പ്രണയിക്കാം നമുക്ക്, ഈ വനത്തെ – രജിൻ എസ് ഉണ്ണിത്താൻ

Facebook
Twitter
WhatsApp
Email
 പ്രണയിക്കുന്നത് പുരുഷൻ ആണെങ്കിൽ  സൗന്ദര്യമുള്ള  പെണ്ണും.. പ്രണയം പെണ്ണിനാണെങ്കിൽ,
പ്രൗഢിയുള്ള പുരുഷനും ആകാൻ ഒന്നിനേ പറ്റൂ..പ്രകൃതിക്ക്…ആ പ്രകൃതിയുടെ ഏറ്റവും വലിയ വരദാനമാണ് വനങ്ങൾ.പ്രണയo എങ്ങനെ തോന്നാതിരിക്കും? ചുറ്റും ചീവിടിന്റെ ഈണം, ഇളം കാറ്റ്, നേരിയ സൂര്യ പ്രകാശം, കരിയില കൊണ്ട് തീർത്ത മെത്ത, പാറ കുന്നുകൾ, പുഴകൾ  ഒഴുകി മറിയുന്ന കാഴ്ച,മലകളിൽ  പുല്ല് കൊണ്ട് തീർത്ത പരവതാനികൾ,വള്ളികൾ കൊണ്ട് തീർത്ത ഊഞ്ഞാൽ, കിളികളുടെ പാട്ടുകൾ കൊണ്ട് സംഗീതമുഖരിതം. കാട്, അതെ ഒരു പ്രണയനി തന്നെ !ദൂരത്തു നിന്നാൽ തന്റെ സൗന്ദര്യം കാട്ടി മാടി വിളിക്കുന്നവൾ….
ഒച്ചയുണ്ടാക്കി പുക തുപ്പുന്ന വലിയ വാഹനങൾ ഇല്ല. ഫാക്ടറിയുടെ സയറൻ ഇല്ല.മാലിന്യ  ചാലുകൾ ഇല്ല.ദുർഗന്ധവും ഇല്ല. പിന്നെങ്ങനെ ഇഷ്ടപ്പെടാതിരിക്കും ഈ കാടിനെ? കറുത്ത കാടല്ല, മാലിന്യം പെടാത്ത വെളുത്ത സൗന്ദര്യ കുസുമമാണ് കാട്.ജീപ്പിൽ ഹനുമാൻ ഗിയർ (frist ഗിയർ )ഇട്ടു മുൻപോട്ടു ഉള്ള കുതിപ്പ്. ആമാശയത്തിൽ കിടക്കുന്ന എല്ലാം പുറത്ത് വരുന്ന കുലുക്കം വന്നാലും,ചുറ്റും നോക്കുമ്പോൾ “എന്റെ സാറെ “ആ സൗന്ദര്യം കാണുമ്പോൾ മറ്റ് എല്ലാ ബുദ്ധിമുട്ടും അതിനു മുന്നിൽ ഒന്നുമല്ല.അതാണ് കാട്… അതിനെ പ്രണയിക്കുന്നവർ ഏറെയുണ്ട്.
രണ്ടു ദിവസം നമ്മുടെ നാടും, മീഡിയയും, ഭരണ സംവിധാനങ്ങളും, അങ്ങനെ എല്ലാം ഒരു പയ്യന്റെ പിറകിൽ പോയസമയം.പാലക്കാട്‌ ജില്ലയിൽ, മലമ്പുഴയിൽ, നമ്മുടെ ബാബുവിന്റെ..എന്താ പുകിൽ അല്ലെ?മല കാണാൻ പോയ ബാബു മല മുകളിൽ പെട്ടു.പോലീസ്,ഫയർ ഫോഴ്സ്, അവസാനം രാജ്യം കാക്കുന്ന പട്ടാളം വരെ മല മുകളിലേക്ക്‌..പത്രങ്ങൾ, മീഡിയ,സോഷ്യൽ മീഡിയ അങ്ങനെ ബാബു നിറഞ്ഞു നിന്നു..ബാബു അങ്ങനെ സ്റ്റാർ.. സൂപ്പർ സ്റ്റാർ…ബാബു വിനെ കുറ്റം പറയാൻ പറ്റില്ല. മനുഷ്യൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതാണ് പ്രകൃതി. പ്രകൃതി സൗന്ദര്യത്തെ…അത് ആവോളം സഹ്യന്റെ നാട്ടിൽ കനിഞ്ഞു തന്നിട്ടുമുണ്ട്. കേരങ്ങളും പുഞ്ചപ്പാടങ്ങളും ഒക്കെ യുണ്ടങ്കിലും ആ കോറം തികയണമെങ്കിൽ വനം അല്ലെങ്കിൽ കാടുകൾ വേണം.കാടുകൾ എന്ന് പറയുമ്പോൾ കുറെ മരങ്ങൾ,വള്ളികൾ,കുറെ മൃഗങ്ങൾ, സാധാരണ എല്ലാരുടെയും ചിന്ത അങ്ങനെയാണ്.പക്ഷേ,
വനം അതാണോ?അല്ല..മലകളും പുഴയും കുന്നുകളും അങ്ങനെ നാട്ടിൽ കാണാത്ത പലതും നിറഞ്ഞ പ്രകൃതി കൊട്ടാരം. പ്രകൃതി തന്നെ യാണ് അവിടെത്തെ തച്ചൻ എന്ന് മാത്രം. കവികളുടെ ഭാവനയിലൂടെയും ക്യാമറയുടെ കണ്ണിലൂടെയും ഒക്കെ നമ്മൾ ആ സൗന്ദര്യം ധാരാളം ആസ്വദിച്ചിട്ടുണ്ട്….
              വനങ്ങളെ കുറിച്ചു പറയുമ്പോൾ ഒരു തരത്തിലും മാറ്റി നിർത്താൻ പറ്റാത്ത സംസ്ഥാനങ്ങളിൽ ഒന്നാണ് നമ്മുടെ കേരളം. നമ്മുടെ ഭൂ പ്രദേശത്തിന്റെ 29.1 ശതമാനം, 11,309.5 ചതുരശ്രകിലോമീറ്റർ വനങ്ങൾ ആണെന്നും, അത്   നല്ല രീതിയിൽ തന്നെ പരിപാലിച്ചു പോകുന്നു എന്നും അഭിമാനത്തോടെ നമുക്ക് പറയാം.പക്ഷേ,അതിൽ ഒരു കൂട്ടി ചേർക്കൽ കൂടി ഉണ്ട്. പണ്ട് മുക്കാൽ ഭാഗം വനത്തിൽ നിന്നുമാണ് ഇന്നുള്ള 29.1ശതമാനം ആയതും എന്നും കൂടി പറയേണ്ടി വരുന്നു.വിദേശ ശക്തികളുടെ കടന്നു വരവും, മറ്റ് കൊള്ളയടിപ്പിനും ഒപ്പം നമ്മുടെ വനങ്ങളും നശിപ്പിച്ചു.അതുപോലെ വികസനത്തിനും മറ്റുമായി പിന്നീടും ഈ വന സമ്പത്തു നഷ്ടപ്പെടുന്നത് നമുക്ക് കാണേണ്ടി വന്നു.സർക്കാർ വനം വകുപ്പ് എന്ന വകുപ്പിലൂടെ ഇപ്പോൾ ഉള്ള വനങ്ങളുടെ സംരക്ഷണംവൃത്തിയായി ചെയ്തു വരുന്നു എന്നതും അളന്നു തിട്ടപ്പെടുത്തി പരിപാലിക്കുന്നു എന്നതും മാറി മാറി വരുന്ന ഗവർമെന്റിന്റെ ശ്രമഫലമായി ആണ്. വനം വകുപ്പ് അഞ്ചു ഡിവിഷൻ ആയി ഈ വന മേഖലയെ തരo തിരിച്ചിരിക്കുന്നു:- northern circle, olavakode circle, central circle, highrange circle, southern circle എന്ന് തരം തിരിച്ചു അളന്നു തിരിച്ചിരിക്കുന്നു. അതുപോലെ കേരളത്തിൽ കാണുന്ന വിവിധ വിഭാഗത്തിൽ കാണുന്ന വനങ്ങൾ ഇവയൊക്കെയാണ്.
സമുദ്രനിരപ്പിൽ നിന്നും 600-1100 മീറ്റർ ഇടയിലുള്ള പ്രദേശങ്ങളിൽ ഉള്ള വനങ്ങളെ ഉഷ്ണമേഖല നിത്യഹരിത വനങ്ങൾ എന്ന്അറിയപ്പെടുന്നു.
പശ്ചിമഘട്ടത്തിലെ പ്രാന്തപ്രദേശങ്ങളിൽ ഏകദേശം നാലിൽ മൂന്നു ഭാഗവും ഈ വനങ്ങൾ ആണ്.അതിന്റെ ഒരു ഉദാഹരണം ആണ് സൈലന്റ് വാലി. പാലക്കാട്‌ ജില്ലയിൽ ഉള്ള ഈ വനം 70 വർഷം പഴക്കം പറയപ്പെടുന്നു. ചീവീടുകൾ ഇല്ലാത്തതിനാൽ വനം പൊതുവെ നിശബ്ദം ആണ്.ആയതുകൊണ്ട് സൈലന്റ് വാലി എന്ന് അറിയപ്പെടുന്നു.1914 ൽ മദ്രാസ് സർക്കാറിന്റെ കാലത്താണ് ഇവിടം സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചത്.നിത്യ ഹരിത വനങ്ങളെ ദക്ഷിണ പർവതമുകൾ നിത്യഹരിത വനങ്ങൾ, പടിഞ്ഞാറാൻ തീര നിത്യഹരിത വനങ്ങൾ, നനവാർന്ന നിത്യ ഹരിത -അർധനിത്യഹരിത വനങ്ങൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
കാലവസ്ഥ,മണ്ണ്, ആർദ്രത,അവിടെ വളരുന്ന വൃക്ഷങ്ങൾ,ജീവികൾ എന്നിവയുടെ ഒക്കെ  അടിസ്ഥാനത്തിൽ ആണ് വനങ്ങളെ വേർ തിരിച്ചിരിക്കുന്നത്.
ഉഷ്ണമേഖലാ വനങ്ങൾക്ക് പുറമെ
മിത ശിതോഷ്ണ വനങ്ങൾ, ടൈഗ വനങ്ങൾ എന്നിങ്ങനെയും കൂടി വനങ്ങളെ തരം തിരിക്കുന്നു.അതുപോലെ തന്നെ പശ്ചിമഘട്ടത്തിൽ ഉയരം കൂടിയ മലനിരകളുടെ മലയിടുക്കുകളിൽ കാണപ്പെടുന്നവയാണ് ചോലവനങ്ങൾ. പർവ്വതനിരയിൽ മരങ്ങൾ കുറഞ്ഞ
 വനഭാഗത്തെ പുൽമേടുകൾ എന്നും പറയുന്നു.
           1887 ൽ തിരുവിതാംകൂർ മഹാരാജാവ് ആണ് വനനിയമം നടപ്പിലാക്കിയത്. കേരളത്തിൽ ആദ്യത്തെ റിസർവ് വന മേഖല ആയി കോന്നി വന മേഖലയെ പ്രഖ്യാപിച്ചു.കോന്നി ഇപ്പോൾ ടൂറിസം മേഖലയായി മാറി കഴിഞ്ഞു.പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ വനമേഖല, സഞ്ചരികൾക്ക് പെട്ടന്ന് എത്തിപ്പെടാൻ സാധിക്കുന്ന ഒരു ഇടം കൂടിയാണ്.ഇക്കോ ടൂറിസം പദ്ധതി വഴി
കുട്ടവഞ്ചി യാത്ര ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്, അതുപോലെ തന്നെ ടൂറിസം മുൻഗണന ഉള്ള സ്ഥലമാണ് ഗവി. “ഓർഡിനറി” എന്ന സിനിമയിലൂടെ അവിടുത്തെ സൗന്ദര്യം നമ്മൾ കണ്ടതാണ്.പെരിയാർ വന്യജീവി സാങ്കേതത്തിന്റെ ഭാഗമായി വനം വകുപ്പ് ഇക്കോ ടൂറിസം വഴി നിരവധി പദ്ധതികളാണ് ഇവിടെ നടപ്പിലാക്കുന്നത്.കാടിന് ഉള്ളിലൂടെ ട്രക്കിങ്‌, ബോട്ടിങ്,ജംഗിൾ സഫാരി തുടങ്ങി വനത്തെ ആസ്വദിക്കാൻ വനo വകുപ്പ് ടൂറിസ്റ്റുകൾക്കായി ഒരുക്കിയിരിക്കുന്നത്.
അങ്ങനെ ടൂറിസ്റ്റ് പ്രാധാന്യം ഉള്ള വനങ്ങൾ ഏറെ.നക്ഷത്ര ആമകളെ സംരക്ഷിക്കുന്ന ചിന്നാർ, പ്രകൃതി രമണീയമായ ജാനകിക്കാട് അങ്ങനെ തുടരുന്നു ,..അങ്ങനെ പറയുമ്പോൾ വികസനം തീരെ ചെല്ലാത്ത എന്നാൽ വനത്തിന്റെ മക്കൾ കൂടുതലുള്ള അട്ടപ്പാടിയെ കുറിച്ചും പറയേണ്ടി വരും. വനസമ്പത്തു കൂടുതലുള്ള പ്രദേശം സഹ്യപർവ്വതത്തിന്റെ ഭാഗം ആണെങ്കിലും ഇവിടുത്തെ ജനങ്ങൾ കാടിന്റെ മക്കൾ എന്ന് തന്നെ പറയേണ്ടി വരും. ഒരുപാട് പദ്ധതികൾ ഇവർക്കായി ഉണ്ടെങ്കിലും ഇപ്പോഴും ഇവർ താഴെ തട്ടിൽ തന്നെ നിൽക്കുന്നതും നമ്മുടെ ഭരണസംവിധാനങ്ങളുടെ പ്രശ്നമാണ്.വനത്തെ പറ്റി എഴുതുമ്പോൾ ഇവരെ പറ്റി എഴുതിയില്ലെങ്കിൽ പൂർണത എവിടെ കിട്ടാൻ. ഇപ്പോഴും ആദിവാസി ഊരുകൾ ധാരാളമുണ്ട് നമ്മുടെ നാട്ടിൽ.നേരിൽ കണ്ടാൽ 10 വയസ്സ് ആയവർക്ക് പേര് പോലും ഇല്ലാത്ത അവസ്ഥ അറിയാൻ സാധിക്കും. സ്കൂൾ,വീട്, പോഷകആഹാരം,
ആശുപത്രികൾ, ആരോഗ്യം ഇതിനൊന്നും ഈ മേഖലയിൽ, അതായതു കാടിന്റെ മക്കൾ താമസിക്കുന്നിടത്തു പ്രാധാന്യം ഇല്ലെന്നു തന്നെ പറയേണ്ടി വരും.
എങ്ങനെയൊക്കെയോ അവർ ജീവിക്കുന്നു. റേഷൻ ഉണ്ടന്ന് മാത്രം…
    ഇന്ത്യയെ വനങ്ങളുടെ കാര്യത്തിൽ എടുത്താൽ പത്താംസ്ഥാനത്ത് ആണ്.മധ്യപ്രദേശ് ആണ് ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം. പിന്നീട് അരുണാചൽ പ്രദേശ്, ഛത്തീസ് ഗഡ്, ഒറീസ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, ആസo,ഉത്തരാഖണ്ഡ്, തമിഴ്നാട് എന്നിങ്ങനെ പോകുന്നു. മണ്ണ് സംരഷണം, മഴ, വായു, താപനില, ഔഷധ സസ്യങ്ങൾ, വന്യജീവികളുടെ സംരക്ഷണo ഇവയെല്ലാം നിലനിൽക്കണമെങ്കിൽ വനം ഉണ്ടായേ തീരൂ.ഇവയൊക്കെ നിലനിന്നാലേ മനുഷ്യന് നിലനിൽപ്പ് ഉള്ളൂ എന്ന സത്യം നമ്മൾ തിരിച്ചറിയണം. ആചാരപരമായി പല ക്ഷേത്രങ്ങളിലും
കാവുകൾ നിലനിർത്തുന്നു. സർപ്പകാവ് അതിന് ഉദാഹരണം ആണ്. ആചാരത്തിനു ഒപ്പം പ്രകൃതിയെ ചേർത്തു നിർത്തുന്ന സംസ്കാരവും നമ്മൾക്കുണ്ട്. നിരവധി പദ്ധതി വഴി വനങ്ങൾ നിലനിർത്താനും വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കാനും നമ്മൾ ശ്രമിക്കുന്നു.പല സംഘകളും അതിന് മുൻ കൈ എടുക്കുന്നു.പലരും വീടുകളിൽ കാടുകൾ വച്ച് മാതൃക കാട്ടുന്നു. വികസനം ഇനിയും പ്രകൃതിയെയും വനത്തെയും ദ്രോഹിച്ചുകൊണ്ട് ആകാതിരിക്കട്ടെ. പല ദുരന്തങ്ങളും നമുക്ക് പാഠം ആക്കാം… ഒന്നിച്ചു പ്രണയിക്കാം വനത്തെ…. പ്രകൃതി നമുക്ക് തന്ന ഈ വരദാനത്തെ….
രജിൻ എസ് ഉണ്ണിത്താൻ

About The Author

Leave a Reply

Your email address will not be published. Required fields are marked *