പുലരിതൻ വിരൽത്തുമ്പേറി
ചിരിതൂകും പൂക്കൾ തീർത്ത
മുറ്റത്തെ പൂക്കളത്തിൽ കൺപാർത്തുനിൽപ്പൂ ഞാനും.
ഒരുമാത്രയിരുളിലായി,
കൊഴിഞ്ഞോരു പൂവിന്റെയാ,
തേങ്ങലിന്നറിയാതെയോ
ഉയരുന്നു എൻ ഹൃദന്തേ..
മിഴികളിൽ മഴയായി,
മൊഴികളിൽ മൗനമായി,
പോയ കാലത്തിന്റെ
നീറുന്ന നോവായെന്നും.
കാലത്തിൻ ചിറകേറി ഞാൻ
പിന്നോട്ടു നടന്നീടവേ,
പാതി വഴിയിലെന്നോ,
പടികൾ മാഞ്ഞുപോയ
കൂടിന്റെയുമ്മറത്തന്ന്
തനിച്ചായ്പ്പോയ ഞാനും..
ചിരിയ്ക്കും പൂക്കളെല്ലാം
നിറയും പൂക്കളത്തിൽ
കൊഴിഞ്ഞ പൂവെങ്കിലുമിന്നും
തിളങ്ങും നക്ഷത്രമായ് നീ…











