അധ്യായം-13
അവിചാരിതമായി ആ ശബ്ദം കേട്ട് ഇരുവരും ഞെട്ടിത്തരിച്ചുപോയി. ചുറ്റുപാടും കണ്ണോടിച്ച് രവി ചാടിയെഴുന്നേറ്റു. അടര്‍ന്ന് വീണ പച്ചമരത്തിന്റെ മണം കാറ്റിലൂടെ പരന്നു.
‘ഞാന്‍ പറഞ്ഞില്ലേ കുഞ്ഞേ, നമുക്കു കാണാന്‍ കഴിയുന്നില്ലെങ്കിലും എന്റെ കുഞ്ഞ് ഇവിടെയെവിടെയോ ഉണ്ട്. നമ്മള്‍ പറയുന്നത് പോലും അവള്‍ കേള്‍ക്കുന്നുണ്ട്. സ്വന്തം മുത്തശ്ശന്റെ മരണത്തെ പറ്റി കേട്ടതിലുള്ള ദേഷ്യമാണു നമ്മള്‍ ഇപ്പോള്‍ കണ്ടത്.’ കാര്‍ത്തിയമ്മയുടെ കണ്ണില്‍ ഈറന്‍ പൊടിഞ്ഞു.
രവിക്കും ഇപ്പോള്‍ കാര്യങ്ങള്‍ ഏറെക്കുറെ മനസ്സിലായി. ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്ന കുഞ്ഞാത്തോല്‍ എന്ന മിഥ്യയെ അയാളും പതുക്കെ അംഗീകരിച്ചു തുടങ്ങി.
‘പിന്നീടെന്താണുണ്ടായത് കാര്‍ത്തിയമ്മേ?’
‘വലിയതിരുമേനിയുടെ മരണശേഷം രാഘവവാര്യര്‍ മനയില്‍ പോയിട്ടില്ല. കുറച്ച് തെക്കുഭാഗത്ത് എവിടെ നിന്നോ അയാളുടെ വിവാഹം നടന്നു. പിന്നെ ഉമ ജനിച്ചു.
മനയ്ക്കലും പിതാവിന്റെ മരണശേഷം കൊച്ചുതിരുമേനിയിലും മാറ്റങ്ങള്‍ വന്നു. അതിനു പത്തരമാറ്റ് പകര്‍ന്ന് ഒരു പെണ്‍കുഞ്ഞ് ജനിച്ച സന്തോഷവും. പക്ഷേ അതധികനാള്‍ തുടര്‍ന്നില്ല. കുഞ്ഞാത്തോലിനു നാലുവയസ് തികയും മുന്‍പ് കുളത്തില്‍ കാല്‍ വഴുതി വീണു കൊച്ചുതിരുമേനിയും മരണപ്പെട്ടു. പറമ്പില്‍ നിന്നും ലഭിക്കുന്ന വരുമാനവും മറ്റും കൊണ്ട് ജീവിതം ഒരുവിധം പച്ചപിടിപ്പിച്ചു ആത്തോലമ്മ. പക്ഷേ, നൂറേക്കര്‍ പാടത്ത് വാര്യര്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഒരുമണി നെല്ലോ പണമോ മനയ്ക്കല്‍ കിട്ടുന്നില്ലെന്ന് ആത്തോലമ്മ പരാതി പറഞ്ഞതിനെ തുടര്‍ന്ന് ചില കരപ്രമാണിമാര്‍ വാര്യരെ സമീപിച്ചു.
പിന്നെയെന്താണു സംഭവിച്ചതെന്നറിയാന്‍ ആകാംക്ഷാഭരിതനായി, വിജ്രംഭിച്ച് രവി നിലകൊണ്ടു.
കരപ്രമാണിമാരുടെ ചോദ്യം വാര്യര്‍ ചിരിച്ചുതള്ളി.
‘കരപ്പാടത്തിന്റെ ആധാരം എന്റെ പെട്ടിയിലാണുള്ളത്. കൊച്ചുതിരുമേനി പണയം വച്ചു പണം പറ്റിയിട്ടുണ്ട്. എന്തായാലും കാലമിത്ര കഴിഞ്ഞു. ഇനിയത് എന്റെ പേരിലേക്ക് മാറ്റണം. പിന്നെ, ചോദ്യവും പറച്ചിലും വേണ്ടല്ലോ.’ആവശ്യമില്ലാത്ത ഇടങ്ങേറിനു പോയിട്ട് കാര്യമില്ലെന്ന് മനസിലായ പ്രമാണിമാര്‍ വിവരം ആത്തോലമ്മയെ ധരിപ്പിച്ചു. തന്റെ കുഞ്ഞനുഭവിക്കേണ്ട മുതല്‍ കൈവിട്ട് പോയ ദുഖം കരഞ്ഞും പ്രാകിയും തീര്‍ത്ത് ആത്തോലമ്മ ഭര്‍ത്താവിന്റെ കഴിവില്ലായ്മയെ പതിയെ പതിയെ അംഗീകരിച്ചു.
‘ഇനിയും പാടത്തിന്റെ ആധാരം സ്വന്തം പേരിലാക്കുന്നതില്‍ താമസം വേണ്ടെന്ന് തീരുമാനിച്ച വാര്യര്‍ അതിനുള്ള നടപടികള്‍ തുടങ്ങി. പക്ഷേ…..’
എന്ത് പക്ഷേ? രവി ഉത്കണ്ഠയുടെ മുള്‍മുനയിലെത്തി
‘വില്ലേജാഫീസിലെ രേഖകള്‍ അതിനെതിരായിരുന്നു. അവശേഷിക്കുന്ന വസ്തുവകകള്‍ കൈവിട്ട് പോവാതിരിക്കാന്‍ വലിയതിരുമേനി കാണിച്ച ബുദ്ധി. തനിക്കെന്നെങ്കിലുമൊരു പേരക്കുട്ടിയുണ്ടായി, ആ കുട്ടിയ്ക്ക് പതിനെട്ട് വയസായതിനു ശേഷം മാത്രമേ കോയിക്കല്‍ മനയുടെ ഇനിയുള്ള വസ്തുവകകള്‍ കൈമാറ്റം ചെയ്യാനാവൂ, അതും പേരക്കുട്ടിയുടെ പൂര്‍ണ്ണസമ്മതത്തോടെ. അതിനു മുന്‍പ് ആരെങ്കിലും കൈവശാവകാശം ഉന്നയിച്ചാല്‍ പോലും വസ്തുവകകളില്‍ അവര്‍ക്ക് അധികാരം ഉണ്ടായിരിക്കുന്നതല്ല.’ രേഖകളിലെ വിവരമറിഞ്ഞ് കോപാന്ധനായ വാര്യര്‍ ആത്തോലമ്മയെ ചെന്ന് കണ്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. ‘പതിനെട്ട് വയസ്സായാല്‍ നിര്‍മ്മല ഒപ്പിട്ട് തന്നേ ഒക്കൂ. ഇല്ലെങ്കില്‍…’
‘എന്നിട്ടോ… കുഞ്ഞാത്തോല്‍ ഇതൊക്കെ അറിഞ്ഞിരുന്നോ? ഉമയോടും ഒന്നും പറഞ്ഞിരുന്നില്ലല്ലോ?’
‘ഇല്ല, കുഞ്ഞു ഒന്നും അറിഞ്ഞിരുന്നില്ല. അസുഖവും മറ്റും മൂലം ആത്തോലമ്മക്ക് അത് പറയാനുള്ള സാവകാശം കിട്ടിയില്ല. പിന്നെ കുഞ്ഞാത്തോല്‍ ഗര്‍ഭിണി ആയി. അതുകൊണ്ടു തന്നെ ഈ വിവരങ്ങളൊന്നും പറയാന്‍ പറ്റിയ അവസ്ഥ ആയിരുന്നില്ലല്ലോ. പക്ഷേ, യാതൊരു കാരണവശാലും കുഞ്ഞാത്തോല്‍ ഒപ്പിട്ടു തരാന്‍ താന്‍ സമ്മതിക്കില്ല എന്നു ആത്തോലമ്മ വാര്യരെ അറിയിച്ചിരുന്നു.’
‘ഇത്രയേ എനിക്കറിയൂ കുഞ്ഞേ.’ കാര്‍ത്തിയമ്മ പറഞ്ഞു.
‘ബാക്കിയൊക്കെ കുഞ്ഞ് വഴിപോലെ മനസ്സിലാക്കൂ… പിന്നെ ഒരു കാര്യം പറയാം. കുഞ്ഞാത്തോലിനു ഉമക്കുഞ്ഞിനെ ജീവനായിരുന്നു. കണ്ടിട്ടില്ലെങ്കിലും ഉമയുടെ ആളെ എനിക്കെന്റെ സ്വന്തം ഏട്ടനെപ്പോലെ തോന്നുന്നു കാര്‍ത്തിയമ്മേ എന്നാ കുഞ്ഞാത്തോല്‍ ഒരിക്കലെന്നോട് പറഞ്ഞത്. അതാവും ഈ കഥയൊക്കെയറിയാന്‍ കുഞ്ഞിനിത്ര ഇഷ്ടം തോന്നിയതും. ഇനി ഞാന്‍ പോട്ടെ കുഞ്ഞേ…. നേരമിരുട്ടിത്തുടങ്ങി.’ അവര്‍ യാത്ര പറഞ്ഞ് നടയിറങ്ങാന്‍ തുടങ്ങിയപ്പോള്‍ രവി തലയാട്ടി.
കേട്ടതെല്ലാം സത്യം. ഇനി അറിയാനുള്ള സത്യങ്ങള്‍ അതിനെക്കാള്‍ ഭയാനകം. രവി ശക്തിയായി നെറ്റി തിരുമ്മി. ഒന്നുകില്‍ എല്ലാം ഉപേക്ഷിച്ചു ഉമയെയും ദേവികയെയും കൂട്ടി ഇവിടം വിടണം. അമേരിക്കന്‍ ജീവിതത്തിലെ തിരക്കിലലിഞ്ഞാല്‍ പിന്നെയീ അനാവശ്യചിന്തകള്‍ വഴിമാറി പൊയ്‌ക്കൊള്ളും. പക്ഷെ, എന്തുകൊണ്ടോ ഇതിലേക്ക് കൂടുതലിറങ്ങാനാണു തോന്നുന്നത്. തനിക്കെന്തോ ചെയ്തുതീര്‍ക്കാനുണ്ട് എന്നൊരു തോന്നല്‍. ഇനി എങ്ങനെ?
ഒരെത്തും പിടിയും കിട്ടിയില്ലെങ്കിലും തനിക്ക് മുന്നോട്ട് പോയേ പറ്റൂ എന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങി.
താഴെ റോഡില്‍, മെക്കാനിക്കിനെ കൂട്ടി നാരായണേട്ടന്‍ വന്നിരിക്കുന്നത് കണ്ട് രവി നടകളിറങ്ങിച്ചെന്നു. കാറിന്റെ താക്കോല്‍ കൈമാറുന്നതിനിടെ വണ്ടി അകാരണമായി നിന്നുപോയതിനെപ്പറ്റി മെക്കാനിക്കിനോട് പറഞ്ഞു. വണ്ടിതുറന്ന അയാള്‍ സ്റ്റാര്‍ട്ട് ചെയ്തതും വണ്ടി മടിയൊന്നും കൂടാതെ സ്റ്റാര്‍ട്ടായതു കണ്ട് രവി അത്ഭുതപ്പെട്ടു. തന്റെ യാത്രമുടക്കി കാര്‍ത്തിയമ്മയുമായി സന്ധിപ്പിച്ച ആ ശക്തിയെപ്പറ്റി ഇപ്പോള്‍ രവിക്കും വ്യക്തമായ ധാരണയായി. മെക്കാനിക്കിനെ പറഞ്ഞുവിട്ട് രവി അതുതന്നെ ഓര്‍ത്തു.
കുഞ്ഞാത്തോല്‍ ഇവിടെ തന്റെ തൊട്ടടുത്തുണ്ട്. ആ തിരിച്ചറിവില്‍ അയാളുടെ രോമകൂപങ്ങള്‍ പോലും എഴുന്നു നിന്നു. രവിയുടെ ഭാവമാറ്റം കണ്ട് നാരായണേട്ടന്‍ അമ്പരന്നു.
എന്ത് പറ്റി കുഞ്ഞേ?
‘കുഞ്ഞാത്തോല്‍… കുഞ്ഞാത്തോലിനെപ്പറ്റി നാരായണേട്ടനെന്തറിയാം?’
‘അയ്യോ കുഞ്ഞേ… കുന്തിപ്പുഴയുടെ തീരത്തെ കല്‍മണ്ഡപത്തിനടിയില്‍ ചുവന്നപട്ടില്‍ പൊതിഞ്ഞതെന്തോ ഞാന്‍ കുഴിച്ചിട്ടിരുന്നു വാര്യര്‍സ്സാര്‍ പറഞ്ഞിട്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പൊരിക്കല്‍. അതല്ലാതൊന്നും കുഞ്ഞാത്തോലിനെപ്പറ്റി എനിക്കറിയില്ല…. കരച്ചിലെന്നോ താരാട്ടെന്നോ മറ്റോ നാട്ടാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്… അത്ര മാത്രം.’
വാര്യരുടെ വിശ്വസ്തനായ സഹായിയാണ് നാരായണേട്ടനെങ്കിലും അയാള്‍ക്ക് ഇതിനെപ്പറ്റി കൂടുതല്‍ ഗ്രാഹ്യമില്ല എന്ന് രവിക്ക് മനസ്സിലായി്. അതുകൊണ്ട് തന്നെ ഇതില്‍ക്കൂടുതലൊന്നും ചോദിച്ചിട്ട് കാര്യമില്ല എന്ന് രവിക്ക് തോന്നി.
‘നമുക്കാ പുഴയോരം വരെയൊന്ന് പോയാലോ?’ കാറില്‍ കയറിയിരുന്നുകൊണ്ട് രവി ആരാഞ്ഞു.
‘ഈ ത്രിസന്ധ്യയ്‌ക്കോ?’ നാരായണേട്ടന്‍ അമ്പരന്നു.
‘അതെ…. ഇപ്പോള്‍ത്തന്നെ. ഉമയുടെ അച്ഛന്റെ ചികിത്സ നടക്കണമെങ്കില്‍… ‘
വാര്യരുടെ ചികിത്സയെന്ന് കേട്ടതും നാരായണേട്ടന്‍ തയ്യാറായി.
പഞ്ചാരമണല്‍ നിറഞ്ഞ പുഴക്കരയില്‍ കൈതച്ചെടികള്‍ അതിരു തിരിക്കുന്ന ഒരു ഇടിഞ്ഞുപൊളിഞ്ഞ കല്‍മണ്ഡപം. നൂറ്റാണ്ടുകള്‍ പഴക്കമുള്ളൊരു കഥ പറഞ്ഞു നാരായണേട്ടന്‍.
പാണ്ഡവര്‍ വനവാസകാലത്ത് ഒളിച്ചുതാമസിച്ചിരുന്ന ഇടമാണീ പുഴയോരവും തൊട്ടുചേര്‍ന്നുള്ള സൈരന്ധ്രിവനവും. അതിന്റെ ഓര്‍മ്മയ്ക്കായി പണ്ടൊക്കെ വര്‍ഷത്തിലൊരിക്കല്‍ കാര്‍ത്തികവിളക്ക് ദിവസം ഈ കല്‍മണ്ഡപം ദീപാലംകൃതമാക്കുമായിരുന്നെ്രത. ഇപ്പോള്‍ ആരും വരാറില്ല…
എവിടെയാണാ ചുവന്ന പട്ട് കുഴിച്ചിട്ടത്? രവി ചോദിച്ചു.
അല്‍പ്പമൊന്ന് ആലോചിച്ച് നാരായണേട്ടന്‍ മണ്ഡപത്തിന്റെ കിഴക്കുഭാഗത്ത് പടര്‍ന്ന് കിടക്കുന്ന ചെമ്പരത്തിച്ചെടി വകഞ്ഞ് മാറ്റിയപ്പോള്‍ മണ്ണിലാഴ്ന്ന് കിടക്കുന്ന ഒരു കരിങ്കല്‍ക്കഷ്ണം തെളിഞ്ഞു കണ്ടു. അല്‍പം അധ്വാനത്തിനു ശേഷം ആ കരിങ്കല്‍ ഇളക്കിയടര്‍ത്തിമാറ്റി, നാരായണേട്ടന്‍ താഴേക്കു കുനിഞ്ഞ് കുറച്ചുകൂടി മണ്ണിളക്കി മാറ്റി ആ ചെമ്പട്ട് തുണിയില്‍ പൊതിഞ്ഞ വസ്തു കയ്യിലെടുത്ത് നടുനിവര്‍ത്തി. രവിയതു വാങ്ങി മണ്ണിലും ചെളിയിലും കുതിര്‍ന്ന ആ ചെറിയസഞ്ചിയുടെ വായ് മൂടിക്കെട്ടിയിരുന്ന ചരടഴിച്ചതും ഒരായിരം ചീവീടുകള്‍ ഒന്നിച്ച് കരഞ്ഞത് പോലെ പുഴക്കരയാകെ ശബ്ദമയമായി. എവിടെനിന്നോ പറന്നെത്തിയ ഒരുകൂട്ടം മിന്നാമിനുങ്ങുകള്‍ ഇരുള്‍ മൂടിയ പുഴക്കരയെ പ്രകാശപൂരിതമാക്കിയപ്പോള്‍ കോടമഞ്ഞ് പോലെ വെളുത്ത ഒരു രൂപത്തെ രവി കണ്ടു. അപ്പോള്‍ അവിടമാകെ പരന്ന പാലപ്പൂവിന്റെ ഗന്ധത്തില്‍ ശ്വാസമറ്റവനെപ്പോലെ രവി ഒരുനിമിഷം നിന്നുപോയി.
About The Author
No related posts.