ഗ്രാമജീവിത സ്മരണകൾ അന്നുമിന്നും – (ജയൻ വർഗീസ്)

Facebook
Twitter
WhatsApp
Email

ഒരു നാടൻ നന്തുണിയുടെ സൗമ്യമായ താളബോധം പോലെ സ്വച്ഛമായ ഗ്രാമ ജീവിതം തുടിച്ചു നിന്ന ഞങ്ങളുടെഗ്രാമത്തിന്റെ  മുഖഛായ ക്രമേണ മാറിപ്പോയി. ഞാൻ വിമാനം കയറുകയും, ‘ ജ്വാല ‘ യുടെ പ്രവർത്തനംകെട്ടടങ്ങുകയും ചെയ്‌തതിന്‌ ശേഷം പിന്നീട് യാതൊരു സാംസ്‌കാരിക പ്രവർത്തനങ്ങളും നാട്ടിൽനടക്കുകയുണ്ടായില്ല. ജ്വാല ലൈബ്രറി ഏൽപ്പിച്ചു കൊടുത്ത മൂവായിരത്തോളം പുസ്തകങ്ങൾ കൂടി ഉൾക്കൊണ്ടുകൊണ്ട്  ‘ സന്തോഷ് ക്ലബ് ആൻഡ് ലൈബ്രറി ‘ നില നിന്നുവെങ്കിലും ചെറുപ്പക്കാർ ഉൾപ്പടെയുള്ള പൊതു ജനംവായനയിൽ നിന്ന് പൂർണ്ണമായും അകന്നു പോയി. ചീട്ടു കളിക്കുള്ള ഒരു വേദിയായി ക്ലബ്ബ് മാറുകയും, ക്രമേണഅത് പണം വച്ചുള്ള ഒരു ചീട്ടുകളി കേന്ദ്രമായി രൂപാന്തരപ്പെടുകയും ആണുണ്ടായത്.

യുവാക്കളിൽ ബഹുഭൂരിപക്ഷവും മദ്യപാനത്തിന് അടിമകളായിപ്പോയി. വലിയൊരു മാവിന്റെ തണലിൽ സ്ഥിതിചെയ്തിരുന്നത് കൊണ്ട് ‘ ‘ മാഞ്ചോട്ടിൽ ഷാപ്പ് ‘ എന്നറിയപ്പെട്ടിരുന്ന സ്ഥലത്തെ പ്രധാന കള്ളു ഷാപ്പിൽ എന്റെഅപ്പനുൾപ്പടെയുള്ള പ്രായമായവരാണ് മുൻ കാല വൈകുന്നേരങ്ങളിൽ ‘ അന്തിക്കള്ള്  ‘എന്നറിയപ്പെട്ടിരുന്നചെത്തു കള്ള് മോന്തിയിരുന്നത്. ഞാനുൾപ്പടെ എന്റെ പ്രായത്തിലുള്ള ചെറുപ്പക്കാർ ഷാപ്പിൽ കയറുന്നതും, കള്ള്കുടിക്കുന്നതും ഒരു മോശപ്പെട്ട കാര്യമായിട്ടാണ് അന്ന് കരുതിയിരുന്നത്. പിന്നെ ഏതെങ്കിലും ഒരു ചെറുപ്പക്കാരൻഷാപ്പിൽ പോവുകയാണെങ്കിൽ തലയിൽ മുണ്ടിട്ട് പിൻ വാതിലിലൂടെ ആരും കാണാതെ അകത്തു കടന്ന്വില്പനക്കാരനോട് രഹസ്യമായി ശകലം വാങ്ങിക്കുടിച്ചിട്ട് സ്ഥലം വിടുകയായിരുന്നു പതിവ്.

ഇന്ന് ചെറുപ്പക്കാർ അകത്തും, പ്രായമായവർ പുറത്തുമായിട്ടുള്ള ഒരവസ്ഥയിൽ മദ്യ ഷാപ്പുകൾ ‘ വികസനം ‘ നേടിയിരിക്കുന്നു. ( ഭരിക്കുന്ന സർക്കാർ പൊതുജനങ്ങൾക്ക് മദ്യം നേരിട്ട് വിൽക്കുന്ന വിചിത്ര സംപ്രദായം നിലനിൽക്കുന്ന കേരളത്തിൽ സർക്കാർ ഔട്ട് ലെറ്റുകൾക്കു മുന്നിലെ നീണ്ട ക്യുവിൽ ഉച്ച വെയിലിൽവിയർത്തൊലിച്ചു നിൽക്കുന്നതും ചെറുപ്പക്കാരാണ്.  മൊത്തമായി ഒരു ‘ ക്വാട്ട ‘  വാങ്ങാൻ കഴിവില്ലാത്ത ‘ പാവങ്ങൾ ‘ ‘ ഷെയർ ‘ എന്നറിയപ്പെടുന്ന സ്വസൃഷ്ടി   സംപ്രദായത്തിലൂടെ ആവശ്യത്തിന് അകത്താക്കുന്നു. കൂലിപ്പണി ചെയ്തോ, കുടുംബത്തിൽ നിന്ന് മോഷ്ടിച്ചോ കിട്ടിയ പണവുമായി ഇവർ കവലയിൽ എത്തുന്നു. സമാന മനസ്‌കർ രണ്ടോ മൂന്നോ പേർ ഒത്തു കൂടി ഒരു ഫുൾ ബോട്ടിൽ സ്വന്തമാക്കി വീതം വച്ച് കുടിക്കുന്നു. കുപ്പിവാങ്ങാൻ പോകുന്നത് പണം ഇറക്കിയവരിൽ പെടാത്ത ഒരാളായിരിക്കാം, അയാൾക്കും കിട്ടും ഒരു ചെറിയ വീതം. മൊബൈലിൽ വിളിച്ചു പറഞ്ഞാൽ പക്ഷിയുടെ വേഗത്തിൽ സൈക്കിളിൽ സാധനം സ്ഥലത്തെത്തിക്കുന്ന ‘ പക്ഷി ‘ എന്നറിയപ്പെടുന്ന രഹസ്യ വില്പനക്കാരുമുണ്ട്.

പല കുടുംബങ്ങളും ദാരിദ്ര്യത്തിന്റെ അടിത്തട്ടിൽ എത്തിയിരിക്കുന്നു. രണ്ടു രൂപക്ക് ‘ സർക്കാർ അരി ‘കിട്ടുന്നത്കൊണ്ട് കഞ്ഞി കുടിച്ചു പോകുന്നു. ഭാര്യക്ക് ‘ തൊഴിലുറപ്പ് ‘ ഉള്ളത് കൊണ്ട് കുട്ടികളുടെ കാര്യങ്ങൾ അങ്ങനെനടന്നു പോകുന്നു. ഇടക്കെങ്ങാൻ ആശുപത്രിക്കാര്യം വന്നാൽ  തീർന്നു. സ്വകാര്യ മേഖലയിലെ കഴുത്തറുപ്പൻആതുര സേവകരുടെ കൊലക്കത്തിയിൽ കഴുത്തുകൾ ചേർക്കപ്പെട്ട്  തിരിച്ചെത്തുമ്പോളേക്കും മുറ്റത്ത് വികസനവീരന്മാരായ ദേശസാൽകൃത ബാങ്കുകളുടെ ചെണ്ട കൊട്ട് ഉയരുന്നുണ്ടാവും. വീടും കുടിയും അവര് കൊണ്ട്പോകും. പിന്നേം ശങ്കരൻ തെങ്ങേലും, കോരന് കഞ്ഞി കുമ്പിളിലുമാകും. അപ്പോളും യാതൊരു ഉളുപ്പുമില്ലാതെ ‘ ഇൻക്രിഡിബിൾ ഇന്ത്യ ‘ യുടെ വിസ്മയ ചിത്രങ്ങൾ സർക്കാർ മാധ്യമങ്ങൾ അനവരതം വരച്ചുകൊണ്ടേയിരിക്കുന്നു !

ക്ഷമിക്കണം, അൽപ്പം കാട് കയറിപ്പോയി. നാട്ടിലെ കാര്യങ്ങൾ ഓർത്തപ്പോൾ പറഞ്ഞു പോയതാണ്. നാലിലധികംമൈൽ നീളവും അര മൈലോളം വീതിയുമുണ്ടായിരുന്ന വിസ്തൃതവും, പ്രസിദ്ധവുമായിരുന്ന ഞങ്ങളുടെചാത്തമറ്റം പാടം ഇന്നില്ല. ആ പാടത്തെ ഉഴവും, വിതയും, ഞാറു നടീലും, കിളപറിയും, കൊയ്‌ത്തും, മെതിയുംഎല്ലാമായി എത്രയോ ജീവിത നാടകങ്ങൾ അരങ്ങേറിയിരുന്ന ഇടം കഥാവശേഷമായിരിക്കുന്നു. ഒരരികിലൂടെപളുങ്കു മണികൾ ചിതറിച്ച്  കുണുങ്ങി ഒഴുകിക്കൊണ്ടിരുന്ന തോട്ടിലേയും, പാടത്തെയും വെള്ളത്തിൽതുള്ളിക്കളിച്ചിരുന്ന പരൽ മീനുകൾ. വരാലും, മുഴിയും, ആരോനും, കുറുവയും, വാലേക്കോടിയനും. ഒന്നുമില്ല.  വെള്ളച്ചിറകുകൾ വീശി ആകാശത്തും, കുഞ്ഞു ഞവണിങ്ങകൾ തേടി പാടവരമ്പത്തും വിഹരിച്ചിരുന്നവെള്ളക്കൊറ്റികൾ എങ്ങോ പറന്നകന്നു. കാലികളെ കടിച്ചു ചോര കുടിച്ചിരിക്കുന്ന കാട്ടു വട്ടനുകളെകൊത്തിത്തിന്നാൻ കാറിച്ചിലച്ചു പറന്നിരുന്ന കാറുമാൻ കൂട്ടങ്ങളും ഇന്നില്ല. തോട്ടിലെ മീനുകളെ വായിലാക്കാൻചാട്ടുളി പോലെ പറന്നിറങ്ങിയിരുന്ന നീലപ്പൊന്മാനുകളെ കാണാനേയില്ല.

വെള്ളം ഇല്ലാതായതോടെ എല്ലാം പോയി. എന്റെ അപ്പൻ ഉൾപ്പടെയുള്ള കൃഷിക്കാർ നിലം നികത്തികരയാക്കിയതാണ് പ്രശ്നം. നെൽകൃഷി നഷ്ടമായതാണ് ഒരു കാരണം. പാടത്തെ ചളിയിൽ പണിയാൻആളില്ലാതായതാണ് മറ്റൊരു കാരണം. അലക്കിത്തേച്ച വസ്‌ത്രവുമായി രാവിലെ റോഡിലിറങ്ങിയാൽഅന്നത്തേക്ക് കുടിക്കാനുള്ളത് ഒപ്പിച്ചെടുക്കാൻ ആർക്കും സാധിക്കും എന്ന നില വന്നു. വിവാഹത്തിനോ, വസ്തുവിൽപ്പനക്കോ ഇടനിലക്കാരൻ ആയാൽ മതി, കമ്മീഷൻ കിട്ടും. അല്ലെകിൽ രാഷ്ട്രീയക്കാരുടെപ്രകടനത്തിലിറങ്ങി പത്തു മുദ്രാവാക്യം വിളിച്ചാൽ മതി, അഞ്ഞൂറ് രൂപയും, ബീഫ് ബിരിയാണിയും കിട്ടും. പിന്നെആരെങ്കിലും ഇറങ്ങുമോ, പാടത്തെ ഈ ചളിയിലേക്ക് ?

നിവർത്തിയില്ലാതെ കൃഷിക്കാർ പാടം നികത്തി തെങ്ങും, റബറും, കമുകും നട്ടു. വിദേശ മുള്ളൻ വൃക്ഷം എണ്ണപ്പനനട്ടവരുമുണ്ട്. ഒന്നും പൂർണ്ണമായി വിജയിച്ചില്ല. എന്തായാലും പാടമല്ലേ ? എത്ര ശ്രമിച്ചാലും വെള്ളക്കെട്ട്പൂർണ്ണമായും ഒഴിവാകില്ല. വെള്ളക്കെട്ടിൽ ഒരു കരച്ചെടിയും തഴച്ചു വളരുകയുമില്ല. ഒക്കെ ഒരു പരുവത്തിലായി. അമേരിക്കയിലെത്തിയ മലയാളികളെപ്പറ്റി എന്റെ സുഹൃത്ത്  ജോയിച്ചന്റെ ഭാര്യ എത്സമ്മയുടെ വാക്കുകൾ പോലെ: ഇംഗ്ലീഷ് ഒട്ടു പഠിച്ചുമില്ല, മലയാളം മറന്നും പോയി.

ഇളം കാറ്റിൽ അല ഞൊറിയുന്ന നെൽച്ചെടികളുടെ പച്ചപ്പട്ടിനു മുകളിലൂടെ അങ്ങ് കിഴക്ക് മുള്ളരിങ്ങാടൻമലനിരകളിലെ  ‘  തീയെരിയാൻ ‘  മുതലുള്ള നീല മല നിരകൾ അനാഘ്രാതയായി അരികിലെത്തുന്നഅതിസുന്ദരികളായ  മഴ  മേഘത്തിടമ്പുകളെ ആവേശത്തോടെ ആഞ്ഞു പുണരുന്ന അപൂർവ ദൃശ്യം എന്റെവീട്ടിൽ നിന്ന് നോക്കിക്കാണാമായിരുന്നത് എനിക്ക് നഷ്ടമായി. പാടത്ത് തലയുയർത്തുന്ന മരച്ചാർത്തുകൾ എന്റെകണ്ണിൽ നിന്ന് ആ മനോഹര കാഴ്ചകൾ മറച്ചു കളയുമ്പോൾ, ഈ ദൃശ്യ ചാരുത ആസ്വദിക്കാൻ കൂടിവേണ്ടിയായിരുന്നല്ലോ ഇവിടെത്തന്നെ ഞാൻ വീട് പണിയിച്ചത് എന്ന നഷ്ടസ്വപ്നം വെറുതേ  ഓർമ്മിച്ചെടുത്തുഞാൻ.

പാടത്തിന്റെ വടക്കേ അരികിലൂടെ നാടിന്റെ ജീവ നാഡി പോലെ നീണ്ടു നിവർന്ന റോഡ്. ആദ്യകാലങ്ങളിൽവെറും മൺവഴി ആയിരുന്ന ഈ റോഡ് ഇപ്പോൾ ടാർ റോഡായി മാറുകയും, ഇടുക്കി ജില്ലയിൽ നിന്നുംഎറണാകുളം, കോട്ടയം ജില്ലകളിൽ എത്തിച്ചേരുന്നതിനുള്ള കുറുക്കു വഴി എന്ന നിലയിൽ വാഹനപ്പെരുപ്പംഅനുഭവപ്പെടുകയുമാണ് ഇപ്പോൾ.

മൂന്നു ബസ്സുകൾ മാത്രം സർവീസ് നടത്തിയിരുന്ന ഞങ്ങളുടെ റോഡിലൂടെ ഇന്ന് വാഹനങ്ങളുടെ പ്രളയമാണ്. ആദ്യ ഘട്ടത്തിൽ മുള്ളരിങ്ങാട്ടേക്കും, രണ്ടാം ഘട്ടത്തിൽ ഒരിക്കലും വാഹനങ്ങൾക്ക് എത്തിച്ചരാനാവില്ലെന്നുകരുതിയിരുന്നതും, ആളുകൾ കോണി ( ഗോവണി ) വച്ചുകെട്ടി മുകളിലെത്തിയിരുന്നതുമായ ഒരു മലമുകളിലേക്ക് റോഡ് നിർമ്മിക്കാനായതുമാണ് ഈ വാഹനപ്പെരുപ്പത്തിന് കാരണമായിത്തീർന്നത്.  ഈ റോഡ്ഇടുക്കി ജില്ലയിലെ ചേലച്ചുവട് എന്ന സ്ഥലത്തേക്ക് എത്തിയതോടെ മറ്റു ജില്ലകളിൽ നിന്ന് ഇടുക്കിയിലേക്കുള്ളദൂരത്തിൽ ഗണ്യമായ കുറവ് വരികയും, യാത്രക്കാർ ഈ വഴി ഉപയോഗപ്പെടുത്തുകയുമായിരുന്നു.

കൃഷി ഭൂമികൾ വിജനമായിക്കിടന്നു. മണ്ണിൽ പണിയാൻ ആർക്കും താൽപ്പര്യമില്ല. ചൊവ്വാ ദോഷംആരോപിക്കപ്പെട്ട അനാഘ്രാതയായ പെണ്ണിനെപ്പോലെ മൺ വെട്ടിയുടെ കരുത്തൻ ഖര സ്‌പർശം കാത്തു കിടന്ന്കന്നി മണ്ണ് കരയുന്നു. കാർഷികോല്പന്നങ്ങളുടെ വിലയിടിവും, ജോലിക്കാർ ആവശ്യപ്പെടുന്ന കൂലിക്കൂടുതലുംമൂലം പല കൃഷിക്കാരും കൃഷി ഉപേക്ഷിച്ചു. ഞാനുൾപ്പെടെയുള്ള തലമുറ വിദേശ സ്വപ്നങ്ങളിൽ കണ്ണ് നട്ട് കൂട്വിട്ട് പറന്നകന്നതും കൃഷിയുടെ തകർച്ചക്ക് ഒരു കാരണമായി. വിദ്യാ സമ്പന്നർ മെച്ചപ്പെട്ട തൊഴിലുകൾ തേടിപട്ടണങ്ങളിലേക്ക് ചേക്കേറി. അതിന് അവസരം ലഭിക്കാഞ്ഞവർ കൂടുതൽ ലാഭം കൊയ്‌യാനാവുന്നബിസിനസ്സുകളിൽ മുഴുകി. കോഴി ഫാമുകളും, പന്നി ഫാമുകളും നിലവിൽ വന്നു. റബർ പാൽ സംസ്‌കരണംഉൾപ്പടെയുള്ള ചെറുകിട വ്യവസായ യൂണിറ്റുകൾ ഉണ്ടായി. ഇവകളിൽ നിന്നുള്ള മാലിന്യങ്ങൾ യഥാവിധിസംസ്‌ക്കരിക്കുവാൻ ആരും തയ്യാറാവാതെ അവകൾ എളുപ്പ വഴിയിൽ തോട്ടിലേക്കൊഴുക്കി. കുടിക്കാൻകൊള്ളാമായിരുന്ന തോട്ടിലെ ജലം കുളിക്കാൻ പോലും കൊള്ളാതെ അഴുക്കായി.

കാർഷിക മേഖലയിലെ ഈ തകർച്ചക്ക് കാരണമായിത്തീർന്നത് സർക്കാർ സംവിധാനങ്ങൾ ‘ ശാസ്ത്രീയമായി ‘ നടപ്പിലാക്കിയ ചില പരിഷ്‌ക്കാരങ്ങളായിരുന്നു എന്ന സത്യം തുറന്ന് പറയേണ്ടി വരുന്നു. രാസ വളനിർമ്മാണത്തിനായി വൻകിട ഫാക്ടറികൾ നിലവിൽ വരികയും, അവയുടെ ഉൽപ്പന്നങ്ങൾ സർക്കാർശാസ്ത്രജ്ഞന്മാരുടെ ഉപദേശത്തോടെ മണ്ണിൽ അടിച്ചേൽപ്പിക്കുകയും ചെയ്തതോടെ മണ്ണിന്റെ നൈസർഗ്ഗികപോഷക ഗുണം നഷ്ടപ്പെട്ട് ഉൽപ്പാദന ക്ഷമത കുത്തനെ ഇടിഞ്ഞ് കൃഷി നഷ്ടത്തിൽ കലാശിക്കുകയായിരുന്നു. ആദ്യ കാലങ്ങളിൽ കിട്ടിയ അൽപ്പം വിളവ് വർദ്ധനയുടെ സ്ഥിതി വിവരക്കണക്കുകൾ ചൂണ്ടിക്കാട്ടി അടുത്തതെരഞ്ഞെടുപ്പിൽ വോട്ടുകൾ സ്വന്തമാക്കാൻ രാഷ്ട്രീയക്കാരെ സഹായിക്കുക മാത്രമായിപ്പോയി ഈപരിപാടിയുടെ പരിണിത ഫലം.

അക്കാദമിക് ബിരുദങ്ങളോടെ ദേഹത്ത് ചളി പറ്റിക്കാതെ ഫുൾ സ്യൂട്ടിൽ കാറിൽ വന്ന് ഉപദേശം നൽകുന്ന കുറേകാർഷിക വിദഗ്ധർക്ക് ഫൈവ് സ്റ്റാർ ജീവിത നിലവാരം ഉണ്ടാക്കിയെടുക്കാൻ സാധിച്ചു എന്നത് മാത്രമായിരുന്നുഈ ശാസ്ത്രീയ കൃഷി നടപ്പാക്കൽ പരിപാടികളുടെ നേട്ടം. മണ്ണിന്റെ മനമറിയുന്ന യഥാർത്ഥകൃഷിക്കാരനോടൊപ്പം പാടത്തിറങ്ങി പണി ചെയ്യുന്ന കാർഷിക വിദഗ്ദന്മാർ ഉണ്ടാവുന്ന കാലത്ത് മാത്രമേഇന്ത്യയെപ്പോലുള്ള ഒരു കാർഷിക രാജ്യത്തെ കൃഷി പച്ച പിടിക്കുകയുള്ളു എന്ന് എനിക്ക് തോന്നുന്നു.

ഇവരുടെ പ്രവർത്തന ഫലമായി സംഭവിച്ച സാമൂഹ്യ ദുരന്തങ്ങൾ പരമാവധി മൂടി വച്ചു കൊണ്ടാണ് ഇന്നും ഇവർകർഷക മിത്രങ്ങളായി വിലസുന്നത്. രാസ മരുന്നുകൾ മനുഷ്യ ശരീരത്തെ എപ്രകാരം നാശോന്മുഖമാക്കുന്നുവോ, അത് പോലെ തന്നെയാണ് രാസ വളങ്ങൾ സസ്യ ജാലങ്ങളെയും നശിപ്പിക്കുന്നത് എന്ന സത്യം ആരുംതിരിച്ചറിയുന്നില്ല. ആരെക്കൊന്നും അവന്റെ അപ്പം സ്വന്തമാക്കുന്ന അരക്ഷിത സാമൂഹ്യാവസ്ഥ വേര്പിടിക്കുമ്പോൾ അതിനോട് ഒട്ടി നിന്ന് കൊണ്ട് തൻകാര്യം നേടിയെടുക്കുന്ന കാട്ടിലെ പോത്തട്ടകളായിമാറിക്കഴിഞ്ഞിരിക്കുന്നു നമ്മുടെ മത – രാഷ്ട്രീയ – സാമൂഹിക – സാംസ്ക്കാരിക – ശാസ്ത്രീയ – സിനിമാരംഗങ്ങളിലെ റോൾമോഡലുകൾ. ഇത് സാവധാനം സംഭവിക്കുന്നു എന്നത് കൊണ്ട് പ്രഥമ ദൃഷ്ട്യാ തെളിവുകൾകണ്ടെത്താൻ സാധാരണ മനുഷ്യന് സാധിക്കുന്നുമില്ല.

കേര വൃക്ഷങ്ങളുടെ പേരിൽ സഹസ്രാബ്ദങ്ങളായി അറിയപ്പെട്ട കേരളത്തിൽ കാർഷിക സമൃദ്ധിയുടെ ഓലക്കുടചൂടി തഴച്ചു വളർന്നു കുലച്ചു നിന്ന തെങ്ങുകൾ ഇന്നില്ല. കടുത്ത രാസ വള വിഷ ജ്വാലയേറ്റ്‌ അവയുടെ മണ്ടകൾമറിഞ്ഞു വീണപ്പോൾ അതിന് കാരണം തേടി നമ്മുടെ സർക്കാർ ശാസ്ത്രജ്ഞന്മാർ പാവം മണ്ഡരിയുടെ കൂടുകൾഅരിച്ചു പെറുക്കി ആശ്വസിക്കുകയായിരുന്നു. ഇവരുടെയൊന്നും സഹായമില്ലാതെ എത്രയോ നൂറ്റാണ്ടുകളായി, മണ്ഡരിയും തെങ്ങും ഒരുമിച്ച്, സഹകരിച്ചാണ് ഇത് വരെയും നില നിന്നിരുന്നത് എന്ന  പ്രകൃതിയുടെ സത്യംഇവർ  ബോധപൂർവം കുഴിച്ചു മൂടുന്നു.

സമാനമായ സംഗതികളാണ് ആരോഗ്യ രംഗത്തും നടപ്പിലാവുന്നത് എന്ന് പരിശോധിച്ചാൽ കണ്ടെത്താവുന്നതാണ്. ഉദാഹരണമായി രാസ മരുന്നുകളും, രാസ വസ്തുക്കൾ കലർന്ന ആഹാരവും കഴിച്ച് വിഷ ലിപ്തമാവുന്ന മനുഷ്യശരീരം ആ വിഷങ്ങളെ പുറം തള്ളുന്നതിനുള്ള ഔട്ട് ലെറ്റുകൾ ആയിട്ടാണ് പനി ഉൾപ്പടെയുള്ള പ്രകട രോഗങ്ങൾസ്വയം ഉണ്ടാക്കുന്നത് എന്നറിയാതെ, അതിന്റെ കാരണം തേടി നമ്മുടെ സർക്കാർ സംവിധാനങ്ങൾ എലി, ഡെങ്കി, പക്ഷി, പന്നി, വവ്വാൽ മുതലായ സാധു ജീവികളെ കൂട്ടത്തോടെ വധിച്ചു മുന്നേറി അന്താരാഷ്ട്ര അവാർഡുകൾസ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ്.

അനാവശ്യ വസ്തുക്കളുടെ അനിയന്ത്രിത ഉപയോഗങ്ങളിലൂടെ അമ്ല മയമായ വിഷങ്ങൾ ശരീരത്തിൽ അടിഞ്ഞുകൂടുമ്പോളാണ്, അവ പുറം തള്ളുന്നതിനുള്ള ഔട്ട് ലെറ്റുകളായി ശാരീരിക രോഗങ്ങൾ പ്രത്യക്ഷപ്പെടുന്നത് എന്നസത്യം ഒരു ശാസ്ത്രജ്ഞനും തുറന്നു പറയുന്നില്ല. പകരം വെറും സാധാരണ രോഗങ്ങൾക്ക് പോലും കടിച്ചാൽപൊട്ടാത്ത കുറെ ഇംഗ്ലീഷ് പേരുകൾ ചാർത്തിച്ച്  ലോകം നിയന്ത്രിക്കുന്ന കുറേ ഫാർമസ്യൂട്ടിക്കൽ മാഫിയകളുടെതീവിലയുള്ള ഇറക്കുമതി മരുന്നുകൾ കൊണ്ട് ചികിൽസിച്ചു കൊള്ളയടിക്കുകയാണ്, കൊഴുത്തുതടിക്കുകയാണ്. ഇന്ത്യയിൽ പണക്കാരൻ കൂടുതൽ പണക്കാരനാവുന്നതിന്റെയും, പാവങ്ങൾ കൂടുതൽപാവങ്ങളാകുന്നതിന്റെയും സാമൂഹ്യ സാഹചര്യങ്ങൾ ഇതാണെന്ന് ഏതെങ്കിലും ഒരു ‘ പുത്തിജീവിയോ ‘  ‘ ഖലാഹാരനോ ‘ പറഞ്ഞ് കൊടുത്തതായി അറിവിലില്ല. പൗരന് ചികിത്സാ സൗകര്യങ്ങൾ സൗജന്യമായിലഭ്യമാക്കിക്കൊണ്ട് മാത്രമേ ഏതൊരു രാജ്യത്തിനും പുരോഗതി, വികസനം എന്നീ പദങ്ങൾ  ഉച്ചരിക്കുവാൻപോലും അർഹത ലഭിക്കൂ എന്നാണ് എന്റെ അഭിപ്രായം.

( അടിപൊളിയൻ ശാസ്ത്രജ്ഞന്മാർ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പിയേക്കാവുന്ന ഒരു പരിഹാരം നിർദ്ദേശിക്കാം. ഒരാൾഒരു ദിവസത്തെ ആഹാരത്തിൽ നൂറ് ഗ്രാം വിഷമില്ലാത്ത ചീര ഉൾപ്പെടുത്തുകയാണെങ്കിൽ  സാധാരണ ഗതിയിൽഅയാൾക്ക്‌ ഒരു രോഗവും ഉണ്ടാവാൻ ഇടയില്ല. ചീര ഉൾപ്പടെയുള്ള ഇലക്കറികളിൽ അടങ്ങിയിട്ടുള്ളക്ഷാരപോഷണ ഗുണം ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള അമ്ലദോഷ വിഷയങ്ങളെ നിർവീര്യമാക്കുന്നുഎന്നതാണ് ഇവിടെ സംഭവിക്കുന്നത്. ചിരിക്കുന്നവർ ചിരിക്കട്ടെ. അവർ ചിരിച്ചില്ലെങ്കിൽ അവരുടെ ബിസ്സിനസ്സ്പൂട്ടിപ്പോകും എന്നതിനാലാവും അവർ ചിരിക്കുന്നത് എന്ന് കൂടി അറിഞ്ഞിരിക്കുക. )

കുടുംബ ഭാരത്തിന്റെ പകുതിയിലേറെയും ചുമലിൽ ഏറ്റിയിരുന്ന സ്ത്രീകൾ ചാനൽ ബൂർഷ്വാസികൾ വളർത്തിവിട്ട അടിപൊളിയൻ ജീവിത കാമനകളിൽ അകപ്പെട്ട് സ്വർണ്ണ – മദ്യ – വസ്ത്ര മാഫിയകളുടെ അടിമകകളായി, എട്ടും, പത്തും കണ്ണീർ സീരിയലുകൾ പതിവായിക്കണ്ട് കരഞ്ഞു തളർന്ന് മേദസ്സ് പെരുത്ത് രോഗികളായി കാലംകഴിക്കുന്നു. അച്ചായന്മാർ എന്നും പുറത്താണ്. ഓരോ തരികിട പരിപാടികളുടെ മറവിൽ കള്ളടിക്കാനുള്ള എളുപ്പവഴി. മനുഷ്യാവസ്ഥയെ മാറ്റി മറിക്കാൻ പര്യാപ്‌തമാവേണ്ട കലാ – സാംസ്കാരിക രംഗങ്ങൾ മിമിക്രിയൻഇളിപ്പുകാരുടെ വളിപ്പൻ പ്രകടനങ്ങളിൽ ഇളിച്ചുമറിഞ്ഞ് മയങ്ങുന്നു. വസ്ത്ര – സ്വർണ്ണ ഷോറൂമുകളുടെ ആദ്യവിൽപ്പനക്കെത്തുന്ന ഇറച്ചിക്കോഴികളായ സിനിമാ നടികളെ ഒന്ന് ദർശിക്കാൻ പാഞ്ഞെത്തിയ നമ്മുടെ ന്യൂജെൻപിള്ളേര് അടുത്തടുത്ത അഞ്ചു പട്ടണങ്ങളിലാണ് ട്രാഫിക് ജാമ് സൃഷ്ടിച്ചു കളഞ്ഞത് എന്നത് ചരിത്ര സത്യം.

സാമൂഹികമായി സംഭവിച്ച ഈ സാംസ്കാരിക – ധർമ്മിക തകർച്ച എന്റെ കുടുംബത്തിൽ ഉള്ളവരെയുംബാധിച്ചിരിക്കണം എന്നാണ് ഞാൻ വിലയിരുത്തുന്നത്. അതുകൊണ്ടായിരിക്കണം, സ്വപ്നക്കൂട് പോലെ ഞാൻപണിയിച്ച പ്രാവിൻ കൂടിൽ ചേക്കേറി പെറ്റു പെരുകിയ പ്രാവുകളെ അവർ വെറുക്കാൻ തുടങ്ങിയത്. ഒരിക്കൽനാട്ടിൽ ചെന്നപ്പോൾ ഈ പ്രാവുകളെക്കൊണ്ട് വലിയ ശല്യമാണെന്ന് ‘അമ്മ തന്നെ എന്നോട് പരാതിപറഞ്ഞിരുന്നു. പ്രാവുകൾ വീട്ടിലും, പരിസരത്തും കാഷ്ടിക്കുകയാണെന്നും, അവയെ ആട്ടിയോടിക്കുന്നതിനുള്ളവഴി നോക്കണമെന്നും ‘അമ്മ പറഞ്ഞപ്പോൾ ഞാനതിനെ എതിർത്തു സംസാരിച്ചതിന്റെ പേരിൽ അമ്മയുടെദേഷ്യം ഇരച്ചെത്തിയ മുഖവും കണ്ടു കൊണ്ടാണ് ആ തവണ ഞാൻ വെക്കേഷൻ കഴിഞ്ഞു മടങ്ങിയത്.

ഞാൻ പോന്നതിനു ശേഷം ആരൊക്കെയോ മുൻകൈയെടുത്ത് പ്രാവുകൾക്ക് കയറാനും, ഇറങ്ങാനുമായി പ്രാവിന്കൂട്ടിൽ നിർമ്മിച്ചിരുന്ന നാല് കിളിവാതിലുകളും സിമന്റും, ഇഷ്ടികയും ഉപയോഗിച്ച് അവർ അടച്ചു കളഞ്ഞു. കുറേക്കാലം കൂടി കഴിഞ്ഞിട്ടാണ് ഞാൻ വിവരം അറിയുന്നത്. അറിഞ്ഞപ്പോൾ അകമനസിൽ ആരോ തുടലിമുള്ള്( മൂർച്ചയേറിയ മുള്ളുകൾ നിറഞ്ഞ ഒരു കാട്ടു ചെടിയാണ് തുടലി.) ഇട്ടു വലിക്കുന്നത് പോലുള്ള വേദനയാണ്എനിക്ക് അനുഭവപ്പെട്ടത്. ആ കൂട്ടിൽ അന്നുണ്ടായിരുന്ന മുട്ടകളും, വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളും, അകത്ത്ഒറ്റപ്പെട്ടു പോയ ഇണകളും, തന്റെ ഓമനകൾക്കൊപ്പം  മരണം മുഖാമുഖം  ദർശിച്ചു കൊണ്ട്, ശ്വാസം മുട്ടി മരിച്ചുവീഴുന്ന തന്റെ പിഞ്ചോമനകളെ നെഞ്ചിൽ ചേർത്തു പിടിക്കുന്ന അമ്മപ്രാവുകളുടെ ആധിയും ഒരു നിമിഷംകൊണ്ട് ഞാൻ  അനുഭവിച്ചറിഞ്ഞു. നർമ്മദാ നദീ തീരത്തെ വാത്മീകിയുടെ വേദന എന്തായിരുന്നുവെന്ന് ഞാൻതിരിച്ചറിഞ്ഞു. മുഗൾ രാജ സിംഹം അക്ബർ ചക്രവർത്തിയുടെ പിടിവാശി കല്ലറയിൽ അടച്ചു കൊന്നു കളഞ്ഞപേർഷ്യൻ സൗന്ദര്യ ധാമം അനാർക്കലിയുടെ മാതളപ്പൂ ദള കവിൾ ചോപ്പിലൂടെ ഒലിച്ചിറങ്ങിയ ചുടുകണ്ണീരരുവികൾ എന്റെ  മനസ്സിലൂടെ ഒഴുകി. ‘ ജീവിതം ആഘോഷമാക്കുക ‘ എന്ന അടിപൊളിയൻമുദ്രാവാക്യത്തിന്നടിയിൽ മുരട്ടു കാളയെപ്പോലെ മുക്രയിട്ടോടുന്ന ആധുനിക ലോക വ്യവസ്ഥയിൽ,  വേട്ടക്കാർവേദമോതുന്ന പുത്തൻ കാലാവസ്ഥയിൽ, എത്രയോ ജീവിതങ്ങൾ വേട്ടയാടപ്പെടുകയും, ആ വേട്ടക്കാർസുരക്ഷിതരായി ജീവിക്കുകയും ചെയ്‌യുന്ന ഈ വർത്തമാനാവസ്ഥയിൽ ഒരു വാത്മീകിക്കും പ്രസക്തിയില്ല എന്ന്തിരിച്ചറിഞ്ഞു കൊണ്ട് ഞാൻ നിശബ്ദനായി.

ക്രൗഞ്ച മിഥുനമേ, ക്രൗഞ്ച മിഥുനമേ,

കരയരുതേ, തേങ്ങിക്കരയരുതേ,

ശരമേറ്റു പിടയും നിന്നിണക്കിളി പിരിയുമ്പോൾ

പിടയരുതേ, കരൾ പിടയരുതേ !

‘ മാനിഷാദ ‘ പാടിവരാ, നാവാതെ മാമുനിമാർ

നീതിശാസ്ത്ര ചിതൽപ്പുറ്റിൽ മുഖമൊളിപ്പൂ,

വേദ കാല നീതി ബോധം വേദനയാൽ പിടയുമ്പോൾ,

ആദികവി വാത്മീകി കരയുന്നു !

‘ താമസോമാ ‘ യോതി വരാൻ കഴിയാതെ യാചാര്യന്മാർ,

തമസ്സിന്റെ ഗുഹകളിൽ മുഖമൊളിപ്പൂ,

മാനവീക മൂല്യ ബോധം കീഴടക്കി, യധർമ്മത്തിൻ

‘ മേധ ‘ യശ്വ, മജയ്യനായ് കുതിക്കുമ്പോൾ,

കാല, മുണക്കാത്ത മുറിവുകളുണ്ടോ ?

കണ്ണീരിലലിയാത്ത വിരഹമുണ്ടോ ? എന്ന് ആസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിനിന്റെ വിധവയെക്കൂടിനെഞ്ചിൽ ചേർത്തു വച്ച് കൊണ്ട് ഞാൻ എഴുതി ആശ്വസിച്ചു.

ഡൽഹി പോലീസിൽ ഇരുപത് വർഷത്തെ സർവീസ് പൂർത്തിയാക്കി റോയിയും കുടുംബവും മടങ്ങിയെത്തി. നാട്ടിലെ ഞങ്ങളുടെ വീട് പണിയിൽ സജീവ സാന്നിധ്യമായിരിക്കുകയും, റോയിക്കു വേണ്ടി ഒരു ബെഡ് റൂംപറഞ്ഞു വയ്‌ക്കുകയും ഒക്കെ ചെയ്‌തിരുന്നുവെങ്കിലും റോയി ആ വീട്ടിൽ താമസിക്കുകയുണ്ടായില്ല. വീടിനോട്ചേർന്ന് മുമ്പുണ്ടായിരുന്നതും, പൗലോച്ചൻ പണിയിച്ചതുമായ വീട് ചെറിയ റിപ്പയറിങ്ങുകൾ ഒക്കെ നടത്തിഅവിടെയാണ് റോയിക്കുടുംബം താമസമാക്കിയത്. അതോടൊപ്പം വീടിനു ചുറ്റും പഴവർഗ്ഗ ചെടികൾ വച്ച്പിടിപ്പിക്കുന്നതിനും, ഞങ്ങൾ കൂട്ടായി നിർമ്മിച്ച മീൻ കുളത്തിൽ മീനുകളെ വളർത്തുന്നതിനുമെല്ലാം റോയിസമയം കണ്ടെത്തി. കാല ക്രമത്തിൽ നോക്കാനാളില്ലാതെ മീൻകുളം നശിച്ചു പോയെങ്കിലും റോയി വച്ച് പിടിപ്പിച്ചസപ്പോട്ടയും, മാങ്കോസ്റ്റിനും അടക്കമുള്ള പഴ മരങ്ങൾ ഇന്നും സമൃദ്ധമായി കായ്ച്ചു നിൽക്കുന്നുണ്ട്

ഫീൽഡ് ഫോട്ടോഗ്രാഫർ എന്ന തസ്‌തികയിൽ ഡൽഹി പോലീസിൽ ഇരുപത് വർഷത്തെ സർവീസ്പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിയ റോയിക്ക് കേന്ദ്ര ഗവർമെന്റ് നിരക്കിലുള്ള പെൻഷനും, മറ്റാനുകൂല്യങ്ങളും ലഭിച്ചിരുന്നു. നാട്ടിലെത്തിയ റോയി  കുട്ടികളെ സ്‌കൂളിൽ ചേർക്കുകയും, പൈങ്ങോട്ടൂരിൽഒരു തുണിക്കട ആരംഭിക്കുകയും ചെയ്തു കൊണ്ട് ജീവിതം നാട്ടിലേക്ക് പറിച്ചു നട്ടു. ‘ ഫാഷൻ വേൾഡ് ‘ എന്നപേരിട്ട സ്ഥാപനം പൈങ്ങോട്ടൂരിൽ ബേബിക്ക് സ്വന്തമായി ഉണ്ടായിരുന്ന കെട്ടിടത്തിൽ ആണ് തുടങ്ങിയത്. അന്ന്അവിടെയുണ്ടായിരുന്നതിൽ ഏറ്റവും വലിയത് ആയിരുന്നത് കൊണ്ടും, ഷോറൂം എയർ കണ്ടീഷൻചെയ്തിരുന്നത് കൊണ്ടും ആവാം നല്ല ബിസിനസ് കിട്ടിയിരുന്നു. ഡൽഹിയിൽ നിന്നുള്ള ചരക്കുകൾ ഞങ്ങൾക്ക്വേണ്ടി പർച്ചേസ് ചെയ്തു തന്നതിലുള്ള മുൻ പരിചയം ഫാഷൻ വേൾഡിന്റെ പ്രവർത്തനത്തിൽ  റോയിയെ ഏറെസഹായിച്ചിരുന്നു.

നല്ല നിലയിൽ നടന്നു കൊണ്ടിരുന്ന ബിസിനസിൽ നിന്ന് മികച്ചവരുമാനം ഉണ്ടാക്കുവാൻ റോയിക്ക്കഴിഞ്ഞിരുന്നു. രണ്ട് സെയിൽസ് ഗേളുകൾക്കൊപ്പം റോയിയുടെ ഭാര്യ റൈനയും മുഴുവൻ സമയവുംബിസിനസിന് സഹായത്തിനുണ്ടായിരുന്നു. ബിസിനസ്സിൽ നിന്നുണ്ടായ ലാഭം ഉപയോഗപ്പെടുത്തി ചെറിയൊരുപ്രോപ്പർട്ടി സ്വന്തമാക്കാനും റോയിക്കു  കഴിയുകയുണ്ടായി.

അമ്മയെ ഏറെ സ്നേഹിക്കുകയും, ‘അമ്മ ഏറെ സ്നേഹിക്കുകയും ചെയ്‌തിരുന്ന ഇളയ മകനായറോയിയുടെയും, കുടുംബത്തിന്റെയും തിരിച്ചു വരവ് കുടുംബത്തിലെ മുഴുവൻ അംഗങ്ങളും വലിയസന്തോഷത്തോടെയാണ് സ്വീകരിച്ചത്.

  • ‘ പാടുന്നു പാഴ്മുളം തണ്ടുപോലെ ‘ എന്ന ആത്മകഥാ പരമായ അനുഭവക്കുറിപ്പുകളിൽ നിന്ന്. 

About The Author

Leave a Reply

Your email address will not be published. Required fields are marked *