നോവൽ
സാറാക്കുട്ടിയുടെ അതിജീവനം
…………………
സൂസൻ പാലാത്ര
അധ്യായം – എട്ട്
സാറാക്കുട്ടിയുടെ വീട്ടുകാരെ സംബന്ധിച്ചിടത്തോളം ആ വാർത്ത ഒരു അശനിപാതംപോലെയായിരുന്നു. ഒരിക്കലും കേൾക്കാൻ പാടില്ലാത്തത്. ആരും കേൾക്കാൻ ആഗ്രഹിക്കാത്തത്. പാവം കുട്ടിയമ്മ എത്ര സഹിച്ചിട്ടാണ് പോയത്. ആരോടും പറയാതെ എല്ലാം ഉള്ളിലടക്കി. പലപ്പോഴും കുട്ടിയമ്മ സാറാക്കുട്ടിയുടെ അമ്മയോട് പറഞ്ഞിട്ടുള്ളതാണ്; കുഞ്ഞന്നാമ്മേ ഞാൻ എല്ലാം ഉള്ളിലടക്കി എനിക്ക് വയ്യാതായിരിക്കുന്നു. തുണി അലക്കിപ്പിഴിഞ്ഞെടുക്കുമ്പോലെയായി എൻ്റെ ഹൃദയം. എൻ്റെ നൊമ്പരങ്ങൾ എന്നോടു കൂടി അവസാനിക്കുന്നില്ല, അതിലാടി കൊച്ചേ സങ്കടം.
“എന്നതാന്നു വച്ചാ, എന്നോടൊന്നു പറ, അറിഞ്ഞാലല്ലേ എനിക്കൊരു മറുപടി പറയാൻ പറ്റുക. എന്തായാലും ധൈര്യായിട്ട് പറ. ഞാൻ മറ്റാരോടും പറയില്ല. വാക്കാണ് ” കുഞ്ഞന്നാമ്മ വാക്കു കൊടുത്തു. എന്നിട്ടും കുട്ടിയമ്മ മനസ്സു തുറന്നില്ല.
“കുഞ്ഞന്നാമ്മേ അപ്പൻ കൊള്ളില്ലേലെന്നാ, മകൻ തനിത്തങ്കവാടി. എൻ്റെ മോനായ കൊണ്ടല്ല, അവൻ്റെ അപ്പൻ്റെ ഒരു ദൂഷ്യോമില്ല, വല്യപ്പനെ, അതായത് അവൻ്റെ പപ്പെടെ അപ്പനെ പറിച്ചു വച്ച പോലല്ലെ അവനിരിക്കുന്നേ, അതേ രൂപം, അതെ പെരുമാറ്റം, അതെ പൗരുഷം, ആ മീശേം താടീം പോലും അതേപോലെ. അതൊക്കെ മാത്രാടീ കൊച്ചേ എനിക്കാശ്വസിക്കാൻ ആകെയുള്ള വക.
കുഞ്ഞന്നാമ്മ പറഞ്ഞു:
“ഒള്ളതാ, പക്ഷേ നെറം കുട്ടിയമ്മച്ചീടെയാ”
“അതു ചെലപ്പം നേരാരിക്കും. എനിക്കെൻ്റെ അമ്മേടെ നെറമാന്നാ എല്ലാരും പറേന്ന, അമ്മ നല്ല തെളിഞ്ഞ ഗോതമ്പുമണീടെ നെറമാരുന്നു, സത്യം പറയാല്ലോ എനിക്കത്രേമൊന്നും കിട്ടീട്ടില്ലെന്നാ എല്ലാരും പറേന്നെ.
കുട്ടിയമ്മ അന്നു പറഞ്ഞത് കുഞ്ഞന്നാമ്മ യോർത്തു. എൻ്റെ മോനു വരുന്ന പെണ്ണ് വളരെ ഭാഗ്യവതിയാണ്. അവൻ കെട്ടുന്ന പെണ്ണിനെ ഒരു രീതീലും കരേയ്ക്കരുത്, അത്ര ശ്രദ്ധിച്ചാ ഞാനവനെ വളത്തിയതും പഠിപ്പിച്ചതും.
അവസാനം തമ്മിൽ കണ്ടപ്പോൾ കുട്ടിയമ്മ പറഞ്ഞത് കുഞ്ഞന്നാമ്മ വേദനയോടെ മനസ്സിലിട്ടുരുട്ടി. “എൻ്റെ പൊന്നേ, നിൻ്റെ സാറാമോളെ എനിക്കു താടീ, എൻ്റെ ചെറുക്കനവളെ പൊന്നുപോലെ നോക്കിക്കോളും. അവളും നല്ലതനിത്തങ്കമല്ലേ, എല്ലാങ്കൊണ്ടും അവനു നല്ലോണം ചേരും.
“…യ്യോ” എന്നായീ പറേന്നെ അത്രേം പഠിപ്പും പത്രാസും ധനമഹിമയുമുള്ള കൊച്ചന് എൻ്റെ പാവപ്പെട്ടവളെ, തമാശ പറയാതെ പോ കുട്ടിയമ്മച്ചീ, ഞങ്ങക്കീ കുടുംബ മഹിമ മാത്രേള്ളൂ, ഒന്നിനെ എറക്കി വിട്ടേൻ്റെ ക്ഷീണോം ഏക്കംവലീം ഇനീം മാറിട്ടില്ല. ഒന്നിച്ചു ചേർന്നു നടക്കുന്നേലും ആനേം ആടും പോലെയല്ലെ
നമ്മൾ”
കുഞ്ഞന്നാമ്മ ചിരിച്ചു തള്ളി, തമാശയായി മാത്രം കണ്ടു.
“അവിടെ പെണ്ണു ചോദിക്കാമ്പരുമ്പം എതിരിടാതിരുന്നാ മാത്രം മതിയെൻ്റെ പൊന്നേ എനിക്കത്രേ പറയാനൊള്ളൂ”
കുഞ്ഞന്നാമ്മയ്ക്ക് ഇതേപ്പറ്റി വീട്ടിൽ ഒന്നു പറയാൻപോലും കഴിഞ്ഞില്ല. ആദ്യം അപ്പനോട് പറഞ്ഞ് എല്ലാറ്റിനും ഒരു സ്ഥിരത കൈവരുത്തീട്ടുവേണ്ടെ വീട്ടിലും ബന്ധുക്കളോടും മറ്റുള്ളവരോടും പെണ്ണിനോടു പോലും പറയേണ്ടതൊള്ളൂ. അന്നു പാപ്പച്ചൻ പാലക്കാടുള്ള ബന്ധുഗൃഹത്തിൽ ഒരു കല്യാണത്തിന് പോയതിനാൽ കുഞ്ഞന്നാമ്മയ്ക്കതൊട്ടു പറയാനും കഴിഞ്ഞില്ല.
പിറ്റേന്നാണ് കുട്ടിയമ്മയുടെ മരണവാർത്ത ആ ഗ്രാമത്തിൽ കാട്ടുതീ പോലെ പടർന്നത്.
എൻ്റെ ദൈവമേ,
ഇപ്പം ഈ കേക്കുന്നതെന്തൊക്കെയാണോ? കുഞ്ഞന്നാമ്മ താടിയ്ക്കു കൈ കൊടുത്ത് തല കുമ്പിട്ട് ഇരുന്നു.
ആ വാർത്ത സാറാക്കുട്ടീടെ മാതാപിതാക്കളുടെ കാതിലെത്തിച്ചത് മറ്റാരുമല്ല, സാറാക്കുട്ടി തന്നെയാണ്. കാരണം, നാളെ തൻ്റെ പാവം ഫിലിപ്പുകുട്ടിയെ ഇക്കാരണം പറഞ്ഞ് ആരും വെറുക്കരുത്.
അവൾ ഒരുപാടു നിർബ്ബന്ധിക്കുകയും പറഞ്ഞില്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്തിരിയുകയാണെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ ഗത്യന്തരമില്ലാതെ ഫിലിപ്പുകുട്ടി കാൽപ്പെട്ടിയിലെ പ്രമാണ വിവരങ്ങൾ അക്കമിട്ടു പറഞ്ഞു. ആദ്യാദ്യം സന്തോഷകരമായതെല്ലാം എണ്ണമിട്ടു പറഞ്ഞു.
“സത്യത്തിൽ കാൽപ്പെട്ടിയിൽ ഒരു ഡയറിയും ഒരു താക്കോലും മാത്രമേയുള്ളൂ. ഡയറിയിലെ വിവരങ്ങൾ ഹൃദയം നടുക്കുന്നതാണ്. താക്കോലിൻ്റെ മഹത്വങ്ങൾ പറയാം”.
“ങാ, എന്നാലങ്ങനെ”
നമ്മൾ താമസിക്കുന്ന വീടും ചുറ്റുമുള്ള ആ തോട്ടങ്ങളും, പീരുമേട്ടിലും മൈസൂരിലും വല്യപ്പച്ചനായിട്ടും, വല്യപ്പച്ചൻ്റെ അപ്പനപ്പൂപ്പന്മാരായിട്ടും ഉണ്ടാക്കിയതെല്ലാം വല്യപ്പച്ചെനെനിയ്ക്ക് എഴുതി വച്ചിട്ടാണ് മരിച്ചത്. പ്രമാണങ്ങളെല്ലാം ബാങ്ക് ലോക്കറിലാണ്. വിശദമായി എഴുതിയ ഡയറിയും ലോക്കറിൻ്റെ താക്കോലും വീടിൻ്റെയും കടമുറികളുടെയും താക്കോൽ കൂട്ടങ്ങളുമാണ്, പെട്ടിയിൽ”
“ഹൃദയം നടുക്കുന്ന ആ രഹസ്യമെന്താണ്? ”
അതു ഞാൻ പറഞ്ഞാൽ നീ എന്നെ വിട്ടു പോകില്ലെന്നു സത്യം ചെയ്താൽ പറയാം.
“ഇനി എന്തായാലും, ഇദ്ദേഹത്തെ വിട്ട് ഞാനെങ്ങുമില്ല. മനസ്സുകൊണ്ട് ഞാൻ ….”
ലജ്ജ കൊണ്ട് അവൾ മുഖം താഴ്ത്തിക്കളഞ്ഞു.
എന്നിട്ട് തുടർന്നു “സത്യം ചെയ്യരുത്, ആർക്കും വേണ്ടിയും വേദ പ്രമാണങ്ങൾ, ദൈവവചനം ലംഘിക്കരുത് – നിൻ്റെ വാക്ക് ഉവ്വ് എങ്കിൽ ഉവ്വ് എന്നും ഇല്ല എങ്കിൽ ഇല്ല എന്നുമാകട്ടെ, ഒന്നിനെക്കൊണ്ടും സത്യം ചെയ്യരുത് എന്നല്ലേ കർത്താവു പഠിപ്പിച്ചിരിക്കുന്നത്, ആണയിടീൽ ദുഷ്ടനിൽ നിന്നു വരുന്നതാണെന്നും കർത്താവു പഠിപ്പിച്ചിട്ടില്ലേ, എന്നെ വിശ്വസിക്കാം. ധൈര്യമായി പറഞ്ഞോ, ഞാൻ എല്ലാം സോൾവ് ചെയ്തു തരാം – എന്നെക്കൊണ്ട്
പറ്റുംവിധം”
ഫിലിപ്പുകുട്ടിയ്ക്ക് സാറായെക്കുറിച്ച് വളരെ അഭിമാനം തോന്നി. ഇവളാണ് ബൈബിളിൽ സദൃശവാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന ആ ലാവണ്യമുള്ള ഭാര്യ. ഇവളോട് ഒന്നും ഒളിക്കണ്ട.
കഴിവും തൻ്റേടവുമുള്ള ഈ നിഷ്ക്കളങ്കയെ എന്തിന് അവിശ്വസിക്കണം.
ഫിലിപ്പുകുട്ടി ആ നിഷ്ക്കളങ്കയായ ഗ്രാമീണ കന്യകയുടെ മുന്നിൽ തൻ്റെ മനസ്സിൻ്റെ കോണിൽ ഒളിപ്പിച്ച… അമ്മയുടെ മരണശേഷം മാത്രം തനിക്കു വെളിവാക്കിക്കിട്ടിയ ഇരുൾ മൂടിയ രഹസ്യങ്ങളുടെ മൂടി തുറന്നു കാട്ടി.
“സാറമോൾ കണ്ടിട്ടില്ലേ, എൻ്റെ വീട്ടിലെ അടുക്കള സഹായിയെ. അവരെ പപ്പ കുടകിൽ നിന്ന് അമ്മയെ സഹായിക്കാൻ കൊണ്ടുവന്നതാണത്രേ, പപ്പ അമ്മയെ, എന്നെ, വല്യപ്പച്ചനെ എല്ലാരേം കബളിപ്പിച്ചു. എന്നാൽ വല്യപ്പച്ചൻ പപ്പയുടെ കള്ളങ്ങൾ ഒന്നൊന്നായി പൊളിച്ചടുക്കി. എൻ്റെ കയ്യും പിടിച്ച് വീട്ടിൽ നിന്ന് കരഞ്ഞുകൊണ്ടിറങ്ങിയ എൻ്റെ അമ്മച്ചിയെ വല്യപ്പച്ചൻ കുടുംബത്തിൻ്റെ മാനം കാക്കാനായി പോകാൻ സമ്മതിച്ചില്ല. ലോകരെയും ബന്ധുക്കളെയും എന്നെയും മറ്റെല്ലാവരേയും കാണിക്കാൻ എൻ്റെ പാവം അമ്മച്ചി പപ്പയുടെ ഭാര്യാ പദം അലങ്കരിച്ചു. പപ്പയ്ക്ക് ആ വേലക്കാരി സ്ത്രീയിൽ മക്കളുണ്ടെന്ന് പറയപ്പെടുന്നു. നിശ്ചയമില്ല. അവറ്റകളെ ആ സ്ത്രീയുടെ തള്ളയാണ് വളർത്തുന്നതൊക്കെയെന്നും പറഞ്ഞു കേൾക്കുന്നു. വേശ്യാസ്ത്രീകൾക്കെന്തു സത്യം. മക്കളുടെ കാര്യം പപ്പ പോലും സ്ഥിരീകരിച്ചിട്ടില്ലെന്ന്.
മൈസൂരിലെ തോട്ടങ്ങളിലെ ആദായം ഒക്കെ അവരാണ് കൈകാര്യം ചെയ്തിരുന്നതെന്നും. വല്യപ്പച്ചൻ ചെന്ന് എല്ലാറ്റിനേം ഇറക്കിവിട്ടു. എന്നാൽ
ഇവൾ മാത്രം പോകില്ല, ഒഴിയാബാധ പോലെ കൂടിയിരിക്കുകയാണ്. അതിസുന്ദരിയും സുശീലയുമായ, പള്ളിയും നാട്ടാരുമറിഞ്ഞ് കെട്ടിയ പെണ്ണിനെ മാനസികമായി ഇഞ്ചിഞ്ചായി തളർത്താൻ മടിയില്ലാത്ത പപ്പ ആ സ്ത്രീയുടെ മുന്നിൽ ചെന്നായുടെ മുമ്പിലകപ്പെട്ട കുഞ്ഞാടിനെപ്പോലെ ചൂളുകയാണ്. കാരണം അവർ പപ്പയെ ബ്ലാക് മെയിൽ ചെയ്യുമെന്നതിനാൽ”
ഗ്രഹിക്കാൻ പ്രയാസമുള്ള ഒരു കഥ കേൾക്കുമ്പോലെ സാറാക്കുട്ടി കണ്ണു തുറിച്ചിരുന്നുപോയി.
“ഏയ് സാറാമോളെ, വിട്ടു കളയെടാ, നമുക്ക് രക്ഷപ്പെടാൻ പഴുതുകളേറെയുണ്ട്. നമുക്ക് സ്റ്റേറ്റ്സിൽ പോയി എല്ലാം മറന്ന് ജീവിയ്ക്കാം. ഉപ്പു തിന്നവർ വെള്ളം കുടിയ്ക്കട്ടെ, അവർ കുടിച്ചേ മതിയാവൂ. എന്നിട്ടും എൻ്റെ പാവം അമ്മച്ചി എഴുതി വച്ചിരിക്കുവാടീ മോളേ, പപ്പേടെ പാട്ടിന് പപ്പേ വിട്ടേക്കു്. മോൻ പപ്പേ ഏറെ സ്നേഹിക്കണം. കുടകിലെ തോട്ടങ്ങൾ മോൻ പപ്പയുടെപേരിൽ കൊടുത്തേക്കണം എന്നൊക്കെ. സാധുവായിരുന്നു എൻ്റെ അമ്മ. ഹൃദയം പൊട്ടിയാണ് എൻ്റെ അമ്മച്ചി മരിച്ചത്. എനിക്കിനി പപ്പയെ എന്നെങ്കിലും പഴേപോലെ സ്നേഹിക്കാൻ പറ്റ്വോ, ആ അശ്രീകരത്തെ എന്റെ പൊന്നമ്മച്ചിയുടെ സ്ഥാനത്ത് കാണണോ നീ പറയ്”
“സാരമില്ല, അച്ചാച്ചന് ഞാനില്ലേ, ഞാൻ അച്ചാച്ചനെ എൻ്റെ പ്രാണനേക്കാൾ സ്നേഹിക്കുന്നു. ഒട്ടും വിഷമിയ്ക്കല്ലെ ” സാറാക്കുട്ടി ആശ്വസിപ്പിച്ചു.
” നമുക്കു പോകാം. കുറേ നേരമായില്ലെ, ഞാമ്പോട്ട് ”
“നിനക്കെങ്ങനെയാണ് ഇത്ര നന്നായി സംസാരിക്കാൻ കഴിയുന്നത്. നല്ല തീരുമാനങ്ങൾ എടുക്കാനും ” ഫിലിപ്പുകുട്ടി അത്ഭുതം കൂറി.
സാറാക്കുട്ടി പറഞ്ഞു:
“അതറിയില്ലേ, എൻ്റെ പ്രിയൻ പതിനായിരത്തിലതി ശ്രേഷ്ഠൻ, അവൻ എന്നിൽ എല്ലാം നിക്ഷേപിച്ചിട്ടാണ് എന്നെ മന്നിലേയ്ക്കയച്ചത്, നീ പോയ് ഭൂമിയെ വാഴ്ക എന്നു പറഞ്ഞു വിട്ടതാണ്. ശരിയ്ക്കടിച്ചുപൊളിച്ചിട്ടേ ഇനി ഭൂമി വിട്ടു ഞാൻ മടങ്ങൂ ”
അവർ പൊട്ടിപൊട്ടിച്ചിരിച്ചു. നിഷ്ക്കളങ്കരായ ആ പ്രണയശലഭങ്ങളെക്കണ്ട് തോട്ടരികിലെ കാട്ടുപൂക്കൾ വരെ ഇക്കിളിയിട്ട് ചിരിച്ചു.
അതേയ്… ഞാനേ അന്ന് കുട്ടിയമ്മച്ചിയ്ക്ക് വാക്കു കൊടുത്തു പോയതല്ലേ, അങ്ങെനെയാണെങ്കിൽ ആലോചനയുമായി പോരോ… ഒള്ളതു തന്ന് ഞങ്ങളുമാനമായിട്ടയയ്ക്കാമെന്ന്. അന്ന് കുട്ടിയമ്മച്ചി പറകേം ചെയ്തു പെണ്ണിന് പൊന്നും പണോം ഒന്നും ഇല്ലാത്തെടത്ത് കടപ്പെടുത്തി കൊടുക്കണ്ട, ഞങ്ങടെ പെണ്ണല്ലേ, ഞങ്ങളിട്ടു കൊടുത്തോളാന്ന്.
” ദൈവം തമ്പുരാനെ ഈ പെണ്ണുങ്ങടെ ഒക്കെ പ്രകൃതം എന്നാ ഇങ്ങനെ, പള്ളീലും തോട്ടിലും വഴീലുമൊക്കെ ആലോചന നടത്തിയാണോ കുടുംബക്കാരു മക്കളെ അയക്കുന്നത്. തെരക്കു പിടിക്കണ്ട, മരിച്ചോരങ്ങു പോയി. നമ്മക്കു പതുക്കെ ആലോചിക്കാം”
കുഞ്ഞന്നാമ്മയ്ക്കു സമാധാനമായി. അപ്പൻ ആലോചിയ്ക്കാന്നു പറഞ്ഞല്ലോ – അപ്പം പ്രത്യാശയക്കു വകേണ്ട് .
പിന്നെ എല്ലാം വളരെ പെട്ടെന്നായി. ചെറുക്കനെ മാത്രേ നോക്കിയൊള്ളൂ. “പത്തരമാറ്റ് തനിത്തങ്കമാണവൻ. നമ്മടെ സാറാക്കൊച്ച് ഭാഗ്യവതിയാടി, തല്ക്കാലം അവൻ്റെ തന്തേ സംബന്ധിച്ച് നമ്മളറിഞ്ഞ രഹസ്യങ്ങളൊന്നും പൊറത്തു വിടണ്ട. ചെറുക്കനും പെണ്ണിനും മാനഹാനി വരുത്തണ്ട.
അപ്പൻ്റെ സ്വഭാവദൂഷ്യം കണ്ട് വിറളി പിടിച്ച വല്യപ്പൻ സ്വത്തു മുഴുവനും ഫിലിപ്പൂട്ടീടെ പേരിലെഴുതി രജിസ്റ്ററാക്കി ബാങ്ക്ലോക്കറിൽ വച്ചിരിക്കുകയാ. ഇവിടേം കട്ടപ്പനേം മാത്രമല്ല മൈസൂരിലും കാപ്പിത്തോട്ടങ്ങളുണ്ടത്രേ. എല്ലാം ചെറുക്കൻ്റെ പേരിലാ. വല്യപ്പൻ പറഞ്ഞത്രേ. ഒരു സൂചി പോലും ഞാനവനു കൊടുക്കില്ല, കയ്യും കൈക്കലേം ഇല്ലാതെ അവൻ തൊള്ളി വെള്ളം കിട്ടാതെ തെങ്ങി അലഞ്ഞു നടക്കട്ടേന്ന്, എല്ലാം നമ്മടെ കൊച്ചിൻ്റേം കൂടെ ഭാഗ്യാടി”
“ങാ, എന്നാലും, നാളെ ലോകം ഇതും പാടി നടക്കുവേലേന്ന് ഓർക്കുമ്പഴാ”
അപ്പനമ്മമാർ തൻ്റെ ഭാവി കാര്യങ്ങളെക്കുറിച്ച് ഉത്സുകരാകുന്നതു കണ്ട് ചെവി കൂർപ്പിച്ചിരുന്ന് ശ്രദ്ധിച്ച സാറാക്കുട്ടി തെല്ലുറക്കെ പറഞ്ഞു:
“തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും” എന്നു പറഞ്ഞ പോലെയാ ദേ, പാപ്പച്ചൻ പച്ചക്കൊടി കാണിച്ചപ്പോൾ കുഞ്ഞന്നാമ്മ ചെമപ്പു കൊടി കാണിക്കുന്നു, എങ്കിലും എൻ്റെ കുഞ്ഞന്നാമ്മേ, നിങ്ങടെയീ പൊന്നുമോളിനീ ആ പിലിപ്പൂട്ടി ചെറുക്കനു മാത്രം സ്വന്തം” …
ദൈവമേ ഭാഗ്യത്തിനാരും കേട്ടില്ല. ഒരു കള്ളിയെപ്പോലെ അവൾ നഖം കടിച്ചു തുപ്പി. അവൾക്കില്ലാത്ത ഒരു ശീലമാണത്. അവളുടെ കവിൾത്തടങ്ങൾ നാണം കൊണ്ട് ചുവന്നു.
അവൾ ഉത്തമഗീതത്തിലെ ശൂലമിയായി. ഇടയച്ചെറുക്കനെ മാത്രം ധ്യാനിച്ചിരിക്കുന്ന ശൂലമി ചിന്തിയ്ക്കുന്നതു പോലെ പ്രണയപരവശയായി. അവൾ ഉരുവിട്ടു: “പ്രിയാ നിൻ്റെ പിന്നാലെ എന്നെ വലിക്ക നമുക്ക് ഓടിപ്പോകാം”
* * *
ഇരു വീട്ടുകാരും വിചാരിച്ചതിനേക്കാൾ വളരെ ഭംഗിയായി ആ പ്രണയജോടികളുടെ വിവാഹം മംഗളമായി നടന്നു.
ഭദ്രാസനമെത്രാപ്പോലീത്തയാണ് മുഖ്യകാർമ്മികത്വം വഹിച്ച് വിവാഹം ആശീർവദിച്ചത്. വിവാഹത്തിനുമുന്നേ തന്നെ ഫിലിപ്പൂട്ടി ഒരു വലിയ കിഴിക്കെട്ടിലാക്കി അമ്മച്ചി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചു വച്ച നൂറ്റൊന്നു പവൻ സ്വർണ്ണം സാറാക്കുട്ടിയ്ക്ക് കൊടുത്തു. അവൾ അത് വാങ്ങാൻ തയ്യാറായില്ല. അവളുടെ വീട്ടുകാരും സമ്മതിച്ചില്ല.
സാറാക്കുട്ടിയുടെ അപ്പൻ പറഞ്ഞു: “നിങ്ങൾക്കു കൊടുക്കാനുള്ളതൊക്കെ പെണ്ണ് അങ്ങു വരുമ്പോൾ കൊടുത്തോ, സന്തോഷം മാത്രേള്ളൂ. ഇപ്പം ബാക്കി പിള്ളേരെപ്പോലെ അവക്കൊള്ള ഓഹരി കൊടുത്തു വിടാം”
സാറാക്കുട്ടിയുടെ നിർബ്ബന്ധ പ്രകാരം മക്കളെ കെട്ടിച്ചയയ്ക്കാൻ ഒരു ഗതീമില്ലാതിരുന്ന ചിരട്ടപ്പറമ്പിലെ ദേവസ്യാച്ചൻ്റെ ഇരട്ട പെമ്പിള്ളേരുടെ കല്യാണച്ചെലവ് ഫിലിപ്പൂട്ടി വഹിച്ചു. സാറാക്കുട്ടീടെ കല്യാണത്തലേന്ന് അവരെ രണ്ടിനേം കെട്ടിച്ചയച്ചു.
ദേവസ്യാച്ചനും ഭാര്യ ദീനാമ്മേം സാറാക്കുട്ടീടെ വീട്ടിൽ വന്ന് അവളുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. ആയമ്മ ആനന്ദാശ്രുക്കൾ പൊഴിച്ചു കൊണ്ട് മൊഴിഞ്ഞു:
“മോൾക്ക് നല്ലതേ വരൂ”
സാറാക്കുട്ടി പറഞ്ഞു; “ദൈവമേ, ഞാനല്ല ഫിലിപ്പൂട്ടീടെ സന്മനസ്സുകൊണ്ടാ”
ദേവസ്യാച്ചൻ പറഞ്ഞു:
“ഫിലിപ്പൂട്ടി എല്ലാം പറഞ്ഞു മോളെ, മോളാണ് ഈ സൽപ്രവൃത്തിയുടെ കാരണക്കാരീന്ന് ”
സാറാക്കുട്ടി പറഞ്ഞു; ഞങ്ങളിലൊരാളെയല്ല രണ്ടു പേരെയുമാണ് അനുഗ്രഹിക്കേണ്ടത് ”
” തീർച്ചയായും മോളെ, ഞങ്ങൾ നാളെ പള്ളീൽ കല്യാണത്തിന് വരുന്നുണ്ട്, ഈ നന്മ നിറഞ്ഞ കുഞ്ഞുങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാൻ”
അവർ സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങി.
ഈ ജന്മം സഫലമായതു പോലെ സാറാക്കുട്ടിയ്ക്കു തോന്നി. ചെയ്യേണ്ടതു ചെയ്തെന്ന ചാരിതാർത്ഥ്യവുമായി അവൾ വിവാഹ ജീവിതത്തിലേക്കു വലതു കാലെടുത്തു വച്ചു.
തങ്ങൾ പെൺമക്കൾ മൂന്നെണ്ണമുണ്ട്. എങ്ങനെ കെട്ടിച്ചയക്കും എന്നു പറഞ്ഞ് ദൈവസന്നിധിയിൽ നിരന്തരം കരഞ്ഞു പ്രാർത്ഥിക്കുന്ന അമ്മയുടെ മുഖം സാറാക്കുട്ടിയുടെ മനോമുകുരത്തിൽ തെളിഞ്ഞു വന്നു.
അതേ സമയം ഒരു ആറു വീടകലെ കുഞ്ഞന്നാമ്മ പദം പറഞ്ഞു കരയുകയായിരുന്നു: “നിൻ്റെയൊക്കെ കഴുത്തേൽ മിന്നു വീഴണേലിനി എൻ്റെ കിടപ്പാടം വില്ക്കണ്ടേന്നു പറഞ്ഞ് ഞാനവളെ ഒത്തിരി കരയിച്ചിട്ടുണ്ട്. ദൈവേ, പൊറുത്ത് മാപ്പാക്കിയെൻ്റെ സാറാമോളെ അനുഗ്രഹിക്കണെ” ഒപ്പം ദൈവത്തിനു നന്ദിയും പറഞ്ഞു: “ചോദിച്ചതിലും നിനച്ചതിലും അത്യന്തം പരമായിത്തന്ന് അനുഗ്രഹിച്ച പരമ പിതാവേ, പരം പൊരുളേ. മഹത്വം”
ഫിലിപ്പൂട്ടിയുടെ അമ്മയുടെ അസാന്നിദ്ധ്യം അറിയിയ്ക്കാതെ, ഒരു കുറവും വരുത്താതെ പുതുമണവാളനേയും പുതുമണവാട്ടിയേയും മണിയറയിലേക്കാനയിക്കാൻ പനങ്കുഴി വീട്ടിൽ ബന്ധുക്കൾക്കിടയിൽ ഒരു മത്സരം തന്നെയുണ്ടായി. അമ്മച്ചിയുടെ അനിയത്തിയും പപ്പയുടെ പെങ്ങളും ഇളയപ്പന്മാരുമെല്ലാം കൂടി മണിയറ അതി മനോഹരമാക്കി. ഹോർലിക്സിട്ട ഒരു മഗു പാൽ അമ്മച്ചിയുടെ അനിയത്തി മേഴ്സിയാൻറി സാറാമോളുടെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു: “നിങ്ങൾക്കു ചട്ടപ്രകാരം കുടിയ്ക്കാനാണ്, പക്ഷേ അവൻ പാല് കുടിയ്ക്കില്ല. മോൾ കൊടുത്താൽ അവൻ കുടിയ്ക്കും”, അപ്പോൾ ഇടയ്ക്കു കയറി പപ്പായുടെ പെങ്ങൾ സെലീനാൻ്റി പറഞ്ഞു; എവിടെ ചട്ടം. അലിഖിത ചട്ടം, ഫസ്റ്റ്നൈറ്റല്ലേ, പിന്നെ അവൻ കുടിയ്ക്കാതെ” അവർ പൊട്ടിച്ചിരിച്ചു. സാറാക്കുട്ടിയങ്ങുവല്ലാതായി, ‘എള്ളിൽ വീണ ഒച്ചു പോലെ’ ഇരുവരും അടുത്ത ബന്ധുവായ മന്ദാരത്തിലമ്മച്ചിയും കൂടി അവളെ മെല്ലെ മെല്ലെ മണിയറയിലേക്ക് ആനയിച്ചു.
അവളോർത്തു മറിയക്കുട്ടി പറഞ്ഞത്, ”സിനിമേലൊക്കെയേയുള്ളൂ, ഈ പാലും പഴോമൊക്കെ ഞങ്ങക്കാരും പാലും ഒരു കോപ്പും തന്നില്ല. എന്നാലേ നമ്മടെ അമ്മ ചെയ്ത കണ്ടില്ലെ, ജോറൂട്ടിച്ചായൻ്റെ പെണ്ണിൻ്റെ കയ്യിൽ പാലു കൊടുത്തു വിട്ടത്, കണ്ടിട്ട് എനിക്ക് കലിയടക്കാമ്മേലാരുന്നു ”
അന്ന് താൻ, മറിയക്കുട്ടിയോടു പറഞ്ഞത് അവളോർത്തു: “ഇതാണ് അസൂയ കൊണ്ടുള്ള നാത്തൂമ്പോര്, തനിക്കു കിട്ടാത്ത സുഖം മറ്റൊരാൾ അനുഭവിക്കുമ്പോൾ മനസ്സിൻ്റെ ഉള്ളറേന്നു പൊങ്ങി വരുന്ന കുശുമ്പൊക്കെ കഴുകിക്കള അപ്പം ദൈവം എല്ലാം വെടിപ്പും കൃത്യവുമായി ചെയ്തോളും”
അവൾ വളരെ പ്രാർത്ഥനയോടെ, വ്രീളാവിവശയായി മുറിയിൽ ഒരു വിധം കയറിപ്പറ്റി. ലജ്ജാഭാരം കൊണ്ട് അവൾ നമ്രശിരസ്ക്കയായി. എത്ര ശ്രമിച്ചിട്ടും അവൾക്ക് മുഖമുയർത്താനാവുന്നേ യില്ല. പിലിപ്പൂട്ടി തന്നെത്തന്നെ ഉറ്റുനോക്കിയിരിക്കുന്നു.
(അടുത്ത ലക്കത്തിൽ അവസാനിക്കുന്നു)
About The Author
No related posts.