കാലത്തിന്‍റെ എഴുത്തകങ്ങള്‍ – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

Facebook
Twitter
WhatsApp
Email
  
വിജ്ഞാനം എന്നത് പലപ്പോഴും യാത്രപുസ്തകങ്ങളില്‍ കടന്നു വരുമ്പോള്‍ വിരസമാകാറാണ് പതിവ്. ഒരു രാജ്യത്തെത്തുമ്പോള്‍  അവിടുത്തെ ഭൂമിശാസ്ത്രമായ പ്രത്യേകതകള്‍, രാജ്യത്തിന്‍റെ വിസ്തൃതി, രാഷ്ട്രീയം, കാലാവസ്ഥ, ജനങ്ങള്‍ തുടങ്ങിയ വിവരങ്ങളെല്ലാം മറ്റു പല വൈജ്ഞാനിക പുസ്തകങ്ങളില്‍ നിന്ന് അപ്പടി പകര്‍ത്തി പ്രദര്‍ശിപ്പിക്കുന്ന രീതിയാണുള്ളത്.
ഇത്തരമൊരു വികലസമീപനം കൃതഹസ്തരായ എഴുത്തുകാരില്‍ വരെ കണ്ടെത്താനാകും. അതില്‍ വിജ്ഞാനം മാത്രമേയുള്ളൂ. ജീവിത മില്ല. അതില്‍ ജ്ഞാനത്തോളം തന്നെ ഉള്‍ച്ചേര്‍ന്ന ജീവിതം കൂടി കടന്നു വരുമ്പോഴാണ് ഒരു യാത്രാപുസ്തകത്തിന് ആത്മാവുണ്ടാകുന്നത്.  അപ്പോഴാണ് അത് സ്വയം സംസാരിച്ചു തുടങ്ങുന്നത്.  അത്തരം പുസ്തകങ്ങള്‍ വായിക്കുമ്പോഴാണ് നാം മതിമറക്കുന്നത്. നമുക്ക് ആത്മഹര്‍ഷമുണ്ടാകുന്നത്. ഇവിടെ കാരൂരിന്‍റെ യാത്രാപുസ്തകങ്ങള്‍ക്ക് അത്തരമൊരു ആത്മാനന്ദലയമുണ്ട്.  അതില്‍  വിജ്ഞാനമുണ്ട്.  ആ വിജ്ഞാനത്തെ ഒരു ഫിക്ഷണിസ്റ്റുകൂടിയായ കാരൂര്‍ എത്ര ഭംഗിയോടെയാണ് അവതരിപ്പിക്കുന്നത്. വിജ്ഞാനം അദ്ദേഹത്തിന്‍റെ കൈയ്യില്‍ ഒരു കടുകുമണിയാണ്. അത് രുചിക്കിടയില്‍ അല്പാല്പമായി ചേര്‍ത്തു പോകുകയാണ് ഈ യാത്രികന്‍. അതു വിജ്ഞാനത്തിന്‍റെ അനുഭവത്തെ ആഴത്തില്‍ തന്നെ അളന്നെടുക്കുന്നുണ്ട്. ആ അളവിന്‍റെ മിതത്വമാണ് കാരൂരിന്‍റെ യാത്രാപുസ്തകങ്ങളുടെ കരുത്തും സൗന്ദര്യവും. യാത്രാപുസ്തക രചയിതാവിന്‍റെ ഇത്തരം രചനാരീതിയെ മൗലികമാതൃതകയായി തിരിച്ചറിയേണ്ടതും അനുഭവിച്ചറിയേണ്ടതുമാണ്.
മറ്റൊന്ന് കാരൂരിന്‍റെ യാത്രാപുസ്തകങ്ങളില്‍ അനുഭവപ്പെടുന്ന അവതരണത്തെ സംബന്ധിച്ചുള്ളതാണ്. യാത്രകളെ ഈ എഴുത്തുകാരന്‍ ആത്മാവിലേക്കുള്ള യാത്രകളായി കാണുന്നതിനാലാകാം പലപ്പോഴും അവതരണങ്ങളില്‍ ഒരു ധ്യാനത്തിന്‍റേതായ ഒരനുഭവമുണ്ട്. നേരെ അത് എത്തപ്പെട്ട രാജ്യത്തെക്കുറിച്ചുള്ള വിസ്താരമായി മാറുന്നില്ല. പതിയെ, ഓരോ വാതിലുകള്‍ തുറന്ന് അതിനുള്ളിലേക്ക് എത്തപ്പെടുകയാണ്. അങ്ങനെയാണ് ആ രാജ്യങ്ങള്‍ ആലീസ് കണ്ട അത്ഭുതലോകങ്ങളായി വായനക്കാരന്‍റെ ഉള്ളില്‍ ചിരപ്രതിഷ്ഠ നേടുന്നത്. ഇറ്റലി യാത്ര വിവരണമായ “കാഴ്ചകള്‍ക്കപ്പുറം” വായിച്ചാല്‍ ഇതു മനസ്സിലാക്കാനാകും. ഈ പുസ്തകം തുടിക്കുന്ന ഒരാത്മാവുള്ള പുസ്തകമാണ്. ഇതൊരു യാത്രാപുസ്തകം എന്നതിനപ്പുറത്തേക്ക് ഒഴുകിക്കിടക്കുന്ന ആന്തരി കാവശ്യ സംഗീതം ഇതിനുണ്ട്. റോമന്‍ സാമ്രാജ്യത്തിന്‍റെ വേരുകള്‍ തേടിയാണ് ഈ യാത്രികന്‍ നടക്കുന്നത്. ആ വേരുകള്‍ നമ്മുടെ തന്നെ സംസ്കൃതിയുമായി ബന്ധപ്പെട്ട ഉര്‍വ്വതരതകളിലേക്കുള്ള അതീവ ഹൃദ്യമായ ക്ഷണം കൂടിയാണ്. ‘കാഴ്ചകള്‍ക്കപ്പുറം’ സമാരംഭിക്കുന്നതു തന്നെ നോക്കുക. “ആകാശത്തെ മഞ്ഞുപാളികളില്‍ നിന്ന് ചാരുതയോടെ മഞ്ഞുപൂക്കള്‍ പെയ്തിറങ്ങുന്നു. ആ ദൃശ്യം കണ്ട് മനസ്സ് കുളിരണിഞ്ഞു.  മുന്‍പും മഞ്ഞു പൂക്കള്‍ വീണതായി പലരും പറഞ്ഞു കേട്ടിരുന്നു.  ലണ്ടനിലെ ഹീത്രു എയര്‍പോര്‍ട്ടിലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന റണ്‍വേയില്‍ മഞ്ഞുപൂക്കള്‍. റണ്‍വേയില്‍ വിമാനം മുന്നോട്ടു നീങ്ങി. പിന്നെ ആകാശത്തിന്‍റെ മൂടല്‍മഞ്ഞില്‍ ലയിച്ചു. ചില ഭാഗത്ത് മഞ്ഞ് മലകള്‍ വെട്ടിത്തിളങ്ങുന്നു. ലണ്ടനില്‍ നിന്ന് റോമിലേക്കായിരുന്നു  ഞങ്ങളുടെ യാത്ര.”
എത്ര ഹൃദ്യമായ, കാവ്യാത്മകമായ ഭാഷയിലാണ് അവത                        രണം. മഞ്ഞിന്‍റെ ഇളംചൂടുള്ള ഹൃദ്യത ആരെയും ചേര്‍ത്തുപിടിക്കുന്ന അനുഭവം.
മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു യാത്രാവിവരണവും ഇത്തരമൊരു കാവ്യാനുഭാവത്തോടെ സമാരംഭിച്ചിട്ടില്ല. ഇവിടെ യാത്ര റോമിന്‍റെ നക്ഷത്രത്തിളക്കത്തോടെ ആരംഭിച്ചിരിക്കുന്നു.  ആ തുടക്കം തന്നെ വായനയെ പ്രചോദിപ്പിക്കുന്ന ഒന്നാണ്.  അതിനനുസൃതമായ രംഗവിതാനം ഒരുക്കിക്കൊണ്ടാണ് യാത്ര തുടരുന്നത്.  റോമിനെ വിറപ്പിച്ച സെന്‍റ്പീറ്റേഴ്സ് ബര്‍ഗിലൂടെ വത്തിക്കാന്‍റെ വിരിമാറിലൂടെ കൊളീസിയത്തിലൂടെ ആ യാത്ര നീളുമ്പോള്‍ കാലം ചരിത്രത്തിന്‍റെയും വിശ്വാസത്തിന്‍റെയും സംസ്കാരത്തിന്‍റെ അകമ്പടിയോടെ എത്തുന്നു.  അറിവിന്‍റെയും അത്ഭുതത്തിന്‍റെയും മഹാവിസ്മയ ലോകത്തേക്കാണ് ഈ യാത്ര, അതിന്‍റെ അനുഭവക്കാഴ്ചകളെ തുറന്നിടുന്നത്. ബസലിക്കയുടെ അന്തഃപുരങ്ങളില്‍ കണ്ട വിസ്മയകരമായ കാഴ്ചകളെ ഒരു ചിത്രകലാസ്വാദകന്‍റെ നിലവാരത്തിലേക്ക് കയറി നിന്നുകൊണ്ടാണ് വിവരിക്കുന്നത്. “ബസലിക്കയുടെ മുകളിലെ അര്‍ദ്ധഗോളാകൃതിയിലുള്ള താഴികക്കുടത്തിലേക്ക് ഞാന്‍ ഇമവെട്ടാതെ ഞാന്‍ നോക്കിനിന്നു.  സൂര്യപ്രഭയില്‍ അതു വിളങ്ങുന്നു.  അതിനു മുകളിലായി പ്രളയമേഘങ്ങള്‍ ഒഴുകിയൊഴുകിപ്പോകുന്നു.” ഈ എഴുത്ത് വിഷ്വല്‍ സെന്‍സിബിലിറ്റിയുടെ ഭാഗം കൂടിയാണ്. ഇത്തരമൊരു ദൃശ്യസംസ്കാരം ഒരു യാത്രാ പുസ്തകത്തിലും കണ്ടെത്താനാവില്ല. അതുപോലെ പരമ                      പ്രധാനമായൊരു കാഴ്ചയാണ് ലോകത്തിലെ പ്രേത-പാതാളത്താഴ്വര എന്നു പുകള്‍പെറ്റ കൊളീസിയത്തിന്‍റേത്. പൗരാണിക സംസ്കൃതിയുടെ പുകള്‍പെറ്റ സ്മൃതിയുടെ വിലയം കൊണ്ടിരിക്കുന്ന ആദിപുരാതനമായ മണല്‍പ്പുറങ്ങള്‍. ഇവിടെ ജീവിതം മാത്രമല്ല, അമരത്വം തേടുന്നത് അതിനെക്കുറിച്ച് എഴുതുന്ന, എഴുതപ്പെടുന്ന വാക്കുകള്‍ കൂടി ഇന്ന് ചരിത്രത്തിന്‍റെ ഭാഗമാണ്.  ആ ഭാഗധേയത്തെ അന്വേഷിച്ചറിഞ്ഞ് അനുഭവഭാഷയില്‍ എഴുതിവയ്ക്കുകയാണ് കാരൂര്‍. റോമന്‍ ഭരണ                   കാലത്തിന്‍റെ ശേഷിച്ച, അവരുടെ വംശാവലി, ജീവിത-രാജഭരണക്രമങ്ങള്‍ തുടങ്ങി ശ്രദ്ധേയമായ പലരും കാച്ചിക്കുറുക്കിയ കവിത പോലെ യാത്രികന്‍ കുറിച്ചിട്ടിരിക്കുന്നു. ആ അദ്ധ്യായം തീരുന്നത് തന്നെ ഫാന്‍റസിയുടെ അനുഭവത്തോടെയാണ്. “പൈന്‍ മരങ്ങള്‍ കാറ്റിലാടി. പിശാചിന്‍റെ രൂപത്തില്‍ ഇടിയും മഴയും മിന്നലുമുണ്ടായി.”
സംസ്കാരങ്ങള്‍ അങ്ങനെയാണ്. ആദ്യം മണ്ണിനു മുകളിലും കാലക്രമത്തില്‍ അതു മണ്ണിനു താഴെയുമാകും. എല്ലാ സംസ്കാരങ്ങളും അങ്ങനെയാണ്. അതില്‍ നിന്ന് ഒട്ടും ഭിന്നമല്ല റോമാചരിത്രം. കാരൂര്‍ എഴുതുന്നു ‘ബിസിയിലെ ഒരു സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടാല്‍ ഇന്ന് നിലവിലുള്ള സംസ്കാരമാണ് ഓര്‍മ്മിക്കുക. മലയാളിയുടെ സാംസ്കാരികത്തനിമയുടെ അടിവേരുകള്‍ ആദിവാസികളില്‍ ചെന്നവസാനിക്കുന്നുതുപോലെ ഗ്രീക്ക്-റോമന്‍ സംസ്കാരത്തിന്‍റെ അടിവേരുകള്‍ പൊംപെ യിലാണ്.’ ഇത് യാത്രയില്‍ നിന്ന് ലഭ്യമാകുന്ന വിലപ്പെട്ട ഒരറിവാണ്. മോഹന്‍ജദാരോ-ഹാരപ്പന്‍ കാലഘട്ടത്തിന്‍റെ ആദിമസംസ്കൃതിയുടെ പാരമ്പര്യം നമ്മുടെ സ്മൃതിപഥങ്ങളിലെത്തും. അത്രമാത്രം അടുക്കും ചിട്ടയുമായിട്ടാണ് കാരൂര്‍ ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇങ്ങനെയെല്ലാം ലോകത്തെ അടക്കി ഭരിച്ച റോമന്‍ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ കാരൂര്‍ അവതരിപ്പിച്ചിരിക്കുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *