മലയാള സാഹിത്യത്തിലെ ഇതിഹാസം – സിസ്റ്റർ ഉഷാ ജോർജ്

Facebook
Twitter
WhatsApp
Email

സിസ്റ്റർ ഉഷാ ജോർജ്
മാർക്കെ, ഇറ്റലി
മലയാള സാഹിത്യത്തിലെ ഇതിഹാസം:

മലയാള സാഹിത്യത്തിൽ ഗാനങ്ങളും കവിതകളും കൊണ്ട് ഇന്ദ്രജാലം സൃഷ്ടിച്ച മഹാനായ സാഹിത്യകാരൻ വയലാർ രാമവർമ്മയെ കുറിച്ച് എത്ര എഴുതിയാലും മതിയാവില്ല.

“എനിക്ക് മരണമില്ല” എന്ന് എഴുതിയ വയലാറിന്റെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിന്റെ ആത്മാവിനും രചനകൾക്കും ഒരായിരം വന്ദനങ്ങൾ.

അനശ്വരനായ വയലാർ നിരീശ്വരവാദിയാണെന്ന് പറയാറുണ്ടെങ്കിലും അദ്ദേഹത്തിൻറെ നിലപാടുകൾ എന്തുതന്നെയായാലും അദ്ദേഹത്തിൻറെ കൃതികളും ഗാനങ്ങളും എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. എല്ലാ മതത്തിൻറെയും സാരാംശം ഉൾക്കൊണ്ടുകൊണ്ട് രചിച്ച ഭക്തിഗാനങ്ങൾ ആരുടെ ഹൃദയത്തെയാണ് സ്പർശിക്കാത്തത്.
അനശ്വരമായ ഭക്തി നിറഞ്ഞ ക്രിസ്തീയ ഗാനം കൊണ്ട് ക്രിസ്തീയ കുടുംബങ്ങളെ മാത്രമല്ല എല്ലാ കുടുംബങ്ങളെയും ഭക്തിയിൽ ആറാടിച്ച മഹാനാണ് വയലാർ. വയലാറിന്റെ ക്രിസ്തീയ ഭക്തിഗാനങ്ങളിലെ വരികൾ ശ്രദ്ധാപൂർവ്വം കേട്ടാൽ ബൈബിൾ ആഴത്തിൽ മനസ്സിലാക്കിയിട്ടുണ്ടെന്ന് തോന്നിപ്പോകും.

ഈ മഹാന്റെ ഓർമ്മ ദിനത്തിൽ ആദ്യം മനസ്സിലേയ്ക്ക് ഓടിയെത്തിയത് ആനന്ദിന്റെ വളരെ ഗഹനമായ വരികളാണ്. “മനുഷ്യന്റെ അസ്തിത്വത്തിന്റെ അടിസ്ഥാനം ആശയാണ്. അതാണ് ഒരാളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അതാണ് കാലത്തെ തന്നെ മുന്നോട്ടു കൊണ്ടുപോകുന്നത്. ആശയാണ് ജീവിതം” ഇതൊക്കെ തന്നെയല്ലേ വയലാറും പറയുന്നത്.

തന്റെ രചനകളിലൂടെ മനുഷ്യഹൃദയങ്ങളിൽ ആശയും പ്രതീക്ഷയും അദ്ദേഹം നിറച്ചു.പ്രത്യേകിച്ച് ഭക്തിഗാനങ്ങളിലൂടെ.

എന്റെ ജീവിതത്തിൽ എന്നെ പ്രതീക്ഷയോടെ ദൈവത്തെ സ്നേഹിക്കാൻ പഠിപ്പിച്ചത് ഈ ഭക്തിഗാനങ്ങളാണ് : ‘നിത്യ വിശുദ്ധിയായ കന്യാ മറിയമേ’, ‘ഈശോ മറിയം യൗസേപ്പേ’, ‘ഓശാന പെരുന്നാൾ വന്നു’ ‘ഇടയകന്യകേ പോരുക നീ’ ‘വിശുദ്ധനായ സെബസ്ത്യാനോസേ’ ‘ദൈവപുത്രന് വീഥി ഒരുക്കുവാൻ’ ‘ആകാശങ്ങളിലിരിക്കും ഞങ്ങളുടെ അനശ്വരനായ പിതാവേ’ ‘മാതാവേ,മാതാവേ’ തുടങ്ങിയ ഗാനങ്ങൾ ഇന്നും എന്നും അനശ്വരമായി തന്നെ നിലനിൽക്കും.

വയലാറിന്റെ കാലഘട്ടങ്ങളിലും പിൽക്കാലത്തും അദ്ദേഹത്തിന്റെ ഗാനങ്ങളാണ് ചങ്ങമ്പുഴയുടെ രമണൻ കഴിഞ്ഞാൽ നമ്മെ ഓരോരുത്തരെയും ഭാവനയുടെ രഥങ്ങളിൽ സഞ്ചരിക്കാൻ,എഴുത്തിന്റെ അഭിരുചി ഉള്ളവർക്ക് എഴുതാൻ ഒരു പാത വെട്ടിതുറന്നു തന്നത്.

വയലാർ തന്റെ കവിതകളിലൂടെ മനുഷ്യമനസ്സിന്റെ എല്ലാ വികാരങ്ങളിലേക്കും നമ്മെ കൊണ്ടുപോകുന്നുണ്ട്. ശൃംഗാരം, സ്നേഹം,ഭക്തി, നിർവികാരത, ദാർശനീകത, സഹനം, എല്ലാം അദ്ദേഹത്തിൻറെ ഗാനങ്ങളിലും കൃതികളിലും തെളിഞ്ഞു കാണാം

അദ്ദേഹത്തിന്റെ ഗാനങ്ങളും കവിതകളും മാറ്റത്തിന്റെ വിപ്ലവം മനസ്സുകളിൽ നിറച്ചു.

തന്റെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ചില പ്രവണതകളെ മത യാഥാസ്ഥികത്വത്തെ അധികാര വർഗ്ഗത്തിന്റെ അടിച്ചമർത്തൽ,തൊഴിലാളികളുടെ ഉയർത്തെഴുന്നേൽപ്പ് ,പുതിയ മനുഷ്യ ബോധത്തിന്റെ വളർച്ച,സമ്പന്നതയുടെ ദുരാഗ്രഹങ്ങൾ ഇങ്ങനെ സമൂഹത്തിൽ ഉണ്ടായിരുന്ന ഒട്ടനവധി പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം തന്റെ കൃതികളിലൂടെയാണ് നമ്മോട് സംസാരിച്ചത്.

വയലാറിന്റെ ഈശ്വര സങ്കല്പം ആ കാലഘട്ടത്തിൽ മാറ്റത്തിന്റെ വിപ്ലവം മനുഷ്യ മനസ്സുകളിൽ സൃഷ്ടിച്ചു. ദൈവം മനുഷ്യമനസ്സിൽ നന്മയും സ്നേഹവുമായി രൂപം പ്രാപിക്കുന്നു എന്ന് അദ്ദേഹം തന്റെ ഗാനങ്ങളിലൂടെയും കവിതകളിലൂടെയും നമ്മെ ഓർമിപ്പിക്കുന്നു.

വയലാറിന്റെ മാസ്റ്റർപീസ് എന്ന് ഞാൻ കരുതുന്നത് എന്റെ കുട്ടിക്കാലത്ത് ഞാനേറെ ഇഷ്ടപ്പെട്ട രണ്ട് ഗാനങ്ങളാണ്.
ഒന്ന് : “ഈശ്വരൻ ഹിന്ദുവല്ല ഇസ്ലാമല്ല
ക്രിസ്ത്യാനിയല്ല, ഇന്ദ്രനും ചന്ദ്രനുമല്ല
വെള്ളപൂശിയ ശവക്കറയിലെ
വെളിച്ചപ്പാടുകളെ നിങ്ങൾ
അമ്പലങ്ങൾ തീർത്തു ആശ്രമങ്ങൾ തീർത്തു”

രണ്ട് : മാനത്തു ദൈവമില്ല,മണ്ണിലും ദൈവമില്ല
മനസ്സിനുള്ളിലാണ് ദൈവം
മനസ്സിലെ ദൈവം മനുഷ്യന് നൽകിയ മണി വിളക്കല്ലോ സ്നേഹം.
മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ മനസ്സിൽ ദൈവം ജനിക്കുന്നു”.

വയലാർ രാമവർമ്മ തന്റെ ഈശ്വര സങ്കൽപ്പത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ജാതിമത ചിന്തകൾ ഭൂമിയെ ഒരു ഭ്രാന്താലയമാക്കുന്നു എന്ന് ചൂണ്ടിക്കാണിക്കാൻ മടിച്ചില്ല. അദ്ദേഹത്തിന്റെ രചനകൾ വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.നാം ഓരോരുത്തരും പ്രതികരണശേഷിയില്ലാത്തവരായിട്ടാണ് നടന്നു നീങ്ങുന്നത്.

ഇന്നത്തെ ഭൂമിയെ (ലോകത്തെ) വീക്ഷിച്ചാൽ നമുക്ക് വയലാറിന്റെ വരികൾ ഇന്നും എന്തുമാത്രം സത്യമുള്ളതാണെന്ന് തോന്നിപ്പോകും.
” മാനവ ഹൃദയങ്ങൾ ആയുധപ്പുരകളായി
ദൈവം തെരുവിൽ മരിക്കുന്നു
ചെകുത്താൻ ചിരിക്കുന്നു” ഈ വരികളിലൂടെ ഇന്നിന്റെ നഗ്ന സത്യങ്ങളാണ് വയലാർ വരച്ചു കാട്ടുന്നത്.

മനുഷ്യത്വത്തിനും മാനവികതയ്ക്കുമാണ് വയലാർ അദ്ദേഹത്തിന്റെ കവിതകളിലും ഗാനങ്ങളിലും ഊന്നൽ നൽകിയത്. അദ്ദേഹം മതാചാരങ്ങളെക്കാളും അനുഷ്ഠാനങ്ങളെക്കാളും വലുത് കരുണയും പരസ്പര സ്നേഹമാണെന്ന് തന്റെ സാഹിത്യസൃഷ്ടിയിലൂടെ നമ്മെ ഓർമ്മപ്പെടുത്തുന്നു.

കേരളത്തിന്റെ ജനകീയ വിപ്ലവകാരി എന്നറിയപ്പെടുന്ന വയലാർ രാമവർമ്മയെ കുറിച്ച് ചെറിയ വാക്കിൽ ചുരുക്കാവുന്നതല്ല. അദ്ദേഹത്തിന്റെ രചനാ ലോകവും അതിന്റെ വ്യാപ്തിയും എത്ര കുറിച്ചാലും തീരുകയില്ല. വയലാറിന്റെ ഗാനങ്ങൾ കേട്ട് വളരുന്ന മലയാളിക്ക് മൂല്യബോധം നഷ്ടപ്പെടുകയില്ല. വായനയും, ചിന്തകളും, ആശയങ്ങളും മൂല്യാടിസ്ഥിതമായ രാഷ്ട്രീയ ബോധ്യവും ഉണർത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ രചനകൾ.

മതങ്ങൾക്കതീതമായി മനുഷ്യൻ എന്ന ചിന്തയാണ് കവികളും കലാകാരന്മാരും സാമൂഹ്യപ്രവർത്തകരും മനുഷ്യമനസ്സുകളിലേക്ക് വിനിമയം ചെയ്യേണ്ടത് . അതു മാത്രമേ എന്നും കെടാവിളക്കായി മനുഷ്യഹൃദയത്തിൽ പ്രകാശിക്കൂ.

മലയാള സാഹിത്യത്തിന്റെ കെടാവിളക്കായ, അനശ്വരനായ വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കു മുന്നിൽ ഒരായിരം കൂപ്പുകൈകൾ അർപ്പിക്കുന്നു.

27.10.2024 +

About The Author

Leave a Reply

Your email address will not be published. Required fields are marked *