അറിയുന്നു ഞാൻ ഗുരോ
വൈകിയാണെങ്കിലും
കടം കൊണ്ടതാണെന്റെ
ജീവിതം വാസ്തവം.
ഒരു കാറും വീടുമല്ലീ
യുടൽ കൂടും കടംകൊണ്ട പാർപ്പിടം.
ഗർഭപാത്രത്തിന്റെ വാടക നൽകീല
വിലനല്കി ആർ മുലപ്പാലുണ്ടിരിക്കുന്നു.
കഷ്ടകാലങ്ങളിൽ കൂട്ടായിരുന്നവർക്കൊക്കെ
കടക്കാരൻ
അവരോ വെറും കൈയ്യായ്
തേഞ്ഞുമാഞ്ഞേ പോയി
സൗജന്യമായ് പ്രാണവായുവിതാർ വീശി
കഷ്ടമഹന്തയാം പാമ്പിനെ ഞാൻ പോറ്റി
ഒരു പുസ്തകം വില നൽകി വാങ്ങിച്ചാലും
അറിവിന് നാം കടപ്പെട്ടേയിരിക്കുന്നു
കടമാണ് ജീവിതം
സ്നേഹമേ നീയൊരു നാണയത്തുട്ടാകാം
വിൽക്കുവാൻ വാങ്ങുവാനുതകാതെ
കാലപ്രവാഹത്തിൽ മരവിച്ചുപോയ പുരാവസ്തു.
സൂക്ഷിക്കുവാൻ നിങ്ങൾക്കായി ഞാൻ കൈമാറാം.
വിലയിണ്ടിതിന്ന് കടം വീട്ടാനുതകിടാം.











