കാലത്തിന്‍റെ എഴുത്തകങ്ങള്‍ – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

Facebook
Twitter
WhatsApp
Email
ആരംഭത്തില്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ ഇവിടെയെല്ലാം സാമ്പ്രദായികമായ വസ്തുകഥന കഥാരീതിയെ ഒഴിവാക്കിക്കൊണ്ട് രാജ്യത്തിന്‍റെ സാംസ്കാരിക സാമൂഹികജീവിതത്തെ, അതിന്‍റെ യാഥാര്‍ ത്ഥ്യങ്ങളിലേക്ക് നോക്കിക്കാണുന്ന രീതിയിലാണ് കാരൂര്‍ എഴുതുന്നത്. സ്വാഭാവികമായും ഇത്തരം രചനാരീതികളില്‍ ഒരു ചോദ്യം എഴുന്നുനില്‍ക്കു ന്നുണ്ടാകും. അത് യാത്രികന്‍റെ പക്ഷത്തെ സംബന്ധിച്ചിട്ടുള്ളതാണ്. എല്ലാക്കാലത്തും എഴുത്തുകാരനായ കാരൂര്‍ നിലയുറപ്പിച്ചിട്ടുള്ളത് മനുഷ്യ പക്ഷത്തുതന്നെയാണ്. ഒരിക്കലും അദ്ദേഹം ഭരണകൂടങ്ങളോട് ചേര്‍ന്നു നിന്നുകൊണ്ട് നേരുകള്‍ പറയാന്‍ തലതാഴ്ത്തി നിന്നിട്ടില്ല. യാത്രികനാകുമ്പോഴും, ആ എഴുത്തുകാരന്‍റെ കരുത്ത് തന്നെയാണ് കാരൂര്‍ മുന്നോട്ടു വയ്ക്കുന്നത്. വിമര്‍ശിക്കേണ്ട അവസരങ്ങളില്‍ ഏതു രാജ്യത്തുനില്‍ക്കുമ്പോഴും കാരൂര്‍ നിശബ്ദനാകുന്നില്ല. പരുഷമാര്‍ന്ന വാക്കുകള്‍ കൊണ്ട് തന്നെയാണ് ആ സന്ദര്‍ഭത്തെ കാരൂര്‍ നേരിടുന്നത്. ഇറ്റലി യാത്രാ  വിവരണമായ ‘കാഴ്ചകള്‍ക്കപ്പുറ’ത്തില്‍ ഇത്തരം മുഹൂര്‍ത്തങ്ങളുണ്ട്. ദൈവത്തിന്‍റെ കയ്യൊപ്പുള്ള ശില്പത്തെക്കുറിച്ച് പറയുന്ന അദ്ധ്യായത്തില്‍ കാരൂര്‍ എഴുതുന്നു. ‘കാലാകാലങ്ങളായി യേശുവിന്‍റെ നാമത്തില്‍ അധികാരവര്‍ഗ്ഗം നടത്തിക്കൊണ്ടിരിക്കുന്ന ആത്മീയ ജീര്‍ണ്ണതകളെയും സെന്‍റ് പീറ്റേഴ്സ് ബര്‍ഗ്ഗ് ബസലിക്കയില്‍ കാണാം.’ ഇങ്ങനെ കുറിക്കുകൊള്ളുന്ന നിലപാടുകള്‍ കൊണ്ട് വായനക്കാരന്‍റെ കൂടിയുള്ള യാത്രയെ ചൂടുപിടിപ്പിക്കാനും അല്പമെങ്കിലും നേരം ചിന്തയിലേക്ക് കടക്കാനും ഇത്തരം പരാമര്‍ശങ്ങള്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
കാരൂരിന്‍റെ ലണ്ടന്‍-ഇംഗ്ലണ്ട് യാത്രാവിവരണം ‘കാലം മായ്ക്കാത്ത പൈതൃക കാഴ്ചകള്‍’ ഒരു യാത്രാപുസ്തകം എന്നതിനപ്പുറം മികച്ചൊരു പഠനപുസ്തകമാണ്. ഈ യാത്രാപുസ്തകത്തില്‍ ചര്‍ച്ച ചെയ്യാത്ത വിഷയങ്ങളില്ല. നരവംശശാസ്ത്രത്തില്‍ നിന്നു തുടങ്ങി ബഹിരാകാശ ശാസ്ത്രം വരെ ചര്‍ച്ച ചെയ്യുന്നു. പുസ്തകാരംഭത്തില്‍ തന്നെ കാരൂര്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.  ‘വരികള്‍ക്കിടയില്‍ വായിക്കണം’ എന്നാണ് യാത്രികന്‍ പുസ്തകം വായിക്കാനെടുക്കുന്നവര്‍ക്ക് ആദ്യം നല്‍കുന്ന മുന്നറിയിപ്പ്.  ഈ മുന്നറിയിപ്പ് ഒരു ദിശാസൂചിയാണ്. ബ്രിട്ടന്‍റെ പൈതൃകവും സംസ്കാരവും ചരിത്രസ്മാരകങ്ങളും മ്യൂസിയങ്ങളും തുടങ്ങി ചലനാത്മകമായ മാറ്റങ്ങള്‍ക്കും പരിഷ്ക്കാരങ്ങള്‍ക്കും മദ്ധ്യേജ്വലിക്കുന്ന ഒരനുഭവം പങ്കിടുന്ന ബ്രിട്ടന്‍ കാരൂര്‍ അവതരിപ്പിക്കുമ്പോള്‍ അത് നാം ചരിത്രപുസ്തകങ്ങളില്‍ നിന്ന് ഇന്നേവരെ കേട്ടതില്‍ നിന്ന് ഏറെ വ്യത്യാസമായ ഒരനുഭവമായിത്തീരുന്നു.  അത് അവതാരിക എഴുതിയ സിപ്പി പള്ളിപ്പുറം പറയുന്നുണ്ട്. എസ്.കെ.പൊറ്റക്കാടിന്‍റെ ‘ലണ്ടന്‍ ഡയറി’ക്ക് ശേഷം ലണ്ടനെക്കുറിച്ചെഴുതിയ മികച്ച സഞ്ചാര സാഹിത്യ കൃതിയാണ് ഇതെന്നാണന്നാണ് സിപ്പി പള്ളിപ്പുറം രേഖപ്പെടുത്തിയിട്ടുള്ളത്. ഇങ്ങനെയെല്ലാം സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പുതിയൊരു അനുഭവരീതിയോടെ നമുക്ക് മുന്നില്‍ സ്വയം പ്രകാശമാനമാവുകയാണ്.  ഇത്തരം യാത്രാവിവരണ രചനയ്ക്കു പിന്നില്‍ കൃത്യമായൊരു ഹോം വര്‍ക്കുണ്ട്.  അല്ലാതെ പെട്ടെന്ന് തീരുമാനിച്ചുകൊണ്ട് ഇറങ്ങി പുറപ്പെടുന്ന ഒരനുഭവമല്ലത്.  അതിന് ആവശ്യമായ കരുക്കള്‍ ഒരുക്കിത്തന്നെയാണ് ഈ യാത്രികന്‍ യാത്രയ്ക്ക് തയ്യാറാകുന്നത്. ഹോംവര്‍ക്കിന്‍റെ കാര്യം സൂചിപ്പിച്ചല്ലോ.  അത് എത്രത്തോളം, ആഴത്തിലുള്ളതും ആധികാരികമാണെന്ന് ‘കാലം മായ്ക്കാത്ത പൈതൃക കാഴ്ചകള്‍’ വായിച്ചാല്‍ ബോദ്ധ്യമാകും.  കൃത്യമായ രേഖീയ വിജ്ഞാനങ്ങള്‍ ലഭ്യമായതെല്ലാം ശേഖരിച്ച് പഠിച്ചാണ് കാരൂര്‍ ഈ യാത്രാപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. തേംസും, ബിഗ്ബെനും ബക്കിംഗ്ഹാം കൊട്ടാരവും ഹാംറ്റന്‍ കോര്‍ട്ട് പാലസും കേംബ്രിഡ്ജ് ഓക്സ്ഫോര്‍ഡ് അനുഭവങ്ങളും തുടങ്ങി ഷേക്സ്പിയര്‍ സംസ്കാരത്തോളം ഒഴുകിപ്പരന്ന അനുഭവ പ്രപഞ്ചമാണ് ഈ പുസ്തകത്തിന്‍റെ തുടിപ്പ്. പുസ്തകം വായിച്ചു                   മടുക്കുമ്പോള്‍ ഓരോ വായനക്കാരനും ചിന്തിച്ചുപോകും, ഇതൊരു കേവലം യാത്രാവിവരണ പുസ്തകമായിരുന്നോ എന്ന്. അത്തരമൊരു സന്ദേഹത്തിന്‍റെ ചോദ്യം ആരിലും ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. ആ അര്‍ത്ഥത്തില്‍ ഇത് വൈജ്ഞാനിക സാഹിത്യത്തിനു കൂടിയുള്ള ഒരു സമഗ്രസമ്പന്നതയാര്‍ന്ന മുതല്‍ക്കൂട്ടാണ്.
തേംസിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് കാരൂര്‍ ‘കാലം മായ്ക്കാത്ത പൈതൃക കാഴ്ചകള്‍ ആരംഭിക്കുന്നത്.’ “ലണ്ടനില്‍ പൊതുവെ മഴയുണ്ട്. പക്ഷേ, കനത്ത മഴയില്ല.  അതിനാല്‍ ശുദ്ധജലത്തിന് ക്ഷാമമില്ല. നിലയ്ക്കാത്ത ശുദ്ധജല പ്രവാഹം എവിടെ നിന്നെന്ന ചോദ്യത്തിന്‍റെ ഉത്തരമാണ് തേംസ് നദി.  തേംസ് ലണ്ടന്‍ നഗരത്തിന്‍റെ ദാഹശമനിയോ ഹൃദയത്തുടിപ്പോ ഒക്കെയാണ്. നഗരവാസികള്‍ കുടിക്കുന്ന ജലത്തില്‍ മൂന്നില്‍ രണ്ടും ഈ നദിയില്‍ നിന്നാണെന്ന് കേട്ടിരുന്നു. ഗ്ലസ്റ്റര്‍ ഷെറില്‍ തുടങ്ങി വടക്കേ സമുദ്രത്തിലേക്കൊഴുകുന്ന തേംസ് നദിയുടെ ഉദ്ഭവ പ്രദേശത്തു വീഴുന്ന ഒരു തുള്ളി ജലം ലണ്ടനില്‍ എട്ടുപേരെങ്കിലും ഉപയോഗിക്കും എന്ന് പഴമക്കാര്‍ പറയാറുണ്ട്.” ഇങ്ങനെ എത്ര ഹൃദ്യമായ ഭാഷയിലാണ് ഇംഗ്ലണ്ടിന്‍റെ ഐശ്വര്യദേവതയായ തേംസിനെ കാരൂര്‍ വര്‍ണിച്ചു തുടങ്ങുന്നത്. തുടക്കത്തിലെ ഈ ആര്‍ദ്രത യാത്രയിലുടനീളം അനുഭവിക്കാനാകും. ബിഗ്ബെന്‍ എന്ന വിസ്മയം മറ്റൊരു അത്ഭുതത്തിലേക്കാണ് കടക്കുന്നത്. യാത്രികന്‍ ഇവിടെ എത്തുമ്പോള്‍ വിസ്മയത്തിന്‍റെ നെറുകയിലേക്ക് വായനക്കാരനുമെത്തുന്നു. അത്രയ്ക്ക് അറിവുകളാണ് ഈ ചെറിയ അദ്ധ്യായത്തില്‍ കാരൂര്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്. മറ്റ് ശ്രദ്ധേയങ്ങളായ അദ്ധ്യായങ്ങള്‍ വില്യം ഷേക്സ്പിയര്‍ ആരാധനയും, ഒലിവര്‍ ട്വിസ്റ്റ് പിറന്ന വീട്ടിലുമാണ്. ഇവിടെ ഒരു കാര്യം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. അത് എഴുത്തുകാരെക്കുറിച്ച് പറയുമ്പോള്‍ കാരൂരിലെ എഴുത്തുകാരന്‍ ആയിരം നാവുള്ള അനന്തനായി മാറുന്നു എന്നുള്ളതാണ്. വില്യം ഷേക്സ്പിയറെക്കുറിച്ചുള്ള വിവരണത്തില്‍ ലോകസാഹിത്യത്തിന്‍റെ ഒരു പരിച്ഛേദം തന്നെ കാരൂര്‍ അവതരിപ്പിക്കുന്നുണ്ട്.
കേവലം ഒരാരാധന മാത്രമല്ലത്.  നന്നായി ആധികാരികമായി തന്നെ സാഹിത്യം പഠിച്ചനുഭവിച്ചതിന്‍റെ തീക്ഷ്ണതയും സമഗ്രതയുമാണ് ലോകസാഹിത്യത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ കാരൂര്‍ ലക്ഷ്യം വയ്ക്കുന്നത്. വില്യം ഷെയ്ക്സ്പിയറിന്‍റെ വീട്ടിലെത്തുന്നതിനു മുന്‍പ് തന്നെ വിശാലവും വിപുലവുമായ സാഹിത്യരത്നാകാരത്തിലുള്ള മുത്തുമണികള്‍ കാരൂര്‍ അവതരിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം പുരോഗമനവാദിയും മനുഷ്യപക്ഷ സംസ്കാരത്തില്‍ അടിയുറച്ചു വിശ്വസിക്കുകയും അത്തരം നവീനവും കുലീനവുമായ ആശയങ്ങള്‍ എഴുത്തില്‍ അനുഭവപ്പെടുത്തുകയും ചെയ്യുന്ന കാരൂര്‍ പ്രബലമായൊരു ചോദ്യം ഈ അദ്ധ്യായത്തില്‍ ചേര്‍ത്തുവയ്ക്കുന്നുണ്ട്. “തൂലിക പടവാളാക്കിയ ഒരു വിശ്വോത്തര സാഹിത്യകാരനെ എങ്ങനെയാണ് പള്ളിക്കുള്ളിലടക്കം ചെയ്യുക. ഇദ്ദേഹം ക്രിസ്തീയ മതത്തിന് അടിമയായിരുന്നോ? ഈ ചോദ്യങ്ങള്‍ കാലാകാലങ്ങളായി ഷെയ്ക്സ്പിയര്‍ വായനക്കാരെ അസ്വസ്ഥമാക്കിയിരുന്ന ചോദ്യങ്ങളായിരുന്നു.  എന്നാല്‍ ഈ ചോദ്യങ്ങളുടെ ശരിയായ ഉത്തരങ്ങള്‍ കൃത്യമായി തന്നെ കാരൂരിലെ ജ്ഞാനാന്വേഷി കണ്ടെത്തി അവതരിപ്പിക്കുന്നുണ്ട്.  കാരൂരിന്‍റെ അന്വേഷണവും കണ്ടെത്തലുകളും ശരിയായിരുന്നുവെന്ന് നമുക്ക് തിരിച്ചറിയാനാകും.”
‘വില്യം’ എന്നു വിളിപ്പേരുള്ള വില്യം ഷെയ്ക്സ്പിയറിന്‍റെ ചെറുപ്പം മുതല്‍ മരണം വരെയുള്ള ചരിത്രം സൂക്ഷ്മതയോടെയാണ് കാരൂര്‍ അവതരിപ്പിക്കുന്നത്. കാലം നമിക്കുന്ന ഒരെഴുത്തുകാരന്‍റെ സൃഷ്ടിക്കു പിന്നില്‍ പ്രവര്‍ത്തിച്ച ചാലകശക്തികളോരോന്നും തൊട്ടുമുന്നില്‍ കണ്ട് കടന്നുപോകുന്നു.  ഒപ്പം ഒരു മ്യൂസിയം എങ്ങനെയാണ് ഇത്ര ചിട്ടയോടും വൃത്തിയോടും കൂടി ക്രമീകരിക്കേണ്ടത് എന്ന അനുഭവം കൂടി പങ്കുവച്ചിട്ടാണ് യാത്രികന്‍ ഉദാത്തമായ ആ കാഴ്ചകള്‍ കണ്ടു തീര്‍ക്കുന്നത്. ഇതിനൊപ്പം തന്നെ വായിക്കാവുന്ന ഒരദ്ധ്യായമാണ് ‘ഒലിവര്‍ ട്വിസ്റ്റ് പിറന്ന വീട്ടില്‍’.  ഒലിവര്‍ ട്വിസ്റ്റ് എന്ന അനാഥ ബാലനെ സൃഷ്ടിച്ച മഹാപ്രതിഭാശാലിയായ ചാള്‍സ് ഡിക്കന്‍സിന്‍റെ ഭവനം യാത്രികനൊപ്പം അതു കണ്ടു നടക്കുന്ന ഓരോ വായനക്കാരനും ഒരു പുതിയ അനുഭവം തന്നെയാണ്. ഇവിടെയെല്ലാം കാലത്തിന്‍റെ കരവിരുത് പോലെ ഭാവനയും ഭാഷയും യാഥാര്‍ത്ഥ്യവും കൈകള്‍ കോര്‍ത്തു നില്‍ക്കുന്നു. കൃതഹസ്തനായ ഒരെഴുത്തുകാരന്‍റെ ഉയര്‍ന്ന സാഹിത്യബോധവും സാംസ്കാരിക നിര്‍വചനങ്ങളും സമകാലിക സാമൂഹ്യ നിരീക്ഷണങ്ങളും പരസ്പരപൂരകമായി ഇഴചേര്‍ത്ത് അവതരിപ്പിക്കുന്ന ഒരു എഴുത്തുരീതിയാണിത്.  ഇത്തരമൊരു രചനാരീതി മലയാളത്തില്‍ അധികമില്ല. കേവലമൊരു യാത്രാവിവരണം എന്നതിനപ്പുറം വൈജ്ഞാനിക ശാഖയ്ക്ക് മുതല്‍ക്കൂട്ടാകുന്ന ഇത്തരം രചനകള്‍ വായനക്കാരന്‍റെ ബൗദ്ധിക ജാഗ്രതയെക്കൂടി അര്‍ത്ഥവത്താക്കുന്ന ഒരനുഭവതലത്തിലേക്ക് എത്തിക്കുന്നുണ്ട്.

About The Author

Leave a Reply

Your email address will not be published. Required fields are marked *