കൊല്ലങ്കോട്ടേക്ക് – Dr. പ്രമോദ് ഇരുമ്പുഴി

Facebook
Twitter
WhatsApp
Email

 

‘കളേഴ്സ് ഓഫ് ഭാരത് ‘ എന്ന സാമൂഹിക പേജ് ഇന്ത്യയിലെ മികച്ച 10 സുന്ദര ഗ്രാമങ്ങളിലൊന്നായി കൊല്ലങ്കോട് തിരഞ്ഞെടുക്കപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ തന്നെ അവിടേക്ക് പോകാൻ നിശ്ചയിച്ചതാണ്. പല കാരണം കൊണ്ടും അത് നീണ്ടുപോയി. ചില ചങ്ങായിമാർ കൊല്ലങ്കോട് പോയി ഫോട്ടോയും വീഡിയോയും എഴുത്തും പോസ്റ്റ് ചെയ്യുമ്പോൾ അസൂയ തോന്നിയിട്ടുണ്ട്. പലപ്പോഴായി അങ്ങോട്ടേക്കുളള യാത്ര കപ്പിനും ചുണ്ടിനും ഇടക്ക് മിസ്സായ അനുഭവങ്ങളും ഉണ്ടായി. “എല്ലാത്തിനും ഓരോ സമയമുണ്ട് ദാസാ” എന്ന സിനിമാന്യായ പ്രകാരം ഇന്നായിരുന്നു ആ സുദിനം !!….. തൃശ്ശൂരിലെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന മകളെയും കൂടെക്കൂട്ടി ‘സമ്പൂർണകുടുംബാംഗ’ങ്ങളോടൊത്ത് ഒരു ട്രിപ്പ്.

രാവിലെ 9 മണിക്ക് തൃശ്ശൂർ പാലക്കാട് ഹൈവേയിലൂടെ വെച്ചുപിടിച്ചു. ടോളായി 220 രൂപ കൊടുക്കേണ്ടി വന്നതൊഴിച്ചാൽ ആ യാത്ര അടിപൊളി ആയി എന്നു തന്നെ പറയാം. ജോജു ജോർജ് ആദ്യമായി സംവിധാനിക്കുകയും അഭിനയിക്കുകയും ചെയ്ത ‘പണി’യിൽ കുതിരാൻ തുരങ്കത്തെ മിനിഞ്ഞാന്ന് ദർശിച്ചതേ ഉള്ളൂ. കുതിരിനിതാ ഞങ്ങളുടെ മുമ്പിൽ വിടർന്ന് നിൽക്കുന്നു. എഞ്ചിനീയറിങ് വൈദഗ്ധ്യം ഉപയോഗിച്ച് കുതിരാൻ മലനിരകളെ 920 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലുമായി തുരന്ന തുരങ്കത്തിലൂടെ കടന്നുപോകുന്ന വൈബ് ഒന്നു വേറെ തന്നെ.

പെട്ടെന്നുണ്ടായ യാത്രയായതിനാൽ കൊല്ലങ്കോട്ടെ കാഴ്ച്ചകൾ എവിടെനിന്ന് തുടങ്ങണം എന്നറിയാനായി കൃഷ്ണകുമാർ മാഷിനെ വിളിച്ചു. 1999 ൽ ബി.എഡിന് എന്നെ മലയാളം പഠിപ്പിച്ച സാറാണ് ഡോ.കെ.എസ് കൃഷ്ണകുമാർ. കൊല്ലങ്കോട് കലക്കിക്കൂടിച്ചയാളാണ് മാഷ്. “കുടിലിടത്തുനിന്നും തുടങ്ങൂ, അതു തന്നെ ഗൂഗിൾമാപ്പിൽ അടിച്ച് യാത്ര തുടരൂ” എന്ന മാഷിന്റെ നിർദ്ദേശം ഞങ്ങൾ അച്ചട്ട് പാലിച്ചു. പിന്നെ വണ്ടി നിന്നത് കുടിലിടത്തിൽ.

പോകുന്ന വഴിക്കുളള മനോഹര കാഴ്ച്ചകളും കൂടി ചേർന്നതാണ് കൊല്ലങ്കോട്.ടൈം മെഷീൻ തിരിച്ചുവെച്ച പോലെ കേരളപ്പഴമയിൽ ജ്വലിച്ചു നിന്നിരുന്ന മനോഹര നെൽവയലുകളുടെ പച്ചപ്പുകൾ കണ്ടുകൊണ്ടുള്ള യാത്ര ഒന്നു വേറെ തന്നെ. കൊല്ലങ്കോട് ഗ്രാമത്തിന് കോട്ട പോലെ സുരക്ഷയൊരുക്കുന്ന നെല്ലിയാമ്പതി മലനിരകൾ. മലനിരകളിൽ പലയിടത്തായി നീർച്ചാലുകൾ രജതരേഖകൾ പോലെ കാണാൻ നല്ല ഭംഗിയാണ്. ചില വയലുകൾക്ക് ചുറ്റും മല്ലികച്ചെടികളും പൂക്കളും വിടർന്നു നിൽക്കുന്നത് കാണാം. വയലിലേക്കിറങ്ങി ഫോട്ടോ എടുക്കാതെ പിന്നെ എങ്ങനെ? ടൂറിസ്റ്റുകളുടെ വരവിനെക്കാത്ത് പലയിടത്തായി മാങ്ങയും പനനൊങ്കും മറ്റ് പഴങ്ങളും പച്ചക്കറികളും മറ്റും വിൽക്കുന്നവരെ കുറേ കണ്ടു.
കുടിലിടം

കുടിലിടം എന്ന ബോർഡ് കണ്ട് വണ്ടി ഉള്ളിലേക്ക് തിരിച്ചു. ഞാറു നടാനായി നിലമൊരുക്കിയിരിക്കുന്ന അവസ്ഥയിലുള്ള വയലുകൾ. അതിനിടയിൽ വരമ്പിലൂടെ നടക്കുന്നവർക്ക് വെയിലുകൊള്ളാതിരിക്കാനും ഫോട്ടോ എടുക്കാനും മറ്റുമായി കുറെ പുൽക്കുടിലുകൾ കാണാം. അതുകൊണ്ടായിരിക്കണം കുടിലിടം എന്ന് ഇവിടേക്ക് പേർ നൽകിയത് എന്ന് തോന്നുന്നു. തകഴിയുടെ നോവലിലും കുട്ടനാട്ടിൽ നിന്നുമെടുക്കുന്ന ചിത്രങ്ങളിലും മറ്റും വയലിൽ കാണുന്ന വെള്ളം തേവാനുള്ള ചക്രം ഇവിടെ കണ്ടപ്പോൾ കൗതുകം തോന്നി. അതിൽ കയറി കുറച്ചുനേരം ചവിട്ടാൻ മറന്നില്ല. ഏറുമാടത്തിൽ കുറേ നേരമിരുന്നപ്പോൾ യാത്രാക്ഷീണമെല്ലാം മാറി. അടുത്ത സെസ്റ്റിനേഷൻ എവിടെ എന്ന് കൗണ്ടറിലിരിക്കുന്ന ചേച്ചിയോട് ചോദിച്ചപ്പോൾ അവർ എല്ലാം വിശദമായി പറഞ്ഞുതന്നു.

ചെല്ലൻചേട്ടന്റെ ചായക്കട

ഓരോ സ്ഥലത്തേക്ക് നമ്മെ അടുപ്പിക്കാൻ ഓരോ കാരണമുണ്ട് എന്ന് തോന്നാറുണ്ട്. യൂട്യൂബർമാരുടെ വീഡിയോയിലും മറ്റും ഒരുപാട് കണ്ടിട്ടുണ്ട് ചെല്ലൻ ചേട്ടന്റെ ചായക്കട. മെയിൻ റോഡിൽ നിന്നും കുറച്ചുദൂരം ചെന്നാൽ അവിടെയെത്തും. പനയോലകൊണ്ട് മേൽക്കൂരയും ചുമരും തീർത്ത നമ്മുടെ നാട്ടിൽ പത്തുമുപ്പത് വർഷം മുമ്പ് ഉണ്ടായിരുന്ന ഒരു ചായക്കടയുടെ മാതൃക. കട ചെറുതാണെങ്കിലും റോഡിലും മറ്റുമായി കുറേ വാഹനങ്ങൾ കടയെ പൊതിഞ്ഞ് പാർക്ക് ചെയ്തിരിക്കുന്നു. കടക്കുള്ളിൽ ഭയങ്കര തിരക്ക്. പുറത്ത് കുറച്ചുനേരം കാത്തിരുന്നു. തുടർന്ന് ആക്രാന്തത്തോടെ ഉള്ളിലേക്ക് കടന്ന് ഞാൻ ചായയും ഉഴുന്നുവടയും കഴിച്ചു. മക്കളും ഭാര്യയും ചായയും പരിപ്പുവടയും. കഴിക്കുന്ന ഐറ്റത്തിന്റെ രുചി തന്നെ ഇവിടത്തെ ഹൈലൈറ്റ്. ചേട്ടന്റെ കുടുംബാംഗങ്ങൾ ആണെന്ന് തോന്നുന്നു അവിടത്തെ ജോലിയെല്ലാം ചെയ്യുന്നവരും.ചെല്ലൻ ചേട്ടനോട് കുശലം പറയാൻ താൽപ്പര്യമുണ്ടായിരുന്നെങ്കിലും അവിടത്തെ തിരക്കുകൊണ്ട് ഒന്നിനും സാധിച്ചില്ല. എന്തായാലും കൂടെ നിന്നുകൊണ്ട് ഒരു ഫോട്ടോ ഒപ്പിച്ചു.തൃപ്തിയോടെ കൈ കഴുകി ഗൂഗിൾ പേ ചെയ്ത് യാത്ര തുടർന്നു.

സീതാർകുണ്ട് വെളളച്ചാട്ടം

വണ്ടി പാർക്ക് ചെയ്യുന്ന ഭാഗത്തുനിന്നും കാനനപാതയിലൂടെ കുറച്ച് നടക്കാനുണ്ട് വെള്ളച്ചാട്ടത്തിലേക്ക്.നെല്ലിയാമ്പതി മലനിരകളിൽനിന്ന് ഉദ്ഭവിക്കുന്ന നീരൊഴുക്ക് ഇവിടെയെത്തുമ്പോൾ മനോഹരമായ വെള്ളച്ചാട്ടമായി മാറുന്നു. കാടിനും പാറക്കെട്ടിനും ഇടയിലൂടെ വെള്ളം ശക്തമായി ഒഴുകുന്നു. ചിലരെല്ലാം ഒഴുക്ക് കുറഞ്ഞ ഭാഗത്ത് കുളിക്കുന്നുണ്ട്.വനവാസക്കാലത്തു ശ്രീരാമനും ലക്ഷ്മണനും സീതയും ഇവിടെ എത്തിയെന്നും സീത ഇവിടെനിന്നും കുളിച്ചു എന്നുമാണ് ഐതിഹ്യം.അതിനാലാണത്രെ ഇവിടം സീതാർകുണ്ട് എന്ന പേരിനാൽ അറിയപ്പെടുന്നത്. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിച്ച് മലയിറങ്ങിയപ്പോഴേക്കും നന്നായി വിശന്നിരുന്നു.

കള്ളുഷാപ്പിൽനിന്നും ഉച്ചഭക്ഷണം

വെള്ളച്ചാട്ടം കാണാൻ പോയപ്പോഴേ ഈ കള്ളുഷാപ്പ് കണ്ടു വെച്ചിരുന്നു. കൊല്ലങ്കോട്ടുകാരിയായ ചേച്ചിയോട് അവിടെ കുടുംബസമേതം പോകാമോ എന്ന് ചോദിച്ചപ്പോൾ “അതിനെന്താ, എല്ലാവരും പോകാറുണ്ട്” എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ് പച്ചക്കൊടി വീശി. എന്നാലും കളളുഷാപ്പിന്റെ മുമ്പിൽ വണ്ടിനിർത്തി ഞാനൊറ്റക്ക് ഒന്നു പോയിനോക്കി. അവിടെയിരുന്ന് നന്നായി വെട്ടി വിഴുങ്ങുന്ന സ്ത്രീജനങ്ങളെ കണ്ട് ഞാനും സന്തോഷം പൂണ്ടു. തുടർന്ന് എല്ലാവരും കൂടിയിരുന്ന് ചോറ് കഴിച്ചു. സാമ്പാറിന് പകരം തേങ്ങ വറുത്തരച്ച കുമ്പളങ്ങയിട്ടുവെച്ച ചിക്കൻ കറിയാണ് കൊടുക്കുന്നത്. അതിൽ പേരിനുപോലും ചിക്കനില്ലാത്തതിനാൽ സ്പെഷ്യലായി ചിക്കൻ കറി വാങ്ങി. ചാർജ് അധികം വാങ്ങുമോ എന്നൊരു ഉൾഭയം ഉണ്ടായിരുന്നു. പക്ഷേ,ചോറിനും ചിക്കനുമെല്ലാം നമ്മുടെ നാട്ടിലെ ചാർജ് തന്നെ.

കറുപ്പുസ്വാമി പ്രകൃതി ക്ഷേത്രം

തമിഴർ കറുപ്പുസ്വാമിയെയും അയ്യനാരെയും കാവൽദൈവമായി വിശ്വസിക്കുന്നു എന്ന് കേട്ടിട്ടുണ്ട്. പേരാലിൽനിന്ന് വേടിറങ്ങി ക്ഷേത്രപരിസരം മുഴുവൻ തണൽ
വിരിക്കുന്ന പ്രത്യേകത കൊണ്ടായിരിക്കണം പ്രകൃതി ക്ഷേത്രം എന്ന പേർ വരാൻ കാരണം. ഓച്ചിറ പരബ്രഹ്മ ക്ഷേത്രം പോലെ ഇവിടെയും ചുറ്റുമതിലോ ശ്രീകോവിലോ ഇല്ല. തിരക്കുകാരണം വിഗ്രഹത്തെ കാണാൻ പറ്റിയില്ല. ക്ഷേത്ര പരിസരത്തുവെച്ച് കോഴിയെ അറുത്ത് ചോറും കറികളും ഉണ്ടാക്കി കൂട്ടംകൂടി കഴിക്കുക എന്നതാണ് ഇവിടത്തെ രീതി എന്ന് തോന്നുന്നു. തിരക്കിനിടയിൽനിന്ന്’പ്രമോദ് മാഷേ ‘ എന്ന ശബ്ദം കേട്ട് നോക്കുമ്പോൾ പെരിന്തൽമണ്ണയിലെ ഉമട്ടീച്ചറും സഹപ്രവർത്തകരും. അവർ സ്കൂളിൽനിന്നും സ്റ്റാഫ് ടൂറായി വന്നതാണ്. അവരോടെല്ലാം കുറച്ചുനേരം കുശലം പറഞ്ഞ് വീണ്ടും ജനത്തിരക്കിലേക്ക്
ലയിച്ചു. മരത്തിൻ മുകളിൽനിന്നും മണ്ണിനെ സ്നേഹിക്കാനായി താഴോട്ടിറങ്ങി വന്ന വേടുകളോടൊപ്പം നിന്ന് കുറച്ചു ഫോട്ടോകൾ ക്ലിക്കി.

തിരിച്ചു പോരുമ്പോൾ ഒരു മിടുക്കിക്കുട്ടി റോഡരികിൽ പച്ചക്കറി വിൽക്കുന്നു. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മിടുക്കിയുടെ പേര് അനശ്വര. ഞങ്ങളുടെ സംസാരം കേട്ട് അവളുടെ അമ്മ ഇറങ്ങിവന്നു.നൂറ് രൂപക്ക് പയറും കയ്പങ്ങയും വാങ്ങി.
ഇങ്ങനത്തെ നിരവധി വിൽപ്പന കേന്ദ്രങ്ങൾ കൊല്ലങ്കോട്ടിൽ അങ്ങോളമിങ്ങോളം കാണാം. ഇനിയുമേറെ കാണാനുമുണ്ട് എന്നറിയാമെങ്കിലും തൽക്കാലം വിട വാങ്ങാം. കൊല്ലങ്കോടിന്റെ സൗന്ദര്യം നുകരാൻ ‘ഒരു വരവുകൂടി വരേണ്ടി വരും’ എന്ന് മനസ്സിലുറപ്പിച്ചുകൊണ്ട് മടക്കയാത്ര തുടങ്ങി.

About The Author

Leave a Reply

Your email address will not be published. Required fields are marked *