ജറുസലം ∙ ഇസ്രയേൽ–പലസ്തീൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. വെളളിയാഴ്ച രാത്രി 8നു നഗരത്തിലെ സിനഗോഗിനു പുറത്തുണ്ടായ വെടിവയ്പിൽ 60കാരിയായ യുക്രെയ്ൻ സ്ത്രീ അടക്കം 7 പേർ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ പലസ്തീൻ യുവാവിനെ പൊലീസ് വെടിവച്ചുകൊന്നു.
ഇന്നലെ കിഴക്കൻ ജറുസലമിലെ സിൽവാനിൽ പലസ്തീൻ ബാലൻ നടത്തിയ വെടിവയ്പിൽ 2 പേർക്കു ഗുരുതരമായി പരുക്കേറ്റു. പതിമൂന്നുകാരനായ തോക്കുധാരിയെ പൊലീസ് പിടികൂടി. അധിനിവേശ വെസ്റ്റ് ബാങ്കിലേക്ക് ഒരു ബറ്റാലിയനെക്കൂടി നിയോഗിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
സിനഗോഗിനു പുറത്ത് ആക്രമണം നടത്തിയ യുവാവിന്റെ ബന്ധുക്കളായ 42 പേർ അറസ്റ്റിലായി. നടന്നതു ഭീകരാക്രമണമാണെന്ന് ഇസ്രയേൽ പൊലീസ് പറഞ്ഞു.
കിഴക്കൻ ജറുസലം പൂർണമായും ഇസ്രയേൽ സേനയുടെ നിയന്ത്രണത്തിലാണ്. കമാൻഡോകളെയും നിയോഗിച്ചു. പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു സുരക്ഷാ കാബിനറ്റിന്റെ അടിയന്തരയോഗം വിളിച്ചു.
വ്യാഴാഴ്ച അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സേന നടത്തിയ റെയ്ഡിനിടെ 9 പലസ്തീൻ കൊല്ലപ്പെട്ടതിനു പിന്നാലെയാണു മേഖലയിൽ സ്ഥിതി വഷളായത്. സായുധ പ്രതിരോധ സംഘടനയായ ഇസ്‌ലാമിക് ജിഹാദിലെ അംഗങ്ങളെ തിരഞ്ഞു പലസ്തീൻ അഭയാർഥി ക്യാംപിൽ വ്യാഴാഴ്ചയാണ് ഇസ്രയേൽ സേന റെയ്ഡ് നടത്തിയത്.
2008നു ശേഷം ജറുസലമിൽ നടന്ന ഏറ്റവും വലിയ ആക്രമണമാണു വെള്ളിയാഴ്ച സിനഗോഗിനു പുറത്തുണ്ടായത്. കിഴക്കൻ ജറുസലം നിവാസിയായ ഖൈർ അൽക്കം (21) ആണു വെടിവയ്പു നടത്തിയത്.
വ്യാഴാഴ്ച ജെനിൻ അഭയാർഥി ക്യാംപിൽ ഇസ്രയേൽ സേനയുടെ വെടിയേറ്റു മരിച്ച പതിനേഴുകാരന്റെ ബന്ധുവാണ് അൽക്കം.
English Summary: Israel- Palestine unrest