LIMA WORLD LIBRARY

മരണയിടങ്ങൾ – മോഹൻ ചെഞ്ചേരി

നരിയുടെ ഗർജനത്താൽ നടുങ്ങുന്നു
വനഗഹ്വരങ്ങളിൽ ചെറുപ്രാണി സങ്കുലം
വനമഖിലമൊരു കയ്യിലമരുന്നു,കാട്ടാള
ഭാവങ്ങൾ വിളയാടിയലറന്നു രുദ്രയായ് !

കൊന്നൊടുക്കുന്നിളിയ്ക്കുന്ന പല്ലിനാൽ
പിന്നെയും വിശപ്പാറാത്ത വഹ്നികൾ
തോളിലെ തുകൽസഞ്ചിയിൽ കരുതിയ നഞ്ചു വിതറുന്നു വെള്ളരിപ്രാവിനായ്.

മരണ,മപ്പുറത്തിപ്പുറ,ത്തൊക്കെയും
ചുളു വിലക്കുള്ള വിൽപ്പന തകൃതികൾ
നാടുവാഴിതൻ പുലിമന്ത്രയൊച്ചയിൽ
നടുവൊടിഞ്ഞ മാൻപേടതൻ രോദനം.

തുകലുരിഞ്ഞ നൂറായിരം പ്രാണികൾ
ചിതറി നാറുന്നു സമ്രാജ്യവീഥിയിൽ
ക്രൂരനരികൾക്കു പ്രാതലായ് ഗുഹകളിൽ
കാഴ്ചവെയ്ക്കുന്നു ചെറുമുയൽ കണ്ണുകൾ.

സ്വന്തവീടെന്ന ചിന്തകൊണ്ടാർത്തവർ-
ക്കില്ല പുല്ലും പുറമ്പോക്കു ഭൂമിയും
അമ്പെടുത്തെ,യ്തിളക്കുന്നു വൻകുടൽ
അസ്ഥിപോലും നുറുക്കും വളത്തിനായ് !

നിധിനിറച്ച കുംഭങ്ങളിൽ പ്രഭുകൂലം
കൊതി നിറച്ചിരുന്നെണ്ണുന്നു ഇരുളിലും
പരവതാനിമേൽ ചാഞ്ഞു ചരിഞ്ഞും
നയന കോണിലൂടെഴുതുന്നു കൃത്യമായ്.

പുലികൾ അതിതൃപ്തർ ആനന്ദജീവികൾ
കഠിനഹൃദയത്തിനുടമയാം മാന്ത്രികർ
തലനിവർത്തുന്ന ചെറുകാട്ടുജീവികൾ
ഉടൽകൊടുക്കുന്നു പുലിവിശപ്പാറ്റുവാൻ .

എതിരിടാൻ മറന്നോടുന്ന മാനിനെ
കവണകൊണ്ടെറിഞ്ഞടിവേരറുപ്പവർ
തുഴയുമതിവേഗവഞ്ചിയിൽ സുമുഖരായ്
മഞ്ഞവെയിലിൻ്റെ ഭ്രമകാന്തി
നുണയുവാൻ.

തത്വമസിയെന്നുറക്കെപ്പറഞ്ഞവർ
നീയൊരന്ന്യനെന്നെഴുതുന്നു ചിന്തയിൽ
പടികടക്കാൻ കൊടുക്കാതെ വാതിലിൽ
പലകകൾകൊണ്ടു പണിയും വിലക്കുകൾ

അകലമെത്രയെന്നറിയാത്ത യാത്രയിൽ
ബലിമൃഗങ്ങൾ നടക്കും മുടന്തുമായ്!
പുലികൾ ഒളിവിൽ നിന്നലറുമ്പൊഴും ഭയം
അടിമവംശത്തിന്നറിയാത്ത യാത്രകൾ.

കാട്ടുരാജ്യത്തിനമരത്വമേകുവാൻ
നാട്ടുരാജാവിറങ്ങുന്നു പോരിനായ്.
കൊന്നൊടുക്കാനെടുത്ത വാൾ ത്തുമ്പുകൾ
വെട്ടിമാറ്റുന്നുയർത്തുന്ന കൈകളെ!

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px