LIMA WORLD LIBRARY

ജന്മദീര്‍ഘമാം തേങ്ങല്‍ പോലെ-ഡോ. മുഞ്ഞിനാട് പത്മകുമാര്‍

(ലാലിമയുടെ കഥകള്‍’.. എന്ന എന്റെ പുതിയ കഥാ സമാഹാരത്തെക്കുറിച്ച് പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ Dr. മുഞ്ഞി നാട് പത്മകുമാറിന്റെ വാക്കുകള്‍)

നിശബ്ദമാക്കപ്പെട്ടതെന്തും ഒരു എഴുത്തുകാരന് ഏറെ പ്രിയപ്പെട്ടതാണ്. അത് അവനില്‍ ഉരുവം കൊണ്ട് കഥയോ,കവിതയോ ആയി കാലാന്തരത്തില്‍ പുനര്‍ജ്ജനിച്ചിട്ടുണ്ടാവും. അതവന്റെ ജ്വാലാമുഖങ്ങളാണ്. സാഹിത്യം
അങ്ങിനെയാണ് ഒരെഴുത്തുകാരന്റെ ആത്മബലിയായിത്തീരുന്നത്.
അവന്‍ ജീവിതത്തെ തൊടുമ്പോള്‍ അതുവരെയും തോന്നിത്തുടങ്ങാത്ത ഒരൊ ഴുക്ക് സമാരംഭിക്കുകയായി. അവനതില്‍ അഗ്‌നിശുദ്ധിയാര്‍ന്ന വാക്കുകള്‍ കൊണ്ട് അഗാധമായ മുഴക്കങ്ങള്‍ സൃഷ്ടിക്കുന്നു. മലകളില്‍ മഞ്ഞു പെയ്യുന്നത് പോലെ, സ്മൃതികളുടെ കുളിരില്‍ അവന്‍ സ്വച്ഛമായ വെയില്‍പാളികളെ തഴുകുന്നു. അപ്പോള്‍ കഥയും കവിതയും ആകാശത്തേക്കാള്‍ നീലിമചൂടുന്നത് കാണാം. പുഴകളെക്കാള്‍ സാന്ദ്രമായി അത് ഒഴുകി പരക്കുന്നത് കാണാം., ഓരോ എഴുത്തും അങ്ങനെയാണ്, ഋതുക്കള്‍ മറന്നുവച്ച ഇടങ്ങളെ പുഷ്പിണിമാരാക്കുന്നത്.

‘ ലാലിമയുടെ കഥകള്‍’ വായിച്ചപ്പോള്‍ അനുഭവപ്പെട്ട നിശബ്ദതയെക്കുറിച്ചാണ് ആമുഖമായി എഴുതിയത്. കഥയുടെ സൂക്ഷ്മ വിനിമയങ്ങളില്‍ ജന്മ ദീര്‍ഘമായ തേങ്ങല്‍ ഒരു മന്ത്രമായി മുഴങ്ങുന്നതായി എനിക്ക നുഭവപ്പെട്ടു. എന്നാല്‍ ലാലിമയുടെ കഥകള്‍ ശോക ശില്പങ്ങളല്ല..
അതില്‍ വിഷാദങ്ങളെ, പ്രതീക്ഷകളെ,കാത്തിരിപ്പിനെ, ഭഗ്‌ന പ്രണയങ്ങളെ മറികടക്കുന്ന ഒരു അനുഭവത്തിന്റെ ആവേഗമുണ്ട്.
വെളിച്ചമില്ലാത്തയിടത്ത് ഇത്തിരി പോന്ന ഒരു വെളിച്ചം വന്ന് ചിത്രം വരയ്ക്കും പോലെ ഒരു അനുഭവമുണ്ട്. നിശ്ചലതയില്‍ പെട്ടെന്ന് തരംഗാവലികള്‍ രൂപം കൊള്ളുന്ന പോലൊരു അനുഭൂതിയുണ്ട്. ശതശാഖികള്‍ പോലെ വിടരാവുന്ന ഒരു ഉയിര്‍പ്പിന്റെ വിത്തനക്കമുണ്ട്.. ഇത്തരം പ്രഭാതാരകള്‍ നിറഞ്ഞ കഥാപ്രപഞ്ചമാണ് ലാലിമയുടെത്..

ലാലിമയുടെ കഥയെഴുത്തിന് ഒരു പ്രത്യേകതയുണ്ട്. അത് സുഭഗമായൊരു ആത്മഭാഷണമാണ്. എഴുത്തുകാരി തന്നോട് തന്നെ മിണ്ടിപ്പറയുന്നതിന്റെ പൊരുള ടക്കമാണത്. അവള്‍ അവളോട് തന്നെയാണ് എല്ലാം തുറന്നു പറയുന്നത്.. തേങ്ങുന്നത്, കണ്ണുകള്‍ തുടയ്ക്കുന്നത്, ആത്മനിര്‍വൃതിയോളമെത്തുന്നത്. ഉള്ളില്‍ തപിച്ചിരിക്കുന്ന എന്തോ ഒന്നിന്റെ ഉയിര്‍പ്പാണ് ഓരോ കഥയുടെയും പ്രാണന്‍. അത് ആദ്യന്തം ലാലിമയുടെ കഥകളെ തീക്ഷ്ണ വ്യക്തിത്വമുള്ള ഒരു അനുഭവമാക്കി മാറ്റുന്നു.

‘ജന്മാന്തര സന്ധ്യകള്‍ ‘എന്ന കഥയില്‍ ഗൗതമിനെ നോക്കിയിരിക്കുമ്പോള്‍ ഗൗരി അയാളോട് ചോദിക്കുന്നുണ്ട്.. ‘ കഴിഞ്ഞ ജന്മത്തില്‍ ഗൗതം എന്റെ ആരായിരുന്നു..? ‘ എന്ന്.
ആ ചോദ്യത്തിനുള്ളില്‍ മുജ്ജന്മ ബന്ധത്തിന്റെ ഒരു ഉള്‍ത്തുടുപ്പ്, പ്രണയമായി, പുണ്യമായി, ചിറകുകളില്ലാത്ത സ്വപ്നമായി മാറുന്നത് കാണാം..

കാര്‍ത്തികവിളക്ക് എന്ന കഥയില്‍ രവി തിരയുന്ന പെണ്‍പൂവായ ഗായത്രിയുടെ ആത്മഗതങ്ങളില്‍ കത്തിച്ചുവച്ച വെളിച്ചത്തിന്റെ പ്രഭ എരിഞ്ഞു കത്തുന്നത് വായനക്കാരന്റെ മനസ്സിനെ ഉന്മത്തമാ ക്കുന്നത് കാണാം.
‘അസ്മിത’യിലും, ‘ഒരു പായസ കഥ’യിലും, വാടക വീട് തേടുന്നവരിലും, പുനര്‍ജന്മത്തിലും ഇത്തരം അനുഭൂതികളുടെ ധ്വനി സാന്ദ്രമായ സംഗീതമുണ്ട്. അത് പല കാലങ്ങളിലായി കല്‍പ്പിച്ചു പോയ ആത്മവേദനയെ മഞ്ഞുപോലെ അലിയിച്ച് കളയുന്ന ജീവിത മുഹൂര്‍ത്തങ്ങള്‍ തന്നെയാണ്.

ഒന്നുകൂടി ഇവിടെ സൂചിപ്പിക്കേണ്ടതായുണ്ട്. അത് ലാലിമയുടെ കഥാഭാഷയെക്കുറിച്ചാണ്. അഗാധമായൊരു സ്‌നേഹസ്പര്‍ശത്തിന്റെ ഭാഷയിലാണ് ലാലിമ കഥയെഴുതുന്നത്.
നൊന്തു നൊന്ത് ഉള്ളില്‍ പണിതുയര്‍ത്തിയ സാലഭഞ്ജികകള്‍ പോലെയാണ് ലാലിമയുടെ കഥകള്‍.

കാറ്റിലുലയുന്ന ഇലകളുടെ മര്‍മ്മരം പോലെയാണ് ഈ കഥകളിലെ ഹൃദയം തുടിക്കുന്നത്… അത് ജന്മതീര്‍ത്ഥമാം തേങ്ങല്‍ പോലെ നമ്മുടെ വായനയെ വല്ലാതെ നോവിക്കുന്നുണ്ട്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts