മലയാള ഭാഷയിൽ പാട്ടിന്റെ പാലാഴി തീർത്ത അനശ്വരനായ ശ്രീ വയലാർ രാമവർമ്മയുടെ നാൽപ്പത്തൊൻപതാം ചരമദിന
മായ ഇന്ന് ലിമയിലെ എല്ലാ അംഗങ്ങളും ആദരണീയനായ
ശ്രീ വയലാർ രാമവർമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം ആ അനശ്വര വ്യക്തിത്വത്തിനു സ്വന്തം നിലയിൽ അനുസ്മരണക്കുറിപ്പു കളും സമർപ്പിക്കാം എന്ന ലിമക്കൂട്ടായ്മയുടെ തീരുമാനത്തെ ശ്ലാഘി ക്കുന്നതോടൊപ്പം എന്റെ അറിവിന്റെ പരിമിതി പരിഗണിച്ച് ഞാൻ വിക്കിപ്പീഡിയയെ ശരണം പ്രാപിച്ചു. അങ്ങനെ ഞാൻ തയ്യാറാക്കിയ അനുസ്മരണക്കു റിപ്പ് ഇവിടെ സമർപ്പിക്കുന്നു.
ആലപ്പുഴ ജില്ലയിലെ വയലാർ എന്ന സ്ഥലത്ത് രാഘവപ്പറമ്പ് കുടുംബത്തിൽ അംബാലികത്ത മ്പുരാട്ടിയുടേയും ആലുവ വെള്ളാ രപ്പള്ളി കളപ്പാട്ടു മഠത്തിൽ
കേരളവർമ്മയുടേയും മകനായി 1928 മാർച്ച് 25 നു ജനനം .മൂന്നാം വയസ്സിൽ അച്ഛൻ മരിച്ചു. അന്നത്തെക്കാലം.അച്ഛൻ അച്ഛന്റെ തറവാട്ടിലും അമ്മയും കുഞ്ഞും അമ്മാവനൊപ്പം സ്വന്തം തറവാട്ടിലും ജീവിതം. വയലാറിൽ നിന്ന് അച്ഛന്റ സംസ്കാരച്ചടങ്ങിന് ചെല്ലുമ്പോഴേക്കും അവിടെ ചിത കത്തിത്തീർന്നിരുന്നു.കുട്ടിയെക്കൊണ്ട് ക്രീയകൾ ചെയ്യിച്ചാൽ അവകാശം കൊടുക്കേണ്ടി വരുമെന്ന കാഴ്ചപ്പാട്. അതോ
ആ കാലഘട്ടത്തിലെ വാഹനസൗകര്യങ്ങളുടെ പരിമിതിയോ.മടങ്ങി വന്ന് അമ്മാവൻ സ്വന്തം തറവാട്ടു വീട്ടിൽ അനന്തരവനെക്കൊണ്ട് പ്രതീകാൽമക മരണാനന്തര കർമ്മങ്ങൾ ചെയ്യിച്ചു. കുട്ടിയുടെ മനസ്സിൽ അതൊരു തീക്കനലായി
കിടന്നു. ആ സംഭവം മനസ്സിൽ ഉൾക്കൊണ്ട് പിൽക്കാലത്ത് എഴുതിയ കവിതയാണ് ഇന്നലെ നമ്മുടെ ഡാലിയയുടെ ശനി ശകലങ്ങളിൽ കണ്ട വയലാറിന്റെ ‘ആത്മാവിൽ ഒരു ചിത’
അമ്മാവന്റെ സംരക്ഷണത്തിലും നിയന്ത്രണത്തിലും ഉള്ള ബാല്യം ദുരിതം നിറഞ്ഞതായിരുന്നു. അതിന്റ ഉദാഹരണം ആണ്ടിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന വസ്ത്രമായിരുന്നു. എങ്കിലും അമ്മാവൻ അനന്തരവനെ സംസ്‌കൃതം അഭ്യസിപ്പിച്ചു. കുട്ടിയെ സ്കൂളിൽ അയച്ചു പഠിപ്പിക്കണം എന്ന അമ്മയുടെ നിർബന്ധത്താൽ പിന്നീട് ചേർത്തല സ്കൂളിൽ ചേർത്തു. ചേർക്കാൻ കൊണ്ടു ചെന്നപ്പോൾ ഒരു രസകരമായ സംഭവം ഉണ്ടായി.ഹെഡ് മാസ്റ്റർക്ക് ഒരു സംശയം.പൊക്കം കുറവായതിനാൽ കുട്ടിക്ക് സ്കൂളിൽ ചേരാനുള്ള പ്രായം ആയോ എന്ന്. അവന്റെ കയ്യിൽ ഒരു സ്ലേറ്റും കല്ലുപെൻസിലും കൊടുത്തിട്ട് അദ്ദേഹം പറഞ്ഞു ‘നീ ഇതിൽ ഒരു വാക്ക് എഴുതുക അക്ഷരത്തെറ്റില്ലാതെ
എഴുതിയാൽ നിന്നെ ഈ സ്കൂളിൽ ചേർക്കാം.’
അവൻ അമ്മയെ അടിമുടി ഒന്നു നോക്കി. പാവം കുട്ടി.അമ്മ നിന്നു വിയർത്തു. അവൻ എഴുതുമോ അതും തെറ്റില്ലാതെ അതായിരുന്നു അമ്മയുടെ സംശയം.അവൻ എഴുതിയിട്ട് ഹെഡ് മാസ്റ്ററെ സ്ലേറ്റ് ഏൽപ്പിച്ചു. അദ്ദേഹം എഴുതിയതിൽ കണ്ണോടിച്ചിട്ട് അവന്റ പുറത്തു തട്ടി. നീ മിടുക്കൻ നിന്നെ ഈ സ്കൂളിൽ ചേർത്തിരിക്കുന്നു. അമ്മയുൾപ്പെടെ കൂടിനിന്നവർ വിചാരിച്ചു അവൻ എഴുതിയത് ‘അമ്മ’ എന്നായിരിക്കുമെന്ന്. കാരണം അമ്മയെ ആണല്ലോ അവൻ നോക്കിയത്.എന്നാൽ അവൻ എഴുതിയത് ‘വസന്തം ‘ എന്നായിരുന്നു. ആ പ്രായത്തിൽ ഒരു കുട്ടിയും എഴുതാത്ത വാക്ക്. അതും ഒരു തെറ്റും കൂടാതെ. അതാണ് ഹെഡ് മാസ്റ്ററെ അതിശയിപ്പിച്ചത്.
പന്ത്രണ്ടാം വയസ്സിൽ കവിതകൾ എഴുതി തുടങ്ങി . ‘വഞ്ചീശദീപം ‘ എന്ന കവിതയാണ് ആദ്യം വെളിച്ചം കണ്ട രചന.
1956 ൽ ‘കൂടപ്പിറപ്പ് ‘ എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങളെഴുതി സിനിമാ ജീവിതത്തിന്റെ തുടക്കം കുറിച്ചു. ഇരുന്നൂറ്റമ്പതിലേറെ ചിത്രങ്ങൾക്കു വേണ്ടി ആയിരത്തിമുന്നൂറിനു മേൽ സിനിമാ ഗാനങ്ങളും ഇരുപത്തഞ്ചോളം നാടകങ്ങൾക്കായി നൂറ്റൻപതോളം നാടകഗാനങ്ങളും എഴുതി മലയാളഭാഷയ്ക്ക് മുതൽ കൂട്ടാക്കി. ജി ദേവരാജൻ മാസ്റ്ററുമായി അദ്ദേഹം സൃഷ്‌ടിച്ച കൂട്ടുകെട്ട് മലയാള സിനിമാ രംഗത്ത് വലിയ റെക്കോർഡ്
നേടാൻ ഇടയാക്കി.
വയലാറിന്റ കൃതികൾ:-
കവിതകൾ :-
പാദമുദ്രകൾ
കൊന്തയും പൂണൂലും
എനിക്കു മരണമില്ല
മുളങ്കാട്
ഒരു യൂദാസ് ജനിക്കുന്നു
എന്റെ മാറ്റൊലിക്കവിതകൾ
സർഗ്ഗസംഗീതം
രാവണപുത്രി
അശ്വമേധം
സത്യത്തിനെത്ര വയസ്സായി
താടക
ഖണ്ഡകാവ്യം :- ആയിഷ
തെരഞ്ഞെടുത്ത ഗാനങ്ങൾ :-
എന്റെ ചലച്ചിത്രഗാനങ്ങൾ ആറു ഭാഗങ്ങളിൽ
കഥകൾ :-
രക്തം കലർന്ന മണ്ണ്
വെട്ടും തിരുത്തും
ഉപന്യാസങ്ങൾ :-
പുരുഷാന്തരങ്ങളിലൂടെ
റോസാദലങ്ങളും കുപ്പിച്ചില്ലും
നേടിയ പുരസ്‌കാരങ്ങൾ :-
1961 ൽ സർഗ്ഗസംഗീതം എന്ന കവിതാ സമാഹാരത്തിന് കേരള സാഹിത്യ അക്കാഡമി ദേശീയ പുരസ്‌കാരം
1972 ൽ മികച്ച ഗാനരചയിതാവ്
അച്ഛനും ബാപ്പയും എന്ന ചിത്രത്തിലെ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു -ആ ചിത്രം കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാ
രവും നേടി
1974 ൽ മികച്ച ഗാനരചയിതാവ്
നെല്ല്, അതിഥി. ആ വർഷം രാഷ്ട്രപതിയുടെ സുവർണ്ണ പതക്കവും കരസ്ഥമാക്കി.
1975 ൽ മികച്ച ഗാനരചയിതാവ്
ചുവന്ന സന്ധ്യകൾ
സ്വാമി അയ്യപ്പൻ
മരണാനന്തരം
കുടുംബം :- ചെങ്ങണ്ട പുത്തൻ കോവിലകത്ത് ചന്ദ്രമതി
തമ്പുരാട്ടി ഭാര്യ.സന്താനസൗഭാഗ്യം ലഭ്യമാകാഞ്ഞതിനാൽ ഏഴാം വർഷം അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ഭാര്യയുടെ ഇളയ സഹോദരി ഭാരതി തമ്പുരാട്ടിയെ വിവാഹം ചെയ്തു. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രൻ, ഇന്ദുലേഖ, യമുന, സിന്ധു എന്നിവർ മക്കൾ.
വിപ്ലവകവി എന്നുകൂടി അറിയപ്പെട്ടിരുന്ന ശ്രീ വയലാർ തന്റെ നൽപ്പത്തേഴാം വയസ്സിൽ മരണത്തിനു കീഴടങ്ങി. മരുന്നു മാറി കുത്തിവച്ചു എന്ന ഒരു വിവാദമരണമായിരുന്നു അത്. അന്നതു സംഭവിക്കാതിരുന്നെങ്കിൽ എത്ര എത്ര സിനിമാ ഗാനങ്ങളും നാടക ഗാനങ്ങളും ഇതര രചനകളും കൊണ്ട് ആ മഹാത്മാവ് നമ്മെ അനുഗ്രഹിച്ചേനെ. എന്തു ചെയ്യാൻ. നഷ്ടം നമുക്കല്ല, മലയാള ഭാഷയ്ക്ക് മാത്രം.
ശ്രീ വയലാറിന്റ ഗാനങ്ങളിൽ
എനിക്കിഷ്ടപ്പെട്ട ചില സിനിമാ ഗാനങ്ങൾ :-
യക്ഷി എന്ന ചിത്രത്തിലെ സ്വർണ്ണ ചാമരം വീശിയെത്തുന്ന…….
നദി എന്ന ചിത്രത്തിലെ ആയിരം പാദ സരങ്ങൾ കിലുങ്ങി……………
അടിമകളിലെ താഴമ്പു മണമുള്ള…….
സ്വാമി അയ്യപ്പനിലെ ശബരിമലയിൽ തങ്ക സൂര്യോദയം………
നിത്യ വിശുദ്ധയാം കന്യാ….
ഇടയകന്യകെ……… ഓമനക്കയ്യിലൊലിവില…….. തുടങ്ങി കുറേ ക്രിസ്തീയ ഗാനങ്ങൾ ഒരിക്കലും മറക്കാൻ ആവില്ല.
അകാലത്തിൽ പൊലിഞ്ഞ ആ അനശ്വര ഗാന രചയിതാവിന് അശ്രുപൂജകളാൽ പ്രണാമം അർപ്പിച്ചു കൊണ്ട് വിട.ലിമ വേൾഡ് ലൈബ്രറി ഗ്രൂപ്പിനു വേണ്ടി.
Mary Alex ( മണിയ )
27 – 10 – 2024.
About The Author
No related posts.