LIMA WORLD LIBRARY

അവസ്ഥാന്തരം – ഡോ.സിന്ധു ഹരികുമാർ

ജനലഴികൾ കടന്നു വിശാല വീഥിയിൽ..
നരച്ച നയനങ്ങൾ പ്രദക്ഷിണം ചെയ്യവേ..

ഞെട്ടറ്റടർന്നു വീണൊരാ വാകപൂക്കളും..
പേറിയതാരുടെ തപ്തനിശ്വാസങ്ങൾ..

നിഴലനക്കങ്ങൾ നിലച്ച സായന്തന…
വേള മുഷിപ്പിൻ കനച്ച ഗന്ധം തിങ്ങി…

ചിന്തകൾ ചിതലരിക്കുന്നൊരാ ചിത്തിലെ…
ഓർമ്മച്ചെപ്പൊന്നറിയതെ തുറന്നുപോയ്…

യൗവ്വനമുരുക്കി വിളക്കിയാ കണ്ണികൾ..
വിലയിട്ടു കേവല നിസ്സംഗതയിൽ…

സ്വാർത്ഥത തായ് വേരറുക്കും തുടർക്കഥ…
തീക്കനലാകുന്നു ശാപജന്മങ്ങളിൽ…

അമിതവാത്സല്യ തിമിരത്തിൻ അന്ധത..
തീർത്തത് മൂഢസ്വർഗ്ഗം മാത്രമെന്നുമേ..

ഒരു തുള്ളി രേതസ്സിൽ പൊക്കിൾ കൊടിയിലും..
ഭൂമിതൻ മാറിലും നിന്റെ കാൽപാടുകൾ..

നിണമൂറ്റി പോറ്റിയ മാതൃത്വം നിന്നിലെ…
ആസുരഭാവത്തിൽ ആശ്ചര്യ സ്തബ്ധയായ്…

മൗനത്തിൻ ആഴം കടം കൊണ്ടിരിക്കുന്നു…
സർവംസഹയായ ധരണിയാം അമ്മയും…

കാലം കനിവിനാൽ മായ്ക്കട്ടെ ഈ വടു…
കദനകരിമേഘങ്ങൾ പെയ്തൊഴിഞ്ഞിടട്ടെ…

Dr. സിന്ധു ഹരികുമാർ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px