ഒന്ന്
അരങ്ങ്
മേക്കപ്പിലെ അവസാന മിനുക്കുപണിയും കഴിയാറായപ്പോള്‍ നളിനി തൊട്ടടുത്തിരുന്ന വാല്‍ക്കണ്ണാടി എടുത്ത് നോക്കി. വര്‍ഷങ്ങള്‍ക്കിപ്പുറം തേച്ച ചായങ്ങള്‍ക്ക് നിറഭേദമോ നിറക്കുറവോ ഇല്ലെന്നുറപ്പു വരുത്തിയ വിശ്വാസം അവളുടെ കണ്ണുകള്‍ക്ക് തിളക്കം കൂട്ടി. ചിറയിന്‍കീഴ്ശാര്‍ക്കര ദേവീക്ഷേത്രത്തിലെ പത്തു ദിവസത്തെ ഉല്‍സവമേളങ്ങളില്‍ അഞ്ചാമത്തെ ദിവസമായ ഇന്ന് തന്റെ നങ്ങ്യാര്‍കൂത്തിന് ശേഷം ഒരു പ്രശസ്ത കഥകളി ഗ്രൂപ്പിന്റെ നളചരിതം കഥ ആടുന്നുണ്ട്. അതിലെ നളന്റെ വേഷമിടുന്നത് പ്രശസ്തി ഒട്ടും താഴ്ന്നിട്ടില്ലാത്തതെക്കേടത്ത് രാഘവനുണ്ണിയാണെന്നറിഞ്ഞിട്ടും നളിനി തളര്‍ന്നില്ല. മറിച്ച് അവളുടെ ഈ രണ്ടാം വരവ് ആഘോഷമാക്കാന്‍ തന്നെ തീരുമാനിച്ചു.
പതിവുപോലെ കര്‍ട്ടന്‍ നിരത്താനും മേളക്കാരെ സഹായിക്കാനും അച്ഛന്‍ ദാമോദരക്കുറുപ്പിനോടൊപ്പം കേശുവേട്ടന്‍ കൂടെയുണ്ട് . എന്നും അച്ഛന്റെ നിഴല്‍ പറ്റി മകനോ ശിഷ്യനോ സഹായിയോ മറ്റാരൊക്കെയോ ആയിട്ടുള്ള കേശുവേട്ടന്‍ അദ്ദേഹത്തിന്റെ ഭാഗം ആടിത്തീര്‍ക്കുന്നത് യവനികയ്ക്ക് പിന്നിലാണ്.
പേരുകേട്ട പൊയ്കയില്‍ തറവാട്ടിലെ മൂത്ത പുത്രനായ അച്ഛന്‍ ദാമോദരക്കുറുപ്പിന് കലയോടായിരുന്നു ആഭിമുഖ്യം .സാമ്പത്തിക ധാരാളിത്തവും പരമ്പരമായി കിട്ടിയിട്ടുള്ള കലാപരമായ കഴിവുമാകാം തറവാട്ടില്‍ തന്നെ ഒരു കലാക്ഷേത്രം പണികഴിപ്പിച്ചു, അപ്പൂപ്പന്‍ .അനുഭവ പാഠമുള്ള അദ്ധ്യാപകരേയും നിയമിച്ചു.അങ്ങനെ ആ കലാക്ഷേത്രം വളര്‍ന്നു വലുതായി. കഥകളിക്കു പുറമേ നാടന്‍ കലാരൂപങ്ങളായ ഓട്ടന്‍തുള്ളല്‍, പാവക്കൂത്ത്, നങ്ങ്യാര്‍ കൂത്ത്, ചാക്യാര്‍കൂത്ത് ഇവയൊക്കെ പഠിപ്പിച്ചു പോന്നു.
ദാമോദരക്കുറുപ്പിന് കഥകളിയോടായിരുന്നു കമ്പം.വിവിധ കലകള്‍ അരങ്ങേറിയാല്‍ പിന്നെ അവ അവതരിപ്പിക്കാന്‍ ഇടങ്ങള്‍ അനവധിയായിരുന്നു അന്ന്. അപ്പൂപ്പന്റെ മരണശേഷം അച്ഛനായിരുന്നു കലാക്ഷേത്രത്തിന്റെ അമരക്കാരന്‍. അടുത്തും അകലെയും പലയിടങ്ങളിലായി പല വേഷങ്ങളില്‍ ആടുന്നതിനൊപ്പം കലാക്ഷേത്രത്തിലെ കഥകളി അദ്ധ്യാപനവും ഏറ്റെടുത്തു അദ്ദേഹം. ശിഷ്യഗണങ്ങള്‍ അനവധിയായി.
(തുടരും)








