LIMA WORLD LIBRARY

പൈക്കിടാവിന്റെ പിന്നാലെ-ശ്രീകല മോഹന്‍ദാസ്‌

കെട്ടു പൊട്ടിച്ചോടിയ പൈക്കിടാവിന്റെ
പുറകേ പാഞ്ഞ പിള്ളേരെ കാത്തു
വേവലാതിയോടെ പടിക്കല്‍ വന്നു
നോക്കി നില്‍ക്കുന്നു വീട്ടിലെ
കാര്‍ന്നോത്തി അമ്മ…
പൈക്കിടാവു പോയ് അയല്‍വക്കക്കാരുടെ
ചെടികളും വാഴയും തിന്നു തീര്‍ക്കുമോ
എന്നൊരു പേടിയുണ്ടെന്നു
ആ മുഖത്തെ വെപ്രാളം കണ്ടാലറിയാം…
കളിക്കുന്നതിന്നിടെ പേരക്കുട്ടികള്‍
കെട്ടഴിച്ചു വിട്ടതാകാനും മതി…
കുസൃതിപ്പിള്ളേര്‍ പറഞ്ഞാല്‍ കൂട്ടാക്കില്ലെന്നു
അമ്മൂമ്മക്കു നന്നായ് ബോദ്ധ്യമു ണ്ടല്ലോ…
തമ്മിത്തല്ലി തോറ്റു പോവുമ്പോള്‍
വൈരാഗ്യം തീര്‍ക്കുവാന്‍ വീട്ടിലെ
പട്ടി പൂച്ച നാല്‍ക്കാലി മൃഗങ്ങളുടെ
മെക്കട്ടു കേറലാണല്ലോ ഏറെയെളുപ്പം…
പൈക്കിടാവിനെ പിള്ളേരിട്ടോടിച്ചു
വല്ല കുണ്ടിലും കുഴിയിലും കൊണ്ടു ചാടിച്ചു
കയ്യോ കാലോ ഒടിഞ്ഞു പോയാലോ
എന്ന ഭയവും അമ്മുമ്മക്കില്ലാതില്ല…
പൈക്കിടാവിനെ കാണാഞ്ഞു തള്ളയും
അമറിക്കരച്ചില്‍ തുടങ്ങിയിട്ടുണ്ടു…
ഇനിയാ കുഞ്ഞിക്കിടാവും പിള്ളേരു മൊക്കെ
മടങ്ങി വന്നാലേ അമ്മുമ്മക്ക് ശ്വാസം നേരെ വീഴൂ…
അതു വരെ പാവം ആധി പൂണ്ടു
ആ നില്‍പ്പവിടെ നില്‍ക്കയും ചെയ്യും….

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px