വെയിൽ തിളച്ചുതുളുമ്പുന്ന മലയുടെതാഴെ, ഉച്ചി പൊള്ളുകയും തലച്ചോർ മലരു പോലെ വിടർന്ന് പുറത്തേക്കു ചിതറുമെന്ന മട്ടിൽ തലവേദന അനുഭവിക്കുകയും ചെയ്യുന്ന നേരത്തും ആ മനുഷ്യൻ തറഞ്ഞ മണ്ണിൽ പിക്കാസുകൊണ്ട് ആഞ്ഞാഞ്ഞു കിളയ്ക്കുകയായിരുന്നു. ഓരോ കിളയും തലയെ കുലുക്കിക്കുലുക്കി വേദനയെ ഇളക്കിക്കൊണ്ടിരുന്നു. ആളുകൾ അയാളെ നോക്കി മൂക്കിൽ വിരൽ വച്ചു കൊണ്ട് ഇത്തിരി പോന്ന തണലുകൾക്കടിയിൽ ഒതുങ്ങി നിന്നു. തരിശ്ശായി തറഞ്ഞു കിടക്കുന്ന മണ്ണിൽ അയാളുടെ ഓരോ പ്രഹരവും ആളുകളെ വല്ലാതെ അസ്വസ്ഥരാക്കാൻ പോന്നതായിരുന്നു. എന്താണ് അയാളവിടെ തിരയുന്നത് എന്നറിയാൻ മൈതാനത്തിൻ്റെ നാലു ചുറ്റിനും ആളുകൾ കൂടിക്കൊണ്ടിരുന്നു. ആരാണ് ഈ ദൗത്യത്തിന് അയാളെ നിയോഗിച്ചിരിക്കുന്നത് എന്നും അയാളാരാണ് എന്നുമുള്ള ചോദ്യം വല്ലാത്തൊരു മർമ്മരമായി അവിടെ നിറഞ്ഞു.
കൂട്ടത്തിനിടയിൽ നിന്ന തൻ്റെ കൂട്ടുകാരനെ എട്ടുവയസ്സുള്ള ഒരു കുട്ടി തോണ്ടി വിളിച്ചു. അവൻ പതിയെ ചോദിച്ചു;
“കഴിഞ്ഞയാഴ്ച പള്ളിലെ പെരുന്നാളിന് വഴിയരുകിലെ മലബാറുമുട്ടായിക്കടയിൽ പോപ്പ് കോൺ ഉണ്ടാക്കുന്നത് നീ കണ്ടാരുന്നോ. ഇയാളുടെ തല കാണുമ്പോൾ എനിക്കത് ഓർമ്മ വരുന്നു.“
കൂട്ടുകാരൻ ചിരിച്ചു. അപ്പോൾ അവൻ പിന്നെയും പറഞ്ഞു.
“ ആ തലയ്ക്കുള്ളിൽ നിറച്ചചോളം ചൂടേറ്റ് വിടരാൻ വെമ്പുകയാവും. നീ നോക്കിക്കോ, വെയിൽ ചൂടിൽ പൊള്ളുന്ന ചെവി ദ്വാരങ്ങളിലൂടെ പോപ് കോൺ ചിതറിത്തെറിക്കുന്നത്. കാണാൻ നല്ല ശേലുണ്ടാവും.”
അവനും കൂട്ടുകാരനും ആ രംഗം ഭാവനയിൽ കണ്ട് ചിരിച്ചു. ചിരിച്ചിട്ടും ചിരിച്ചിട്ടും മതിവരാതെ അവർ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ദൂരേക്ക് ഓടിപ്പോയി.
ആ മനുഷ്യൻ മൈതാനത്ത് തലങ്ങും വിലങ്ങും പിക്കാസുകൊണ്ട് കൊത്തി കൊണ്ടിരുന്നു. ഇടയ്ക്കൊന്ന് തല ഉയർത്തിനോക്കിയ അയാൾ തന്നെ മാത്രം ശ്രദ്ധിച്ചു നിൽക്കുന്ന ആൾക്കൂട്ടത്തെ കണ്ടു. താൻ കേന്ദ്ര ബിന്ദു ആകുന്നതും തന്നിൽ നിന്നൊരു ചരട് അവരിലേക്കു ബന്ധിച്ചിരിക്കുന്നതും അറിഞ്ഞു. പിക്കാസ് ഇടത്തേത്തോളിൽ വച്ച് മുഷ്ടി ചുരുട്ടി അന്തരീക്ഷത്തിലേക്ക് ചുഴറ്റിയെറിഞ്ഞ് അയാൾ നടന്നു പോയി. അയാൾ എവിടേക്കാണ് മറഞ്ഞു പോയത് എന്നവർ അതിശയിച്ചു. അയാളെ ആരും അനുഗമിക്കുകയുണ്ടായില്ല. അനുയായികൾ ഉണ്ടാകാത്തതിനാൽ അയാളെ അവർ ഭ്രാന്തനെന്നു വിളിച്ചു. അനുഗമിക്കാൻ ആളുകളുണ്ടായിരുന്നെങ്കിൽ ആ മനുഷ്യൻ ഒരു നേതാവോ, ദൈവത്തിൻ്റെ പ്രതിപുരുഷനോ ആകുമായിരുന്നു.വെയിലിൻ്റെ തീഷ്ണത കുറഞ്ഞു തുടങ്ങിയിരുന്നു അന്നേരം. ആളുകൾ കുറേ നേരം അയാളെപ്പറ്റി ഊഹാപോഹങ്ങൾ തങ്ങളാലാവും വിധം പറഞ്ഞു പൊലിപ്പിച്ച് പിരിഞ്ഞു പോയി.
ആ മനുഷ്യൻ മറവിയിലേക്ക് തെന്നി മാറുകയും, മൈതാനത്തിൽ ഇളകിയ മണ്ണിനെ വെയിൽ ഉണക്കിപ്പൊടിക്കുകയും, കാറ്റ് ചുഴറ്റി പറപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു. വൈകുന്നേരങ്ങളിൽ മൈതാനത്തിൽ പതിവായി കളിക്കുവാൻ എത്തുന്ന കുട്ടികൾ അയാളെ പ്രാകിക്കൊണ്ട് പൊടി മണ്ണ് കാലു കൊണ്ട് കുഴികളിൽ തട്ടി നിറച്ചു. മൈതാനത്തിൻ്റെ ആകാശത്ത് മൺനിറം ചെമ്പൻ ചായം പോലെ ഉയർന്നു നിന്നു.
കാമ്പസിൽ ഒരുതുണ്ടു കയറിൽ, പ്രത്യയശാസ്ത്ര വിരുദ്ധത ആരോപിക്കപ്പെട്ട് ക്രൂരപീഡനങ്ങൾക്കിരയായി പിടഞ്ഞു മരിച്ച നിസ്സഹായനായ ഒരു യുവാവിൻ്റെ ജഡത്തിനരികിൽ നിന്ന്, അവൻ്റെ ആമാശയത്തിൽ ശേഷിച്ച ആഹാരത്തിൻ്റെ കണക്കു പറയുന്ന കുട്ടിനേതാവിനെ നോക്കി ഒരു തണൽ മരച്ചുവട്ടിൽ ആ മനുഷ്യൻ നിന്നു. പട്ടിണിക്കിട്ടുകൊന്നതിന് തെളിവെന്തെന്ന് ചാനൽ ചർച്ചയിൽ അസഹ്യതയോടെ ചോദ്യമെറിഞ്ഞ് ഉത്തരത്തിനായി കാത്തു നിൽക്കാതെ ഇറങ്ങിപ്പോകുന്ന കുട്ടിനേതാക്കളേയും ആ മനുഷ്യൻ നെഞ്ചിലെ നീറ്റലോടെ കണ്ടു. സാധാരണക്കാരൻ്റെ പട്ടിണി മാറ്റാൻ ഉരുവംകൊണ്ട പ്രത്യയശാസ്ത്രങ്ങൾ മനുഷ്യനെ പീഡനങ്ങൾക്കിരയാക്കുകയും, പട്ടിണിക്കിട്ട്, മലിന ജലം കുടിപ്പിച്ച്, കിരാതമായി കൊല്ലുന്ന കാഴ്ചയുടെ പൊള്ളലിൽ അയാളുടെ ഉള്ളുരുകി. ഭാവിയെ നയിക്കേണ്ടവർ അഹങ്കാരത്തിൻ്റെ മേലാപ്പുമായി നടക്കുന്നത് സഹിക്കാനാവാതെ അയാൾ കണ്ണീർ വാർത്തു. മുരടിച്ച പ്രത്യയശാസ്ത്രത്തിൻ്റെ തായ് വേരിലെവിടെ നിന്നെങ്കിലും പ്രതീക്ഷയുടെ ഒരു ചെറുമുളയെങ്കിലും പൊട്ടി മുളച്ചു വരാതിരിക്കില്ല എന്നയാൾ ഉറച്ചു വിശ്വസിച്ചു.
മരണാസന്നമായ വേനലിൻ്റെ നെഞ്ചിലെ അവസാന പെടപ്പെന്നതു പോലെ ഇടി മുഴങ്ങി. ഇടി മുഴക്കത്തിൻ്റെ അലയൊലികൾക്കൊപ്പം എവിടെ നിന്നോ അയാൾ മൈതാന മദ്ധ്യത്തിൽ മുളച്ചുപൊന്തി. മൈതാനത്തിൽ രണ്ടു കുട്ടികൾ പന്തുതട്ടിക്കളിക്കുന്നുണ്ടായി രുന്നു അപ്പോൾ. പന്തു തട്ടി നിവർന്നപ്പോൾ മുന്നിൽ ഒരു മനുഷ്യനെ കണ്ട് ആ കുട്ടികൾ അതിശയപ്പെട്ടു. അയാളുടെ മുഖം കണ്ടപ്പോൾ അവർക്ക് ചിരിപൊട്ടി. ചിതറി വീഴുന്ന പോപ്കോൺ ചിന്തകൾ അവരിൽ പിന്നെയും ചിരി നിറച്ചു. അവർ നിറചിരിയോടെ മലയോരത്തെ തങ്ങളുടെ വീട് ലക്ഷ്യമാക്കി ഓടിപ്പോയി.
തീഷ്ണമാകുന്ന രാഷ്ട്രീയ സംവാദങ്ങൾക്കിടയിൽ സ്ട്രോംഗ് ചായ വിത്തും വിത്തൗട്ടും വേർതിരിച്ച് അടിച്ചു പതപ്പിച്ച് വിളമ്പുകയായിരുന്നു സോളമൻ. അതിനിടയിലേക്കാണ് ക്ഷീണിച്ചതെങ്കിലും തീഷ്ണമായ നോട്ടവും, ചൈതന്യം തുളുമ്പുന്ന മുഖവും, പാതിക്കപ്പുറത്തേക്ക് വളർന്ന കഷണ്ടിയും ഉള്ള ഒരാൾ കയറി വന്നത്. ഈ മുഖം എവിടെയോ കണ്ടിട്ടുള്ളതുപോലെ സോളമന് അനുഭവപ്പെട്ടു. പറ്റെവെട്ടിയ മുടിയും അച്ചടക്കമുള്ള മീശയും ഫ്രഞ്ച് താടിയും അയാൾക്ക് ഒരു കുലീനത്വം തോന്നിച്ചു. സോളമൻ്റെ ചായക്കടയുടെ ചായ്ച്ചുകെട്ടിലെ ബഞ്ചിലിരുന്ന് കട്ടൻ കാപ്പിയും പരിപ്പുവടയും കഴിച്ചു കൊണ്ട് അകത്തെ രാഷ്ട്രീയ ചർച്ചകളിലേക്ക് ചെവിയെറിഞ്ഞു ചിരിച്ച്, അയാൾ തൻ്റെ തലയിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു.
സാധാരണക്കാരൻ്റെ അവകാശ സംരക്ഷണത്തിനായി രൂപം കൊണ്ട സംഘടനകൾ എല്ലാം ഇപ്പോൾ മുതലാളിത്തത്തിൻ്റെ അരമന കാവൽക്കാരായിരിക്കുന്നുവല്ലോ എന്നാണ് ആ മനുഷ്യൻ അപ്പോൾ ചിന്തിച്ചത്. നാമാവശേഷമായ നാടുകളിലെല്ലാം അടിവേരുകൾ നഷ്ടപ്പെട്ട് ഒരു വിലാപംപോലും അവശേഷിപ്പിക്കാതെ മൺമറഞ്ഞു പോയ പ്രത്യയശാസ്ത്രങ്ങളെ കുറിച്ചോർക്കവേ അയാളുടെ ഇരു ചെന്നിയും വല്ലാതെ വേദനിക്കുകയും അയാൾ കൈകളിൽ തല താങ്ങി കുനിഞ്ഞിരിക്കുകയും ചെയ്തു.
“ എവിടേക്കാണ് താങ്കൾക്ക് പോകേണ്ടത്? ആരാണ് താങ്കൾ ?”
സോളമൻ മെല്ലെ ചോദിച്ചു. അയാൾ കുമ്പിട്ടിരുന്ന തലഉയർത്തി. ഇരുട്ട് വന്നതും സാധാരണക്കാരനെ ഊറ്റിപ്പിഴിയേണ്ടതെങ്ങനെയെന്ന് താത്വിക അവലോകനം നടത്തി പ്രത്യയശാസ്ത്രം ചവച്ചു കൊണ്ടിരുന്നവർ ഇറങ്ങിപ്പോയതും താൻ അറിഞ്ഞതേയില്ലല്ലോ എന്ന് അയാൾ അന്നേരം ഓർത്തു. താനിറങ്ങിയാൽ പീടിക പൂട്ടിപ്പോകാമെന്ന അക്ഷമ അയാൾ സോളമൻ്റെ മുഖത്ത് ദർശിച്ചു. ഇരുപതു രൂപ മേശമേൽ വച്ച് ഒന്നു പുഞ്ചിരിച്ച് ആ മനുഷ്യൻ ഇരുട്ടിലേക്കിറങ്ങി.
പിന്നീട് അയാൾ പ്രത്യക്ഷപ്പെട്ടത് ഇങ്കുലാബിൻ്റെ മഹാസമ്മേളന വേദിക്കരികിലായിരുന്നു. അലകടൽ പോലെ ഒഴുകി നിറയുന്ന ജനങ്ങൾ അയാളിൽ സന്തോഷത്തിൻ്റെ അലകളുയർത്തിയെങ്കിലും ബൂർഷ്വാ മുതലാളിത്തത്തിൻ്റെ ദുർഗന്ധം എവിടെ നിന്നോ അവിടമാകെ പരക്കുന്നതായി അയാൾക്ക് അനുഭവപ്പെടുകയും ഇരു ചെന്നികളിലും ഞരമ്പ് തടിച്ചു വന്ന് നൊമ്പരപ്പെടുത്തുകയും ചെയ്തു. അയാൾ ആൾകൂട്ടത്തിനിടയിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിച്ചു. മുതലാളിത്തത്തിൻ്റെ ദുർഭൂതങ്ങൾ ഉടയാത്ത വേഷവിധാനങ്ങളോടെ ആർഭാടത്തിൻ്റെ വേദിയിലിരുന്ന് മണ്ണിൻ്റെ മണത്തെ പറ്റിയും, വിയർപ്പിൻ്റെ വിലയെ പറ്റിയും, സാധാരണക്കാരൻ്റെ പട്ടിണിയെ പറ്റിയും ഘോരഘോരം പ്രസംഗിക്കുന്നത് കേൾക്കെ കോൾമയിർ കൊള്ളുന്ന മുഖവും, മുഷിഞ്ഞ വേഷവും, അലക്ഷ്യമായ മുടിയുമുള്ള സാധാരണക്കാരെ അയാൾ കണ്ടു. കത്തിച്ചു പിടിച്ചിരുന്ന ബീഡി വലിക്കാൻ പോലും മറന്നു പോയവരും കൂട്ടത്തിലുണ്ടായിരുന്നു. അവർ പറയുന്ന വർഗ്ഗസമരസമവാക്യങ്ങൾ മനസ്സിലായില്ലെങ്കിലും ചിരിച്ച് തലയാട്ടിക്കൊണ്ടിരിക്കുന്നവരേയും ആ കൂട്ടത്തിൽ അയാൾ കാണുകയുണ്ടായി. മുതലാളിത്തത്തിൻ്റെ അടിവേരറുക്കാൻവേണ്ടി തുടങ്ങിയ പ്രസ്ഥാനം അധ:പതനത്തിൻ്റെ കുഴിയ്ക്കരികിലേക്ക് നടന്നു പോകുന്നത് അയാൾ നേരിൽ കാണുകയായിരുന്നു.
തൻ്റെ മനസ്സിൽ വേർതിരിച്ചെടുക്കാനാവാത്ത ഒരു വിലാപം ഉരുവം കൊള്ളുന്നത് അയാൾ അറിഞ്ഞു. ശക്തമായ അടിയൊഴുക്കുള്ള നദിയുടെ ഉപരിതലംപോലെ ശാന്തമായിരുന്നു അപ്പോൾ ആ മുഖം. അയാൾ ചായുന്ന വെയിലിനെതിരെ സാവധാനം നടന്നു. വഴിവക്കിൽ ഉയർത്തിയിരുന്ന കൂറ്റൻ പരസ്യ ബോർഡിൻ്റെ മുന്നിൽ കുറേ കുട്ടികൾ കൂടി നിന്നിരുന്നു. അവർ ആ ബോർഡിൽ തങ്ങൾക്കറിയാവുന്ന മുഖങ്ങൾ കണ്ടെത്തുന്ന ഒരു പ്രത്യേക തരം കളിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. കൈയ്യിലിരിക്കുന്ന കമ്പു കൊണ്ട് ബോർഡിലെ മുഖങ്ങളിൽ തൊട്ട് ശരിയുത്തരം ആദ്യം പറയുന്നതാര് എന്നതായിരുന്നു ആ കളി. കൂടുതൽ ശരിയുത്തരം പറയുന്ന ആൾ വിജയി. കുട്ടികൾ ആവേശത്തോടെ ഓരോ മുഖവും തൊട്ടു കൊണ്ട് ഉത്തരം പറഞ്ഞു കൊണ്ടിരുന്നു. ശരിയായാലും തെറ്റായാലും വിധികർത്താവിൻ്റെ അഭിപ്രായമായിരുന്നു അവസാന വാക്ക്. അവർ മാർക്സിനെ തൊട്ടു കാണിച്ച് ലെനിൻ എന്നും,ലെനിനെ തൊട്ടു കാണിച്ച് സ്റ്റാലിൻ എന്നും പറഞ്ഞു ജയിച്ചു കൊണ്ടിരുന്നു. അവരുടെ രസകരമായ ആ കളി നോക്കി നിൽക്കവേ തൻ്റെ ഉള്ളിൽ നിന്ന് വിഷാദം പടിയിറങ്ങിപ്പോകുന്നത് അയാളറിഞ്ഞു. കുട്ടികളുടെ കളിചിരികളിൽ ആ മനുഷ്യൻ സോഷ്യലിസം ദർശിച്ചു. ജയിച്ചവരും തോറ്റവരും ഒരു പോലെ സന്തോഷിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ ചിരിക്കുന്നു. ആ ചിരിയിൽ സോഷ്യലിസം പുഷ്പിക്കുന്നു.
കളികൾക്കിടയിൽ ഒരു കുട്ടി തിരിഞ്ഞു നോക്കി. മൈതാനത്തിൽ വച്ചു കണ്ട എട്ടുവയസുകാരൻ ആയിരുന്നു അവൻ. തങ്ങളുടെ കളിയിൽ രസം പിടിച്ചു നിൽക്കുന്ന ആ മനുഷ്യനെ അവൻ കണ്ടു. അപ്പോൾ അവന് ചിരിപൊട്ടി. അവൻ കൂട്ടുകാരനെ തോണ്ടി. മൈതാനത്തിൽ പോപ്കോൺ വിതറുമെന്ന് വിചാരിച്ച കഥ പറഞ്ഞ് അവർ ചിരിച്ചു. ആ എട്ടു വയസുകാരൻ പൊടുന്നനെ ചിരിനിർത്തി അയാളുടെ മുഖത്തേക്കും ബോർഡിലെ ചിത്രത്തിലേക്കും അവൻ മാറി മാറി നോക്കി. കൂട്ടുകാരോട് അതേ പറ്റി പറഞ്ഞ് തിരിഞ്ഞപ്പോൾ അയാൾ എവിടേക്കു പോയെന്ന് അവർ അതിശയിച്ചു. കാണാവുന്നിടത്തൊന്നും അയാൾ ഉണ്ടായിരുന്നില്ല.
പിറ്റേന്ന് സമയം ഉച്ചകഴിഞ്ഞിരുന്നു. തൊഴിലാളി വർഗ്ഗത്തിൻ്റെ ആസ്ഥാന മന്ദിരത്തിനു മുൻപിൽ ആളുകൾ കൂടിക്കൊണ്ടിരുന്നു. മൂലക്കല്ലുകളില്ലാതെ ഒരു സ്തൂപം കണക്കു നിർമ്മിച്ചിരിക്കുന്ന ബഹുനിലമന്ദിരമായിരുന്നു അത്. അതിൻ്റെ മുൻപിൽ ഒരാൾ കുഴിക്കുകയായിരുന്നു. പിക്കാസു കൊണ്ട് ആഞ്ഞു കിളക്കുകയും കൈക്കോട്ടു കൊണ്ട് കോരി മാറ്റുകയും ചെയ്തു കൊണ്ടിരുന്നു അയാൾ. എത്ര പെട്ടെന്നാണ് ആ കുഴി ആഴങ്ങളിലേക്ക് പടർന്നിറങ്ങുന്നത് എന്ന് അത്ഭുതപ്പെടുകയായിരുന്നു ആളുകൾ. ചെറുപ്പക്കാർ വല്ലാതെ ആക്രോശിച്ചു കൊണ്ടിരുന്നു. അയാൾ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അവസാനം തളർച്ചയുടെ പാരമ്യതയിൽ അയാൾ കുഴിയിൽ നിന്ന് മുകളിലേക്കുകയറി. തൻ്റെ അന്വേഷണം വിഫലമായതിൻ്റെ വിഷമം ആ മുഖത്ത് അവർ കണ്ടു. താൻ കുഴിച്ചതിലും വേഗത്തിൽ അയാൾ കുഴി മൂടാൻ തുടങ്ങി.മുമ്പെങ്ങനെ ആയിരുന്നോ അതിലും ഭംഗിയായി അയാൾ അവിടം വൃത്തിയാക്കി. അയാൾ ഒരു മായാജാലക്കാരനാണെന്ന് അവർക്കു തോന്നി. ഇത്ര നേരവും തങ്ങൾ ഏതോ കൺകെട്ടു വേല കണ്ടു കൊണ്ടിരിക്കുകയായിരുന്നു എന്ന് വിശ്വസിക്കാൻ അവർ ശ്രമിച്ചു. അപ്പോൾ രണ്ടു നിയമപാലകർ മുന്നോട്ടു വന്നു അയാളുടെ തീഷ്ണമായ നോട്ടത്തിനു മുൻപിൽ തങ്ങൾ ചെറുതാകുന്നതു പോലെ അവർക്കു തോന്നി.
അയാൾ പറഞ്ഞു:
“ ജീർണ്ണത ബാധിച്ച പ്രത്യയശാസ്ത്രങ്ങളുടെ തായ് വേരു തിരയുകയായിരുന്നു ഞാൻ. പ്രതീക്ഷയുടെ ഒരു ചെറുനാമ്പെങ്കിലും മുളച്ചു പൊന്തുമെന്ന് വെറുതെ ഞാൻ പ്രതീക്ഷിച്ചു. കുറച്ചു നാളുകളായി പലയിടത്തും തിരയുന്നു. അദ്ധ്വാനവർഗ്ഗത്തിൻ്റെ പേരു പറഞ്ഞ് തലപ്പത്തു നിൽക്കുന്നവരിൽ ഞാൻ മുതലാളിത്തത്തിൻ്റെ അവിശുദ്ധം മണക്കുന്നു. ഇവിടെ ഞാൻ ചില കുരുന്നുകൾക്കിടയിൽ സോഷ്യലിസം കണ്ടു. ബാക്കിയുള്ളിടമെല്ലാം സ്വാർത്ഥതയുടെ കൂത്തരങ്ങായി മാറിക്കഴിഞ്ഞിരിക്കുന്നു. മുതലാളിത്തത്തിൻ്റെ പിടിയിൽ നിന്നും ഇനി രക്ഷയില്ല. ആർക്കും, ഒന്നിനും ഇസങ്ങളെല്ലാം കവല പ്രസംഗത്തിനിടയിൽ ആളെ പിടിച്ചിരുത്തുന്നതിനുള്ള മദ്യചഷകങ്ങൾ മാത്രമായി മാറിയിരിക്കുന്നു. ”
“ആരാണ് താങ്കൾ ?”
സ്തൂപാഗ്രത്തു നിന്നിറങ്ങി വന്നയാൾ ക്രുദ്ധനായി ചോദിച്ചു. പശമുക്കിത്തേച്ച ചുളിവു വീഴാത്ത മുണ്ടും ഷർട്ടും ധരിച്ചു .നിൽക്കുന്നയാളെ നോക്കി ആ മനുഷ്യൻ ചിരിച്ചു. ലോകത്തുള്ള സർവ്വ പുച്ഛങ്ങളും ചാലിച്ച ഒരു ചിരി. എന്നിട്ട് കവാടത്തിൽ ഫ്രെയിമിട്ടു തൂക്കിയിരിക്കുന്ന ഒരു ചിത്രത്തിനു നേർക്ക് കൈ ചൂണ്ടി.
“ സഖാവ് ലെനിൻ !!!”
ആൾക്കൂട്ടം മർമ്മരമായി.
എവിടേക്കാണ് ആ മനുഷ്യൻ മറഞ്ഞത് എന്ന് ചിന്തിക്കുന്നതിനു മുമ്പേ വെയിൽ മായുകയും ഇടി മുഴങ്ങുകയും ചെയ്തു. അപ്പോൾ രണ്ടു കുട്ടികൾ വായ നിറയെ പോപ്കോൺ ചവച്ച് നിറഞ്ഞു ചിരിച്ചു കൊണ്ട് അതിലേ നടന്നു പോയി.
About The Author
No related posts.