ഇരുളടുക്കുമ്പോൾ ഉള്ളിൽ
വിങ്ങുന്ന മഴവില്ലായി നീ..
ഹൃത്തിലെ സൂര്യൻ
ഒരുനാൾ
പോയ് മറഞ്ഞാൽ
ഇമ്മണ്ണേകാകിയായി
കൊടുംകാടായി,
സാഗരത്തിന്നലർച്ചയായ്
ചിന്തിയലഞ്ഞീ
ഭൂവിൽ പടരും.
അഗ്നിയും, തേനും തേടി
നീ പോയ വഴിയിലൂടെ..
ചുഴലി ച്ചുഴി പോലെ,
പ്രളയ വന്യത പോലെ..
പിടയും മത്സ്യകന്യകയുടെ തോളിലേറി
ഭ്രാന്തമാം പന്ഥാവു താണ്ടി…
നീയേതരുണസീമയിൽ മറഞ്ഞാലും
എൻറെ സൂര്യാ,
നീ എന്നുമീ വസുന്ധരയുടെ
നാഡികളിൽ കുതിയ്ക്കുന്ന
രുധിരനിറവിലെ വർണ്ണരാജി..
ഇളംകാറ്റിലൂടെയെന്നുള്ളിൽ
ചേക്കേറിയോരരൂപീ
നിന്നെഞാനെന്നുള്ളം കയ്യിലെ
ചിത്രരേഖയായ് കൊത്തിയിടട്ടെ..
ഹൃത്തടത്തിലെൻ
ലോലരൂപമാലേഖനം ചെയ്തു
നീ
എന്നണിയത്തണയുക..
ഒരു പൂവിതൾ പൈതൽ പോലെ
എന്നകിടിമ്പീടുക…
എന്നിലലിയുക….
ഇദ്ധരയൊരു
പച്ചക്കാടായി, നിറകടലായി
നിന്നെ
ഉൾത്തടത്തിലൊളിമങ്ങാതെ
നിറച്ചാർത്തിനാലഭിഷേകം
ചെയ്തീടട്ടെ…
സുനിത ഗണേഷ്
About The Author
No related posts.