സാറാക്കുട്ടിയുടെ അതിജീവനം – അദ്ധ്യായം – 7 | സൂസൻ പാലാത്ര

നോവൽ

സാറാക്കുട്ടിയുടെ
അതിജീവനം
……………………..

സൂസൻ പലാത്ര

അധ്യായം – ഏഴ്

ബൈബിളും പാട്ടുപുസ്തകങ്ങളും ‘മരണവീട്ടിൽ’ എന്ന പുസ്തകവും ഒക്കെ എടുത്ത് സാറാക്കുട്ടിയുടെ അമ്മ സാറാക്കുട്ടിയേയും ലിസമ്മയേയും കൂട്ടി പനങ്കുഴി വീട്ടിലേക്കു പോയി. പ്രിയപ്പെട്ട കൂട്ടുകാരിയെ മന്ത്രകോടിയുടുപ്പിച്ച്, വെള്ള പുതപ്പിച്ച്, ആ വല്യ വീടിൻ്റ വല്യവരാന്തയിൽ കിടത്തിയിരിക്കുന്നു. കുഞ്ഞന്നാമ്മ പ്രിയ കൂട്ടുകാരിയുടെ അടുത്തുചെന്നുനിന്ന് വിതുമ്പിക്കരഞ്ഞു. കണ്ണീർക്കടൽ ഉള്ളിലടക്കി അവിടെ അമ്മയുടെ തലയ്ക്കൊരാൾ ഇരിപ്പുണ്ട്. അത് ഫിലിപ്പുകുട്ടിയായിരുന്നു.
സാറാക്കുട്ടിയുടെ അമ്മ അടുത്തുചെന്ന് ഫിലിപ്പൂട്ടിയുടെ മുടിയിഴകളിൽ മൃദുവായി തലോടി. എന്നിട്ട് മുകളിലേക്ക് നോക്കി മൃദുവായി പറഞ്ഞു,
“ഒക്കെ അവിടത്തെ ഹിതം പോലെയേനടക്കൂ. മോൻ്റമ്മയെ തമ്പുരാന് വല്യ ഇഷ്ടമാ അതാ പെട്ടന്നങ്ങ്…. ” വാക്കുകൾ മുഴുമിപ്പിയ്ക്കാൻ കഴിഞ്ഞില്ല. അതിനുമുന്നേ ഫിലിപ്പുകുട്ടി കുഞ്ഞന്നാമ്മയെ ഉറുപ്പടങ്കം കെട്ടിപ്പിടിച്ചൊരറ്റക്കരച്ചിൽഅവിടെയിരുന്ന, പ്രായമായ മന്ദാരത്തിലമ്മച്ചി പറഞ്ഞു; കുഞ്ഞു കരയട്ടെ, അവൻ മനസ്സിലടക്കിപ്പിടിച്ച സങ്കടം കരഞ്ഞു തീർക്കട്ടെ.

കുഞ്ഞന്നാമ്മ പറഞ്ഞു; “പള്ളിക്കാര്യത്തിലും ദൈവകാര്യത്തിലുമൊക്കെ പ്രിയംവച്ചുനടന്ന എൻ്റെ കുട്ടിയമ്മച്ചീടെ മോൻ ഇങ്ങനെ വാടിത്തളർന്നിരുന്നാലെങ്ങനെയാ? യൂലിയോസ് തിരുമേനിയെ കൊണ്ടുവന്ന് ഇടവകേലെ അച്ചന്മാരെയെല്ലാം വിളിച്ചു കൂട്ടി നല്ല …സംസ്കാരം കൊടുക്കണം, എല്ലാറ്റിനും മോൻ മുൻകൈ എടുക്കണം. മോൻറമ്മേടെ ഒറ്റമോനിങ്ങനെ മ്ലാനിയായിരുന്നാലെങ്ങനെയാ”

ഫിലിപ്പുകുട്ടി സ്വയം അടങ്ങി. സാറാക്കുട്ടിയുടെ അമ്മ നല്കിയ സാന്ത്വനം അവനെ ഒരു ആശ്വാസത്തുരുത്തിലെത്തിച്ചിരുന്നു. സാവകാശം അവൻ അമ്മയുടെ സംസ്കാരം സംബന്ധിച്ച കാര്യങ്ങളിലൊക്കെ മേലന്വേഷണം നടത്തി. ചുമതലകൾ എല്ലാം ഓരോരുത്തരെയായി എല്പിച്ചു. കുഞ്ഞന്നാമ്മ
ഫിലിപ്പൂട്ടിയെ അടുത്തു വിളിച്ചു അതീവ രഹസ്യമായി അവൻ്റെ കാതിൽ എന്തോ മന്ത്രിച്ചു, സാറാക്കുട്ടിയും ലിസമ്മയും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി.

വേദവായനയ്ക്കും പാട്ടിനും സാറാക്കുട്ടിയും ലിസമ്മയും നേതൃത്വം വഹിച്ചു. ഫിലിപ്പുകുട്ടി സാറാക്കുട്ടിയുടെ അടുത്തുവന്ന്
“കർത്താവേ നിൻ രൂപമെനിയെക്കല്ലായ്പോഴും സന്തോഷമേ, സ്വർഗ്ഗത്തിലും ഭൂമിയിലും ഇതുപോലില്ലോർ രൂപം വേറെ ” എന്ന പാട്ടു പാടാൻ, രണ്ടു സ്റ്റാൻസാ പാടിക്കൊടുത്തിട്ട് ആവശ്യപ്പെട്ടു. “അതെൻ്റെ അമ്മച്ചിക്കേറെ ഇഷ്ടമുള്ളതാ” സാറാക്കുട്ടി കരഞ്ഞുപോയി. കൂടിയിരുന്നവരുടെയെല്ലാം ഉള്ളം നൊന്തു കലങ്ങി.

പിന്നെ അവിടെ നടന്നത് ഒരു സംഗീതപ്പേമാരി തന്നെയായിരുന്നു. ചതച്ചു കുത്തിപ്പെയ്ത സംഗീത മഴ.
ആ ദേശം ഇത്ര വലിയ ഒരു ശവസംസ്ക്കാരം കണ്ടിട്ടില്ല. അത്ര ജനക്കൂട്ടമായിരുന്നു. രണ്ടുവരിയായി വിശ്വാസികൾ കാൽ നടയായി അതീവ ശാന്തരായി പള്ളിയിലെത്തി വാഹനങ്ങൾ ഉള്ളവർ കാൽനടക്കാർക്കൊപ്പം ചേർന്ന് സാവധാനം വണ്ടികൾ റാലിയോടൊപ്പം ചേർത്ത് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. നാട്ടിലെ ജനസമ്മതനായ ഒരു മകൻ്റെ സുന്ദരിയും സുശീലയുമായ, കർമ്മ കുശലതയുള്ളവളും ഒപ്പം ശാന്ത സ്വഭാവിയുമായ അമ്മയ്ക്ക് നല്ലൊരു ശവസംസ്ക്കാരം നല്കിയതിൽ സാറാക്കുട്ടിയുടെ അമ്മയുൾപ്പടെയുള്ളവർ സന്തോഷിച്ചു.

എല്ലാം കഴിഞ്ഞു വീട്ടിൽ വന്ന ഫിലിപ്പുകുട്ടി അവൻ്റെ മുറിയിൽ കയറി വാതിലടച്ചിരിപ്പായി. അടുത്ത ബന്ധുക്കളെല്ലാം എത്ര നിർബ്ബന്ധിച്ചിട്ടും അവൻ മുറിവിട്ട് പുറത്തു വന്നില്ല. സാറാക്കുട്ടിയുടെ അമ്മയും പനങ്കുഴിയിലെ ചില സ്ത്രീകളും ഒക്കെ ചേർന്ന് അയലത്തെ ബന്ധുവീട്ടിൽ തയ്യാറാക്കിയ കഞ്ഞിയും മാങ്ങാ അച്ചാറും പയറുതോരനും ചമ്മന്തിപ്പൊടിയും കൂട്ടി സംസ്ക്കാരത്തിനു ശേഷം വീട്ടിൽ കൂടിയവർക്കെല്ലാം ‘പഷ്ണിക്കഞ്ഞി’ വിളമ്പി.

കുഞ്ഞന്നാമ്മ ഒരു പ്ലേറ്റിൽ കഞ്ഞിയെടുത്ത് നിർബ്ബന്ധിച്ചു ചെന്ന് ഫിലപ്പൂട്ടിയെ കഴിപ്പിച്ചു.

പപ്പയുടെ പ്രകൃതം ഫിലിപ്പൂട്ടിയെ വിസ്മയിപ്പിച്ചു. സാധാരണ പോലെ പപ്പ ഉണ്ണുന്നു, ഉറങ്ങുന്നു. ഫിലിപ്പൂട്ടിയോർത്തു. അപ്പൻ്റെ ഉള്ളിൽ ഇപ്പോൾ കനൽ ആളിക്കത്തുകയാവും. എല്ലാം ഉള്ളിലൊതുക്കുകയാണ്.

“മോനേ അമ്മയുടെ കാൽപ്പെട്ടിയിൽ അമ്മ മോനു വേണ്ടി
സൂക്ഷിച്ചു വച്ചിരിക്കുന്ന വിലപ്പെട്ട പ്രമാണങ്ങളുണ്ട്.
മോൻ അതു വളരെ ശ്രദ്ധിച്ച് എടുത്തു
കൈകാര്യം ചെയ്യണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ഒരു കാരണവശാലും അതൊന്നും മറ്റാരേയും കാണിക്കുകയോ, പറയുകയോ അരുത് ” കുഞ്ഞന്നാമ്മയുടെ വാക്കുകൾ ഫിലിപ്പൂട്ടി തല കുലുക്കി നേരത്തെ തന്നെ അംഗീകരിച്ചതാണ്.

വീട്ടിൽ തിരിച്ചത്തിയ കുഞ്ഞന്നാമ്മയും പെൺമക്കളും കുളിച്ച് ശുചിയായി വസ്ത്രം മാറി വന്നിട്ടും അടുക്കളയിൽ കയറാനോ വല്ലതും ഉണ്ടാക്കാനോ ഉള്ള ലക്ഷണമൊന്നും കാണാഞ്ഞ് സാറാക്കുട്ടിയുടെ അപ്പൻ, ജോയിയേം വിളിച്ച് എല്ലാം കാലാക്കി. എന്നിട്ടും കുഞ്ഞന്നാമ്മയും പെൺമക്കളും കുട്ടിയമ്മച്ചിയുടെ സ്വഭാവ മഹിമയെ വർണ്ണിച്ചും, അവരുടെ അകാലമൃത്യു നിമിത്തം ദു:ഖിയ്ക്കുന്ന ഫിലിപ്പൂട്ടിയെക്കുറിച്ചും പേർത്തും പേർത്തും പറഞ്ഞു കൊണ്ടിരുന്നു.

സാറാക്കുട്ടി അവളുടെ പ്രവർത്തന മേഖലയിൽ പഴയതുപോലെ ഉഷാറായി. ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിയും ട്യൂഷൻ പഠിപ്പീരും തകൃതിയായി നടക്കുന്നു.

ദിവസങ്ങൾ അതിവേഗം ഓടിയകന്നു. കുട്ടിയമ്മയുടെ നാല്പതടിയന്തിരമടുത്തു. അടുത്ത ബന്ധുക്കളെപ്പോലെ തന്നെയാണ് അയല്ക്കാരിയായ കുഞ്ഞന്നാമ്മയേയും പനങ്കുഴിക്കാർ ഇപ്പോഴും കരുതുന്നത്.

സാറാക്കുട്ടിയുടെ അപ്പൻ അത്യാവശ്യം വീട്ടു സാമാനങ്ങൾ ഒക്കെ വാങ്ങാൻ ചന്തയ്ക്കു പോകാൻ ഒരുങ്ങിയിറങ്ങുമ്പോഴാണ്, പടി കടന്നു വരുന്ന ഫിലാപ്പൂട്ടിയെ കണ്ടത്.
“ങാ മോനോ ”
” എടീ ദേ നോക്കിയേ ആരാ വന്നതെന്ന് ”
ഒച്ച കേട്ടു കുഞ്ഞന്നാമ്മ ഓടി വന്നു.
” ആ… മോനാണല്ലോ.
നാല്പതായോ, എത്ര പെട്ടെന്നാ ദെവസം പോണേ” കുഞ്ഞന്നാമ്മ പറഞ്ഞു.

“അമ്മച്ചീ, അടുത്ത ശനിയാഴ്ച നാല്പതാണ്.
നെയ്യപ്പമുണ്ടാക്കാൻ അമ്മച്ചീം കൂടെ കൂടണം”

“അതിനൊന്നും ഒരു കുറ്റോമില്ല, കൊഴച്ചുവക്കാനും, ചുടാനുമൊക്കെ ഞാങ്കൂടാം മോനേ, സാധാരണ ബന്ധുക്കളാ അതൊക്കെ ചെയ്യുന്നേ”

“അമ്മച്ചിയേം ഞങ്ങടെ ബന്ധുവായിട്ടാണ് ഇതുവരെ കരുതിയതും ഇനി കരുതുന്നതും”

“പെൺമക്കളുടെ വീട്ടിൽ നിന്ന് അപ്പം ചുട്ടോണ്ടു വരണം. ആൺ മക്കളുടെ അപ്പമേ വാഴ്ത്താൻ എടുക്കൂ, അങ്ങനെയൊക്കെയാ പതിവ് – പക്ഷേ ഇവിടെ ആണും പെണ്ണുമായിട്ട് മോനല്ലേ ഉള്ളൂ”

” എടീ മോനു കാപ്പിയെടുക്കടീ ”
മോനെ ഇച്ചിരി കാപ്പിയെടുക്കട്ടെയെന്നു പറഞ്ഞ് കുഞ്ഞന്നാമ്മ അടുക്കളയിലേക്കു പോയി.
” വേണ്ടമ്മച്ചി, കാപ്പിയൊക്കെ കുടിയ്ക്കാൻ പിന്നെ വരാം. വിളി തൊടങ്ങിയേയുള്ളൂ.”
” എന്നാ നിങ്ങള് വർത്താനം പറഞ്ഞിരി – എനിക്കിച്ചിരെ അത്യാവശ്യമുണ്ട് ”
മുറ്റത്തേക്കിറങ്ങിയ സാറാക്കുട്ടിയുടെ അപ്പനായ പാപ്പച്ചനെ തടഞ്ഞുകൊണ്ട് ഫിലിപ്പൂട്ടി പറഞ്ഞു:
” അപ്പച്ചൻ പോകാൻ വരട്ടെ, ഞാൻ അടിയന്തിരം വിളിച്ചില്ല. പിന്നെ അടിയന്തിരമായി മറ്റൊരു കാര്യം പറയാനുമുണ്ട് ”
“എന്നാലാട്ടെ, പറ മോനെ, പക്ഷേ ഒരു കപ്പു കാപ്പി കുടിചേച്ചു മാത്രം ”
” ആയിക്കോട്ടെ, അരക്കപ്പു മതി അമ്മച്ചി ഞാൻ കാപ്പിയും ചായയും കുടിയ്ക്കാറില്ല, എന്നാലും അരക്കപ്പ് എടുത്തോളൂ”

ചൂടു കാപ്പി മൊത്തിക്കുടിച്ചു കൊണ്ട് ഫിലിപ്പൂട്ടി സാവകാശം തുടർന്നു … ഇവിടുന്ന് എല്ലാരും അടിയന്ത്രത്തിന് വരണം. പള്ളിയിലെ പ്രാർത്ഥനയ്ക്കുശേഷം, വീട് കൂദാശയും പിന്നെ സദ്യയും. എല്ലാരും വരണം. പിന്നെ പറയാനുള്ളത് അമ്മച്ചി ,എന്നെ പറഞ്ഞേപ്പിച്ചു പോയതാ, അതിപ്പോൾ പറയുന്നത് ശരിയല്ലെന്നറിയാം, പിന്നെ സമയമില്ല, ഞാൻ അങ്കിളിൻ്റെ കൂടെ അമേരിക്കയിൽ പോക്വാ. അതു കൊണ്ട് പറയുന്നു”
” മുഖവുരയൊന്നും വേണ്ട, മോമ്പറയ്” പാപ്പച്ചൻ പ്രോത്സാഹിപ്പിച്ചു.
” എൻ്റമ്മച്ചി എനിക്കു വേണ്ടി ഒരു പെങ്കൊച്ചിനേ കണ്ടു വച്ചിരുന്നു….. ”
” ഉവ്വോ ”
“അതെ, ഇവിടുത്തെ സേറാമോളെ, ഇങ്ങോട്ട് ആലോചന പറഞ്ഞ് സമ്മതം ചോദിക്കാൻ അവിടെ പപ്പേടെ സൗകര്യം നോക്കിയിരിക്കുമ്പഴാണ് എൻ്റെ അമ്മച്ചി ” ഫിലിപ്പൂട്ടിയുടെ വാക്കുകൾ സങ്കടം കൊണ്ട് മുറിഞ്ഞു.
സാറാക്കുട്ടിയുടെ അപ്പനു മമ്മയും അന്തം വിട്ട് വായ് പൊളിച്ചു.
” മോൻ്റെ പപ്പയ്ക്ക് ”
“പപ്പയ്ക്കെതിർപ്പില്ല. അമ്മച്ചിയുടെ ആഗ്രഹം നടക്കട്ടെയെന്നു പറഞ്ഞു ”
“അമ്മേടെ മരണം … നടന്ന ഉടനെയെങ്ങനെയാ, എൻ്റെ പോക്കിന് മൂന്നാലു മാസത്തെ താമസം – അത്രേള്ളൂ”
” ങാ, നമുക്കാലോചിയ്ക്കാം.. പെല കഴിഞ്ഞിട്ട്, പെണ്ണിനോടും ചോദിക്കണോല്ലോ, സത്യത്തിന് എനിക്കത്ഭുതമാമോനേ, അത്രേം ധനസ്ഥിതിയൊന്നും, ഇത്രേം മിടുക്കനായ പയ്യനേം … സ്വപ്നത്തിൽ പോലും …. പാപ്പച്ചന് സംസാരം തുടരാനാവാതെ വിമ്മിട്ടപ്പെട്ടു.
” പതുക്കെ ആലോചിച്ചാ മതി, ഞാമ്പോട്ടെ”
ഫിലിപ്പൂട്ടിയിറങ്ങി.
പിലിപ്പൂട്ടീന്നുള്ള നീണ്ട വിളി കേട്ട് അയാൾ നിന്നു.
ദാ സാറാക്കുട്ടി ..
“ഇക്കാലത്ത് ആളും പേരുമില്ലാത്തിടത്ത് ഇത്രേം കഷ്ടപ്പെട്ട്‌ എന്തിനാന്നേ ഇത്ര വല്യ സദ്യവയ്ക്കുന്നേ, പള്ളീലെ കുർബ്ബാന കഴിപ്പിച്ചു് ഒരു കാപ്പിയും കൊടുത്ത്, ആ ബാലഭവനിലും, വൃദ്ധസദനത്തിലുമൊക്കെ അന്നദാനം നടത്തിയാൽ പോരേ ”
” അന്ന് കൂടിയവരെ ആദരിക്കണം. പിന്നെ നവജീവനിൽ സദ്യകൊടുക്കുന്നുണ്ട്, അമ്മച്ചിയ്ക്കു വേണ്ടി ഇനിയാകെ ഈ മകന് ചെയ്യാനിതൊക്കെയല്ലേയുള്ളൂ” അയാളുടെ കണ്ണുകൾ നിറഞ്ഞു.

“യ്യോ… വെഷമമായോ, ഒറ്റയ്ക്ക് കഷ്ടപ്പെടുന്നതു കണ്ടു പറഞ്ഞതാ ”

“ഇവിടെ വിളിയ്ക്കാൻ മാത്രമല്ല വന്നേ ”
” പിന്നെ”
” പെണ്ണു ചോദിക്കാനും കൂടെയാ”
” ശ്ശൊ വല്ലോരുമെന്നാ ഓർക്കും, പെല തീരാതെയോ ”
“പെല തീർന്നു പതുക്കെ മതി, പക്ഷേ, എനിക്കുടനേ പോണം”
” ഒള്ളതാണോ, അമേരിക്കക്കാര്യം ”

“എന്നിട്ട് എൻ്റെ അപ്പൻ എന്നാ പറഞ്ഞു ”
” നിനക്കിഷ്ടമാണെങ്കിൽ നടത്തിത്തരാംന്ന് ”
“ഉവ്വോ ”
” ഇഷ്ടം പതുക്കെ അറിയിച്ചാൽ മതി … പെലയല്ലേ ”
” അല്ല നാല്പതിനു മുമ്പ് അമ്മച്ചിയെ അറിയിച്ചോളൂ”
“ങേ”
” ആ അമ്മച്ചി നല്ല രീതിയിൽ വളർത്തിയ ആയമ്മയുടെ സൽപുത്രനെ എനിക്കേറെ ഇഷ്ടമാണെന്ന് ”

ഫിലിപ്പൂട്ടിയുടെ കണ്ണുകളിൽ ആനന്ദാശ്രു നിന്ന് മിന്നി.
” ഒരു സംശയമേയുള്ളൂ സാറേ, സാറിൻ്റെ ജീവിത പങ്കാളിയായി വരുവാൻ എനിക്കെന്തു യോഗ്യത? ഫിലിപ്പൂട്ടി ഡബിൾ എം.എ. ഞാനോ, എടുത്തു പറയാൻ എനിക്കെന്തുണ്ട്? നിങ്ങൾക്കവിടെ ഇട്ടു മൂടാൻ പണമുണ്ട്. ഇവിടെ എനിക്കോ, സ്ത്രീധനോം പൊന്നും… ഒക്കെ ചിന്തിയ്ക്കണം. കാഴ്ചയിലും അങ്ങ് സുന്ദരൻ… ഞാനോ? അതൊക്കെ ചിന്തിച്ചിട്ടാണോ? നല്ലവണ്ണം ചിന്തിച്ചെങ്കിൽ…. ഞാമ്പറഞ്ഞല്ലോ … ഇഷ്ടം. പിന്നെ ദു:ഖിയ്ക്കരുത്. ജീവിതം ഒന്നേയുള്ളൂ.
” സാറാ … എന്തായാലും എൻ്റെ അമ്മച്ചി കണ്ടു വച്ച ഈ കാന്താരിയെ എനിക്കു മതിയെന്നു ഞാനുറപ്പിച്ചെടീ”
ഫിലിപ്പൂട്ടിയുടെ അധികാരത്തോടെയുള്ള എടീ വിളി അവളിൽ ഉൾക്കുളിരേകി.

അവൾ പറഞ്ഞു.
“എന്നാൽ നാലാൾ കൂടി കല്യാണം ഉറപ്പിയ്ക്കുന്നതു വരെ നമ്മൾ തമ്മിൽ
കാണരുത്, മിണ്ടരുത് ”
“കല്യാണം ഉറപ്പിച്ചു കഴിഞ്ഞാലോ ”

“കല്യാണം നടക്കും വരെ തമ്മിൽ കാണരുത് ”
ഫിലിപ്പൂട്ടി പറഞ്ഞു:
” ഉത്തരവ് ”
പോട്ടെ, ധൃതിയുണ്ട്, അവൾ പോകാൻ തിടുക്കം ഭാവിച്ചു.
” നിയ്ക്കെടീ, എല്ലാമറിഞ്ഞു കഴിയുമ്പം നീയെന്നെ ഉപേക്ഷിക്കുമോന്നാ ”
” ഉപേക്ഷിക്കാനും മാത്രം… പിലിപ്പൂട്ടിയ്ക്ക് വേറെ ബന്ധം ”
” എനിക്കോ – ഒരിക്കലുമില്ല, അസംബന്ധം പറയാതെ, ഒന്നു പോടീ”
“പിന്നെയാർക്കാ, എനിക്കറിയണം”
” എൻ്റെ കാര്യമല്ല, പക്ഷേ, നമ്മളെ ബാധിക്കുന്ന കാര്യമാ”
“വളച്ചുകെട്ടില്ലാതെ പറ”
” പറയാം… പിന്നെയാട്ടേ, ദേ, ആരൊക്കെയോ വരുന്നു… നിൻറമ്മച്ചിയോട് സ്വകാര്യമായിട്ട് പറയണേ
” കാൽപ്പെട്ടിയിലേത് ഞാനെടുത്തെന്ന്…. പിന്നെ കാണാം… ഒ.കെ.”
സാറാക്കുട്ടി അന്തം വിട്ടങ്ങനെ നിന്നു പോയി.
(തുടരും….)

LEAVE A REPLY

Please enter your comment!
Please enter your name here