‘പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല
വെച്ചും സ്വച്ഛാബ്ധി മണല്‍ തിട്ടാം
പാദോപദാനം പൂണ്ടും’
വള്ളത്തോള്‍ നാരായണ മേനോന്റെ
അതിമനോഹരമായ ഹരിത കേരള വര്‍ണ്ണനയുടെ ഈ പച്ചയില്‍ ചവിട്ടി
നിന്നു കൊണ്ട് അല്പം പരിസ്ഥിതിദിന ചരിത്രവും വര്‍ത്തമാന ചിത്രവും പരിശോധിക്കാം.
ജൂണ്‍ 5-2025. ലോക പരിസ്ഥിതിദിനം
തീം: ‘പ്ലാസ്റ്റിക് മാലിന്യത്തിന് അറുതി’
ഈ വര്‍ഷത്തെ ആഗോള ആതിഥേയ രാജ്യം: ദക്ഷിണ കൊറിയ.
1972 ല്‍ സ്വീഡനില്‍ ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനത്തില്‍ ആണ്
‘ലോക പരിസ്ഥിതിദിനം’ എന്ന ആശയം
ഉടലെടുത്തത്. ശേഷം 1974 മുതല്‍ ഇങ്ങോട്ട്, എല്ലാ വര്‍ഷവും
ജൂണ്‍ 5 പരിസ്ഥിതി അവബോധന ദിനമായി ആചരിക്കുന്നു.
പരിസ്ഥിതിയെ ബാധിക്കുന്ന ഒരു പ്രധാന പൊതുവിഷയം
അധികരിച്ച് സജീവമായ പരിഹാര പ്രവര്‍ത്തന മാതൃകകള്‍ നിര്‍ദ്ദേശിച്ച് നടപ്പിലാക്കുകയാണ് ലക്ഷ്യം.
ഭൂമിയിലെ ജീവന്റെ സുസ്ഥിര നിലനില്‍പിന് വേണ്ടി
ഉത്തരവാദപ്പെട്ട ഒരു സമൂഹം എന്ന നിലയില്‍
ലോക മെമ്പാടുമുള്ള നിരവധി രാജ്യങ്ങള്‍
ഈ സദുദ്യമത്തില്‍ പങ്കാളികളാണ്.
ഭൂമിയില്‍ ജീവന്റെ നിലനില്പിന്
ഭീഷണി ആകുന്ന ഘടകങ്ങള്‍ നിരവധിയാണ്.
ആഗോള താപനം,
ഓസോണ്‍ ദ്രവീകരണം.
ഹരിതഭവന പ്രതിഭാസം
അമ്ലമഴ, അതി വൃഷ്ടിയും
വരള്‍ച്ചയും..
ധ്രുവങ്ങളിലെ മഞ്ഞുപാളികളുടെ
ഉരുകല്‍..
വനനശികരണം
അമിത വ്യവസായവല്‍ക്കരണം
പ്രകൃതിചൂഷണം
ജനസംഖ്യാ വിസ്‌ഫോടനം,
ഫോസില്‍ ഇന്ധന മലിനീകരണം
അങ്ങനെ നീണ്ടു പോകുന്നു
പട്ടിക…
പോയ വര്‍ഷം വനനശീകരണവും’മരുഭൂമി വല്‍ക്കരണവും ആയിരുന്നു
പരിഹാരം ആരായുന്ന പ്രവര്‍ത്തന വിഷയം.
‘ഒരേയൊരു ഭൂമി’
എന്ന ആഹ്വാനത്തോടെ ആരംഭിച്ച
ലോക പരിസ്ഥിതി ദിനാഘോഷം,
‘പ്ലാസ്റ്റിക് വര്‍ജ്ജിക്കൂ..
സുസ്ഥിരജീവിതം ആര്‍ജ്ജിക്കൂ’
എന്ന മുദ്രാവാക്യത്തോടെ
ഈ വര്‍ഷവും ലോകത്തിന്റെ
വിവിധ കോണുകളില്‍ കൊണ്ടാടപ്പെടുകയാണ്.
ഇത് ഒരു ദിവസത്തില്‍ തുടങ്ങി, അവസാനിക്കേണ്ട ഒന്നല്ല.
ഭഗീരഥ പ്രയത്‌നം തന്നെ ആവശ്യപ്പെടുന്ന
ഒരു ഗുരുതരമായ പാരിസ്ഥിതിക
മലിനീകരണ ഹേതുവായി പ്ലാസ്റ്റിക്
മാറിക്കഴിഞ്ഞിരിക്കുന്നു.
ജീവിതത്തിന്റെ സമസ്ത മേഖലയിലും
പ്ലാസ്റ്റിക് എന്ന മാരക മാലിന്യം, ജീവനെ
കാര്‍ന്നു തിന്നുന്ന അര്‍ബുദമായി പടര്‍ന്നു പിടിച്ചിരിക്കയാണിന്ന്.
കടലിലും കരയിലും കാറ്റിലും, എന്നു വേണ്ട അമ്മയുടെ ഗര്‍ഭപാത്രത്തിലും,
കുഞ്ഞിന്റെ മസ്തിഷ്‌കത്തിലും
മത്സ്യത്തിന്റെ ആന്തരിക അവയവങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്നു
പ്ലാസ്റ്റിക് തന്മാത്രകള്‍
റെഡ്യൂസ്, റിയൂസ്, റീസൈക്കിള്‍
എന്നീ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചു
നോക്കാനുള്ള സമയം അധികരിച്ചു
കഴിഞ്ഞിരിക്കുന്നു.
ഇനി ‘റഫ്യൂസ് ‘ അഥവാ സമ്പൂര്‍ണ്ണ നിരാകരണവും നിരോധനവുമാണ്
അഭികാമ്യം.
തുണിസഞ്ചികളിലേക്ക് മാറൂ…
ഒറ്റത്തവണ ഉപയോഗത്തിനുള്ള
പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ തീര്‍ത്തും
അകറ്റി നിര്‍ത്തൂ…
പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കൂ..
അവശേഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യം
കൂട്ടിയിട്ട് കത്തിച്ചു വിഷപ്പുക ശ്വസിക്കാതെ
ഹരിതകര്‍മ്മ സേനക്ക് കൈമാറൂ..
പുനരുപയോഗ പ്രക്രിയയെ
പ്രോത്സാഹിപ്പിക്കൂ..
ആഹ്വാനങ്ങള്‍ അനുസരി ക്കാനുള്ളതാണ്
അല്ലെങ്കില്‍ ഭവിഷ്യത്ത്
വിചാരിച്ചതിലും ഭീകരമായിരിക്കും.
ഇരിക്കുന്ന കൊമ്പ് വെട്ടുന്ന
വിഡ്ഢിത്തം ഇരുപത്തി ഒന്നാം
നൂറ്റാണ്ടിലെ ബുദ്ധിജീവി എന്ന്
നടിക്കുന്ന മനുഷ്യന് ഭൂഷണമല്ല
സ്വന്തം പൂന്തോട്ടത്തില്‍ ആദ്യമായി തളിര്‍മരം നട്ടു പിടിപ്പിക്കുന്ന
ഒരു കൊച്ചു കുഞ്ഞിനും
ചന്ദ്രനില്‍ പേടകമിറക്കിയ ബഹിരാകാശ ശാസ്ത്രജ്ഞനും ഒരുപോലെ ചവിട്ടി നില്‍ക്കാന്‍
ആകെ ഉള്ളത് അമൂല്യമായ ഈ
മണ്ണ് മാത്രമാണ്.
അതേ, ‘ഒരേയൊരു ഭൂമിക്കു വേണ്ടി
നമുക്ക് കൈകോര്‍ക്കാം,
പ്രതിജ്ഞ ചെയ്യാം, പരിസ്തിഥിയെ
മലിനമാക്കുന്നതെന്തും വിഷമാണ്!
വിഷമയമായ ഒരു പാരമ്പര്യം
അടുത്ത തലമുറയ്ക്ക്
കൈമാറാതിരിക്കാം.
സ്വച്ഛമായ അരുവിയില്‍ നിന്നും
അവര്‍ അമൃത് പോലെ വിശുദ്ധമായ ജലം കോരിക്കുടിക്കട്ടെ….
ഇലച്ചാര്‍ത്തുകളുടെ തണലില്‍
കൂടു കൂട്ടട്ടെ.
ഇന്ന് നമുക്കൊരു വിത്തിടാം…
ഈ തണലില്‍ നമുക്ക്
ഒരിക്കലും ഇരിക്കാനാവില്ല എന്നറിഞ്ഞു
കൊണ്ട് തന്നെ ഒരു തൈ നടാം,
നല്ല നാളേക്ക് വേണ്ടി
പൂക്കളും പുഴുക്കളും പുഴകളും
മലകളും കാലം തെറ്റാത്ത മഴയും
കുടമാറുന്ന ഋതുക്കളും കാടും പച്ചപ്പരപ്പും ശാന്തിയും സമ്മേളിക്കുന്ന സമ്പന്ന പൈതൃകം കാക്കുന്ന നാം പിറന്ന
തറവാട് പുതുതലമുറയ്ക്കു വേണ്ടി
നമുക്കിവിടെ അവശേഷിപ്പിക്കാം.
ഭൂമിയില്‍ ജീവന്റെ സ്പന്ദനം ഒരിക്കലും നിലക്കാതിരിക്കട്ടെ.. കാവലാളാകാം
വഴിയും വഴിവിളക്കും നമ്മളാകാം
കേള്‍ക്കുന്നില്ലേ കാഹളം നിങ്ങള്‍…











