ചേറ്റടിയൻ – രജനി സുരേഷ്

Facebook
Twitter
WhatsApp
Email

കന്നിട്ട്ള് വഴിയാണ് ചെലങ്കര ത്തൊടികയിലേക്ക് പശുക്കളെ മേയ്ക്കാൻ കൊണ്ടുപോകേണ്ടത്. കന്നിട്ട് ള് വഴി നടക്കുമ്പോൾ കുട്ടികൾ സൂക്ഷിച്ചില്ലെങ്കിൽ വളത്തിൽ ചവിട്ടുമെന്നുള്ളത് ഉറപ്പാണ്. ചെലങ്കരത്തൊടികയിൽ പുല്ലു കിട്ടാതെ വരുമ്പോൾ ,കാട്ടൻ അപ്പുക്കൻ കുന്നിലേക്ക് കന്നുകാലികളെ ആട്ടിത്തെളിച്ചു കൊണ്ടുപോകും. തെരയൻകോട് മൺചാളകെട്ടി താമസിക്കുന്ന കാട്ടൻ പൊറ്റയിൽക്കളത്തിലെ തൊഴുത്തിന്റെ പരിസരത്ത് നന്നേ പുലർച്ചെ എത്തിച്ചേർന്നിട്ടുണ്ടാകും.

പൊറ്റയിൽക്കളത്തിലെ കന്നുകാലികളെ തീറ്റിപോറ്റുന്ന പണി കാട്ടന്റെ അപ്പൻ പെരുക്കൻ മുതൽക്കുതന്നെ ചെയ്തു വരുന്ന കീഴ് വഴക്കമാണ്. കണക്കച്ചെറുമൻമാരായ കാട്ടന്റെ വർഗ്ഗക്കാർ തെരയൻകോട് പ്രദേശത്ത് ധാരാളമായി മൺകുടിൽ കെട്ടി ജീവിച്ചു പോരുന്നവരാണ്. ജൻമി കുടുംബമായ പൊറ്റയിൽക്കളത്തിൽ നിന്ന് പതിച്ചു കിട്ടിയ സ്ഥലത്താണ് ഈ വകക്കാർ ചാളകൾ കെട്ടി വസിച്ചു പോരുന്നത്. ആണ്ടോടാണ്ട് കുടിൽ മേയുന്നതിനുള്ള കരിമ്പന പട്ടകൾ പൊറ്റയിൽക്കളത്തിലെ ചെലങ്കരത്തൊടികയിൽ നിന്ന് വെട്ടിയിറക്കാം. ഒരു പുര മേയാൻ ഏകദേശം നൂറോളം പട്ടകൾ ആവശ്യമുണ്ടെങ്കിലും ഒരു കുടുംബത്തിന് ആണ്ടിൽ അമ്പതു പനമ്പട്ടകളാണ് എണ്ണി വെട്ടുവാൻ പൊറ്റയിൽക്കളം തമ്പ്രാട്ടി കുഞ്ഞിലക്ഷ്മിയമ്മ അനുവാദം നൽകുക. ബാക്കി ഉണങ്ങി മൊരിഞ്ഞ് വീഴാത്ത പഴയ പട്ടകൾ ഉപയോഗിച്ചു കൊള്ളണം എന്നതാണ് വ്യവസ്ഥ .

പൊറ്റയിൽക്കളം തൊഴുത്തിലുള്ള കന്നുകാലികൾ കാട്ടന്റെ ജീവന്റെ ഭാഗമാണെന്നു വേണമെങ്കിൽ പറയാം. അവയെ കുളിപ്പിക്കുന്നത് ചേറ്റുക്കുണ്ട് വഴി പോയി തൊട്ടു സമീപമുള്ള പാച്ചോറ്റി ക്കുളത്തിലാണ്. നല്ല തെളിഞ്ഞ വെള്ളമല്ലാത്തതിനാലാണോ എന്നറിയില്ല; മനുഷ്യരാരും അവിടെ കുളിക്കാറില്ല. ഈ കുളത്തിലേക്കു പോകുന്ന വഴിയിൽ ചേറ്റുക്കുണ്ടു കഴിഞ്ഞാൽ മരുന്നു തൈയായ പാച്ചോറ്റി സുലഭമാണ്.

അപ്പുക്കൻ കുന്നിലേക്കുള്ള യാത്രയിൽ കുന്നിന്റെ മുകൾ തട്ടിലെത്തിക്കഴിഞ്ഞാൽ കാണുന്ന കൊച്ചു കുടിലിൽ ദൃഷ്ടികൾ പായിക്കാത്തവർ ചുരുക്കമാണ്. കാരണമുണ്ട്. കണക്കച്ചെറുമനായ ചേറ്റടിയൻ ചുക്കന്റെ കുടിലാണത് എന്നതിലുപരി ചുക്കന്റെ അതി സുന്ദരിയായ മകൾ രുക്കുവിനെ ഒന്നു കാണുക എന്ന ഉദ്ദേശമാണ് പലർക്കും . തെരയൻകോട് പ്രദേശത്ത് പൊറ്റയിൽ ക്കളത്തിൽ നിന്ന് ലഭിച്ച സ്ഥലത്ത് ചേറ്റടിയൻ കുടിൽ കെട്ടാതെ മൂന്നു കിലോമീറ്റർ മാറി അപ്പുക്കൻ കുന്നിൽ കുടിൽ കെട്ടി. രണ്ടു തലമുറ മുൻപെ ജീവിച്ചിരുന്ന ഈഴവ സമുദായത്തിൽ പെട്ട അപ്പു എന്നയാളുടെ സ്ഥലമാകയാലാണത്രെ അപ്പുക്കൻ കുന്ന് എന്ന പേരു ലഭിച്ചത്. അയാളുടെ മകന്റെ മകനിൽ നിന്നാണത്രെ ഒരു തുണ്ടുഭൂമി ചേറ്റടിയൻ വാങ്ങിയത്. പൊറ്റയിൽക്കളം വയലിലും ചേറിലും പണിയെടുക്കുന്ന ചുക്കനെ ചേറ്റടിയൻ എന്നേ ആ പ്രദേശത്തുള്ളവർ പറയാറുള്ളു. അധ്വാനിച്ച് മിച്ചം വന്ന കാശ് കൊണ്ട് അയാൾ പുര കെട്ടി. മകൾ രുക്കുവിനെ ചേറ്റടിയന് എത്രമേൽ ഇഷ്ടമാണെന്ന് കയ്യും കണക്കുമില്ല.

രുക്കുവും കാട്ടനും ബാല്യത്തിലെ സുഹൃത്തുക്കളാണ്. ആ സൗഹൃദം പ്രണയമായത് അവർ പോലും അറിയാതെയാണ്. രുക്കുവിനെ കാണുവാൻ വേണ്ടി ചിലപ്പോൾ കാട്ടൻ കുഞ്ഞി ലക്ഷ്മിയമ്മയുടെ കണ്ണുവെട്ടിച്ച് ചെലങ്കര ത്തൊടികയിൽ നിന്ന് കന്നുകാലികളെ അപ്പുക്കൻ കുന്നിലേക്ക് പെരക്കി കൊണ്ടുപോകും.
അവയെ മേയാൻ വിട്ട് രുക്കുവിനെയും വിളിച്ച് വേഗത്തിൽ പാച്ചോറ്റി കുളക്കരയിലേക്ക് വച്ചുപിടിക്കും. പാച്ചോറ്റിയുടെ പൂമ്പൊടി ഇരുകവിളുകളിലും തേച്ചുപിടിപ്പിച്ച് രുക്കു കാട്ടനോട് കിന്നാരം പറയും. രുക്കുവിന്റെ ബാല്യം തൊട്ടെ ചേറ്റടിയൻ ചുക്കന്റെ അകന്ന ഒരു ബന്ധുവായ പാച്ചനും രുക്കുവിനെ മോഹിച്ച് കഴിയുകയാണ്. കാട്ടന്റെ പിന്നാലെയുള്ള രുക്കുവിന്റെ സഞ്ചാരം പാച്ചന് രുചിക്കാറേയില്ല. രുക്കു വിനോട് പറഞ്ഞാൽ ചെവിക്കൊള്ളുന്നില്ലെന്നതു കൊണ്ടു തന്നെ പാച്ചൻ പറച്ചിൽ നിർത്തി. താന്തോന്നിയായ പാച്ചനെ കാണുന്നതു തന്നെ രുക്കുവിന് ചതുർത്ഥിയാണ്.

കുഞ്ഞി ലക്ഷ്മിയമ്മയോട് കാട്ടന്റെ ഇല്ലാത്ത കാടത്തരങ്ങൾ മെനഞ്ഞെടുത്ത് വിശദീകരിച്ച് പാച്ചൻ നേരസ്ഥനാകാൻ നോക്കും. പക്ഷേ കുഞ്ഞി ലക്ഷ്മിയമ്മയ്ക്ക് പാച്ചന്റെ വക്ര ബുദ്ധി നന്നായറിയാം. അവർക്ക് കാട്ടന്റെ സ്വഭാവശുദ്ധിയെക്കുറിച്ചും നല്ല ബോധ്യമുണ്ട്.
കാട്ടൻ രുക്കുവിനെ ചതിക്കില്ലെന്നും കൂടെക്കൂട്ടിക്കൊണ്ടുവരുമെന്നും അവർ പറയും.

കുഞ്ഞിലക്ഷ്മിയമ്മയ്ക്ക് നവരക്കിഴിയും മറ്റു നാടൻ ചികിത്സാ രീതികളും പൊറ്റയിൽക്കളത്തിൽ നടത്താറുണ്ട്. അതിനെല്ലാം സഹായിയായി നിൽക്കാൻ കാട്ടന് മടിയില്ല. മുച്ചീരി മല , അയ്യപ്പ മലയിൽ പോയി ഔഷധ സസ്യങ്ങൾ തെരഞ്ഞു കണ്ടെത്തിക്കൊണ്ടുവരുന്നത് കാട്ടനാണ്. ചേറ്റടിയൻ ചുക്കന്റെ മകൾ രുക്കുവിനെ കല്യാണം കഴിക്കാൻ തനിക്കാഗ്രഹമുണ്ടെന്ന് ചുക്കനെ അറിയിക്കേണ്ടത് കുഞ്ഞി ലക്ഷ്മിയമ്മയുടെ ജോലിയാക്കി കാട്ടൻ വക തിരിച്ചു നൽകിയിട്ടുണ്ട്.
“ആവട്ടെ കാട്ടാ ….സമയം പോലെ ചെയ്യാം. എല്ലാം ഒന്ന് തരപ്പെട്ടു വരട്ടെ ” എന്ന് കുഞ്ഞിലക്ഷ്മിയമ്മയും പറഞ്ഞിട്ടുണ്ട്. പെണ്ണിന് പതിനെട്ട് തികയാതെ കാട്ടൻ കൂടെ പൊറുപ്പിക്കേണ്ട എന്നാണ് കുഞ്ഞിലക്ഷ്മിയമ്മയുടെ നിലപാട്.

ചേറ്റടിയൻ ചുക്കൻ പൊറ്റയിൽക്കളത്തിലെ വയൽ പ്രദേശത്ത് മൂന്നു നിലമാടം കെട്ടിയുണ്ടാക്കിയിട്ടിട്ടുണ്ട്. പയ്ക്കൾക്ക് കാടി കൊടുത്തു കഴിഞ്ഞാൽ വൈകുന്നേരങ്ങളിൽ കാട്ടനും രുക്കുവും നിലമാടത്തിലിരുന്ന് പ്രണയിക്കും. രാത്രികാലങ്ങളിൽ കാട്ടുപന്നികൾ കൃഷി നശിപ്പിക്കാതിരിക്കാൻ വെളുത്ത തുണികൾ വയൽ പ്രദേശങ്ങളിൽ അവിടവിടെയായി സ്ഥാപിക്കും. കൂടാതെ രാത്രികളിലും വൈകീട്ടും കൃഷിസ്ഥലങ്ങളിൽ കാവൽക്കാർക്കിരിക്കാനായി നിർമ്മിച്ച കാവൽ ചാളകളിൽ ആരെയെങ്കിലും ചേറ്റടിയൻ ഏർപ്പെടുത്തിയിട്ടുണ്ടാകും. ബന്ധുവായ തെരയൻകോട് പാച്ചൻ ഒരു സ്ഥിരം കാവൽക്കാരനാണ്. പൊറ്റയിൽക്കളത്തിലെ കൃഷിപ്പണി ചേറ്റടിയൻ നടത്തിക്കൊണ്ടുപോകുന്നു.

ചേറ്റടിയന്റെ കെട്ടിയവൾ ഇഞ്ച രുക്കുവിനെ പ്രസവിച്ച് രക്തം വാർന്ന് മരിച്ചതാണ്. അമ്മയുടെയും അപ്പന്റെയും കടമകൾ ഒരു പോലെ നിർവഹിച്ച് രുക്കുവിനെ വളർത്തി വലുതാക്കിയത് ചേറ്റടിയൻ ഒറ്റയ്ക്കു തന്നെ. പാച്ചൻ ചേറ്റടിയന്റെ വകയിലൊരു ബന്ധുവാണെങ്കിലും ചേറ്റടി യനോടൊട്ടി നിൽക്കുന്നത് രുക്കുവിനെ കെട്ടുന്നതിനായാണ്. രുക്കുവിന്റെ ചന്തം പാച്ചന്റെ രാത്രികളെ ഉറക്കമില്ലാതാക്കിയിട്ടുണ്ട്. നിലമാടത്തിൽ കിടന്ന് രാത്രി അയാൾ സ്വപ്നം കാണും. രുക്കുവിന് ദിവസം കൂടുന്തോറും കാട്ടനോടുള്ള പ്രണയാധിക്യം പാച്ചന് ഉൾഭയം ഉണ്ടാക്കിയിട്ടുമുണ്ട്. എങ്കിലും അപ്പന്റെ ആജ്ഞ ധിക്കരിക്കാൻ രുക്കുവിന് കഴിയില്ലെന്നതാണ് അയാളുടെ ആകെയുളള ആശ്വാസം.

പൊറ്റയിൽ പറമ്പിനോടു ചേർന്നുള്ള പുളിക്കിലെ തൊടിയിൽ വിറകടുക്കുവാനും മറ്റുമായി പല കാരണങ്ങൾ കണ്ടെത്തി ചേറ്റടിയനോടൊപ്പം രുക്കുവും പൊറ്റയിൽക്കളത്തിലെത്തും. അയാൾ വയൽ പ്രദേശത്തേക്ക് പോയിക്കഴിഞ്ഞാൽ രുക്കു പിന്നെ കന്നുകാലി തൊഴുത്തിലും കന്നിട്ടിളിലും തേക്കിൻ തൊടിയിലും പാച്ചോറ്റിക്കുളത്തിലും കാട്ടനോടൊപ്പം കളിച്ചുല്ലസിച്ച് നടക്കും. കാട്ടൻ ദേഹത്തിൽ തൊട്ടു കളിച്ചാൽ തന്നെ അറിയിക്കണമെന്ന് കുഞ്ഞി ലക്ഷ്മിയമ്മ രുക്കുവിനോട് കാട്ടന്റെ മുന്നിൽ വെച്ചു തന്നെ നിർദ്ദേശം വെച്ചിട്ടുണ്ട്.

നിലമാടത്തിൽ കാവൽ നിൽക്കാത്ത ചില ദിവസങ്ങളിൽ ചേറ്റടിയന്റെ ഒരേയൊരു ദൗർബല്യമായ ചാരായം കുടിപ്പിച്ച് നിലംപരിശാക്കി ,പാച്ചൻ ചേറ്റടിയനെ
അപ്പുക്കൻ കുന്നിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരും. രുക്കുവിന് പാച്ചന്റെ നിഴൽ കാണുന്നതു തന്നെ അനിഷ്ടമാണ് . ചേറ്റടിയനെ കുടിലിലാക്കി ചുറ്റിത്തിരിയുന്ന പാച്ചന്റെ ഹൃദയം തകർത്ത് രുക്കു കുടിലിന്റെ വാതിൽ കൊട്ടിയടയ്ക്കും. പുര ഒന്നായി ഇളകുമ്പോൾ ചുക്കന്റെ കുഴഞ്ഞ നാവ് പറയും.
“എന്തിനാടീ രുക്കു ഇത്ര വേവലാതി? അതു നമ്മടെ പാച്ചനല്ലേ ..”
അപ്പനെ തുറിച്ചു നോക്കി രുക്കു ഒരു പോക്കു പോകും. പിഞ്ഞാണത്തിൽ കഞ്ഞി വിളമ്പി അപ്പനെ കാത്തിരുന്നാലും അയാൾ ചാരായത്തിന്റെ ലഹരിയ്ക്കടിയിൽ ബോധരഹിതനായി കിടക്കും.

ഈയിടെയായി പാച്ചൻ ചേറ്റടിയൻ ചുക്കനെ കുടിപ്പിച്ച് കൂത്താടിപ്പിക്കുന്നത് ഒരു സ്ഥിരം ചടങ്ങായിട്ടുണ്ട്. കാട്ടൻ കുഞ്ഞി ലക്ഷ്മിയമ്മയോട് പരാതി പറഞ്ഞപ്പോൾ അവരും നെടുവീർപ്പിട്ടു. ” രുക്കുപ്പെണ്ണ് വളർന്നു വര്യല്ലേ കാട്ടാ ..”

ചേറ്റടിയൻ ചുക്കൻ ചാരായത്തിൽ മുങ്ങി നിലമാടത്തിൽ കാവൽ നിൽക്കുന്നതിലെല്ലാം അമാന്തം കാണിക്കുന്നതിൽ കുഞ്ഞി ലക്ഷ്മിയമ്മയ്ക്ക് വിരോധമുണ്ട്. ചുക്കനെ ഗുണദോഷിച്ചിട്ടും വൈകുന്നേരമായാൽ കാര്യം കഷ്ടത്തിലാക്കും. രുക്കു പറഞ്ഞിട്ടും ചേറ്റടിയനിൽ വലിയ ഫലമുണ്ടായില്ല.
രാവിലെകളിൽ നല്ലവനായി കുടിക്കില്ലെന്ന് മകളോട് ആണയിട്ടു പറയും. രാത്രികളിൽ നിലമാടത്തിൽ കാവൽ നിൽക്കാമെന്ന് കുഞ്ഞിലക്ഷ്മിയമ്മയോട് വാഗ്ദാനം ചെയ്യും. സന്ധ്യയ്ക്ക് പാച്ചൻ അയാളുടെ ലഹരിയോടുള്ള ആസക്തിയെ ചൂഷണം ചെയ്യും.

ചാരായത്തിനടിമപ്പെട്ട് ബുദ്ധി കെട്ട ഒരു രാത്രി കുടിലിന്റെ മുന്നിലിരുന്ന് രുക്കു പാച്ചനുള്ളതാണ് ചേറ്റടിയൻ വിളിച്ചു കൂവി. അപ്പനെ രുക്കു കണക്കറ്റ് ശകാരിച്ചു.
“എന്താടീ അവനൊരു കുറവ്? നയിച്ചുണ്ടാക്കുന്നില്യേ…”
” കുടിച്ച് തന്തേം തള്ളേം ഭേദ്യം ചെയ്യുന്ന പാച്ചന്റെ നടപ്പ് തെരയൻകോട് ദേശത്ത് കാണാത്തോരിണ്ടാവില്യാ…” രുക്കുവിന്റെ മറുപടി കേട്ട് ചേറ്റടിയൻ കനത്തിൽ ഒന്നു മൂളി.

പാച്ചൻ പറഞ്ഞതിൽ കാര്യോണ്ട് … പെണ്ണിന്റെ പോക്ക് ശര്യല്യ… കാട്ടനെ മനസ്സിൽ വെച്ചിരിക്യാച്ചാൽ നടക്കില്ല..അയാൾ പിറുപിറുത്തു.
” അവനെ മറന്നുകള പെണ്ണെ … ” എന്ന് അവ്യക്തമായി ആവർത്തിച്ചു പറഞ്ഞ് ചേറ്റടിയൻ കോലായിൽ ചാഞ്ഞു.
കുഞ്ഞി ലക്ഷ്മിയമ്മ ആവതും ഇടപെട്ടിട്ടും ചേറ്റടിയന്റെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല.
“ചേറ്റടിയൻ ചുക്കന് ഒറ്റ വാക്കേള്ളൂ എമ്പ്രാളെ . ..അവന് രുക്കുവിനെ കൊടുക്കാംന്ന് വാക്കു പറഞ്ഞു പോയി. ”

തെരയൻകോട് ദേശത്തെ കണക്കച്ചെറുമൻ വർഗ്ഗത്തിൽ പെട്ട മായനും വെള്ളയും കുഞ്ചക്കനും എല്ലാം പാച്ചന്റെ ദുർന്നടത്തിപ്പ് വിവരിച്ചിട്ടും ചേറ്റടിയൻ തീരുമാനിച്ചതിൽ ഉറച്ചു നിന്നു. കാട്ടന്റെ സുഹൃത്ത് മായന് കാട്ടന്റെ അവസ്ഥയോർത്ത് നല്ല ഖേദമുണ്ട്.

രുക്കു കുടിലിൽ തടങ്കലിൽ പെട്ട പോലെയായി. കാട്ടന്റെ ഊണും ഉറക്കവും നഷ്ടപ്പെട്ടു.
ചേറ്റടിയൻ വയലിൽ പണിയെടുക്കുവാൻ എത്താത്ത ഒരു ദിവസം കുഞ്ഞി ലക്ഷ്മിയമ്മ രണ്ടും കല്പിച്ച് രുക്കുവിന്റെ കുടിലിലെത്തി അവളെ വിളിച്ചിറക്കി പൊറ്റയിൽക്കളത്തിൽ കൊണ്ടുവന്നു. പുതിയ പുളിയിലക്കര വേഷ്ടിയും മുണ്ടും ധരിപ്പിച്ചു. തൊഴുത്തിൽ പണി ചെയ്യുന്ന കാട്ടനെ വിളിച്ച് തയ്പ്പിച്ചു വെച്ച ഷർട്ടും പുതിയ മുണ്ടും കൊടുത്തു .വൃത്തിയായി ധരിച്ചു വരാൻ ആവശ്യപ്പെട്ടു. കാട്ടനെയും രുക്കുവിനെയും മച്ചിലമ്മയുടെ മുന്നിൽ നിർത്തി.
പാച്ചൻ ചാരായം കുടിപ്പിച്ചു എവിടെയോ വീണു കിടന്നിരുന്ന ചേറ്റടിയൻ ആ സമയത്താണ് ഓടിക്കിതച്ച് പൊറ്റയിൽക്കളത്തിൽ വന്നുകയറിയത്. അവശനായിരുന്ന അയാൾ ഒന്നും ഉരിയാടാതെ രുക്കുവിന്റെ കയ്യിൽ ബലമായി പിടിച്ച് ഇറക്കിക്കൊണ്ടുപോയി തെരയൻകോട് പാച്ചന്റെ കുടിലിലെത്തിച്ചു തിരിച്ചു പോന്നു.

പിറ്റേന്ന് രാത്രി വന്യമൃഗങ്ങളെ ആട്ടിയകറ്റാൻ നിലമാടത്തിൽ കിടന്ന ചേറ്റടിയൻ ചുക്കനെ തേടി ഒരുകൂട്ടം ചൂട്ടുകൾ ആളിയെത്തി. ലഹരി മോന്തി മത്തുപിടിച്ചു കിടക്കുന്ന അയാളെ ഏറ്റി ആളുകൾ പാച്ചന്റെ കുടിലിലെത്തി. തെരയൻകോടുള്ള പാച്ചന്റെ കുടിലിൽ രുക്കുവിനെ കാണാതായിരിക്കുന്നത്രെ ! ചേറ്റടിയനും കൈമലർത്തി. ആ പിതൃ ഹൃദയം അന്നാദ്യമായി വിതുമ്പി. തെരയൻകോടുള്ള കണക്കച്ചെറുമർ രാത്രിക്കു രാത്രി ചൂട്ടു കത്തിച്ച് തെരച്ചിൽ തുടങ്ങി. പാച്ചോറ്റിക്കുളത്തിൽ വരെ തരുണൻമാർ മുങ്ങിത്തപ്പി.

മായനും വെള്ളയും ചൂട്ടിന്റെ പ്രഭയിൽ ഒരു കാഴ്ച കണ്ടു. നിലമാടത്തിനരികുപറ്റി നിന്ന ഒരാൾ ചേറിൽ പുതഞ്ഞ ഒരു ശരീരവും കൊണ്ട് മണ്ടുന്നു. മായനും വെള്ളയും ഓടുന്നവന്റെ മുഖത്തേക്ക് ചൂട്ട് ഉയർത്തിപ്പിടിച്ചു.
കാട്ടൻ …
കിതയ്ക്കുന്നുണ്ട്.
” രുക്കുവിന് പകുതി ജീവനുണ്ട് മായാ …എവിടെങ്കിലും പോയി ജീവിക്കട്ടെ. ”
” കാട്ടാ … രുക്കുവിന് എന്താ പറ്റിയത് ? ചേറിൽ കുളിച്ച് … ”

“ചേറ്റടിയൻ ചുക്കന്റെ മകൾ രുക്കുവിനെ പാച്ചൻ സ്നേഹിച്ചില്ല. അവളുടെ ചന്തമാ …അതാണവന് ലഹരി. ഇന്നവളെ ചേറിൽ പൂഴ്ത്തി.ചേറ്റടിയൻ ചുക്കന്റെ വയലിൽ തന്നെ. പാച്ചോറ്റി ക്കുളക്കരയിൽ നിന്ന് ശബ്ദം കേട്ട് വന്ന് നോക്കിയതാ … രുക്കുവിനെ അവൻ .. ”

“കാട്ടാ ….”
പൊറ്റയിൽക്കളം എമ്പ്രാളോട് എല്ലാം പറഞ്ഞിട്ടുണ്ട്.
“നീ പോ കാട്ടാ .. രുക്കുവിനെയും കൊണ്ട് രക്ഷപ്പെട്. സുഖായി ജീവിക്ക്. ”

അടുത്തു വരുന്ന തീപന്തങ്ങൾ . ചേറ്റടിയൻ മുടന്തി മുടന്തി പിന്നിലുണ്ട്.
കാട്ടൻ മുൻപും പിൻപും നോക്കാതെ പാഞ്ഞു. രുക്കുവിനെയും കൊണ്ട് … പാച്ചോറ്റിക്കുളത്തിന്റെ കരയിലൂടെ .. പള്ളത്തെ ഇട്ട് ള്ലൂടെ .. പൂളക്കുണ്ടിലൂടെ ..അങ്ങകലെ ഒരു നിലമാടം അവരെ കാത്ത് ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു.

രജനി സുരേഷ്

About The Author

6 thoughts on “ചേറ്റടിയൻ – രജനി സുരേഷ്”
 1. മനോഹരമായിരിക്കുന്നു ! ഗ്രാമീണതയുടെ തുടിപ്പുകൾ

 2. ഗ്രാമീണ ജീവിതത്തിൽ കണ്ട് മറന്ന ഒരു പിടി കഥാപാത്രങ്ങളും, തെരയൻകോടും, അപ്പുക്കൻ കുന്നും എല്ലാം ഒരു ക്യാൻവാസിൽ വരച്ച ചിത്രം കണക്കെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. കണ്ട് മറന്ന പല കഥാപാത്രങ്ങളും വല്ലാത്ത ഒരു ഗൃഹാതുരത്വം സൃഷ്ടിക്കുന്നു. ഒരു സത്യൻ അന്തിക്കാട് ലോഹിതദാസ് പടം കണ്ടപോലെ ഓരോ പ്രദേശവും മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു. പാത്രസൃഷ്ടിയിലും പ്രദേശ വർണ്ണനയിലും കഥാകാരി കാഴ്ചവച്ചിട്ടുള്ള കൈയ്യടക്കം അഭിനന്ദിക്കാതെ വയ്യ .

 3. ഒരു പഴയകാല പ്രണയകാവ്യം . അന്യം നിന്നുപോയ
  ഭൂപ്രകൃതിയും കഥാപാത്രങ്ങളും . ഒരു പുനരാവിഷ്കരണം .
  ഒരു ഗവേഷണത്തിലൂടെ മിനഞ്ഞെടുത്ത വിവരണങ്ങൾ .
  ആളുകളുടെ പേരുകൾ പോലും ആകർഷകം .
  ആഖ്യാനരീതി നന്നായിരിക്കുന്നു . കൂടെ കൈ
  പിടിച്ചു കൊണ്ടുപോകുന്നുണ്ട് . പുതിയ തലമുറകൾക്കു
  പ്രയോജനം ആവട്ടെ . പഴയ തലമുറക്കാർക്
  ഒരു അയവിറക്കലും . ഭാവുകങ്ങൾ 🙏🏻

 4. ജീവസ്സുറ്റ കഥാപാത്രങ്ങൾ.. സൂക്ഷ്മ സ്വഭാവവർണ്ണനയിലൂടെ മനസ്സിൽ തങ്ങിനിൽക്കുന്നു. മണ്ണിലും ചേറിലും നിറഞ്ഞ കീഴാള വർഗ്ഗത്തിൻ്റെ സൗന്ദര്യ ശാസ്ത്രം ഒരു കാലഘട്ടത്തിൻ്റെ പരിഛേദമാണ്.. ഹൃദയസ്പർശിയായ കഥ.. അഭിനന്ദനങ്ങൾ..

 5. ഗ്രാമീണത തുളുമ്പി നിൽക്കുന്നു.. ഹൃദയസ്പർശിയായ വരികൾ
  ഭാവുകങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *