ആനി ഈയിടെയായി വലിയ ദു:ഖത്തിലാണ്. കാരണമെന്തെന്നല്ലേ, വഴിയെ പറയാം.
ആനിയുടെ പ്രിയപ്പെട്ട സുഹൃത്താണ് മാലിനി. കൈരളീയം സാഹിത്യഗ്രൂപ്പിലെ സ്ഥിരാംഗങ്ങളാണ് അവര്‍. രണ്ടുപേരും സാഹിത്യരചനകളൊക്കെ നടത്താറുണ്ട്. എന്നാല്‍ പുരസ്‌കാരമഴ ഇടിവെട്ടി മിന്നിമിന്നിതിമിര്‍ത്തുപെയ്യുന്ന ഈകാലയളവില്‍ തങ്ങള്‍ക്കു രണ്ടുപേര്‍ക്കും മാത്രം… ങ് ഹേ…. ആരു തരാനാണ്?
അങ്ങനെകൊതിപിടിച്ചിരിക്കുമ്പോഴാണ്, മാലിനി വിളിക്കുന്നത്. ‘എടീ ആനീ നിനക്ക് വാസുനിര്‍ഭയനെ പരിചയമുണ്ടോടീ? ….
നമ്മുടെ ഗ്രൂപ്പിലെ ജോണ്‍സി മേമന എന്നെ ഫോണ്‍ വിളിച്ചുപറഞ്ഞു; നിര്‍ഭയന് അഞ്ഞൂറു രൂപയും ഒരുഫോട്ടോയും കൊടുക്കാന്‍. എനിക്കൊരവാര്‍ഡുണ്ടെന്ന്. അതെങ്ങെനെയാ കൊടുക്കേണ്ടതെന്ന് അറിയില്ല. നിനക്ക് പരിചയമുണ്ടെങ്കില്‍ വാസുവിന്റെ നമ്പര്‍ തരാമോ?’
‘ഓ യേസ്. നിര്‍ഭയന്‍ വളരെ നല്ല മനുഷ്യനാണ്, എന്റെ സ്‌നേഹിതനാണ്. നമ്പര്‍ ഞാന്‍ വാട്‌സാപ്പു ചെയ്യാം.’
‘എടീ എനിക്കൊരു പരിചയോമില്ല ഇപ്പറഞ്ഞ വാസൂനോട്…. മേമനയാണെങ്കില്‍, ഇപ്പോഴൊട്ട് ഫോണ്‍ എടുക്കുന്നുമില്ല’
ഉറ്റസുഹൃത്തല്ലേ മാലിനി. നിര്‍ഭയനുമായും മാന്യമായ ഒരു സൗഹൃദമുണ്ട്, തനിയ്ക്ക്. ആ ധൈര്യത്തില്‍ ആനി വിളിച്ചു. മേമന മാലിനിയോട്പറഞ്ഞതിന്‍പ്രകാരം, മാലിനി പറഞ്ഞ കാര്യങ്ങളൊക്കെ നിര്‍ഭയനോട് പറഞ്ഞു. എങ്ങനെയാണ് പണം അവള്‍ ഇട്ടുതരേണ്ടത് എന്നു ചോദിച്ചയുടന്‍ നിര്‍ഭയന്റെ തനിസ്വരൂപം പുറത്തു വന്നു. താന്‍ ഇതുവരെ കണ്ട നിര്‍ഭയന്‍ എത്ര ശാന്തസ്വരൂപനായിരുന്നു. ദൈവമേ പേടിച്ചുപോയി.
അദ്ദേഹം തന്നെ ആകെ തെറ്റുധരിച്ചിരിക്കുന്നു. തന്നെ ഒരു മൂരാച്ചിയായി കണ്ടിരിക്കുകയാണ്. സഹിക്കാന്‍പറ്റിയില്ല. നല്ല ഒരുസൗഹൃദം ഉലയുന്നതിന്റെ വേദന അവള്‍ക്ക് താങ്ങാനാവുന്നതല്ല, വളരെ വലുതാണ്. കുറെ നേരം മൂകയും ബധിരയുമായി … അസ്തപ്രജ്ഞയായി ഇരുന്നിട്ട് അവള്‍ ഫോണെടുത്തു പ്രിയകൂട്ടുകാരിയെ വിളിച്ചു: ‘മാലൂ ആ മേമന നല്ല മനുഷ്യനാണ് …. അയാളോടുതന്നെ ചോദിക്കൂ…. അയാളല്ലേ നിന്നെ കൊതിപ്പിച്ചത്. എങ്ങനെയാ പണം കൊടുക്കേണ്ടതെന്ന് … ‘
‘ അതെന്നാടി നിനക്കൊന്നു ചോദിച്ചാല് … ഞാന്‍ വിളിച്ചിട്ട് നിര്‍ഭയന്‍ തിരക്കാണ് എന്നുപറഞ്ഞ് ഫോണ്‍ വച്ചെടാ … , എന്നോട് എന്തോ പിണക്കം പോലെ’
ആനി മാലിനിയോട് ഒന്നും വിട്ടുപറഞ്ഞില്ല. കാരണം ആനിക്കറിയാം കഴിഞ്ഞവര്‍ഷം ഒരു വലിയസാഹിത്യകാരന്റെ പേരിലുള്ള ഒരവാര്‍ഡ് നിര്‍ഭയന്‍ തനിക്ക് വച്ചുനീട്ടി നിര്‍ബ്ബന്ധിച്ചതാണ്. പക്ഷേ സംഭാവന കൊടുക്കാന്‍ തന്റെ കൈയില്‍ ഒന്നും ഇല്ലാണ്ടായിപ്പോയി. നേരേ ചൊവ്വേ കഞ്ഞികുടിക്കാന്‍ മാര്‍ഗ്ഗമില്ലാത്ത താന്‍ എങ്ങനെ സംഭാവന കൊടുത്ത് പുരസ്‌കാരങ്ങള്‍ വാങ്ങും. അങ്ങനെ കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി പന്ത്രണ്ട് അവാര്‍ഡുകള്‍ നിരസിച്ചു.
ഷോകേസില്‍ വയ്ക്കാന്‍ കൊള്ളാവുന്ന അതിമനോഹരമായ മെമന്റോകള്‍.. വീട്ടില്‍ വരുന്ന അതിഥികള്‍ക്കും തന്റെ മക്കള്‍ക്കും എന്നും കാണാമായിരുന്നു സാധിച്ചില്ല. പുരസ്‌കാരദാതാക്കളെല്ലാം പരസ്പരം സ്‌നേഹിതരാണ്. അവര്‍ പല മീറ്റിംഗുകളിലും ഒത്തുകൂടി. കീര്‍ത്തിപത്രം വായ്ക്കപ്പെടേണ്ട സ്ഥാനത്ത് അവര്‍ തന്റെ കുറ്റപത്രം വായിച്ചു. ചിലര്‍ പൊടിപ്പും തൊങ്ങലും വച്ച് തലപ്പാവുകള്‍ നെയ്ത് തന്റെതലയില്‍വച്ചുതന്നു. പലരും തന്നെ അഹങ്കാരിയെന്നു മുദ്രകുത്തി.
രസകരമായ ഒരു സംഭവമുണ്ടായി. ഒരു വന്‍ജുവല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന വന്‍തുകയുടെ ഒരവാര്‍ഡ്, താന്‍ ഏറ്റവും ബഹുമാനിച്ച സാഹിത്യകാരന്റെ പേരിലുള്ളഅവാര്‍ഡാണ്. പത്രത്തില്‍ക്കണ്ട് മൂന്നു പുസ്തകം അയച്ചുകൊടുത്തു. പെട്ടെന്നുതന്നെ മറുപടിയുംവന്നു. ‘മാഡം, ഒന്നും രണ്ടും മൂന്നും വായന കഴിഞ്ഞു. മാഡത്തിന്റെ പുസ്തകം സെലക്ടു ചെയ്തു. അത് എഴുതാനുണ്ടായ സാഹചര്യമെന്താണ്? അവാര്‍ഡുദാനദിവസം അതൊക്കെ അല്പമൊന്നു വിവരിക്കണം. വലിയ സാഹിത്യകാരന്മാരുടെ നീണ്ടനിര, സിനിമാലോകത്തെ പ്രഗല്ഭരും പ്രശസ്തരും, മുഖ്യമന്ത്രിസാംസ്‌കാരിക വകുപ്പുമന്ത്രി ഒക്കെയുള്ള ചടങ്ങിലാണ് അവാര്‍ഡ്’ താന്‍ സന്തോഷം അടക്കാന്‍ വയ്യാതെ ഫോണും പിടിച്ചോണ്ട് ഉച്ചത്തില്‍ സന്തോഷവാര്‍ത്ത കുടുംബാംഗങ്ങളെ അറിയിച്ച് തന്റെ പുരയുടെ ചുറ്റുമങ്ങനെ മണ്ടിനടന്നു. അയല്ക്കാരൊക്കെ ഒന്നറിയട്ടെ. സന്തോഷം അടക്കാനാവുന്നില്ല!
പെട്ടെന്നാണ് ഒരു ഫോണ്‍കോള്‍. ‘മാഡം, പൊട്ടിച്ചിരിക്കുന്ന ഒന്നു രണ്ടു ഫോട്ടോസ് വേണം … ‘ അതും എളുപ്പത്തില്‍ കൊടുത്തു. അടുത്തതായി വേറൊരാളാണ് കാള്‍ ചെയ്തത്.
‘ഹലോ ആനി സ്വര്‍ണ്ണക്കാരനല്ലേ,’
‘അതേല്ലോ…ആനിയാണ്’
‘ജോയി സ്വര്‍ണ്ണക്കാരന്റെ ആരാണ് ?’
‘ ഭാര്യയാണ്’
‘ അപ്പോള്‍ …സാര്‍ പറഞ്ഞത് ശരിയാണല്ലോ’
‘ …സാര്‍ എന്താണ് പറഞ്ഞത് ‘
‘ജോയി സ്വര്‍ണ്ണക്കാരന്റെ ഭാര്യയാണെന്ന്… അത് ഒരു പ്ലസ് പോയിന്റാണ് മാഡം’
‘ എന്ത് ?’
‘പുസ്തകം എല്ലാര്‍ക്കും ഇഷ്ടപ്പെട്ടതാണ്… പിന്നെ പ്രത്യേകിച്ച് ജോയി സാറിന്റെ വൈഫല്ലേ’
ആനിക്കു മനസ്സിലായി ഇവര്‍ക്ക് ആളു തെറ്റിപ്പോയി. ഇവര്‍ ഉദ്ദേശിക്കുന്നത് കേരളത്തിലും ഗള്‍ഫിലുമായി ജുവല്ലറികളുള്ള ജോയി സ്വര്‍ണ്ണക്കാരനെയാണ്. പാവം തന്റെഭര്‍ത്താവും താനും ദിവസങ്ങള്‍ ഉന്തിത്തള്ളാന്‍ കഷ്ടപ്പെടുന്നവര്‍, മക്കളുടെ നിസ്സാരാഗ്രഹങ്ങള്‍ക്കു മുമ്പില്‍ പകച്ചുനില്ക്കുന്നവര്‍.
ആനി ഫോണെടുത്ത് തിരിച്ചുവിളിച്ചു.
‘ ഹലോ… സാര്‍, ഞാന്‍ ആനിയാണ്’
‘ ആ… മാഡം, പറഞ്ഞോളൂ ‘
യേശു ശിഷ്യന്മാരോട് ചോദിച്ചതുപോലെ അവള്‍ ചോദിച്ചു:
‘നിങ്ങള്‍ എന്നെ ആരായിക്കാണുന്നു?’
പുകമറ നീക്കണമല്ലോ… ? നാളെ ആരേം ചതിച്ചെന്നു കേള്‍പ്പിക്കരുത്.
‘ ജോയി സ്വര്‍ണ്ണക്കാരന്റെ ‘
‘അതേയ്.. നിങ്ങള്‍ ഉദ്ദേശിക്കുന്ന ഗള്‍ഫിലും കേരളത്തിലും ജുവല്ലറികള്‍ ഉള്ള സ്വര്‍ണ്ണക്കാരന്റെ ഭാര്യയല്ല ഞാന്‍. അന്നന്നത്തെ അപ്പംതേടി അലയുന്ന ഒരു സാധുമനുഷ്യന്റെ …. ഒരു പാവപ്പെട്ട സ്വര്‍ണ്ണക്കാരന്റെ ഭാര്യയാണ് ‘
‘എന്താ മാഡം തമാശ പറയുകയാണോ?’
‘സത്യമാണ് ‘
‘ ഡോക്ടറിന്റെ … പിതാവിന്റെ … ജുവല്ലറികള്‍,…. കണ്‍സ്ട്രക്ഷന്‍സ്….’
‘അല്ലെന്നേ
അവരുടെയൊന്നും ആരുമല്ല ഞാന്‍ ‘
‘ എന്താഹേ നിങ്ങള്‍ ആളെ പറ്റിക്കുകയാണോ?’
‘ഞാന്‍ പറ്റിച്ചില്ലല്ലോ സാര്‍, പത്രത്തില്‍ക്കണ്ടു പുസ്തകം അയച്ചുതന്നു, അത്രമാത്രം. ബാക്കിയൊക്കെ നിങ്ങളുടെ സങ്കല്പം’
അയാളുടെ ചീത്തവിളികള്‍ കേള്‍ക്കാന്‍ ആവതില്ലാതെ ചെവി പൊത്തിക്കൊണ്ട് അവള്‍ ധിറുതിയില്‍ ഫോണ്‍ ഓഫുചെയ്തു.
അങ്ങനെ അവാര്‍ഡു മോഹങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞുവീണ അവള്‍ അവാര്‍ഡുകളെ വെറുത്തു. പുരസ്‌കാരവെറുപ്പുകള്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തിനില്ക്കുമ്പോഴാണ് മാലുവിന്റെ അവാര്‍ഡുകാര്യം അറിയുന്നതും സഹായിക്കാമെന്നേറ്റതും.
നിര്‍ഭയന്‍ തന്നെ തെറ്റിദ്ധരിച്ചിട്ടുണ്ടാകുമോ? ആവോ ആര്‍ക്കറിയാം. എല്ലാവരും വെറുക്കട്ടെ. എന്നാലും താന്‍ എഴുതും. ഭഗവദ്ഗീത പറയുന്നു;
‘കര്‍മ്മം ചെയ്യുക നമ്മുടെ ലക്ഷ്യം കര്‍മ്മഫലം തരും ഈശ്വരനത്രേ…..
കര്‍മണ്യേവാദിഗാരസ്‌തേ മാ ഫലേഷു കഥാചന’
ആനി എഴുത്തുതുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പുറത്തെ ആരവാരങ്ങളൊന്നുമറിയാതെ..
പുറത്ത് ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ പുരസ്‌കാരമഴ തകര്‍ത്തുപെയ്യുന്നു; ആനിയുടെ പ്രിയപ്പെട്ട സൗഹൃദങ്ങളൊക്കെയും പുരസ്‌കാരമഴയില്‍ നനഞ്ഞുനനഞ്ഞ് കുതിര്‍ന്നൊലിച്ചുനടക്കുന്നു.











