കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 29 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

Facebook
Twitter
WhatsApp
Email

അദ്ധ്യായം – 29

ലുധിയാനയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക്


ഞാന്‍ കൊടുത്ത പരാതിയില്‍ നേട്ടമുണ്ടാക്കാന്‍ അവിടുത്തെ യൂണിയന്‍കാരും ശ്രമിച്ചു. മെഡിക്കല്‍ കോളജില്‍ നിന്ന് ആശുപത്രിയിലേക്കുളള വഴിയില്‍ യൂണിയന്‍കാരുടെ ഒരു കുഞ്ഞു ബോര്‍ഡുണ്ട്. അധികം അംഗങ്ങളൊന്നും ഈ യൂണിയനിലില്ല. കുറേ ഉത്തരേന്ത്യക്കാര്‍ മാത്രം. ആ ബോര്‍ഡില്‍ ഈ സ്ഥാപനത്തില്‍ നടക്കുന്ന തെറ്റുകുറ്റങ്ങള്‍ എഴുതിയിടുക പതിവാണ്. അത് രോഗിയുടെ മാത്രമല്ല തൊഴില്‍ ചെയ്യുന്നവരുടെ കാര്യത്തിലും അങ്ങനെയാണ്. അന്നത്തെ ബോര്‍ഡില്‍ എഴുതിയത് ജി. എസിന്‍റെ ഓഫിസിലെ അഴിമതി അവസാനിപ്പിക്കുക എന്നായിരുന്നു. അവിശ്വാസത്തോടെയാണ് പലരും അത് വായിച്ചത്. അതില്‍ ചിലര്‍ അമര്‍ഷവും രേഖപ്പെടുത്തി. ഞാനും അതു വായിച്ചു. എന്‍റെ പരാതി യൂണിയന്‍കാരില്‍ എത്തിയത് എങ്ങനെയെന്ന് എനിക്കറിയത്തില്ലെന്ന് ഓമനയുടെ ചോദ്യത്തിന് മറുപടി നല്കി. സാധാരണ സി. എം. സിയുടെ ഏതു പരാതിയും അഡ്മിന്‍ കമ്മിറ്റിയുടെ പരിഗണനയ്ക്ക് കൊടുക്കും. അഡ്മിന്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ ജി. സാണ് എന്നാല്‍ എന്‍റെ പരാതി ജി.എസിനൊപ്പം കമ്മിറ്റിയിലുളള എല്ലാവര്‍ക്കും ഞാന്‍ വിതരണം ചെയ്തു. കാരണം എന്‍റെ പരാതി ജി. എസ് മുഖവിലക്ക് എടുക്കില്ലെന്നു ഞാന്‍ ഭയന്നിരുന്നു. കളളനെ കാത്തു സംരക്ഷിക്കുന്നതു പോലെ ഇതും സ്വന്തം അധികാര കസേരയുടെ മൂലയില്‍ വിശ്രമിക്കാതിരിക്കാനാണ് അങ്ങനെ ചെയ്തത്. മാനം വേണമെങ്കില്‍ മൗനം വെടിയട്ടെ.
എല്ലാ മലയാളികളും അഡ്മിന്‍ പറയുന്നതുകേള്‍ക്കുന്ന വരാണെന്നറിയാം. അതില്‍ ചിലര്‍ക്ക് ആഹ്ളാദമുളളത് യൂണിയന്‍കാരുടെ ഇടപെടല്‍ ഉണ്ടായതാണ്. മലയാളിയുടെ സാന്നിദ്ധ്യം ഇവിടെ എല്ലാ രംഗത്തുമുണ്ട്. അതില്‍ മലയാളികളല്ലാത്ത വകുപ്പു തലവന്മാര്‍ക്ക് ഒരല്പം അസൂയയുമുണ്ടെന്നെനിക്കറിയാം. അതിലാരോ ഒരാളാണ് ഇതു യൂണിയന്‍കാര്‍ക്ക് കൊടുത്തത്. ഞാന്‍ ഒരു ദിവസം ആശുപത്രിയില്‍ ചെന്നപ്പോള്‍ വരാന്തയില്‍ ഇ. എന്‍.റ്റി യുടെ തലവന്‍ ഡോ. കുന്തന്‍ലാല്‍ എന്നെ അഭിനന്ദിച്ചു പറഞ്ഞു. നീ ഇത് ഒളിപ്പിച്ചു വയ്ക്കാഞ്ഞത് നന്നായി. അത് ഒരു മുട്ടുസൂചിയായാല്‍ പോലും തെറ്റു ചൂണ്ടിക്കാട്ടണം. ആശുപത്രിയില്‍ പോയത് ഓഫീസില്‍ വന്നിട്ടുളള കത്തുകള്‍ ലാസറില്‍ നിന്നു വാങ്ങാനാണ്. ഞാനുമായി കത്തിടപാടുളള എല്ലാവര്‍ക്കും ഇനിയും ഈ അഡ്രസ്സില്‍ എഴുതരുതെന്നും ഞങ്ങള്‍ ഡല്‍ഹിക്ക് പോകാനുളള തയ്യാറെടുപ്പിലാണെന്നും എഴുതി.
ഇവിടെ എത്രയോ പെണ്‍കുട്ടികള്‍ ആശുപത്രി ഹോസ്റ്റലില്‍ നിന്നു പഠിക്കുന്നു. പലരും പുറമെ മുറികള്‍ വാടകക്കെടുത്തു താമസിക്കന്നു. ഇവളും കൂട്ടുകാര്‍ക്കൊപ്പം താമസ്സിച്ച് ജോലി ചെയ്യട്ടെയെന്ന് അറിയിച്ചതാണ്. മകള്‍ക്ക് ഇഷ്ടമാണെങ്കിലും അമ്മയ്ക്ക് ഇഷ്ടമല്ല. കാലം മുന്നേറുന്നതും സമര്‍ത്ഥരായ പെണ്‍കുട്ടികള്‍ വിദേശങ്ങളില്‍ പണി ചെയ്ത് അന്തസ്സായി ജീവിക്കുന്നതും ഗ്രാമവാസിയായ എന്‍റെ പെങ്ങള്‍ തിരിച്ചറിയുന്നില്ല. ഇവരുടെ മനസ്ഥിതിക്കു എന്നാണ് മാറ്റമുണ്ടാകുക? ജോളിയെ പെങ്ങളുടെ നിര്‍ബന്ധപ്രകാരം നാട്ടിലേക്കയച്ചു. ഓമന രാവിലെ ജോലിക്ക് പോയിട്ടുവന്നു പറഞ്ഞു. അണ്ണന്‍ വര്‍ഡില്‍ വന്നിട്ടു പറഞ്ഞു ഞാനുമായി വൈകിട്ടു വീട്ടിലേക്കൊന്നു ചെല്ലണമെന്ന്. സി. എം. സി.യിലെ അസിസ്റ്റന്‍റ് ട്രഷററാണ് ദാസ് എന്ന പേരുളള എല്ലാവരുടേയും പ്രിയങ്കരനായ അണ്ണന്‍. തമിഴ്നാട്ടുകാരനാണെങ്കിലും എല്ലാവരും ഹൃദയം തുറന്നു സ്നേഹിക്കുന്ന മഹല്‍ വ്യക്തി. പാവപ്പെട്ട രോഗികള്‍ക്കു പണമടയ്ക്കാനില്ലാതെ വരുമ്പോള്‍ ഇദ്ദേഹത്തെയാണ് എല്ലാവരും ആശ്രയിക്കുന്നത്. ഞാനും സഹായം തേടി മുന്നില്‍ ചെന്നിട്ടുണ്ട്. അതില്‍ ദക്ഷിണേന്ത്യക്കാരാണ് കൂടുതല്‍. പ്രായം അറുപതു കഴിഞ്ഞെങ്കിലും ആ മുഖഭാവം സ്നേഹം നിറഞ്ഞു തുളുമ്പുന്നതാണ്. അദ്ദേഹത്തിന്‍റെ ഭാര്യ ഒരു വാര്‍ഡിലെ നഴ്സിംഗ് സൂപ്പര്‍വൈസറാണ്. ഇദ്ദേഹത്തിന്‍റെ അക്കൗണ്ട്സ് വകുപ്പില്‍ വന്നാണ് എല്ലാവരും ശമ്പളം വാങ്ങുന്നത്.
ഞാന്‍ അസോസ്സിയേഷന്‍റെ ട്രഷററായിയിരിക്കുമ്പോള്‍ ഇവിടുത്തെ അക്കൗണ്ടന്‍റ് മാത്യു അസോസ്സിയേഷന്‍റെ പ്രസിഡന്‍റായിരുന്നു. ഇപ്പോഴും തുടരുന്നു. സി. എം. സിയിലെ സഖറിയ, മാത്യു, മെഡിസിന്‍റെ തലവന്‍ ഡോ. അലക്സാണ്ടര്‍ ഇവരൊക്കെ മലയാള ഭാഷയ്ക്കും സംസ്കാരത്തിനും എന്നും വിരുന്നൊരുക്കുന്നവരാണ്. എന്നോടൊപ്പമുണ്ടായിരുന്ന ഡോ. അലക്സ്സിന്‍റെ ബന്ധുവായ വല്‍സയും അവിടെ ജോലിയുളള മൈക്രോബയോളജിയിലെ തമിഴ്നാട്ടുകാരനായ പീറ്ററുമായുളള വിവാഹം ഞങ്ങള്‍ വീട്ടില്‍ പോയ സമയത്തു നടന്നിരുന്നു. ഞങ്ങള്‍ തിരികെ ചെന്നപ്പോള്‍ അവര്‍ക്ക് വിരുന്നുകൊടുത്തു.
മെഡിക്കല്‍ കോളജിനടുത്തുളള വല്‍സയുടെ വീട്ടില്‍ പോയപ്പോള്‍ സെക്രട്ടറി ജോണിന്‍റെ വീട്ടിലും കയറി. അണ്ണന്‍ എന്നെ വിളിപ്പിച്ചത് വിരുന്നു സത്ക്കാരത്തിനായിരിക്കുകയില്ല എന്‍റെ പരാതിയുടെ കാര്യം പറയാനായിരിക്കുമെന്നു തോന്നി. ഇതല്ലാതെ ഒരു കാര്യവുമില്ല. അദ്ദേഹം വിളിച്ചാല്‍ പോകാതിരിക്കാനുമാകില്ല. ഞാനും ഓമനയും കൂടി അദ്ദേഹത്തിന്‍റെ ഭവനത്തില്‍ ചെന്നു.സ്നേഹപൂര്‍വ്വം സ്വീകരിച്ചിരുത്തി കാപ്പിയും തന്നിട്ട് ദീര്‍ഘമായി എന്‍റെ പരാതിയെക്കുറിച്ച് സംസാരിച്ചു. എന്നില്‍ ചെറിയ പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു. നീയൊരു എഴുത്തുകാരനാണെന്നും എഴുത്തുകാര്‍ ചില പ്രത്യേക സ്വഭാവക്കാരാണെന്നും അനീതിയെ എതിര്‍ക്കുന്നവരെന്നും എനിക്കറിയാം. നിന്‍റെ പരാതിയിപ്പോള്‍ ഒരു തലവേദനയായിരിക്കുന്നു.
നിനക്കറിയാമല്ലോ നമ്മുടെ ആള്‍ക്കാര്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നത് പലര്‍ക്കും ഇഷ്ടമല്ലെന്ന്. അതിനാല്‍ നീ കൊടുത്ത പരാതി പിന്‍വലിക്കണം. അതു പറയാനായണ് ഇങ്ങോട്ടു വരാന്‍ പറഞ്ഞത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ എനിക്ക് ഒരു സംതൃപ്തിയും തന്നില്ല,അസ്വസ്ഥതയാണുണ്ടാക്കിയത്. പതിറ്റാണ്ടുകളായി ഈ സ്ഥാപനത്തിന്‍റെ ഉയര്‍ച്ചക്കായി പ്രവര്‍ത്തിക്കുന്ന അണ്ണന്‍റെ വാക്കുകള്‍. തളളിക്കളയുന്നതിനുളള മനോവേദനയുണ്ടെങ്കിലും ബഹുമാനപുരസരം പറഞ്ഞു, അണ്ണാ ഞാന്‍ ഒരിക്കലും ജി.എസിന് എതിരായി ഒന്നും ചെയ്യാന്‍ ആഗ്രഹിച്ചതല്ല. അദ്ദേഹം കരുത്തനായ ഒരു ഭരണാധികാരിയായിരുന്നു എങ്കില്‍ എന്‍റെ പരാതിയില്‍ നിന്ന് ഒഴിഞ്ഞുമാറില്ലായിരുന്നു. അന്യായം ചെയ്യുന്നവരെ നിരപരാധിയായിവിട്ടാല്‍ അത് എന്‍റെ മനസിനേല്‍ക്കുന്ന മുറിവാണ്. അതു കൊണ്ട് മുറിവുണ്ടാക്കിയവര്‍ തന്നെ അതിനെ എങ്ങനെയും ചികില്‍സിച്ച് സുഖപ്പെടുത്തട്ടെ. ഇതിന് ഉത്തരം കണ്ടെത്താന്‍ എനിക്കാവില്ല. അണ്ണന്‍ എന്നോടു പൊറുക്കണം.
അത്രയും പറഞ്ഞിട്ട് ഞാനിറങ്ങി നടന്നു. അദ്ദേഹം എല്ലാവരേയും കാണുന്നത് ഒരു കുടുംബത്തിലെ അംഗത്തെപ്പോലെയാണ്. ഞാനിറങ്ങി റോഡില്‍ ഓമനയെ പ്രതീക്ഷിച്ചു നിന്നു. ഞങ്ങള്‍ വീട്ടിലേക്ക് നടന്നു. അവളോട് അണ്ണന്‍ പറഞ്ഞത്, നീ അവനോട് ഒന്ന് പറഞ്ഞ് ആ പരാതി പിന്‍വലിപ്പിക്ക്. അണ്ണന് നിരാശയുണ്ട്, അനീതിയെ ഒരിക്കലും അംഗീകരിക്കുന്ന ആളല്ല ഭര്‍ത്താവ്. എന്ന് അവള്‍ക്കും അറിയാം എത്രമാത്രം ശക്തമായ ഇടപെടലുകളുണ്ടായാലും സത്യത്തിനൊപ്പമേ നില്‍ക്കുവെന്ന്. എല്ലാ മനുഷ്യരും എല്ലാറ്റിനും തലകുലുക്കുന്നവരല്ല. റാഞ്ചിയിലുണ്ടായ സംഭവങ്ങളൊക്കെ കേട്ടറിവു മാത്രമായിരുന്നു. ഇപ്പോള്‍ നേരില്‍ കണ്ടത് ആ തിരിച്ചറിവാണ് ഉണ്ടാക്കിയത്. അവിടെ നിശബ്ദനായി വേണമെങ്കില്‍ അതിന്‍റെയെല്ലാം പങ്കുപറ്റി ജീവിക്കുന്ന ഒരാളായിരുന്നെങ്കില്‍ ഇതൊന്നുമുണ്ടാകില്ലായിരുന്നു. മനുഷ്യന്‍റെ അത്യാഗ്രഹമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് ഓമനയും അഭിപ്രായപ്പെട്ടു.
ഓമനയ്ക്ക് ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇന്‍റര്‍വ്യൂ കാര്‍ഡ് വന്നു. സി. എം. സിയില്‍ രാജിക്കത്ത് കൊടുത്തു. എനിക്ക് സമ്മാനമായി കിട്ടിയ സൈക്കിള്‍ മടക്കിക്കൊടുത്തു. അതു കൊടുക്കുമ്പോള്‍ സര്‍ദാര്‍ജി അവിടെയില്ലായിരുന്നു. ജോലിക്കാരനോട് പറഞ്ഞേല്‍പിച്ചു അദ്ദേഹം വരുമ്പോള്‍ കൊടുക്കണമെന്ന്. വിജയ് ഉമ്മന്‍, ഓഫിസിലെ ഫാസ്സില്‍, മാത്യു ഡോക്ടര്‍, സൂപ്രണ്ട് ചന്ദര്‍, ലാസര്‍, സഖറിയ അങ്ങനെ ധാരാളം സഹപ്രവര്‍ത്തകര്‍, കൂട്ടുകാരോട് വിടപറയുമ്പോള്‍ എല്ലാവരുടേയും മുഖത്ത് ഒരു ശോകഭാവം നിഴലിച്ചിരുന്നു. ഇതിന് മുന്‍പ് തന്നെ ഗുരുദാസ്പുരിയില്‍ പോയി ഫാദര്‍ ഗിഡോ, സിസ്റ്റര്‍ സൂസി, യോഗിസംഘത്തിലെ സര്‍ദാര്‍ജി എല്ലാവരോടും യാത്ര പറഞ്ഞു.
ഞങ്ങള്‍ ഡല്‍ഹിയിലേക്ക് യാത്രയായി. രാമേട്ടന്‍ സ്റ്റേഷനില്‍ വന്നിരുന്നു. അദ്ദേഹത്തിന്‍റെ വീട്ടിലാണു താമസിച്ചത്. ഓമനയുടെ ഇന്‍റര്‍വ്യൂ ദിവസം ഞങ്ങള്‍ നഴ്സിംഗ് ഓഫീസിലേക്ക് പോയി. അകത്തേക്ക് ഇന്‍റര്‍വ്യൂവിനു പോയ ആള്‍ പെട്ടെന്ന് തിരിച്ചു വന്നപ്പോള്‍ ആ മുഖത്തേക്ക് ആശങ്കയോടെ നോക്കി ചോദിച്ചു. എന്തു പറ്റി ഇന്‍റര്‍വ്യൂ നടന്നില്ലേ. അവള്‍ പുഞ്ചിരിച്ചിട്ടു പറഞ്ഞു, എല്ലാം കഴിഞ്ഞു.അതു പൂര്‍ണമായി ഉള്‍ക്കൊളളാന്‍ കഴിയാതെ വീണ്ടും ചോദിച്ചു. ഇത്ര പെട്ടെന്ന് ഇന്‍റര്‍വ്യൂ കഴിയുമോ. അവളുടെ മിഴികളില്‍ ആഹ്ളാദം മിന്നിമറഞ്ഞു. മുഖത്തും അതു ദൃശ്യമായി. ഇത്ര മതിമറന്ന് ആഹ്ളാദിക്കാന്‍ എന്തുണ്ടായി. പുറത്ത് ഇറങ്ങിയപ്പോള്‍ പറഞ്ഞു. സി. എം.സി. ആശുപത്രിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചിട്ടു പറഞ്ഞു, സി.എം.സിയില്‍ നിന്ന് വരുന്നവരോട് പ്രത്യേകം ചോദ്യമൊന്നും ചോദിക്കാനില്ല, നിന്നെ ജോലിക്ക് എടുത്തിരിക്കുന്നു.
സി.എം.സിയെപ്പറ്റി ആ രംഗത്തുളളവരുടെ തിരിച്ചറിവ് അന്നാണ് അഗാധമായി ഞാനറിയുന്നത്. അവിടുത്തെ ഓരോ ജോലിക്കാരിലും വിശുദ്ധിയുളള ഒരാത്മാവുണ്ടെന്ന് എനിക്കറിയാം. അതില്‍ ഏതാനം ഭൂതബാധയേറ്റവര്‍ ഭൗതീക നേട്ടത്തിനായി എന്തെങ്കിലും ചെയ്തതുകൊണ്ട് സി.എം.സി യുടെ നേട്ടങ്ങളെ നിരുപാധികം തളളിക്കളയാനാവില്ല. എനിക്കു വേണ്ടിയുളള ജോലി ഏതെങ്കിലും പത്രത്തില്‍ രാമേട്ടന്‍ നോക്കുന്നെന്ന് പറഞ്ഞപ്പോള്‍ എനിക്ക് പത്ര ഓഫീസുകളില്‍ താല്‍പര്യമില്ലെന്നും വേറെ ജോലി ശരിയായിട്ടുണ്ടെന്നുമറിയിച്ചു. ആദ്യം വേണ്ടത് താമസിക്കാനൊരു വീടാണ്. ഒരാഴ്ച്ചക്കുളളില്‍ തന്നെ ഇന്ത്യാ ഗേറ്റിനടുത്തുളള കസ്തൂര്‍ബ ഗാന്ധിമാര്‍ഗില്‍ കേരള സ്കൂളിന് പിറകിലുളള സപ്തരജ്ഞന്‍ ആശുപത്രി ജീവനക്കാരുടെ പതിനാലാം നമ്പര്‍ ക്വാര്‍ട്ടര്‍ ഞങ്ങള്‍ വാടകയ്ക്കെടുത്തു. അത് ഒരു നഴ്സിന്‍റെ ക്വാര്‍ട്ടറായിരുന്നു. അതിന്‍റെ അവകാശികള്‍ ആശുപത്രിക്കടുത്ത് വാടകയ്ക്ക് താമസിച്ചുകൊണ്ട് ഇത് വാടകയ്ക്ക് കൊടുക്കുന്നു. അവിടെ ജോലിയുളള എന്‍റെയൊരു സുഹൃത്ത് വര്‍ഗ്ഗീസിന്‍റെ ഭാര്യ മാഗിയാണ് വീട് റെഡിയാക്കിയത്. ഓമനയ്ക്ക് അല്പം ദൂരമുണ്ടെങ്കിലും എന്‍റെ ഓഫീസിനടുത്തായിരുന്നു. നിത്യവും ഓമന ബസ് കയറുന്നത് പട്യാല കോര്‍ട്ടിനു മുന്നില്‍ നിന്നും, മടങ്ങി വന്നിറങ്ങുന്നത് ഇന്ത്യാ ഗേറ്റിനടുത്തുളള റെയില്‍വേ ഹെഡ്ക്വാര്‍ട്ടേഴ്സിന്‍റെ മുന്നിലുമാണ്.
എനിക്കു രജീവ് ഖന്ന വഴി ലഭിച്ച ജോലി ന്യൂഡല്‍ഹി ഹൗസിലാണ്. രാജീവ് ഖന്നയുടെ അച്ഛന്‍ ഇരിക്കുന്നത് ഡല്‍ഹി ഒബ്റോയ് ഹോട്ടലിലും മൂത്ത ജേഷ്ഠന്‍ ഗോപാല്‍ ഖന്നയിരിക്കുന്നത് മുംബൈ ഒബ്റോയ് ഹോട്ടലിലുമാണ്. രാജീവ് ഖന്നയ്ക്ക് ഹോട്ടലുകളുടെ പങ്കാളിത്തവും മറ്റ് ബിസിനസ്സുകളും ഉണ്ടെങ്കിലും ഇദ്ദേഹത്തിന് ഏറെ ഇഷ്ടം കാര്‍ സവാരിയാണ്.
ന്യൂഡല്‍ഹിയിലുളള സോക്കോത്ര ഇന്‍ന്‍റര്‍നാഷണല്‍ മാളവീയ നഗറിനടുത്തുളള കട്ടാന ഫുഡ്, ക്രഞ്ചി, വഫേഴ്സ് തുടങ്ങിയ ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങളണ്. സോക്കോത്രയുടെ പഴ്സണല്‍ മാനേജര്‍ പാലക്കാട്ടുകാരന്‍ കൃഷ്ണ അയ്യരാണ്. എന്നെ നിയമിച്ചരിക്കുന്നത് അസിസ്റ്റന്‍റ് പഴ്സണല്‍ മാനേജരായിട്ട് മാളവിക നഗറിലേക്കാണ്. ആദ്യം ജോലി ആരംഭിക്കുന്നത് ന്യൂഡല്‍ഹി ഹൗസില്‍ നിന്നാണ്. ജോലി തുടങ്ങിയ ദിവസം തന്നെ കുറെ ഉദ്യോഗാര്‍ത്ഥികളെ ഫാക്ടറിയിലേക്ക് എടുക്കുന്ന ജോലിയാണ് ഏല്‍പ്പിച്ചത്. കട്ടാന ഫുഡ്സിന്‍റെ ഫാക്ടറി കുത്തബ്മീനാര്‍ സ്ഥിതി ചെയ്യുന്ന മെഹ്റോളിയിലാണ്.
രാജീവ് ഖന്ന സ്ഥലത്തുണ്ടെങ്കില്‍ മാത്രം വന്നു പോകും. ആരോടും വളരെ വിനയത്തോടെയാണ് അദ്ദേഹം സംസാരിക്കുന്നത്. സമ്പന്നതയുടെ ഒന്നും നിഗളിപ്പ് ആ മുഖത്തില്ല. എന്‍റെ മൂത്തമകന് രാജീവ് എന്ന് പേരിടാന്‍ കാരണവും അദ്ദേഹത്തിന്‍റ സ്വഭാവഗുണങ്ങളാണ്. സ്നേഹ സമ്പന്നന്‍. ഇദ്ദേഹം ഓഫീസില്‍ വരുന്നത് ബുളളറ്റിനേക്കാള്‍ വലിപ്പമുളള ആകര്‍ഷകമായ മോട്ടോര്‍ സൈക്കിളിലാണ്. ആദ്യമായിട്ടാണ് അതുപോലുളള മോട്ടോര്‍ സൈക്കിള്‍ കാണുന്നത്. ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി ആയിരുന്ന ഫാറൂഖ് അബ്ദുല്ലയില്‍ നിന്ന് വാങ്ങിയതെന്നാണ് കേട്ടത്. മാസങ്ങള്‍ കഴിഞ്ഞതോടെ മുമ്പുണ്ടായിരുന്ന സുഹൃദ്ബന്ധങ്ങളൊക്കെ ഞാന്‍ പുനസ്ഥാപിച്ചു. ഞാനും ഒരു മോട്ടോര്‍ സൈക്കിള്‍ വാങ്ങി. കേന്ദ്രസാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന കേരളത്തില്‍ നിന്നുളള കലാപരിപാടികള്‍ ഓമനയ്ക്കൊപ്പം കാണാന്‍ പോയി. ധാരാളം എം.പി.മാര്‍ കസ്തൂര്‍ബാ റോഡിനടുത്ത് താമസിക്കുന്നുണ്ട്. എന്‍റെ ഒരു ബന്ധു ബേബി റയില്‍ ഭവനിലാണ് ജോലി ചെയ്യുന്നത്. ഇദ്ദേഹം താമസിക്കുന്നത് എം.പി മാര്‍ക്ക് കെടുത്തിട്ടുളള ബംഗ്ളാവു പോലുളള വീടുകള്‍ക്ക് പിറകിലായി ക്വാര്‍ട്ടേഴ്സില്‍ ആണ്.
ഈ സുന്ദരമായ ബംഗ്ളാവുകള്‍ പണി കഴിപ്പിച്ചിട്ടുളളത് ബ്രട്ടീഷുകാരാണ്. അന്നവര്‍ പിറകിലുളള ക്വാര്‍ട്ടേഴ്സ് പണികഴിപ്പിച്ചത് അവരുടെ ജോലിക്കര്‍ക്ക് വേണ്ടിയായിരുന്നു. ഇന്നത് എം.പിമാര്‍ വാടകയ്ക്ക് കൊടുത്തു കാശുണ്ടാക്കുന്നു. ഇവര്‍ പാവങ്ങളുടെ വോട്ടു വാങ്ങി എം.പിയായപ്പോള്‍ എന്തുകൊണ്ട് തൊഴിലില്ലാതെ വലയുന്ന, നല്ല ശമ്പളമില്ലാത്ത സ്വന്തം സംസ്ഥാനത്തു നിന്നുളള പാവങ്ങള്‍ക്ക് ഈ മുറികള്‍ കൊടുക്കന്നില്ലെന്നു തോന്നി. പ്രവര്‍ത്തിയില്ലാതെ പ്രസംഗിക്കുന്നവര്‍. ഇതു പോലെ എം.പിമാര്‍ താമസിക്കുന്ന പല സ്ഥലങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ഇവരില്‍ പലരുയെടും ലക്ഷ്യം സമ്പാദ്യം വര്‍ധിപ്പിക്കലാണെന്ന് മനസിലാക്കി. ജനാധിപത്യത്തിലെ പ്രഭു കുമാരന്മാര്‍!
ഡല്‍ഹിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ താജ്മഹല്‍,ഡല്‍ഹി റെഡ് ഫോര്‍ട്ട്, രാഷ്ട്രപതി ഭവന്‍, മധുരയിലുളള ശ്രീകൃഷ്ണന്‍റെ ജന്മഭൂമി, കുത്തബ് മിനാര്‍ അങ്ങനെ പല സ്ഥലങ്ങളിലും ഞാന്‍ ഓമനയുമായി പോയി. വൈകുന്നേരങ്ങളില്‍ ഇന്ത്യാ ഗേറ്റിനടുത്തുളള പച്ചപ്പുല്‍ത്തകിടിയിലൂടെ കാറ്റു കൊളളാനായി ഞങ്ങള്‍ നടക്കുമായിരുന്നു.
ആ വര്‍ഷം ഞങ്ങള്‍ വീണ്ടും അവധിക്കു പോയിട്ടു വന്നു. ആ യാത്രയും പഴയതു പോലെ ആനന്ദമായിരുന്നു. അന്ന് ഞങ്ങള്‍ എന്‍റെ അമ്മയെ ചികില്‍സിക്കാനായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി. ഡോക്ടര്‍ പരിശോധിച്ചിട്ടു പറഞ്ഞു അമ്മയ്ക്ക് ക്യാന്‍സറാണ്. അവിടെ ചെല്ലുന്നതിനു മുന്നേ ഞാന്‍ മനസിലാക്കിയത് ആദ്യം ആശുപത്രിയിലല്ല പോകേണ്ടത് ക്യാന്‍സര്‍ ഡോക്ടറെ വീട്ടില്‍ പോയി കണ്ട കാശ് കൊടുക്കണം. എങ്കിലേ നല്ല ശ്രദ്ധയും ചികില്‍സയും ആശുപത്രിയില്‍ കിട്ടുകയുളളൂ. ആശുപത്രി കിടക്ക പോലും കാശിന്‍റെ കനം നോക്കിയാണ്. ഞങ്ങള്‍ ആ ദിവസങ്ങളില്‍ താമസിച്ചിരുന്നത് ഹോട്ടലിലായിരുന്നു. ബന്ധുക്കള്‍ കുറച്ചകലങ്ങളിലാണ് താമസിച്ചിരുന്നത്. ഈ ഡോക്ടറെ കാണാന്‍ ധാരാളം പേരുണ്ടായിരുന്നു, കൈക്കൂലി കൊടുത്തു പഠിച്ചവര്‍. പാവം രോഗികളില്‍ നിന്നും പിഴിയുന്നു. അതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ വന്നിട്ട് കേരള കൗമുദിയില്‍ ഞാനൊരു ലേഖനം കൊടുത്തു. അതു വെളിച്ചം കണ്ടു. എന്‍റെ സുഹൃത്ത് രാമചന്ദ്രനാണ് ആ ലേഖനം വന്ന പേജ് എനിക്കയച്ചു തന്നത്. അതില്‍ സി.എം.സിയെ കണ്ടു പഠിക്കണമെന്നം എഴുതിയിരുന്നു. സാഹിത്യ അക്കാദമി ഹാളില്‍ ചിത്രകാരനായ ചങ്ങനാശേരിക്കാരന്‍ ജി.എസ്. പെരുന്നയെയും കേരള ഹൗസില്‍ മാവേലിക്കര രാമചന്ദ്രനെയും ഞാന്‍ പരിചയപ്പെട്ടു. അവരുടെ ഓരോ വാക്കും ചിന്തയും അവസാനിക്കുന്നത് കലാ സാഹിത്യ വിഷയങ്ങളിലാണ്. മലയാളത്തിനിമയുളളവര്‍.
1983ല്‍ ആരോഗ്യവകുപ്പിലേക്ക് ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവരെ തെരെഞ്ഞെടുക്കാന്‍ ഉന്നത ബിരുദധാരികളായ സൗദി ഡോക്ടര്‍മാര്‍ ഡല്‍ഹിയിലെത്തി. അവിടുത്തെ ചില റിക്രൂട്ടിംഗ് ഏജന്‍സികള്‍ ഇംഗ്ളീഷ് പത്രങ്ങളില്‍ ഇതിന്‍റെ പരസ്യം കൊടുത്തു. ഡല്‍ഹിയില്‍നിന്നും അയല്‍ സംസ്ഥാനങ്ങളില്‍നിന്നും ഉദ്യോഗാര്‍ത്ഥികള്‍ അവിടേക്ക് വന്നു.
ആദ്യത്തെ ഇന്‍റര്‍വ്യൂ നടന്നത് ലാജ്പത്തു നഗറിലെ കണ്ടത്തില്‍ ഏജന്‍സിയിലാണ്. പാലക്കാട്ടുകാരുടെ സ്ഥാപനം. അശോക റോഡിനടുത്തു താമസിക്കുന്ന രമണന്‍ ചേട്ടന്‍ അവിടുത്തെ ജോലിക്കാരനാണ്. ഓമനയുടെ

കാര്യം ഞാനദ്ദേഹത്തോടു ധരിപ്പിച്ച് സര്‍ട്ടിഫിക്കിറ്റിന്‍റെ കോപ്പി കൊടുത്തിട്ടുണ്ട്. മലയാളികളും മറ്റുളളവരും മുന്‍പ് തന്നെ പണമടച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവര്‍ക്കാണ് മുന്‍ഗണന. എന്നിട്ടും രമണന്‍ ചേട്ടന്‍ രജിസ്ട്രേഷന്‍ നമ്പര്‍ ശരിയാക്കി അടുത്ത ഒരു ദിവസം ഓമനയെ ഇന്‍റര്‍വ്യൂ ഹാളിലെത്തിച്ചു. അറബി ഡോക്ടര്‍ ആദ്യഘട്ട കൂടിക്കാഴ്ച്ചയില്‍ അറിയിച്ചു, നിന്നെ ഞാന്‍ കഴിഞ്ഞ ദിവസം ഇന്‍റര്‍വ്യൂ ചെയ്ത് അയോഗ്യത പറഞ്ഞതാണല്ലോ. പിന്നെയും എന്തിനു വന്നു. അവളുടെ മനസ്സിനു നൊമ്പരമുണ്ടാക്കിയ ഒരനുഭവമായിരുന്നു.
അയാളുടെ മനസ്സില്‍ മറ്റാരേയോ ഉദ്ദേശിച്ചു പറഞ്ഞതാണെന്നു മനസ്സിലാക്കി പറഞ്ഞു. സോറി, ഞാന്‍ ആദ്യമായിട്ടാണ് ഇന്‍റര്‍വ്യൂവിനു വന്നത്. അയാളുടെ നോട്ടവും ഭാവവും നിന്നെ ഞാന്‍ തിരിച്ചറിഞ്ഞു എന്ന ഭാവത്തിലായിരുന്നു. ഗുണകരമായ ഒരു നിലപാട്എടുക്കാതെ ഓമനയെ മടക്കിയയച്ചു. ഞാന്‍ ജോലി കഴിഞ്ഞു വന്നു ഇന്‍റര്‍വ്യൂ കാര്യം അന്വേഷിച്ചപ്പോള്‍ എനിക്ക് ലഭിച്ച മറുപടി ഇതായിരുന്നു. ആ അറബിയെ എനിക്കും കുറ്റപ്പെടുത്താന്‍ കഴിഞ്ഞില്ല. യഥാര്‍ത്ഥ രോഗിയെ തിരിച്ചറിയാനുളള കഴിവില്ലാത്തവനൊക്കെ ഡോക്ടറായാല്‍ ഇതുപോലെ മരുന്നു മാറിപ്പോകുമല്ലോയെന്നാണ് എനിക്കപ്പോള്‍ മനസ്സിലായത്. ഓമനയെ ധൈര്യപ്പെടുത്തി പറഞ്ഞു. നമുക്ക് അടുത്ത ഏജന്‍സി നോക്കാം.
എന്താണ് വഴിയെന്ന് ഞാന്‍ ആലോചിച്ചു തുടങ്ങി. അടഞ്ഞു കിടക്കുന്ന വഴി തുറന്നു കിട്ടണം. മുമ്പ് എനിക്കു പരിചയമുളള ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിലെ ഗുപ്തയോട് ഞാനീ വിഷയം അവതരിപ്പിച്ചു. ഞാന്‍ മുന്നോട്ടുവെച്ച രണ്ടു കാര്യം ഈ ഏജന്‍സികള്‍ക്ക് ലൈസന്‍സുണ്ടോ, ഇവര്‍ക്ക് ഇന്‍റര്‍വ്യൂ നടത്താനുളള അനുവാദം ഫോറിന്‍ അഫയേഴ്സില്‍ നിന്നു കിട്ടിയിട്ടുണ്ടോ. എനിക്കതിന് പോലീസിന്‍റെ സഹായം വേണം. ഗുപ്തയുടെ ചില സുഹൃത്തുക്കള്‍ ക്രൈം ബ്രാഞ്ചിലുളളത് എനിക്കറിയാം. ഉടന്‍ തന്നെ ഗുപ്ത അയാളുടെ സുഹൃത്തിനെ ടെലിഫോണില്‍ വിളിച്ചിട്ട് കാര്യങ്ങള്‍ വിശദീകരിച്ചു.
ഫോണ്‍ വെച്ചിട്ട് ഐ.ടിയോയില്‍ ചെന്ന് ക്രൈ ബ്രാഞ്ച ഓഫീസര്‍ അഗര്‍വാളിനെ കാണാന്‍ പറഞ്ഞു. ആ ദിവസം തന്നെ അഗര്‍വാളിനെ കാണാന്‍ ചെന്നു കാര്യങ്ങള്‍ ധരിപ്പിച്ചു. അടുത്ത ദിവസം രാവിലെ പത്തു മണിക്ക് കൊനോട്ട് പ്ളാസയിലെ ഏകാന്ത് ഹോട്ടലില്‍ എത്താമെന്ന് അഗര്‍വാള്‍ എനിക്കുറപ്പുതന്നു. ഞാനന്ന് അവധിയെടുത്ത് ഓമനേയേയും കൂട്ടി ഹോട്ടലിനു മുന്നിലെത്തി. ആ ഹോട്ടലിന്‍റെ മുന്നില്‍ നില്‍ക്കുന്ന നീണ്ടനിര കണ്ടു ഞാനാശ്ചര്യപ്പെട്ടു. കണ്ണെത്താ ദൂരത്തേക്ക് ആള്‍ക്കാര്‍ പല നിരകളായി നില്‍ക്കുന്നു. ഇത്രമാത്രം ജനങ്ങള്‍ ആരോഗ്യ രംഗത്തുണ്ടോയെന്ന് സംശയിച്ചു. പത്ത് മണിക്കുതന്നെ അഗര്‍വാള്‍ പോലീസ് ജീപ്പിലെത്തി. ഓഫീസിലേക്ക് ചെന്ന് അയാളുടെ കാര്‍ഡ് കാണിച്ചു.
പോലീസ് വകുപ്പില്‍ നിന്നുളള അഗര്‍വാളിനെ കണ്ടു ഏജന്‍സി ഉടമ ഒരു പ്രായമുളള മനുഷ്യനും മകനും പരസ്പരം നോക്കി. ലൈസന്‍സും ഒപ്പം സര്‍ക്കാരിന്‍റെ അനുമതി രേഖകളും ആവശ്യപ്പെട്ടു. അതു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാതെ വന്നപ്പോള്‍ ഇന്‍റര്‍വ്യൂ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. അവരുടെ മുഖം ചുളിഞ്ഞു. അമ്പരപ്പോടെ നോക്കി. മുന്നില്‍ വന്നു കയറിയ ഭാഗ്യത്തെ ഇയാള്‍ തൂത്തെറിയുമോയെന്നവര്‍ ഭയന്നു. ഞാന്‍ പെട്ടെന്ന് ആരാന്‍റെ ആപത്ത് എന്‍റെ സമ്പത്ത് എന്ന ഭാവത്തില്‍ അവിടേക്ക് ചെന്നു. അഗര്‍വാളിന്‍റെ ഒരു സുഹൃത്ത് എന്ന പോലെ ഹസ്തദാനം നടത്തി കാര്യമന്വേഷിച്ചു. ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു ഇന്‍റര്‍വ്യൂ നിര്‍ത്തിയാല്‍ പുറത്തു നില്‍ക്കുന്നവര്‍ ഈ ഹോട്ടലും അടിച്ചു തകര്‍ക്കും. ഞാന്‍ മകനെ അകത്തെ മറിയിലേക്ക് വിളച്ചു കൊണ്ടുപോയിട്ടു ചോദിച്ചു, എന്താ ഇയാളുടെ പേര് ,രാജൂ. ആ മുഖത്തേക്ക് ഉറ്റു നോക്കി പറഞ്ഞു. മനസ്സുണ്ടെങ്കില്‍ വഴിയുമുണ്ട്. ലക്ഷങ്ങളല്ലേ ഉണ്ടാക്കാന്‍ പോകുന്നത്. രാജു കേണു പറഞ്ഞു. എന്തു വേണമെങ്കിലും തരാം രക്ഷപ്പെടുത്തണം.

About The Author

Leave a Reply

Your email address will not be published. Required fields are marked *