ആധുനിക മലയാള നാടകവേദിക്കുടയോൻ ! – പ്രൊ.കുമാരവർമ്മ!

Facebook
Twitter
WhatsApp
Email
ആധുനിക മലയാള നാടക വേദിയിൽ കുമാരവർമ്മയുടെ പേര് ഇന്ന് ആരെങ്കിലും ഓർക്കുന്നുണ്ടാവുമോ?
അൻപതാണ്ടുകൾക്കു മുൻപുള്ള കഥയാണ്. അതും നാടകത്തിനോടൊപ്പം വളർന്ന നാടകവേദി .
ഏതു് നാടക വേദി ? അങ്ങനെ ഒന്നുണ്ടോ? എന്ന് സന്ദേഹിക്കുന്നവർക്ക് ഒരു മറുപടിയാണ് പ്രൊ.കെ. കുമാരവർമ്മ . ആദ്യ മലയാള നാടക കൃത്ത് മാവേലിക്കര കൊട്ടാരത്തിലെ കേരള വർമ്മ വലിയകോയിത്തമ്പുരാന്റെ കൊച്ചുമകൻ കെ.കുമാരവർമ്മ അരങ്ങിന്റെ അധിപനായി മലയാള നാടക വേദിക്കൊരു ദിശയൊരുക്കുമ്പോൾ അത് ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയി.
അരങ്ങിന്റെ സൗഭാഗ്യങ്ങളാണ് കാവാലത്തിന്റേയും ജി ശങ്കരപ്പിളളയുടേയും നാടകങ്ങൾ. എന്നാൽ ആ സൗഭാഗ്യം കുമാരവർമ്മയ്ക്കു കൂടി അവകാശപ്പെട്ടതാണ്. അതായതു് ബാലെ എഴുതി കലാനിലയത്തിന്റെ ഉദ്ഘാടന നാടകമായ  “മഹാഭാരത” നാടകവും എഴുതി നടന്ന കാവാലം നാരായണപ്പണിക്കർക്ക് തനതായൊരു നാടകവേദിയുണ്ടാക്കിക്കൊടുത്തത് നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഒന്നാം റാങ്കിൽ പഠിച്ചിറങ്ങിയ കുമാരവർമ്മ എന്ന ആ പയ്യനാണെന്നു പറയുമ്പോൾ മൂക്കത്ത് വിരൽ വയ്ക്കരുത്. ചരിത്രത്തിന്റെ ഒരു ഫലിതമേ!
കാവാലത്തിന്റെ പ്രശസ്തങ്ങളായ അഞ്ച് നാടകങ്ങളും സംവിധാനം ചെയ്തത് കുമാര വർമ്മയാണ്. കാവാലമല്ലെന്നോർക്കണം.
തനത് നാടക വേദിക്ക് കുറ്റിയടിച്ചതും കുമാരവർമ്മ തന്നെ. കുഴിച്ചു മൂടപ്പെട്ട സത്യങ്ങൾ മണ്ണു മാറ്റിപ്പുറത്തു വരികയാണ്.
ആധുനികതയ്ക്ക് തുടക്കം കുറിച്ച ജി.ശങ്കരപ്പിള്ളയുടെ  ആദ്യനാടകമായ ബന്ദി സംവിധാനം ചെയ്തതും കുമാരവർമ്മ തന്നെ. പിന്നീടുള്ള നാടകങ്ങൾ എസ്.രാമാനുജവും. നാടകാചാര്യന്മാരായി കാണുന്ന കാവാലവും ജി.ശങ്കരപ്പിള്ളയും വെറും നാടകകൃത്തുക്കളായിരുന്നു എന്നു പറയുമ്പോൾ ചന്ദ്രഹാസവും ഇളക്കിക്കൊണ്ടുവരരുത്. എസ്. രാമാനുജവും കെ.കുമാരവർമ്മയും ആധുനിക നാടക ചരിത്രത്തിന്റെ പുറം പോക്കിലല്ലേ അരിയിട്ടു വാഴ്ച നടത്തുന്നത്.
നമുക്ക് കുമാരവർമ്മയിലേക്ക് പോകാം . 1945.ൽ ജനിച്ച കുമാരവർമ്മ ബി.എസ്.സി കഴിഞ്ഞ്1964 ൽ നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയിൽ ചേർന്ന് ഇരുപത്തിരണ്ടാം വയസ്സിൽ പുറത്തിറങ്ങിയത് ഏറ്റവും മികച്ച വിദ്യാർഥിയായിട്ടാണ്. ഇബ്രാഹിം അൽക്കാസിയുടെ കാലത്തെ നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമ അതൊരു നാടകപ്പുലിമടതന്നെയായിരുന്നു. സിനിമാ നടൻ മധുവും അവിടെപ്പഠിച്ചിറങ്ങിയതുതന്നെ.
 അതിനു ശേഷം പഠിക്കാൻ വന്ന കുമാരവർമ്മക്കൊപ്പം സംവിധാനം പഠിച്ചിറങ്ങിയ രാഘവൻ നേരേ പോയത് കോടമ്പക്കത്തേക്കല്ലേ!
സിനിമാ നടനായി.
കുമാരവർമ്മ അത്തരം ഏർപ്പാടുകൾക്കൊന്നിനും പോയില്ല.
പഠനം കഴിഞ്ഞു കേരളത്തിൽ തിരിച്ചുവരുമ്പോഴുണ്ട് നാടകക്കളരി ശാസ്താംകോട്ടയിൽ ജിശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ ശക്തിപ്രാപിക്കുകയാണ്. അയ്യപ്പപ്പണിക്കരും സി.എൻ. ശ്രീകണ്ഠൻ നായരും എം.വി. ദേവനും പി .കെ.വേണുക്കുട്ടൻ നായരും എല്ലാം കൂടി ആസ്വാദകമർമ്മം നോക്കിവെട്ടാനും കുത്താനും തടുക്കാനും നാടകത്തിലൂടെ പരിശീലിപ്പിച്ച് കുതിക്കാൻ നിൽക്കുന്നു. അതിനും നാലഞ്ച് കൊല്ലം മുമ്പ് എം.ഗോവിന്ദനും എം.വി.ദേവനുമൊക്കെ മദ്രാസിൽ വച്ച് സംസാരിച്ചുറപ്പിച്ച കാര്യമായിരുന്നു അത്. ചിത്രകലയും സാഹിത്യവുമൊക്കെ കൂകിത്തെളിയുമ്പോൾ നാടക വേദി മാത്രമിങ്ങനെ ഗ്രഹണി പിടിച്ചിരുന്നാലെങ്ങനെ?
1968 ൽ ജി.ശങ്കരപ്പിള്ളയുടെ നാടക സംഘമായ “സുവർണ്ണരേഖ.’ അദ്ദേഹത്തിന്റെ തന്നെ നാടകമായ :”ബന്ദി” കുമാരവർമ്മയെക്കൊണ്ട് സംവിധാനം ചെയ്യിക്കുന്നു.
ഒരു സംഗീത നാടകം ചെയ്യണമെന്ന മോഹവുമായി വന്ന വർമ്മയ്ക്കരികിലേക്ക് പിന്നെ കാവാലം നാടകം എഴുതി അങ്ങിട്ടു കൊടുക്കുകയായിരുന്നു. സാക്ഷിയും തിരുവാഴിത്താനുമൊക്കെ നാട്യശാസ്ത്രധർമ്മികളിൽ  സംവിധാനം ചെയ്ത് മലയാള നാടക വേദിയെ കുമാരവർമ്മ
അക്ഷരാർഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.
ദീപം വാദ്യം ചമയം രംഗ ശില്പം ചലന ക്രമം എന്നു വേണ്ട അരങ്ങിന്റെ സൂക്ഷ്മതലങ്ങൾ വരെ ശ്രദ്ധിക്കുന്നൊരു നാടകവേദി മലയാളത്തിൽ പിറക്കുകയായിരുന്നു. അരങ്ങിലൊരു സൃഷ്ടികർത്താവുണ്ടാവുകയായിരുന്നു.
രണ്ട് നടന്മാരുടെ മുഖത്തു നോക്കിയുള്ള വാചകമടിക്കപ്പുറം ചലനവും രംഗവസ്തുക്കളും കൊണ്ട് .അരങ്ങു തന്നെയും പുന:സൃഷ്ടിക്കുന്ന രംഗപാഠനിർമ്മിതി മലയാള നാടക വേദി ആദ്യമായി കാണുകയായിരുന്നു. നാടകകൃതിയുടെ കുത്തിനു പിടിക്കുന്നൊരു സംവിധായകൻ അങ്ങനെ ആദ്യമായി മലയാള നാടക വേദിയിൽ പിറന്നു.
 നാട്യശാസ്ത്രത്തിൽ വാറ്റി സംസ്കൃത നാടകങ്ങൾ ചെയ്ത് മത്തുപിടിച്ച കുമാരവർമ്മ സംവിധാനം ചെയ്ത മത്തവിലാസവും ഊരുഭംഗവും ഭഗവദജ്ജുകവും ശാകുന്തളവുമൊക്കെ ഭാരതീയമായ തനതു് പാരമ്പര്യത്തിന്റെ ഈടുവയ്പുകളായിരുന്നു. അതു മാത്രമല്ല പാശ്ചാത്യ പൗരസ്ത്യ നാടക തത്വങ്ങളെ . തുല്യ അളവിൽ മിക്സുചെയ്തെടുക്കാനുള്ള മുക്കാടൻ പാടവത്തിന്റെ വിളിപ്പുറത്തെ പേരാണ് വർമ്മയുടേത്.
1968 മുതൽ 1976 വരെ 8 വർഷക്കാലം കുമാരവർമ്മ കാവാലത്തിന്റെ പിടിയിലായിരുന്നു.ജി.ശങ്കരപ്പിള്ളയുടേയും സി.എൻ ശ്രീകണ്ഠൻ നായരുടേയും നാടകങ്ങളും സംവിധാനം ചെയ്തു. 1968 ൽ ബന്ദിയും1969ൽ സി. എൻന്റെ സാകേതവും ചെയ്ത് നാടകക്കാരുടെ കണ്ണു തള്ളിച്ചു.
ചുമ്മാ വഴിയേ പോയൊരു നാടകം സംവിധാനം ചെയ്യുന്ന ആളല്ല അദ്ദേഹം. സമകാലിക ജീവിതാവസ്ഥയോട് സംവദിക്കുന്ന രചനകൾ ,പഴയതെന്നോ പുതിയതെന്നോ നോക്കാതെ പുതുപുത്തൻ കാലത്തിന്റെ നേർക്കുയർത്താൻ പാകത്തിൽ രംഗഭാഷ്യമൊരുക്കി. അതൊരു ചില്ലറക്കാര്യമാണോ?
പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ നാടക വിഭാഗത്തിൽ 1976 ൽ അദ്ധ്യാപകനായി വർമ്മ ചാണ്ടിഗറിലേക്ക് വണ്ടി കയറി.  പോകേണ്ടന്ന് കാവാലവും ജി.ശങ്കരപ്പിള്ളയും പി.കെ.വേണുക്കുട്ടൻ നായരും തോപ്പം തോപ്പം  പറഞ്ഞതാണ്. കോഴിക്കോട് സർവ്വകലാശാലയിൽ നാടക പഠന കോഴ്സ് വരുമെന്നും അതിൽ തരപ്പെടുമെന്നും പറഞ്ഞപ്പോഴേക്കും കഥാ നായകൻ അതൊന്നും കേൾക്കാതെ ഒറ്റപ്പോക്കായിരുന്നു. പിറ്റേക്കൊല്ലം1977 ൽ തൃശൂർ അരണാട്ടുകരയിൽ സ്ക്കൂൾ ഓഫ് ഡ്രാമ വരികയും ജി.ശങ്കരപ്പിള്ള മുഖ്യ കസേരയിൽ കയറിയിരിക്കുകയും ചെയ്തു. അതു് കഥ വേറെ.
പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ 33 വർഷം കുമാരവർമ്മ നിരന്തരം നാടകം പഠിപ്പിച്ചു. നാടകങ്ങൾ സംവിധാനം ചെയ്തു . ഇബ്സന്റെ ജനശത്രു ഉൾപ്പെടെ ഫ്രഡറിക് ഡ്യൂറമറ്റ് , സാർത്ര് , ഷെനേ , മോളിയോ, ചെക്കോവ്  , ലോർക്ക എന്നു വേണ്ട മോഹൻ രാകേഷ് ഉൾപ്പെടെ ഇന്ത്യൻ നാടകകൃത്തുക്കളുടേയും നാടകങ്ങൾ ചെയ്തു. ബ്രഹ്തിന്റെ നിരവധി നാടകങ്ങൾ വേറെ.
അദ്ധ്യാപകൻ എന്ന നിലയിൽ വിദ്യാർത്ഥികളുടെ തോളത്തു കയ്യിട്ടു നടന്ന് ജീവിതത്തിൽ കായ്ച്ചു കിടക്കുന്ന നാടകം കാണിച്ചു കൊടുത്ത അദ്ധ്യാപകനായിരുന്നു കുമാരവർമ്മ .. നാടകത്തിൽ നിന്ന് പോയി സിനിമയുടെ കൂടെക്കിടന്നുമില്ല. അധികാരത്തിന്റെ ഇടനാഴികളിൽ ശേവുക ജിംഖാന തീർത്തുമില്ല. നാടകം തന്നെ നാടകം. നാടകമേ ഉലകം!
പ്രൊ.കെ.കുമാരവർമ്മ 1979 ൽ ഇറ്റാലിയൻ സ്ക്കോളർഷിപ്പോടെ റോം യൂണിവേഴ്സിറ്റിയിൽപ്പോയി നാടകത്തിൽ ഗവേഷണവും ചെയ്തു ,
1980 ൽ പരീസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് . നാടകം സംസാരിക്കാൻ പോയി. 2016 ൽ സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ് ലഭിച്ചു. ഇതൊന്നുമല്ല പത്തമ്പത് വൈവിദ്ധ്യമാർന നാടകങ്ങൾ സംവിധാനം ചെയ്ത് നാടക വേദിക്കൊരു മേൽ വിലാസം ഉണ്ടാക്കിക്കൊടുത്തതാണ് വർമ്മയുടെ സംഭാവന.
ഉദയ് പ്രകാശിന്റെ “വാറൻ ഹേസ്റ്റിങ്‌സിന്റെ കാള” സംവിധാനം ചെയ്തതിലൂടെ ചരിത്രത്തിന്റെ വീണ്ടെടുപ്പ് നടത്തുകയായിരുന്നു.
2008 നുശേഷം പഞ്ചാബിൽ നിന്ന് തിരിച്ച് കേരളത്തിൽ എത്തി . തൃശൂർ സ്ക്കൂൾ ഓഫ് ഡ്രാമയിൽ വിസിറ്റിങ് പ്രൊഫസ്സറായി നാടകം ചെയ്തു. പിന്നീട് കാലടി സംസ്കൃത സർവകലാശാലയിലും ചെന്ന് നാടകം പഠിപ്പിച്ചു. നാടകം ചെയ്തു
മറാഠി നാടകത്തിന്റെ നെടുംതൂണായ സതീഷ് അലേയറിന്റെ “ബീഗം ബാർബേ ” മലയാളത്തിൽ ബീഗം പണിക്കരായി അവതരിപ്പിച്ചു.മാക്സ് ഫ്രിച്ചിന്റെ “അൻഡോറ ‘യും കളിച്ചു. 2005 ൽ എം.മുകുന്ദന്റെ “ഒരു ദളിത് യുവതിയുടെ കദന കഥ ” നാടകമാക്കി സംവിധാനം ചെയ്തു. ഇപ്പോൾ തൃപ്പൂണിത്തുറയിൽ വിശ്രമജീവിതം നയിക്കുന്നു. എഴുപതിന്റെ മദ്ധ്യാഹ്‌നത്തിലാണ്.
ഇത്രയും കുമാരവർമ്മയെപ്പറ്റി എഴുതാൻ കാരണം ഇന്നലെ ഭാരത് ഭവനിൽ “കുമാര പർവ്വം ” എന്ന ഒരു ഡോക്യുമെന്ററി പ്രദർശിപ്പിച്ചതു കൊണ്ടാണ്. പഴയ സർവ്വകലാശാലാ നാടക പ്രതിഭയും പിന്നെ കൈരളി ചാനലിലെ പ്രൊഡ്യൂസറും അതു വഴി ചലച്ചിത്ര അക്കാഡമി സെക്രട്ടറിയുമായി കയറിപ്പോയ മഹേഷ് പഞ്ചുവാണ് കുമാര പർവ്വത്തിന്റെ നിർമ്മാതാവും സംവിധായകനും.
.
ഒരു സുപ്രഭാതത്തിൽ പിറന്നതല്ലിത്. ആറേഴു വർഷത്തെ അദ്ധ്വാനം ഇതിനുപിന്നിലുണ്ട്. ഡൽഹിയിലും പഞ്ചാബിലും തൃശൂരിലുമെന്നല്ല ഇന്ത്യയിലെ പല ഭാഗത്തും ക്യാമറയും പൊക്കിപ്പിടിച്ചു കൊണ്ടുപോയി പല കാലങ്ങളിൽ ഷൂട്ട് ചെയ്ത വിഭവങ്ങളെ കലാപരമായി വിന്യസിപ്പിക്കുന്ന ദൃശ്യ വിരുന്നാണ് ഈ ഡോക്യുമെന്ററി .
ഇത് നാടകാന്വേഷികളുടെ പഠനമുറിയിലേക്കും ഹൃദയ സീമയിലേക്കും ഒരുപോലെ കയറിപ്പോവുകതന്നെ ചെയ്യും
മഹേഷ് പഞ്ചു സംവിധാനം ചെയ്ത ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി സംഗീത നാടക അക്കാദമി പോലുള്ള സ്ഥാപനങ്ങളാണ് നിർമ്മിക്കേണ്ടിയിരുന്നത്.. അത് ചെയ്തില്ലെന്ന് മാത്രമല്ല തൃശൂരിൽ സർക്കാർ ഖജനാവിലെ പണം കൊണ്ട്  നടത്തുന്ന അന്താരാഷ്ട്ര നാടക മേളയിൽ ഒന്നരമണിക്കൂർ മാറ്റിവച്ച്‌ കുമാര പർവ്വം’ പ്രദർശിപ്പിക്കാനുള്ള സൗമനസ്യവും ഇപ്പോഴുള്ള ഉദ്ദണ്ടന്മാർ കാട്ടിയിട്ടില്ല.
അദ്ദേഹം നാടകം പഠിപ്പിച്ചവരുടെ ഗുരുദക്ഷിണയാണീ നിഷേധം എന്നുമറിയുന്നു.
 തൃപ്പൂണിത്തുറയിൽ പ്രൊ..കുമാര വർമ്മ ജീവിച്ചിരിപ്പുണ്ടെന്നോർക്കണം. സത്യങ്ങൾ വീണ്ടും കുഴിച്ചുമൂടപ്പെടുകയാണ്. ഭാവിയിൽ കുഴിതോണ്ടിപ്പുറത്തുവരാനായി.
കുട്ടികളുടെ നാടക വേദിയുടെ ഉസ്താദ് എസ്. രാമാനുജത്തെപ്പറ്റി ” ഡ്രാമാനുജം ” എന്ന പേരിൽ ഗവേഷണ മൂല്യമുള്ളൊരു ഡോക്യുമെന്ററി മഹേഷ് പഞ്ചു ഇതിന് മുമ്പ് ചെയ്തിട്ടുണ്ട്. അതിന്റെ ലിഖിത രൂപം മൂന്ന് കൊല്ലമായി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അട്ടിപ്പേറാണ്. കൂടുതൽ പറച്ചിൽ നിർത്തി.
മലയാള നാടക വേദി കൈക്കൊണ്ട കുതിപ്പിന്റെ ആവേഗമളക്കാൻ സ്‌ക്കെയിലും കൊണ്ട് കുമാരവർമ്മയിലേക്കാണ് പോകേണ്ടത്. അറുപതുകൾക്കൊടുവ് കുമാരവർമ്മയ്ക്ക് സ്വന്തം. അദ്ദേഹത്തിനുമാത്രം അവകാശപ്പെട്ടത്. ആ ചരിത്ര ദൗത്യം അഭ്രപാളിയിൽ പകർത്തി നിർവ്വഹിച്ച മഹേഷ് പഞ്ചുവിന്റെ ജീവിതവും ഇതോടെ സഫലമായി. ചലച്ചിത്ര അക്കാദമി സെക്രട്ടറിമാർ കാശിനെട്ട് കിട്ടിയേക്കാം. എന്നാൽ ആധുനിക മലയാള നാടക വേദിക്ക് തുടക്കം കുറിച്ച കുമാരവർമ്മയുടെ നാടകജീവിതം ഭാവി തലമുറയ്ക്ക് പകർത്തിവയ്ക്കാൻ നമുക്ക് ഒരേ ഒരു മഹേഷ് പഞ്ചു മാത്രമേയുള്ളൂ എന്ന് വിസ്മരിച്ചുകൂട!

About The Author

Leave a Reply

Your email address will not be published. Required fields are marked *