കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 12 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

Facebook
Twitter
WhatsApp
Email

അദ്ധ്യായം – 12

ഗുണ്ടകളുമായുളള ഏറ്റുമുട്ടല്‍


ഗുണ്ടാമേധാവി മിശ്രയുടെ നാവിന്‍ തുമ്പത്തു നിന്നു വന്നതു നല്ല വാക്കുകളായിരുന്നില്ല. അപ്പു അപമാനഭാരത്തോടെ നിന്നതല്ലാതെ എതിര്‍ത്തൊന്നും പറഞ്ഞില്ല. സത്യത്തില്‍ അതിനുളള ധൈര്യമില്ലായിരുന്നു. അയാള്‍ ഒറ്റയ്ക്ക് വന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അപ്പു കാശു ചോദിക്കാറില്ല. കൂട്ടത്തില്‍ രണ്ടുപേര്‍ കഴിച്ചപ്പോള്‍ അതിന് കാശു കിട്ടണം. അതായിരുന്നു അപ്പുവിന്‍റെ നിലപാട്. അതയാള്‍ മിശ്രയോട് പറയുകയും ചെയ്തു. എന്‍റെ കൂടെ വന്നവരെ നീ അപമാനിച്ചു അതായിരുന്നു മിശ്രയുടെ വാദം. അയാള്‍ തന്‍റെ കൊമ്പന്‍ മീശ പിരിച്ചുകൊണ്ട് അപ്പുവിന്‍റെ കഴുത്തില്‍ ബലമായി പിടിച്ചിട്ട് ചോദിച്ചു, നിനക്ക് കാശു വേണോടാ മദ്രാസ്സി. അപ്പു ഭയത്തോടും ദൈന്യതയോടും നോക്കി. കടയില്‍ മൂന്നു ജോലിക്കാരുളളതാണ്. അതില്‍ ഒരാള്‍ പാചകക്കാരനാണ്. ഞാനും സെയിനും അടുക്കളയില്‍ തണുപ്പില്‍നിന്ന് രക്ഷപ്പെടാന്‍ അടുപ്പിലെ കല്‍ക്കരിയില്‍ നിന്നുളള ചൂടു കൊണ്ട് നില്‍ക്കുകയായിരുന്നു.
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാഴ്ച്ച കാണുന്നത്. മിശ്ര എന്ന ഗുണ്ടയെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് കാണുന്നത്. പാചകം ചെയ്യുന്ന സുരേഷ് പറഞ്ഞപ്പോഴാണ് അത് മനസ്സിലായത്. എച്ച്. ഈ. സിയില്‍ എന്തോ ജോലിയുണ്ട്. മേലുദ്യോഗസ്ഥന്‍ ഇയാള്‍ ജോലി ചെയ്തില്ലെങ്കിലും ഒന്നും പറയില്ല. രാവിലെ വന്ന് ഒപ്പിട്ടു കഴിഞ്ഞാല്‍ പിന്നീടുളള ഉദ്ദ്യോഗം രാഷ്ട്രീയ നേതാക്കന്മാരുടെ വീട്ടിലെ കളളുകുടിയും ചീട്ടുകളിയുമാണ്. സൗത്ത് ഇന്ത്യന്‍ ഹോട്ടലുകളില്‍ കയറി വയറു നിറയെ തിന്നും എന്നിട്ട് മടങ്ങിപോകും. പാവം കടയുടമകള്‍ ഒന്നും ചോദിക്കാറില്ല. ചോദിച്ചാല്‍ അടിയുറപ്പാണ്.
ഈ സ്ഥലത്തെ പ്രബലന്മാരണവര്‍. മറ്റു ഗുണ്ടകളുമായിട്ടാണ് സാധാരണ ഏറ്റുമുട്ടാറുളളത്. പലതും കത്തികുത്തിലാണ് അവസാനിക്കുന്നത്. സുരേഷ് ഇതൊക്കെ പറയുമ്പോഴും എന്‍റെ കണ്ണുകളില്‍ പകയും വിദ്വേഷവും മാത്രമായിരുന്നു. മൂന്നു ഗുണ്ടകള്‍ അപ്പുവിനു ചുറ്റുമായി നിലയുറപ്പിച്ചു നിന്നു. കടയിലെ ജോലിക്കരന്‍ ചെന്ന് മിശ്രയോട് അപേക്ഷിച്ചു. മിശ്രസാബ് തെറ്റുപറ്റി, ഇയാളെ വിടൂ, പൈസയൊന്നും വേണ്ട. കൂട്ടത്തില്‍ നിന്നവന്‍ അവന്‍റെ കരണത്തടിച്ചിട്ട് ഒരു തളളും കൊടുത്തു. അവന്‍ ബഞ്ചും വലിയ മേശകളും മറിച്ചു കൊണ്ട് വീണു. കടയ്ക്കുളളിലിരുന്നവര്‍ ഓരോരുത്തരായി ഭയത്തോടെ പുറത്തേക്കിറങ്ങിപ്പോയി. പരിഭ്രാന്തിയോടെ നിന്ന അപ്പു മിശ്രയോട് എന്നെ വിട് എനിക്ക് പൈസയൊന്നും വേണ്ട. അതൊരു അപേക്ഷയായിരുന്നു. ഒരു ഇളിഭ്യച്ചിരിയോടെ പറഞ്ഞു. തലയുയര്‍ത്തി തലയില്‍ തലോടിയിട്ട് പറഞ്ഞു. നിന്നെ അങ്ങനെ വിടാന്‍ ഉദ്ദേശിക്കുന്നില്ല. അപ്പുവിന്‍റെ മുഖത്ത് ദേഷ്യം ഇരട്ടിച്ചു. അപ്പു പല ചട്ടമ്പികളേയും നേരിട്ടാണ് ഒരു ഹോട്ടലുടമയുടെ വേഷം കെട്ടിയത്. പലപ്പോഴും വഴക്കുകള്‍ ഒഴിവാക്കാനാണ് ശ്രമിച്ചിട്ടുളളത്. മിശ്രയുടെ തുളച്ചു കയറുന്ന നോട്ടത്തില്‍ അപ്പു കൂസ്സാതെ നിന്നു. കൂടെ നിന്നവന്‍ നിന്ദിച്ചും പരിഹസിച്ചും ചിരിച്ചു രസിച്ചു. അപ്പുവിന്‍റെ ശബ്ദം ഉയര്‍ന്നു. ഉടുപ്പില്‍ നിന്നും കൈ എടുക്കെടാ. ഉടുപ്പിലെ പിടിവിടാന്‍ തയ്യാറായില്ല. ഞാന്‍ സഹതാപത്തോടും പകയോടും നോക്കി. എങ്ങനെ അപ്പുവിനെ ഈ ദുഷ്ടന്മാരുടെ കയ്യില്‍നിന്നും വിടുവിക്കും. അപ്പോഴും ഉടുപ്പുമായുളള പിടിവലി തുടര്‍ന്ന് ഉടുപ്പിന്‍റെ ബട്ടണ്‍ പൊട്ടിമാറി. മിശ്ര സര്‍വ്വശക്തിയുമെടുത്ത് അപ്പുവിന്‍റെ നെഞ്ചത്ത് ഇടിച്ചു. ആ ഇടിയില്‍ അയാള്‍ പിറകോട്ട് വേച്ചുപോയി. ആ മിഴികള്‍ അകത്തേക്ക് ദയനീയമായി നോക്കി. അത് എന്നെയായിരുന്നു.
ഇതൊക്കെ കണ്ടു നില്‍ക്കാനുളള മാനസ്സികാവസ്ഥ എനിക്കുമില്ലായിരുന്നു. സെയിനുവിനോടു പറഞ്ഞു നീ ഈ വാതില്‍ക്കല്‍ നിന്നോണം ഒരുത്തനേയും അകത്തേക്കു കടത്തരുത്. ഒരു വാതിലില്‍ സെയിനു നിന്നാല്‍ മറ്റൊരാള്‍ക്ക് അകത്തേക്ക് കടക്കാന്‍ പറ്റില്ല. അതാണ് അവന്‍റെ ശരീരം. അവന്‍റെ കണ്ണുകളില്‍ പക എരിഞ്ഞുനിന്നു. ഞാന്‍ മുന്നോട്ട് വന്നുയര്‍ന്ന് ആദ്യത്തെ ചവിട്ട് മിശ്രയുടെ നെഞ്ചില്‍ തന്നെ കൊടുത്തു. അയാള്‍ മേശകളെ മലര്‍ത്തി അതിനൊപ്പം വീണു. അപ്പുവും ജോലിക്കാരും രണ്ടു ഗുണ്ടകളെ നേരിട്ടു. തടിമാടനായ മിശ്ര മുകളിലേക്ക് ഉയരുന്തോറും എന്‍റെ ചവിട്ടു തുടര്‍ന്നു. അയാളുടെ കണ്ണുകള്‍ ഒരു വന്യമൃഗത്തിന്‍റെ പോലെയായി. അടിയില്‍ ഏര്‍പ്പെട്ടിരുന്ന ജോലിക്കാരെ മിശ്രയുടെ ഗുണ്ടകള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഞാനും അവരെ നേരിട്ടു. കാര്യങ്ങള്‍ ഇത്രവേഗം തിരിഞ്ഞു മറയുമെന്ന് അവരും പ്രതീക്ഷിച്ചില്ല. പുറത്ത് റോഡില്‍ നിന്നവരെല്ലാം ഭയാനകമായിട്ടാണ് ആ കാഴ്ച്ച കണ്ടത്. ഗുണ്ടകള്‍ തമ്മില്‍ തെരുവില്‍ തല്ലുകൂടി കണ്ടിട്ടുണ്ടെങ്കിലും ഒരു ഹോട്ടലിനുളളില്‍ ആദ്യമായിട്ടാണ്. ഇതിനിടയില്‍ അവരില്‍ ഒരുവന്‍ അടുക്കളയിലേക്ക് പ്രവേശിച്ചു. അവനെ നേരിട്ടത് സെയിനുവായിരുന്നു. അപ്പു ക്ഷീണിതനായി ഏങ്ങലടിച്ചുകൊണ്ട് തളര്‍ന്നിരുന്നു. മിശ്രയും അടുക്കളയിലെത്തി മറ്റുളളവരെ ഭയപ്പെടുത്തി പോകുന്നത് കണ്ടിട്ട് എന്‍റെ അടുത്ത ചവിട്ട് അയാളുടെ പുറത്തായിരുന്നു. അയാള്‍ മുന്നോട്ടു പോയി വീണു. അതിനുളളില്‍ ഞാനും സെയിനും മാത്രമായി. പുറത്തുളളവനും അകത്തേക്ക് ചാടി വന്നു. എന്‍റെ കാലു കൊണ്ടുളള ചവിട്ടില്‍ മിശ്രയുടെ നാഭി തകര്‍ന്ന് അയാള്‍ വേച്ചു വേച്ചു പുറത്തേക്കു നടന്നു. അരയിലുളള കത്തി എടുക്കാനുളള ശക്തിയും നഷ്ടപ്പെട്ടു. എന്‍റെ കണ്ണുകളില്‍ രോഷാഗ്നി കത്തിനിന്നു. അതു തീനാളം പോലെ അടുക്കളയില്‍ എരിഞ്ഞു. പുറത്തു നിന്ന് പരിഭ്രമത്തോടെ ഉറ്റുനോക്കിയവര്‍ അകത്ത് എന്തോ ഭീകരമായതു സംഭവിച്ചുവെന്ന് മനസ്സിലാക്കി. ആരുടെയെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു കാണുമെന്നവര്‍ വിശ്വസിച്ചു. വികാരവേശത്തോടെ വന്ന ഗുണ്ടകള്‍ തീവ്രവേദന സഹിച്ച് നാഭിയില്‍ കൈകള്‍ അമര്‍ത്തി പുറത്തേക്ക് നടക്കുമ്പോള്‍ അവിടെ കൂടി നിന്ന മലയാളികളടക്കമുളളവരുടെ മനസ്സില്‍ എന്‍റെ മരണം ഉറപ്പാക്കിയിരുന്നു. എന്നെ മാത്രം പുറത്തേക്ക് കണ്ടില്ല. അവര്‍ ഒരു ദുസ്വപ്നം പോലെയാണ് എല്ലാം കണ്ടുനിന്നത്. ഗുണ്ടകള്‍ പാവങ്ങളെ നിര്‍ദ്ദയം ഉപദ്രവിക്കുന്നതില്‍ അവര്‍ എന്തു ചെയ്യാനാണ്. ഞനെന്ന കുറ്റവാളിയാണ് എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം . കടയ്ക്കുളളിലെ ഉപകരണങ്ങളെല്ലാം അവര്‍ വലിച്ചു വാരി എറിഞ്ഞതും കാണികള്‍ക്ക് ഒരു സുന്ദര കാഴ്ച്ചയായിരുന്നു. എനിക്ക് എന്തുപറ്റിയെന്നറിയാനുളള ധൈര്യം പോലും ആരും കാണിച്ചില്ല. അതിനെല്ലാം അവര്‍ക്ക് മറുപടിയുമുണ്ട്. ഇതിനെല്ലാം കാരണം അവന്‍റെ അഹങ്കാരമാണ്. എല്ലാവരും വിയര്‍പ്പില്‍ കുളിച്ച് അവശരായി സ്വയം രക്ഷപ്പെട്ടപ്പോള്‍ ഞാന്‍ മാത്രം എന്താണ് രക്ഷപ്പെടാഞ്ഞത്. മനസ്സ് അപ്പോഴും അസ്വസ്ഥമായത് അടികൊണ്ടതിലും കൈയ്യില്‍ കെട്ടിയിരുന്ന വാച്ച് തവിടു പൊടിയായതിലും ധരിച്ച ഉടുപ്പ് കീറിപ്പറിഞ്ഞിപോയതിലുമല്ല. എന്‍റെ ആത്മസുഹൃത്ത് സെയിന്‍ എന്നെ ഉപേക്ഷിച്ചു പോയതിലാണ്. അങ്ങനെ വിഷണ്ണനായി കടക്കുള്ളിലേക്ക് നടക്കുമ്പോള്‍ മുന്നിലേക്ക് ജ്യേഷ്ഠനും രണ്ട് പോലീസ്സുകാരും വന്നു. ജ്യേഷ്ഠന്‍ എന്നോട് അസംതൃപ്തി ഉണ്ടെങ്കിലും ജീവനോടെ കണ്ടതില്‍ ആശ്വസിച്ചു. ജ്യേഷ്ഠന്‍ കട പൂട്ടിയിട്ട് എന്നെയും കൊണ്ട് പോലീസ്സിനൊപ്പം ദുര്‍വ്വ പോലീസ് സ്റ്റേഷനിലേക്ക് പോയി. തണുപ്പ് എന്‍റെ ശരീരമാകെ തുളച്ചു കയറിയിരുന്നു. അവിടെ നടന്ന സംഭവമെല്ലാം ഞാന്‍ പോലീസ്സിനെ ധരിപ്പിച്ചു. അവര്‍ ഉടനടി മഹസര്‍ തയ്യാറാക്കി. ആശുപത്രിയുടെ മുന്നിലുളള ഒരു റോഡിന്‍റെ മൂലയ്ക്കായിരുന്നു പോലീസ് സ്റ്റേഷന്‍. വീട്ടിലേക്കുളള യാത്രയിലാണ് ജ്യേഷ്ഠന്‍ സെയിനുവിന്‍റെ കാര്യം പറഞ്ഞത്. അവനെ ആശപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അതു കേട്ട് എനിക്ക് വിഷമം തോന്നി. പെട്ടെന്നാര്‍ക്കും അവനെ അടിച്ചു തറ പറ്റിക്കാന്‍ സാധിക്കില്ല. ഇനീം അടുക്കളയില്‍ കണ്ട കത്തി വല്ലതുമെടുത്ത് കുത്തിയോ. എന്‍റെ നേര്‍ക്ക് ഒരു കത്തി വീണതു ഞാനപ്പോള്‍ ഓര്‍ത്തു. അല്പം വൈമനസ്യത്തോടെ ചോദിച്ചു. എന്താ അവനു പറ്റിയത്. അതിനു മറുപടിയായി ലഭിച്ചത് നിന്‍റെ ചവിട്ടുകൊണ്ട് അവന് മൂത്രമൊഴിക്കാന്‍ പ്രയാസമായി. വേദനയോടെയാണവന്‍ അവിടെനിന്ന് ഇറങ്ങി വീട്ടില്‍ എത്തിയത്. ഭാഗ്യത്തിന് ഞാനവിടെ ഉണ്ടായിരുന്നു. നീയിങ്ങനെ ചവിട്ടു തുടര്‍ന്നാല്‍ എങ്ങനെയാ? മനഷ്യന്മാര്‍ മരിച്ചുപോകില്ലേ. എന്‍റെ ജീവന്‍ അപകടത്തിലായാല്‍ അതിനും ഞാന്‍ മടിക്കില്ലെന്ന് പറയണമെന്നു തോന്നി. എന്നാല്‍ മറുപടി പറഞ്ഞില്ല. ആ രാത്രിയില്‍ അപ്പുവും ജോലിക്കാരും വീട്ടിലെത്തി. ജ്യേഷ്ഠന്‍ അവരെ ധൈര്യപ്പെടുത്തി. നാളെ കട തുറന്നു പ്രവര്‍ത്തിക്കണം. മറ്റുളളതൊക്കെ എനിക്ക് വിട്ടേര്. അവന്മാരുടെ ഗുണ്ടയിസ്സം ഇനിയും അവിടെ നടക്കത്തില്ല. ഇവടെ വേറേയും ഗുണ്ടകളുണ്ട്. ജ്യേഷ്ഠന് അവിടുത്തെ രാഷ്ട്രീയക്കാരുമായി നല്ല ബന്ധമാണുണ്ടയിരുന്നത്.
മദ്രാസികളുടെ കടകളിലും ഹോട്ടലുകളിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് പ്രത്യേക കാരണങ്ങളൊന്നും വേണ്ടേന്ന് അവരുടെ സംസാരത്തില്‍ നിന്നു മനസ്സിലാക്കി. ജ്യേഷ്ഠത്തി അവര്‍ക്കെല്ലാം ചായ ഇട്ടു കൊടുത്തു. അപ്പു എന്നെ പ്രത്യേകം പുകഴ്ത്തി പറഞ്ഞു. മനസ്സിനു ധൈര്യം തന്നത് എന്‍റെ ഇടപെടലെന്ന് അപ്പുവിന്‍റെ വാദം ഈര്‍ഷ്യയോടെയാണ് ജ്യേഷ്ഠത്തി കേട്ടാല്‍ ആ മുഖഭാവം അതു വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞത് കഴിഞ്ഞു. ഇനിയും അതോര്‍ത്ത് വിഷമിച്ചിട്ട് ഫലമില്ല. അപ്പുവിനെ ധൈര്യപ്പെടുത്തി അവരെ യാത്രയാക്കി. ഞാന്‍ എഴുന്നേറ്റ് കുളിക്കാനായി പോയി. കുളി കഴിഞ്ഞു വരുമ്പോള്‍ ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും സംസാരിച്ചത് എന്നെപ്പറ്റിയാണ്. അകത്തേ മുറിയില്‍ തുണി മാറിയിടുമ്പേള്‍ ജ്യേഷ്ഠത്തി അറിയിച്ചത് ഇവനെ ഇവിടുന്ന് മാറ്റുന്നതാണ് നല്ലത്. അവന്മാര്‍ വെറുതെ ഇരിക്കില്ല.
നാട്ടുകാര്‍ പറയുന്നത് അനുജന്‍റെ സ്വഭാവഗുണങ്ങള്‍ അത്ര നല്ലതല്ല എന്നാണ്. മറ്റുളളവര്‍ക്ക് അപമാനമുണ്ടക്കരുത്. തുണി മാറി ഞാന്‍ പുറത്തേക്ക് വന്നപ്പോള്‍ ജ്യേഷ്ഠത്തി അകത്തേക്ക് പോയി. ജ്യേഷ്ഠന് മനപ്രയാസമുണ്ട്. ആരെ കുറ്റപ്പെടുത്തണമെന്നറിയാതെ മൗനത്തില്‍ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു, ആപത്തില്‍ ഒരാളെ സഹായിക്കുന്നത് തെറ്റാണോ. അതില്‍ സങ്കടപ്പെടാനും ഭയപ്പെടാനും എന്തിരിക്കുന്നു. തങ്കച്ചായന്‍ ഇവിടുത്തെ ഹിന്ദു മുസ്ലീം കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ഇടപെട്ടിട്ടില്ലേ?. കേരളത്തില്‍ നിന്നും വന്ന ഹിന്ദുക്കളും ക്രിസ്തിയാനികളും ഇവിടുത്തെ മുസ്ലീങ്ങളെ സ്വന്തം ക്വാര്‍ട്ടറില്‍ ഒളിപ്പിച്ചു താമസ്സിപ്പിച്ചിട്ടില്ലേ?. ഹിന്ദു തീവ്രവാദികളില്‍ നിന്ന് രക്ഷിച്ചിട്ടില്ലേ?. നല്ല മലയാളികള്‍ക്ക് തിന്മക്ക് കൂട്ടുനില്‍ക്കാനാകില്ല. അവരൊന്നും ജാതിമതങ്ങളെ കൂട്ടുകാരായി കൊണ്ടു നടക്കുന്നവരല്ല. ഞാന്‍ വന്നതിനു ശേഷം ഇവിടുത്തെ ഒരു മുസ്ലീം ക്വാര്‍ട്ടറിലെ യുവതിയെ ഹിന്ദു യുവതിയുടെ തുണികള്‍ ധരിപ്പിച്ച് നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി മിനി ബസ്സില്‍ റാഞ്ചിക്കു വിട്ടത് എന്തിനായിരുന്നു?. ആ രാത്രിയില്‍ ആ ക്വാര്‍ട്ടറിനു ഹിന്ദു തീവ്രവാദികള്‍ തീയിടുന്നെന്ന് അറിവ് ലഭിച്ചതു കൊണ്ടല്ലേ. ആ സ്ത്രീയുടെ ഭര്‍ത്താവിനെ ആ വിവരം ഫോണിലറിയിച്ചത് തങ്കച്ചായനല്ലേ?.
മനപ്രയാസത്തോടെ മൂകനായി എന്നെ നോക്കിയിട്ട് പറഞ്ഞു. സാധാരണക്കാരായ അറിവില്ലാത്ത മനുഷ്യര്‍ എന്ത് അധര്‍മ്മത്തിനും വഴങ്ങുന്നവരാണ്. ആ കൂട്ടത്തില്‍ നീ പോകണമെന്ന് ഞാന്‍ പറയില്ല. എല്ലാ മനുഷ്യരോടും സ്നേഹത്തോടും സഹാനുഭൂതിയോടും പ്രവര്‍ത്തിക്കാനേ ഞാന്‍ പറയൂ. എന്‍റെയോ മറ്റുളളവരുടെയോ സമ്മര്‍ദ്ദങ്ങള്‍ക്ക് നീ വഴങ്ങേണ്ടതില്ല. നിന്‍റെ ഇഷ്ടത്തിനു ചെയ്യുക. അതിന്‍റെ ഭവിഷത്തുകള്‍ നേരിടാനും നീ ഒരുങ്ങികൊളളണം. കടയിലെ സംഭവത്തിനു നിന്നെ ഞാന്‍ കുറ്റപ്പെടുത്തുകയില്ല. അമ്മിണി പറഞ്ഞതു പോലെ നിനക്കെതിരെ ഇപ്പോള്‍ ഹിന്ദുക്കളും രംഗത്തുണ്ട്. അതു മറക്കരുത്. ജ്യേഷ്ഠന്‍ എഴുന്നേറ്റു പോയി.

അത്താഴം കഴിഞ്ഞ് കട്ടിലില്‍ കിടന്നു. ശരീരമാകെ നല്ല വേദനയായിരിന്നു. തണുത്ത വെളളത്തില്‍ കുളിച്ചപ്പോള്‍ നീറ്റലും തോന്നിയിരുന്നു. സെയ്നുവിനെ നാളെ തന്നെ ആശുപത്രിയില്‍ പോയി കാണണം. അറിയാതെ സംഭവിച്ചതെന്ന് പറയണം. ചവിട്ട് ചെറുപ്പത്തിലേ തന്നെ നല്ല ശരീര ഭാരമുളള ഞാന്‍ എങ്ങനെ അഞ്ചടിക്ക് മുകളില്‍ ചാടിയെന്നത് അതിശയമായിരുന്നു. അതു പോലെ വലിയ ഭാരമുളള കാട്ടുകല്ല് എറിഞ്ഞാണ് ഷോട്ട്പുട്ടിലും ഡിസ്കസ്ത്രോയിലും പരിശീലിച്ചത്. അതിലും എല്ലാ വര്‍ഷവും ഒന്നാം സ്ഥാനമണ് കിട്ടിയത്. ചെറുപ്പത്തിലെ നിത്യ പരിശീലനം എനിക്ക് ഗുണമാണ് നല്‍കിയിരിക്കുന്നതെന്നു തോന്നി. ഏതു ഭീകരാവസ്ഥയിലും മനുഷ്യനു മനസ്സിലുണ്ടകുന്ന ഭീതീയേക്കാള്‍ ആത്മധൈര്യമാണ് ആവശ്യമെന്ന് ഈ സംഭവത്തിലൂടെ പഠിച്ചു. പുറത്തു മഞ്ഞു പെയ്തുകെണ്ടിരുന്നു. ജനാലകളിലും മഞ്ഞു പറ്റിപ്പിടിച്ചിരുന്നു.

ന്നു. ജനാലകളിലും മഞ്ഞു പറ്റിപ്പിടിച്ചിരുന്നു.
നിത്യവും മഞ്ഞു നിറഞ്ഞ റോഡിലൂടെ രാവിലെ ഏഴുമണിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി ഷോര്‍ട്ട്ഹാന്‍ഡ് എഴുതിയിട്ട് മിനിബസ്സില്‍ റാഞ്ചി എക്സപ്രസ് പത്ര ഓഫിസ്സിലേക്ക് പോയിരുന്നു. കേസ്സില്‍പ്പെട്ട് മിശ്രയും കൂട്ടരും ഒളിവില്‍ പോയിരുന്നു. ചില മലയാളി ശത്രുക്കള്‍ എന്നെ പകയോടെ നോക്കിയെങ്കിലും കൂടുതല്‍ മലയാളികളുടെ മനസ്സില്‍ ഞാനൊരു മലയാളിഗുണ്ടയായി മാറിക്കഴിഞ്ഞു. മിനി ബസ്സില്‍ യാത്ര ചെയ്തിരുന്ന രണ്ടു മലയാളകള്‍ എന്നെ അഭിനന്ദിച്ചു. ഇവിടെ ചില മലയാളി ഗുണ്ടകളുണ്ട് ഈ മിശ്രയേപ്പോലുളള ഗുണ്ടകളെ നേരിടാന്‍ മുന്നോട്ടു വരില്ല. മുട്ടു വിറയ്ക്കും. മദ്രാസ്സി എന്നു പറഞ്ഞാല്‍ തല്ലുകൊളളികള്‍ എന്നാ അവന്മാരുടെ ധാരണ. മറ്റുളളവന്‍റെ ചെലവില്‍ തിന്നും കുടിച്ചും കുടവയറുമായി നടക്കുന്ന നാറികള്‍. ഞാന്‍ തിരിച്ചു ചോദിച്ചു. നിങ്ങള്‍ക്കും സമൂഹത്തോട് ഒരു ഉത്തരവാദത്വമില്ലേ. കുറ്റബോധത്തോടെയവര്‍ പ്രതികരിച്ചു, ഭാര്യയും കുട്ടികളുമായി ജീവിക്കുന്ന ഞങ്ങള്‍ക്ക് അതിനു കഴിയാറില്ല. സോമന്‍ ചെയ്തത് ഞങ്ങളുടെ കടമ തന്നെയാ. എന്നാലും സൂക്ഷിച്ചോണം കേട്ടോ. എന്തെന്നില്ലാത്ത ആത്മധൈര്യമാണ് അവര്‍ നല്‍കിയത്.
ഓരോരുത്തര്‍ ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറയുന്നു. ഇവരുടെയെല്ലാം ഉളളില്‍ ഈ കൂട്ടരോട് പകയുണ്ട്. അവരെ നേരിടാനുളള മനോധൈര്യമില്ലാത്തത് അവരുടെ ജീവിത ചുറ്റുപാടുകള്‍ മാത്രമെന്ന് മനസ്സിലായി. സ്നേഹാദരവുളള മനുഷ്യരും ഇവിടെ ഉളളത് ആദ്യമായിട്ടാണ് ഞാന്‍ തിരിച്ചറിഞ്ഞത്. ഒരു ദിവസം റാഞ്ചിയില്‍ നിന്നു ദുര്‍വ്വയിലേക്ക് മിനി ബസ്സില്‍ വരുമ്പോള്‍ ആ ബസ്സില്‍ കോള്‍ ഇന്ത്യാ കമ്പനിയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ ഒരു അബ്രഹാമുണ്ടായിരുന്നു. എന്നോട് ചോദിച്ചു വര്‍ഗ്ഗീസ്സിന്‍റെ അനുജനാ അല്ലേ. അതെയെന്ന് ഞാന്‍ മറുപടി കൊടുത്തു. അദ്ദേഹത്തെ എനിക്കറിയാം. ഉന്നത ജോലിയുളള ആളാണ്. എന്നെ എങ്ങനെ തിരിച്ചറിഞ്ഞു. അതറിയില്ല. എന്നോട് ചോദിച്ചു എനിക്കൊരു സഹായം വേണം. പെട്ടെന്ന് എന്‍റെ മനസ്സില്‍ ഒരു ഭീതിയുണ്ടായി. ഏതെങ്കിലും ഗുണ്ടയെ തല്ലാനാണോ. മനസ്സമാധാനത്തോടെ ജീവിക്കാന്‍ ഇവര്‍ സമ്മതിക്കത്തില്ലേ?. എന്‍റെ നിരാശ നിറഞ്ഞ മുഖത്തേക്ക് നോക്കി പറഞ്ഞു. ഞങ്ങള്‍ അടുത്തയാഴ്ച്ച നാട്ടില്‍ പോകുകയാണ്. ഇവിടുത്തുകാര്‍ പലപ്പോഴും അവധിക്കു പോകുന്ന വീടുകളില്‍ മോഷണം നടത്താറുണ്ട്. വീട്ടുസാധനങ്ങള്‍ കൂട്ടത്തില്‍ കൊണ്ടുപോകാന്‍ പറ്റില്ലല്ലോ. സോമന് സാധിക്കുമെങ്കില്‍ ഒരു മാസം എന്‍റെ നീട്ടില്‍ ഒരു ഗെസ്റ്റായി താമസ്സിക്കണം. ചെലവുകള്‍ എന്തും ഞാന്‍ വഹിച്ചോളാം. മനസ്സമാധാനത്തോടെ പോകാനാണ്. പറ്റുമോ?. മനുഷ്യന്‍റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തുന്നതാണ് മോഷണം.
അദ്ദേഹം എന്‍റെ കണ്ണുകളിലേക്ക് നോക്കിയിരുന്നു. ഞാന്‍ യാതൊരു മടിയും കൂടാതെ തയ്യാറെന്നറിയിച്ചു. പ്രതീക്ഷിച്ചതു പോലെ സംഭവിച്ചതില്‍ അദ്ദേഹം നന്ദി അറിയിച്ചു. സത്യത്തില്‍ ഞാനാണ് നന്ദി പറയേണ്ടത്. ഹൃദയത്തില്‍ എപ്പോഴും സൂക്ഷിച്ചിരുന്ന ഒരു കാര്യമാണ് ജ്യേഷ്ഠന്‍റെയടുത്തു നിന്നു മാറി താമസ്സിക്കണമെന്ന്. ജ്യേഷ്ഠത്തി കഴിഞ്ഞയാഴ്ച്ച എന്നോട് പ്രതിഷേധം രേഖപ്പെടുത്തിയത് ഞാനല്പം കല്‍ക്കരിയെടുത്ത് മണ്ണുകൊണ്ടുളള അടുപ്പില്‍ തീ കത്തിച്ച് ചൂടു കൊണ്ടിരിക്കുമ്പോഴാണ്. ആ രംഗം കണ്ടിട്ട് അതിലേക്ക് വെളളം കോരിയൊഴിച്ചിട്ട് തീ അണച്ചു. നല്ല തണുപ്പായതിനാല്‍ ഏതാനും കല്‍ക്കരി കത്തിച്ച് ചൂടിനായി ശ്രമിച്ചതാണ്. നാട്ടിലേതു പോലെ വിറക് കൊളളികള്‍ ഇവിടെ വെറുതെ കിട്ടില്ല. അതാണ് ജ്യേഷ്ഠത്തിയും പറഞ്ഞത്. ഇതു കാശു കൊടുത്തു വാങ്ങുന്നതാണ്. വെറുതെ കത്തിച്ചു കളയാനുളളതല്ല.
വിഷാദം നിറഞ്ഞ മനസ്സോടെ ഞാന്‍ പുറത്തേക്ക് ഇറങ്ങി നടന്നു. തടഞ്ഞു നിര്‍ത്തിയ കണ്ണുനീര്‍ത്തുളളികള്‍ അടര്‍ന്നു വീണു. കണ്ണുകള്‍ തുടച്ചുകൊണ്ട് ഞാന്‍ കടയിലേക്ക് നടന്നു. അവിടുത്തെ അടുപ്പില്‍ ആളികത്തുന്ന ചൂളകളുണ്ട്. എപ്പോഴും എന്‍റെ കണ്ണുകളില്‍ പ്രത്യാശയുടെ കിരണങ്ങളായിരുന്നു. മനോദുഖങ്ങളിലും ഞാന്‍ ചോദിക്കും ഈ നിസ്സാര കാര്യങ്ങളെ ഓര്‍ത്ത് എന്തിന് വ്യാകുലപ്പെടണം. മനഷ്യജന്മത്തില്‍ ഭാഗ്യങ്ങളും ദൗര്‍ഭാഗ്യങ്ങളും ഉളളതല്ലേ. ജീവിതത്തില്‍ ലഭിക്കുന്ന തിരിച്ചടികളില്‍ നിന്ന് മാത്രമേ തന്‍റേടവും സ്നേഹവും സമാധാനവും വളര്‍ത്തിയെടുക്കാന്‍ കഴിയു എന്ന് ഞാന്‍ എന്നെതന്നെ പഠിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെയായാല്‍ എല്ലാ നിരാശകളും വേദനകളും മാറി പുതിയ ആശയങ്ങളിലേക്ക് മനസ്സു മാറും. അതിലാണ് എന്‍റെ എല്ലാ പ്രതീക്ഷകളുമുളളത്. അതു യാഥാര്‍ത്ഥ്യമാകുമോ?.
ഒരു സായംസന്ധ്യയില്‍ കുണ്ടറയാശാന്‍ അപ്പുവിന്‍റെ കടയില്‍ വന്നു. കുണ്ടറയാശാന്‍ മിശ്രയുടെ സംഘത്തില്‍പ്പെട്ടതല്ല. തിവാരി സംഘത്തില്‍പെട്ടയാളാണ്. മിശ്രയുടെ ആക്രമണത്തെപ്പറ്റി അറിയുവാനും എന്നെ കാണാനുമാണ് വന്നത്. നെറ്റിയില്‍ ചന്ദനക്കുറിയും, ഗാംഭീര്യമാര്‍ന്ന നോട്ടവും, കട്ടിയുളള കറുത്ത മീശയും അത്യന്തം ആകര്‍ഷകമാണ്. കുണ്ടറയാശാന്‍ വന്നപ്പോള്‍ ബഹുമാന പുരസ്സരം എഴുന്നേറ്റു നിന്നു. അദ്ദേഹത്തിനു ഗുണ്ടയെന്ന പേര് നാട്ടുകാര്‍ ചാര്‍ത്തിക്കൊടുത്താലും അധര്‍മ്മത്തിനു കൂട്ടുനില്‍ക്കുന്ന ആളല്ലായിരുന്നു. മലയാളിയുടെ കടയില്‍ കയറി അക്രമം കാണിച്ചവനെ നിങ്ങള്‍ അടിച്ചൊതുക്കിയത് നന്നായി എന്ന് ആശാന്‍ അപ്പുവിനെ ധരിപ്പിച്ചു. ഇവിടുത്തെ ഗുണ്ടാസംഘങ്ങള്‍ പരസ്പരം പകയുളളവരെന്നും ഒരു കൂട്ടര്‍ പരാജയപ്പെട്ടാല്‍ മറ്റു സംഘങ്ങള്‍ സന്തോഷിക്കുമെന്നും അപ്പുവിനറിയാം. എന്നെപ്പറ്റി ആശാന്‍ അപ്പുവുമായി സംസ്സാരിച്ചു. ആ വരവിന്‍റെ പ്രധാന ഉദ്ദേശ്യം എന്നെ ആ സംഘത്തില്‍ ചേര്‍ക്കാനായിരുന്നു.
അടുക്കളയില്‍ നിന്ന് എന്നെ അപ്പു വന്നു വിളിച്ചു. ഞാന്‍ പുറത്തേക്കു വന്നു. അപ്പു എന്നെ ആശാനു പരിഅടുക്കളയില്‍ നിന്ന് എന്നെ അപ്പു വന്നു വിളിച്ചു. ഞാന്‍ പുറത്തേക്കു വന്നു. അപ്പു എന്നെ ആശാനു പരിചയപ്പെടുത്തി. മറ്റുളളവര്‍ പറഞ്ഞുകേട്ടതു പോലെ ഇവന്‍ ധൈര്യശാലിയാണോ. ഒരാളുടെ സാമര്‍ത്ഥ്യം അവന്‍റെ ശരീര ഭംഗിയിലല്ലല്ലോ. അപ്പു ആവി പറക്കുന്ന ചായ ആശാനു നല്‍കി. അപ്പുവിനോട് അറിയിച്ചു. ഇനിയും അവന്മാര്‍ വന്നാല്‍ എന്‍റെ ആള്‍ക്കാരും ഇവിടൊക്കെ കാണും. നിങ്ങള്‍ ഒറ്റയ്ക്കല്ല. വര്‍ഗ്ഗീസ്സിനോട് പറഞ്ഞേക്ക്. ആശാന്‍ എന്നേയും കൂട്ടി കടയ്ക്കു മുന്നിലേക്കിറങ്ങി മറ്റളളവര്‍ കാണാന്‍ വേണ്ടി ചായ കുടിച്ചുകൊണ്ട് പറഞ്ഞു. ഇനിയും നിനക്കൊപ്പം ഞാനുണ്ട്. ഇവിടെ ഒരുത്തനേയും ഭയക്കേണ്ട. നീ ഞങ്ങളുടെ സംഘത്തിലെ ഗുണ്ടയായി ദുര്‍വ്വായില്‍ ഉണ്ടായാല്‍ മതി. ഞാന്‍ സംശയത്തോടെ നോക്കി നിന്നു. അവിടേക്ക് രണ്ടു ഹിന്ദിക്കാര്‍ വന്ന് ആശാനുമായി സംസ്സാരിച്ചു. നിങ്ങളുടെ നോട്ടം ഇവിടെ വേണം. ഇവന്‍റെ പേര് സോമന്‍ അവനോടൊപ്പം നിന്നുകൊളളണം. പിന്നെക്കാണാം എന്ന് പറഞ്ഞിട്ട ചായയുടെ ഗ്ളാസ്സ് എന്‍റെ കൈയ്യില്‍ തന്നിട്ട് നടന്നു പോയി. രണ്ടു ഗുണ്ടകള്‍ റോഡില്‍ നിലയുറപ്പിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *