LIMA WORLD LIBRARY

അന്ന കരേനിന: സ്ത്രീയുടെ അസ്തിത്വ ചിന്തയുടെ പ്രതിരൂപം-വിനോദ്കുമാര്‍. പി (ഫില്‍ക്ക)

വിശ്വവിഖ്യാത സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ ക്ലാസ്സിക് കൃതിയാണ് 1877- ല്‍ പുറത്തിറങ്ങിയ അന്ന കരേനിന. ഈ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് 2012 ല്‍ ജോ റൈറ്റിന്റെ സംവിധാനത്തില്‍ റിലീസ് ചെയ്തത്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ റഷ്യയിലാണ് കഥ സംഭവിക്കുന്നത്. അന്ന , ഭര്‍ത്താവ് കൗണ്ട് അലക്‌സി കരേനിനും മകന്‍ സെറിയോഷയ്ക്കുമൊപ്പം സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് താമസിക്കുന്നത്. അവളുടെ സഹോദരനായ സ്ത്രീലമ്പടനായ സ്റ്റിവ ഒബ്ലോണ്‍സ്‌കിയുടെയും ഭാര്യ ഡോളിയുടെയും കുടുംബപ്രശ്‌നം പരിഹരിക്കാന്‍ അന്ന മോസ്‌കോയിലേക്ക് യാത്ര തിരിക്കുന്നു.

ഇതിനിടെ ഒരു ദിവസം, ഗ്രാമീണ ജീവിതം ഇഷ്ടപ്പെടുന്ന ഭൂവുടമസ്തനും പ്രഭുവുമായ ലെവിന്‍, സ്റ്റിവയെ കാണാനെത്തുന്നു. സ്റ്റിവയുടെ ബന്ധുവും
പ്രഭുകുമാരിയുമായ കിറ്റിയെ താന്‍ സ്‌നേഹിക്കുന്നുവെന്ന് ലെവിന്‍ അയാളെ അറിയിക്കുകയും സ്റ്റിവ വിവാഹാഭ്യര്‍ത്ഥന നടത്താന്‍ അയാളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

തുടര്‍ന്ന് ലെവിന്‍ കിറ്റിയെ നേരില്‍ കാണുകയും തന്റെ ഇഷ്ടം അവളെ അറിയിക്കുകയും ചെയ്യുന്നു. എന്നാല്‍ അയാളെ അവള്‍ നിരസിക്കുന്നു. ഒരു ധനിക സൈനിക ഉദ്യോഗസ്ഥനായ വ്രോണ്‍സ്‌കിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് കിറ്റി ലെവിനെ അറിയിക്കുന്നു.

മോസ്‌കോയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ അന്ന, വ്രോണ്‍സ്‌കിയെ പരിചയപ്പെടുന്നു.
അവര്‍ പരസ്പരം ആകര്‍ഷിക്കപ്പെടുന്നു.

മോസ്‌കോയിലെത്തിയ അന്ന, ഡോളിയെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും സ്റ്റിവയുമായുള്ള പ്രശ്‌നം പരിഹരിക്കുകയും ചെയ്യുന്നു.

സഹോദരനൊപ്പം ഒരു ഡാന്‍സ് പാര്‍ട്ടിയില്‍ വച്ച് അന്ന വ്രോണ്‍സ്‌കിയെ വീണ്ടും കാണുന്നു. കിറ്റിയുമായുള്ള നൃത്തചുവടുകള്‍ക്കിടയില്‍ പോലും അയാളുടെ ശ്രദ്ധ മുഴുവന്‍ അന്നയിലേക്കാവുന്നു. ശേഷം അന്നയോടൊപ്പം അയാള്‍ നൃത്തം ചെയ്യുന്നു. ഇത് കിറ്റിയെ അസ്വസ്ഥയാ ക്കുന്നു.

വ്രോണ്‍സ്‌കി അന്നയോട് അയാളുടെ ഇഷ്ടം തുറന്നു പറയുന്നു. അവള്‍ പോകുന്നിടത്തെല്ലാം താന്‍ ഉണ്ടായിരിക്കണമെന്ന് പറയുന്നുണ്ടെങ്കിലും അവള്‍ അത് നിരസിക്കുന്നു. എന്നാല്‍
സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ തിരിച്ചെത്തിയ അന്ന വീണ്ടും വ്രോണ്‍സ്‌കിയെ കാണുകയും പ്രണയത്തിലാകുകയും ചെയ്യുന്നു.

അന്നയും വ്രോണ്‍സ്‌കിയും തമ്മിലുള്ള ബന്ധം കരേനിന്‍ അറിയുകയും അവള്‍ക്കു മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. എന്നാല്‍ വ്രോണ്‍സ്‌കിയില്‍ നിന്നും ഗര്‍ഭം ധരിച്ച അന്നയെ അയാള്‍ ഉപേക്ഷിക്കുന്നു.

കരേനിന്‍ സ്റ്റീവയെയും ഡോളിയെയും സന്ദര്‍ശിച്ച് അന്നയെ വിവാഹമോചനം ചെയ്യുന്നുവെന്ന് പറയുന്നു. അവര്‍ അവളോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു . പക്ഷേ അയാള്‍ അത് നിരസിക്കുന്നു.

ഇതിനിടെ വ്രോണ്‍സ്‌കിയാല്‍ ഉപേക്ഷിക്കപ്പെട്ട കിറ്റിയെ ലെവിന്‍ വീണ്ടും കണ്ടുമുട്ടുന്നു. തന്നോടുള്ള ലെവിന്റെ ആത്മാര്‍ത്ഥ സ്‌നേഹം തിരിച്ചറിഞ്ഞ കിറ്റി അയാളെ പ്രണയിക്കുകയും അവര്‍ തമ്മില്‍ വിവാഹം കഴിക്കുകയും ചെയ്യുന്നു.

അകാല പ്രസവവേദനയെ തുടര്‍ന്ന് അന്ന അവശനിലയിലാവുന്നു. അവളുടെ കത്ത് വായിച്ച് വിവരങ്ങള്‍ അറിഞ്ഞ് അന്ന മരിക്കുകയാണെന്ന് വിശ്വസിച്ച് കരേനിന്‍ അവളെ കാണാനെത്തുന്നു. വ്രോണ്‍സ്‌കിയോടും അന്നയോടും അയാള്‍ ക്ഷമിക്കുന്നു. ഒപ്പം അയാള്‍ അന്നയെയും കുഞ്ഞിനേയും കൊണ്ടു പോകാന്‍ തയ്യാറാവുന്നു.

അതേ സമയം ഭര്‍ത്താവിനൊപ്പം പോകാന്‍ തീരുമാനിക്കുന്ന അന്നയുടെ മനസ്സ് മാറ്റി
വ്രോണ്‍സ്‌കി അവളെയും മകള്‍ അന്യയേയും ഇറ്റലിയിലേക്ക് കൊണ്ടു പോകുന്നു.

മകന്‍ സെറിയോഷയുടെ ജന്മദിനത്തിന് എത്തുന്ന അന്നയെ കരേനിന്‍ കണ്ട ഭാവം നടിക്കാത്തത് അവളില്‍ വിഷമം ഉണ്ടാക്കുന്നു.

അന്ന, വ്രോണ്‍സ്‌കിയുടെ വിശ്വസ്തതയില്‍ സംശയിക്കാന്‍ തുടങ്ങുന്നു. അയാളോടൊപ്പം ഒരു ഓപ്പറയില്‍ പങ്കെടുക്കവേ അവള്‍ അപമാനിതയാവുന്നു. സമനില തെറ്റിപ്പോയ അവള്‍ക്ക് ഉറങ്ങാന്‍ സാധിക്കാതെ വരുന്നു.

ഡോളി അന്നയെ കാണുന്നു. സ്റ്റീവയുടെ പെരുമാറ്റത്തില്‍ മാറ്റമില്ലെന്ന് പറയുന്നു. പക്ഷേ അവള്‍ അവനെ സ്വീകരിക്കാനും സ്‌നേഹിക്കാനും തുടങ്ങിയിരിക്കുന്നു. കിറ്റിയ്ക്കും ലെവിനും ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്നുവെന്ന കാര്യവും ഡോളി അന്നയോട് പറയുന്നു.

വ്രോണ്‍സ്‌കിയുടെ അമ്മ അയാളുടെ വിവാഹം നടത്താന്‍ തീരുമാനിക്കുന്നതായി അന്ന മനസ്സിലാക്കുന്നു. പ്രഭുകുമാരി സൊറോക്കിനയുമായി വ്രോണ്‍സ്‌കിയുമായുള്ള ബന്ധം അന്നയെ അസ്വസ്ഥയാക്കുന്നു.

തുടര്‍ന്ന് അന്ന വ്രോണ്‍സ്‌കിയുടെ എസ്റ്റേറ്റിലേക്ക് മടങ്ങുന്നു. ട്രെയിനില്‍ യാത്ര ചെയ്യവേ, വ്രോണ്‍സ്‌കിയും പ്രഭുകുമാരി സൊറോക്കിനയും തമ്മില്‍ പ്രണയത്തിലാകുന്നതായും അവളെ നോക്കി അവര്‍ ചിരിക്കുന്നതായും അന്നക്ക് തോന്നുന്നു. കടുത്ത നിരാശയും വിഷമവും അവളെ മൂടുന്നു.

ട്രെയിന്‍ മോസ്‌കോയില്‍ എത്തുന്നു. ‘ഓ ദൈവമേ. എന്നോട് ക്ഷമിക്കൂ’ എന്ന് പറഞ്ഞു കൊണ്ട് അന്ന ഒരു ട്രെയിനിനടിയില്‍ ചാടി ആത്മഹത്യ ചെയ്യുന്നു.

ഞെട്ടിപ്പോയ വ്രോണ്‍സ്‌കിയിലേക്ക് രംഗം ഒരു നിമിഷം മിന്നിമറയുന്നു.

ലെവിന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കിറ്റി കുട്ടിയെ കുളിപ്പിക്കുന്ന രംഗത്തോടെയും സ്റ്റീവയും കുടുംബവും ലെവിനും കിറ്റിക്കുമൊപ്പം ഭക്ഷണം കഴിക്കുന്ന രംഗത്തോടെയും കരേനിന്‍ അയാളുടെ എസ്റ്റേറ്റില്‍ സെറിയോഷയും അന്യയും കളിക്കുന്നത് കാണുന്ന രംഗത്തോടെയും സിനിമ അവസാനിക്കുന്നു.

അന്താരാഷ്ട്രതലത്തില്‍ പ്രദര്‍ശിപ്പിച്ച് ഏകദേശം 69 മില്യണ്‍ ഡോളറിലധികം നേടിയ ‘ അന്ന കരേനിന’ ടൊറന്റോ ഫിലിം ഫെസ്റ്റിവലിലും നല്ല അഭിപ്രായം നേടി.

ഒറ്റ നോട്ടത്തില്‍ ഒരു നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമായി അന്ന കരേനിനയെ തോന്നുമെങ്കിലും ടോള്‍സ്റ്റോയ് അവള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം നോവലില്‍ സങ്കീര്‍ണതയോടെ അവതരിപ്പിച്ചിട്ടുണ്ട്.

വളരെ ചെറിയ പ്രായത്തില്‍ തന്നെക്കാള്‍ വളരെ പ്രായക്കൂടുതലുള്ള സന്ന്യാസിതുല്യനായ അലക്‌സി കരേനീനുമായുള്ള അന്നയുടെ വിവാഹം അന്നയ്ക്ക് ഒരു സംതൃപ്ത ദാമ്പത്യമല്ലായിരുന്നു. ഒരുതരം അടിമത്തത്തില്‍ നിന്നും മോചിതയാവാനും സ്ത്രീയുടെ വ്യക്തിത്വവും അസ്തിത്വവും സ്ഥാപിക്കാനുമാണ് അന്ന ശ്രമിക്കുന്നത് . സാമൂഹിക വ്യവസ്ഥിതിയിലെ അസമത്വവും അടിച്ചമര്‍ത്തലുകളും അന്ന നിഷേധിക്കുന്നു. സ്വന്തമായൊരു ജീവിതം കെട്ടിപ്പടുക്കാന്‍ ധൈര്യപ്പെടുന്നു. അവളുടെ ഇഷ്ടങ്ങള്‍ നിറവേറ്റിയപ്പോഴാവട്ടെ അത് സമൂഹത്തില്‍ ഭ്രഷ്ട് കല്പ്പിക്കുന്നവയുമായി. പഴയ ചട്ടക്കൂടിന്റെ അവസ്ഥയില്‍ നിന്നും പുതിയ അവസ്ഥയിലേക്കുള്ള മാറ്റം സ്ത്രീയുടെ ജീവിതത്തെ സങ്കീര്‍ണമാക്കുന്നു. ആ ദുസ്ഥിതിയില്‍ അവള്‍ ആത്മഹത്യ ചെയ്യുന്നു.

ഫെമിനിസവും സ്ത്രീവിമോചനവും ആധുനിക ലോകത്ത് രൂപപ്പെടും മുമ്പേ ടോള്‍സ്റ്റോയിയുടെ അന്ന ഉയര്‍ന്നുവന്നത് സാറിസ്റ്റ് റഷ്യയിലെ സാമൂഹിക സാംസ്‌കാരിക മാറ്റത്തിന്റെ പ്രതിരൂപമാകാം. അന്ന മരിക്കുന്നില്ല. വായനക്കാരന്റെ മനസ്സില്‍ എന്നും ചോദ്യങ്ങളുമായി അവള്‍ ജീവിച്ചു കൊണ്ടിരിക്കുകയാണ്…

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px