വിടരുന്ന ഓരോ ഇതളിലും
പൂർണസ്മിതം.
ചുറ്റും ചിതറിക്കൊണ്ടിരിക്കുന്ന
ഗന്ധമുകുളങ്ങൾ.
ആ ധാരയിലേക്ക്
എന്നെ വലിച്ചെടുക്കുന്ന
മാസാഹു*.
ആ മാത്രയിൽ ഒഴുകിയകലുന്ന
എന്റെ ബാഹ്യസ്ഥലികൾ.
ചോരതുള്ളുന്ന
ഹൃദയം.
ആരാണ്
അതണച്ചു പിടിച്ചിരിക്കുന്നത്?
ആരാണ്
മാസാഹൂ?
തുള്ളിപ്പിടയ്ക്കുന്ന
എന്റെ ഹൃദയത്തെ
കോരിയെടുത്ത്,
സംഭവചക്രവാളത്തിലേക്ക്*
നീ പായുന്നുവോ!
തമോദ്വാരയിലെ*
അതിഭീമഗുരുത്വത്തിൽ,
അന്ധകാര ചുഴിയിൽ,
സൗരവർണരേണുക്കൾ
രഹസ്യം
ഒപ്പിയെടുക്കാതിടത്ത്,
നീയെന്ന നരഭോജി
എന്നെ
കശക്കിപ്പിഴിഞ്ഞ് കുടിച്ചിരിയ്ക്കാം
എന്നാരോ!
ഇരുട്ട് എന്ന് അവർ
വെറുതെ,
വെറുതേ
പറയുന്നതാണ്.
ഉടലില്ലാതെയും
മിടിയ്ക്കുന്ന ഹൃദയം,
വേരില്ലാതെയും
വിടരുന്ന അല്ലികൾ,
മൂക്കില്ലാതെയും
നിറയുന്ന ജീവഗന്ധം
ഞാൻ
അവിടെ മാത്രമേ
അവിടെ മാത്രമേ
കണ്ടിട്ടുള്ളൂ…
സുനിത ഗണേഷ്
————————-
മാസാഹു: രൂപവും, നിറവും, ആകൃതിയും ഇല്ലാത്ത
സംഭവചക്രവാളം: event horizon, പ്രകാശ ത്തിന് പോലും രക്ഷപ്പെടാൻ കഴിയാത്ത തമോ ഗർത്ത്തിന് ചുറ്റുമുള്ള പ്രദേശം.
തമോദ്വാര: തമോഗർത്തം
About The Author
No related posts.