ആരും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു പമീലയുടെ ആ പരസ്യപ്രസ്താവന…സത്യം ഞാന്‍ തുറന്നുപറഞ്ഞാല്‍ അതൊരു ഭൂകമ്പം തന്നെ സൃഷ്ടിക്കും.. എന്‍റെ ശരീരം പങ്കിട്ടവരുടെ പേരുകള്‍ ഞാന്‍ വിളിച്ചു പറഞ്ഞാല്‍ ബ്രിട്ടീഷ് ഭരണകൂടം നിലംപരിശാകും’ അങ്ങനെ പറയാന്‍ തോന്നിയ നിമിഷങ്ങളെക്കുറിച്ച് ഓര്‍ത്ത് പമീല പിന്നീട് വിലപിച്ചിരുന്നിരിക്കാം…കാരണം അതോടെയായിരുന്നു അത്രനാളും സ്വന്തം കൈവെള്ളയില്‍ അമ്മാനമാടിക്കൊണ്ടിരുന്ന സാമ്രാജ്യം അവള്‍ക്കു കൈമോശം വരാന്‍ തുടങ്ങിയത്. അന്നു വരെ ഒളിഞ്ഞാക്രമിച്ചിരുന്ന മാധ്യമങ്ങള്‍ പിന്നീട് പരസ്യമായി വാര്‍ത്തകള്‍ നല്‍കിത്തുടങ്ങി. അവളോട് പരിചയം കാണിക്കാന്‍ പോലും ഉന്നതന്മാര്‍ ഭയപ്പെട്ടു…ദിവസേനയെന്നോണം പുറത്തുവന്ന പൊടിപ്പും തൊങ്ങലും വച്ച കഥകള്‍ കേട്ട് നില്‍ക്കകള്ളിയില്ലാതെ ഒടവില്‍ ലണ്ടന്‍ നഗരം പോലും ഉപേക്ഷിക്കേണ്ടതായി വന്നു.
അഭിസാരിക, ചാരസുന്ദരി ഇതിലേതു വാക്കാണ് പമീല ബോര്‍ഡെസിന് ഏറ്റവും ചേരുകയെന്നറിയില്ല. അവളെക്കുറിച്ചു കേട്ട കഥകളും അവള്‍ തന്നെ പരസ്യപ്പെടുത്തിയ കഥകളും സത്യമാണോയയെന്നും അറിയില്ല. ഇപ്പോഴും അദ്ഭുതപ്പെടുത്തുന്ന ഒരു സമസ്യയാണ് പമീല ബോര്‍ഡെസ്. പഠനത്തില്‍ മിടുക്കി, ആരെയും ആകര്‍ഷിക്കാന്‍ തക്ക വിധം സുന്ദരി. ധനാഢ്യരായ മാതാപിതാക്കള്‍, കലാകായികരംഗങ്ങളില്‍ നിപുണ…എന്നിട്ടും വ്യഭിചാരത്തിന്‍റെ അഴക്കുകൂനയിലായിരുന്നു പമീല പൂത്തുവിരിഞ്ഞു നിന്നത്. ബുദ്ധിയുള്ള സ്ത്രീകള്‍ അത്ഭുതം സൃഷ്ടിക്കും. മാദകലാവണ്യംകൂടി ഒത്തിണങ്ങിയാലോ? പിന്നെ പറയാനുമില്ല. ഭോഗലോലുപയായ ചക്രവര്‍ത്തിമാരുടെയും ഭരണകര്‍ത്താക്കളുടെയും അരമനയില്‍ പടമഴിച്ചാടിയ കാമസുന്ദരിമാരുടെ, ചരിത്രത്തിന്‍റെ അങ്ങേത്തലയോളം നീളുന്നകണ്ണികളിലായിരുന്നു പമീല ബോര്‍ഡെസ്. ഇടം നേടിയത്.
പട്ടാള ഉദ്യോഗസ്ഥനായ മേജര്‍ മഹേന്ദ്രസിംഗിന്‍റെയും ശകുന്തളയുടേയും മകളായി 1962 ഏപ്രില്‍ 19-ാം തീയതിയായിരുന്നു പമീലയുടെ ജനനം. ചപലമനസ്കയുമായ ഈ കുട്ടി ബുധനെപ്പോലെ തന്നെ ഒരു സ്വസ്ഥതയുമില്ലാതെ ഓടിനടക്കുമെന്നായിരുന്നു” പമീലയെക്കുറിച്ചുണ്ടായ ജാതക പ്രവചനം. മാതാപിതാക്കളാരുംതന്നെ ജാതകപ്രവചനം അത്രകാര്യമാക്കിയില്ല. എന്നാല്‍ കുടുംബത്തിലെ മുതിര്‍ന്നവര്‍ ജാതകത്തിലെ ദുഃസൂചനകളെ ഗൗരവമായിട്ടെടുത്തിരുന്നു. ധാരാളം സഞ്ചരിക്കുമെന്നും സല്‍ക്കീര്‍ത്തി സമ്പാദിക്കുമെന്നുമൊക്കെയായിരുന്നല്ലോ പ്രവചനം. സഞ്ചരിച്ചുവെന്നതും നേര് തന്നെയായിരുന്നു. പക്ഷേ വേശ്യ എന്ന നിലയിലാണ് നാടു മുഴുവന്‍ അറിയപ്പെട്ടതെന്നു മാത്രം. കുട്ടിക്കാലം മുതലേ അവള്‍ താന്തോന്നിയുമായിരുന്നു. 1962-ലെ ഇന്‍ഡോ ചൈനാ യുദ്ധത്തില്‍ മഹേന്ദ്രസിംഗ് മരിച്ചു. അതോടുകൂടി ശകുന്തളയും കുട്ടികളും ചാണ്ഡിഗറിലേക്ക് താമസം മാറ്റി. കുടുംബാഗങ്ങളെല്ലാം പമീലയെ ഒരു ദുഃശകുനംപോലെ വെറുത്തു. ഇതില്‍ പമീലയ്ക്ക് അമര്‍ഷവും വേദനയും ഉണ്ട്.
സാനവാറിലെ ലാറന്‍സ് സ്കൂളില്‍ പമീല പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് ശകുന്തളയ്ക്ക് ഹര്യാനയിലെ സിവില്‍ സര്‍വ്വീസില്‍ സെലക്ഷന്‍ കിട്ടിയത്. അതോടുകൂടി പമീലയുടെ പഠനം ജയ്പൂരിലെ പ്രസിദ്ധമായ മഹാറാണി ഗായത്രീദേവീ സ്കൂളിലേക്ക് മാറ്റി.
പഠിത്തത്തില്‍ മിടുക്കിയായിരുന്നു പമീല. കലാകായിരംഗങ്ങളിലും മികവുകാട്ടിയതുകൊണ്ട് പെട്ടെന്ന് എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായി. കുതിരസവാരിയിലും ടെന്നീസിലുമായിരുന്നു ഏറെ താല്പര്യം. ഇവരണ്ടും ഉന്നതന്മാരുടെ വിനോദങ്ങളാണല്ലോ. ധനാഢ്യന്മാരുടെ ആണ്‍പിള്ളേരുമായി നിരന്തരം ഇടപഴകാന്‍ ഇതൊരു കാരണമായി. അവരോടൊത്ത് കറങ്ങി നടക്കുന്നതില്‍ പമീല വലിയ താല്പര്യംതന്നെ കാണിച്ചു. സാധാരണ പെണ്‍കുട്ടികളെപ്പോലെ ഫാഷന്‍ തുണിത്തരങ്ങളിലോ സൗന്ദര്യ വര്‍ദ്ധകവസ്തുക്കളിലോ പമീലയ്ക്കു താല്പര്യമില്ലായിരുന്നു. അതൊന്നും കൂടാതെതന്നെ അപ്പോള്‍ അവള്‍ക്കു മാദകലാവണ്യം വേണ്ടതിലധിമുണ്ടായിരുന്നു.
നീണ്ടുമെലിഞ്ഞ് സുന്ദരിയായ പമീല സ്വന്തം സൗന്ദര്യത്തിന്‍റെ സാധ്യതകളെക്കുറിച്ച് ബോധവതിയായിരുന്നു. അംഗവടിവിന്‍റെ അതിശയം കൊണ്ട് സഹപാഠികളില്‍ അസൂയയുളവാക്കി. അന്നവള്‍ക്ക് 18 വയസ്സേ ആയിരുന്നുള്ളൂ. നിത്യവും വ്യായാമം ചെയ്യുമായിരുന്നു.
പുകവലിക്കുക. ആണ്‍പിള്ളേരൊത്തു കറങ്ങി നടക്കുക തുടങ്ങിയവ ആയിരുന്നു പമീലയുടെ ഹോബി. അപ്രായോഗികമായ പരാക്രമം കാട്ടുന്നതില്‍ പമീല മുന്‍പന്തിയില്‍ തന്നെ ആയിരുന്നു. ഒരിക്കല്‍ കോളജിന്‍റെ ഇടനാഴിയില്‍ നിന്നുകൊണ്ട് അവള്‍ വിളിച്ചു പറഞ്ഞു “എനിക്കിനി എന്താണ് സംഭവിക്കാന്‍ പോകുന്നത്? ഗര്‍ഭനിരോധന ഗുളികകളെടുക്കാന്‍ ഞാന്‍ മറന്നുപോയല്ലോ” പിന്നീടൊരിക്കല്‍ സെന്‍റ് സ്റ്റീഫന്‍ കോളജിലെ ഒരു യുവാവിനെ കൂട്ടുകാര്‍ നോക്കിനില്ക്കേ കെട്ടിപ്പിടിച്ചു ചുംബിച്ചു. മറ്റൊരിക്കല്‍ കൂട്ടുകാരൊത്തു ചീട്ടുകളിച്ചുകൊണ്ടിരുന്നപ്പോള്‍ കറണ്ടുപോയ തക്കം നോക്കി അവള്‍ ജീന്‍സ് അഴിച്ചെറിഞ്ഞു. വെറും കൂര്‍ത്തയും നേരിയൊരു അടിവസ്ത്രവും ധരിച്ചുകൊണ്ടുള്ള അവളുടെ ഇരിപ്പ് കൂട്ടുകാരെ പ്രത്യേകിച്ചും ആണ്‍പിള്ളേരെ സ്തബ്ധരാക്കി കളഞ്ഞു. വേറൊരിക്കല്‍ ടെന്നീസ് കോര്‍ട്ടില്‍ വച്ച് ടീ-ഷര്‍ട്ട് ഊരിയെറിഞ്ഞു.
ഇന്നു നാം അറിയുന്ന പമീലയുടെ ശരിയായ ജീവിതം ആരംഭിക്കുന്നത് 1981-ല്‍ അവള്‍ ബോംബെയില്‍ എത്തിയതോടുകൂടിയാണ്. ഒരു മോഡലെന്നനിലയില്‍ ധാരാളം ഫാഷന്‍ ഫോട്ടോഗ്രാഫര്‍മാരുമായി ലോഹ്യത്തിലായി. ‘ഫെമിന’ സംഘടിപ്പിച്ച സൗന്ദര്യമത്സരത്തില്‍ പമീല ‘മിസ് ഇന്‍ഡ്യ’ ആയി തെരഞ്ഞെടുക്കപ്പെട്ടു. ആ ഒറ്റ രാത്രികൊണ്ട് അവള്‍ പ്രസിദ്ധിയുടെ കൊടുമുടികള്‍ കീഴടക്കി. പമീലയുടെ അശ്വമേധത്തിന്‍റെ തുടക്കം അവിടെ ആരംഭിച്ചു.’മിസ് ഇന്‍ഡ്യ’ ആയതോടുകൂടി സിനിമയില്‍ അഭിനയിക്കാന്‍ കരാറുകള്‍ ചെയ്തു, മോഡല്‍ രംഗത്തുള്ള സാധ്യതകളുമേറി. പക്ഷേ സിനിമാരംഗത്തു ശോഭിക്കാന്‍ പമീലയ്ക്കു കഴിഞ്ഞില്ല. ജെയിംസ് ബോണ്ട് പരമ്പരയിലെ ‘ഒക്ടോപസ്സി’ എന്ന ഹോളിവുഡ് ചിത്രത്തില്‍ പമീലയ്ക്കു ചെറിയൊരു റോള്‍ ലഭിച്ചെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോയി.
1982-ല്‍ മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കാന്‍ പമീല പെറുവിലെത്തി. ആ യാത്ര അവളുടെ വിവാദ ബഹുലമായ ജീവിതത്തിന്‍റെ തുടക്കമായിരുന്നു. മത്സരത്തില്‍ തോറ്റു. നേരെപോയത് ലോസ് ഏഞ്ചല്‍സിലേക്കായിരുന്നു. ബോംബെയിലെ ഒരു കള്ള അഡ്രസ് നല്കി. ആറുമാസത്തോളം അവിടെ പിടിച്ചുനിന്നു. പമീലയുടെ വിവാഹകഥകള്‍ പ്രഹേളികപോലെയാണ്. അവിശ്വസനീയമായ ഒരു വിവാഹപരമ്പര. ആദ്യമായി വിവാഹം ചെയ്തത് ഏതോ ഒരു ‘സിംഗി’നെയാണുപോലും. പിന്നീട് ഡൊമിനിക് ബോര്‍ഡസിനെ ഭര്‍ത്താവാക്കുകയും ഫ്രഞ്ചു പൗരത്വം സ്വീകരിക്കുകയും ചെയ്തു. അങ്ങനെ ‘പമീലാ ബോര്‍ഡെസ്’ ആയി 1985ല്‍ ലണ്ടനിലെത്തി. കുതിരസവാരി ചെയ്യാനും ടെന്നീസ് കളിക്കാനും അവിടെ ധാരാളം കുബേര സുഹൃത്തുക്കളെ ലഭിച്ചു.റൊമേനിയയിലെ പോള്‍ രാജകുമാരന്‍, ഇറ്റലിയിലെ പാര്‍ലോകൊളൊണ്‍ ബറ്റി പ്രഭു, ‘റോളിംഗ്സ്റ്റോണ്‍’ എന്ന റോക്ക് ഗായകസംഘത്തിലെ സൂപ്പര്‍സ്റ്റാറായ വില്‍വൈമേന്‍ എന്നിങ്ങനെ നീളുന്നു പമീലയൊടൊപ്പം രതിസുഖം നുകര്‍ന്നവരുടെ പട്ടിക. സണ്‍ഡേടൈംസിലെ എഡിറ്ററായ ആന്‍ഡ്രൂനീലുമായും, സണ്‍ഡേഒബ്സര്‍വറിലെ എഡിറ്ററായ ഡോണാള്‍ഡ് ടറള്‍ ഫോര്‍ഡുമായും സുദൃഢമായ ബന്ധമാണ് പമീല പുലര്‍ത്തിയിരുന്നത്. ഇതെല്ലാം ലോകം മുഴുവനുമുള്ള പത്രങ്ങള്‍ വലിയവാര്‍ത്താ പ്രാധാന്യം നല്കി. ആന്‍ഡ്രൂനില്‍ 1988 ഏപ്രിലാണ് പമീലയെ വിവാഹം കഴിച്ചത്. പക്ഷേ ആഗസ്തില്‍ അയാള്‍ ബന്ധമൊഴിഞ്ഞു. കോപാകുലയായ പമീല കത്രികകൊണ്ട് അയാളുടെ വസ്ത്രം മുഴുവന്‍ അറുത്തുമുറിച്ചു കളഞ്ഞു.
ഡേവിഡ് ഷാ എം.പി.യായിരുന്നു പമീലയെ പാര്‍ലിമെന്‍റില്‍ എത്തിച്ചത്. എം.പി. ആയ വെല്ലിംഗ്ഹാമിന്‍റെ സഹായത്തോടെ ഡേവിഡ് ഷാ പമീലയ്ക്കുവേണ്ടിയുള്ള പാസ് ഒപ്പിച്ചു. പക്ഷേ പമീലയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പത്രങ്ങളില്‍ ഇടംപിടിച്ചു തുടങ്ങിയതോടെ കാര്യങ്ങളെല്ലാം സങ്കീര്‍ണമായി.1989 മാര്‍ച്ച് 12ന് ‘ന്യൂസ് ഓഫ് ദ വേള്‍ഡില്‍’ വിസ്ഫോടനാത്മകമായ ഒരു വാര്‍ത്ത പ്രത്യക്ഷപ്പട്ടു. ‘പൊതുജനസഭയില്‍ ഒരു വേശ്യ പണിയെടുക്കുന്നു. പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത പെണ്ണ്” പാര്‍ലമെന്‍റില്‍ വാര്‍ത്ത കോളിളക്കമുണ്ടാക്കി. ഡേവിഡ് ഷാ എം.പിയുടെ അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ച പമീലയെക്കുറിച്ച് പത്രങ്ങള്‍ ഒരുപാടെഴുതി. ചെറിയ ശമ്പളം പറ്റുന്നവള്‍ മണിമാളികയില്‍ താമസിക്കുന്നു. സമൂഹത്തിലെ ഉയര്‍ന്ന ആള്‍ക്കാരുമായി അടുത്തിടപഴകുന്നു എന്നൊക്കെ.
ബ്രിട്ടീഷ് പാര്‍ലമെന്‍റിലെ കോളിംഗ്ബെല്‍ പമീലയുടെ കിടപ്പുമുറിയിലും ശബ്ദിച്ചിരുന്നു. ഇതിനെക്കുറിച്ച് ഒരു പത്രം നടത്തിയ കമന്‍റ് രസകരമാണ് ‘പമീലയുടെ വീട്ടില്‍ മണി ഘടിപ്പിച്ചിരിക്കുന്നത് വളരെ ജിജ്ഞാസയുളവാക്കുന്നു. അംഗങ്ങളെല്ലാം പാര്‍ലമെന്‍റില്‍ പോകേണ്ട കാര്യം മറന്ന് വേശ്യാസക്തന്മാരായി തീര്‍ന്നോ? അതോ ചില വി.ഐ.പി.കള്‍ പാര്‍ലമെന്‍റില്‍ എത്തേണ്ട സംഗതി ഓര്‍മ്മിപ്പിക്കാന്‍ സ്ഥാപിച്ചത്? ഇതിനിടയിലാണ് പമീല വിവാദപ്രസ്താവന നടത്തിയത്. എരിയുന്ന തീയില്‍ എണ്ണ ഒഴിക്കുംപോലെ ആയിരുന്നുവത്. ഇതോടുകൂടി പമീലയുടെ മതിപ്പിടിഞ്ഞു. അവള്‍ ലണ്ടന്‍ നഗരം വിട്ടു, ലോകം മുഴുവന്‍ അലഞ്ഞുതിരിഞ്ഞു.
ചെറുകിട പത്രങ്ങള്‍ പമീലയെക്കുറിച്ചുള്ള ‘ഗോസിപ്പുകള്‍’ വീണ്ടും തുടര്‍ന്നുകൊണ്ടിരുന്നു. ഒപ്പം ആഭാസചിത്രങ്ങളും. ബ്രിട്ടീഷ് ക്യാബിനറ്റ് മന്ത്രിമാരുമായൊക്കെ ശൃംഗാരകേളികളാടുന്ന ലോകത്തിലെ ഏറ്റവും കുത്തഴിഞ്ഞ വേശ്യാസുന്ദരിയായിട്ടാണ് പമീലയെ പത്രങ്ങള്‍ ചിത്രീകരിച്ചത്.
പമീലക്കഥ പാര്‍ലമെന്‍റിന് വീണ്ടുമൊരു പ്രശ്നമായി. സെക്യൂരിറ്റി പ്രശ്നം ഉന്നയിച്ചുകൊണ്ട് പത്രങ്ങള്‍ ഉറഞ്ഞുതുള്ളി. പക്ഷേ ഇന്‍റലിജന്‍റ് അധികാരികള്‍ അതൊന്നും അത്രകാര്യമാക്കിയെന്നു തോന്നുന്നില്ല. അവരുടെ നിസംഗത ശരിയാണെന്ന് പിന്നീട് തെളിയിക്കുകയും ചെയ്തു.
പത്രക്കാര്‍ നഗ്നചിത്രങ്ങളെടുക്കാന്‍ തങ്കനാണയങ്ങള്‍ വാരിവിതറിക്കൊണ്ട് പമീലയുടെ പിന്നാലെ കൂടി. ‘മെന്‍ ഒണ്‍ലി’ മാസിക 75000 പൗണ്ട് ആണ് വാഗ്ദാനം ചെയ്തത്. ഇതിനിടയ്ക്ക് ലിബിയന്‍ ചാരന്‍മാരുമായി പമീല വഴക്കുണ്ടാക്കിയെന്ന് ഈവനിംഗ് സ്റ്റാന്‍ഡേര്‍ഡ് ആരോപിച്ചു. കേണല്‍ ഗദ്ദാഫിയുടെ ഒരു ബന്ധുവായ കേണല്‍ ഫെഡമിനൊത്തു പമീല പാരീസില്‍ നിത്യസന്ദര്‍ശനം നടത്തുന്നുവെന്ന് മറ്റൊരു ആരോപണം. സംഗതി ശരിയായിരുന്നു. ഫെഡെമിന്‍റെ കപ്പലില്‍ ഫെഡമിനോടൊപ്പം പമീല പലതവണ ട്രിപ്പോളിയയില്‍ പോയിട്ടുണ്ട്. പക്ഷേ അന്വേഷണത്തില്‍ മറ്റൊരു സംഗതി കൂടി തെളിഞ്ഞു. ലൈംഗിക ബന്ധം നടത്തിയതിന് പമീല ഫെഡമില്‍നിന്ന് വന്‍തോതില്‍ പണം ഈടാക്കിയിരുന്നു. മറ്റു പല വിശിഷ്ടവ്യക്തികളില്‍ നിന്നും പമീല ഇതേരീതിയില്‍ പണം വാങ്ങിയിടടുണ്ട്. പക്ഷേ ചാരപ്രവര്‍ത്തനം നടത്തിയെന്നു പറയുന്നതിലെ സത്യം മാത്രം പുറത്തു വന്നില്ല. എങ്കിലും ജോര്‍ജ് ബുഷ് പ്രസിഡന്‍റായിരുന്നപ്പോള്‍ അമേരിക്കന്‍ എംബസിയില്‍ ഒരുക്കിയ വിരുന്നു സല്‍ക്കാരത്തിന് പമീല ക്ഷണിക്കപ്പെട്ടത് ഒരു അത്ഭുതം തന്നെയാണ്. ഉന്നതവ്യക്തികളുമായുള്ള പമീലയുടെ ബന്ധത്തിന് വേറെ തെളിവ് വേണോ?
മറ്റൊരു രസകരമായ കഥ: 1983-ല്‍ പമീല അമേരിക്കയില്‍ ആദ്യമായിട്ടെത്തിയപ്പോള്‍ അവിടുത്തെ പ്രസിദ്ധ വ്യവസായിയായ ബീനാരമണിയുടെ അതിഥിയായിട്ടാണ് കഴിഞ്ഞത്. രമണി പമീലയെ തന്‍റെ കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. പക്ഷേ അല്പദിവസങ്ങള്‍ക്കുള്ളില്‍ പമീല അവരുടെ, രമണിയേക്കാള്‍ ഉറ്റ സുഹൃത്തായി മാറി.
രാഷ്ട്രാന്തരീയ ആയുധഇടപാടുകാരനായ അദ്നാല്‍ ഖഗോഷിയുടെ നാബില്ല എന്ന ലക്ഷറി കപ്പലില്‍ വച്ച് പമീലയെ കണ്ടവരുണ്ട്.
ഖഷോഗി തന്‍റെ വ്യവസായതാല്പര്യങ്ങള്‍ക്കുവേണ്ടി മാദകസുന്ദരിമാരെ ഉപയോഗപ്പെടുത്തിയിരുന്നുവെന്നത് ലോകപ്രസിദ്ധമാണ്. പമീലയും കുറെക്കാലം നബീലയില്‍ കഴിഞ്ഞിരിക്കണം. എന്തായാലും പമീല ഖഷോഗിയുമായി നല്ല ബന്ധത്തിലായിരുന്നു. ഖഷോഗിയുടെ പാരീസിലുള്ള വസതിയിലും പമീല കുറേക്കാലം താമസിച്ചു. പത്രത്താളുകളിലൂടെ തന്‍റെ കാമലീലകളുടെ ചുരുള്‍ പൊടിപ്പും തൊങ്ങലും വച്ചു നിവര്‍ന്നപ്പോള്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ പമീല ലണ്ടന്‍ നഗരം വിട്ടു. നേരെ ഹോങ്കോങ്ങിലേക്കാണു പോയത്. അവിടെ നിന്ന് സിങ്കപ്പൂരിലേക്കും പിന്നീട് ബാലിയിലേക്കും. ബാലിയില്‍ വച്ച് പമീല ഒരപകടത്തില്‍ പെട്ടു നിസ്സാര പരുക്കുകലോടെ രക്ഷപെട്ടു.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു പമീല വീണ്ടും ലണ്ടനിലെത്തി. അവിടെവച്ച് ആത്മകഥ പത്രങ്ങള്‍ക്കു പ്രസിദ്ധീകരണത്തിനു നല്കി. അതിലൂടെ അവള്‍ വെളിപ്പെടുത്തി “ചന്ദ്രസ്വാമിയാണ് തന്നെ ഈ ലൈംഗികനാടകങ്ങളുടെ ചതുപ്പിലേക്ക് വലിച്ചിഴച്ചതെന്ന്. ഒരിക്കലും ചാരപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടില്ലെന്നും തുടര്‍ന്നെഴുതി. ലൈംഗികദാഹശമനത്തിന് തന്നെ സമീപിക്കുന്നവരില്‍ നിന്നും പണം ഈടാക്കിയിരുന്നു എന്നത് ശരിയാണെങ്കിലും മന്ത്രിമാരുടെയും പാര്‍ലമെന്‍റംഗങ്ങളുടെയും കൂടെ ഒരിക്കലും ശയിച്ചിട്ടില്ലെന്നും അവള്‍ വെളിപ്പെടുത്തി. ഉന്നതാധികാരികളില്‍ നിന്നും പണം വാങ്ങി പമീല നുണ പറഞ്ഞതാണോ അതോ പറഞ്ഞതെല്ലാം സത്യമാണോയെന്നെല്ലാം ഇന്നും ദുരൂഹം തന്നെ.
(കടപ്പാട് – ശ്രേഷ്ഠ പബ്ലിക്കേഷന്‍സ്)
About The Author
No related posts.