ഇഷ്ടമോടെന്നും മന്നിൽ വെട്ടമിത്തിരി നല്കാൻ
നിഷ്ഠയോടാകാശത്തു വന്നുദിച്ചീടും നേരം,
വിഷ്ടഭം തെല്ലില്ലാതെ സൂര്യാംശു വന്നിട്ടെല്ലാ-
കഷ്ടതകളും നീക്കും കൂരിരുട്ടിനെ മാറ്റീ..
അഷ്ടിക്കുള്ളതൊക്കെയും വിളയാനൂർജ്ജം തന്നീ-
ശിഷ്ടകാലത്തും മണ്ണിൽ നിൻകരം തലോടുമ്പോൾ,
മൃഷ്ടാന്നമുണ്ടാകുന്നു പച്ചത്തുരുത്തുകൾക്കും
വൃഷ്ടിയേകുന്നു നിന്റെ ഹൃത്തട വിശുദ്ധിയാൽ..
നഷ്ടമുണ്ടാകാതോരോ ദിനവും വിണ്ണിൽ വന്നു
അഷ്ടഗന്ധത്തിൻ മണം പരക്കാൻ വീശിടുമ്പോൾ,
പുഷ്ടിയുണ്ടായീടുന്നൂ പ്രപഞ്ചോല്പത്തി തൊട്ടേ
ത്വഷ്ടാവിന്നനുഗ്രഹം നമ്മളിലുണ്ടാകുമ്പോൾ..
മുഷ്ടിയിലൊതുങ്ങുന്ന ജീവിതക്കളരിയിൽ
ഭ്രഷ്ട്കല്പിക്കാതെല്ലാം ഒന്നുപോലായീടുവാൻ,
ശ്രേഷ്ഠനാം സവിതാവേ ദർശനപുണ്യം നല്കാൻ
സാഷ്ടാംഗം വണങ്ങുന്നൂ അക്ഷരമാല്യങ്ങളാൽ…
ശുഭദിനം🌴🍂🌴 ജയദേവൻ
About The Author
No related posts.