അധ്യാപകരുടെ ഇടയിലുണ്ടായ ഒരു സൗഹൃദചർച്ചയിൽ , എന്നെ എഴുതാൻ പ്രേരിപ്പിച്ച രണ്ട് വാക്യങ്ങൾ കടന്നു വന്നു.
” സ്ത്രീ അബലയാണ്”, സ്ത്രീ ചപലയാണ് “എന്നതാണ് ആ വാക്യങ്ങൾ.
സോഷ്യലിസ്റ്റു വ്യവസ്ഥിതിയിൽ സ്ത്രീ – പുരുഷ സമത്വം എന്നതിനർത്ഥം പുരുഷൻ തനിക്കാവുന്ന കർമ്മങ്ങൾ ചെയ്യുന്നതുപോലെ സ്ത്രീ തന്നെ കൊണ്ടാവുന്ന കർമ്മങ്ങൾ ചെയ്യുമ്പോൾ തുല്യമായ അംഗീകാരവും, പരിഗണനയും ഉണ്ടാകണം എന്നതാണ്. അല്ലാതെ എല്ലാ കാര്യങ്ങളും ഒന്നു പോലെ ചെയ്യാൻ കഴിയും എന്നല്ല. ഇന്ന് സാമൂഹ്യ പശ്ചാത്തലത്തിൽ സംഭവിക്കുന്നത് “സ്ത്രീ ” എന്ന വിഭാഗത്തെ വേർതിരിച്ചു കാണുകയും അവർക്ക് യാതൊരു സ്ഥാനമാനവും, പരിഗണനയും, അംഗീകാരവും ലഭിക്കാത്ത വിധത്തിൽ പുരുഷൻ പെരുമാറുകയും ചെയ്യുമ്പോഴാണ് അവിടെ സമത്വം എങ്ങനെ പാലിക്കപ്പെടും? എന്ന ചോദ്യം ഉണ്ടാകുന്നത്. വർഷങ്ങളുടെ പഴക്കവും, പുതുമയുടെ നിഗൂഡ്ഡതയും ഉള്ള ഈ വിഷയത്തിന്റെ പ്രാധാന്യം നില കൊള്ളുന്നത് അവിടെയാണ്.
സ്ത്രീയുടെ തനതായ വ്യക്തിത്വം സമൂഹം അംഗീകരിക്കാൻ തയ്യാറാകുന്നില്ല. ശക്തിയുടെയും, ആർദ്രതയുടെയും, സ്നേഹത്തിന്റെയും നിറകുടമായ അവൾക്ക് ദയയും, സൗജന്യവും നൽകുന്നു. പ്രതികരണശേഷി നഷ്ടമായ അവൾ അത് സ്വീകരിക്കുന്നു. അമ്മയായും, സഹോദരിയായും, മകളായും, ഭാര്യയായും, ദേവിയായും അവളെ സമൂഹം അംഗീകരിക്കുമ്പോൾ നല്ലൊരു സുഹൃത്തായി അംഗീകരിക്കാൻ സമൂഹം മടിക്കുന്നു. സ്ത്രീയെ അവൾ ആദ്യം കാണുന്നത് അമ്മയിലാണ്. പിന്നീട് അവർ വായിക്കുന്ന പുസ്തകങ്ങളിലും, കാണുന്ന സിനിമകളിലും” സ്ത്രീ” ആരാണെന്ന് മനസിലാക്കുന്നു.
ഇതിഹാസങ്ങളും, പുരണങ്ങളും ഒക്കെ വായിക്കുമ്പോൾ നമ്മുടെയൊക്കെ മുന്നിൽ തെളിഞ്ഞു വരുന്ന ഒരു “പഴഞ്ചൊല്ല് ” ഉണ്ട്. “പെണ്ണൊരുമ്പിട്ടാൽ ബ്രഹ്മനും തടുക്കില്ല” സാക്ഷാൽ പരമശിവനാകട്ടെ, ശ്രീകൃഷ്ണ പരമാത്മാവട്ടെ വിശ്വാമിത്ര മഹർഷിയാകട്ടെ എല്ലാവരും പെണ്ണിന്റെ മുമ്പിൽ അടിയറവ് പറഞ്ഞിട്ടുള്ളവരാണ്
ശന്തനു മഹാരാജാവിന് സത്യവതിയിൽ ഉണ്ടായ അഭിനിവേശമാണ് മഹാഭാരത കഥ തന്നെ മാറ്റിയത്. ക്ലിയോപാട്രയുടെ മൂക്കിന്റെ ആകൃതി തെല്ലൊന്നു മാറിയിരുന്നെങ്കിൽ ഈജിപ്തിന്റെ ചരിത്രം തിരുത്തികുറിക്കപ്പെടുമായി രുന്നു. സാവിത്രിയുടെ നിശ്ചയദാർഢ്യത്തിൽ യമൻ കീഴടങ്ങിയത് കൊണ്ടാണല്ലോ സത്യവാന്റെ ജീവൻ തിരിച്ചുകൊടുത്തത്. ഇങ്ങനെയൊക്കെയാണേലും പണ്ട് മുതലേ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ചില വാക്യങ്ങൾ സ്ത്രീയെ ചങ്ങലയ്ക്കിടുന്നു. സ്ത്രീ അബലയാണോ? അല്ലേ അല്ല. ശരീരത്തിന്റെ പ്രതിരോധശക്തി സ്ത്രീക്കാണ് കൂടുതൽ. സംഘർഷങ്ങൾ നേരിടാനുള്ള കഴിവും സ്ത്രീക്കാണ്. സ്ത്രീയുടെ പര്യായപദങ്ങളായി അബല, ചപല എന്നെല്ലാം പറയാറുണ്ട്. ഈ പദങ്ങൾ സൃഷ്ടിച്ചത് കവികളും, സാഹിത്യകാരന്മാരും ആണ്.
“അങ്കുശമില്ലാത്ത ചാപല്യമേ പാരിൽ
അംഗനയെന്നു വിളിക്കുന്നു നിന്നെ
ഞാൻ ”
എന്ന് ഒരു കവി പാടി. “ദൗർബല്യമേ നിന്റെ പേരാണ് സ്ത്രീ ” എന്ന് ഒരു ഇംഗ്ലീഷ് കവി പാടി. കാണാൻ കണ്ണിന് സുഖം തരുന്ന, ബുദ്ധിയും വിവേചനശക്തിയും ഇല്ലാത്ത ഒരു സുന്ദരവസ്തുവായി സ്ത്രീയെ അവർ ചിത്രീകരിച്ചു. ഒരു മലയാളകവി ഇങ്ങനെ പാടി.
“പൂവായാൽ മണം വേണം
പൂമാനായാൽ ഗുണം വേണം
പൂമാനിനി സ്ത്രീകളായാൽ അടക്കം വേണം. ‘
പുരുഷന് വീര്യം, ധൈര്യം, തന്റേടം, അഹങ്കാരം ഇവ അലങ്കാരമാകുമ്പോൾ സ്ത്രീയുടെ അലങ്കാരം അടക്കം, ഒതുക്കം, വിനയം ഇവയാണ്. മിടുക്കികളെയും, ബുദ്ധിമതികളെയും വേണ്ടേ വേണ്ട. ചുരുക്കത്തിൽ ഭാരതസ്ത്രീ ചെളിമണ്ണ് പോലെ ആർക്ക്, എങ്ങനെ വേണമെങ്കിലും കുഴിച്ചുരുട്ടാവുന്നവളും, വിതച്ച വിത്തിനെ കിളിർപ്പിക്കാനുള്ള പാത്രവും ആണെന്നാണ് പുരാണേതിഹാസങ്ങളും, സാഹിത്യവും നമ്മെ പഠിപ്പിക്കുന്നത്.
പുരാണേതിഹാസങ്ങളിൽ ധീരന്മാർക്ക് സമ്മാനമായി നൽകുന്ന ഒന്നായിരുന്നു “കന്യക “. സീതയും, പാഞ്ചാലിയും ഒക്കെ ഇങ്ങനെ സമ്മാനിക്കപ്പെട്ടവരാണ്. മഹാഭാരതത്തിൽ — ” ശാസ്ത്രപ്രകാരം സ്ത്രീ പുരുഷന്റെ സ്വത്താകുന്നു. അവളെ പണയം വയ്ക്കാനുള്ള അധികാരം പുരുഷനുണ്ട്. ” പാഞ്ചാലി യുടെ ചോദ്യത്തിനുത്തരമായി ബുദ്ധിമാനായ ഭീഷ്‌മർ നൽകിയ മറുപടിയാണിത്. (ചൂതുകളിയിൽ ). ഇന്നും പണയം വയ്ക്കൽ “സ്ത്രീധനം ” എന്ന പേരിൽ നടക്കുന്നു. വേദങ്ങൾ പരിശോധിച്ചാൽ പുത്രലെബ്ധിക്കുള്ള ധാരാളം മന്ത്രങ്ങൾ കാണാം. എന്നാൽ പുത്രീലെബ്ധിക്കുള്ള മന്ത്രങ്ങൾ ആരും ഉച്ചരിച്ചതായി കാണുന്നില്ല. ഉദകക്രിയ ചെയ്യേണ്ടത് പുത്രനാണ് എന്നതാണ് അതിനുത്തരം. അവിടെയും സ്ത്രീയുടെ ധർമ്മം പുത്രോല്പാദനമാണ്.
വാൽമീകിയുടെ “രാമായണം “ആദികാവ്യം മാത്രമല്ല അറിയപ്പെട്ടതിൽ വച്ച് ഏറ്റവും പഴക്കമുള്ളതുമാണ്. രാമായണത്തിൽ സീതയുടെ ചാരിത്ര്യത്തെ എത്ര തവണയാണ് ചോദ്യം ചെയ്യപ്പെട്ടത്. രാമന്റെ ആത്മാർത്ഥതയെ ആരും ചോദ്യം ചെയ്തില്ല. നൂറുകണക്കിന് ഭാര്യമാരെ സ്വീകരിക്കാൻ പുരുഷന് അധികാരമുള്ള ഒരു കാലഘട്ടത്തിലാണ് ഇത്. മറ്റൊരു പുരുഷനെ സ്മരിച്ചിട്ടില്ലെന്നു പലവട്ടം തെളിയിക്കേണ്ടിവന്നിട്ടും സമൂഹത്തെ ഭയന്ന് ഗർഭിണിയായ സീതയെ രാമൻ കാട്ടിലുപേക്ഷിച്ചു. ഭീഷ്മരുടെ ജനനം മുതൽ യുധിഷ്ഠിരന്റെ സ്വർഗ്ഗാരോഹണം വരെയുള്ള കഥ പറയുന്ന വ്യാസന്റെ മഹാഭാരതത്തിൽ അന്ധനായ ഭർത്താവിന് വേണ്ടി ജീവിതകാലം മുഴുവൻ കണ്ണ് മൂടികെട്ടി സ്വയം അന്ധയായ ഗാന്ധാരിയെ നമ്മൾ കാണുന്നു. കരുത്തരായ പാണ്ഡവരെ ആപത്തിൽ രക്ഷിച്ച പാഞ്ചാലിയെ കുരുസഭയിൽ വസ്ത്രക്ഷേപം നടത്തിയത് ധാർമികപ്രശ്നങ്ങൾക്ക് ഉത്തരം പറയാൻ കഴിയാത്തതിനാലാണ്.
ഇനി സാഹിത്യത്തിലേക്കു വരുമ്പോൾ — ആധുനിക കാലഘട്ടം — കുമാരനാശാനിൽ തുടങ്ങാം. കുമാരനാശാന്റെ ഏറ്റവും ശ്രദ്ധേയമായ ഖണ്ഡകാവ്യമാണ് ” വീണപൂവ് “.
“ഹാ! പുഷ്പമേ അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നൊരു രാഞ്ജി കണക്കെയേ നീ ”
മനുഷ്യജീവിതം ക്ഷണികമാണെന്ന് ഒരു പൂവിന്റെ ജീവിതാവസ്ഥയിലൂടെ പറഞ്ഞു തരുന്ന കവി പൂവിനെ” രാഞ്ജി ‘എന്ന് വിശേഷിപ്പിച്ചിരിക്കുന്നതിനാൽ ഒരു “സ്ത്രീ ” യുടെ ജീവിതം എന്ന് പറയാം. സുന്ദരിയും, സുചരിതയും ഇഷ്ടകാമുകനുമായി ബന്ധം പുലർത്താൻ കഴിഞ്ഞിട്ടില്ലാത്തവളുമായ ഒരു പതിതപുഷ്പമാണ് ഈ പൂവ്. കുമാരനാശാന്റെ ഒരു നായികയ്ക്കും ഇഷ്ട്ടപെട്ട പുരുഷന്റെ കൂടെ ജീവിക്കാൻ കഴിഞ്ഞില്ല അതിനാൽ എല്ലാം തന്നെ പതിത പുഷ്പങ്ങളും, ദുഃഖ നായികമാരും ആയിരുന്നു.
ആധുനിക കവി ഒ.എൻ. വി യിലേക്ക് വന്നാൽ
” ആറ്റുനോറ്റാരോ വളർത്തുന്നു, കതി
രാരോ കൊയ്തു മെതിക്കുന്നു.
പൊന്നിൻമണി കമ്പോളങ്ങളി-
ലെങ്ങോ പോയ് തുലയുന്നു. ”
ഇന്ത്യയിൽ ചവുട്ടി മെതിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ ദുഃഖമാണ് “കോതമ്പുമണി” യിൽ അദ്ദേഹം വരച്ചു കാട്ടുന്നത്. ഭാരതസ്ത്രീയുടെ ദൈന്യത വിളിച്ചോതുന്ന മറ്റൊരു കവിതയാണ് “കുഞ്ഞേട്ടത്തി “. സ്ത്രീയുടെ ഇന്നത്തെ അവസ്ഥയാണ് ഇവിടെ കാണുന്നത്.
പ്രകൃതിയുടെ അനശ്വര സൃഷ്ടിയാണ് “സ്ത്രീ “. പ്രപഞ്ചത്തിന്റെ സ്വപ്നസീമകളോളം ചെന്നെത്തുന്ന സാന്ദ്രഭാവത്തിന്റെ സങ്കുലനമാണവൾ. ശക്തിസ്വരൂപമായ സ്ത്രീ പ്രകൃതിയുടെ പൂരിത സത്യമാണ്. പ്രകൃതിയിലെ ആദി ശക്തിയായി വേദങ്ങളിലെ’ അതിഥി ‘ യിലൂടെ വാഴ്ത്തപ്പെടുമ്പോഴും, അവളുടെ സംരക്ഷണത്തിനായി അവൾ മുറവിളി കൂട്ടുന്നു. ഇവിടെ സങ്കൽപ്പത്തിലെ സ്ത്രീക്കും, ജീവിതത്തിലെ സ്ത്രീക്കും മൂർത്തമായ വൈരുധ്യം പ്രകടമാണ്.
സ്ത്രീക്കും, പുരുഷനും ഇടയിൽ ഒരു ‘വര ‘കൊണ്ട് വരയ്ക്കപ്പെടാത്ത ഒരു ഭാരതസംസ്കാരം നമുക്കുണ്ടായിരുന്നു. ലിംഗഭേദത്തെ പോലും അന്യപ്പെടുത്തി കൊണ്ട് സൃഷ്ടിയുടെ ആരംഭത്തിൽ പുരുഷനും പ്രകൃതിയും ഒന്നായിചേർന്നു നിന്നുവെന്ന് “അർദ്ധനാരീശ്വരസങ്കല്പം ” തെളിയിക്കുന്നു. സമത്വസ്വാതന്ത്ര്യത്തി ന്റെയും, സമഭാവനയുടെയും പ്രതീകങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഒട്ടേറെ ധന്യ സങ്കല്പങ്ങളുടെ നാടാണ് ഭാരതം. ഇവിടെ നിന്നുകൊണ്ട് മാനവ ധർമ്മ ശാസ്ത്രകാരൻ പോലും പറഞ്ഞു.
“യത്ര നാര്യസ്തു പൂജ്യന്തേ, രമന്തേ തത്ര ദേവതാ. “എവിടെ സ്ത്രീകൾ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകൾ ആഹ്ലാദിക്കുന്നു “.












