അമ്മതന്‍ഗന്ധമാണവിടെല്ലാമെന്നുണ്ണി
അച്ഛന്റെ കാതില്‍ പറഞ്ഞു മെല്ലെ
തൂത്തുംതുടച്ചുംതണുത്തൊരാ ജീവിതം
തൂവലുപോലെ പറന്നുയര്‍ന്നു
ഉണ്ണിയ്ക്കുരുട്ടിയ ചോറുരുളയന്ന്
ഉണ്ണാതുണങ്ങിയുറച്ചുപോയി
അമ്മയുമുണ്ണിയുമിന്നലെയന്തിക്ക്
പുല്‍ക്കൂടൊരുക്കിച്ചമച്ചതാണ്
നക്ഷത്രം തൂക്കുവാനമ്മയെണീല്‍ക്കാ-
ത്തതെന്തെന്നുമുണ്ണിയറിഞ്ഞതില്ല
അയയിലെ,കഴുകാത്ത പുടവയിലുണ്ണിതന്‍
കണ്ണീര്‍ക്കണങ്ങള്‍
നനഞ്ഞുണങ്ങി
പൊടികള്‍നിറഞ്ഞ ജനല്‍പാളിയാ ദുഃഖം
പുലരുവോളംവരെ കരഞ്ഞുതീര്‍ത്തു
അടുക്കളയിലടുക്കാത്ത പാത്രങ്ങള്‍
അടുപ്പിനോടക്കഥയും പറഞ്ഞു
അലമാരയ്ക്കുള്ളിലടുക്കിയ സാരികള്‍
വിധിയെപ്പഴിച്ചുവീര്‍പ്പുമുട്ടി
ഉണ്ണിയോടെന്തുപറയുമെന്നറിയാതെ
ഉണ്ണീടെയച്ഛന്‍ നിശബ്ദനായി
ക്രിസ്തുമസ് രാവിന്റെ ആഘോഷവേളയില്‍
കണ്ണുനീര്‍മുത്തുകള്‍ ചിതറിവീണു…












Happy Christmas 🎄🎁