അന്ന് നല്ല മഴയുണ്ടായിരുന്നു.
ഒമാനിലേക്ക് പോകാനായ് ഞാനെന്റെ അർബാബിനോടൊപ്പം
അൽ ഐൻ അതിർത്തി ചെക്‌പോസ്റ്റിലെത്തിയപ്പോഴാണ് എന്റെ പാസ്പോർട്ട് എടുത്തട്ടില്ലാന്ന് ഓർത്തത്.
അബുദബിക്ക് തിരിച്ചു പോകാനും കഴിയില്ല .
എന്റെ അർബാബിന്
ഒമാനിൽ ഒരു സുഹൃത്തിനെ അത്യാവശ്യമായ് കാണാൻ
പോകാനാണ് .
എന്നെ സംസാരിച്ചിരിക്കാൻ കൂട്ടി എന്നേ ഉള്ളൂ .
ഞാൻ ചെക്ക് പോസ്റ്റിൽ നിന്നും
അവനെ യാത്രയാക്കി
തിരിച്ചു നടന്നു.
ഏകദേശം അഞ്ചുകിലോമീറ്റർ പോയാൽ ലുലു മാളുണ്ട്.
അവിടെ നിന്നാൽ സമയം പോകുന്നതറിയില്ല
അർബാബ് തിരിച്ചു വരുമ്പോൾ
എന്നെ ഇവിടന്ന് പിക്ക് ചെയ്യും.
വല്ലതും ,തിന്നുകയും ആവാം.
ഞാനെന്റെ ടൈ ലൂസാക്കി
കോളറിന്റെ ബട്ടൺ അഴിച്ചു.
വണ്ടികളൊന്നും കൈ കാണിച്ചു നിർത്തുന്നില്ല. ഞാൻ മെല്ലെ മുന്നോട്ടു നടന്നു.
ഏകദേശം ഒരു കിലോമീറ്റർ നടന്നു കാണും
മഴ കനത്തു വരുന്ന പോലെ പ്രകൃതി കറുത്തു വരുന്നു.
ചീറിപ്പായുന്ന ഒരു വാഹനവും എന്നോട് ദയവു കാണിക്കുന്നില്ല.
അപരിജിതരെ വാഹനത്തിൽ കയറ്റി പുലിവാലു പിടിക്കണ്ടാന്ന് കരുതി ആരും റിസ്ക്ക് എടുക്കില്ല .
മഴ താഴേ വീണു തുടങ്ങുകയായി.
നമ്മുടെ നാട്ടിൽ മഴയിൽ വെള്ളമാണ് പെയ്തിറങ്ങുക. ഇവിടെ പൊടി നിറഞ്ഞു മണലാണ് വെള്ളത്തോടൊപ്പം പെയ്തിറങ്ങുക..അതു കൊള്ളാൻ ഒരു സുഖവും ഉണ്ടാവില്ല എന്നറിയുന്നതു കൊണ്ട് ഞാനെന്റെ കോട്ട് തലക്കു മേലെ ഒരു കുട പോലെ ഉയർത്തി ചുറ്റും നോക്കുമ്പോഴാണ് എന്റെ മുന്നിൽ ഒരു നിസ്സാൻ പെട്രോൾ ചവിട്ടി നിർത്തിയത് .
ഞാൻ വണ്ടിയിലേക്ക് നോക്കി .
സുന്ദരിയായ പൊന്നുകൊണ്ടുണ്ടാക്കിയ ഒരു പെണ്ണ്’ !
” യള്ളാ..! സദീക് …ഇർക്കബ് സയ്യാറാ …!”
( വണ്ടിയിൽ കയറു സുഹൃത്തേ .)
രണ്ടുവട്ടം ചിന്തിച്ചില്ല .ഞാൻ വണ്ടിയിൽ പിൻസീറ്റിൽ കയറി
സലാം ചൊല്ലി ഇരുന്നു.
ഒപ്പം നന്ദിയും ആയുരാരോഗ്യ സൗഖ്യവും നേർന്നു.
എന്റെ പേര് ചോദിച്ചു .ഞാൻ പറഞ്ഞു.
അവളുടെ പേര്
റഹീബ എന്നാണെന്നും, അതിർത്തി ചെക്ക് പോസ്റ്റിലെ എമിഗ്രേഷൻ ഓഫീസറാണെന്നും അവൾ പരിചയപ്പെടുത്തി.
സുന്ദരി .ഇരുപത് ഇരുപത്തിരണ്ട് വയസ്സു തോന്നിക്കുന്ന വെളുത്തു മെലിഞ്ഞ റഹീബ
അവിവാഹിതയാണ്.
എമിഗ്രേഷൻ വകുപ്പിലെ ഉദ്യേഗസ്ഥയാണവൾ.
അവളുടെ ബാപ്പ എയറോ നോട്ടിക്കൽ എൻജിനീയർ.
ഒരു സഹോദരൻ മുൻ സിപ്പൽ ആരോഗ്യ വകുപ്പിലെ ഉന്നത പദവിയുള്ള ഓഫീസർ.മറ്റൊരു സഹോദരൻ പോലീസ്.
ഉമ്മ യൂണിവേഴ്സിറ്റി പ്രൊഫസർ .
ലുലുവിന്റെ കാർ പാർക്കിൽ നിർത്തി അവൾ എന്നോട് അവളുടെ കുടുംബത്തെ കുറിച്ചു പറഞ്ഞു.
ജന്മ ജന്മാന്തര ബന്ധം ഉള്ളവരെ പോലെ വളരെ തുറന്ന സംസാരം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.
റോഡ് ഏന്റ് സേഫ്റ്റി വകുപ്പിലാണ് എനിക്ക് ജോലിയെങ്കിലും സ്വന്തമായ് ബിസിനസ്സുകളും ഉണ്ടെന്നറിഞ്ഞപ്പോൾ അവൾ സന്തോഷത്തോടെ ദൈവത്തിനു സ്തുതി പറഞ്ഞു –
ഞാനൊരു നന്ദിസൂചകമായ് ഒരു കാപ്പി കുടിക്കാൻ ക്ഷണിച്ചു .
ഒരു മടിയും ഇല്ലാതെ അവളത് സ്വീകരിച്ചു .
ഞങ്ങൾ രണ്ടു പേരും സ്റ്റാർ ബക് സിലേക്ക് നടന്നു.
പിന്നെ പരസ്പരം കുറേ സംസാരിച്ചു
എനിക്കു മനസ്സിലായി അവൾക്കൊരു കേൾവിക്കാരനെ ആവശ്യമുണ്ടെന്ന്. അതു കൊണ്ടു തന്നെ അവൾ പറഞ്ഞതു മുഴുവൻ ഞാൻ കേട്ടിരുന്നു. ചില ചോദ്യങ്ങൾക്കു മാത്രം ഞാനുത്തരം നല്കി.
അന്ന് പിരിയുമ്പോൾ പരസ്പരം നമ്പറുകൾ കൈമാറി.
അതൊരു തുടക്കമായിരുന്നു’
ആഴ്ച്ചയിൽ ഒന്നോ രണ്ടോ തവണ ഞാൻ റഹീബയെ അൽ ഐനിൽ പോയി കാണുമായിരുന്നു.
പിന്നെ പിന്നെ തമ്മിൽ കാണാതിരിക്കാനാവാത്ത രൂപത്തിലായി .
ഒരു അറബി പെണ്ണിന് അനറബിയോട് കടുത്ത പ്രേമത്തിലേക്ക് ആ കൂടിക്കാഴ്ച്ച മാറിയത് ഞങ്ങൾ പോലും അറിഞ്ഞില്ല എന്നതാണ് സത്യം .
ആയിടക്കുള്ള ഒരു റമളാനിനോടനുബന്ധിച്ച് ചൈനയിലേക്കും, ഇന്തോനേഷ്യയിലേക്കും സാധനങ്ങൾ ഓർഡർ ചെയ്യാനും , പർച്ചേസിങ്ങിനുമായ് ഞാൻ രണ്ടാഴ്ച്ച മാറി നിന്നു.
വാട്സാപ്പിൽ കോൺടാക്ട് ചെയ്യുമായിരുന്നു.
ഇന്തോനേഷ്യയിൽ ചെന്ന അന്നു കുറച്ചു നേരം ഫോണിൽ സംസാരിച്ചു.
പിന്നീട് വിളിച്ചപ്പോഴൊക്കെ ഫോൺ സ്വിച്ച് ഓഫ് ആണ് എന്നറിഞ്ഞു.
വാട്സാപ്പിനും റിപ്ലേ ഇല്ല.
പതിനഞ്ചാമത്തെ ദിവസം ,
ദുബൈ എയർ പോർട്ടിലെ ലോങ്ങ് ടൈം പാർക്കിൽ നിന്നും എന്റെ കാറുമായ് നേരെ അൽ ഐനിലെ അവളുടെ വീട്ടിലേക്ക് കുതിച്ചു.
റഹീബയുടെ കൂട്ടുകാരിയുടെ ഒരു നമ്പർ എന്റെ പക്കലുണ്ടായിരുന്നത് ഞാനപ്പോഴാണ് ഓർത്തത്.
കുറെ നേരം റിങ്ങ് ചെയ്തിട്ടാണ് കൂട്ടുകാരി ഫോൺ എടുത്തത്.
വിശേഷങ്ങൾ തിരക്കി കഴിയുന്നതിനിടയിൽ തന്നെ ഞാൻ ചോദിച്ചു
” റഹീബ” എവിടെ. ?
അപ്പുറത്ത് ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു മറുപടി.!
ഞാൻ എന്തു ചോദിക്കണം എന്നറിയാതെ ഏതാനും നിമിഷങ്ങൾ …. പിന്നെ അവൾ പറഞ്ഞു.
ഞാൻ പോയി രണ്ടു ദിവസം കഴിഞ്ഞ് ജോലിക്കു പോകുന്ന വഴിയിൽ റഹീബയുടെ വണ്ടി എക്സിഡന്റായി. !
അഡ്മിറ്റാക്കപ്പെട്ട അവളെ വിശദമായ പരിശോധനയിൽ വളരെ കാലമായി തലച്ചോറിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു മാരകമായ ട്യൂമറിനെ കുറിച്ച് അറിയാൻ കഴിഞ്ഞു.
വൈദ്യശാസ്ത്രത്തിന് എന്തെങ്കിലും ചെയ്യാനാകാത്ത വിധം അത്രക്കു ഗുരുതരമായിരുന്നു അത്. !
അപകടത്തിന്റെയും ,രോഗത്തിന്റെയും കാഠിന്യം അവളെ തളർത്തി.
ഒടുവിൽ എല്ലാവരെയും നിരാശരാക്കി ,അതിലേറെ എന്നെ തനിച്ചാക്കി റഹീബ മരണത്തിനു കീഴടങ്ങി.!
എന്റെ കാൽ ഞാനറിയാതെ ഒരാർത്തനാദത്തോടെ ബ്രേക്കിലമർന്നു.!
ഞാനിപ്പോൾ അൽഐനിലെ മഖ്ബറയിൽ റഹീബയുടെ ഖബറിനരികിൽ നില്ക്കുകയാണ്.!
കണ്ണുനീർ എന്റെ മുഖത്തിലൂടെ ഒഴുകുന്നു.
നെഞ്ച് തകർന്ന് പൊടിയുന്നു.
ഈ നിമിഷം ആ ഖബറിനുള്ളിലേക്ക് ആണ്ടിറങ്ങിയങ്കിലെന്ന് ഞാനാശിക്കുകയാണ്.!
എന്റെ റഹീബാ …. !
നീയില്ലാത്ത ഈ രാജ്യം ഇനി എനിക്കെന്തിനാണ്.?
പക്ഷേ … റഹീബാ .. ഈ മണൽ കാട്ടിൽ നിന്നെ തനിച്ചാക്കി ഞാനെങ്ങു പോകും?
നിത്യവും നിന്റെ ഖബറിനരികിൽ ഒരു നേരമെങ്കിലും ഞാനെത്തും!
ഒരു വാക്കു പോലും പറയാതെ ഈ അജ്നബിയെ തനിച്ചാക്കി പോയതെന്തിനാണ് റഹീബാ? റഹീബാ… നീ അറിയുന്നുണ്ടാ? ഇതാ.. മഴമേഘങ്ങൾ കുട ചൂടിയ ഭൂമിക്കു മേലെ മഴത്തുളളികൾ വീണു തുടങ്ങി.
നമ്മളന്ന് കണ്ടു മുട്ടുമ്പോൾ ഒരു മഴയായിരുന്നു.
നിന്നെ നഷ്ടമായ് ഈ ശ്മശാനത്തിൽ ഞാൻ നിന്റെ കുഴിമാടത്തിനരികെ നില്ക്കുമ്പോഴും മഴയാണ്.!
മഴ പെയ്യുകയാണ് .
റഹീബാ….
നിന്റെ സ്നേഹം പോലെ.!
About The Author
No related posts.