എന്താണ് മണ്ഡലകാലം ?
41 നാൾ വ്രതത്തിന്റെ പ്രാധാന്യമെന്ത്?
വൃശ്ചിക മാസവും വ്രതവും
ഒരുകാലത്ത്, ഒരു വീട്ടിൽ, ഒരാൾ മലയ്ക്ക് പോകാൻ തീരുമാനിച്ചാൽ ആ ഗ്രാമത്തിലെ ഹിന്ദു – മുസ്ലീം-ക്രിസ്ത്യൻ വീടുകളെല്ലാം സ്വയം ശബരിമലയുടെ വ്രതസമ്പ്രദായത്തിലേയ്ക്ക് മാറുമായിരുന്നു.
അന്യനാട്ടിൽനിന്നും നടന്നുവരുന്ന അയ്യപ്പൻമാരെ സ്വീകരിക്കുന്ന വിശ്രമപ്പന്തലുകളിൽ എല്ലാ മതത്തിലും പെട്ട സ്ത്രീകൾ ഭക്ഷണം വിളമ്പുമായിരുന്നു ; വ്രതശുദ്ധിയോടെത്തന്നെ.
ചായക്കട നടത്തുന്ന ശങ്കരേട്ടൻ, മണ്ഡലകാലമായാൽ തീവ്രവ്രതത്തിലേയ്ക്ക് സ്വയം മാറും.
കുളിച്ചേ ഭക്ഷണമുണ്ടാക്കൂ.
മൂന്നുനേരവും കുളിക്കും.
പാചകം ചെയ്ത്
രണ്ട് മണിക്കൂറിൽ കൂടുതലായ ഭക്ഷണം വിളമ്പില്ല.
മാത്രവുമല്ല; ശബരിമലക്കാലം കഴിയുംവരെ വീട്ടിൽപോലും പോകാതെ ചായക്കടയിൽത്തന്നെ കിടന്നുറങ്ങും.
കാരണം, താൻ വെച്ചുവിളമ്പുന്നത് അയ്യപ്പനുള്ളതാണെന്ന് ശങ്കരേട്ടനുറപ്പുണ്ട്. അതിൽ ചെറിയൊരു പാകപ്പിഴപോലും വന്നുകൂടാ.
എന്തിനാണ് ഈ 41 നാൾ വ്രതം ?
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽനിന്നുമുണ്ടാകുന്ന നമ്മുടെ ശരീരത്തിലെ സാധാരണ കോശങ്ങളുടെ ആയുസ്സ് 21 ദിവസമത്രേ.
അതായത്, ഇന്ന് നമ്മൾ കഴിച്ച ഭക്ഷണത്തിൽനിന്നുമുണ്ടാകുന്ന കോശം ഉണ്ടായി ഇല്ലാതാവാൻ 21 നാൾ വേണം.
അപ്പോൾ , വ്രതം തുടങ്ങി ഇരുപതാമത്തെ ദിവസം കഴിക്കുന്ന ഭക്ഷണത്തിൽനിന്നും ശരീരം സൃഷ്ടിക്കുന്ന കോശം ഉണ്ടായി നശിക്കാൻ
വീണ്ടും ഒരു 21നാൾ കൂടി.
അങ്ങനെയെങ്കിൽ,
41 ദിവസത്തെ വ്രതം പൂർത്തിയായാൽ ; വ്രതമെടുത്ത ആളുടെ ശരീരം പൂർണ്ണമായും ശുദ്ധമായ ഒരു പുത്തൻ ശരീരമായെന്നർത്ഥം.
പിന്നെ പരിശുദ്ധമായ മലകയറ്റമാണ്.
മുദ്ര ധരിച്ചാൽ ; അതായത് മാലയിട്ടാൽ , ഏതു ശരീരവും അയ്യപ്പനായെന്നർത്ഥം.
ഇനി മനുഷ്യനില്ല.
എല്ലാവരും അയ്യപ്പൻമാർ.
താണ ജാതിയും മുന്തിയ ജാതിയും
സംസ്കൃതം അറിയുന്നവനും വേദം പഠിച്ചവനും
പണ്ഡിതനും പാമരനും
ആണും പെണ്ണും
കുട്ടിയും വയസ്സനുമൊന്നുമില്ല.
എല്ലാം അയ്യപ്പൻ.
മാല ഇടുംവരെ താണ ജാതിക്കാരനായവൻ മാല ഇട്ട അന്നുമുതൽ മുന്തിയ ജാതിക്കാരന്റെ ഗുരുസ്വാമിയാവുന്ന അത്ഭുത കാഴ്ച ശബരിമലയാത്രയ്ക്ക് മാത്രം സ്വന്തം.
എങ്കിലും ഈ ശരീരം ഒരു സാധാരണ മനുഷ്യന്റെയാണല്ലോ.
ലൗകികചിന്തകളുടെ അലകൾ ഏറെക്കാണും ഇപ്പോഴുമുള്ളിൽ .
ഇതടങ്ങിയിട്ടേ മല കയറാവൂ.
അതെങ്ങനെ നിലയ്ക്കും ?
അവയെ അടക്കാൻ കഴിയുന്നൊരു ഭൂമിയുണ്ട് മലയാത്രയിൽ.
അതിലേ കടന്നുപോയാൽ എല്ലാ അനാവശ്യചിന്തകളും അടങ്ങുകയായി.
അതായത്, മനസ്സിലെ അലകൾ അടങ്ങുന്ന ; അഥവാ, നിലയ്ക്കുന്ന ഇടമാണ് നിലയ്ക്കൽ.
ഇനി, അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ പാപങ്ങളെ കളയണം.
‘പാപം’ തിരിച്ചിട്ടു പേരിട്ട പമ്പയിൽ (പം പാ) മുങ്ങി നിവരുകയായി.
തുടർന്ന്,
പ്രകൃതിയിൽ ഉറങ്ങിക്കിടന്ന ഊർജ്ജമുണർന്ന്, പ്രകൃതിയുടെ നട്ടെല്ലായ പർവ്വതങ്ങളിലെ ആറ് പത്മങ്ങളും കടന്ന് മുകളിലേയ്ക്ക് പ്രവഹിച്ച പരിശുദ്ധഭൂമിയിലൂടെ, അതേറ്റുവാങ്ങാൻ മലകയറൽ.
മുകളിലെത്തിയാൽ അവിടെ കൃത്യമായെഴുതിവെച്ചിട്ടുണ്ട്.
തത്വമസി.
അത് നീയാകുന്നു.
അത് എന്നത് , നീ തേടിയ ദൈവം.
ഇവിടെ അത് അയ്യപ്പൻ.
അതായത്, ഇപ്പോൾ കയറിവന്ന നീയും മലമുകളിലുള്ള അയ്യപ്പനും തമ്മിൽ ഭേദമില്ലെന്നർത്ഥം.
ഈ ‘തത്വമസി ‘ പച്ചമലയാളത്തിൽ പറഞ്ഞുകളിച്ചാണ് അയ്യപ്പൻമാർ എരുമേലി കടന്നുപോന്നത്.
കാലം കടന്നുപോന്നപ്പോൾ അർത്ഥമറിയാതെയോ മറന്നുപോയതോ ആയ ; നൃത്തംചെയ്യുന്നൊരു താളമുണ്ട് എരുമേലിയിലെ പേട്ടതുള്ളലിൽ.
സ്വാമി തിന്തകത്തോം
തിന്തകത്തോം
അയ്യപ്പ തിന്തകത്തോം.
സത്യത്തിൽ ഇതെന്താണ് ?
കാട്ടിലെ , ഉദയൻ എന്ന കൊള്ളക്കാരനെ അയ്യപ്പനും കൂട്ടരും ചേർന്ന് പരാജയപ്പെടുത്തിയതിന്റെ ഓർമ്മപ്പെടലാണത്രേ എരുമേലിയിലെ പേട്ടതുള്ളൽ.
ഉള്ളിലെ ആസുരികശക്തിയെ ദേവഭാവംകൊണ്ട് ജയിച്ചതിന്റെ ആഘോഷം.
ഉള്ളിലെ അസുരനെ തോൽപ്പിച്ചാൽ പിന്നെ ഉള്ളിൽ ആരാണ് – അയ്യപ്പനല്ലാതെ മറ്റാര് !
അപ്പോൾ , സന്തോഷനൃത്തത്തിൽ മനുഷ്യരൂപത്തിലുള്ള ഓരോ അയ്യപ്പസ്വാമിയും പരസ്പരം ചോദിക്കുന്നു.
അയ്യപ്പൻ നിന്റകത്തോ ! നിന്റകത്തോ ….!
സ്വാമി നിന്റകത്തോ !
സ്വാമി നിന്റകത്തോ
നിന്റകത്തോ
അയ്യപ്പൻ നിന്റകത്തോ ….!
തത്വമസിയുടെ പച്ചമലയാളം.
നിവൃത്തികേടിലും അശ്രദ്ധയിലും ; ജീവിതത്തിലെ തിരക്കുകൾ കാരണവും വാരിവലിച്ച് ജീവിച്ചവരെ, ആരോഗ്യത്തിലേയ്ക്കു നയിക്കാൻ ഒരു വൃശ്ചികകാലം.
പലപല താരതമ്യങ്ങളാൽ ധർമ്മബോധം കൈമോശം വന്നവരെ എല്ലാ രീതിയിലും സമരാക്കി മാറ്റുന്ന തീർത്ഥയാത്ര.
ലോകത്തിനുതന്നെ മാതൃകയായ ഈ ശരണയാത്രയെ ഞാൻ നമസ്ക്കരിക്കുന്നു.
ഞാനും ദൈവവും സമമാകുന്ന മനോഹരകാലം.
About The Author
No related posts.