നോവൽ
സാറാക്കുട്ടിയുടെ
അതിജീവനം
………………
സൂസൻ പാലാത്ര
അദ്ധ്യായം: ഒമ്പത്
സാറാക്കുട്ടി വലതുകാൽവച്ചു കയറിയപ്പോൾ തന്നെ പനങ്കുഴിയിലെ ഇരുൾ മൂടിയ അവസ്ഥകൾക്ക് വിരാമമായി. വെളിച്ചം അതിവേഗം കടന്നുവന്നു, ഫിലിപ്പൂട്ടിയുടെ ജീവിതത്തിൽ മാത്രമല്ല, അവൻ്റെ പപ്പയുടെ ജീവിതത്തിലും…. ആ വീട്ടിലാകെ ഒരു ഊർജ്ജ തരംഗം വ്യാപിച്ചു. പപ്പയുടെ രഹസ്യഭാര്യയെ അതിവിദഗ്ധമായി സാറാക്കുട്ടി പപ്പയുടെ ജീവിതത്തിൽനിന്നകറ്റി.
സർവൻ്റ് ഭാര്യയിൽ ഉണ്ടായി എന്നു പറയപ്പെടുന്ന കുട്ടികൾ വാസ്തവത്തിൽ പപ്പയുടെ തന്നെയോ നമുക്കുറപ്പു വരുത്തണം… പപ്പയെ വെറുക്കരുത്… സ്വന്തം അപ്പനായി പോയില്ലേ, പപ്പ ഒരു കെണിയിൽ പെട്ടു കിടക്കുന്നതു പോലെയാണ് എനിക്കു തോന്നുന്നത്. നമുക്ക് വേണ്ടത് ചെയ്യണം… അവൾ പലതവണ നിർബന്ധിച്ചപ്പോൾ ഫിലിപ്പൂട്ടി സമ്മതിച്ചു. പിന്നെ എല്ലാം പെട്ടെന്നായി. വേശ്യാസ്ത്രീയുടെ വേശ്യാവൃത്തിയിലൂടെ ജനിച്ച കുട്ടികളുടെ പിതൃത്വം സംബന്ധിച്ച് തീർപ്പുണ്ടായി. ആ ജാരസന്തതികൾ അയാളുടേതല്ല.
ഈ സന്തോഷ വാർത്ത ഫിലിപ്പൂട്ടിയും സാറാക്കുട്ടിയും ആഘോഷിച്ചത് തങ്ങളുടെ പ്രിയപ്പെട്ട അമ്മച്ചിയുടെ കബറിങ്കൽ മെഴുകുതിരികൾ കത്തിച്ചുകൊണ്ടായിരുന്നു. അവർ സഹിച്ച സങ്കടപ്പേമാരിയിലും, മാനഹാനിയിലും ഒപ്പം നിന്ന് ആശ്വസിപ്പിച്ചവരെയൊക്കെ വിളിച്ച് അവർ ഒരുഗ്രൻ വിരുന്നു നല്കി.
പപ്പയുടെ മുഖത്തും പെരുമാറ്റത്തിലും വളരെ പണ്ടുണ്ടായിരുന്ന ആ പ്രസരിപ്പ് മടങ്ങി വന്നു. ശേഷിക്കുന്ന ജീവിതം പൊന്നുമോനുവേണ്ടി മാത്രം എന്ന തീരുമാനത്തിൽ അയാൾ ജാഗരൂകനായി.
ഫിലിപ്പൂട്ടിക്കും സാറാക്കുട്ടിയ്ക്കും സ്റ്റേറ്റ്സിലേയ്ക്ക് പോകാനുള്ള ദിനങ്ങൾ ഓടിയടുത്തെത്തി. അവർ സാറാക്കുട്ടിയുടെ അപ്പനമ്മമാർക്കും പപ്പയ്ക്കും ഉറപ്പു കൊടുത്തു. ഞങ്ങൾ എത്ര ദൂരെയായിരുന്നാലും നിങ്ങളെ പൊന്നുപോലെ നോക്കും. നിങ്ങൾക്ക് ഞങ്ങളെ കാണാനാഗ്രഹിക്കുമ്പോൾ ഉറക്കെ വിളിച്ചാൽ മതി. ഞങ്ങളിങ്ങു് പറന്നെത്തില്ലേ.
ഫിലിപ്പൂട്ടി സാറാക്കുട്ടിയുടെ അപ്പനെ വിളിച്ച് കയ്യിൽ ഒരു പൊതി കൊടുത്തു: “ഇത് ലിസ്സമ്മയുടെ കല്യാണത്തിന് സാറാ മോളുടെ വീതം. അവൾക്ക് നല്ല കല്യാണങ്ങൾ ആലോചിക്ക്. പണത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട ഞങ്ങളില്ലേ കൂടെ ”
പൊതി തുറന്നു നോക്കിയ ആ അപ്പനമ്മമാരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തങ്ങൾ സാറാക്കുട്ടിക്ക് നല്കിയ പൊന്നും പണ്ടങ്ങളും പണവും അപ്പടിയുണ്ട്.
ഫിലിപ്പൂട്ടി സാറാക്കുട്ടിയുടെ അമ്മയോടു ചോദിച്ചു:
“അമ്മച്ചി പോരുന്നോ ഞങ്ങടെ കൂടെ, ഞങ്ങക്കവിടെ അമ്മയെ വേണമെന്നു തോന്നുമ്പോൾ വരില്ലേ”
കുഞ്ഞന്നാമ്മ പറഞ്ഞു
“പിന്നെ വരാതെ, നിങ്ങളൊന്ന് ഉറക്കെ വിളിച്ചാൽ ഞങ്ങളവിടെ പറന്നെത്തില്ലേ”
അവർ പൊട്ടിച്ചിരിച്ചു. എല്ലാവരും ചേർന്ന് ” എന്നോടുള്ള നിൻ സർവ്വ നന്മകൾക്കായി ഞാൻ എന്തു ചെയ്യേണ്ടു നിനക്കേശുപരാ എന്ന പാട്ടു പാടി പ്രാർത്ഥിച്ചു. അവർ യാത്ര പറഞ്ഞിറങ്ങി. എയർപോർട്ടുവരെ അവരെ അനുഗമിയ്ക്കാൻ തയ്യാറായവരെ ഒക്കെ അവർ സ്നേഹത്തോടെ വിലക്കി. “വേണ്ടെന്നേ, എന്തിനു ചുമ്മാ കഷ്ടപ്പെടണം, പിന്നെ വന്നേ മതിയാകൂ എന്ന് നിർബ്ബന്ധമുണ്ടേൽ
പോരു് ”
കാലം തൻ്റെ കലണ്ടർ അതിവേഗം മറിച്ചു കൊണ്ടിരുന്നു…. സാറാക്കുട്ടിയുടെ വീട്ടിലെ പ്രാരാബ്ധങ്ങൾക്ക് നല്ലൊരു താങ്ങായി, തണലായി ഫിലിപ്പൂട്ടി. ഫിലിപ്പൂട്ടിയും സാറാക്കുട്ടിയും നടക്കുന്നിടത്തെ മണ്ണും കൂടി തിന്നാൻ തയ്യാറായി, അവരുടെ സഹായം ഏറ്റുവാങ്ങിയവരെല്ലാം.
അവർ നാട്ടിൽ വന്നപ്പോഴൊക്കെ ആവശ്യം അനുസരിച്ച് ഓരോരുത്തരേയും സഹായിച്ചു പോന്നു. അവരെ കാണാൻ ചെന്ന ആരേയും നിരാശരായി പറഞ്ഞു വിട്ടില്ല. അഹങ്കാരലേശമില്ലാത്ത ആ പ്രവർത്തികൾ കണ്ടവർക്കൊക്കെ അവരോട് കൂടുതൽ ഇഷ്ടമായി.
ഇതിനിടയിൽ സാറാക്കുട്ടിയുടെ രണ്ടു പ്രസവങ്ങളും അമേരിക്കയിൽ നടന്നു. കുഞ്ഞന്നാമ്മ രണ്ടു തവണയും അമേരിക്കയിലെത്തി സാറാക്കുട്ടിയ്ക്ക് വേണ്ട പരിരക്ഷകൾ ഒക്കെ ചെയ്തു മടങ്ങിപ്പോന്നു.
സാറാക്കുട്ടി കുടുംബസമേതം നാട്ടിലേക്ക് വരാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് ലോകത്തെയാകെ പിടിച്ചുലച്ച ആ വൈറസ് വ്യാപിച്ചത്. കൊറോണ.
കൊറോണയിൽ നിന്നുടലെടുത്ത കോവിഡ് രോഗം എല്ലാ രാജ്യത്തെയും മനുഷ്യജീവനുകൾക്ക് അപായം വരുത്തി.
കൊറോണക്കാലത്തെ മരണമെങ്കിലും സാറാക്കുട്ടിയുടെ അപ്പച്ചൻ മരിച്ചത് ഹൃദ്രോഗബാധയാലാണ്.
* * *
വാ മക്കളെ, ഞാൻ ഓടിക്കളിച്ച പാടവും, പറമ്പും, തോട്ടവും തോടുമൊക്കെ കാണിക്കാം. സാറാക്കുട്ടി മക്കളെയും കൂട്ടി ബാല്യകാലം പിന്നിട്ട വഴികളിലൂടെ ഗ്രാമ്യഭംഗി നുകരാൻ ഇറങ്ങിയിരിക്കുകയാണ്. ഗ്രാമഭംഗിയുടെ വിശുദ്ധിയും വശ്യമനോഹാരിതയും മക്കൾക്ക് അത്ര പരിചിതമല്ല.
സാറാക്കുട്ടിയുടെ അപ്പന്റെ ആണ്ടടിയന്തിരത്തിന് വന്നതാണ്. അപ്പൻ മരിച്ച വിവരം അറിഞ്ഞ അവൾ അപ്പനെ അവസാനമായി ഒന്നു കാണാനാവാതെ അവിടെ തലതല്ലിക്കരഞ്ഞു. ഭർത്താവോ മക്കളോ എത്ര ആശ്വസിപ്പിച്ചിട്ടും ആശ്വാസം കൊള്ളാൻ ആ മനസ്സ് തയ്യാറായില്ല. അത്രയ്ക്ക് ജീവനായിരുന്ന അവൾക്കാ അപ്പനെ.
നാട്ടിൽ വരാനും അപ്പച്ചനേം അമ്മച്ചിയേയും കാണാനും എല്ലാ തയ്യാറെടുപ്പുകളും ചെയ്ത് ഒരുങ്ങിയിരിക്കുമ്പോഴാണ്, ലോകത്തെയാകെ കശക്കിയെറിയാനായി കച്ചേംകെട്ടി കോവിഡെന്ന മഹാമാരി, ആഞ്ഞു കൊത്തുന്ന വിഷസർപ്പങ്ങൾ പോലെ ലോകമെങ്ങും നിറഞ്ഞാടാൻ എത്തിയത്.
ചൈനയുടെ സമ്മാനമാണു പോലും, ആ ഭീകര രോഗം. കൊറോണ വൈറസുകളിൽ നിന്ന് കോവിഡ് എന്ന മഹാമാരി. വേദശാസ്ത്രകണക്കു പ്രകാരം ലോകജനസംഖ്യയിൽ മൂന്നിലൊന്നിനേ വിഴുങ്ങാൻ തയ്യാറായി, ലോകം മുഴുവൻ പടർന്നു വന്ന മഹാവ്യാധി. ലോക രാഷ്ട്രങ്ങളെല്ലാം അതതു രാജ്യങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. അമേരിക്കയിലെ ന്യുയോർക്കിലാണ് രോഗികൾ ഏറിയ ശതമാനവും. സാറാക്കുട്ടിയും ന്യുയോർക്കിലാണ്.
ഇന്ത്യയിലും രോഗവ്യാപനമായി. രോഗവ്യാപനം തടയാൻ ഇന്ത്യയും ലോക്ഡൗൺ പ്രഖ്യാപിച്ചു. കര, ജല, വ്യോമ ഗതാഗതങ്ങൾ പല രാജ്യങ്ങളും നിർത്തിവച്ചു. പിന്നീട് അവസ്ഥ അനുദിനം വഷളായെങ്കിലും ലോക് ഡൗൺ പരിമിതപ്പെടുത്തി.കാരണം, ആർക്കും വേലയും കൂലിയുമില്ലാതെ ഭക്ഷ്യക്ഷാമം പോലും രൂക്ഷമായി.
ഈ ദുർഘടഘട്ടത്തിലാണ് അപ്പന്റെ മരണം. നാട്ടിൽ വരാനോ ഒരു നോക്കു കാണാനോ അന്ത്യചുംബനം കൊടുക്കാനോ അവൾക്കായില്ല. അവൾ നോക്കി നോക്കിയിരിക്കയായിരുന്നു ‘ഓരാണ്ടാകാൻ ‘ അന്ന് നാട്ടിലെത്തി അപ്പന്റെ ആത്മാവിനു വേണ്ടി എല്ലാ സൽക്കർമ്മങ്ങളും ചെയ്യാൻ.
എന്നാൽ കാലം മുന്നോട്ട് പോയിട്ടും കോവിഡ് പോയില്ല. രോഗികളുടെ എണ്ണവും മരണനിരക്കും വർദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ അതത്ര ആരും അങ്ങ് ഗൗനിക്കുന്നില്ലെന്നുമാത്രം. പുറത്തിറങ്ങി വേലയെടുത്തെങ്കിലല്ലേ വല്ലപാടും കഴിയാനാവൂ. എല്ലാവരും കരുതലോടെ, മുഖത്ത് മാസ്കും ധരിച്ച് കൈകൾ ഇടക്കിടെ ശുചിയാക്കാൻ സാനിട്ടൈസറും കരുതി, ആൾക്കൂട്ടം കൂടാതെ അകലം പാലിച്ച്, രോഗത്തോടു പട പൊരുതി ഉപജീവന മാർഗ്ഗങ്ങൾ തേടുന്നു. അങ്ങനെ അവൾക്കും അപ്പന്റെ ആദ്യത്തെ ആണ്ടുചാത്തത്തിന് വരാനായി.
അപ്പൻ പോയതിൽപ്പിന്നെ അമ്മച്ചിയുടെ ജീവിതത്തിന് ഒരുത്സാഹമില്ലായ്മ. സദാ പുഞ്ചിരിച്ചുകൊണ്ടിരുന്ന, ശോഭയേറിയ ആ മുഖത്തു നിന്ന് പുഞ്ചിരി നിശ്ശേഷം മാഞ്ഞു കഴിഞ്ഞു. എപ്പോഴും അമ്മച്ചി ആ വിഷാദഛായയിലാണ്. പണ്ടേ ഭക്തയായിരുന്ന അമ്മച്ചി ഇന്ന് പരമഭക്തയായി മാറിയിരിക്കുന്നു. ടിവിയിലെ പവർവിഷനും ഹാർവെസ്റ്റും ചാനലുകൾ മാറിമാറിവച്ച് സുവിശേഷ പ്രസംഗങ്ങൾ കേൾക്കും. രാവിലെയും ഉച്ചയും, സന്ധ്യാനേരത്തുമെല്ലാം പ്രാർത്ഥന തന്നെ.
സാറാക്കുട്ടിയുടെ മക്കൾക്കു് പെട്ടെന്ന് ആരേയും കണ്ണിൽ പിടിയ്ക്കാറില്ല, നാട്ടിലെ ഭക്ഷണവും ഇഷ്ടമല്ല, വൃത്തി പോരെന്ന തോന്നലാണ്, പരാതിയാണ്. നാട്ടിൽ വന്നാൽ പോകുന്നതുവരെ വയറും ശരിയല്ല. നാട്ടിലെ ഒരു ഭക്ഷണവും പിടിക്കില്ല.
പക്ഷേ ഈ ഗ്രാൻമായെ അവർക്ക് ശ്ശി പിടിച്ചു. ഗ്രാൻഡ്മാ വാത്സല്യപൂർവ്വം നല്കിയതൊക്കെ അവർ പുഞ്ചിരിയോടെ, നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു.
വാസ്തവത്തിൽ അമ്മച്ചിയേം മക്കളേം കൂട്ടി അവൾ ഇറങ്ങിയതു തന്നെ അമ്മച്ചിയുടെ മുഖത്തെ ആ പ്രസരിപ്പ് ഒന്നു തിരിച്ചു കൊണ്ടുവരാൻ മാത്രമാണ്.
സാറാക്കുട്ടീടെ കെട്ട്യോൻ ഫിലിപ്പിനെ അമ്മച്ചിയ്ക്ക് ജീവന്റെ ജീവനാണ്. അമ്മച്ചി സ്നേഹത്തോടെ ഫിലിപ്പൂട്ടി എന്നു വിളിക്കുന്നത് കേൾക്കാൻ എന്തൊരിമ്പമാണെന്നോ! ഫിലിപ്പൂട്ടിയുടെ മന:ശുദ്ധികൊണ്ടും, സഹകരണം കൊണ്ടും രണ്ടു വീടുകളാണ് രക്ഷപ്പെട്ടത്. ഫിലിപ്പുകുട്ടിയുടെയും സാറാക്കുട്ടിയുടെയും വീടുകൾ. ആ നന്ദി എന്നും അമ്മച്ചി ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ട്.
തോടും പാടവും, തോട്ടവുമെല്ലാം അവർ ഒന്നിച്ചു കണ്ടു. സന്തോഷത്തോടെ മടങ്ങുംവഴി സാറാക്കുട്ടി പറഞ്ഞു ” അമ്മച്ചി നമുക്ക് മുളളനാംകുന്നേൽ ഒന്നു കയറിയിറങ്ങിപ്പോകാം”
” പക്ഷേ അവിടാരിരിക്കുന്നു, എല്ലാരും പോയില്ലേ, ആ മൂത്ത പെണ്ണ് മറ്റുള്ളോരുടെ വീതമൊക്കെ എടുത്തോണ്ട് അതുങ്ങളെ ഒക്കെ ദൂരെക്കാലായിലോട്ടൊക്കെ കെട്ടിച്ചയച്ചില്ലേ. ഇപ്പ…ത്തേ.. മൂത്തേന്റെ കെട്ട്യോനും മരിച്ചു. ആളും അർത്ഥോമില്ലാത്ത പോലെ അടച്ചു പൂട്ടിയാ ആ പെണ്ണ് കഴിയുന്നേ, അതിന്റെ മകനങ്ങു ദൂരദിക്കിലാ ജോലി. അവൻ പെണ്ണും പിടക്കോഴീമായിട്ടവിടെയാ, ഓണത്തിനും വിഷൂനും അമ്മയ്ക്ക് പുത്തനുമായി വരും അത്ര തന്നെ. വേണേ അതിലേ കേറിപ്പോകാം”
” ആ കേറാം, വാ മക്കളെ ” സാറാക്കുട്ടി മക്കളെ വിളിച്ചു.
” അവർക്കവിടം പിടിക്ക്വോന്നാ ”
” ഓ എൻറമ്മച്ചി ഞാനവരെ എന്റെ ബാല്യകാല ചരിത്രം മുഴുവൻ പറഞ്ഞു കേപ്പിച്ചിട്ടുണ്ട്, അവരും ഇതെല്ലാം അറിഞ്ഞ് മനുഷ്യരെ സ്നേഹിച്ചു ജീവിക്കട്ടെ, ആകാശത്തീന്നു പൊട്ടി മുളച്ച മാലാഖമാരൊന്ന്വല്ലല്ലോ, ഭൂമീലെ മനുഷ്യക്കുഞ്ഞുങ്ങളല്ലേ, പാവത്തുങ്ങളാമ്മേ ഇതുങ്ങളു് ” സാറാക്കുട്ടി അവരെ വാത്സല്യനിർഭരം തലോടി.
മുള്ളനാംകുന്നേലെ വിജയമ്മയെ വീടിനു മുമ്പിൽ ചെന്ന് ഒരുപാട് വിളിച്ചിട്ടാണ് ഇറങ്ങി വന്നത്. വന്നപാടെ വിജയമ്മ പൂണ്ടടക്കം കെട്ടിപ്പിടിച്ചൊരറ്റക്കരച്ചിൽ
നീ മറന്നില്ലല്ലോടീ പെണ്ണേന്നു പറഞ്ഞ്.
സാറാക്കുട്ടിയും കരഞ്ഞു. പറമ്പ് മുഴുവൻ ചുറ്റിക്കറങ്ങി സാറാക്കുട്ടി മക്കളെ നെല്ലിമരങ്ങളും ചേരുമരവും താന്നിമരവും നിന്നിടവുമൊക്കെ കാണിച്ചു. സാറാക്കുട്ടിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു; ആ പഴയ കാലം ഓർമ്മയിൽ വന്നു. ചേരുമരം മുട്ടിയാൽ ചൊറിച്ചിലാണ്. ശരീരമാസകലം ചൊറിഞ്ഞു തടിയ്ക്കും.
ചൊറിഞ്ഞു ചൊറിഞ്ഞു തടിച്ച് ശരീരം ചൂടായിരിക്കുന്ന അവളോട് തറവാട്ടിലെ കൊച്ചമ്മ പറഞ്ഞു: ” നീ കുളിച്ചിറനായി ആരോടുമുരിയാടാതെ, താന്നിമരത്തിന്റെ ചോട്ടിൽ ചെന്ന് ഒരു കായെടുത്തിട്ട് താന്നിയെ മൂന്നു വട്ടം വലത്തു വച്ചിട്ടിങ്ങനെ പറയണം, ചേരച്ചൻ ചെയ്തത് താന്നിച്ചൻ പൊറുക്കണം” അങ്ങനെ, അവൾ തോട്ടിൽപ്പോയി കുളിച്ചീറനായി ചെന്ന് മുളളനാംകുന്നേലെ താന്നിമരത്തിന് മൂന്നു പ്രാവശ്യം പ്രദക്ഷിണം ചെയ്തതാണ്.
വാസ്തവത്തിൽ അന്നവൾക്ക് സംഭവിച്ച ശരീരമാസകലമുള്ള ചൊറിച്ചിലിൻ്റെ കാരണം, പിന്നീടവൾക്കു ബോദ്ധ്യപ്പെട്ടു. വല്യമറ്റത്തിലെയും കൊച്ചു മറ്റത്തിലെയും ചാമ്പ നില്ക്കുന്ന തൊട്ടിയിലെയും ഒക്കെ തേങ്ങയിടീലാണ്. തേങ്ങായും ഓലമടലുകളും മുഴുവൻ തറവാട്ടുവീട്ടുകാർക്കാണെങ്കിലും സാറാക്കുട്ടിയും ഇളയ സഹോദരങ്ങളും കൂടിയാണ് കോലറകളിലെ വെള്ളത്തിൽ കിടക്കുന്ന തേങ്ങയെല്ലാം പെറുക്കി കൂട്ടുന്നത്. പിന്നെ കൊതുമ്പും, തലേ പ്രാവശ്യം പച്ചമടൽ വെട്ടിയതിൽ വച്ച് ഉണങ്ങിയ കവളൻ മടലുകളും കൂട്ടിയിടും, എന്നിട്ട് കുറേശ്ശെയായി തറവാട്ടിലേയ്ക്ക് കൈത്തണ്ടയിൽ അടുക്കി വാരിക്കൊണ്ടെ തറവാടിൻ്റെ കന്നാലി കൂടിൻ്റെ മുമ്പിലിട്ടു കൊടുക്കും. ഓലമടലുകൾ എല്ലാം വലിച്ച് ഇരുമ്പപ്പുളി നില്ക്കുന്ന തൊട്ടിയിൽ കൂട്ടിയിടണം. താഴെ മറ്റത്തിൽക്കിടന്നാൽ തൻ്റെയമ്മ എങ്ങാനും പെറുക്കിയെടുത്ത് കത്തിച്ചെങ്കിലോ.
വീണ്ടും പണിയുണ്ട്. വല്യമ്മച്ചിയ്ക്കു് ഇവ കുറേശ്ശെ വാരി എത്തിച്ചു കൊടുക്കണം. എരുത്തിലിൻ്റെ മുകളിലെ തട്ടുമ്പുറത്ത് കൊതുമ്പും മടലും കൊച്ചമ്മയ്ക്ക് എടുക്കാൻ പാകത്തിൽ അടുക്കി വല്യമ്മച്ചി കൊടുക്കും. എന്നാൽ അവർ കോതിക്കളഞ്ഞിടുന്ന ചൂട്ടുകാലുകളും കോഞ്ഞാട്ടയും മുറിമടലും വാരിക്കൊണ്ടുപോയി കറ്റ കെട്ടി സൂക്ഷിച്ചു വയ്ക്കുന്ന പാവം അമ്മയെ തങ്ങൾ അന്ന് സഹായിച്ചില്ലല്ലോ. അമ്മ വെളുപ്പിനെ പോയി ഓലമടൽ പെറുക്കി എടുക്കാതിരിക്കാൻ പച്ച മടലുകൾകൂടി പരവനെക്കൊണ്ട് വെട്ടിയിടീക്കുമായിരുന്നു കൊച്ചപ്പാപ്പൻ.
എന്നിട്ട് ഇരട്ടവാലനോ അട്ടയോ പുഴുവോ മറ്റോ കടിച്ചപ്പോൾ നിന്നെ ചേരുമുട്ടിയതാരിക്കും ചെന്ന് താന്നിക്ക് വലം വയ്ക്കാൻ!
ഹൊ അന്നൊക്കെ താൻ എത്ര ഭീരുവായിരുന്നു. അമിതമായി ബാലവേല ചെയ്യിച്ചിട്ടും എതിർത്തില്ല. വല്യമ്മച്ചിയെ പേടിയായിരുന്നു.
ഇനി ഈ കൊതുമ്പും മടലുമെല്ലാം പെറുക്കിയടുപ്പിച്ച് ചെറു കെട്ടുകളാക്കി തറവാട്ടിലേക്ക് ചുമന്നാൽ കിട്ടുന്നതോ ഒരു മുറി കരിക്കും, രണ്ടു കവിൾ കരിക്കിൻവെള്ളവും. ആരോടുമുരിയാടാതെ കുളിച്ചീറനായി താന്നിമരത്തിന് വലം വയ്ക്കാൻ ചെന്നതിന്റെ കളിയാക്കലുകൾ, അക്കാലങ്ങളിൽ താങ്ങാനാവുമായിരുന്നില്ല.
മക്കളോടും അമ്മച്ചിയോടും അതു പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു. “പിന്നെ മറ്റൊരു മണ്ടത്തരം കൂടിയുണ്ട് അത് ഈ അമ്മ തന്നെ ചെയ്യിപ്പിച്ചതാ”
” എന്നതാ കേക്കട്ടെ”
അമ്മ ഉദ്വേഗം പൂണ്ടു.
കൺകുരു വന്നപ്പോൾ അമ്മ വെള്ളയ്ക്ക എടുത്തു തന്നിട്ട് എന്നോടു പറഞ്ഞില്ലേ, കിണറിനു ചുറ്റും മൂന്നു പ്രാവശ്യം നടന്ന് “കണ്ണേ കങ്കുരു ഇത്രയുമുണ്ടെങ്കിൽ കങ്ങഴത്തേവരുമിത്രേമുണ്ട്” എന്ന് മൂന്നു പ്രാവശ്യം പറഞ്ഞിട്ട്, വലംവച്ച് തീരുമ്പോൾ വെള്ളയ്ക്ക ഊക്കോടെ കിണറ്റിലെറിയാൻ. ഞാനതും ചെയ്തു. അന്നു മുതൽ ജോയീം മറിയക്കുട്ടീം എല്ലാമെന്നെ കളിയാക്കിക്കൊല്ലാൻ തുടങ്ങി, എന്നിട്ട് അമ്മച്ചീം അവർക്കൊപ്പം കൂടിയില്ലേ” അവർ പൊട്ടിപൊട്ടിച്ചിരിച്ചു.
മണ്ണെടുത്തും കല്ലുവെട്ടിയും മുള്ളനാംകുന്നെല്ലാം, വലിയ കല്ലുവെട്ടാങ്കുഴികളായി രൂപപ്പെട്ടുകിടക്കുന്നു. ഒരൊറ്റ മരം പോലും കാണാനില്ല.
സാറാക്കുട്ടി കയ്യിൽ കരുതിയ പണമടങ്ങിയ പേഴ്സ്, പേഴ്സ് സഹിതം നിർബ്ബന്ധിച്ച് വിജയമ്മയ്ക്കു കൊടുത്തു എന്നിട്ടു പറഞ്ഞു: “നല്ല ഒരു പട്ടു സാരി വാങ്ങിച്ചോ ഉടുക്കാൻ, പ്രസന്നേം, ഇന്ദിരേം വരുമ്പം അവർക്കും ഓരോ സാരി കൊടുക്കണേ, എന്റെ സ്നേഹാന്വേഷണം അവരെ അറിയിയ്ക്കുകയും വേണം മറക്കരുത്, പ്രസന്നയും ഞാനും ഒരൊറ്റ ബഞ്ചിലിരുന്ന് ഒന്നിച്ചു പഠിച്ചതാ”
” അയ്യോ ഞാനിറ്റു വെള്ളം തന്നില്ലല്ലോടി, നിന്റെ ഈ ചുന്ദരി മക്കക്കും ഒന്നും കൊടുത്തില്ല ”
” അതൊക്കെ സാരമില്ലെന്നേ, ഞങ്ങൾ ഇനിയും വരുമല്ലോ, എന്നാലാട്ട് പിന്നെ
കാണാം” അവർ യാത്ര പറഞ്ഞു.
“അമ്മച്ചിയ്ക്കു വയ്യല്ലോ, അമ്മച്ചി പിള്ളേരെ കൂട്ടിക്കൊണ്ടു വീട്ടിൽ പൊയ്ക്കോ, ഞാൻ കരോട്ടെ റബ്ബർ തോട്ടം ഒന്നുകണ്ട്, ആ പുളി നിന്നടോം, ചാമ്പ നില്ക്കുന്ന തൊട്ടീം, ജാതിത്തോട്ടോം ഒക്കെ ഒന്ന് കണ്ടിട്ട് എളുപ്പം വന്നേക്കാം”
” ഇന്നിനി വൈകി, നാളെയാട്ടേ, എന്തിനാ മോളേ, ആ ക്ലേശിപ്പിക്കുന്ന ഓർമ്മകളെ കൂടെ കൂട്ടുന്നത്. എന്റെ മക്കളെ കർത്താവ് രക്ഷപ്പെടുത്തിയില്ലേ, ഇനി പഴയ കഷ്ടങ്ങളൊക്കെ മറക്ക്, ഓർമ്മേന്നു മായിച്ചു കള, മനസ്സിൽ പോലുംവയ്ക്കണ്ട, നാളെ കരോട്ടു പോകാം. മോൾ കൊണ്ടുവന്നതീന്നു നല്ലതൊക്കെ എന്തെങ്കിലുമൊക്കെയെടുത്ത് തറവാട്ടിൽ പോയി അവരെയൊക്കെ കണ്ട് സന്തോഷിച്ചു മടങ്ങാം”
“അല്ലേലും പോകുന്നുണ്ടമ്മേ, എല്ലാരേം കാണണം, നമ്മളെ സ്നേഹിച്ചവരേം, സ്നേഹിക്കാത്തവരേം, സഹായിച്ചവരേം, സഹായിക്കാത്തവരേം എല്ലാം കാണുന്നുണ്ട്, ആരേം വെറുങ്കയോടെ കാണാതെ അവർക്കൊക്കെ കൊടുക്കാൻ ഞാൻ എൻ്റെ പക്കൽ കരുതീട്ടൊണ്ട്, എന്റെ ചുന്ദരി അമ്മക്കിപ്പം ഈ താറാമ്മേ ഇഷ്ടായോ”
അവൾ അമ്മയുടെ കവിളിൽ ഒരു ചുടുമുത്തം അർപ്പിച്ചു, എന്നിട്ടു പറഞ്ഞു “അച്ചോടാ പാവം, എല്ലും തോലുമായല്ലോ, നാളെ നമ്മക്കു പോയി ഒരു നല്ല ഡോക്ടറെ ഒക്കെ ഒന്നു കാണണം, അമ്മച്ചീടെ ശരീരം നന്നാവാൻ ഞാൻ കൊണ്ട്വന്നതൊക്കെ കഴിക്കണം. എന്റെ അമ്മച്ചിക്കുട്ടി ദീർഘായുസ്സോടെ അങ്ങിരിയ്ക്കണം. എന്റെ മക്കടെ കല്യാണമൊക്കെ കൂടണ്ടെ”
” അത്രേന്നും വേണ്ടടാ, ഇരിക്കുന്ന സമയം ആരേം കഷ്ടപ്പെടുത്താണ്ട്, ഒട്ടും കെടക്കാതെ കർത്താവിനോട് ചേർന്നു കിട്ടണം, അത്രേള്ളൂ ഇനിയാശ”
“ഡാ….ഡീ ”
ദാ ഡാഡി വരുന്നു; കുട്ടികൾ ഏറെ സന്തോഷത്തിലായി.
“തേ, നമ്മളെ കാണാഞ്ഞ് ഫിലിപ്പൂട്ടിയും തപ്പിത്തെരഞ്ഞു വന്നല്ലോ? ഞാമ്പോണ്, ചെന്ന് കാലേൽ കയറുകെട്ടി നിർത്തിയ ആ പൂവനെ കണ്ടിക്കാൻ പറയട്ടെ, എന്നാ കഴിക്കാൻ ഒണ്ടാക്കണ്ടെ”
ഓ അതൊക്കെ അമ്മച്ചീടെ ഇഷ്ടം പോലെ ചെയ്യ്, എന്തു തന്നാലും കഴിക്കും, പിള്ളേർക്ക് എരിവും പുളീം പറ്റില്ലാന്നു മാത്രം ”
“എന്നാ ശരി, നിങ്ങൾ ഗ്രാൻഡ്‌മാടെ കൂടെ പോ, ഞാനും ഈ സാറാപ്പെണ്ണും കൂടി സ്മൃതിതീരങ്ങളിൽ ഒക്കെ ഒന്നു വിഹരിച്ചിട്ടു വരാം”
പാവം കുട്ടികളും മുത്തശ്ശിയും; അവർക്കൊന്നും പിടികിട്ടിയില്ല. അവർക്കെന്നല്ല, ലോകത്താർക്കും തന്നെ ആ രഹസ്യമറിയത്തില്ല.
സാറാക്കുട്ടിയും ഫിലിപ്പുകുട്ടിയും കൈകൾ കോർത്തു പിടിച്ച് അവർ നിരന്തരം പ്രേമസല്ലാപം നടത്തിയിരുന്ന… ആ പുളിമരക്കീഴിലുള്ള പടിക്കെട്ടിനെ ലക്ഷ്യമാക്കി നടന്നു.
(അവസാനിച്ചു)
About The Author
No related posts.