ഇനിയെന്റെ വീട്ടില്‍ നീ കാലുകുത്തരുതെന്ന് സ്വന്തം അച്ഛന്‍ പറഞ്ഞത്. പക്ഷേ, അന്ന് താങ്ങും തണലുമായി അവനുണ്ടായിരുന്നു. ആ അവനാണിപ്പോള്‍ ഒരു പിടി ചാരമായി മാറിയിരിക്കുന്നത്.
സിന്ധു, ഇതൊക്കെ കണ്ട് നീ വിഷമിക്കേണ്ട. അറിവും സ്‌നേഹവുമില്ലാത്ത മനുഷ്യര്‍ക്ക് ഇതൊക്കെ ചെയ്യാനാകൂ. നമ്മള്‍ സ്‌നേഹത്തിന്റെ അന്തരാത്മാവില്‍ ജീവിക്കുന്നവരാണ്. ഇവര്‍ക്കൊന്നും അത് മനസ്സിലാകില്ല. ഇനിയും ഇവരുമായുള്ള ബന്ധം നമ്മുക്കും വേണ്ട വരൂ…
രമേശ് അന്നു പറഞ്ഞ വാക്കുകള്‍ ഹൃദയഭിത്തികളില്‍ വീണ്ടും വീണ്ടും ഊക്കോടെ വന്ന് തട്ടുന്നു. മകനെ ചേര്‍ത്തു പിടിച്ചു. അവന്‍ കണ്ണുപറിക്കാതെ അവര്‍ കാറില്‍ കയറിപ്പോയതും നോക്കിനിന്നു. അവരുടെ കത്തുന്ന കണ്ണുകള്‍ പറഞ്ഞതെന്തെന്ന് അവന് മനസ്സിലായിക്കാണില്ല. ഇനിയും അവരെയോര്‍ത്ത് ഭാരപ്പെട്ടിട്ട് കാര്യമില്ല. അവര്‍ രമേശേട്ടന്റെ വീതം പങ്കിട്ട് തിന്നട്ടെ. അരമനപോലുള്ള വീട്ടില്‍ സസുഖം വാഴട്ടെ. നിത്യവും ഉല്ലസിച്ച് ഉറങ്ങട്ടെ.
സ്‌നേഹിച്ച് വിവാഹം കഴിക്കാന്‍ അനുവദിക്കാത്ത ജാതിയും മതവും ഞങ്ങളെ ആട്ടിപ്പുറത്താക്കി. എന്നിട്ടും ഞങ്ങള്‍ ഈ മണ്ണില്‍ ഇത്രയും കാലം ജീവിച്ചു. എല്ലാവരുമുണ്ടായിട്ടും സ്വന്തം നാട്ടില്‍ പരദേശികളായിരുന്നു. ചേട്ടന്‍ എപ്പോഴും പറയുമായിരുന്നു. ഈ മതങ്ങളുടെ ചങ്ങലയില്‍ നാം സ്വയം തളയ്ക്കരുത്. സ്വന്തം വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുക. ഭയപ്പെടരുത്, മനുഷ്യന് ദൈവം ജ്ഞാനവും വിവേകവും കൊടുത്തത് പാരമ്പര്യങ്ങളെ കാത്ത് സംരക്ഷിക്കാനല്ല, കല്‍പ്പനകളും ചട്ടങ്ങളും അതുപോലെ സ്തുതിക്കാനുമല്ല.
ആദ്യം ചേട്ടന് വിലക്ക് ഏര്‍പ്പെടുത്തിയത് അമ്പലവും കമ്മറ്റിക്കാരുമായിരുന്നു. അമ്പലം വിശുദ്ധിയോടെ കാണേണ്ടവന്‍ വിശുദ്ധിയില്ലാത്തവരെന്ന് തുറന്നു പറഞ്ഞതായിരുന്നു കാരണം. ആദ്യം ഹൃദയം ദേവാലയമാക്കണം. ഹൃദയവിശുദ്ധിയില്ലാത്തവര്‍ ദേവാലയങ്ങളില്‍ ഭരണത്തിനു നില്‍ക്കരുത്. കൂരമ്പേറ്റവരില്‍ അദ്ദേഹത്തിന്റെ അച്ഛനുമുണ്ടായിരുന്നു. കൃഷ്ണന്‍ നായരെ ഓര്‍ത്ത് മാത്രം അമ്പലക്കമ്മിറ്റിക്കാര്‍ രമേശിനു ക്വൊട്ടേഷന്‍ കൊടുക്കാതെ വിട്ടു. പക്ഷേ, അമ്പലക്കാരും വീട്ടുകാരും സഖ്യകക്ഷി രൂപീകരിച്ചപ്പോള്‍ രമേശിന് സ്വന്തം നാട്ടില്‍ നിന്ന് ഒളിച്ചോടേണ്ടിവന്നു.
മകന്‍ മുഴുവന്‍ സമയ നാടകക്കാരനായെന്നാണ് വീട്ടുകാര്‍ പിന്നെയറിയുന്നത്. നീണ്ട പത്ത് വര്‍ഷത്തിനു ശേഷം അച്ഛനെ കാണാന്‍ വീട്ടിലെത്തിയപ്പോള്‍ ഭാര്യയുമുണ്ടായിരുന്നു കൂടെ. മകന്‍ മറ്റൊരു മതവിശ്വാസിയെ വിവാഹം ചെയ്തത് നാട്ടുകാര്‍ അറിഞ്ഞിരുന്നു. കണിയാന്‍ സ്വാമി കവടി പറഞ്ഞത്, മകനെയും അന്യജാതിക്കാരിയെയും വീട്ടില്‍ കയറ്റിയാല്‍ ദേവീകോപമുണ്ടാകുമെന്നത്രെ. മഹാപാപത്തിന് പരിഹാരമായി ഹോമയാഗം നടത്തണം. ദേവീ പ്രീതിക്കായി കാഹളക്കാര്‍ കുഴലൂതുകയും നൂറ് കതിന വെടി പൊട്ടിക്കുകയും പുരോഹിതന്‍ പൂജ നടത്തി ദക്ഷിണ വാങ്ങുകയും ചെയ്തു.
പക്ഷേ, നീണ്ടവര്‍ഷങ്ങള്‍ക്ക് ശേഷം രമേശും, പൂത്ത പൂമരം പോലെ സിന്ധുവും വീട്ടുമുറ്റത്ത് വന്നുകയറുമ്പോള്‍ പൂമുഖത്ത് ആരുമില്ല. രമേശിന്റെ കണ്ണുകളില്‍ സന്തോഷത്തിന്റെ ബാഷ്പം പൊടിഞ്ഞിരുന്നു. അച്ഛന്റെ പകയും വിദ്വേഷവുമൊക്കെ മാറിയിട്ടുണ്ടാകുമെന്നു തന്നെ അവന്‍ കരുതി. ഇനിയഥവാ വല്ല പ്രകോപനമുണ്ടായാലും അച്ഛനോട് കയര്‍ത്തു സംസാരിക്കരുതെന്നും തീരുമാനിച്ചിരുന്നു.
തൊടിയില്‍ തെങ്ങുകളും മരങ്ങളും വളരെ വളര്‍ന്നിരിക്കുന്നു. കാക്കയും കിറുങ്ങണത്തിപ്പക്കിയും നത്തും അണ്ണാറക്കണ്ണന്മാരും മരങ്ങളില്‍ തത്തിക്കളിക്കുന്നു. ആകാശത്ത് സൂര്യന്‍ പുഞ്ചിരിതൂകി നിന്നു. മുറ്റത്ത് ആളനക്കം കേട്ട് വാതില്‍ തുറന്നത് കൃഷ്ണന്‍ നായര്‍ തന്നെയായിരുന്നു. കത്തിജ്വലിക്കുന്ന കണ്ണുകള്‍. അച്ഛന്റെ പിറകിലായി മൂത്ത സഹോദരന്‍ സുകുമാരന്‍, ഏറ്റവും മൂത്ത ചേട്ടനെ കണ്ടില്ല.
കൃഷ്ണന്‍ നായര്‍ക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ, മേലില്‍ നീ ഈ മുറ്റത്ത് കാലുകുത്തരുത്.
ഒരു നിമിഷംകൊണ്ടവന്റെ സിരകളിലെ തിളപ്പടങ്ങി. പിന്നെയെല്ലാം ഒരു മരവിപ്പു മാത്രം. ആഗ്രഹങ്ങളും ആകാംക്ഷയുമെല്ലാം നിശ്ചലം. മനസ്സിലെ പൂമരം ഉണങ്ങി ഇലകള്‍ കരിഞ്ഞു. സിന്ധുവിന്റെ കണ്ണുകള്‍ നിറഞ്ഞു. സ്വന്തം വീട്ടില്‍ നിന്നും ഇതൊക്കെ തന്നെയായിരുന്നല്ലോ അനുഭവം. അവിടെനിന്ന് വാവിട്ട് കരയണമെന്നു തോന്നി. ആകാശം പെട്ടെന്ന് ഇരുണ്ടതു പോലെ, കത്തിജ്വലിച്ചുനിന്ന സൂര്യന്‍ പെട്ടെന്നെങ്ങോ മറഞ്ഞതു പോലെ. മുറ്റത്ത് വെളിച്ചവും നിഴലും പോരടിച്ചു.
യൗവനത്തുടിപ്പില്‍ അച്ഛനോട് കാട്ടിയ ധിക്കാരത്തിനു മാപ്പു പറയാന്‍ മോഹിച്ചിരുന്നു. ഇത്രവേഗത്തില്‍ വെളിച്ചം ഇരുട്ടാകുമെന്ന് കരുതിയില്ല. പരമാനന്ദം തേടി വന്നിട്ട് പരിഭ്രാന്തിയോടെ മടങ്ങുന്നു. ഒരു ഭിക്ഷക്കാരനോട് കാട്ടുന്ന സ്‌നേഹം, കാരുണ്യം, ദയ അതുപോലും സ്വന്തം വീട്ടില്‍ ലഭിച്ചില്ല. മനസ്സ് ആടിയുലഞ്ഞു. പുറത്ത് കവുങ്ങില്‍ കെട്ടിയിരുന്ന പശു അവരെ തുറിച്ച് നോക്കി ഒന്നമറി. രമേശ് തന്റെ താടി തടവി പശുവിനെ നോക്കി. മനുഷത്വമില്ലാത്ത, മാലിന്യങ്ങള്‍ നിറഞ്ഞ മനസ്സുള്ളവരാണ് വീടിനുള്ളില്‍. ഈ നാല്‍ക്കാലികള്‍ അവരെക്കാള്‍ എത്ര ഭേദം! മനുഷ്യരെപ്പോലെ ബുദ്ധിയില്ലെങ്കിലും മനുഷ്യരെക്കാള്‍ ഉന്നതരാണവര്‍. മനുഷ്യര്‍ക്കെന്നും കുറ്റവും കുറ്റബോധവുമാണ്. ഇവര്‍ക്ക് അഴകും ആഡംബരവുമില്ലെങ്കിലും മനുഷ്യരെക്കാള്‍ സ്‌നേഹിക്കാന്‍ യോഗ്യരാണ്.
രമേശ് ആ പശുവിന്റെ അടുത്തേക്ക് ചെന്ന് അതിന്റെ നെറുകയില്‍ തലോടി. പശു സ്‌നേഹപൂര്‍വ്വം തലയാട്ടി. കഴുത്തിലെ കിങ്ങിണി ശബ്ദിച്ചു. ഉള്ളിലെവിടെയും വേദനയുടെ നേര്‍ത്ത നൊമ്പരങ്ങള്‍.
സിന്ധു അവിടേക്ക് ചെന്നു, ചേട്ടന്‍ എന്തിനാ ഈ പശുവിന്റെ അടുക്കല്‍ വന്നത്?
ഞാന്‍ വന്നതല്ല ഇതിന്റെ നോട്ടം നീ കണ്ടോ. ഈ മിണ്ടാപ്രാണിയും മനുഷ്യരെപ്പോലെ അടിമയാണ്. മനുഷ്യന്‍ മതത്തിന്റെ അടിമകള്‍, ഇവര്‍ മനുഷ്യന്റെ അടിമകള്‍. അടിമത്തം ചോദ്യം ചെയ്തപ്പോള്‍ ഞാന്‍ മനുഷ്യരുടെ ശത്രുവായി.
എനിക്കൊന്നും മനസ്സിലാകുന്നില്ല.
അവളുടെ സ്‌നേഹമുള്ള കണ്ണുകളിലേക്ക് രമേശ് സൂക്ഷിച്ചുനോക്കി. ദുഃഖം കടിച്ചൊതുക്കി അവന്‍ പറഞ്ഞു.
”സിന്ധു, ഈ മൃഗത്തിന് ഒരു മുഖമേയുളളൂ. മനുഷ്യ മൃഗത്തിന് പല മുഖങ്ങളാണ്. എന്റെ അച്ഛന് ഈ മൃഗത്തിന്റെ വിലപോലും ഞാന്‍ കല്‍പ്പിക്കുന്നില്ല”.
അവള്‍ രമേശിനെ സൂക്ഷിച്ച് നോക്കി. കണ്ണുകളില്‍ തീയാളുന്നു. അവളുടെ മുഖം വിളറി. രമേശിന് എന്താണ്? രമേശ് വിങ്ങിപ്പൊട്ടി. ആ കണ്ണുനീര്‍ത്തുള്ളികള്‍ അവിടെ വീണു ചിതറി. അവനെ ശ്രദ്ധിച്ച മൃഗങ്ങളും മരങ്ങളും നിശ്ചലരായതുപോലെ.
നിറകണ്ണുകളോടെ സിന്ധു പറഞ്ഞു.
”വരൂ നമ്മുക്ക് പോകാം. ഇനി ഇവിടെ നില്‍ക്കേണ്ട.”
”പോകാം, എന്റെ അച്ഛനൊപ്പം ഒരു രാത്രിയുറങ്ങാന്‍ ആഗ്രഹിച്ചിരുന്നു. എല്ലാം, എന്റെ ഭാഗ്യദോഷം. എന്റെ സ്വപ്നങ്ങളൊക്കെ തകര്‍ന്നു. എന്റെ അച്ഛനെക്കാള്‍ എന്നെ സ്‌നേഹിച്ചിരുന്നത് ഈ പശുവാണ്….”
”രമേശേട്ടന്‍ എന്തൊക്കെയാണീ പറേന്നത്?”
”നീ കണ്ടില്ലേ എന്റെ അച്ഛന്‍ കതകടച്ചത്. എന്റെ അച്ഛനു പകരം എനിക്കീ പശുവിനെ മതി. ഈ വീടിനു പകരം ഇതിന്റെ കയര്‍ മതി.”
സിന്ധു വിസ്മയത്തോടെ നോക്കി. ആ മനസ്സാണ് എല്ലാം വെളിപ്പെടുത്തുന്നത്. സാധാരണ മനുഷ്യരെപ്പോലെയല്ല രമേശ്. മനസ്സും മനഃസാക്ഷിയുമുള്ളവനാണ്. കലയെക്കാള്‍ ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അറിവും ആനന്ദവും പകരുന്നവനാണ് സാഹിത്യകാരന്‍. ഇതുവരെ രണ്ട് നാടകങ്ങളെ രമേശ് എഴുതിയിട്ടുള്ളൂ. ആരുടെയും ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലുന്ന നാടകങ്ങള്‍. ശ്മശാന ജീവിതം നയിക്കുന്ന മനുഷ്യരെ നിത്യപ്രകാശത്തിലേക്ക് നയിക്കുന്ന നാടകങ്ങള്‍. എല്ലായിടവും മനുഷ്യര്‍ അതിനെ നെഞ്ചോടു ചേര്‍ത്തുവെച്ചിരിക്കുന്നു. തലമുറകള്‍ക്ക് മുന്നേ സഞ്ചരിച്ചവന്‍. ഇലകള്‍ക്കും മുള്ളുകള്‍ക്കുമിടയില്‍ ഒരു പൂവായി വിരിഞ്ഞവന്‍. പേരും പ്രശസ്തിയും ആഗ്രഹിക്കാത്തവന്‍. ാടകത്തില്‍ ഒപ്പം അഭിനയിക്കുമ്പോള്‍ പോലും അത്ഭുതപ്പെട്ടിട്ടുണ്ട്. സ്‌നേഹത്തിന്റെ മാധുര്യം തുളുമ്പുന്ന വാക്കുകള്‍. ഈ നാടകമാണ് ഒരിക്കല്‍ തന്റെ വിപ്ലവചിന്തകള്‍ക്ക് തിരികൊളുത്തിയത്. എന്തും എപ്പോഴും ഊര്‍ജ്ജസ്വലതയോടെ ഏറ്റെടുത്തവന്‍. ഭരണകൂട ഭീകരതയെ ചങ്കുറപ്പോടെ എതിരിടുന്നവന്‍. തന്റെ ആശയങ്ങളെ നാടകത്തിലൂടെ വെളിപ്പെടുത്തി പ്രേക്ഷകരില്‍ പ്രത്യാശയുണര്‍ത്തിയവന്‍. അവനാണിവിടെ കൊച്ചുകുട്ടിയെപ്പോലെ കണ്ണീരൊഴുക്കി നില്‍ക്കുന്നത്. ഒടുവില്‍, ആരുടെയും അനുവാദം വാങ്ങാതെ, ആരെയും വേദനിപ്പിക്കാതെ രമേശ് യാത്രയായി, അവസാനത്തെ യാത്ര. സിന്ധു കണ്ണുകള്‍ തുടച്ചു.
കോളേജില്‍ ബി.എക്ക് രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് രമേശിനെ ആദ്യമായി കാണുന്നത്. അദ്ദേഹത്തിന്റെ നാടകമാണ് കൂട്ടുകാര്‍ കളിക്കാനെടുത്തത്. അതറിഞ്ഞു നാടകം കാണാന്‍ വന്നതാണ്. മത്സരത്തില്‍ നാടകം ഒന്നാം സ്ഥാനം നേടുകയും ചെയ്തു. അതുകഴിഞ്ഞാണ് തന്നെ നേരിട്ട് കാണാന്‍ വന്ന രമേശ്, നാടക ട്രൂപ്പില്‍ അഭിനയിക്കാന്‍ ക്ഷണിക്കുന്നത്. ഇഷ്ടമായിരുന്നു കലാജീവിതം. പക്ഷേ, കോളേജിലെ തമാശയ്ക്കപ്പുറം അതൊരു ജീവിതമാക്കാന്‍ വീട്ടുകാര്‍ ഇഷ്ടപ്പെട്ടില്ല. അവര്‍ എതിര്‍ത്തു. അമ്മ എപ്പോഴും പറയും കുടുംബത്തില്‍ പിറന്ന പെണ്‍പിള്ളേര്‍ക്ക് ചേര്‍ന്നതല്ല നാടകവും സിനിമയും. ദിവസങ്ങള്‍ നൊമ്പരങ്ങളും വീര്‍പ്പുമുട്ടലുകളുമായി മുന്നോട്ട് പോയി. ആഗ്രഹങ്ങള്‍ക്ക് വിഘാതമായി നില്‍ക്കുന്ന മാതാപിതാക്കളെ ഓര്‍ത്തപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. ഒരു ദിവസം വിറയാര്‍ന്ന ശബ്ദത്തില്‍ അവള്‍ അമ്മയോടു തുറന്നു പറഞ്ഞു.
”അമ്മേ. എനിക്ക് അഭിനയിക്കുന്നതാ ഇഷ്ടം. നിങ്ങള്‍ സമ്മതിക്കുന്നില്ലെങ്കിലും ഞാന്‍ പോകും, പറഞ്ഞേക്കാം. നിങ്ങള്‍ക്ക് കലയും സാഹിത്യവും അറിയില്ലെങ്കില്‍ അത് എന്റെ കുറ്റമല്ല.”
പെട്ടെന്നായിരുന്നു അമ്മയുടെ മറുപടി.
”നിനക്ക് പോകാം. പക്ഷേ, പിന്നെ ഇങ്ങോട്ട് തിരിച്ച് കേറിയേക്കരുത്. നീ ഞങ്ങളെ വെഷമിപ്പിക്കാന്‍ തന്നെ ഉണ്ടായവളാ….”
അമ്മയുടെ ശകാരം അപ്പോള്‍ മറ്റാരും കേട്ടില്ല. അവള്‍ വേദനയോടെ നോക്കീ. അമ്മയുടെ മുഖം കരുവാളിച്ചിരുന്നു.
”അമ്മേ, മനസ്സില്‍ എനിക്ക് ഒരു നടിയാകാനാണ് ആഗ്രഹം. അതിനുള്ള അവസരമുണ്ട്. ഞാനായി അത് നശിപ്പിക്കാന്‍ ഒരുക്കമല്ല. അമ്മയും അപ്പനും ഈ മകള ശപിക്കരുത്. തെറ്റെങ്കില്‍ പൊറുക്കണം.”
”എടീ, ഈ പ്രായത്തില്‍ ഇങ്ങനെ പലതും തോന്നും. ഓരോന്നിലും ചെന്ന് പെടുമ്പോഴെ പെണ്‍പിള്ളേര് പഠിക്കൂ. നിനക്ക് ഞങ്ങളെ അനുസരിക്കാന്‍ ഇഷ്ടമല്ല. ഇങ്ങനെ ഒരു മോള് ഞങ്ങള്‍ക്കും ഇല്ലെന്ന് ഞങ്ങളും കരുതികൊള്ളാം. നീ ഒരു ഉപകാരം കൂടി ചെയ്യണം. നീ ഞങ്ങളുടെ മകളാണെന്ന് ആരോടും പറയരുത്.
അത്രേം ഒരു ഉപകാരം ചെയ്താല്‍ മതി. നെനക്ക് ഇനിയും ഇഷ്ടംപോലെ ആകാം.”
അമ്മ അത്രയും പറഞ്ഞിട്ട് വെട്ടിത്തിരിഞ്ഞു നടന്നു. അവള്‍ നിശബ്ദം അമ്മയെ നോക്കിനിന്നു. അവളുടെ മനസ്സ് ഇരുളും വെളിച്ചവും കൊണ്ട് നിറഞ്ഞു. മനസ്സ് പതറി. എന്താണ് ചെയ്യുക. നാടകത്തിലും സിനിമയിലും അവസരം തേടി ഓരോ പെണ്‍കുട്ടികള്‍ രാപകല്‍ നെട്ടോട്ടമോടുമ്പോള്‍ ഒരാള്‍ ഇങ്ങോട്ട് പറഞ്ഞതാണ്, അഭിനയിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ ചെല്ലാന്‍. മോഹങ്ങളെ മനസ്സില്‍ ഓമനിച്ചു വളര്‍ത്തി. നാടകവും സിനിമയും എന്തെന്നറിയാത്ത മാതാപിതാക്കളുണ്ടായാല്‍ എല്ലാ ആഗ്രഹങ്ങളും അസ്തമിക്കും. മക്കളെ പഠിപ്പിച്ച് ഡോക്ടറും എന്‍ജിനീയറും ആക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കളുണ്ടായാല്‍ മക്കളുടെ ഭാഗ്യദോഷം, അല്ലാതെ എന്താണ് പറയുക. അമ്മ വിചാരിക്കുന്നത് താന്‍ ഏതോ അത്യാപത്തില്‍ ചെന്നു ചാടാന്‍ പോകുന്നു എന്നാണ്. അവരെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. പല നടിമാരും ഇതിന്റെ മറവില്‍ പലതും ചെയ്യുന്നുണ്ടാകാം. അതുകൊണ്ട് എല്ലാവരും അത്തരക്കാരെന്ന് കാണുന്നത് തെറ്റല്ലേ. ഏതെങ്കിലുമൊരു പെണ്ണ് അറിഞ്ഞുകൊണ്ട് ഒരിക്കലും അപകടം വരുത്തുവാന്‍ ശ്രമിക്കുമോ? അമ്മ കരുതുംപോലെ അങ്ങനെ ഒരാപത്തിലേക്ക് ഞാന്‍ പോകില്ല. കലയെ ഇഷ്ടപ്പെടുന്നു. അത് ജീവിതമാക്കാന്‍ ആഗ്രഹിക്കുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് ഒരു ഫോണണ്‍ കോള്‍. ഏതോ പരിചിതമായ ശബ്ദം…. രമേശ് ഒരിക്കല്‍ക്കൂടി സ്വയം പരിചയപ്പെടുത്തി. അവളുടെ ചുണ്ടില്‍ ഒരു മന്ദഹാസം വിടര്‍ന്നു. ആ കോളിനു വേണ്ടിയായിരുന്നു താന്‍ എത്രയോ ജന്‍മങ്ങളായി കാത്തിരിക്കുന്നതെന്നു തോന്നി. അവളുടെ കണ്ണുകള്‍ സാന്ദ്രദീപ്തമായി. മുഖം ചുവന്ന് തുടുത്തു. അവളുടെ മനസ്സ് മുഴുവന്‍ രമേശിന്റെ ശബ്ദത്തില്‍ മുങ്ങിപ്പോയി. അവളുടെ നനുത്ത കവിളുകള്‍ കുളിരണിഞ്ഞു. അടുത്ത ദിവസം തന്നെ വെട്ടിത്തോട്ട് അമ്പലമുറ്റത്ത് കാണാമെന്നവള്‍ ഉറപ്പ് കൊടുത്തു.
അവള്‍ മുറ്റത്തിറങ്ങി പുറത്തേക്ക് നോക്കി. കാര്‍മേഘങ്ങള്‍ മൂടികെട്ടിക്കിടന്നു. ആകാശത്തേക്ക് ശിരസ്സുയര്‍ത്തി. പാടിപ്പറക്കുന്ന പക്ഷികളെ കണ്ടു. കുളിരിളം കാറ്റ് ആഞ്ഞുവീശി. വിടര്‍ത്തിയിട്ട മുടി കാറ്റില്‍ തത്തിക്കളിച്ചു. കൈയിലെ കുപ്പിവളകള്‍ കുലുങ്ങിച്ചിരിച്ചു. മുറ്റത്തെ മുല്ലപ്പൂക്കള്‍ പഞ്ചിരിച്ചു. രമേശ് അവസാനം പറഞ്ഞ വാചകം അവളോര്‍ത്തു…. നമ്മള്‍ നമ്മളാവുക. കഴിവുള്ളവരെ സമൂഹം തിരിച്ചറിയണം. സമയവും സന്ദര്‍ഭവും നഷ്ടപ്പെട്ടാല്‍ അതിന്റെ നഷ്ടം കലാകാരികള്‍ക്കും കലാകാരന്മാര്‍ക്കും മാത്രമല്ല, ആസ്വാദകര്‍ക്കു കൂടിയാണ്. അവനവനെ തിരിച്ചറിയുന്നിടത്ത് വിപ്ലവ ചിന്തകള്‍ കടന്നുവരും. ആത്മാവിന്റെ സൗരഭ്യം അപ്പോഴാണ് നാമറിയുക. ആ സൗന്ദര്യാനന്ദം നിനക്ക് അനുഭവിക്കാനാകും….
മാവേലിക്കര ബിഷപ് മൂര്‍ കോളേജ് കഴിഞ്ഞ് വരുമ്പോള്‍ രമേശിനെ അമ്പലമുറ്റത്ത് കണ്ടു. നീണ്ട മുടിയും കുറ്റിത്താടിയും, നീണ്ട ജുബ്ബയും മുണ്ടും ധരിച്ച രമേശ് താമരക്കുളം. മലയാളത്തില്‍ എം.എ ബിരുദധാരി. കായംകുളത്താണ് വീടെങ്കിലും നാടായ നാടുകള്‍ അലഞ്ഞു നടക്കുന്നവന്‍. നാട്ടുകാര്‍ കൊടുത്തിരിക്കുന്ന പേരാണ് കിറുക്കന്‍. രാവിലെ കായംകുളത്തെങ്കില്‍ ഉച്ചയ്ക്ക് മാവേലിക്കരയും രാത്രിയില്‍ കോട്ടയത്തുമാണ്. ആകാശവും ഭൂമിയും സമുദ്രവും അയാളുടെ മുന്നില്‍ തുറന്നു കിടന്നു, പ്രപഞ്ച സത്യങ്ങളും സൗന്ദര്യവും അയാളുടെ മുന്നില്‍ മന്ദഹസിച്ചു നിന്നു.
അമ്പലമുറ്റത്ത് അവര്‍ ഓരോന്നും പറഞ്ഞ് പൊട്ടിച്ചിരിച്ചു. അവളുടെ സൗന്ദര്യത്തില്‍ രമേശ് ലയിച്ചിരുന്നു. ആ കൂടിക്കാഴ്ചകള്‍ പിന്നെ പതിവായി. രമേശിനെ കാണാതിരിക്കാന്‍ അവള്‍ക്കു വയ്യെന്നായി. മാതാപിതാക്കളെ ധിക്കരിച്ച് മകള്‍ നാടകം കളിച്ചു തുടങ്ങി. കായംകുളത്തുള്ള ട്രൂപ്പിനൊപ്പം കേരളം മുഴുവന്‍ കറങ്ങി. മകള്‍ നാടകക്കാരിയെന്ന് നാട്ടുകാരറിഞ്ഞു. അമ്മ റയിച്ചലും അപ്പന്‍ മത്തായിയും ഉറക്കം വരാത്ത രാത്രികള്‍ തള്ളിനീക്കി. നാട്ടിലെ പരദൂഷണക്കാര്‍ മകളെ വേശ്യയായി ചിത്രീകരിച്ചു. മകള്‍ ഈ രംഗത്ത് പണക്കാരിയായി പ്രശസ്തിയാര്‍ജ്ജിക്കേണ്ട എന്നു തന്നെ മാതാപിതാക്കള്‍ അന്ത്യവിധിയെഴുതി. അതിന് അവളുടെ മറുപടി ഇറങ്ങിപ്പോക്കായിരുന്നു, ഒരിക്കലും തിരിച്ചുവരാത്ത ഇറങ്ങിപ്പോക്ക്.
രമേശിനൊപ്പം ജീവിതമാരംഭിച്ചു. കല്യാണത്തിന്റെ കെട്ടുപാടുകളില്‍ അവര്‍ വിശ്വസിച്ചില്ല. സൗഭാഗ്യത്തിന്റെ ചവിട്ടുപടികളിലൂടെ മാത്രം യാത്ര ചെയ്തപ്പോള്‍ അതിന്റെ ആവസ്യമുണ്ടെന്നു തോന്നിയില്ല. അവള്‍ ഗര്‍ഭിണിയായി. സാറാ സിന്ധുവായി. അതു മതംമാറ്റമായിരുന്നില്ല, ആദ്യ നാടകത്തിലെ നായികയുടെ പേര് ആരാധകര്‍ അവള്‍ക്കു ചാര്‍ത്തിക്കൊടുത്തതായിരുന്നു. യഥാര്‍ഥ ഭാരതീയതയില്‍ വേരുകളുള്ള ആ പേര് രമേശിനും ഇഷ്ടപ്പെട്ടു. വീട്ടുകാരെക്കുറിച്ചോ മാതാപിതാക്കളെക്കുറിച്ചോ അവള്‍ ചിന്തിച്ചില്ല. അവളുടെ വീര്‍ത്തുവരുന്ന വയറിനെപ്പറ്റിയും രമേശിനെപ്പറ്റിയും മാത്രം ചിന്തിച്ചു. മഞ്ഞണിഞ്ഞ പ്രഭാതത്തില്‍ ഒരാണ്‍കുഞ്ഞിന് ജന്മമേകി. മാണി എന്നാണവന്റെ പേര്. ആദ്യം മണിയെന്നായിരുന്നു. പിന്നീടത് മാണിയായി. മഴയിലും വെയിലിലും കാറ്റിലും തിമിര്‍ത്താടുന്ന മരച്ചില്ലകള്‍ക്കും ഒരു മ്ലാനത. എങ്ങും ഒരു ഏകാന്തത….
അധികനേരം ആ ശ്മശാന ഭൂമിയില്‍ അവള്‍ക്ക് നില്‍ക്കാനായില്ല. മനസ്സിന്റെ വിങ്ങലും വിള്ളലും വകവെയ്ക്കാതെ മകന്റെ കൈക്ക് പിടിച്ച് പുറത്തേക്ക് നടന്നു. മനസ്സിന്റെ ഒരു ഒഴിഞ്ഞ കോണില്‍ ഇന്ന് നടക്കേണ്ട നാടകത്തിലെ രംഗങ്ങള്‍ തള്ളിക്കയറി വന്നു. ഇനിയെന്ത് നാടകം? എല്ലാം കഴിഞ്ഞില്ലേ! ബസ് സ്റ്റാന്‍ഡിലേക്ക് നടക്കുമ്പോള്‍ അവളുടെയരുകില്‍ ഒരു കാര്‍ പെട്ടെന്ന് നിന്നു.
(തുടരും)