്ട് ആരോഗദൃഢഗാത്രനായ ഒരു സുന്ദരക്കുട്ടപ്പൻ. ഓ, ഇയാളായിരുന്നല്ലോ വല്യപ്പച്ചൻ്റെ മരണത്തിന് തറവാട്ടിൽ വന്നിരുന്ന് അതിമനോഹരമായി വേദവായന നടത്തിയത്. താൻ വായന നിർത്തിയാലുടൻ അയാൾ കൊച്ചൂഞ്ഞുപദേശിയുടെ ഒരു ആശ്വാസഗീതത്തിനു തുടക്കമിടും. തങ്ങൾ എല്ലാവരും അതേറ്റു പാടും. അയാൾ
“ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നൂ വിശ്വാസ ക്കണ്ണാൽ ഞാൻ നോക്കീടുമ്പോൾ ” എന്ന് പാടുമ്പോൾ സ്വർഗ്ഗത്തിൽ കയറിച്ചെന്ന ഒരനുഭൂതിയാണ്. ആ പാട്ടിൻ്റെ റെക്കോഡ് പിന്നീട്, വീണ്ടും വീണ്ടും അവൾ കേട്ടു. ശരീരവും ശാരീരവും സുന്ദരമായാൽ അതെത്ര ഭാഗ്യമാണ്. അയാളോട് സാറാക്കുട്ടിയ്ക്ക് അന്ന് പെരുത്ത അസൂയയായിരുന്നു. അയാൾ പാടി നിർത്തിയാലുടൻ സാറാക്കുട്ടി വായന തുടങ്ങും.

അന്ന് സാറാക്കുട്ടിയുടെ, കോളജ് കുമാരികളായ കസിൻസൊക്കെ അയാളെ ഒത്തിരി വാഴ്ത്തിപ്പറയുന്നതു കേട്ടു. പഠിക്കാൻ അതി സമർത്ഥനാണത്രേ. നല്ല സ്വഭാവവും. പണത്തിൻ്റെ ജാഡയൊന്നുമില്ലത്രേ. സാറാക്കുട്ടിയ്ക്ക് ആളോട് ഏറെ ബഹുമാനമൊക്കെ തോന്നിയെങ്കിലും ആ പൊക്കിപ്പറച്ചിൽ തീരെ ഇഷ്ടപ്പെട്ടില്ല. അയാളുടെ പേര് ഫിലിപ്പ് തോമസ്. വീട്ടിൽ പിലിപ്പൂട്ടീന്നു വിളിക്കുന്നു.

ഫിലിപ്പുകുട്ടി തൻ്റെയൊപ്പം നടകൾ ഇറങ്ങുന്നതൊന്നും അറിയാതെ അയാളെപ്പറ്റി തന്നെ ചിന്തിച്ച് അവൾ തെല്ലുറക്കെപ്പറഞ്ഞു: “എന്നാ പേരാ പിലിപ്പൂട്ടി ”

” എന്താ എൻ്റെ പേരിഷ്ടപ്പെട്ടില്ലേ”

“അയ്യോ അങ്ങനൊന്നും ഓർത്തില്ല ”

” പിന്നെങ്ങനെയാ ഓർത്തത്”

“അന്ന് വല്യപ്പച്ചൻ്റെ മരിച്ചടക്കിന് ഇദ്ദേഹം പാടിയ പാട്ടുകളെക്കുറിച്ചോർത്തു പറഞ്ഞതാ ”

” അന്നു ഞാൻ ബോറടിപ്പിച്ചാരുന്നോ, പാട്ട് നന്നായില്ലേ”

” പാട്ടും വായനയും ഒക്കെ ഏറ്റവും നന്നായിരുന്നു”

“സേറായും നന്നായിട്ട് പാടുകയും വായിക്കുകയും ചെയ്തല്ലോ ”

” ഓ അതു പിന്നെ ചുമ്മാതെ, എൻ്റെ പേര് സേറാന്നല്ല, സാറാക്കുട്ടീന്നാ ”

“ഞാൻ സേറാന്നു വിളിയ്ക്കട്ടെ. നാളെ അമേരിക്കയിലൊക്കെ ചെല്ലുമ്പം മോൾ, കുട്ടീ എന്നൊക്കെ വിളിക്കാമ്പറ്റ്വോ ”

“അതിനാരാ അമേരിക്കയ്ക്കു പോകുന്നേ”

“ഞാൻ, എൻ്റെ അങ്കിൾ സ്റ്റേറ്റ്സിലാ”

” അതിനെന്തിനാ എൻ്റെ പേരു മാറ്റുന്നേ ”

” അതേ തല്ക്കാലം ഈ സാ… റാ… മോൾ അറിയണ്ട, മൂത്തവർ ഇങ്ങനെ നിക്ക്വല്ലേ, ഈ കാന്താരിക്കുട്ടിയെ എൻ്റെ അമ്മയ്ക്കങ്ങിഷ്ടപ്പെട്ടു പോയി കൊച്ചേ, ഇനി നോ രക്ഷ. പനങ്കുഴി ഭരണം ആർക്കാന്ന് അമ്മ ഉറപ്പിച്ചു കഴിഞ്ഞു. ”

സംസാരം തുടരാൻ ആഗ്രഹിക്കാതെ അവൾ പറഞ്ഞു: “വേഗം ചെല്ലട്ടെ, നെയ്യ് കൊണ്ടെ അമ്മേടെ കയ്യിൽ കൊടുത്തിട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ പോകണം”

“ആയിക്കോട്ടെ, ഞാനും ആ പാലത്തിനക്കരെവരെ യുണ്ട് ”

“ഞാൻ വെള്ളത്തിലിറങ്ങി ക്കേറുകയാണ് പതിവ് ”

“പാലത്തേൽ കേറാൻ പേടിയാണോ”

“അതെ ”
ഞാനില്ലേ കൂടെ, ഞാൻ കയ്യിൽ പിടിയ്ക്കാമെന്നേ ”
“അതു വേണ്ട, ഞാനെന്നും പോകുന്നതു പോലെ പൊക്കോളാം”

“സൂക്ഷിയ്ക്കണം, സാറാമോൾ പോകുമ്പോഴൊക്കെ അമ്മച്ചിയോ ഞാനോ കുട്ടിയറിയാതെ ശ്രദ്ധിയ്ക്കാറുണ്ട് ”

“യ്യോ… അതേയോ ”

“പേടി മാറ്റണമല്ലോ, വാ കയറ്”

അവൾ ദിക്കുപോക്കു നോക്കി, ദൈവമേ അന്യനൊരു ചെറുപ്ക്കാരൻ അതും കയ്യേൽ പിടിച്ചോണ്ട്, ആ രാമക്കണിയാരോ, ചെല്ലയോ ആരെങ്കിലും കണ്ടാൽ പിന്നെ.
അവൾ ഓടി വെള്ളത്തിലിറങ്ങി, കാലുകൾ വെള്ളത്തിലുറയ്ക്കുന്നില്ല. ഇന്നെന്തു പറ്റി.
ഫിലിപ്പുകുട്ടി പറഞ്ഞു “വെള്ളം വരവാ, കിഴക്കെവിടെയോ ഉരുൾപൊട്ടിയെന്ന്, തന്നെയല്ല, ഇവിടെചുഴലിയുള്ള സ്ഥലമാണ്. ദാ ആ ഇഞ്ചക്കാടിൻ്റെ ഇപ്രത്തൂടെ നടന്നു കേറാൻ പറ്റും.

” ശരി ഞാൻ പോട്ടെ”

” ആയിക്കോട്ടെ, സൂക്ഷിച്ചു പോ, അപ്പം പറഞ്ഞ പോലെ ” പിലിപ്പൂട്ടി പൊട്ടിച്ചിരിച്ചു.

ദൈവമേ ആ ചെറുക്കൻ എന്നോട് മിണ്ടിയ കാര്യമൊന്നും ആരും വീട്ടിൽ പറയാതെ സൂക്ഷിക്കണെ അവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. ഫിലിപ്പുകുട്ടിയുമായുണ്ടായ സംസാരമൊക്കെ ആരോടും പറയാതെ അവൾ ഗോപ്യമായി സൂക്ഷിച്ചു.

ദിനരാത്രങ്ങൾ അതിവേഗം കടന്നങ്ങു പോകുകയാണ്. സാറാക്കുട്ടിയുടെ വീട്ടിൽ ഐശ്വര്യപൂർണ്ണമായ കുറെ മാറ്റങ്ങൾ സംഭവിച്ചു. മറിയക്കുട്ടി ചേച്ചിയുടെ വിവാഹം അതിഗംഭീരമായി നടന്നു. പാലക്കാട് ഒരു സ്കൂളിലെ മാഷാണ് മറിയക്കുട്ടിയെ കെട്ടിയത്. വെളുത്തു മെലിഞ്ഞ് പിത്തം പിടിച്ചിരുന്ന മറിയക്കുട്ടി ഇത്തിരി വണ്ണമൊക്കെ വച്ച് അതിസുന്ദരിയായി. കണ്ണുകൾ നന്നായി കറുപ്പിച്ചെഴുതി, മുല്ലപ്പൂ ചൂടി, പൊട്ടും തൊട്ട്‌, ഹൈഹീൽ ചെരുപ്പു മണിഞ്ഞ് കളർഫുൾ സാരികളുമായാണ് ഇഷ്ടത്തിയുടെ നടപ്പ്. ചേട്ടനെ സന്തോഷിപ്പിക്കാനുള്ള അണിഞ്ഞൊരുക്കം. ചേച്ചിയ്ക്കതു നന്നായിണങ്ങുന്നുമുണ്ട്.

ഒരു കമ്പനിയിലെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായ ജോറൂട്ടിയും ഒരു ടീച്ചറെത്തന്നെ കല്യാണം കഴിച്ച് മാറിത്താമസിക്കുന്നു.

എല്ലാവരും പറഞ്ഞു അടുത്ത ഊഴം സാറാക്കുട്ടിയ്ക്കാണ്.

അങ്ങനെയിരിയ്ക്കെയാണ് ആ ദുർവാർത്ത കാട്ടുതീ പോലെ നാടെങ്ങും വ്യാപിച്ചത്. പനങ്കുഴിയിലെ കുട്ടിയമ്മ മരിച്ചു. ഹാർട്ടറ്റാക്.

സാറാക്കുട്ടിയുടെ അമ്മ പറഞ്ഞു: “പക്ഷേ… അതെങ്ങനെ അറ്റാക്കിൻ്റെ ഒരു ലക്ഷണോം കാണിയ്ക്കാതെയോ”

അമ്മയ്ക്ക് ദു:ഖം അടക്കാനായില്ല, അമ്മയുടെ പള്ളിക്കൂട്ടുകാരിയാണ് അവർ. അവരൊന്നിച്ചാണ് സമാജത്തിൻ്റെ മീറ്റിംഗുകൾക്കൊക്കെ പോകുന്നത്. അപ്പോൾ അവരിരുവരും ലോകത്തിലെ ഒട്ടുമിക്ക കാര്യങ്ങളെക്കുറിച്ചും സംസാരിക്കുമായിരുന്നു. ഒപ്പം വീട്ടു കാര്യങ്ങളും.

ഒരിയ്ക്കൽ കുട്ടിയമ്മ അമ്മയോട് പറഞ്ഞുവത്രേ
” കുഞ്ഞന്നാമ്മേ എനിയ്ക്കു പറയാനാണേൽ, ഒത്തിരി കാര്യങ്ങളുണ്ട് ഫിലിപ്പുമോൻ്റെ പപ്പയെക്കുറിച്ച്, പക്ഷേ ഉറ്റ കൂട്ടുകാരിയായ നിന്നോടു പോലും ഞാൻ പറയില്ല. കടലോളം കണ്ണീർ ഉള്ളിലടക്കിയിരിക്ക്വാ. ഫിലിപ്പുമോനോടു പോലും പറഞ്ഞിട്ടില്ല. ഞാൻ പെട്ടെന്നെങ്ങാനും മരിച്ചാൽ എൻ്റെ മോനോട് നീ പറയണം, അറയ്ക്കകത്തിരിയ്ക്കുന്ന അമ്മച്ചീടെ കാൽപ്പെട്ടിയ്ക്കകത്തിരിയ്ക്കുന്ന ഒരു ഡയറിയുണ്ട്, അത് വായിച്ചു നോക്കാൻ. ആ പെട്ടിയിലുള്ളതെല്ലാം എൻ്റെ മോനും അവൻ്റെ പെണ്ണിനും തലമുറയ്ക്കുമായി അമ്മച്ചി കരുതിയതാണെന്ന്. അതിനു വേണ്ടി മാത്രമാണ് അവൻ്റെ അമ്മച്ചി ഇത്രയേറെ സഹിച്ചതെന്ന്.

(തുടരും….)

About The Author

Leave a Reply

Your email address will not be published. Required fields are marked *