മൊബൈല്‍ ഫോണ്‍ ചെവിയില്‍നിന്നെടുത്ത് അതിലേക്കൊന്നു തുറിച്ചു നോക്കി സിന്ധു. മുഖത്തെ പ്രകാശം മാഞ്ഞു. റിങ്ങുണ്ട്. എത്ര വിളിച്ചിട്ടും ഫോണ്‍ അറ്റന്‍ഡു ചെയ്യുന്നില്ല ലണ്ടനില്‍ പഠിക്കുന്ന മകന്‍. റിങ് ഒരു വട്ടം കൂടി അടിച്ചു പൂര്‍ത്തിയായതോടെ ഫോണ്‍ മേശപ്പുറത്തേക്കിട്ടു.
മനസ്സ് അസ്വസ്ഥമാണ്. ഓരോ നിമിഷങ്ങവും മകനെപ്പറ്റി മാത്രമാണ് ചിന്ത. ജനാവലിയിലൂടെ പുറത്തേക്ക് നോക്കി. അവളുടെ മനസ്സുപോലെ തന്നെ പ്രകൃതിയും അസ്വസ്ഥമാണ്. ഭൂതലമാകെ ആക്രമം അഴിച്ചുവിടുകയാണ് കാറ്റ്. തെങ്ങോലകള്‍ അടര്‍ന്നുപറക്കുന്നു, മരക്കൊമ്പുകള്‍ ഒടിഞ്ഞുതൂങ്ങുന്നു, അണ്ണാറക്കണ്ണന്മാര്‍ ഭയന്ന് ചിലച്ചോടുന്നു, കിളികള്‍ മരക്കൊമ്പുകളിലിരിക്കാനാവാതെ ലക്ഷ്യം തെറ്റി പറക്കുന്നു.
ജനാലപ്പാളികല്‍ വലിച്ചടച്ച്, സിന്ധു കട്ടിലില്‍ വന്ന് കമിഴ്ന്നു കിടന്നു. കൊച്ചുകുഞ്ഞിനെപോലെ തലയിണയില്‍ മുഖമര്‍ത്തി തേങ്ങിക്കരഞ്ഞു. പുറത്ത് കാറ്റിരമ്പുന്ന ശബ്ദം അവളുടെ മനസിലെ കടലിരമ്പത്തിനോളം ഉയര്‍ന്നിരുന്നില്ല. ഇളം ചില്ലകള്‍ ഒടിഞ്ഞുവീഴുമ്പോള്‍ മരങ്ങള്‍ക്കും വേദനിക്കുമോ? സര്‍വസാക്ഷിയായ സൂര്യന് പതിവുള്ള നിര്‍മമ ഭാവം, ഞാനിതൊക്കെ എത്രകണ്ടു, എനിക്കെന്തു ചേതം എന്ന മട്ട്.
സിന്ധുവിന്റെ മനസ് ഏഴാം കടലിനക്കരെ, മകന്റെ ചാരേ പറന്നുചെന്നു. എന്താണ് അവന്‍ എന്നില്‍നിന്ന് ഇങ്ങനെ അകലുന്നത്? എങ്ങനെയാണ് അവന്റെ ഹൃദയം ഇത്ര കഠിനമായിപ്പോയത്? പണം കുഴപ്പക്കാരനാണ്. പണത്തിന് വേണ്ടി സ്വന്തം ശരീരം വില്‍ക്കുന്ന ഏതൊരമ്മയെയും മകന്‍ വെറുത്തെന്നിരിക്കും. അത് ഹൃദയത്തെ കഠിനപ്പെടുത്തുക മാത്രമല്ല എല്ലാ ബന്ധങ്ങളും എന്നേയ്ക്കുമായി തകര്‍ത്തെന്നുമിരിക്കും. അമ്മ ചീത്തയെന്ന് മകന്‍ മുഖത്ത് നോക്കി പറഞ്ഞു.
പിന്നെന്തിന് അവനില്‍നിന്ന് ഇനിയും കനിവ് പ്രതീക്ഷിക്കുന്നു! എന്നുകരുതി, പെറ്റമ്മയ്ക്ക് സ്വന്തം മകനെ ഹൃദയത്തില്‍ നിന്നെങ്ങനെ പടിയിറക്കാനാകും….
എന്റെ യൗവ്വനത്തില്‍ എന്റെ അപ്പനും അമ്മയേയും ഞാന്‍ മാനിച്ചിരുന്നോ? അപ്പനെയും അമ്മയേയും നിന്ദിക്കുന്നവര്‍ ശപിക്കപ്പെടും. കയറൂരിവിട്ട കാളയും കൈവിട്ട കുട്ടിയും ഒരുപോലെയാണ്. മനസ്സൊരു വിഷാദ ബിന്ദുവില്‍ അങ്ങനെ കുരുങ്ങികിടന്നു. പിന്നെ അതിനു ചുറ്റും വട്ടം കറങ്ങി. മകനു മുന്നില്‍ നിരപരാധിത്വം തെളിയിക്കണമെന്നുണ്ട്. പക്ഷേ, എങ്ങനെ, അതിനുപോലുമില്ല ധൈര്യം. മകന്‍ വളര്‍ന്നിരിക്കുന്നു. അവിനില്‍നിന്നിനി എന്തു മറച്ചുവച്ചിട്ട് എന്തുകാര്യം!
അവന്‍ കണ്ടതും അവന്‍ കേട്ടതും തന്നെയാണ് അവന്റെ സത്യം. എന്റെ സത്യം മറ്റൊന്നായിരിക്കും, പക്ഷേ, എനിക്കവനെ കുറ്റപ്പെടുത്താനും കഴിയില്ല. വ്യഭിചാരവും ദുഷ്ടതയും തകര്‍ത്തു കളഞ്ഞതാണ് യരുശലേമിലെ സോദോം ഗോമാറയെയും, പഴയ ബാബിലോണിയയെയും റോമാ സാമ്രാജ്യത്തെയുമെല്ലാം. അങ്ങനെയൊരു നാശത്തിന്റെ വിത്ത് ഞാന്‍ വിതച്ചല്ലോ എന്നൊക്കെ വേണമെങ്കില്‍ ചിന്തിക്കാം. പക്ഷേ, ആരെ ബോധ്യപ്പെടുത്താന്‍? വന്‍ നഗരങ്ങളില്‍ സൈന്യത്തെപ്പോലെ വേശ്യകളുണ്ട്. അവനും അങ്ങനെയൊരു നഗരത്തിലാണ് പാര്‍ക്കുന്നത്.
മകന്‍ എത്ര വളര്‍ന്നാലും അമ്മയ്ക്കു കൊച്ചു കുട്ടി തന്നെ. മേശപ്പുറത്തിരുന്ന അവന്റെ ഫോട്ടോയിലേക്ക് നോക്കി. കണ്ണുകള്‍ നിറഞ്ഞു. മകനെ പിരിഞ്ഞിരിക്കുന്ന ഒരമ്മയുടെ ഹൃദയസ്പന്ദനം അവനറിയില്ല, ഒരിക്കലും അവനതറിയാന്‍ കഴിയുകയുമില്ല. ആ ഫോട്ടോയിലേക്ക് നോക്കുമ്പോള്‍ കണ്ണുകള്‍ വിടര്‍ന്നു. കൃഷ്ണമണികല്‍ നിശ്ചലമായി. എണ്ണിയാലൊടുങ്ങാത്ത പോലെ യാത്ര ചോദിച്ചാണവന്‍ ലണ്ടനിലേക്ക് പുറപ്പെട്ടത്. അന്നവനെ ആശീര്‍വദിച്ചയയ്ക്കാനുള്ള മനോനിലയില്‍ പോലുമായിരുന്നില്ല. സമനില വീണ്ടെടുത്തപ്പോള്‍ ആദ്യം തിരക്കിയത് അവനെത്തന്നെയാണ്. അവന്‍ എവിടെ പോയി? എവിടെയുറങ്ങും? എവിടെനിന്ന് ആഹാരം കഴിക്കും? തെളിഞ്ഞ മാനത്തേക്ക് ഇരച്ചുകയറി മേഘപാതം പോലെ അവളുടെ മനസ് വീണ്ടും വിങ്ങി.
അവനെ പ്രസവിച്ചെന്നല്ലാതെ പോറ്റി വളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. നല്ല അമ്മമാര്‍ മക്കളെ സ്‌നേഹിച്ചും ലാളിച്ചു താലോലിച്ചും വളര്‍ത്തും. അവന്റെ അമ്മയ്ക്ക് നേരമുണ്ടായിരുന്നില്ല. കോളേജില്‍ പഠിച്ചുകൊണ്ടിരിക്കെ സംസ്ഥാനതലത്തില്‍ നടന്ന മത്സരത്തില്‍ നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ടിടത്ത് തുടങ്ങി അവളുടെ ജീവിതത്തിലെ വഴിത്തിരിവ്. ആ നാടകം എഴുതിയ വിപ്ലവകാരിയെ ആരാധിച്ചു, പ്രണയിച്ചു. വീട്ടുകാരെ വെല്ലുവിളിച്ച് അവനൊപ്പം ഇറങ്ങിത്തിരിച്ചു. വീട്ടുകാര്‍ എതിര്‍ത്തു, ഹിന്ദുക്കളും ക്രിസ്ത്യാനികളും എതിര്‍ത്തു. പിന്നെ എല്ലാവരും വെറുത്തു. വിവാഹം കഴിക്കാതെ ഒരു സ്ത്രീ ഒരു പുരുഷനൊപ്പം ഒരുമിച്ചു കഴിയുക. ഗര്‍ഭിണിയാകുക. അതിനുശേഷം രജിസ്റ്റര്‍ ആഫീസില്‍ വെച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യുക. ഇതെല്ലാം കണ്ട് മറ്റുള്ളവര്‍ മൂക്കത്ത് വിരല്‍ വച്ചു.
എല്ലാ മതാചാരങ്ങളെയും വെല്ലുവിളിക്കുന്ന കഥകള്‍ രമേശ് താമരക്കുളത്തിന്റെ തൂലികയില്‍നിന്നുതിര്‍ന്നുവീണു. അവ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു. അവനെ കാണുമ്പോള്‍ പലരുടെയും കണ്ണുകളില്‍ രോഷം കത്തിപ്പടര്‍ന്നു. നാടക പ്രേമികള്‍ അഞ്ചല്‍ തീയറ്റേഴ്‌സിന്റെ നാടകം കാണാന്‍ ക്ഷേത്രോത്സവങ്ങള്‍ക്കും പള്ളിപ്പെരുനാളുകള്‍ക്കും തടിച്ചുകൂടി. ശത്രുക്കളും മിത്രങ്ങളും രമേശിനെ പിന്‍തുടര്‍ന്നു. എന്നിട്ടും തിളങ്ങുന്ന നിയോണ്‍ വിളക്കുകളുടെ പ്രകാശവലയത്തില്‍ നാടകങ്ങള്‍ അരങ്ങ് തകര്‍ത്തുകൊണ്ടിരുന്നു.
അരങ്ങില്‍ നില്‍ക്കുന്ന സുന്ദരിയുടെ കവിള്‍ത്തടങ്ങളിലൊന്ന് ചുംബിച്ചോട്ടെയെന്ന് മുന്നിലിരുന്ന ആരോ വിളിച്ചു പറഞ്ഞു. ആ കണ്ണകളും കവിള്‍ത്തടങ്ങളും തിളങ്ങി. ആള്‍ക്കൂട്ടത്തിന്റെ ആരാധനയില്‍ അവള്‍ മനംമയങ്ങി. ആ ജീവിതത്തില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. നാടകവേദികളുടെ പിന്നാമ്പുറത്തും ഗ്രീന്‍ റൂമുകളിലമൊക്കെ അവനെ ഉറക്കി. അണിയറയില്‍ അവനെ പിച്ചവയ്പ്പിക്കാന്‍ ആളുകളുണ്ടായി. പക്ഷേ, താനും രമേശും ചെയ്ത കുറ്റമെന്താണെന്ന് അപ്പോഴും മനസിലായിരുന്നില്ല. രണ്ട് മതത്തില്‍പ്പെട്ടവര്‍ സ്‌നേഹിച്ചു. മാതാപിതാക്കളുടെ അനുവാദമില്ലാതെ രജിസ്റ്ററാഫീസില്‍ വിവാഹിതരായി. തുലാക്ക് എന്ന ചെറുകഥയില്‍ രമേശ് മതങ്ങളെ തുലാസ്സില്‍ തൂക്കി നോക്കി. മത ഭക്തി വെറും നാട്യവും വ്യാപാരവുമാണെന്ന് അവനെഴുതി.
ആ ത്രാസ്സില്‍ കുറെ നല്ലവരും കൂടുതല്‍ കൊള്ളരുതാത്തവരുമാണെന്ന് അവന്റെ കഥാപാത്രങ്ങള്‍ ആസ്വാദകരോടു പറഞ്ഞു. കാണാത്ത ദൈവത്തെ വിശ്വസിക്കുന്നതും, വിശ്വസിപ്പിക്കുംവിധം കാര്യങ്ങള്‍ ചെയ്യുന്നവരും അന്യായമല്ലേ. ഇത് കള്ളമല്ലേ? രമേശിനോട് യോജിപ്പായിരുന്നു സിന്ധുവിനും. ബൈബിളില്‍ വിശുദ്ധ പൗലോസ് എഴുതുന്നത് നാം തമ്മില്‍ അവയവങ്ങള്‍ എന്നാണ്. മതങ്ങള്‍ ഒരേ അവയവങ്ങളാകാതെ ഭക്തി നടത്തി ദൈവത്തിന്റെ പേരില്‍ മാന്യരെ ഭയപ്പെടുത്തുന്നു. ഇവരെല്ലാം നാവുകൊണ്ട് കളവും കൊലപാതകം ചെയ്യുന്നവരുമാണ്. കേരളത്തില്‍ എത്രയോ ദേവീപൂജകളാണ് നടക്കുന്നത്. ഈ ദേവീമാരെ പൂജിക്കുന്ന പുരുഷന്മാര്‍ സ്വന്തം ഭാര്യമാരെ പീഡിപ്പിക്കുന്നില്ല, സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നില്ലേ? ബലാല്‍സംഗം ചെയ്യുന്നില്ലേ? ഈ പുരുഷന്മാരെ തുലാസ്സില്‍ തൂക്കുകതന്നെ വേണം.
രമേശിന്റെ വാക്കുകള്‍ എന്നും ഒര്‍ക്കാറുണ്ട്. അവളവനോട് ചോദിച്ചിട്ടുണ്ട്, ഈശ്വരന്‍ നമ്മളെ തൂക്കിനോക്കുമ്പോള്‍ നമ്മുടെ തട്ട് എങ്ങനെ നില്‍ക്കും? സിന്ധു, ഈശ്വരനാവശ്യം ക്രൂശിന്റെ രൂപമല്ല, ദേവീ വിഗ്രഹമല്ല, യേശുവിന്റെയും കൃഷ്ണന്റെയും പടമല്ല. ഇതെല്ലാം മനുഷ്യനിര്‍മ്മിതമാണെന്നോര്‍ക്കണം. ഈശ്വരനാവശ്യം സ്‌നേഹമാണ്, നന്മയാണ്, സല്‍പ്രവൃത്തികളാണ്. ഇവിടെ ഈശ്വരന്റെ എല്ലാം കല്‍പനകളും ലംഘിക്കപ്പെടുകയാണ്. മതങ്ങള്‍ തുറന്നിട്ടിരിക്കുന്ന ഇങ്ങനെയുള്ള വാതിലൂടെ സഞ്ചരിക്കാന്‍ എനിക്കാവില്ല- അവന്‍ പറഞ്ഞുകൊടുത്തു.
സ്‌നേഹസമ്പന്നനായ ഭര്‍ത്താവ്. വീട്ടിലും നാട്ടിലും വിശ്വാസത്തിലും ആദര്‍ശത്തിലും ഉറച്ചുനിന്നവന്‍. വിഗ്രഹാരാധനയിലെ യുക്തിരാഹിത്യത്തെക്കുറിച്ച് അമ്പലത്തിലെ കാര്യസ്ഥനായ സ്വന്തം അച്ഛന്‍ കൃഷ്ണന്‍നായരോട് ചോദിച്ചപ്പോള്‍, കുറെ വേദവാക്യങ്ങള്‍ ഉച്ചരിക്കാന്‍ മാത്രേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. അച്ഛനുമായുള്ള അകല്‍ച്ചയ്ക്ക് വഴിമരുന്നായിരുന്നു ആ വാദപ്രതിവാദം.
വീട്ടിലിരിക്കുമ്പോള്‍ വിശുദ്ധ യൂദാശ്ലീഹായുടെ പള്ളിയില്‍ നിന്ന് മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് മുഴങ്ങുന്നു. ശ്രീ. കായംകുളം അബ്ദുള്‍ഖാദര്‍, ശൂരനാട് മാത്യൂസ് എന്നിവര്‍ വിശുദ്ധ കുര്‍ബാനയ്ക്കായി അഞ്ഞൂറ് രൂപ തന്നിരിക്കുന്നു. പള്ളിയില്‍ ചെന്ന് അച്ചനെ കണ്ടു. ഇരുനൂറ്റി അന്‍പത് രൂപായ്ക്ക് മുകളില്‍ കൊടുക്കുന്ന തുകയ്ക്ക് മാത്രമെ മൈക്കിലൂടെ പേര് പറയൂ. പള്ളിക്കുള്ളില്‍ അല്‍പനേരമായിരുന്നു. യൂദാശ്ലീഹായുടെ മാര്‍ബിള്‍ രൂപത്തിനു മുന്‍പില്‍ ധാരാളം മെഴുകുതികികള്‍ എരിയുന്നു. വിശ്വാസികള്‍ ആ രൂപത്തില്‍ തൊട്ടുവന്ദിക്കുന്നു. മനുഷ്യ മനസ്സുകള്‍ക്ക് തീ പിടിക്കുന്നു.
സാഹിത്യ ലോകത്ത് രമേശ് അറിയപ്പെട്ടുതുടങ്ങിയിരുന്നു. പല സാഹിത്യവേദികളിലും രമേശിന്റെ പ്രസംഗം കേട്ടുതുടങ്ങി. രമേശിന്റെ കാഴ്ചപ്പാടുകളോടു യോജിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. അംഗീകാരവും ആദരവും തേടിയെത്താന്‍ തുടങ്ങി. ഇന്ത്യയില്‍ ഭീകരരെ വളര്‍ത്തുന്നത് ആരാണ്? ദരിദ്രരായ മനുഷ്യര്‍ എന്തുകൊണ്ട് തോക്കെടുക്കുന്നു. പ്രതീക്ഷയുടെ തിരിനാളവുമായി കാത്തിരിക്കുന്ന പാവപ്പെട്ട മനുഷ്യന്റെ മൗലികാവകാശങ്ങള്‍ എന്തുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മരണംവരെ കയ്യടക്കിവെക്കുന്നു. നമ്മുടെ നാടിന്റെ ദുരന്തത്തിന്റെ പ്രധാന കാരണമാണിത്. ഇവിടെ രാജ്യമല്ല പുരോഗതി പ്രാപിക്കുന്നത് മറിച്ച് വ്യക്തികളാണ്. ഇത് ജനാധിപത്യത്തിലെ അര്‍ബുദരോഗമാണ്. ഇതുമൂലം ഈ രാജ്യത്ത് പുരോഗതി പ്രാപിക്കുന്നത് ഭീകരര്‍, പട്ടിണി, നിരാശ, ദുഃഖം, ഭയം, പ്രതികാരം മുതലായവയാണ്. അമ്പലക്കാവ് അമ്പലത്തിന്റെ സാംസ്‌കാരിക വേദിയില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു രമേശ്. അതിന്റെ അദ്ധ്യക്ഷനായിരിക്കുന്നത് നാട്ടുപ്രമാണിയും സാമൂഹ്യപ്രവര്‍ത്തകനും അമ്പലത്തിന്റെ രക്ഷാധികാരിയുമായ രാമന്‍ നമ്പൂതിരി.
താടിയും മുടിയും നീട്ടി വളര്‍ത്തിയ രമേശിന്റെ തിളങ്ങുന്ന കണ്ണുകളിലേക്ക് എല്ലാവരും ഉറ്റുനോക്കിയിരുന്നു. രമേശ് തുടര്‍ന്നു. രാജ്യം രാജ്യത്തോടും വ്യക്തികള്‍ വ്യക്തികളോടും പ്രതികാരം ചെയ്യാന്‍ വെമ്പല്‍കൊള്ളുന്നകാലം. ഇവിടെയെല്ലാം രക്തസാക്ഷികള്‍ ആകുന്നത് ആരാണ്, പാവങ്ങള്‍. ഇവിടെ പ്രതികാരത്തിന് പകരം എന്തുകൊണ്ട് പ്രതിക്ഷേധമായിക്കൂടാ? എന്തുകൊണ്ട് പ്രതിഫലമായിക്കൂടാ? ഈ പ്രതികാര മനസ്സുള്ളവന്‍ എന്തുകൊണ്ട് അമ്പലനടയില്‍ വരുന്നു? അവരുടെ ലക്ഷ്യം വോട്ടാണ്. ഈശ്വരന്‍ സ്‌നേഹമാണ്. അവിടെ പ്രതികാരമില്ല, ഏഷണിയില്ല, അന്യായമില്ല. മനുഷ്യരിലെ അത്യാഗ്രഹമാണ് അധികാരത്തിലിരിക്കുന്നവന്റെ കണ്ണ് കുരുടാക്കുന്നത്. ഒരുവന്‍ ധനവാനായാലും ദരിദ്രനായാലും ഈ ലോകത്ത് നിന്ന് ഒന്നും കൊണ്ട്‌പോകുന്നില്ല. എന്നാല്‍ നമ്മുക്ക് എന്തുകൊണ്ട് ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, തൊഴില്‍ ലഭിക്കുന്നില്ല. കാരണം നമ്മള്‍ കുരുടന്‍മാരാണ്. കണ്ണുണ്ടായിട്ടും കാണുന്നില്ല, ചെവിയുണ്ടായിട്ടും കോള്‍ക്കുന്നില്ല. ധനാന്യര്‍ രഹസ്യമായി വീതം വെച്ച് നീതികരിക്കപ്പെടുമ്പോള്‍ പാവങ്ങള്‍ സ്വയം കുറ്റം ഏറ്റെടുത്ത് ശിക്ഷ നടപ്പാക്കുന്നു. നിങ്ങള്‍ ആവേശം കാണിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്. ഞാന്‍ അടിവരയിട്ടുപറയുന്നു നമ്മള്‍ ജാഗ്രതപാലിച്ചില്ലെങ്കില്‍ നമ്മില്‍ ഒരുമാറ്റമുണ്ടായില്ലെങ്കില്‍ നമ്മുടെ സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍, അദ്ധ്വാനം, സൗന്ദര്യം, ഈശ്വ രന്‍ എല്ലാമെല്ലാം ആരോ എങ്ങോ തളച്ചിടുകതന്നെ ചെയ്യും. അത് ഇന്ത്യയുടെ രാജ്യസഭയിലേക്ക് പോകുന്നതിന് തുല്യമാണ്. വെറുതെ കിട്ടുന്ന ഒരു എം.പി സ്ഥാനം ഇന്ത്യയുടെ ജനാധിപത്യത്തില്‍ ഇങ്ങനെ പലരെയും തീറ്റിപ്പോറ്റുന്നുണ്ട്. വേദിയിലിരുന്നവരെല്ലാം പരസ്പരം കുശുകുശുത്തു.
അന്ന് രാത്രി രമേശിന്റെ നാടകം അമ്പലമുറ്റത്ത് കളിക്കുന്നുണ്ടായിരുന്നു. നാടകം കഴിഞ്ഞ് വാഹനത്തില്‍ മടങ്ങി വരുമ്പോഴാണ് ഒരു നെഞ്ചുവേദന. ആശുപത്രിയില്‍ രണ്ട് ദിവസം കിടന്നു, പിന്നെ മരിച്ചു! അന്തരിക്കാന്‍ മാത്രം വലുപ്പമായിട്ടില്ലെന്ന് മാധ്യമങ്ങള്‍ തീരുമാനിച്ചു.
കുടില്‍കെട്ടി കുടുംബത്തിന്റെ അടിത്തറ പടുത്തുയര്‍ത്തി ഇരിക്കുമ്പോഴായിരുന്നു രംഗബോധമില്ലാത്ത കോമാളിയെപ്പോലെ മരണത്തിന്റെ വരവ്. ജനിച്ച വീടിന്റെ വളപ്പില്‍ സംസ്‌കാരം നടത്താന്‍ അച്ഛന്‍ വിസമ്മതിച്ചു. സിന്ധുവിന് കണ്ണീരൊഴിയാത്ത നിമിഷങ്ങള്‍. അവള്‍ തളര്‍ന്നുവീണു. മകന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അടുത്തവീട്ടിലേക്കോടി. ഏലിയും വേലക്കാരി തുളസിയും ഓടിവന്നു. തുളസി അടുക്കളയിലിരുന്ന പാത്രത്തില്‍ നിന്നും വെള്ളമെടുത്ത് മുഖത്ത് തളിച്ചു. കണ്ണുകള്‍ മെല്ലെ തുറന്നു. ഏലി ആശ്വസിപ്പിച്ചു.
യെന്താ സിന്ധുയിത്. കെട്ടിയോന്റെ കൂടെ നിന്നേം ചെതേലോട്ടെടുക്കണോ? ഒരു കൊച്ചന്‍ മുളച്ചത് ഓര്‍ക്കാത്തേ എന്താ? സിന്ധുവിന്റെ കരഞ്ഞുകലങ്ങിയ കണ്ണുകള്‍ ചുവന്നിരുന്നു. ഏലി ഒരമ്മയെപ്പോലെ അവളുടെ ശിരസ്സില്‍ തലോടി.
ജനിച്ചുവളര്‍ന്നവീട്ടില്‍, ജീവനു തുല്യം സ്‌നേഹിച്ചിരുന്നവരോട്, മൃതദേഹം ദഹിപ്പിക്കാന്‍ ആറടി മണ്ണ് തരാത്ത രക്തബന്ധങ്ങളെ ഓര്‍ത്തപ്പോള്‍ അവളുടെയുള്ളില്‍ വീണ്ടും ദുഃഖം അണപൊട്ടി. മരക്കൊമ്പുകളില്‍ ചുഴലിക്കാറ്റ് പൊട്ടിച്ചിരിക്കുന്നതും ബലി ക്കാക്കകള്‍ ആര്‍ത്ത് കരയുന്നതും അവള്‍ കണ്ടു. അവളുടെ കണ്ണുകള്‍ കരഞ്ഞ് വീര്‍ത്തിരുന്നു.
തെക്കൂന്നു വന്ന നാടകക്കാര്‍ക്ക് വീട് വാടകയ്ക്കു കൊടുത്തെന്നേ ഏലിക്കറിയൂ. ഏത് മതക്കാരന്നോ, വീട്ടില്‍ ആരൊക്കെയുണ്ടെന്നോ ഒന്നുമറിയില്ല. ഈ പെണ്ണിനേ കൊച്ചിനേ കൂട്ടി അവന്‍ നാടകം കളിക്കാന്‍ പോയാല്‍ മടങ്ങിവരുന്നത് ആഴ്ചകള്‍ കഴിയുമ്പോഴാണ്.
വീട്ടുകാരെപ്പറ്റി അന്നാദ്യമായി ചോദിച്ചു. യെന്താ, കുട്ടിക്ക് ശവം സൊന്തം നാട്ടീകൊണ്ടുപോണോന്നൊണ്ടോ?
അവള്‍ക്ക് എന്തു പറയണമെന്നോ എങ്ങോട്ടാണ് കൊണ്ടുപോകേണ്ടതെന്നോ അറിയില്ല. ആശുപ്ത്രയില്‍ കിടത്തിയിരിക്കുന്ന പ്രിയപ്പെട്ടവന്റെ ശരീരത്തിനു ചേതനയറ്റിരിക്കുന്നു എന്നു പോലും ചിന്തിക്കാന്‍ കഴിയുന്നില്ല. ബലിക്കാക്കകള്‍ മരത്തിലിരുന്ന് അവളെ നോക്കുന്നുണ്ടായിരുന്നു.
ഏലി അവളെയും മകനെയും കൂട്ടി സ്വന്തം വീട്ടിലേക്ക് നടന്നു. വലിയൊരരു ബംഗ്ലാവ് തന്നെ. ഏലിയുടെ മക്കളെല്ലാം ബ്രിട്ടനിലാണ്. അമ്മയെ നോക്കാന്‍ തുളസിയും ഒരു പയ്യനും കൂട്ടിനുണ്ട്. അഞ്ച് വസ്സുള്ളപ്പോള്‍ അനാഥാലയത്തില്‍ നിന്നും എടുത്തുവളര്‍ത്തിയതാണ് ആ പയ്യനെ. എല്ലാ അടുക്കള ജോലിയും അവന്‍ പഠിച്ചുകഴിഞ്ഞു.
യെടാ കൊച്ചനേ, രണ്ട് മൂന്ന് ചായ ഇട്ടേ. ഇവര്‍ക്ക് കഴിക്കാനും എന്തെങ്കിലും കൊടുക്ക്.
ഏലി അവരെ അകത്തേ തീന്‍മേശയ്ക്ക് മുന്നിലിരുത്തിയിട്ട് കാര്യങ്ങള്‍ വിശദമായി ചോദിച്ചു. എല്ലാം കേട്ട് ഏലിയുടെ കണ്ണുകള്‍ തുറിച്ചുവന്നു. തുളസി കൊടുത്ത ഭക്ഷണം മകന്‍ കഴിച്ചെങ്കിലും സിന്ധു കഴിച്ചില്ല. ചായമാത്രം കുടിച്ചു.
എല്ലാം കേട്ടപ്പോള്‍ ഏലി പറഞ്ഞു, നിങ്ങളാ കല്ല്യാണം അമ്പലത്തിലോ പള്ളിയിലോ വച്ച് നടത്തേണ്ടതായിരുന്നു.
”രജിസ്റ്റര്‍ ആഫീസില്‍ വിവഹം നടത്തിയിട്ടുണ്ട”്.
”പിന്നെന്താ നിന്റെ കെട്ടിയോന്റെ വീട്ടുകാര് പെണങ്ങുന്നേ”
”അത് ചേട്ടന്റെ വീതം മേടിക്കാനാരിക്കും.”
”കഷ്ടം കഷ്ടം…! ഈ കാലത്ത് ഇങ്ങനെ മനുഷ്യരുണ്ടോ?
ഇനിയും എന്ത് ചെയ്യുമെന്ന് ഒരു പിടിയുമില്ല, അവള്‍ നിരാശയോടെ പറഞ്ഞു.
നീ എന്തിനാ വെഷമിക്കുന്നേ? ഈ മുനിസിപ്പാലിറ്റിക്ക് പൊതുശ്മശാനമല്ലേ ഉള്ളത്. പിന്നെ നെനക്ക് പണത്തിന് ആവശ്യമെങ്കീ എന്നോട് പറഞ്ഞാ മതി. മരണമല്ലേ കുട്ടീ, ആര്‍ക്കാ എപ്പോഴാ ആരറിഞ്ഞു. നീ മുനിസിപ്പാലിറ്റി ചെന്ന് കാര്യം പറ.
സിന്ധുവിന്റെ മനസ്സൊന്നു തണുത്തു. ഏലിയാമ്മ കണ്ണടയൂരി മേശപ്പുറത്ത് വെച്ചിട്ട് അവര്‍ പോയതും നോക്കിയിരുന്നു.
ആകാശം നല്‍കിയ വെളിച്ചത്തിലൂടെ അവള്‍ മകനെ കൈക്ക് പിടിച്ചുനടന്നു. പിന്നെ എല്ലാം വളരെ വേഗത്തിലായിരുന്നു. രമേശിന്റെ വീട്ടുകാരെ ഫോണിലൂടെ വിവരമറിയിച്ചു. അന്ന് വൈകിട്ട് അവിടുത്തെ ശ്മശാനത്തില്‍ ശവശരീരം കത്തിച്ചാമ്പലായി. അതിനൊപ്പം അവളുടെ മനസ്സും കത്തിയെരിഞ്ഞു. എല്ലാം കഴിഞ്ഞപ്പോള്‍ രമേശിന്റെ സഹോദരങ്ങള്‍ അവളെയും കുഞ്ഞിനെയും തിരിഞ്ഞുപോലും നോക്കാതെ കാറില്‍ യാത്രയായി. അച്ഛന്‍ വന്നതുപോലുമില്ല.
സിന്ധുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഒരുനിമിഷം ആ കുഞ്ഞും അവര്‍ പോകുന്നത് കണ്ട് മിഴികളൊപ്പി. അല്ലെങ്കിലും രക്തബന്ധങ്ങള്‍ അവര്‍ക്കെന്നും അപരിചിതമായിരുന്നു. ആത്മാവിയില്‍ പ്രിയനായവനോട് അവള്‍ ആത്മഗതം പറഞ്ഞു, വിഷമിക്കരുത്. ഈ ഹൃദയത്തില്‍ അങ്ങേക്കായി ഞാനൊരു കെടാവിളക്ക് കത്തിക്കും.
മേഘങ്ങള്‍ ഇരുണ്ടു. ബലിക്കാക്കകള്‍ ചിറകടിച്ചുപറന്നു.
(തുടരും)
About The Author
No related posts.