സാറാക്കുട്ടിയുടെ അതിജീവനം – അദ്ധ്യായം – 4 | സൂസൻ പാലാത്ര

Facebook
Twitter
WhatsApp
Email

നോവൽ

സാറാക്കുട്ടിയുടെ അതിജീവനം

അദ്ധ്യായം: 4

സൂസൻ പാലാത്ര

വല്ല്യുപ്പപ്പാനും കുടുംബവും തറവാട്ടിൽ വന്നിട്ടുണ്ട്. ഇനി അവര് നാട്ടിൽ തന്നെ കൂടാനാണ് പ്ലാൻ. വല്ലുപ്പാപ്പന് സാറാക്കുട്ടിയെ വല്ല്യ ഇഷ്ടമാണ്. അവളെ എപ്പഴും കുക്കീന്നു വിളിച്ച് വല്ലുപ്പാപ്പൻ കൊഞ്ചിപ്പിക്കാറുണ്ട്.

അവൾ ചാമ്പ മരത്തിന്റെ മുകളിലേയ്ക്കു നോക്കി, നിറയെ രക്തച്ചുവപ്പിലുള്ള ചാമ്പങ്ങ കിടക്കുന്നു. എത്തുന്ന കമ്പുകൾ എല്ലാം കൊച്ചുപ്പാപ്പൻ മണിയനെക്കൊണ്ട് വെട്ടിച്ചു കളഞ്ഞു. കുട്ടികൾ ചാമ്പയിൽ കയറാതിരിക്കാൻ. കൊച്ചമ്മ രാവിലെ വന്ന് അതിന്റെ ചുവട്ടിലെ ചാമ്പങ്ങകൾ മുഴുവൻ അടിച്ചുകൂട്ടി വാരിക്കളയും. അല്ലേൽ ചുവട്ടിലെ പെറുക്കാമായിരുന്നു.

ഓ! രക്ഷപ്പെട്ടു, ദാ വല്ലുപ്പാപ്പൻ വരുന്നു. അവൾ കെഞ്ചി: ” അപ്പപ്പാ ഈ ചാമ്പ ഒന്നു കുലുക്കിത്തരാമോ? അപ്പാപ്പൻ ദിക്കു പോക്കു നോക്കി, ആരുമില്ലെന്നു കണ്ടപ്പോൾ ചാമ്പ ഒരു നാലു വട്ടം കുലുക്കി. ഇഷ്ടം പോലെ ചാമ്പങ്ങാ. സാറാക്കുട്ടി ധരിച്ചിരുന്ന ഉടുപ്പ് ഒരു സഞ്ചി പോലെയാക്കി കൂട്ടിപ്പിടിച്ചു. അതു നിറയെ ചാമ്പങ്ങ പെറുക്കിയിട്ടു. ഭാഗ്യത്തിന് അടിയിൽ കാൽച്ചട്ടയും അതിനു മീതെ പെറ്റിക്കോട്ടും ധരിച്ചിട്ടുണ്ടായിരുന്നു. അതു കൊണ്ട് അവൾക്ക്‌ തെല്ലും നാണം തോന്നിയില്ല.

വീട്ടിൽക്കൊണ്ടെ എല്ലാർക്കും വീതംവച്ച് അവളും ചാമ്പങ്ങാ കറു മുറെത്തിന്നാൻ തുടങ്ങി. കുസൃതിയായ ജോയി അവളുടെ കയ്യിൽ ശേഷിച്ച ചാമ്പങ്ങ വാരിയെടുത്തു. അമ്മ വടിയെടുത്തു. എന്നിട്ടു പറഞ്ഞു: ” ആ പാവം പെങ്കൊച്ച് കഷ്ടപ്പെട്ട് കൊണ്ടു വന്നതാ. അതെങ്ങനാ വെഷം കൊണ്ടു വന്നാലും ജോയിച്ചെറുക്കന് മുഴുവൻ വേണം. ഭീമസേനന്റെ സൊബാവത്തിലുണ്ടായിരിക്കുന്നു ” ഇതു കേട്ട സാറാക്കുട്ടി പൊട്ടിച്ചിരിച്ചു എന്നിട്ടു കൂവി ” ഭീമൻ ”
അഭിമാനക്ഷതമേറ്റ ജോയി കരോട്ടേയ്ക്ക് നോക്കി വിളിച്ചുകൂവി:
“ആണ്ടോ ദേണ്ടോ സാറാ ചാമ്പങ്ങാ കട്ടേ ”

സാറാക്കുട്ടി സത്യം പറഞ്ഞു: ” എനിക്ക് വല്ലുപ്പാപ്പൻ കുലുക്കിയിട്ടു തന്നതാ ”

ജോയി ഓടി ” അപ്പാപ്പാ എനിക്കൂടെ ”

” പോടാ വീട്ടിപ്പോയി പൊസ്തകം എടുത്ത് നാലക്ഷരം പഠിക്കാൻ നോക്ക്, ഒരു ചക്കയിട്ടപ്പം മുയലിനെക്കിട്ടീന്ന് പറഞ്ഞ് എറങ്ങീരിക്കാണോ,
ഈ ചാമ്പങ്ങാ എല്ലാം തിന്ന് വിരയിളക്കമൊണ്ടാക്കാതെ ആണ്ട് ആ ഇരുമ്പപ്പുളി നിയ്ക്കുന്ന തൊട്ടീലെ വല്യ കൂഴപ്പിലാവിന്റെ ചോട്ടിൽ പഴുത്തചക്ക വീണു കിടക്കുന്നു. പോയി തിന്നെടാ പോ പോയി അവരെക്കൂടെ കൂട്ട്” സാറാക്കുട്ടിയും, ജോയിയും, ഇളയത്തുങ്ങളും അപ്പാപ്പന്റെ മക്കളും പോയി പിലാഞ്ചോട്ടിലിരുന്ന് വയറുമുട്ടെ കൂഴച്ചക്കപ്പഴം തിന്നു. ഇതറിഞ്ഞ വല്യപ്പച്ചൻ പച്ചയീർക്കിലി എടുത്ത് എല്ലാവർക്കും ഓരോ എണ്ണം കൊടുത്തു. എന്നിട്ട് എല്ലാവരേയും നിർബന്ധിച്ച് ഉപ്പുകല്ലും തീറ്റിച്ചുവിട്ടു.

സന്ധ്യയായാൽ പിന്നെ നല്ല രസമാണ്. ഒരു പള്ളിക്കൂടത്തിന്റെ പ്രതീതിയാണ് വീട്ടിൽ. വലിയ പ്രായ വ്യത്യാസമില്ലാത്ത മറിയക്കുട്ടി, സാറാക്കുട്ടി, ജോയിക്കുട്ടി, ലിസമ്മ, മാത്തൂട്ടി എല്ലാം ഉച്ചത്തിൽ പുസ്തകം അങ്ങനെ വായിച്ചു കൊണ്ടിരിക്കും. ഒരാൾ ഇംഗ്ലീഷ്, ഒരാൾ ഹിന്ദി, ഒരാൾ മലയാളം ഈ നിലയിൽ ബഹുഭാഷാഘോഷം. വിക്കനായ മാത്തൂട്ടിയുടെ വായനയാണ് രസകരം ത… ത… തറ, പ …പ …. പറ, പ…പ .. പന.

ഇത്രയും ദാരിദ്യത്തിലാണെങ്കിലും സാറാക്കുട്ടിയുടെ വീട്ടുകാർ പുറത്ത് ആരെയും അറിയിക്കാറില്ല. സ്കൂളിൽ കൊടുക്കുന്ന ഉപ്പുമാവും പാലും നേരത്തെ പേരു കൊടുക്കാത്തതിനാൽ അവർക്കു ലഭിക്കാറില്ല. അവരുടെ അപ്പന്റെ അടുത്ത് ഒരു കത്തുമെഴുതി പലതവണ ആ കുഞ്ഞുങ്ങൾ അപ്പന്റെ ഒരൊപ്പിനു വേണ്ടി കെഞ്ചിയതാണ്. അപ്പൻ പറഞ്ഞു: ” ആന മെലിഞ്ഞാലും എരിത്തിലിൽ കെട്ടത്തില്ല” അപ്പന്റെ കൂട്ടുകാരനാണ് സ്കൂളിലെ ഹെഡ്മാസ്റ്റർ കോരസാർ. അവരൊക്കെയറിഞ്ഞാൽപ്പിന്നെ നാണംകെട്ട് ജീവിയ്ക്കണ്ടെ. വേണ്ട, വീട്ടിലുള്ളതു കഴിച്ച് മുണ്ടു മുറുക്കി നടന്നാൽ മതി.

അപ്പനും കോരസാറും ഉറ്റ ചങ്ങാതിമാരായിരുന്നു. എഴുത്തിനിരുന്നതു മുതൽ ഒന്നിച്ചായിരുന്നു. കുസൃതിയായ അപ്പന്റെ കണ്ണിൽ, മറ്റൊരു കുസൃതി കൂട്ടുകാരന്റെ അടിയേറ്റ് കണ്ണ് പാടില്ലാതെ നീണ്ട ചികിത്സയിലായി. സമ്പന്നനായ വല്യപ്പച്ചൻ അപ്പനെ വൈദ്യരുടെ വീട്ടിൽ താമസിപ്പിച്ച് ചികിത്സിച്ചതിനാൽ കാഴ്ച നഷ്ടപ്പെടാതെ ഒരുവിധം രക്ഷപ്പെട്ടു. പക്ഷേ പഠനം തുടരാനായില്ല.

ഒരു മണീടെ ബല്ലടിച്ചു. സാറാക്കുട്ടി ഒറ്റയോട്ടം വച്ചു കൊടുത്തു വീട്ടിലേക്ക്. വീട്ടിലെത്തി ഏറെ നേരം കഴിഞ്ഞാലും കിതപ്പു തീരില്ല.

ദാ വല്ലുപ്പാപ്പൻ വിളിയ്ക്കുന്നു. “വാ ഇവിടെ വാ ഇന്നിവിടുന്നു കഴിക്കാം.” അവൾക്ക് ഒന്നും മനസ്സിലായില്ല. എപ്പം തുടങ്ങിയ വിശപ്പാണ് രണ്ടാം പീരിയഡ് മുതൽ. അവൾ ഓടി അമ്മയുടെ അടുത്തു ചെന്നു. അമ്മയ്ക്കിപ്പോൾ കുറേ പരിഷ്ക്കാരമൊക്കെയായി. പള്ളിപ്പെരുന്നാളിനു വാങ്ങിയ പൊട്ടുന്ന നീലയും റോസും പൂക്കളുള്ള, ഭംഗിയുള്ള വസ്ഥി പിഞ്ഞാണത്തിലാണ് ചോറു തരുന്നത്. നേരത്തെ കോപ്പച്ചട്ടിയിലായിരുന്നു. മറിയക്കുട്ടിക്ക് തളികച്ചട്ടിയിലും. മറ്റൊരു കോപ്പപ്പാത്രത്തിൽ അപ്പൂപ്പൻ ചേമ്പുകറിയും. പാവം അമ്മ. ചൊറിയൻ ചേമ്പാണ് അപ്പൂപ്പൻ ചേമ്പ്. അതു മുഴുവൻ ആ പാവം ഒരുക്കി കഴുകിയെടുത്തിട്ട് ഏറെ നേരം ഉപ്പിട്ട ചൂടുവെള്ളത്തിൽ കൈമുക്കിപ്പിടിച്ച്, പിന്നെ വെളിച്ചെണ്ണയുമൊക്കെ തേച്ചാണ് അമ്മ കൈയ്യുടെ ചൊറിച്ചിൽ മാറ്റുന്നത്. സാറാക്കുട്ടിക്ക് അമ്മ വയ്ക്കുന്ന അപ്പൂപ്പൻ ചേമ്പുകറി വല്യ ഇഷ്ടമാണ്. തേങ്ങയരച്ച് കുടമ്പുളിയുമിട്ടുവയ്ക്കുന്ന കറിക്ക് നല്ല രുചിയാണ്. തൊണ്ട തൊടാതെ ചോറിറങ്ങിപ്പോകും. അവൾക്കാണേൽ എന്നും തൊണ്ടവേദനയുമാണ്. മറിയക്കുട്ടിയ്ക്ക് ശീമചേമ്പും, ജോയിക്കുട്ടിക്ക് താമരക്കണ്ണനുമാണിഷ്ടം. നാലുമണിക്കാപ്പിയുടെ കൂടെ അമ്മ പലപ്പോഴും അതു പുഴുങ്ങിത്തരാറുണ്ട്. എന്തു ചെയ്യാം? തങ്ങൾക്കു തന്ന തുണ്ടു പറമ്പിൽ അപ്പൻ ആകെ കൃഷി ചെയ്യുന്നത് ചേമ്പിനത്തിൽ അപ്പൂപ്പൻ ചേമ്പു മാത്രം.

ധാരാളം ഭൂസ്വത്തുള്ള വല്യപ്പച്ചന്റെ സ്വത്തിന്റെ മുക്കാൽ ഭാഗവും കൊച്ചുപ്പാപ്പൻ സൂത്രത്തിൽ, എഴുതി വാങ്ങിയിരിക്കുകയാണ്.
കൂത്തുപറമ്പിലെ സാലുവിന്റെ കുറെ പറമ്പ് വാരത്തിനെടുത്ത് അപ്പൻ കപ്പകൃഷി നടത്തുന്നുണ്ട്. കപ്പ ഇട്ടു ഇട കിള കഴിയുമ്പോൾ തുടങ്ങി മറിയക്കുട്ടീം ജോയിയും ഒരു അരിവാളും കുട്ടയുമായി പോയി കപ്പമാന്താൻ തുടങ്ങുന്നതാണ്. അപ്പനറിയാതെ അമ്മ അവരെ പറഞ്ഞു വിടുന്നതാണ്. കിഴങ്ങ് അല്ലം വണ്ണിച്ചാൽ പിന്നെ കപ്പ പറിക്കൽ തുടങ്ങും ഒരു മകരമാസം വരെ പച്ചക്കപ്പ തീറ്റയാണ്. ചന്തയിൽ നിന്നു മത്തിയും വാങ്ങും.രാവിലെയും നാലു മണിക്കുമെല്ലാം കപ്പയും മത്തിക്കറിയും. പച്ചതീറ്റിക്കാലം കഴിഞ്ഞ് കുറച്ച് വാട്ടിയുണക്കാനും കിട്ടും. വെള്ളു കപ്പ, അവലുകപ്പ, വറ്റലുകപ്പയൊക്കെ അതിൽനിന്നുണക്കി വയ്ക്കും.

പോന്നു പോരായ്ക നികത്തുന്നത് അമ്മ വീട്ടിൽ നിന്ന് കാളവണ്ടിയിലെത്തിക്കുന്ന ഭക്ഷ്യവസ്തുക്കൾ കൊണ്ടാണ്. മൂന്നു നാലു ചാക്കു കപ്പ, കുറച്ചു നെല്ല്, കുറച്ച് അരി, ഉണക്കലരി, അവൽ, എള്ള് എല്ലാം കാണും. കൂട്ടത്തിൽ വാകത്താനം തേൻവരിക്കയും, ഏത്തക്കുലയും, മാങ്ങയുമൊക്കെ. അതുകൊണ്ടൊക്കെ പിടിച്ചു നില്ക്കാം.

തറവാട്ടിൽ പള്ളിക്കുന്നേപ്പറമ്പിൽ നിന്ന് കാളവണ്ടി നിറയെ കൊണ്ടിറക്കി ചെറിയന്നൂർ കുന്നേലെ കപ്പചെത്തുകാരെയെല്ലാം വിളിച്ച് കപ്പ ചെത്തി അരീപ്പിച്ച് അവർക്ക് പതം അളന്നു കൊടുത്ത് ഇടയ്ക്ക് കഞ്ഞിയും കപ്പയും കഴിക്കാനും കൊടുത്ത് കുമരിയും ചെറിയാഞ്ചേട്ടനും ഒക്കെകൂടി വാട്ടി കപ്പ കപ്പക്കാലായിൽ ഉണക്കാൻ വിരിച്ചിടും. മൂന്നു ദിവസത്തെ നല്ല ഉണക്കു കിട്ടിയാൽ കപ്പ പെറുക്കിയെടുത്ത് ചാക്കുകളിലാക്കി തറവാട്ടിലേക്ക് കപ്പച്ചാക്കുകൾ ചെറിയാഞ്ചേട്ടനും കുമരിയും മണിയനും കൂടി അതിവേഗത്തിൽ ചുമന്നുകൊണ്ടു പോകുന്നത് കാണാൻ രസകരമാണ്. കപ്പപെറുക്കൽ അതിലേറെ രസകരമാണ്. കപ്പ കൂടുതൽ പെറുക്കുന്നവർക്ക് കൊച്ചുപ്പാപ്പൻ കൂടുതൽ മിഠായി തരും.

ഇങ്ങനെ കപ്പ ചെത്ത് നടത്തുമ്പോൾ തൂക്കി പതം കൊടുക്കാൻ, അപ്പന്റെ കടയിലെ കട്ടീം ത്രാസും ഉപയോഗിച്ചത്, സർക്കാരീന്ന് “അളവുകളും
തൂക്കങ്ങളും ” വകുപ്പുകാർ വന്ന് എടുത്തു കൊണ്ടുപോയി. കട്ടിയും ത്രാസും അപ്പന്റെ വകയായിരുന്നതിനാൽ അപ്പൻ ബാക്കി നോക്കണം. അപ്പൻ പുറകെ പോയില്ല. അപ്പന് ഇപ്പോൾ അതു കൊണ്ട് എന്തുപയോഗമാണ്? കടയുണ്ടോ? അപ്പൻ പറഞ്ഞു: ” പോട്ടെ, എല്ലാം, മൂക്കോളമായാൽ മൂവാളോ നാലാളോ നോക്കണോ?” കട്ടിയും ത്രാസുമൊക്കെ അങ്ങുപേക്ഷിച്ചു. ലാഭം കൊച്ചുപ്പാപ്പനും നഷ്ടം അപ്പനുമാണല്ലോ എന്നും.

കിഴക്കൂന്ന് ലോറി നിറയെ നെല്ലിൻ ചാക്കുകളും ഓറഞ്ചും നെല്ലിക്കയും കൊണ്ടു വരുമ്പോഴുമിങ്ങനെയാണ്. സാറാക്കുട്ടിയൊക്കെ വെറും നോക്കുകുത്തികളാകും. നെല്ലു ചാക്കുകൾ മുഴുവൻ പണിക്കാരെക്കൊണ്ട് തറവാട്ടിലെ പടിഞ്ഞാറുവശത്തെ വലിയ തിണ്ണയിൽ അട്ടിയടുക്കിവയ്പിക്കും. വല്യ പത്തായം നിറച്ച് അപ്പഴും നെല്ലാരിക്കും. കിഴക്ക് വില്പന കഴിഞ്ഞ് ആണ്ടോടാണ്ടുണ്ട്, മിച്ചം വരുത്താൻ കൊണ്ടുവരുന്നതാണ്. ഒരു മുപ്പറക്കൊട്ട നെല്ലും, രണ്ടിടങ്ങഴി നെല്ലിക്കേം ഒരു ചെറിയ വട്ടി ഓറഞ്ചും മാത്രം സാറാക്കുട്ടിയുടെ വീട്ടിൽ നല്കും. അപ്പൻ പലപ്പോഴും നെഞ്ചിൽ കൈവച്ച് നെഞ്ചുരുകി കരയുന്നത് സാറാക്കുട്ടി കണ്ടിട്ടുണ്ട്. എനിക്കും മക്കൾക്കും കൂടി അവകാശപ്പെട്ടതാ അവനൊറ്റയ്ക്ക് അനുഭവിക്കുന്നത് എന്നു പറയാറുണ്ട്. വല്ലുപ്പാപ്പൻ കുറച്ചു വഴക്കാളിയായതുകൊണ്ട് ചെലവു കാശു കൊടുത്ത് വായടപ്പിക്കും. മറ്റത്തിലെ തേങ്ങയിടീലു നടത്തുമ്പം വല്ലുപ്പാപ്പനും കുറച്ചു തേങ്ങ കൊടുക്കും. പണിക്കാരുടെ തറവാട്ടിലേക്കുള്ള ആ തേങ്ങാ ചുമടും അവളും സഹോദരങ്ങളും ആസ്വദിക്കും. വലിയ ദ്വാരങ്ങളുള്ള വലിയ കുട്ടകളിൽ ചുമട്ടുകാർ വളഞ്ഞുപുളഞ്ഞ് ഓടി തേങ്ങയും ചുമന്നുകൊണ്ട് തറവാട്ടിലേക്കു പോകും. കൊതുമ്പ് പെറുക്കി കൊടുക്കുന്ന പിള്ളേര് സെറ്റിന് തിന്നാൻ കരിക്ക് പൂളിക്കൊടുക്കും.

വൈകുന്നേരം സ്കൂളിൽ നിന്ന് മടങ്ങി വന്നപ്പോഴാണ് സാറാക്കുട്ടിക്ക് സംഭവം പിടി കിട്ടിയത്. വല്ലുപ്പാപ്പൻ തങ്ങളോടൊപ്പം താമസത്തിനു വന്നു. പടിഞ്ഞാറേ മുറിയും, ചായ്പ്പും, തട്ടിൻപുറവും, തിണ്ണയും എന്തിനേറേ നടവാതുക്കമുറ്റം വരെ അപ്പാപ്പൻ പകുത്തെടുത്തു. അപ്പാപ്പന്റെ ഭാര്യ… വല്യ കൊച്ചമ്മ ഒരു മഹാ മടിച്ചിയാണ്. സാറാക്കുട്ടിയുടെ അമ്മ വളരെ കഷ്ടപ്പെട്ടു് കൂത്തുപറമ്പിൽ നിന്നുമൊക്കെ കൊണ്ടുവന്ന് കീറി ഉണക്കി വച്ച മടലും കൊതുമ്പും, മുള്ളനാകുന്നേകാരോട് വിലകൊടുത്ത് വാങ്ങി വച്ച തൊണ്ടും ചിരട്ടയും വിറകുകളുമെല്ലാം, അത്യാവശ്യത്തിന് സൂക്ഷിച്ചിട്ടിരിക്കുന്ന തേങ്ങ, കുരുമുളക്, കുടമ്പുളി എല്ലാം അപ്പാപ്പൻ
ഒരു ദാക്ഷിണ്യവുമില്ലാതെ എടുത്ത് ഉപയോഗിക്കുകയാണ്. ചൂലു പിടിച്ച് ശീലമില്ലാത്ത മടിച്ചിക്കൊച്ചമ്മ മുറ്റത്തെല്ലാം മാലിന്യങ്ങൾ വലിച്ചെറിഞ്ഞു. എന്നും വഴക്കായി. ഒരു സ്വാതന്ത്ര്യവുമില്ല ഒരു സ്വസ്ഥതയും.

തട്ടിൻപുറത്തെ സമ്പാദ്യങ്ങൾ അപ്പാപ്പൻ കവർന്നപ്പോൾ അപ്പൻ ഇടപെട്ടു. സ്വന്തം അനുജന്റെ മറക്കാനാവാത്ത ആ മർദ്ദനം അപ്പനെ ഒരു സ്ഥിരം വലിവു രോഗിയാക്കി മാറ്റി. അതിൽ സാറാക്കുട്ടിക്ക് അതിയായ സങ്കടമുണ്ട്. വല്ലുപ്പാപ്പനെ കൊല്ലാനുള്ള ദേഷ്യോം.

ഇതിനിടയിലും വല്ലുപ്പാപ്പൻ അവളെ വിളിച്ചു പറഞ്ഞു: “എടീ കുക്കീ നീ തോട്ടിൽ പോകുമ്പോൾ ഈ പിള്ളാരേ കൂടി കൊണ്ടുപോയി കുളിപ്പിച്ചോണ്ടു വാ ” എന്നിട്ട് വില കൂടിയ ഫോറിൻ ഷാമ്പൂ കുപ്പിയടപ്പിന് അളന്നെടുത്ത് കൊടുത്തു, ലവണ്ടർ സോപ്പും. അവൾക്കും വാസന ഷാമ്പുവിട്ട് കുളിക്കാമല്ലോ. അവൾ ആ ചുമതലയേറ്റു. .
വല്ലുപ്പാപ്പന്റെ ആ കുക്കീ ന്നൊള്ള വിളി ഒരു സോപ്പിടലായി മാറിയെന്ന് അവൾ മനസ്സിലാക്കിത്തുടങ്ങി. ആ വിളി പണ്ടൊക്കെ അവൾക്ക് വല്യ ഇഷ്ടാരുന്നു. പക്ഷേ അവളുടെ അപ്പനെ തല്ലിയിട്ട്…

എന്നാൽ അമ്മ സമ്മതിച്ചില്ല. ഇരുകര കവിഞ്ഞ് നിറഞ്ഞൊഴുകുന്ന തോട്ടിൽ കുളിക്കാൻ ഇച്ചിരേയില്ലാത്ത പെണ്ണിന്റെ കയ്യിൽ രണ്ടിള്ളാക്കുഞ്ഞുങ്ങളെ കൊടുത്തു വിടാൻ ഞാൻ സമ്മതിക്കേലാന്നുതീർത്തു പറയുന്ന അമ്മയോട് അവർ തട്ടിക്കയറി. പിന്നേം വഴക്കായി.

പിന്നെ തരം കിട്ടുമ്പോഴൊക്കെ വെള്ളം കോരിപ്പിക്കും. അങ്ങനെ ഓരോ ഏടാകൂടങ്ങളാണ് എന്നും.

സൺഡേ സ്കൂൾ പഠനവും യാത്രയും രസകരമാണ്. തിരിച്ചു വരുമ്പോൾ പഞ്ചായത്തിന്റെ കുറുക്കുവഴിയേ പോകും. വഴിയിൽ കാഞ്ഞിരമറ്റംകാരുടെ പേര, ചാമ്പ ഇവയിലെ കായ്കൾ പറിക്കും, ചീനിക്കാലാക്കാരുടെ ബോഗൻ വില്ലപ്പൂക്കൾ കുലയോടെ ഒടിച്ചെടുക്കും, റോഡരുകിൽ ധാരാളം മണിത്തക്കാളിയുണ്ട്. അവയുടെ കായ്കൾ പറിച്ചുതിന്നും. എരുമത്താനംകാർക്ക് കൊപ്രാക്കച്ചവടമാണ്. അവിടെ നിന്ന് ഇഷ്ടം പോലെ ‘പൊങ്ങ് ‘ തരുന്നത് വാങ്ങിത്തിന്നും. ഓണപ്പൂക്കൾ പറിച്ച് മറിച്ചെടുത്ത് ഊതി വീർപ്പിച്ചു കളിക്കും. എന്നിട്ട് അവർ പന്തയം വയ്ക്കും. അഞ്ചു പൈസ പന്തയം ഒന്നുകിൽ അമ്മയുടെ ഒരു കോഴിയെ ഇന്നു വണ്ടി ഇടിയ്ക്കും. അല്ലെങ്കിൽ അവറാപ്പച്ചൻ വരും. കോഴിയെ വണ്ടി ഇടിച്ചാൽ പിന്നെ, വൈകീട്ടത്തെ ഊണിന് കോഴിക്കറി കുശാലായി കൂട്ടാം. അവറാപ്പച്ചൻ വന്നാൽ വെറുങ്കയ്യോടെ വരില്ല. ഏത്തക്കുലയോ, തേൻവരിക്കയോ, വേറെ തിന്നാനുള്ളതോ ഒക്കെ കാണും. അവറാപ്പച്ചനു വേണ്ടി അമ്മ അടകാച്ചും. അതിന്റെ രുചി, പറഞ്ഞാൽ തീരില്ല. ചുവന്ന പുത്തൻ മൺകലത്തിൽ അമ്മ പാത്തുവച്ചിരുന്ന അരിപ്പൊടിയെടുത്ത് ഉപ്പും മധുരവും തേങ്ങാപ്പീരയും ചേർത്ത് ചൂടുവെള്ളത്തിൽ വാട്ടിക്കുഴച്ച് വാഴയിലയിൽ തേങ്ങയും ശർക്കരയും അകത്തു വച്ച് ഏലക്കായും ജീരകവുമൊക്കെ ചേർത്ത് അപ്പചെമ്പിൽ വച്ചുപുഴുങ്ങിയിട്ട്, ദോശക്കല്ലിൽ വച്ച് ചുട്ടെടുക്കുന്ന അടയ്ക്ക് എന്നാ സ്വാദാണ്. ഹോ അതിന്റെ ആ രുചി ഓർക്കുമ്പോൾ വായിൽ കപ്പലോടിക്കാൻ പറ്റും. അവറാപ്പച്ചൻ അന്നു തന്നെ പോകും. പോകുമ്പോൾ ‘പടി’യും കിട്ടും.

ഇങ്ങനെ പന്തയം വച്ചുവരുമ്പോഴാണ്, കാതിൽ തേന്മഴയായി ആ വാർത്തയുമായി പിലാവേന്നുവീണു മരിച്ച കുഞ്ചാക്കോച്ചായന്റെ മകൻ തമ്പിയുടെ ഒരു ഒന്നൊന്നര വരവ്!

” ദാ നിങ്ങടെ സിംഗപ്പൂരിലപ്പച്ചൻ വന്നല്ലോ. ആണ്ട് പെട്ടിയെല്ലാമെറക്കുന്നു”
ഉവ്വാ നൊണ പറയല്ലേ, സത്യാണോന്ന് മറിയക്കുട്ടി ചോദിക്കുവേം എല്ലാരും കൂടി തറവാടിനെ ലക്ഷ്യമാക്കി ഓടിയതും നൊടിയിടയിലായിരുന്നു.

(തുടരും….)

About The Author

Leave a Reply

Your email address will not be published. Required fields are marked *