പോലീസ് ആളുമാറി അറസ്റ്റ് ചെയ്തു; വയോധിക കോടതി കയറിയിറങ്ങിയത് നാല് വര്‍ഷം

Facebook
Twitter
WhatsApp
Email

Old woman arrested in fake case: പോലീസ് ആളുമാറി അറസ്റ്റ് ചെയ്ത വയോധിക കോടതി കയറി ഇറങ്ങിയത് നാലുവര്‍ഷം. 84 വയസ്സുള്ള ഭാരതിയമ്മയ്ക്കാണ് പാലക്കാട് പോലീസിന്റെ ഗുരുതര വീഴ്ച്ചയെ തുടര്‍ന്ന് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. വീട്ടില്‍ കയറി അതിക്രമം കാണിച്ചെന്ന കേസിലായിരുന്നു പോലീസ് ആളുമാറി ഭാരതിയമ്മയെ അറസ്റ്റ് ചെയ്തത്. താന്‍ ഒരു കേസിലും പ്രതിയല്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പോലീസ് സമ്മതിച്ചില്ലെന്ന് വയോധിക പറയുന്നു.

1998ലാണ് ഈ കേസിന് ആസ്പദമായ സംഭവം. കള്ളിക്കാട് സ്വദേശി രാജഗോപാലിന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു കേസില്‍ ഉള്‍പ്പെട്ട ഭാരതി. ഈ സ്ത്രീ വീട്ടുകാരുമായി പ്രശ്നമുണ്ടാക്കുകയും ചെടിച്ചട്ടിയും മറ്റും എറിഞ്ഞുടയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് സൗത്ത് പോലീസ് ഭാരതിക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ ഭാരതി മുങ്ങുകയായിരുന്നു. പിന്നീട് അന്വേഷണം നടത്തിയെങ്കിലും ഈ സ്ത്രീയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.

മുങ്ങിയ ഭാരതിക്ക് പകരം 2019 ല്‍ കുനിശേരി സ്വദേശി ഭാരതിയമ്മയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. താന്‍ ഒരിടത്തും വീട്ടുജോലി ചെയ്തിട്ടില്ലെന്നും ഏറെ നാളായി തമിഴ്നാട്ടിലാണെന്നും പറഞ്ഞെങ്കിലും ഇതൊന്നും കേള്‍ക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് ഭാരതിയമ്മ പറഞ്ഞു. അറസ്റ്റിലായ ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചെങ്കിലും കേസുമായി നടക്കേണ്ടി വന്നത് നാലുവര്‍ഷമാണ്. കോടതിയില്‍ പരാതിക്കാരന്‍ തന്നെ നേരിട്ട് എത്തി ഭാരതിയമ്മയെ അറിയില്ലെന്ന് അറിയിച്ചതോടെയാണ് അലച്ചിലിന് അവസാനമായത്. ഇതല്ല യഥാര്‍ഥ പ്രതിയെന്നും തന്റെ വീട്ടിലെ ജോലിക്കാരിയായിരുന്ന ഭാരതിക്ക് ഏതാണ്ട് അന്‍പതുവയസുമാത്രമേ പ്രായം വരികയുള്ളുവെന്നും രാജഗോപാല്‍ കോടതിയെ അറിയിച്ചു. അങ്ങനെയാണ് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം അവസാനിച്ചത്. കേസുമായി മുന്നോട്ട് പോകാനില്ലെന്നും പരാതിക്കാര്‍ പറഞ്ഞു.

പോലീസിന്റെ ഭാഗത്ത് നിന്ന് വളരെ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. അതേസമയം യഥാര്‍ത്ഥ പ്രതിയും താനും തമ്മില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ഭാരതിയമ്മ പറയുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍
തന്റെ അഡ്രസ് മാറ്റിക്കൊടുത്തതാകാം എന്നാണ് ഭാരതിയമ്മ കരുതുന്നത്. എന്നാല്‍ മഠത്തില്‍ എന്നാണ് ഇവരുടെ വീട്ടുപേരെന്നും ഇതേ മേല്‍വിലാസമുള്ള നിരവധി വീടുകളുണ്ടെന്നും അങ്ങനെ തെറ്റിയതാകാം എന്നുമാണ് പോലീസ് പറയുന്നത്.

Credits: https://malayalam.indiatoday.in/

About The Author

Leave a Reply

Your email address will not be published. Required fields are marked *