ഞാന്‍ താങ്ങിയെടുത്ത് എന്റെ കസേരയില്‍ ഇരുത്തി. ഹോസ്പിറ്റലില്‍ പോകുന്ന കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് മാഡം വന്നിട്ട് പോയാല്‍ മതി എന്നാണ്. അതുകൊണ്ടാണു ഞാന്‍ മാഡത്തെ ഉടന്‍ തന്നെ വിളിച്ചത്…
അത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ മതി എന്ന് കൈ കൊണ്ടു വിലക്കി. ബാക്കി എല്ലാം ഞാന്‍ നേരിട്ടു കണ്ടതാണല്ലോ.
”മതി രാമേട്ടാ… ബാക്കി എല്ലാം എനിക്കറിവുള്ളതാണല്ലോ…’ അങ്ങിനെ പറഞ്ഞ് ഞാന്‍ അവിടെ നിന്നും നടന്നു നീങ്ങി. സുബോധം നഷ്ടപ്പെട്ടവളെപ്പോലെയായിരുന്നു പിന്നീടുള്ള എന്റെ ഓരോ ചലനങ്ങളും. അതുകണ്ട് രാമേട്ടന്‍ വിളിച്ചു പറഞ്ഞു.
”മാഡം… തനിച്ചു പോകണ്ട. ഞാന്‍ വരാം കൂടെ…’ എന്നാല്‍ രാമേട്ടന്‍ വന്നെത്തുന്നതിനു മുമ്പ് തന്നെ ഞാന്‍ ഞങ്ങളുടെ ബെഡ്‌റൂമിലെത്തി വാതിലടച്ചു. അവിടെ കിടക്കയില്‍ വീണ് പൊട്ടിക്കരഞ്ഞു.
എന്റെ നരേട്ടന്‍… നരേട്ടന്‍ പോയത്… മൂന്നാമത്തെ ഹൃദയ സ്തംഭനത്തോടെയാണ്. പക്ഷെ ഞാന്‍ വരുന്നതു വരെ ആ ജീവന്‍ നിലനിന്നു. അല്ലെങ്കില്‍ നരേട്ടന്റെ ഇഛാശക്തി എന്നെക്കണ്ട്, എന്റെ മടിയില്‍ കിടന്നു മരിക്കുന്നതിനുള്ള അദമ്യമായ ആഗ്രഹം… ആ ആഗ്രഹത്തിനു മുന്നില്‍ യമദേവന്‍ പോലും അല്‍പനേരം മടിച്ചു നിന്നിരിക്കാം.
ഒടുവില്‍ എന്റെ മുന്നില്‍ അദ്ദേഹം തന്റെ അന്ത്യാഭിലാഷവും വെളിപ്പെടുത്തി. രാഹുല്‍ മോനെക്കാണുന്നതിനുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ദാഹം. പിന്നെ എന്നെ ഒറ്റപ്പെടുത്തി പോകുന്നതിലുള്ള വേദന. ഞാന്‍ മറ്റൊരു വിവാഹം കഴിച്ച് ജീവിക്കണമെന്നുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയായി രൂപം മാറി.
ഫഹദ്‌സാറിനെ കണ്ടെത്തുകയാണെങ്കില്‍ അദ്ദേഹത്തെത്തന്നെ വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കണമെന്നും. എന്നും എന്റെ ആഗ്രഹങ്ങള്‍ക്കു വില കല്‍പിച്ചിരുന്ന, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുമുപരിയായി മറ്റുള്ളവരുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ചിരുന്ന, നരേട്ടന് ഇങ്ങിനെയല്ലാതെ എങ്ങിനെയാണ് പെരുമാറാനാവുക? ലോകത്തോളം വിശാലമായ ഒരു മനസ്സ്, അത് നരേട്ടനു മാത്രം സ്വന്തമാണ്. പെട്ടെന്ന് അടുത്തു തന്നെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന വിവാഹ ആല്‍ബം ഒരു വിങ്ങലോടെ ഞാന്‍ കൈയ്യിലെടുത്തു മറിച്ചു തുടങ്ങി.
ജീവസ്സുറ്റ, ഇന്നും മിഴിവോടെ നിറഞ്ഞു നില്‍ക്കുന്ന ആ ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ മനസ്സില്‍ വിവിധ വികാരങ്ങള്‍ തളം കെട്ടി. നരേട്ടന്‍ താലിയണിയിക്കുമ്പോള്‍ ലജ്ജാവിവശയായ നവവധുവിനു പകരം എന്റെ കണ്ണുകളില്‍ തളംകെട്ടി നില്‍ക്കുന്ന മൂക ദൂഃഖം, ആ ആല്‍ബത്തില്‍ പ്രകടമായി കാണാമായിരുന്നു. എന്നാല്‍ എന്നെ താലിയണിയ്ക്കുമ്പോള്‍ നരേട്ടന്റെ കണ്ണുകളില്‍ പകരം കത്തി നിന്ന പ്രേമാവേശവും മിഴിവുറ്റ ആ ചിത്രങ്ങളില്‍ നിറഞ്ഞു കാണാം. പിന്നെ എന്നെ മോതിരമണിയിച്ചു കൊണ്ട് അദ്ദേഹം ആ മോതിരവിരല്‍ തന്റെ കൈകളിലെടുത്ത് പ്രേമ വായ്‌പോടെ ചുംബിച്ചത്… എല്ലാമെല്ലാം ജീവസുറ്റ ചിത്രങ്ങളായി ഇന്നും കണ്മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നു.
സുഹൃത്തുക്കള്‍ക്കിടയില്‍ എന്നെ പരിചയപ്പെടുത്തുമ്പോള്‍ ആ കണ്ണുകളില്‍ കത്തി നിന്ന അഭിമാനബോധം ഇത്രത്തോളം സുന്ദരി തനിക്കു ചേരുമോടോ എന്ന സുഹൃത്തുക്കളുടെ കളിവചനങ്ങള്‍ എല്ലാമെല്ലാം ഇന്നലെക്കഴിഞ്ഞതു പോലെ താനോര്‍ക്കുന്നു.
മുന്നിലെരിയുന്ന അഗ്‌നികുണ്ഠം അന്ന് എന്റെ മനസ്സിലും എരിഞ്ഞു കൊണ്ടിരുന്നു എന്ന നഗ്‌നസത്യം എനിക്കുമാത്രം അറിയുന്ന ഒന്നായിരുന്നല്ലോ. എന്നെ നരേട്ടന്റെ കൈകളിലേല്‍പ്പിച്ച് ആശീര്‍വചനങ്ങള്‍ ചൊരിഞ്ഞ് സന്തോഷഭരിതനായി നിന്ന അച്ഛന്റെ കാല്‍ക്കല്‍ നമസ്‌കരിക്കുമ്പോള്‍, ഞാന്‍ വിങ്ങിപ്പൊട്ടി. അപ്പോള്‍ എന്നെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച അച്ഛന്‍.
”എല്ലാം നിന്റെ നന്മയ്ക്കാണ് മോളെ… ഇതിനു വേണ്ടി നിന്നെ എനിക്കല്‍പം വേദനിപ്പിക്കേണ്ടി വന്നു. ക്രൂരനാകേണ്ടി വന്നു. ഒടുവില്‍ എന്റെ മോള്‍ക്ക് ഒരു നല്ല ജീവിതം തന്നെ ലഭിച്ചല്ലോ. ഈ അച്ഛന്‍ സംതൃപ്തനാണ് മോളെ…’ എന്നോടുള്ള അച്ഛന്റെ അവസാന വാക്കുകള്‍. അതു കേള്‍ക്കുമ്പോള്‍ തലയില്‍ ആരോ കൂടം കൊണ്ടടിക്കുന്ന പ്രതീതി അനുഭവപ്പെട്ടു.
ഇല്ല അച്ഛാ… അച്ഛന്‍ വിജയിച്ചു എന്ന് കരുതേണ്ട. ഈ മകളെയോര്‍ത്ത് അച്ഛന്‍ അടുത്തു തന്നെ ദുഃഖിക്കേണ്ടി വരും.
അങ്ങനെ മനസ്സില്‍ ഉരുവിട്ടു കൊണ്ട് നരേട്ടന്റെ കൈപിടിച്ച് അഗ്‌നിയെ വലം വച്ച ഞാന്‍. ഉള്ളൂ നിറയെ ആരോടൊക്കെയോ ഉള്ള വാശിയും പകയും നിറഞ്ഞു നിന്നു. പ്രത്യേകിച്ച് അച്ഛനോട്… ഒടുവില്‍ അമ്മയേയും അനുജത്തിമാരേയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പൊട്ടിപ്പോകാതിരിക്കാന്‍ ചുണ്ടുകള്‍ കടിച്ചു പിടിച്ച് സ്വയം നിയന്ത്രിച്ചു. ഇല്ല… ഞാനിനി കരയുകയില്ല. എന്റെ എല്ലാ ദുഃഖങ്ങളും ചിതയില്‍ എരിഞ്ഞടങ്ങിക്കോളും… എന്ന് സ്വയം സമാശ്വസിച്ചു കൊണ്ട് ആദ്യരാത്രിയില്‍ തന്നെ സ്വയം മരിക്കാനുള്ള ദൃഢ നിശ്ചയത്തോടെ യാത്ര തുടര്‍ന്നത്…
ഒടുവില്‍ മണിയറയില്‍ കടന്നപ്പോള്‍ കൈയ്യില്‍ കരുതിയിരുന്ന സ്ലീപ്പിംഗ് പില്‍സ് കഴിച്ച് ആത്മഹത്യയ്ക്കു തുനിഞ്ഞ എന്നെ കൈയ്യോടെ പിടിച്ച നരേട്ടന്‍…
‘എല്ലാം അറിഞ്ഞു കൊണ്ടാണ് നിന്നെ ഞാന്‍ വിവാഹം ചെയ്തത്. അതോര്‍ത്ത് കുറ്റബോധം വേണ്ട…’ എന്നു പറഞ്ഞ് എന്നെ ചേര്‍ത്തണച്ച നരേട്ടന്റെ കാല്‍ക്കല്‍ ഒരു പൂജാ പുഷ്പം പോലെ വീണടിഞ്ഞ ഞാന്‍… അന്നു മുതല്‍ നരേട്ടന്‍ എനിക്ക് ദൈവമായിരുന്നുവോ? ദൈവത്തേക്കാളുപരിയാണ് അദ്ദേഹമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നന്മയുടെ മൂര്‍ത്തിമദ്ഭാവമായ മനുഷ്യന്‍. മരിക്കും വരെ നരേട്ടന്‍ അങ്ങനെ തന്നെയായിരുന്നുവല്ലോ.
പെട്ടെന്നാണ് ആല്‍ബത്തിന്റെ ഒടുവിലത്തെ പേജില്‍ നരേട്ടന്റെ കൈയ്യക്ഷരത്തില്‍ എഴുതിയ ഒരു കത്ത് ഭദ്രമായി വച്ചിരിക്കുന്നത് എന്റെ ദൃഷ്ടിയില്‍ പെട്ടത്. അതിന്റെ ഉള്ളടക്കം അറിയാനുള്ള ജിജ്ഞാസയോടെ ഞാനാകത്തു കൈയ്യിലെടുത്തു തുറന്നു വായിച്ചു തുടങ്ങി.
പ്രിയപ്പെട്ട മീരാ എന്ന സംബോധനയോടെ തുടങ്ങുന്ന ആ കത്ത് കൈകളിലെടുക്കുമ്പോള്‍ എന്റെ കൈകള്‍ അറിയാതെ വിറ കൊണ്ടുവോ… എന്തായിരിക്കും നരേട്ടന് ഈ കത്തിലൂടെ എന്നോട് പറയാനുള്ളത്? ഇത്ര രഹസ്യമായി ഒരു കത്ത് അദ്ദേഹം സൂക്ഷിക്കണമെങ്കില്‍ എന്തായിരിക്കും ആ കത്തിലടങ്ങിയിട്ടുള്ളത്? ഒടുങ്ങാത്ത ജിജ്ഞാസയും പേറി ഞാനാകത്തിലൂടെ കണ്ണോടിച്ചു തുടങ്ങി.
”മീരാ… ഈ കത്തു വായിച്ചു കഴിഞ്ഞ് നീ എന്നെ വെറുക്കരുത്. ശപിക്കുകയുമരുത്. കാരണം ഞാന്‍ നിന്നെ അത്രത്തോളം അഗാധമായി സ്‌നേഹിച്ചിരുന്നു. ഒരു പക്ഷെ എന്റെ കൗമാര കാലഘട്ടം മുതല്‍ നീ നിന്റെ മാതാപിതാക്കളോടും സഹോദരിമാരോടുമൊപ്പം എന്റെ തറവാട്ടിലേയ്ക്ക് വന്നു തുടങ്ങിയ നമ്മുടെ ബാല്യകാലം മുതല്‍ ഞാന്‍ നിന്നെ സ്‌നേഹിച്ചു തുടങ്ങിയതാണ്. വില തീരാത്ത ഒരു മുത്തുമണി പോലെ മാറോടടുക്കി ആശ്ലേഷിക്കാന്‍… നിന്നെ ജീവിതകാലം മുഴുവന്‍ എന്റേതു മാത്രമാക്കിത്തീര്‍ക്കാന്‍ ഞാന്‍ എത്രമാത്രം അഭിലഷിച്ചിരുന്നു വെന്നോ…
നിന്റെ മനോഹരമായ കണ്ണുകള്‍ സ്വപ്നം കണ്ടുറങ്ങാത്ത രാവുകള്‍ എന്റെ ജീവിതത്തില്‍. പ്രത്യേകിച്ച് എന്റെ യൗവ്വനത്തില്‍ ഇല്ലായിരുന്നു എന്നു തന്നെ പറയാം. നിന്നെ എന്റെ മുറപ്പെണ്ണാണെന്ന അവകാശ ബോധത്തോടു കൂടി തന്നെ ഞാന്‍ അഭിലഷിച്ചു. വീട്ടില്‍ വിവാഹാലോചനകള്‍ പലതും വന്നപ്പോള്‍ ഞാന്‍ എന്റെ അഭിലാഷം തുറന്നു പറഞ്ഞ് അതിനെ എതിര്‍ത്തു കൊണ്ടിരുന്നു. നീയല്ലാതെ മറ്റൊരു പെണ്ണും എന്റെ ജീവിതത്തിലുണ്ടാവുകയില്ലെന്ന് ഞാന്‍ ശാഠ്യം പിടിച്ചു. ഒടുവില്‍ നിന്റെ അച്ഛനോട്, എന്റെ അമ്മാവനോട് ആ ആഗ്രഹം തുറന്നു പറഞ്ഞ് ഞാന്‍ പെണ്ണു കാണാന്‍ വന്നു. പക്ഷെ നിനക്കപ്പോള്‍ വിവാഹം വേണ്ടെന്നു പറഞ്ഞ് നീ ഒഴിഞ്ഞു മാറി.
എന്നാല്‍ അതിനു പിന്നില്‍ ഫഹദിനോടുള്ള നിന്റെ പ്രേമമായിരുന്നുവെന്ന് ഞാന്‍ വൈകിയാണറിഞ്ഞത്. പ്രേമം മൂത്ത് നീ ഫഹദിനൊടൊപ്പം ഒളിച്ചോടിയപ്പോള്‍, പ്രേമനൈരാശ്യത്താല്‍ ഞാന്‍ മരിക്കുവാന്‍ തയ്യാറായി. അതുകണ്ട് നിന്റെ അച്ഛന്‍ പെങ്ങളായ എന്റെ അമ്മ സ്വന്തം ആങ്ങളയോട് മകന്റെ സ്ഥിതി വിവരിച്ചു കൊണ്ട് ഒരു കത്തെഴുതി. എത്രയും വേഗം മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട്.
ഒരു മുസല്‍മാനെ നീ വിവാഹം കഴിക്കുന്നതില്‍ അതൃപ്തിയുണ്ടായിരുന്ന നിന്റെ അച്ഛന്‍ എന്റെ ആഗ്രഹപ്രകാരം തന്നെ നിന്നെ അയാളില്‍ നിന്നും അടര്‍ത്തിയെടുത്ത് എനിക്കു നല്‍കി. മറ്റൊരാളുടെ ഭാര്യയായിക്കഴിഞ്ഞിട്ടും നിന്നോടുള്ള അഭിനിവേശം എനിക്കൊട്ടും ചോര്‍ന്നിരുന്നില്ല. മാത്രമല്ല നിന്റെ അച്ഛന്റെ മേല്‍ ഞാനും, അമ്മയും ചേര്‍ന്ന് നിന്നെ എനിക്കു നല്‍കുവാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.
അങ്ങിനെ നമ്മുടെ വിവാഹം നടന്നു. നിന്നെ എനിക്കു ലഭിച്ചപ്പോള്‍ സ്വര്‍ഗ്ഗം പിടിച്ചടക്കിയ സന്തോഷമാണ് എനിക്കുണ്ടായത്. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ പിന്നീടുണ്ടായ അനിഷ്ട സംഭവങ്ങള്‍ എന്റെ ആത്മവിശ്വാസം തകര്‍ത്തു. പാപബോധം എന്നെ പിടിക്കൂടി. ഫഹദ്‌സാറിനെ വേദനിപ്പിച്ചതിനു പകരമായി, രാഹുല്‍മോനെ ദൈവം നമുക്കു നഷ്ടപ്പെടുത്തിയതാണെന്ന് ഞാന്‍ വിശ്വസിച്ചു. ഇന്നിപ്പോള്‍ ആ വിശ്വാസം എന്നെ വല്ലാതെ മഥിക്കുന്നു. ഒരിക്കല്‍ കൂടി മരണത്തെ ആശ്ലേഷിക്കുവാന്‍ മനസ്സു വെമ്പുന്നു…
മീരാ… നീയിപ്പോഴും ഫഹദ്‌സാറിനെ അഭിലഷിക്കുന്നുണ്ടെന്ന് എനിക്കറിയാം. ജീവിതത്തില്‍ എന്നെ പൂര്‍ണ്ണമായി സ്‌നേഹിക്കുവാന്‍ നിനക്കു കഴിഞ്ഞിട്ടില്ലെന്നും. എങ്കിലും എന്റെ മക്കളുടെ അമ്മ എന്ന നിലയിലും ഭാര്യ എന്ന നിലയിലും നീ നിന്റെ കടമ നിര്‍വഹിച്ചു. എന്നെ അറിയുവാനും എന്റെ സ്‌നേഹത്തെ ഉള്‍ക്കൊള്ളുവാനും നീ ശ്രമിച്ചു.
സത്യത്തില്‍ മറ്റൊരു സ്ത്രീയ്ക്കും കഴിയാത്ത വിധത്തില്‍ എല്ലാം മറന്ന് നീ ഒരു കുടുംബിനിയായി ജീവിച്ചു. അക്കാര്യത്തില്‍ എനിക്കു നന്ദിയുണ്ട്. എങ്കിലും ഉള്ളിന്റെ ഉള്ളില്‍ നീ ഫഹദിനെ ആഴത്തില്‍ സ്‌നേഹിച്ചിരുന്നു എന്നു എനിക്കറിയാം. രണ്ടു പുരുഷന്മാരേ ഒരേസമയം ഒരു സ്ത്രീയ്ക്കു സ്‌നേഹിക്കാന്‍ കഴിയണമെങ്കില്‍ അതില്‍ ഒരാളിനോടുള്ള സ്‌നേഹത്തിന് എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടെന്ന് എനിക്കൂഹിക്കാവുന്നതേയുള്ളൂ. ആ അര്‍ത്ഥത്തില്‍ നോക്കിയാല്‍ നീ എന്നെ സ്‌നേഹിച്ചു വഞ്ചിച്ചു എന്നു വേണമെങ്കില്‍ പറയാം.
ഒരര്‍ത്ഥത്തില്‍ നാം രണ്ടുപേരും പാപം ചെയ്തവരാണ്. നീ എന്നോടും, ഞാന്‍ ഫഹദ്‌സാറിനോടും… പക്ഷെ നിന്റെ പാപം എനിക്കു ക്ഷമിയ്ക്കാവുന്നതേയുള്ളൂ… കാരണം അതിനുത്തരവാദി ഞാന്‍ തന്നെയാണ്. ഇന്നിപ്പോള്‍ മരണത്തോടടുത്ത ഈ നാളുകളില്‍ നിന്നോടും ഫഹദ്‌സാറിനോടും ഞാനതിന് മാപ്പു ചോദിക്കുന്നു. എന്റെ മരണ ശേഷം നീ ഫഹദ്‌സാറിനെ വിവാഹം ചെയ്ത് എന്നെ എന്റെ പാപത്തില്‍ നിന്നും മോചിപ്പിക്കണം.
അദ്ദേഹത്തിന്റെ ആ കത്ത് എന്നില്‍ ഉളവാക്കിയ നടുക്കത്തിനും ചോദ്യ ശരങ്ങള്‍ക്കും അളവില്ലായിരുന്നു. അപ്പോള്‍ അദ്ദേഹം എന്റെയും ഫഹദ്‌സാറിന്റേയും ജീവിതത്തില്‍ വില്ലനായി അവതരിക്കുകയായിരുന്നു. പക്ഷെ എല്ലാം എന്നോടുള്ള അതിരു കവിഞ്ഞ പ്രേമം കൊണ്ടു മാത്രം. ആ പ്രേമം അദ്ദേഹം ജീവിതകാലം മുഴുവന്‍ പുലര്‍ത്തിപ്പോന്നു.
എനിക്കദ്ദേഹത്തെ പൂര്‍ണ്ണമായി സ്‌നേഹിക്കാന്‍ കഴിയുകയില്ലെന്നറിഞ്ഞു കൊണ്ടു തന്നെ, അദ്ദേഹം എനിക്കു സ്‌നേഹം വാരിക്കോരിത്തന്നു. അദ്ദേഹം പറയുമ്പോലെ ഞാനദ്ദേഹത്തെ വഞ്ചിച്ചിരുന്നുവോ… ആവോ എനിക്കറിയില്ല… ഒരുപക്ഷെ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ സ്‌നേഹം മനസ്സിലാക്കിയിട്ടാവണം, ആദ്യമൊക്കെ നിറഞ്ഞു നിന്ന വെറുപ്പിനെ മനസ്സില്‍ നിന്നുമകറ്റി പകരം സ്‌നേഹം നിറയ്ക്കാന്‍ എനിക്ക് കഴിഞ്ഞത്. ഒരു കുടുംബിനിയുടെ റോളില്‍ വിജയിക്കാന്‍ കഴിഞ്ഞത്. പക്ഷെ ഒടുവില്‍ ഞാന്‍ ചെയ്തത് കൊടുംപാപമായിരുന്നുവെന്നും, ഒരു മനുഷ്യാത്മാവിന്റെ വിങ്ങല്‍ എന്റെ ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ട പലതും നഷ്ടപ്പെടുത്തുന്നുവെന്ന ചിന്തയായിരിക്കാം അദ്ദേഹത്തെ മഥിച്ചത്…
ആ ചിന്തയില്‍ സ്വജീവിതം ബലിയര്‍പ്പിക്കാന്‍ അദ്ദേഹം തയ്യാറായതാണോ? ജീവിതത്തില്‍ താന്‍ ചെയ്ത ആദ്യത്തേതും അവസാനത്തേതുമായ തെറ്റ്. ഒരര്‍ത്ഥത്തില്‍ വിശാലഹൃദയനായിരുന്ന അദ്ദേഹത്തിന് ആതുള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലായിരിക്കാം. സ്വന്തം പാപബോധത്തില്‍ മുങ്ങി മരിക്കാന്‍ അതിടയാക്കിയിരിക്കാം. പക്ഷെ അദ്ദേഹത്തെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന് അഹങ്കരിച്ച എനിക്ക് തെറ്റുപറ്റിയോ? നിസ്വാര്‍ത്ഥമെന്ന് കരുതിയ അദ്ദേഹത്തിന്റെ സ്‌നേഹം സ്വാര്‍ത്ഥപൂര്‍ണ്ണമായിരുന്നുവെന്നോ?
പക്ഷെ അദ്ദേഹത്തിന്റെ അളവറ്റ സ്‌നേഹം ജീവിതകാലം മുഴുവന്‍ നുകര്‍ന്ന ഞാന്‍ അദ്ദേഹത്തെ വെറുക്കുന്നതെങ്ങിനെ? ഒരുപക്ഷെ പാപബോധത്തില്‍ നീറി നീറി മരിച്ച അദ്ദേഹത്തെ എനിക്കു രക്ഷിക്കാമായിരുന്നു എന്ന ചിന്ത മാത്രമാണ് ഇപ്പോഴുള്ളത്.
അപ്പുറത്ത് ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ മാത്രമാണ് ഞാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്. കൃഷ്ണമോള്‍ വീണ്ടും വിളിക്കുന്നതാകുമെന്നു കരുതി. അച്ഛന്റെ മരണത്തെപ്പറ്റി കൂടുതലറിയാന്‍ അവള്‍ക്ക് ആകാംക്ഷയുണ്ടാകുമല്ലോ…
പക്ഷെ അവളുടെ അച്ഛന്‍ അവളുടെ അമ്മയോടുള്ള അഭിനിവേശം മൂത്ത് ചെയ്ത ഒരു തെറ്റിന്റെ പ്രായശ്ചിതമായി സ്വജീവന്‍ ബലിയര്‍പ്പിക്കുകയായിരുന്നുവെന്ന് അവള്‍ക്കറിയില്ലല്ലോ. പാപബോധത്താല്‍ വീര്‍പ്പുമുട്ടിയ അദ്ദേഹം രക്തസമ്മര്‍ദ്ദം കൂടി തലകറങ്ങി താഴെ വീണ് മുറിവു പറ്റിയിട്ടും ചികിത്സ നിഷേധിച്ച് സ്വയം മരണത്തെ വരിക്കുകയായിരുന്നുവെന്നും.
അതവളോടു പറഞ്ഞാല്‍ അവള്‍ വിശ്വസിക്കുമെന്നു തോന്നുന്നില്ല. കാരണം അവളെ സംബന്ധിച്ചിടത്തോളം അച്ഛന്‍ ഒരു മനുഷ്യനെന്നതിലുപരി ഒരു ദേവനായിരുന്നുവല്ലോ. ഞാനാണ് അവളുടെ കണ്ണില്‍ തെറ്റു ചെയ്തവള്‍… അതെ!
ഒരര്‍ത്ഥത്തില്‍ നരേട്ടന്‍ ഒരു ദേവന്‍ തന്നെയായിരുന്നു. താന്‍ കാമിച്ചവള്‍ക്കു വേണ്ടി പ്രേമ കുടീരം തീര്‍ത്ത് കാത്തിരിക്കുകയും ഒടുവില്‍ അവളെ വരിച്ച് ദേവനായി ഉയരുകയും ചെയ്ത സ്‌നേഹസ്വരൂപന്‍, എന്റെ ഭര്‍ത്താവെന്ന നിലയില്‍ അദ്ദേഹം ഒരു വിജയമായിരുന്നു. എന്നാലും ഒരു മകള്‍ക്ക് അമ്മയോടു പറയാവുന്ന വാക്കുകളല്ലല്ലോ കൃഷ്ണമോള്‍ എന്നോട് പറഞ്ഞതെന്നോര്‍ത്തപ്പോള്‍ വീണ്ടും മനസ്സില്‍ സ്‌തോഭം വന്ന് നിറഞ്ഞു.
ആല്‍ബം താഴെ വച്ച് മേശപ്പുറത്തിരുന്ന ഫോണ്‍ കൈയ്യിലെടുക്കുമ്പോള്‍ ഒരിക്കല്‍ കൂടി വാക്കുകള്‍ കൊണ്ട് അവളോട് പൊരുതി ജയിക്കാന്‍ എനിക്കാവുമോ എന്ന് ആലോചിച്ചു നോക്കി. ഇല്ല കൃഷ്ണമോളെ… ഈ അമ്മയ്ക്കിനി ജയിക്കേണ്ട… നിന്റെ വിചാരങ്ങള്‍ തന്നെയാണ് ശരി എന്ന് നീ കരുതിക്കോളൂ… എന്നും എന്റെ ശത്രു പക്ഷത്ത് നില്‍ക്കുവാനായിരുന്നല്ലോ നിനക്കിഷ്ടം. ഈ മമ്മിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വാദിച്ചു തോല്‍പിക്കുവാന്‍ നീ എന്നും ശ്രമിച്ചിരുന്നു. നിന്റെ കണ്ണില്‍ നിന്റെ അച്ഛന്‍ മാത്രമായിരുന്നു ശരി. മമ്മി കാമുകനെ മനസ്സില്‍ കൊണ്ടു നടന്ന് അച്ഛനെ വഞ്ചിച്ചവളും.
(തുടരും )







