ഞങ്ങള്‍ കൂട്ടിക്കൊണ്ടു വരാന്‍ അങ്ങോട്ടു വരുന്നുണ്ടെന്നറിയിച്ച് അവള്‍ക്ക് ഒരു മെസേജ്ജ് അയക്കുകയും ചെയ്തു. ഒപ്പം ബാംഗ്ലൂരുള്ള മഞ്ജുവിനേയും മായയേയും സന്ദര്‍ശിക്കാമെന്നും എന്റെ മനസ്സിലുണ്ടായിരുന്നു. മഞ്ജുവിനെ ഒരു എന്‍ജിനീയറും മായയെ ഒരു ഡോക്ടറുമാണ് വിവാഹം ചെയ്തത്. അവര്‍ രണ്ടുപേരും ഒരു ഫ്‌ളാറ്റിന്റെ താഴത്തേയും മുകളിലത്തേയും നിലകളിലാണ് താമസിക്കുന്നത്. അമ്മയും അവരോടൊപ്പം തന്നെ താമസിക്കുന്നു. എല്ലാവരേയും കാണാന്‍ എന്റെ മനസ്സില്‍ വളരെയേറെ ആഗ്രഹമുണ്ടായിരുന്നു.
ലീവ് തീര്‍ന്നയുടനെ ഞാന്‍ കോളേജിലേയ്ക്ക് പുറപ്പെട്ടു. ഏറെ നാളുകള്‍ക്കു ശേഷം കോളേജില്‍ എത്തുമ്പോള്‍ സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും അടുത്തു കൂടി കുശലാന്വേഷണം നടത്തി. എല്ലാവരോടും സന്തോഷപൂര്‍വ്വം മറുപടി പറയുമ്പോള്‍ എന്നെ അതുവരെ അലട്ടിയിരുന്ന ദുഃഖങ്ങളില്‍ നിന്നെല്ലാം മോചനം ലഭിക്കുന്നതു പോലെ തോന്നി.
വീണ്ടും ജീവിതത്തിന്റെ തിരക്കുകളില്‍ ഞാനലിയുമ്പോള്‍ നരേട്ടന്‍ ഏകനായി വീട്ടില്‍ കഴിച്ചു കൂട്ടി. ഏകാന്തത അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കുന്നതു പോലെ തോന്നി. കോളേജ് ലൈബ്രറിയില്‍ നിന്നും അദ്ദേഹത്തിനു താല്‍പര്യമുള്ള കുറെ പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് ഞാന്‍ വായിക്കാനായി കൊണ്ടു പോയി കൊടുത്തു. അവയില്‍ മിക്കവയും ജീവചരിത്ര പുസ്തകങ്ങളായിരുന്നു. അതദ്ദേഹത്തിന് വലിയ ആശ്വാസമായി എന്നു തോന്നി. വീട്ടിലെത്തിയാല്‍ നരേട്ടനുമായി ഹ്രസ്വമായ കുശലാന്വേഷണങ്ങളെ എനിക്കു സാധ്യമായിരുന്നുള്ളൂ പാചകവും മറ്റും ജോലികളുമായി ഞാന്‍ തിരക്കിലായിരിക്കും.
ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികളുടെ എക്‌സാമിനേഷന്‍ അടുത്തതിനാല്‍ പാഠപുസ്തകങ്ങള്‍ എടുത്തു തീര്‍ക്കുകയും അവര്‍ക്കാവശ്യമായ നോട്ടുകള്‍ പ്രിപ്പയര്‍ ചെയ്യുകയും ചെയ്യുന്ന ചുമതലയില്‍ ഞാന്‍ മുഴുകി. ഇതിനിടയില്‍ നരേട്ടന്‍ എന്നെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ കുറെ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ തുടങ്ങി. അതില്‍ പാചകവും അദ്ദേഹം കുറേശേ പരിശീലിച്ചു തുടങ്ങി.
തനിക്കാവശ്യമായ ഓംലറ്റും ചായയും അദ്ദേഹം സ്വയം ഉണ്ടാക്കാന്‍ പഠിച്ചു. സ്വന്തം പാചകം എത്ര മോശമായാലും അതിനെ സ്വയം പുകഴ്ത്തുന്ന ഒരു ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. അതു കണ്ട് ഞാന്‍ പറഞ്ഞു.
”എങ്കില്‍ ഇനി മുതല്‍ ഞാന്‍ മാറി നില്‍ക്കാം… നരേട്ടന്‍ തന്നെ എല്ലാം സ്വയം ഉണ്ടാക്കി കഴിച്ചോളൂ…’
അതുകേട്ട് അദ്ദേഹം ഉറക്കെ പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു.
”മീരാ, ഞാന്‍ വെറുതെ പറഞ്ഞതല്ലെ. ഞങ്ങള്‍ പുരുഷന്മാര്‍ ഇങ്ങനെയൊക്കെ പറയുമെങ്കിലും രണ്ടു ദിവസം നിങ്ങളടുത്തില്ലെങ്കില്‍ ഞങ്ങളുടെ കാര്യമെല്ലാം കുഴയും. പിന്നെ പാചകത്തില്‍ എന്റെ മീരയ്‌ക്കൊരു പ്രത്യേക മിടുക്കു തന്നെ ഉണ്ടല്ലോ…’ അദ്ദേഹം എന്നെ വാനോളം പുകഴ്ത്തുമ്പോള്‍ ഞാനറിയാതെ ആകാശത്തോളം ഉയര്‍ന്നു.
അങ്ങനെ പൊട്ടിച്ചിരികളും, കളിതമാശകളുമായി ഞങ്ങളുടെ ദിനങ്ങള്‍ അതിവേഗം കടന്നു പൊയ്‌ക്കൊണ്ടിരുന്നു. നരേട്ടനും ലീവ് തീര്‍ന്ന് കോളേജില്‍ ജോയിന്‍ ചെയ്യാനുള്ള സമയമടുത്തു വന്നു. അദ്ദേഹത്തിന്റെ ആരോഗ്യം അതിനകം വളരെയധികം മെച്ചപ്പെട്ടിരുന്നു. ഇതിനിടയില്‍ ഒരു ദിനം ഞാന്‍ കോളേജില്‍ നിന്നും മടങ്ങി വരുമ്പോള്‍ നരേട്ടന്‍ ആകെ മ്ലാനവദനനായി ഇരിയ്ക്കുന്നതു കണ്ടു. കാര്യം അന്വേഷിച്ചപ്പോള്‍ ഒരു കത്തെടുത്ത് എന്റെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു.
”കൃഷ്ണമോളയച്ചതാണ്. നീ വായിച്ചു നോക്ക്.” അദ്ദേഹം നീട്ടിയ കത്തു ഞാന്‍ തുറന്നു വായിച്ചു.
”മമ്മി അയച്ച മെസ്സേജ് കിട്ടി. നിങ്ങള്‍ എന്നെ പ്രസവത്തിന് കൂട്ടിക്കൊണ്ടു പോകുന്നതിനായി ഇങ്ങോട്ടു വരുന്നുണ്ടെന്നറിയിച്ചതില്‍ വളരെ സന്തോഷം. എന്നാല്‍ ദേവേട്ടന് എന്നെ അങ്ങോട്ട് പറഞ്ഞു വിടുന്നതില്‍ വളരെ വിഷമമുണ്ട്. അദ്ദേഹം പറയുന്നത് പ്രസവം ഇവിടെയാക്കാമെന്നാണ്. അദ്ദേഹത്തിന്റെ വീട്ടുകാര്‍ എല്ലാവരും ഇപ്പോള്‍ അതുതന്നെ പറയുന്നു. അദ്ദേഹത്തിനിഷ്ടമില്ലാത്തതൊന്നും ഞാന്‍ ചെയ്യുകയില്ല. തന്നെയുമല്ല മമ്മിയെയും, പപ്പയെയും കാണുന്നതിന് അദ്ദേഹത്തിന് ആഗ്രഹമില്ല. അതുകൊണ്ട് എന്നെക്കൂട്ടിക്കൊണ്ടു പോകുവാന്‍ ഇങ്ങോട്ട് വരണമെന്നില്ല. ഇനി എപ്പോഴെങ്കിലും ഞാന്‍ അങ്ങോട്ടു വന്ന് നിങ്ങളെ കണ്ടു കൊള്ളാം.”
ആ കത്ത് വായിച്ചതോടെ ഒരു കാര്യം ബോധ്യമായി. മകള്‍ ഞങ്ങളില്‍ നിന്ന് അകലുകയാണ്. അല്ലെങ്കില്‍ അവളുടെ ഭര്‍ത്താവും വീട്ടുകാരും അവളെ ഞങ്ങളില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുകയാണ്. മറ്റൊരു സംസ്‌കാരത്തിലേയ്ക്ക് അവളെ വിവാഹം കഴിപ്പിച്ചയച്ചതിന്റെ പരിണത ഫലം. വേണ്ടത്ര സ്ത്രീധനം കിട്ടിയില്ലെന്ന പരാതിയും ദേവാനന്ദിന്റെ വീട്ടുകാര്‍ക്കുണ്ട്. അതോടെ ആ യാത്ര വേണ്ടെന്നു വയ്‌ക്കേണ്ടി വന്നു.
കൃഷ്ണമോള്‍ പ്രസവിച്ചപ്പോള്‍ അതറിയിക്കാന്‍ പോലും ദേവാനന്ദ് തുനിഞ്ഞില്ല. പിന്നെ വളരെ നാളുകള്‍ക്കു ശേഷം കൃഷ്ണമോളുടെ കത്തു വന്നു. ”പപ്പാ… ഞാന്‍ അങ്ങോട്ട് വരികയാണ് എന്റെ മോനെയും ഞാന്‍ കൊണ്ടു വരുന്നുണ്ട്. അവന് ആറുമാസമായി. എനിക്ക് പപ്പായെ കാണണം. മമ്മിയോട് കുറച്ചു ദിവസത്തേയ്ക്ക് കഴിയുമെങ്കില്‍ എനിക്കു വേണ്ടി ലീവെടുക്കാന്‍ പറയണം. പ്രസവശേഷം എനിക്ക് നല്ല നടുവേദനയുണ്ട്. റെസ്റ്റെടുക്കാന്‍ വേണ്ടിയാണ് ഞാന്‍ അങ്ങോട്ടു വരുന്നത്.”
അവളുടെ കാര്യങ്ങള്‍ നടന്നു കിട്ടാന്‍ വേണ്ടി മാത്രം ഞാന്‍ വേണം. അല്ലെങ്കില്‍ ഉള്ളിലെ വെറുപ്പ് പുറത്തെടുത്ത് എന്നോട് കലഹിക്കുക ഇതാണ് അവളുടെ സ്വഭാവം.
കത്തു കിട്ടി രണ്ടാഴ്ച പിന്നിട്ടപ്പോള്‍ കൃഷ്ണമോളെത്തി. അവളുടെ കൈയ്യില്‍ വെളുത്തു തുടുത്ത ഒരാണ്‍കുട്ടിയുമുണ്ട്. ടാക്‌സിയില്‍ ഞങ്ങളുടെ വീടിനു മുന്നില്‍ അവള്‍ വന്നിറങ്ങുമ്പോള്‍ നരേട്ടനും ഞാനും ഓടിച്ചെന്നു. കൊച്ചുമകനെ ആദ്യമായി കാണുന്ന സന്തോഷം ഞങ്ങളുടെ ഉള്ളില്‍ തുടിച്ചിരുന്നു. കമ്പിളിയുടുപ്പും, കമ്പിളിത്തൊപ്പിയും വച്ച് അമ്മയുടെ കയ്യില്‍ സുഖസുഷുപ്തിയിലാണ്ടിരുന്ന അവനെ എടുക്കുവാന്‍ ഞാന്‍ കൈകള്‍ നീട്ടി. എന്നാല്‍ കൃഷ്ണമോളാകട്ടെ എന്റെ കൈയ്യില്‍ നല്‍കാതെ നരേട്ടന്റെ നേര്‍ക്ക് അവനെ നീട്ടി. ഒന്നുമറിയാത്ത മട്ടില്‍ അവള്‍ ഒരു കള്ളവും പറഞ്ഞു.
”അവന് ആണുങ്ങളെയാണ് കൂടുതലിഷ്ടം. എന്നെക്കാള്‍ ദേവേട്ടനെയാണ് അവന് കൂടുതല്‍ കാര്യം.” അപ്പോഴേയ്ക്കും കുഞ്ഞുണര്‍ന്ന് കരഞ്ഞു. എന്റെ മുഖത്തെ സന്തോഷം മങ്ങുന്നതു കണ്ട് നരേട്ടന്‍ കുഞ്ഞിനെ എന്റെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു.
”ഇതാ മീര… നീ തന്നെയെടുത്തോളൂ. മമ്മിയ്ക്കാണിതിനൊക്കെ കൂടുതല്‍ വശം. കരയുന്ന കുഞ്ഞുങ്ങളെ എടുക്കാനൊന്നും എനിക്കു വലിയ വശമില്ല.”
അദ്ദേഹം കൃഷ്ണമോളെ നോക്കി പറഞ്ഞു. കൃഷ്ണമോള്‍ ചെറുതായി മുഖം വീര്‍പ്പിച്ച് മുന്നോട്ടു നടന്നു. ഞങ്ങളിരുവരും അവളുടെ പുറകിലായി കുഞ്ഞിനെയും എടുത്തു കൊണ്ട് നടന്നു. ഡ്രോയിംഗ് റൂമില്‍ എത്തിയ ഉടനെ സോഫയില്‍ ചാരിക്കിടന്ന് അവള്‍ പറഞ്ഞു.
”ഹൊ… എനിക്ക് നടുവേദന കാരണം തീരെ വയ്യ. കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കലും ജോലിക്കു പോകലും എല്ലാം കൂടി ഞാനാകെ വിഷമത്തിലാണ്. അതിനിടയില്‍ ദേവേട്ടന്റെമ്മയോട് വഴക്കിട്ട് ഒരു വേലക്കാരിയുണ്ടായിരുന്നതൊട്ട് വരുന്നുമില്ല. ഇനി മറ്റൊരൊളെ അന്വേഷിച്ചു കണ്ടു പിടിയ്ക്കണം. അതുവരെ കുറച്ചു ദിവസം ലീവെടുത്ത് ഇവിടെ നില്‍ക്കാമെന്ന് കരുതി.”
അതുകേട്ട് നരേട്ടന്‍ അവളുടെ അടുത്തിരുന്ന് സഹതാപപൂര്‍വ്വം ചോദിച്ചു.
”എന്നിട്ട് നീയിതു വരെ ഡോക്ടറെയൊന്നും കാണിച്ചില്ലേ? ഒരു നല്ല ഗൈനക്കോളജിസ്റ്റിനെ നിനക്ക് കാണാമായിരുന്നില്ലേ?”
”ങാ… ഗൈനക്കോളജിസ്റ്റിനെ കണ്ടു അച്ഛാ… ഡോക്ടര്‍ പറഞ്ഞത് നല്ല റെസ്റ്റു വേണമെന്നാണ് . പ്രസവം കഴിഞ്ഞ് മര്യാദയ്‌ക്കൊന്ന് റെസ്റ്റ് ചെയ്യാന്‍ പറ്റിയിട്ടില്ല. നാല്‍പ്പത്തിയഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ കുഞ്ഞിനെ ദേവേട്ടന്റെ അമ്മയെ ഏല്‍പ്പിച്ചിട്ട് ജോലിയ്ക്കു പോയിത്തുടങ്ങിയതാണ്. ദേവേട്ടന്റെ വീട്ടിലാണെങ്കില്‍ ആരുമെന്നെ കെയര്‍ ചെയ്യുന്നുമില്ല. ഒരു വേലക്കാരിയെ പുറം ജോലിയ്ക്ക് സഹായത്തിനു നിര്‍ത്തിയത് മാത്രമാണ് ദേവേട്ടന്‍ ചെയ്തത്. പിന്നെ ബാംഗ്ലൂരിലെ ഫ്‌ളാറ്റില്‍ വന്നപ്പോള്‍ അമ്മയും അവിവാഹിതയായ ഇളയ സഹോദരിയും കൂടെപ്പോന്നു. പക്ഷേ ഇപ്പോള്‍ ദേവേട്ടന്റെ മൂത്ത സിസ്റ്ററിന്റെ പ്രസവം അടുത്തപ്പോള്‍ അമ്മ അങ്ങോട്ടു പോയി. വേലക്കാരിയും വരാതായി. അതാണ് ഞാനിങ്ങോട്ടു പോന്നത്.”
ഏതായാലും നീ വന്നത് ഞങ്ങള്‍ക്ക് സന്തോഷമായി. കുഞ്ഞിനെ ഞങ്ങള്‍ക്ക് കാണാന്‍ പറ്റിയല്ലോ…
നരേട്ടന്‍ കുഞ്ഞിനെ എന്റെ കൈയ്യില്‍ നിന്നും വാങ്ങി മടിയില്‍ കിടത്തി ഓമനിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴേയ്ക്കും കുഞ്ഞുണര്‍ന്ന് കരയാന്‍ തുടങ്ങി.
”അവന് വിശക്കുന്നുണ്ടാകും. നീ അവന് പാലു കൊടുക്ക്.” ഞാന്‍ പറഞ്ഞതു കേട്ട് കൃഷ്ണമോള്‍ കുഞ്ഞിനെ നരേട്ടന്റെ കൈയ്യില്‍ നിന്നും വാങ്ങി അകത്തേയ്ക്ക് നടന്നു.
അപ്പോള്‍ കൃഷ്ണമോളുടെ ചുണ്ടില്‍ ഒരു ഗൂഢസ്മിതം വിരിഞ്ഞു നിന്നത് ഞാന്‍ കണ്ടു. അവളുടെ ഇപ്പോഴത്തെ വരവിന്റെ ഉദ്ദേശ്യം നടുവേദന മാത്രമല്ലാ മറ്റെന്തോ ലക്ഷ്യം അവള്‍ക്കുണ്ടെന്നും ആ ഗൂഢസ്മിതം വിളിച്ചറിയ്ക്കുന്നുണ്ടായിരുന്നു. മകളുടെ മനസ്സ് വായിച്ചെടുക്കാന്‍ തനിയ്ക്കുള്ള കഴിവ് മറ്റാര്‍ക്കുമില്ലല്ലോ എന്നും ഓര്‍ത്തു.
എന്തു പറഞ്ഞാലും പപ്പയോട് അവള്‍ക്ക് ഒരു പ്രത്യേക അടുപ്പം തന്നെ ഉണ്ടായിരുന്നു എന്ന് എനിക്കനുഭവപ്പെട്ടിട്ടുണ്ട്. നരേട്ടന് മോളോടും അങ്ങനെ തന്നെ. രാഹുല്‍ മരിച്ച ശേഷം ആ അടുപ്പം കൂടിയിട്ടേ ഉള്ളൂ. കൃഷ്ണമോളുടെ വിദ്വേഷം മുഴുവന്‍ എന്നോടായിരുന്നു. ഒരു പക്ഷേ ലോകത്തില്‍ അവളുടെ ഏറ്റവും വലിയ ശത്രു, അവളുടെ സ്വന്തം മമ്മിയായ ഈ ഞാനായിരുന്നുവല്ലോ… ചെറുപ്പം മുതല്‍ തുടങ്ങിയ ആ ശത്രുത ഇന്ന് പല കാരണങ്ങള്‍ക്കൊണ്ട് കൂടിയിട്ടേ ഉള്ളൂ.
നരേട്ടനെ എങ്ങിനെയും അവളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് വശത്താക്കാമെന്ന് അവള്‍ക്കറിയാമായിരുന്നു. പക്ഷേ എന്നോട് കുരുക്ഷേത്ര ഭൂവിലെ അശ്വത്ഥാത്മാവിനെ പോലെ അവള്‍ പലപ്പോഴും എതിരിടുവാന്‍ തക്കം പാര്‍ത്തിരുന്നു. ജീവിതത്തിലുടനീളം അവള്‍ എന്നോട് അവസരങ്ങള്‍ മുതലെടുത്ത് അത് പ്രകടമാക്കിക്കൊണ്ടിരുന്നു.
കൃഷ്ണ കുഞ്ഞിനേയും കൊണ്ട് എന്റെ ബെഡ്‌റൂമില്‍ ചെന്നിരുന്ന് പാല്‍ കൊടുക്കാന്‍ തുടങ്ങി. ഞാനാകട്ടെ കൃഷ്ണമോള്‍ വന്നതു കൊണ്ട് അടുക്കളയില്‍ അവള്‍ക്കിഷ്ടപ്പെട്ട ആഹാരം തയ്യാറാക്കുന്ന തിരക്കിലുമായി. അവള്‍ പറഞ്ഞതനുസരിച്ച് കോളേജില്‍ നിന്നും ഞാന്‍ ഒരാഴ്ചത്തെ ലീവ് എടുത്തിരുന്നു. അതുതന്നെ വളരെ പ്രയാസപ്പെട്ടാണ് ഒപ്പിച്ചെടുത്തത്.
നരേട്ടനാണെങ്കില്‍ കോളേജില്‍ ജോയിന്‍ ചെയ്തു കഴിഞ്ഞിരുന്നു. എല്ലാ മാസവും ഹോസ്പിറ്റലില്‍ പോയി ചെക്കപ്പ് നടത്തണമെന്നതൊഴിച്ചാല്‍ അദ്ദേഹത്തിന് വേറെ പ്രയാസങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളിലും എന്റെ ശ്രദ്ധ പതിഞ്ഞിരുന്നു.
കൃഷ്ണമോള്‍ കുഞ്ഞിന് പാലു കൊടുത്തപ്പോള്‍ കുഞ്ഞ് വീണ്ടും അവളുടെ കൈയ്യിലിരുന്ന് ഉറങ്ങി. ഉറങ്ങിയ കുഞ്ഞിനെ കട്ടിലില്‍ ഭദ്രമായി കിടത്തി അവള്‍ ഇരുവശത്തും തലയിണ വച്ചു. പിന്നീടവള്‍ നരേട്ടന്റെ അടുത്തെത്തി. നരേട്ടനപ്പോള്‍ ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അവള്‍ നരേട്ടന്റെ അടുത്തെത്തി അദ്ദേഹത്തോട് ചേര്‍ന്നിരുന്നു കൊണ്ട് സ്‌നേഹപൂര്‍വ്വം ചോദിച്ചു.
”പപ്പയുടെ അസുഖമൊക്കെ ഇപ്പോള്‍ എങ്ങിനെയുണ്ട്? ഓപ്പറേഷന്‍ കഴിഞ്ഞ് പപ്പയ്ക്ക് വേറെ പ്രോബ്ലം ഒന്നും ഇല്ലല്ലോ. പപ്പ കോളേജില്‍ പോയിത്തുടങ്ങിയോ? പപ്പയുടെ റിട്ടയര്‍മെന്റ് അടുത്തു അല്ലേ?” നിരവധി ചോദ്യങ്ങള്‍ തൊടുത്തു വിട്ടു കൊണ്ട് അവള്‍ പപ്പയോട് ചേര്‍ന്നിരുന്നു. അവളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നരേട്ടന്‍ നല്‍കുന്നുണ്ടായിരുന്നു.
”അതെ മോളെ, പപ്പ കോളേജില്‍ നിന്നും റിട്ടയര്‍ ചെയ്യാറായി. ഇനി എണ്ണപ്പെട്ട ദിവസങ്ങളെ ഉള്ളൂ. അസുഖത്തെ സംബന്ധിച്ച് ഇപ്പോള്‍ പ്രോബ്ലംസ് ഒന്നും ഇല്ല. എങ്കിലും നടക്കുമ്പോള്‍ ചിലപ്പോള്‍ ചെറിയ ശ്വാസം മുട്ടല്‍ ഉണ്ടാകാറുണ്ട്. പിന്നെ എല്ലാ മാസവും ഹോസ്പിറ്റലില്‍ പോയി ചെക്കപ്പ് നടത്തണം. അത് ചെയ്യാറുണ്ട്.”
കൃഷ്ണമോളുടെ ചോദ്യത്തിനുത്തരമായി നരേട്ടന്‍ പറഞ്ഞു നിര്‍ത്തി. പെട്ടെന്ന് എന്തോ ഓര്‍ത്ത് നരേട്ടന്‍ ചോദിച്ചു.
”ആട്ടെ… മോള് കുഞ്ഞിന് എന്താ പേര് ഇട്ടത്? അവനെ നിങ്ങള്‍ എന്താ വിളിക്കുന്നത്?” അവന്റെ പേര് അഭിഷേക് എന്നാണച്ഛാ. ടുട്ടുമോനെ എന്നു വിളിക്കും” അവരുടെ സംഭാഷണം തുടര്‍ന്നു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ അടുക്കളയില്‍ നിന്നും ആഹാരം പാകം ചെയ്ത് മേശപ്പുറത്ത് കൊണ്ടു വന്നു വച്ചു. പിന്നീട് മുന്‍വശത്ത് അവര്‍ സംസാരിച്ചു കൊണ്ടിരുന്ന മുറിയിലെത്തി. ആ സംഭാഷണത്തില്‍ പങ്കുകൊള്ളണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും കൃഷ്ണമോള്‍ക്ക് അതിഷ്ടപ്പെട്ടില്ലെങ്കിലോ എന്നു കരുതി ഞാന്‍ വാതിക്കല്‍ത്തന്നെ നിന്നതേ ഉള്ളൂ. അപ്പോള്‍ നരേട്ടന്‍ തന്നെ വിളിച്ചു പറഞ്ഞു.
”താനെന്താ അവിടെത്തന്നെ നിന്നു കളഞ്ഞത്. ഇവിടെ വന്ന് ഇരിക്കെടോ.” അദ്ദേഹം അത്യന്തം സന്തോഷവാനാണെന്നു തോന്നി. അല്ലെങ്കില്‍ തന്നെ ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കുകയും ചെറിയ കാര്യങ്ങളില്‍ ദുഃഖിക്കുകയും ചെയ്യുന്ന ആളാണ്. ഇന്നിപ്പോള്‍ കൃഷ്ണമോളും അവളുടെ കുഞ്ഞും വന്നത് നരേട്ടനെ ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്.
”എടോ താനിങ്ങനെ മൂഡിയായിട്ടിരുന്നാലെങ്ങനെയാ? നമ്മളിപ്പോള്‍ മുത്തച്ഛനും മുത്തശിയുമായെടോ. താനൊന്ന് മനസ്സു തുറന്ന് ചിരിച്ചേ.”
സത്യത്തില്‍ എന്റെ മനസ്സിലും സന്തോഷം വന്നു നിറഞ്ഞിരുന്നു. എന്നാല്‍ കൃഷ്ണമോളുടെ പെരുമാറ്റമാണ് എന്റെ സന്തോഷത്തിന്റെ നിറം കെടുത്തിയത്. അവള്‍ എന്നില്‍ നിന്നും ഒരു വല്ലാത്ത അകലം സൂക്ഷിക്കുന്നതു പോലെ അല്‍പ നേരത്തേയ്ക്ക് ആരും ഒന്നുമിണ്ടാതെ ടിവിയില്‍ നോക്കിയിരുന്നു. അത്യന്തം ഹൃദയസ്പര്‍ശിയായ ഒരു ടിവി സീരിയലിലാണ് എല്ലാവരും മിഴിനട്ടിരുന്നത്. അല്‍പം കഴിഞ്ഞപ്പോള്‍ ഞാനറിയിച്ചു.
”വരൂ, ആഹാരം കഴിക്കാം. ഞാനെല്ലാം ഉണ്ടാക്കി മേശപ്പുറത്ത് വച്ചിരിക്കുകയാണ്. എല്ലാം ആറിത്തണുത്തു പോകും.”
”എന്നാല്‍ ശരി നമുക്ക് ആഹാരം കഴിച്ചിട്ടു വരാം മോളെ. ഇന്നു നിനക്കു വേണ്ടി സ്‌പെഷ്യലായി നിന്റെ മമ്മി ഉണ്ടാക്കിയതാണ്. ഇവളുടെ കൈപ്പുണ്യം ഒന്നു വേറെ തന്നെയാണ്.”
നരേട്ടന്‍ എന്നെ പുകഴ്ത്തി സംസാരിച്ചു കൊണ്ടിരുന്നു. എന്നാല്‍ കൃഷ്ണയാകട്ടെ അത് കേള്‍ക്കാത്തമട്ടില്‍ മറ്റെന്തോ സംസാരിച്ചു.
അച്ഛാ… മോന് ഗുരുവായൂരില്‍ വച്ച് ചോറു കൊടുക്കണം എന്നാണ് എന്റേയും ദേവേട്ടന്റെയും ആഗ്രഹം. പിന്നെ ഇവിടെ ഡല്‍ഹിയില്‍ ഒരു ഗുരുദ്വാരയയുണ്ട്. ദേവേട്ടന്‍ മിക്കപ്പോഴും അവിടെ പോകാറുണ്ടായിരുന്നു. അവിടെയും ചില ചടങ്ങുകള്‍ക്ക് പോകണമെന്നുണ്ട്.
”അതെയതെ ദേവാനന്ദിനോട് ഇങ്ങോട്ടു വരാന്‍ പറയൂ. നമുക്ക് ഒന്നിച്ച് പോകാം.” നരേട്ടന്‍ പറഞ്ഞതു കേട്ട് അല്‍പനേരം കൃഷ്ണമോള്‍ നിശബ്ദയായിരുന്നു. പിന്നെ ആ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് അവള്‍ പറഞ്ഞു.
”ദേവേട്ടനിപ്പോള്‍ കുറേശേ കേരളത്തിനോട് അടുപ്പം തോന്നിത്തുടങ്ങിയിട്ടുണ്ട്. അവിടെ ചെന്ന് ഗുരുവായൂരും, കോവളവും മറ്റു ചില സ്ഥലങ്ങളും കാണണമെന്ന് ഇടയ്ക്കു പറയും. എങ്കിലും ദേവേട്ടന്റെ മനസ്സില്‍ നിങ്ങളോടുള്ള പിണക്കം മാറാത്തതു കൊണ്ട് ഞാനിതു പറയുമ്പോള്‍ എന്തായിരിക്കും പ്രതികരണമെന്നറിയില്ല.”
അതുകേട്ട് നരേട്ടന്‍ പറഞ്ഞു” നീ വേണം അവനെ നിര്‍ബന്ധിച്ച് കേരളത്തിലേയ്ക്കു കൊണ്ടു വരാന്‍. ഇവിടെ വന്ന് ഞങ്ങളുമായിട്ടിടപെട്ടു കഴിയുമ്പോള്‍ അവന്റെ പിണക്കമെല്ലാം മാറിക്കോളും.”
”ശരി അച്ഛാ… ഞാനിടയ്ക്ക് ദേവേട്ടനെ നിര്‍ബന്ധിക്കാറുണ്ട്. നമുക്ക് കേരളത്തിലേയ്ക്കു പോകാമെന്ന് ഇപ്പോള്‍ കുറേശേ വഴങ്ങി തുടങ്ങിയിട്ടുണ്ട്.” അവരുടെ സംഭാഷണം നീണ്ടു പോകുന്നതിനിടയ്ക്ക് ഞാന്‍ പ്ലേറ്റില്‍ ചോറും കറികളും വിളമ്പി. നരേട്ടനും, കൃഷ്ണമോളും കൈകഴുകി എത്തി. അവര്‍ ഇരുന്നപ്പോള്‍ ഞാന്‍ ഡൈനിംഗ് ടേബിളിന്റെ ഒരറ്റത്ത് നിന്നതേയുള്ളൂ. അതുകണ്ട് നരേട്ടന്‍ ചോദിച്ചു.
”താനെന്താ ഞങ്ങളുടെ കൂടെ ഇരിയ്ക്കുന്നില്ലേ? താനും ഇരിയ്‌ക്കെടോ. ഇത്ര നേരവും കുക്ക് ചെയ്ത് വിഷമിച്ചതല്ലെ താന്‍.”
നരേട്ടന്റെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിനു വഴങ്ങി ഞാനിരുന്നു. ഊണു കഴിക്കാന്‍ തുടങ്ങിയപ്പോള്‍ കുഞ്ഞ് ഉണര്‍ന്നു കരയാന്‍ തുടങ്ങി. കൃഷ്ണമോള്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തടഞ്ഞു.
”വേണ്ടാ… നീയവിടെ ഇരുന്ന് കഴിച്ചോളൂ. ഞാന്‍ പോയി നോക്കിയിട്ട് വരാം.”
ഞാനെഴുന്നേറ്റ് ബെഡ്‌റൂമിലേയ്ക്ക് നടന്നു. അവിടെ എന്നെ നോക്കിച്ചിരിച്ച് കൈകാലിട്ടടിയ്ക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. ഓടിച്ചെന്ന് അവനെയെടുത്ത് ആ പൂങ്കവിളില്‍ തെരുതെരെ ഉമ്മ വച്ചു. അപ്പോള്‍ എനിക്കു തോന്നിയത് ആ കുഞ്ഞിന് രാഹുല്‍ മോന്റെ ഛായയാണെന്നാണ്. അവന്‍ ശിശുവായിരുന്നപ്പോള്‍ ഉണ്ടായിരുന്ന അതേ ഛായ. വര്‍ഷങ്ങള്‍ നിമിഷ നേരത്തേയ്ക്ക് പുറക്കോട്ട് ഓടിമറഞ്ഞതു പോലെ എന്റെ കൈകളില്‍ കിടന്നു ചിരിക്കുന്നത് രാഹുല്‍ മോനാണെന്ന് എനിക്കു തോന്നി.
അവന്റെ കളിചിരികള്‍ ആസ്വദിച്ചു കൊണ്ടിരുന്നപ്പോള്‍ മുന്നിലെ കണ്ണാടിയില്‍ കൃഷ്ണമോളുടെ പ്രതിബിംബം തെളിഞ്ഞു കണ്ടു. പെട്ടെന്നു തിരിഞ്ഞു നോക്കിയപ്പോള്‍ കൃഷ്ണമോള്‍ വാതിക്കല്‍ നില്‍ക്കുന്നതു കണ്ടു. അവളുടെ കണ്ണുകളിലെ വെറുപ്പ് അപ്പോഴും മാഞ്ഞിരുന്നില്ല.
”നീയെന്താ എന്നോടിപ്പോഴും പിണക്കമാണോ?” ഞാന്‍ ചോദിച്ചതു കേട്ട് കൃഷ്ണമോള്‍ ഒന്നും മിണ്ടാതെ കുഞ്ഞിനെ എന്റെ കൈയ്യില്‍ നിന്നും വാങ്ങി. എന്നിട്ടു പറഞ്ഞു.
”എനിക്കാരോടും വഴക്കും പിണക്കവുമൊന്നുമില്ല. എന്നോടാരും വഴക്കിനു വരാതിരുന്നാല്‍ മതി.”
അവളുടെ വാക്കുകള്‍ക്ക് പഴയ മൂര്‍ച്ചയുണ്ടായിരുന്നു. എന്നെ ഒരു വഴക്കാളിയായി ചിത്രീകരിക്കണമെന്ന് അവള്‍ക്കെന്തോ വാശിയുള്ളതു പോലെ എനിക്കു തോന്നി. ഒരിക്കല്‍ നില തെറ്റിയ മനസ്സിന്റെ അനിയന്ത്രിതമായ പിടച്ചിലില്‍ ഞാനുണ്ടാക്കിയ കലഹങ്ങള്‍, എന്നേയ്ക്കുമായി ഒരു വഴക്കാളിയെന്ന മുദ്ര എനിക്കു ചാര്‍ത്തിത്തരികയായിരുന്നുവെന്ന് മനസ്സിലായി. പക്ഷേ നരേട്ടനും എന്നോട് അപ്പോഴെല്ലാം കലഹിക്കുകയുണ്ടായല്ലോ. അവളുടെ മനസ്സില്‍ പപ്പ ത്യാഗത്തിന്റെ പ്രതീകം.
ഞാന്‍ ഒന്നും മിണ്ടാതെ മുറിയ്ക്കു പുറത്തു കടന്നു. പിന്നെ ഊണുമുറിയില്‍ വന്നിരുന്ന് മൗനമായി ഊണു കഴിച്ചു. കൃഷ്ണമോളോട് വളരെ സൂക്ഷിച്ചു വേണം സംസാരിക്കുവാനും ഇടപെടാനുമെന്ന് മനസ്സു പറഞ്ഞു. വിവാഹത്തോടെ അവള്‍ എന്നില്‍ നിന്ന് പൂര്‍ണ്ണമായും അകന്നു കഴിഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ പണ്ടു തന്നെ അവളുടെ മനസ്സില്‍ രൂഢമൂലമായിരുന്ന എന്നോടുള്ള വിദ്വേഷം ഇപ്പോള്‍ ഇരട്ടിയായിരിക്കുന്നു. അവള്‍ ഇപ്പോള്‍ വന്നിരിക്കുന്നത് അവളുടെ പപ്പായെക്കാണാനാണ്. എനിക്കാ മനസ്സില്‍ ഒരു സ്ഥാനവുമില്ലെന്ന് മനസ്സിലായി.
പിറ്റേന്ന് രാവിലെ നരേട്ടന്‍ കോളേജിലേയ്ക്കു പോകാനുള്ളതു കൊണ്ട് നേരത്തേ വിളിച്ച് എണീപ്പിക്കേണ്ട കടമ എന്റേതായിരുന്നു. എന്നാല്‍ ഞാനെഴുന്നേറ്റ് നോക്കുമ്പോള്‍ നരേട്ടന്‍ സ്വയം നേരത്തെ എഴുന്നേറ്റ് ജനലിലൂടെ പുറത്തേയ്ക്ക് നോക്കി നില്‍ക്കുന്നു. ഞാന്‍ പുറകില്‍ കൂടിച്ചെന്ന് നരേട്ടന്റെ തോളില്‍ കൈവച്ചു കൊണ്ട് ചോദിച്ചു.
”എന്താ നരേട്ടാ ഇത്? ഇന്ന് നേരത്തെ എഴുന്നേറ്റോ?”
എന്റെ ശബ്ദം കേട്ടെങ്കിലും എന്നെ തിരിഞ്ഞു നോക്കാതെ ജനലിലൂടെ പുറത്തേയ്ക്കു നോക്കി നരേട്ടന്‍ പറഞ്ഞു.
”മീരാ… ഇന്നത്തെ പ്രഭാതത്തിന് ഒരു പ്രത്യേക ഉണര്‍വ്വും ഭംഗിയും. ഇന്നലെ ഞാന്‍ സ്വപ്നത്തില്‍ കണ്ടു നമ്മുടെ രാഹുല്‍ മോന്‍ തിരിച്ചു വന്നതായി.”
”ശരിയാണ് നരേട്ടാ, ടുട്ടുമോന്‍ രാഹുല്‍ മോന്‍ ചെറുപ്പത്തിലെ ഇരുന്ന അതേ ഛായ തന്നെയാണ്. അവന്‍ തിരിച്ചു വന്നിരിയ്ക്കുന്നു. അല്ലെങ്കിലും അവന് നമ്മളെയൊന്നും ഉപേക്ഷിച്ച് പോകുവാനാവുകയില്ലല്ലോ നരേട്ടാ” ഞാന്‍ പതിയെ പ്രതിവചിച്ചു. അതു പറയുമ്പോള്‍ എന്റെ അമ്മ ഹൃദയം വല്ലാതെ തേങ്ങിയിരുന്നു. പെട്ടെന്ന് നരേട്ടന്‍ തിരിഞ്ഞ് എന്നോടായി പറഞ്ഞു.
”ഇന്ന് നമുക്ക് സന്തോഷത്തിന്റെ ദിവസമാണ്. ടുട്ടുമോനിലൂടെ നമ്മുടെ രാഹുല്‍ മോന്‍ തിരിച്ചു വന്ന ദിവസം. ഈ ദിവസം നമുക്ക് എല്ലാം മറന്ന് ആഘോഷിക്കണം മീരാ. നമുക്കെല്ലാവര്‍ക്കും കൂടി ഇന്ന് സിറ്റിയ്ക്ക് പുറത്തേയ്ക്ക് ഒന്നു പോയാലോ? ഒരു ഔട്ടിംഗ് നടത്തിയാലോ? ഞാനുമിന്ന് ലീവെടുക്കാം. പുറത്തൊക്കെ ചുറ്റി നടന്ന് പുറത്തു നിന്ന് ആഹാരം കഴിച്ച് അങ്ങിനെ സന്തോഷമായി ചിലവിടാം. താന്തെു പറയുന്നു?”
”നരേട്ടന്റെ ഇഷ്ടം. ഞാന്‍ എന്തിനും തയ്യാറാണ്. പിന്നെ കൃഷ്ണമോളോട് ചോദിക്കണം. അവളുടെ മനസ്സിലിരുപ്പ് എന്താണെന്നറിയില്ല. ഒരു പക്ഷേ ഞാന്‍ കൂടെ വരുന്നത് അവള്‍ക്കിഷ്ടമാവുകയില്ല.”
”അങ്ങനെയൊന്നുമില്ല മീരാ… അതൊക്കെ തനിക്ക് വെറുതെ തോന്നുന്നതാണ്. നമ്മള്‍ വളര്‍ത്തിയ മകളല്ലെ അവള്‍. അവള്‍ക്ക് നമ്മളെ ഉപേക്ഷിക്കാനാവുമോ?”
”ഇല്ല നരേട്ടാ… ഇപ്പോള്‍ ഞാനൊന്നും പറയുന്നില്ല എല്ലാം കാലം തെളിയിക്കും.”
പിന്നെ നരേട്ടന്‍ പൂമുഖത്തു ചെന്ന് കൃഷ്ണമോള്‍ എഴുന്നേറ്റു വരാനായി കാത്തു നിന്നു. ഇതിനിടയില്‍ അദ്ദേഹം മുറ്റത്തു നട്ടിരുന്ന ചെടികള്‍ക്ക് വെള്ളമൊഴിക്കാന്‍ തുടങ്ങി. കിളിക്കൂട്ടിലെ കിളികള്‍ മുറ്റത്തിന്റെ ഒഴിഞ്ഞ കോണിലെ കൂട്ടിലിരുന്ന് നരേട്ടനെ കണ്ട് ഉച്ചത്തില്‍ ചിലച്ചു. ലൗ ബേര്‍ഡ്‌സ് നരേട്ടന്റെ ഒരു വീക്ക്‌നെസ്സ് ആയിരുന്നു. പലപ്പോഴായി ലൗ ബേര്‍ഡ്‌സിനെ വാങ്ങി വളര്‍ത്തും. പിന്നെ എപ്പോഴെങ്കിലും അവയെ കൂടു തുറന്നു വിടുന്നതും അദ്ദേഹത്തിന്റെ ഹോബിയായിരുന്നു. അപ്പോള്‍ അദ്ദേഹം പറയാറുള്ളത്, ”പാവങ്ങള്‍ എത്ര നാളായി കൂട്ടില്‍ കിടന്ന് അഡ്ജസ്റ്റ് ചെയ്യുന്നു. ഇനി അല്‍പകാലം ആകാശത്ത് പറന്നു നടക്കട്ടെ” എന്നാണ്. അദ്ദേഹം അലിവോടെ അവയെ തുറന്നു വിടുന്നത് ഞാന്‍ നോക്കി നില്‍ക്കും.
”നോക്കൂ മീരാ. അവയ്‌ക്കെല്ലാമിന്ന് എത്ര സന്തോഷമാണെന്ന്. ഈ ദിവസത്തിന്റെ പ്രാധാന്യം അവയ്ക്കും അറിയാമെന്നു തോന്നുന്നു. നീ പോയി ടുട്ടുമോനെ എടുത്തു കൊണ്ടു വരൂ. നമുക്കവനെ ഈ കിളികള്‍ക്ക് കാണിച്ചു കൊടുക്കാം.”
അദ്ദേഹം പറഞ്ഞതു കേട്ട് ഞാന്‍ അകത്തേയ്ക്കു നടന്നു. അവിടെ കൃഷ്ണമോളുടെ മുറിയിലെ ബെഡില്‍ അവളുടെ അടുത്ത് കിടന്ന് കളിക്കുകയാണവന്‍. അവന്‍ ഉണര്‍ന്നിട്ട് ഒരുപാടു സമയമായെന്നു തോന്നുന്നു. കൃഷ്ണമോള്‍ അവനു പാലു കൊടുത്തു കാണും. അതാണ് അവനിത്ര സന്തോഷം. കൃഷ്ണമോളെ ഉണര്‍ത്താതെ അവനെ കൈയ്യില്‍ എടുക്കുവാന്‍ ശ്രമിക്കുമ്പോള്‍ കൃഷ്ണമോള്‍ ഉണര്‍ന്നു ചോദിച്ചു.
”മമ്മി ഇവനെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്? അവളുടെ ചോദ്യത്തില്‍ അല്‍പം നീരസമുണ്ടായിരുന്നുവെങ്കിലും അവള്‍ ഇവിടെ എത്തിയ ശേഷം എന്നോട് ചോദിച്ച ആദ്യത്തെ ചോദ്യം. മനസ്സിനല്‍പം സന്തോഷം തോന്നി. അവള്‍ എന്നോട് മിണ്ടുന്നുണ്ടല്ലോ.
”ഞാന്‍, ഞാനിവനെ നരേട്ടന്റെ അടുത്തേയ്ക്ക് കൊണ്ടു പോവുകയാണ്. അദ്ദേഹം പൂമുഖത്ത് നില്‍പുണ്ട്” ഞാന്‍ കുഞ്ഞിനെയുമെടുത്ത് നടന്നു കൊണ്ടു പറഞ്ഞു. അല്‍പം നടന്ന് തിരിഞ്ഞു നിന്ന് ഞാന്‍ പറഞ്ഞു.
”നിന്നെ അദ്ദേഹം അന്വേഷിക്കുന്നുണ്ട്.”
”ഓ… ഞാനലല്‍പം കൂടി ഉറങ്ങട്ടെ ഇങ്ങനെ ഒന്നുറങ്ങിയിട്ട് എത്ര നാളുകളായി. പപ്പയോടു പറഞ്ഞേക്കു ഞാനല്‍പം കഴിഞ്ഞ് അങ്ങോട്ടേയ്ക്ക് വരാമെന്ന്.”
അവള്‍ വീണ്ടും പുതപ്പു വലിച്ചു മൂടിക്കിടന്ന് ഉറങ്ങി തുടങ്ങി. ഇനിയും അവളെ നിര്‍ബന്ധിക്കാതിരിക്കുകയാണ് ബുദ്ധി എന്ന് എനിക്കറിയാം. അതുകൊണ്ട് ഒന്നും മിണ്ടാതെ മുറിയ്ക്കു പുറത്തു കടന്നു വാതില്‍ ചാരി. ടുട്ടുമോനെ നരേട്ടന്റെ കൈയ്യില്‍ കൊടുക്കുമ്പോള്‍ അദ്ദേഹം അവനെ ഉമ്മ വച്ചു. എന്നിട്ട് മടിയില്‍ കിടത്തി കളിപ്പിക്കാന്‍ തുടങ്ങി. അവന്‍ നരേട്ടന്റെ മടിയില്‍ കിടന്ന് അവ്യക്തമായ സ്വരത്തില്‍ എന്തൊക്കെയോ പറഞ്ഞു തുടങ്ങി. അവന്റെ ചിരിയിലും കളികളിലും മയങ്ങിയതു പോലെ നരേട്ടനിരുന്നു. അല്‍പം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു.
”നോക്കൂ മീരാ… അവന് അവന്റെ അപ്പൂപ്പനെ നേരത്തെ പരിചയമുള്ളതു പോലെയല്ലെ കിടക്കുന്നതെന്ന്. എല്ലാം ദൈവത്തിന്റെ മായ. അല്ലെങ്കില്‍ നമ്മുടെ രാഹുല്‍ മോന്റെ ശൈശവത്തിലെ തനിപ്പകര്‍പ്പായി ഇവനെ ദൈവം സൃഷ്ടിക്കുമായിരുന്നോ?”
ശരിയാണ്. അവന് അവന്റെ അപ്പൂപ്പനോടും അമ്മൂമ്മയോടും ഒരകല്‍ച്ചയുമില്ല. എന്നല്ല ചിരപരിചിതരെപ്പോലെ അവന്‍ കളിക്കുകയും ഇടപഴകുകയും ചെയ്യുന്നു. ഏതോ മുജ്ജന്മ ബന്ധം ഉള്ളതു പോലെ. അതുതന്നെ ഞങ്ങളുടെ സംശയം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. അതു ഞങ്ങളുടെ രാഹൂല്‍ മോന്റെ പുനര്‍ജജന്മമാണെന്ന്?
അല്‍പം സമയം കഴിഞ്ഞ് അദ്ദേഹം അവനെ കിളികളുടെ അടുത്ത് കൊണ്ടു പോയി കാണിച്ചു കൊടുത്തു. അവന്‍ അവയെക്കണ്ട് സന്തോഷത്തോടെ ചിരിക്കുകയും, കുഞ്ഞികൈകള്‍ വിടര്‍ത്തി കാണിക്കുകയും ചെയ്തു. പിന്നെ അല്‍പ സമയം കൂടി അവിടെ പൂന്തോട്ടത്തില്‍ ചെലവഴിച്ച് നിന്നു. അപ്പോള്‍ കൃഷ്ണമോള്‍ പൂമുഖത്തെത്തി ചോദിച്ചു.
”പപ്പയും കൊച്ചുമോനും കൂടി അവിടെ എന്തു ചെയ്യുകയാണ്. രണ്ടുപേര്‍ക്കും മറ്റാരേയും വേണ്ടെന്നു തോന്നുന്നു.”
”ങാ, ഇപ്പോള്‍ ഞങ്ങളുടെ ലോകത്ത് മറ്റാരും വേണ്ട. കുറച്ചു നേരം ഞാനും മോനും കൂടി ചെലവഴിക്കട്ടെ.” നരേട്ടന്‍ വിളിച്ചു പറഞ്ഞു. അല്‍പം കഴിഞ്ഞ് കൃഷ്ണമോള്‍ അവരുടെ അടുത്തെത്തി. അവള്‍ പപ്പയോട് ചോദിച്ചു.
”പപ്പയെന്നെ അന്വേഷിച്ചുവെന്ന് മമ്മി പറഞ്ഞു. എന്താ പപ്പ? എന്തിനാ അന്വേഷിച്ചത്?”
”ഇന്ന് ഞാന്‍ ലീവെടുത്താലോ എന്ന് ആലോചിക്കുകയായിരുന്നു. നമുക്കെല്ലാവര്‍ക്കും കൂടി പുറത്തേയ്‌ക്കൊന്ന് പോയാലോ? ഒന്നു ചുറ്റിയടിച്ചിട്ടു വരാം.”
”അത്… പപ്പാ ദേവേട്ടനടുത്തില്ലാത്തതു കൊണ്ട് എനിക്കു നല്ല രസം തോന്നുന്നില്ല. ഞാനൊരു കാര്യം ചെയ്യാം. ദേവേട്ടനോട് ലീവെടുത്ത് ഇങ്ങോട്ടു വരാന്‍ പറയാം. എന്നിട്ട് നമുക്കെല്ലാവര്‍ക്കും കൂടി ഗുരുവായൂരും പോകാം.”
”എല്ലാം മോളുടെ ഇഷ്ടം. ഞാന്‍ പറഞ്ഞുവെന്നേയുള്ളൂ.”
നരേട്ടന്‍ അങ്ങിനെ പറഞ്ഞ് കുഞ്ഞിനെ അവളുടെ കൈകളിലേയ്ക്ക് കൊടുത്തു. എന്നിട്ട് പറഞ്ഞു ”എങ്കില്‍ ശരി ഞാന്‍ ലീവ് കാന്‍സല്‍ ചെയ്ത് കോളേജില്‍ പോകാന്‍ നോക്കട്ടെ.” അങ്ങിനെ പറഞ്ഞു കൊണ്ട് അദ്ദേഹം തിരിഞ്ഞു നടന്നു. അപ്പോള്‍ കൃഷ്ണമോള്‍ ടുട്ടുവിനെ കൈകളിലെടുത്ത് കളിപ്പിച്ചു കൊണ്ടു പറഞ്ഞു. ”അതല്ലേടാ കള്ളക്കുട്ടാ നല്ലത്. ഡാഡി കൂടി വന്നിട്ടു വേണം നമുക്ക് മുത്തച്ഛനോട് ചില കാര്യങ്ങള്‍ സംസാരിക്കാന്‍ അല്ലേടാ.” അവളുടെ ചലനങ്ങള്‍ ദൂരെ നിന്നു വീക്ഷിച്ചു നിന്നിരുന്ന എനിക്ക് അവളുടെ സംസാരിത്തില്‍ അസ്വഭാവികത തോന്നി. അവള്‍ മറ്റെന്തോ പ്ലാന്‍ ചെയ്താണ് വന്നിരിക്കുന്നതെന്ന് എനിക്ക് തീര്‍ച്ചയായി. ദേവാനന്ദിനെക്കൂടി വിളിച്ചു വരുത്തി ഞങ്ങളെ സ്വാധീനിക്കാനാണ് അവളുടെ ശ്രമം. ഏതായാലും അകത്തേയ്ക്ക് നടന്ന നരേട്ടന്റെ പുറകെ നടന്നെത്തി ഞാന്‍ ചോദിച്ചു.
”നരേട്ടന്‍ ആരെ നിരാശനായി എന്നു തോന്നുന്നു. കൃഷ്ണമോളുടെ സ്വഭാവം നരേട്ടന് ഇതുവരെ മനസ്സിലായിട്ടില്ലെ?” അവളുടെ ഇപ്പോഴത്തെ വരവിന്റെ ഉദ്ദേശ്യം മറ്റെന്തോ ആണെന്ന് എനിക്കു തോന്നുന്നു. അവള്‍ നമ്മുടെ മുമ്പില്‍ കാര്യ സാദ്ധ്യത്തിനായി സ്‌നേഹം അഭിനയിക്കുന്നതു പോലെയും എനിക്ക് തോന്നുന്നുണ്ട് നരേട്ടാ.”
താന്‍ വെറുതെ അതുമിതും ചിന്തിച്ച് തലപുണ്ണാക്കണ്ട. അവള്‍ നമ്മളെയൊക്കെ കാണാന്‍ തന്നെ വന്നതാണ്.”
നിര്‍മ്മലമായ ആ മനസ്സില്‍ വേണ്ടാത്ത ചിന്തകള്‍ കുത്തി നിറയ്‌ക്കേണ്ടെന്ന് ഞാനും കരുതി. അദ്ദേഹം ചിന്തിക്കുന്നതു പോലെ ഒന്നുമില്ലെന്ന് ചിന്തിക്കാന്‍ ഞാനും ശ്രമിച്ചു.
ഒന്നു രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നരേട്ടന്റെ റിട്ടയര്‍മെന്റായി. കോളേജില്‍ ഒരു ഗംഭീര സെന്റ് ഓഫ് പാര്‍ട്ടി തന്നെ നടന്നു. എല്ലാം കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്നെ അറേഞ്ച് ചെയ്തു. വര്‍ഷങ്ങളോളം താന്‍ ജോലി ചെയ്ത ആ കോളേജില്‍ നിന്നും റിട്ടയര്‍ ചെയ്തു പോരുമ്പോള്‍ നരേട്ടന്‍ ആകെ ദുഃഖിതനായിരുന്നു. പ്രിയപ്പെട്ട എന്തോ ഒന്ന് കൈവിട്ടു പോകുന്നതു പോലെ അദ്ദേഹം വിതുമ്പി. വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരും അദ്ദേഹത്തെ പുകഴ്ത്തി സംസാരിച്ചു. അദ്ദേഹം പ്രഗത്ഭനായ ഒരു അദ്ധ്യാപകനെന്നതിലുപരി ഒരാത്മാര്‍ത്ഥ സുഹൃത്തു, വഴി കാട്ടിയുമെല്ലാമാണെന്ന് വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ വിലയിരുത്തി.
വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരായി ആ കാല്‍ക്കല്‍ തൊട്ടു വണങ്ങി. അദ്ദേഹം വിതുമ്പി ക്കൊണ്ട് അവരെ അനുഗ്രഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആഹാരം കഴിച്ചു മടങ്ങിയ അദ്ദേഹം അവര്‍ക്കൊപ്പം നിന്ന് എടുത്ത ഗ്രൂപ്പ് ഫോട്ടോകള്‍ എന്നെ കാണിച്ചു. അദ്ദേഹം പബ്ലിഷ് ചെയ്ത ബുക്കുകള്‍ പ്രത്യേക പ്രശംസ പിടിച്ചു പറ്റി. എല്ലാം എന്നെ കാണിക്കുമ്പോള്‍ ആ കണ്ണുകള്‍ ഒരിയ്ക്കല്‍ കൂടി നിറഞ്ഞു വന്നു. പ്രിയപ്പെട്ട പലതും നഷ്ടമാകുന്നതിലെ വേദന ആ കണ്ണുകളില്‍ ഞാന്‍ കണ്ടു. പക്ഷേ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.
”ജീവിതം ഇങ്ങനെയൊക്കെയാണ് നരേട്ടാ. ഒന്ന് കൈവിടുമ്പോള്‍ മറ്റൊന്ന് നമ്മെത്തേടി വരും. ഒരു സുഖത്തിനു ശേഷം ദുഃഖവും ദുഃഖത്തിനുശേഷം സുഖവും അത് ലോക നിയമമാണ്. വസന്തം വേനലിനു വഴിമാറി കൊടുത്തല്ലെ തീരൂ. അതുപോലെ വേനല്‍ വസന്തത്തിനും.”
”ശരിയാണു മീരാ, ഒന്നും ശാശ്വതമല്ല. മരണമല്ലാതെ മറ്റൊന്നും” തുടര്‍ന്ന് ഒന്നും മിണ്ടാനാവാത്ത വിധം ഞാനാ വായ് പൊത്തിപ്പിടിച്ചു. മരണമെന്ന നിത്യ സത്യത്തില്‍ നിന്നും ഓടി ഒളിക്കാനെന്നപോലെ.
(തുടരും)