ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ആഴ്ചപ്പതിപ്പുകളിലും സമൂഹമാധ്യമങ്ങളിലും ഇച്ചിരി കഥകളൊക്കെ എഴുതി,
ആദ്യകഥാസമാഹാരമായ “ചക്കരച്ചോറും ” പ്രസിദ്ധീകരിച്ച് , സമൂഹമദ്ധ്യത്തിൽ
തിളങ്ങിവിളങ്ങി
ഗംഭീരനായി, അത്യാവശ്യം അറിയപ്പെട്ട് ഞാനങ്ങിനെ നിൽക്കുന്ന സമയമാണ്.
ഒരു വൈകുന്നേരം . എനിക്കൊരു
ഫോൺകോൾ വരുന്നു.
ജന്മനാട്ടിൽ നിന്ന് അയൽവാസിയും പ്രശസ്ത രാഷ്ട്രീയ പാർട്ടിയുടെ പ്രമുഖ പ്രവർത്തകനുമായ സുഹൃത്താണ് വിളിക്കുന്നത്.
“നോക്കടാ …
ഇജ്ജ്പ്പൊ എവടേണ്..?”
“ഞാനിവടെ നെൽമ്പൂര് പീടില്ണ്ട്. എന്ത്യേയെടാ..?”
“നാളെന്താ
അനക്ക് പരിപാടി.?”
“പീട്യ തൊറക്ക്ണം. വേറെ പ്രത്യേകിച്ചൊന്നൂല്ല.. എന്താടാ ..?”
” ഇവടെ ,
നാട്ട്ല് ഞങ്ങള് തെരഞ്ഞെട്പ്പില്
ജയ്ച്ച ,
ഞങ്ങളെ മെമ്പർമാര്ക്ക്
ഒര് സീഗരണം കൊട്ക്ക്ണ് ണ്ട്?
അയ്ൻ്റെ കൂട്ടത്തില് നാട്ടിലെ എയ്ത്ത്കാരനായ അന്നീം കൂടി ഒന്ന് ആദര്ച്ചാലോന്നൊര് ആലോചന.
യെന്താ അന്റെ അബിപ്രായം.?
ഇജ്ജ് വെര്വോ…?”
പറയാനെന്തിരിക്കുന്നു.
ഇതിൽ ഒട്ടും മോശമില്ലാത്ത കലക്കൻ അഭിപ്രായം തന്നെയാണെനിക്ക്.
എന്നാലും , എന്റെ കുട്ടികളെപ്പോറ്റാനുള്ള വരുമാനമാർഗം എന്നത് എഴുത്തും ആദരവുമൊന്നുമല്ലെന്നും ടൈൽസ് കച്ചവടമാണെന്നും
എൻ്റെ കട അടക്കുന്നത് വൈകിട്ട് ഏഴിനാണെന്നും വ്യക്തമായി ബോധമുള്ള
ഞാൻ കട അടച്ച് കഴിഞ്ഞാൽ ചെല്ലാമെന്ന് ഏറ്റു .
“പീട്യ അടച്ച്ട്ട് ഞാൻ മാണങ്കി വെര. ”
“നോക്ക്.. വൈന്നാരം ഏയ് മണിക്ക് പരിവാടി തൊടങ്ങും. ഇയ്യ് നാളെ കൊർച്ച്
നേർത്തെ തന്നെ
പീട്യ അടക്ക്.
ഒരീസത്തെ
കാര്യല്ലൊള്ളൂ…?
ഏയ് മണ്യാവുമ്പോൾക്ക്ന് പരിപാടി എന്തായാലും തൊടങ്ങും. അപ്പോക്ക്ന് ഇങ്ങട്ട് എത്താന്നോക്ക്.”
എൻ്റെയുള്ളിൽ അഭിമാനം ഉണ്ടാക്കുന്ന ഹോർമോണുകൾ കാര്യമായിത്തന്നെ പ്രവർത്തിച്ചു.
സ്വാഭാവികമായും എനിക്ക് നല്ല അത്യുഗ്രൻ
അഭിമാനം തോന്നി.
ഒടുവിൽ,
ജൻമനാട് എൻ്റെ
സർഗ്ഗശേഷിയെ അംഗീകരിച്ച് ആദരിക്കാൻ പോകുന്നു.
ഇതിൽപ്പരം സന്തോഷം ഒരെഴുത്തുകാരന് വേറെ കിട്ടാനുണ്ടോ?
ഞാനവൻ്റെ ആവശ്യം സന്തോഷത്തോടെ സമ്മതിച്ചു.
“അയ്ക്കോട്ടെന്നാ.
ഞാം… വെര .”
എനിക്ക് ആദരവ് നിശ്ചയിച്ച ദിവസം.
ഞാൻ
അഞ്ചരമണിക്ക് തന്നെ കടയിൽ നിന്നിറങ്ങി. ഇനി , എൻ്റെ കാരണം കൊണ്ട് കിട്ടാനുള്ള ആദരവിന് നേരം വൈകണ്ട.
വീട്ടിലെത്തി. നന്നായി ഒന്ന് കുളിച്ചു. അൽപ്പം ടാൽകംപൗഡർ കക്ഷത്തിലും കഴുത്തിലും
ബാക്കി കയ്യിൽ അവശേഷിച്ചത് കൊണ്ട് മുഖത്തും ഒന്ന് പൂശി.
വസ്ത്രങ്ങളെല്ലാം മാറി.
ഗൾഫ്കൂട്ടുകാരൻ സമ്മാനിച്ച
“റോയൽ മിറാജ് ”
എന്ന സ്പ്രേ അൽപ്പം അടിച്ചു. ആദരവ് റോയലായിത്തന്നെ നടക്കട്ടെ.
ഒന്നിലും ഒരു കുറവും വരുത്തണ്ട എന്ന് തോന്നിയതിനാൽ മുൻപ് വിളിച്ച് ഏർപ്പാടാക്കിയതനുസരിച്ച് എന്റെ ജ്യേഷ്ഠൻ
അവൻ്റെ കാറുമായി വന്നു.അങ്ങനെ ഞങ്ങൾ പുറപ്പെട്ടു.
പോകുന്ന വഴിക്ക് “എന്നെ നാട്ടുകാർ ആദരിക്കുന്നത് ലൈവായി കാണാൻ നിനക്ക് ആഗ്രഹമുണ്ടോ ” എന്ന് ക്ലാസ്മേറ്റായ കൂട്ടുകാരനെ വിളിച്ചു ചോദിച്ചു.
ഇന്നവന് പ്രത്യേക പരിപാടികളൊന്നുമില്ലെന്നും കൂടെ വരാമെന്നും വരുന്ന വഴിയിൽ കാത്ത് നിൽക്കാമെന്നും അവൻ ഏറ്റു.
അങ്ങനെ ജ്യേഷ്ഠനെയും കൂട്ടി
ഞാനെൻ്റെ ജൻമനാട്ടിലേക്ക് പുറപ്പെട്ടു.
ഇടക്ക് സംഘാടകനായ കൂട്ടുകാരൻ വിളിക്കുന്നു.
“നോക്ക്… ഇജ്ജ് പോന്നിലേ…?”
“ങാ.. ഞങ്ങള് പൊർപ്പെട്ടു.”
ഇരുപത്തിനാല് കിലോമീറ്റർ അകലെയുള്ള
ജൻമനാട്ടിലേക്ക് തിരതല്ലുന്ന ആഹ്ളാദവും മനസ്സിൽപേറി ഞാൻ വണ്ടിയോടിച്ചു.
പത്ത് മിനിറ്റ് കഴിഞ്ഞില്ല. ഉത്തരവാദിത്വമുള്ള സംഘാടകനായ സുഹൃത്തിൻ്റെ വിളി വീണ്ടും.
” യെടാ…ഇങ്ങള് എവ്ടെത്തീ…?”
“ഞങ്ങള്
പോന്ന്ങ്ങോണ്ട് നിക്ക്വാണെടാ.
ഇപ്പെത്തും..”
പരിപാടിക്ക് എത്താൻ വൈകുമോ എന്ന ചിന്ത എൻ്റെ ഉപബോധമനസ്സിൽ ഉള്ളത് കൊണ്ടാവണം കാൽ ആക്സിലേറ്ററിൽ
ഒന്നുകൂടി അമർന്നു.
ഇടക്ക് വഴിയിൽ കാത്ത് നിൽക്കുന്ന കൂട്ടുകാരൻ വിളിച്ചു. അവനോട് ഉടൻതന്നെ
അവൻ നിൽക്കുന്നിടത്ത് ഞങ്ങളെത്തുമെന്നും റോഡിലേക്ക് ഒന്ന് കയറി നിൽക്കാനും പറഞ്ഞു.
അവൻ്റെയടുത്തെത്തി.
അവനും കയറി.
“യെന്താ … ഇങ്ങക്ക് ലേസം നേരം വൈഗ്ഗ്യോ..?”
കയറുന്നതിനിടയിലെ അവൻ്റെ ചോദ്യം കൂടി കേട്ടപ്പോൾ പിന്നെ ഒന്നും നോക്കിയില്ല.
വണ്ടി ,എഴുപത് എൺപതിൽ കുതിച്ചു പാഞ്ഞു.
ധൃതിപ്പെട്ട് വണ്ടി ഒതുക്കി നിർത്തി കുറച്ചു ദൂരത്തുള്ള വേദിയിലേക്ക് ചെല്ലുമ്പോൾ കേൾക്കാം.
“ഹല്ലോ… ചെക്ക് .
മൈക്ക്ചെക്ക് . ഹല്ലോ
മൈക്ക്… ചെക്ക്..! ”
ഹാവൂ..! സമാധാനമായി .
സൗണ്ടുകാരൻ മൈക്ക് ചെക്ക് ചെയ്യുന്നതേയുള്ളൂ. ഞാൻ കാരണം പരിപാടിക്കൊരു തടസ്സം നേരിട്ടില്ലല്ലോ .
അങ്ങനെ പരിപാടി ആരംഭിച്ചു.
ഏതൊരു രാഷ്ട്രീയ പാർട്ടിയുടെയും യോഗം പോലെ തന്നെ വേദിയിൽ നിരവധി കസേരകൾ . അതിലെല്ലാം ഒരുപാട് ആളുകൾ. അടുത്ത അഞ്ച് വർഷത്തിന് തങ്ങളെ നയിക്കാൻ ജനം പരീക്ഷണാർത്ഥം തെരഞ്ഞെടുത്ത ആണുങ്ങളും പെണ്ണുങ്ങളുമായ കുറെയധികം വാർഡ് മെമ്പർമാർ .
കേരളത്തിലെ
പ്രമുഖ പ്രതിപക്ഷ പാർട്ടികളുടെ പ്രാദേശിക നേതാക്കൻമാർ, മിക്കവാറും എല്ലാം പരിചിതമുഖങ്ങൾ തന്നെ.
പിന്നെ, ഇവരുടെയെല്ലാം ഗംഭീരനായ തകർപ്പൻ ആദരവ് ഏറ്റ് വാങ്ങാൻ വന്ന ഞാനും. അഭിമാനത്തോടെ മുൻനിരയിൽ തന്നെ ഇട്ട ഒരു കസേരയിൽ ഞാൻ മെല്ലെ അമർന്നിരുന്നു.
എൻ്റെ ശൈശവ ബാല്യകൗമാരങ്ങൾ ജീവിച്ചു തീർത്ത നാടാണിത്. അവർക്കു മുന്നിൽ ഒരു വേദിയിൽ അവരുടെ ഒരു ആദരവിന് വേണ്ടിയാണിരിക്കുന്നതെങ്കിലും അതിൽ നല്ല അഭിമാനമുണ്ടെങ്കിലും ഒരു ജാള്യതയും കൂടി എനിക്കുണ്ട്.
പത്താം ക്ലാസിൽ അത്യാവശ്യം നന്നായി തോറ്റ് പഠനമവസാനിപ്പിച്ച് കൂലിപ്പണിക്കിറങ്ങിയ ഇവനാണോ വലിയ കഥാകൃത്തായി കസേരയിൽ ഞെളിഞ്ഞിരിക്കുന്നതെന്ന ചിന്ത ചില നാട്ടുകാരുടെ മനസ്സിലെങ്കിലും തോന്നില്ലേ
എന്നതരത്തിൽ
ചിന്തിക്കുന്ന ഒരു ദോഷൈകദൃക്കായി ചില നേരത്തെങ്കിലും ഞാൻ .
അങ്ങാടിയിൽ കെട്ടിയ
വേദിക്കു മുന്നിലൂടെയാണ് മെയിൻ റോഡ് കടന്ന് പോവുന്നത്.
റോഡിൻ്റെ അപ്പുറത്താണ് കേൾവിക്കാരായ പാർട്ടി പ്രവർത്തകർ ഇരിക്കുന്നത്.
എന്നെ അത്യാവശ്യം നല്ല രീതിയിൽ തന്നെ പരാമർശിച്ച സ്വാഗത ഭാഷണത്തിന് ശേഷം
അദ്ധ്യക്ഷ പ്രസംഗം ആരംഭിച്ചു.
അതിൽ നിന്നെനിക്ക് മനസ്സിലായി. എന്നെ ആദരിക്കേണ്ട പ്രമുഖനേതാവും
മുഖ്യപ്രാസംഗികനുമൊന്നും സ്ഥലത്തെത്തിയിട്ടില്ല എന്ന് .
അവർ അഞ്ച് കിലോമീറ്ററകലെയുള്ള മറ്റൊരങ്ങാടിയിൽ
ഒരു യോഗത്തിൽ പങ്കെടുത്ത് പ്രസംഗിച്ച് കൊണ്ടിരിക്കുകയാണത്രേ..!
ആവശ്യത്തിന് നീണ്ട
അദ്ധ്യക്ഷപ്രസംഗത്തിന് ശേഷം അത്യാവശ്യത്തിന് നീണ്ട മറ്റൊരു പ്രസംഗമാരംഭിച്ചു. വിഷയം ഭരണപക്ഷ ആക്രമണം തന്നെ. ആദരവ്
ഏറ്റുവാങ്ങാൻ വെമ്പി നിൽക്കുന്ന എൻ്റെ ശ്രദ്ധ ഈ പ്രസംഗത്തിലൊന്നും നിൽക്കുന്നില്ല.
മുഖ്യനേതാക്കൻമാർ എത്താൻ വേണ്ടി മനപ്പൂർവ്വം
നീട്ടിനീട്ടിയെടുത്ത ഒരു മണിക്കൂറോളം നീണ്ട ഈ പ്രസംഗത്തിനിടയിലേക്കാണ് ആളുകൾ കാത്തിരുന്ന നേതാക്കൻമാരുടെ കാറുകളെത്തിയത്. എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടികളോടെ അവരെ സ്വീകരിച്ചു. അവർക്കുള്ള ഹാരാർപ്പണവും മറ്റും കഴിഞ്ഞു.
ഞാൻ വിചാരിച്ചു.
ഇനി അദ്ധ്യക്ഷൻ ഉടനെ പറയും.
” അടുത്തതായി നമ്മുടെ നാടിൻ്റെ അഭിമാനമായി മാറിയ പ്രശസ്ത കഥാകൃത്ത്
സാക്കിർ – സാക്കിയെ ആദരിക്കുന്ന ചടങ്ങാണ്.
അതിനു വേണ്ടി അദ്ദേഹത്തെ ക്ഷണിക്കുന്നു” എന്ന് .
എവടെ ..?
മുഖ്യ പ്രഭാഷകന് അടുത്ത ഒരു യോഗത്തിൽ പങ്കെടുക്കേണ്ടതുള്ളത് കൊണ്ട് അദ്ദേഹത്തെയാണ് അദ്ധ്യക്ഷൻ ക്ഷണിച്ചത്. ഞാനത് എതിർക്കാനൊന്നും പോയില്ല.
സംഗതി ന്യായമുള്ള ന്യായം തന്നെയാണല്ലോ. മാത്രമല്ല. അവരൊക്കെ വലിയ നേതാക്കൻമാരല്ലേ..? നമ്മളെ നയിക്കേണ്ടവർ.
വളരെ തിരക്കുള്ളവർ തന്നെ. അദ്ദേഹം പോയി പ്രസംഗിച്ചോട്ടെ.
അങ്ങനെ യുവനേതാവിൻ്റെ തീപ്പൊരി പ്രസംഗം ആരംഭിച്ചു. ഭരണപക്ഷത്തിനെ
നഖശിഖാന്തം എതിർത്ത് പൊളിച്ചടുക്കുന്ന ഗംഭീരൻ പ്രസംഗം. പത്ര-ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. അത് അദ്ദേഹത്തിൻ്റെ രീതിയിൽ തന്നെ വിശദീകരിച്ച്
പൊടിപ്പും തൊങ്ങലും വെച്ച
ഒന്നര മണിക്കൂറോളം നീണ്ട ആ പ്രസംഗം കഴിഞ്ഞപ്പോഴേക്കും നേതാവ് നന്നായി വിയർത്തൊലിച്ചിരുന്നു.
അപ്പോഴേക്കും എനിക്ക് നന്നായി വിശക്കാൻ തുടങ്ങി.
എനിക്ക് തോന്നി ആദരവിനേക്കാൾ ഇപ്പോഴെനിക്കാവശ്യം
അൽപ്പം ആഹാരമാണെന്ന് .
ആ പ്രസംഗവും കഴിഞ്ഞപ്പോൾ പ്രതീക്ഷയോടെ ഞാനടുത്തിരിക്കുന്ന സംഘാടകനും അദ്ധ്യക്ഷനുമായ എൻ്റെ സുഹൃത്തിനെ ദയനീയമായി ഒന്ന് നോക്കി.
അവൻ “ഇപ്പൊശ്ശെരിയാക്കിത്തരാം”
എന്ന ഭാവവുമായി മൈക്കിനടുത്തേക്ക് നീങ്ങി.
“നാടിൻ്റെ അഭിമാനഭാജനമായ കഥാകൃത്ത്
സാക്കിർ – സാക്കി നിലമ്പൂരിനെ ആദരവുകൾ ഏറ്റുവാങ്ങാൻ ക്ഷണിക്കുന്നു.”
എന്ന വാക്കുകൾ പ്രതീക്ഷിച്ചിരിക്കുന്ന എന്നെ നിരാശനാക്കിക്കൊണ്ട് അവൻ ,
തിരക്ക് പിടിച്ച പ്രോഗ്രാമുകൾക്കിടയിലും ഇവിടെ വരാൻ മനസ്സു കാണിച്ച പ്രിയനേതാവിന് ഹൃദയംനിറഞ്ഞ നന്ദി നേർന്ന്കൊണ്ട് അദ്ദേഹത്തെ പ്രസംഗിക്കാൻ ക്ഷണിച്ചു.
അത്യാവശ്യം പഞ്ചാരരോഗമുള്ള എനിക്ക് നന്നായിത്തന്നെ വിശക്കാൻ തുടങ്ങി.
വീണ്ടും എൻ്റെയെടുത്ത് വന്നിരുന്ന അവനെ ഞാൻ പ്രതീക്ഷയോടെ നോക്കി.
ഈ പ്രസംഗം കൂടി കഴിഞ്ഞാൽ പിന്നെ, നിന്നെ ആദരിച്ചിട്ട് തന്നെ ബാക്കി കാര്യം എന്നാണവൻ്റെ മുഖം പറയുന്നതെന്ന് എനിക്ക് തോന്നി.
മറ്റുള്ളവരെ അപേക്ഷിച്ച് തിരക്ക് , കുറച്ച് കൂടുതലായ ആ നേതാവിൻ്റെ പ്രസംഗം അധികം നീണ്ടില്ല. അദ്ദേഹത്തിന് എന്നും നല്ല തിരക്കായിരിക്കട്ടെ എന്ന് ഞാൻ മനസ്സിൽ ആത്മാർത്ഥമായിത്തന്നെ പ്രാർത്ഥിച്ചു.
“അടുത്തതായി …
പ്രിയപ്പെട്ടവരേ.. ”
എൻ്റെ സുഹൃത്ത് വീണ്ടും മൈക്കിനു മുന്നിലെത്തി.
“ജൻമനാടിൻ്റെ കഥകൾ ഒപ്പിയെടുത്ത് നാടിൻ്റെ അഭിമാനമായി മാറിയ പ്രിയ കഥാകൃത്തിനെ ഇതാ… ഈ വേദിയിലേക്ക് ക്ഷണിക്കുകയാണ്.” എന്നവൻ പറയുമെന്ന് തോന്നി
ഞാനൊന്ന് തയ്യാറായി കസേരയിൽ ഒന്ന് ഇളകിയിരുന്നു.
ഞാനെൻ്റെ വിശപ്പ് മറന്നു. അഭിമാനത്തോടെ കസേരയിൽ നിന്ന് ഞാനെണീക്കാൻ തുടങ്ങി.
“ഈ നാടിനെ നയിക്കാൻ ജനങ്ങൾ തെരഞ്ഞെടുത്ത മെമ്പർമാർക്കുള്ള ഹാരാർപ്പണവും അനുമോദനവുമാണ് അടുത്തത്.
ആദ്യമായി മൂന്നാം വാർഡിൻ്റെ പ്രിയപ്പെട്ട മെമ്പറെ ഈ വേദിയിലേക്ക്… ”
എന്നെ ക്ഷണിക്കുമെന്ന അമിത പ്രതീക്ഷയോടെ നിൽക്കുന്ന ഈ ഞാനാണ്.
അവൻ ഈ ഡയലോഗ് പറഞ്ഞതും മറന്നു പോയിരുന്ന എൻ്റെ വിശപ്പ് പൂർവ്വാധികം ശക്തിയോടെ തന്നെ വയറ്റിലേക്ക് തിരിച്ചെത്തി. എഴുന്നേൽക്കാൻ തുടങ്ങിയിരുന്ന ഞാൻ ഒരു തളർച്ചയോടെ വീണ്ടും കസേരയിലേക്ക് തന്നെ ഇരുന്നു.
ഹാരാർപ്പണത്തിന് തയ്യാറായി വേദിയിൽ പിറകിലായി മെമ്പർമാരുടെ ഒരു പട തന്നെയുണ്ട്.
” യെടാ…
ഇഞ്ഞിപ്പൊ ഈ
മെമ്പർമാരൊക്കെ
പ്രസംഗിച്ച്വോ …? ”
ഞാൻ ഒരു തളർച്ചയോടെ സുഹൃത്തിനോട് ചോദിച്ചു.
“ഇല്ലെയ്… ഇവൽക്ക്
ഓരോ മാല ഇടല് മാത്തരം.”
അവൻ പറഞ്ഞു.
ഹാവൂ.
ഹാരാർപ്പണമേയുള്ളൂ.
അങ്ങനെ അതും കഴിഞ്ഞു.
“ഇനി… അടുത്തതായി… ”
ഞാൻ അവൻ്റെ വാക്കുകൾക്കായി കാത് കൂർപ്പിച്ചു.
ഇനി ഞാൻ തന്നെ.
ഞാനുറപ്പിച്ചു.
കാര്യമായ
എല്ലാ പരിപാടികളും കഴിഞ്ഞല്ലോ.
കാര്യപരിപാടിയിലെ അടുത്ത ഇനം എൻ്റെ ആദരവ് തന്നെ.
“മറുപടി പ്രസംഗത്തിനായി നിയുക്ത പഞ്ചായത്ത് പ്രസിഡൻറിനെ ഈ വേദിയിലേക്ക് സാദരം ക്ഷണിക്കുന്നു.”
ആ “ക്ഷണന “വും കഴിഞ്ഞ് അവനെൻ്റെ അടുത്ത് വീണ്ടും വന്നിരുന്നു.
വിശപ്പ് കൊണ്ട് കണ്ണ് മങ്ങിത്തുടങ്ങിയ ഞാൻ അവൻ്റെ മുഖത്തേക്ക് വീണ്ടും ദയനീയമായി നോക്കി. അവൻ ചോദ്യഭാവത്തോടെ എൻ്റെ മുഖത്തേക്കും.
” യെടാ…ഇഞ്ഞെ, എങ്ങനേലും ഒന്നാദരിച്ച് കിട്ട്യാ പെരീപ്പോയി വെശക്ക്ണീന് വല്ലതും തിന്ന് , ഇൻക്കൊന്ന് കെടന്നൊറങ്ങയ്നു.”
വരണ്ട ചുണ്ടുകൾ ഒന്ന് നനച്ച് ഞാനവൻ്റെ ചെവിയിൽ
മെല്ലെപ്പറഞ്ഞു.
സാക്കി
About The Author
No related posts.