ജ്ഞാനപ്പാന (കാരൂര്‍ സോമന്‍)

Facebook
Twitter
WhatsApp
Email

സൂര്യോദയം കാണണമെങ്കില്‍-
സ്മാര്‍ട്ട്ഫോണ്‍ സ്ക്രീന്‍സേവര്‍
അല്ലെങ്കില്‍ മറ്റേതെങ്കില്‍ ഗാഡ്ജറ്റ്
അല്ലെങ്കില്‍ ജനല്‍ തുറന്നു
നോക്കുമ്പോള്‍ കാണുന്ന തെരുവു
തൂപ്പുകാരുടെ നീളന്‍ കുപ്പായം
അതുമല്ലെങ്കില്‍ തിരക്കിട്ടു നീങ്ങുന്ന
കുഞ്ഞു പെണ്ണിന്‍ സ്കര്‍ട്ട്
വലിയൊരു ഭാരവുമായി ജോലിക്ക്
ഓടുന്ന ഭാര്യയുടെ വേവലാതി
പിന്നെയും പണിയൊന്നുമില്ലാതെ
നാണിച്ച് ലജ്ജിച്ച ഭര്‍ത്താവ്
ഇവരുടെ മുഖകാന്തിയില്‍ നിന്ന്
എനിക്കു കാണാം സൂര്യോദയം

എന്‍റെ സൂര്യോദയം, ഒരു കണക്കിന്
പാതിരിച്ചിരിപോലെ അഡ്ജസ്റ്റുമെന്‍റാണ്
ലാഭം കണക്കാക്കാനറിയാത്ത കച്ചവടക്കാരന്‍റെ
കൂട്ടിക്കിഴിക്കലുകളുടെ വെപ്രാളമാണ്
മറ്റൊരര്‍ത്ഥത്തില്‍, കോഴിയും പോത്തും
തൂക്കിപിടിച്ച സഞ്ചി, ചന്തയിലെ തിരക്കില്‍
പൊട്ടി വീഴുമ്പോള്‍ എടുത്തു സഹായിക്കാന്‍
ആര്‍ത്തിപുരണ്ടെത്തുന്നവരുടെയും
ഒരു കൈയില്‍ കത്തിയുമായി മീന്‍വെട്ടുമ്പോഴും
പെണ്ണിന്‍റെ ഉടലിനെ പ്രാപിച്ച് ആഞ്ഞുവെട്ടി
ചോരചിന്തുന്ന മാംസത്തിന്‍റെ നറുമേനിയില്‍
കൈയിട്ടിളക്കുന്നവന്‍റെ രതിമൂര്‍ച്ഛയാണ്.

ഇങ്ങനെയൊഴുകുന്ന എന്‍റെ പുഴയില്‍
എവിടെയെങ്കിലും സൂര്യോദയം കാണാമോ
ഇങ്ങനെ നടക്കുന്ന എന്‍റെ പകലില്‍
എവിടെയെങ്കിലുമുണ്ടോ സൂര്യാസ്തമയം
സൂര്യന്‍ ഒരു മിഥ്യയാണെന്നും, അത്
ഒരു മിറാഷ് പെയിന്‍റിങ്ങുമാണെന്ന്
നോര്‍വെയുടെ തെരുവില്‍ ഒരു റൊട്ടികഷണം
നുണയവേ തിരിച്ചറിഞ്ഞ മാത്രയില്‍
ഞാനെഴുതി, അറിവിന്‍റെ നൂറ്റൊന്നു മാത്ര
നീളുന്ന ജ്ഞാനപ്പാനയ്ക്ക് ആമുഖം!!

About The Author

Leave a Reply

Your email address will not be published. Required fields are marked *