കാലയവനിക-കാരൂര്‍ സോമന്‍ (നോവല്‍: അധ്യായം 3)

Facebook
Twitter
WhatsApp
Email

തിരക്കേറിയ വീഥിയിലേക്ക് അവള്‍ തളര്‍ച്ചയോടെ നോക്കി. ഒരാള്‍ കാറില്‍ നിന്നും പുറത്തിറങ്ങി. സ്ഥലത്തെ മുന്‍ എം.എല്‍.എയുടെ മകനാണ്, തമ്പി പാറമട. അച്ഛന്റെ രാഷ്ട്രീയത്തേക്കാള്‍ തമ്പി സ്‌നേഹിച്ചത് കലയെ ആണ്. രമേശും തമ്പിയും ഒന്നിച്ചാണ് ഏയ്ഞ്ചല്‍ തീയേറ്റര്‍ തുടങ്ങിയത്. സാമ്പത്തിക ചുമതലകള്‍ വഹിച്ചിരുന്നത് തമ്പിയാണ്. പക്ഷേ, നാടക റിഹേഴ്‌സല്‍ ക്യാമ്പിലോ, നാടകം നടക്കുന്നിടത്തോ തമ്പിയെ കാണാറില്ല. അച്ഛന്‍ ബിനാമി പേരില്‍ നടത്തുന്ന റിയല്‍ എസ്റ്റേറ്റിന്റെ ചുമതലയും തമ്പിക്കുണ്ട്. നാടക ട്രൂപ്പ് തുടങ്ങിയിട്ട് രണ്ട് വര്‍ഷമേ ആയിട്ടുള്ളു അതിനെ വളമിട്ട് വളര്‍ത്തുന്നത് രമേശാണ്. തമ്പിക്ക് വയസ് ഇരുപത്തഞ്ചായി, എപ്പോഴും വെള്ളയാണ് വേഷം. ഇപ്പോള്‍ ചില സിനിമകള്‍ക്കും പണം മുടക്കിയിട്ടുണ്ടെന്നു കേട്ടിരുന്നു. എല്ലാം അച്ഛനുണ്ടാക്കിയ കള്ളപ്പണമെന്നു നാട്ടുകാര്‍ പറയും. ഏതോ ഒരു സിനിമയുടെ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തമ്പി അവളുടെ അടുത്തേക്ക് വന്നു. രമേശ് പറഞ്ഞറിയാമെന്നല്ലാതെ, ഒന്നോ രണ്ടോ തവണയില്‍ കൂടുതല്‍ അയാളെ നേരിട്ട് കണ്ടിട്ടില്ല. പ്രശസ്തിക്കു വേണ്ടി അയാള്‍ എന്തും ചെയ്യുമെന്നാണ് രമേശിന്റെ ഭാഷ്യം.

ദുഃഖം മൂടികെട്ടിയ അവളുടെ മുഖത്തേക്ക് നോക്കി തമ്പി നിമിഷങ്ങള്‍ നിന്നു. എന്നിട്ട് ദുഃഖഭാവത്തില്‍ പരിഭവത്തോടെ പറഞ്ഞു.
”എല്ലാം കഴിഞ്ഞു അല്ലേ? ഒരു വാക്ക് എന്നോട് പറയാമായിരുന്നു. എന്റെ മൊബൈല്‍ നമ്പര്‍ സിന്ധുവിനറിയാമല്ലോ. ഇത്ര ക്രൂരത പാടില്ല കേട്ടോ?”
അവള്‍ നിര്‍വികാരയായി തമ്പിയെ നോക്കി. തമ്പിയുടെ മനസ്സിനെയും വേദനിപ്പിക്കേണ്ടിവന്നു. അവര്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഒരാപത്ത് വരുമ്പോള്‍ പരസ്പരം അറിയണം. അറിയിക്കണം. പലപ്പോഴും എഴുതിക്കൊണ്ടിരിക്കുമ്പോള്‍ രമേശ് കടലാസ് കീറിക്കളയുന്നത് കണ്ടിട്ടുണ്ട്. ഒരിക്കല്‍ ചോദിച്ചു, ഒരുപേപ്പര്‍ എഴുതുമ്പോള്‍ നാല് പേപ്പര്‍ കീറികളയുന്നുണ്ടല്ലോ? അപ്പോള്‍ പറയും, ഈ ലോകത്തെ അറിയിക്കേണ്ടത് ഈ ഒറ്റ പേപ്പറാണ്. മറ്റ് നാല് പേപ്പറുകള്‍ ആത്മവിശ്വാസമില്ലാത്ത, മനസ്സാക്ഷിയില്ലാത്ത, അന്തസ്സില്ലാത്ത മനുഷ്യരാണ്. ഈ മണ്ണിലെ കഴുതകള്‍. ഭാരങ്ങള്‍ ചുമക്കാന്‍ മാത്രം പിറന്നവര്‍.
കലയെ കച്ചവടമാക്കുന്ന തമ്പിയെപ്പോലുള്ളവരും ധാരാളം. അങ്ങനെയൊരു വിശേഷണമാണ് തമ്പിയെപ്പറ്റി ലഭിച്ചിരുന്നത്. എന്നാലും, രമേശിന്റെ അടുത്ത കൂട്ടുകാരനായിരുന്നു. അവളുടെ അസ്വസ്ഥമായ കണ്ണുകള്‍ തമ്പിയെ നോക്കി. ക്രൂരതയും കാപട്യവും നിറഞ്ഞ മനുഷ്യരെ രമേശ് എന്നും വെറുത്തിരുന്നു. അങ്ങനെയുള്ള ആളെങ്കില്‍ ഇയാളെ കൂടെ കൂട്ടുമായിരുന്നില്ലല്ലോ. അടുത്തുള്ള കടകളില്‍ ആളുകള്‍ വന്നുപോയി. റോഡിലൂടെ വാഹനങ്ങള്‍ ഇരമ്പിപ്പാഞ്ഞു. രമേശിന്റെ മരണം സഹപ്രവര്‍ത്തകരെ അറിയിക്കാന്‍ തോന്നാഞ്ഞതെന്താണ്. ആശുപത്രിക്കിടക്കയില്‍ വെച്ച് രമേശ് അവസാനമായി പറഞ്ഞതെന്തായിരുന്നു…. സിന്ധു, ഞാന്‍… ജീവിതത്തിലേക്ക് തിരിച്ചുവരുമോ… അറിയില്ല. അഥവാ തിരിച്ചുവന്നില്ലെങ്കില്‍ എന്റെ വീട്ടുകാരെപ്പോലും അറിയിക്കേണ്ട…. എപ്പോഴും എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവമായതിനാല്‍, മനസ്സിനെ ദുര്‍ബലപ്പെടുത്താതെ ഒന്ന് മൂളുകമാത്രം ചെയ്തു.

ക്ഷേത്രത്തില്‍ പ്രസാദം കൊടുത്ത്, വെടിപൊട്ടിച്ച്, പൂജ നടത്തി കാശ് വാങ്ങുന്ന ക്ഷേത്രാചാരത്തെ രമേശ് എതിര്‍ത്തിരുന്നു. അച്ഛനുമായുള്ള പിണക്കം അതില്‍ തുടങ്ങി. എന്നാലും സ്വന്തം മകന്റെ മരണം എങ്ങനെ ഒരച്ഛനെ അറിയിക്കാതിരിക്കും. മനസ്സ് ആ നിര്‍ബന്ധമുദ്ധിക്ക് വഴങ്ങിയില്ല. വീട്ടുകാരെ വിവരമറിയിച്ചു. ആറടി മണ്ണും അവര്‍ തന്നില്ല. സ്വന്തം മകന് ഒരു പുഴുവിന്റെ വിലപോലും അവര്‍ കൊടുത്തില്ല. ഇപ്പോള്‍ തോന്നുന്നു രമേശ് പറഞ്ഞത് എത്രയോ സത്യമായിരുന്നു എന്ന്. മരണത്തില്‍പോലും തിരിച്ചറിവില്ലാത്ത മനുഷ്യര്‍. കോലോത്തെ തമ്പ്രാക്കന്മാരായി മാത്രമെ രമേശ് മതങ്ങളെ കണ്ടിരുന്നുള്ളു. അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് എന്റെ ജീവിതം അച്ഛനെപ്പോലെ തീറെഴുതിക്കൊടുക്കില്ലെന്ന് രമേശ് തീരുമാനിച്ചിരുന്നു.

സിന്ധുവില്‍ നിന്ന് പ്രതികരണമൊന്നും കിട്ടാതെ വന്നപ്പോള്‍ തമ്പി ദയനീയ ശബ്ദത്തില്‍ പറഞ്ഞു.
”എനിക്കറിയാം സിന്ധുവിന്റെ ഇപ്പോഴത്തെ അവസ്ഥ….”
അവള്‍ പെട്ടെന്ന് ഓര്‍മകളില്‍നിന്നു തിരിച്ചുവന്നു.

”ക്ഷമിക്കണം. ചേട്ടന്‍ മരണത്തിന് മുന്‍പുതന്നെ എന്നോട് പറഞ്ഞിരുന്നു. ആരെയും അറിയിക്കരുതെന്ന്….”
”സത്യത്തില്‍ രമേശ് ധീരോത്തനായി സമൂഹത്തോടു പോരടിക്കുക തന്നെയായിരുന്നു. മനുഷ്യരെക്കാള്‍ രമേശ് സ്‌നേഹിച്ചതും മൃഗങ്ങളെയാണ്. മതില്‍പുറത്തിനപ്പുറം നില്‍ക്കുന്ന നമുക്കൊന്നും അത് മനസ്സിലാകില്ല. എന്തായാലും തനിക്കുണ്ടായത് ഒരു തീരാനഷ്ടമാണ്. ഇനി ആ നഷ്ടം നികത്താന്‍ സിന്ധുവിന് മാത്രമേ കഴിയൂ….”

എന്താണിയാള്‍ പറഞ്ഞുവരുന്നത്, അവള്‍ സംശയത്തോടെ നോക്കി.
”അതെ സിന്ധു. നമ്മുടെ രമേശ് മരിച്ചിട്ടില്ല, അവന്‍ ഇനിയും ജീവിക്കും, ജീവിക്കണം, നമ്മളിലൂടെയൊക്കെ….”
ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന നാടകത്തിലെ രമേശിന്റെ വാക്കുകള്‍ ആ നിമിഷം അവള്‍ ഒര്‍ത്തു. ജീവിത ദുഃഖങ്ങളില്‍ എത്ര മുറിവേറ്റാലും നാം കരുത്തോടെ ജീവനെ പ്രാപിക്കണം.

മനുഷ്യന്റെ സഹജമായ സ്വഭാവമാണ് ദുഃഖങ്ങളില്‍ തളര്‍ന്നു വീഴുന്നത്. നാം ഇരുട്ടിലൂടെ കടന്നുപോകുന്നവരാണ്. സ്വന്തം മനശക്തിയെ മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടാണത്. സത്യത്തില്‍ തമ്പി വന്നത് മണ്ണില്‍ നിന്ന് മാഞ്ഞുപോയ രമേശിന്റെ ശവദാഹം കാണാനല്ലായിരുന്നു. അതിനുമപ്പുറം ഇന്ന് നടക്കേണ്ടുന്ന നാടകത്തെപ്പറ്റി പറയാനായിരുന്നു. ഒപ്പം ഒരു കണ്ണ് അവളിലുമുണ്ടായിരുന്നു. നാടകം ”ഇരുളടഞ്ഞ താഴ്‌വര” എഴുതിയതും അതിന്റെ സംവിധാനവും രമേശ് ആണെങ്കിലും അതിലെ കേന്ദ്ര കഥാപാത്രമായി വിധവയുടെ ഭാഗം അഭിനയിക്കുന്നത് സിന്ധുവാണ്. നാടകത്തിന്റെ ചുമതല വഹിക്കുന്ന ആന്റണി ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ വിവരിക്കുമ്പോഴാണ് രമേശ് ആശുപത്രിയിലായ കാര്യമറിയുന്നത്. പാലക്കാട് നടക്കുന്ന സിനിമ ഷൂട്ടിംഗിനിടയില്‍ നിന്ന് സിന്ധുവിനെ കാണാന്‍ പെട്ടെന്ന് പുറപ്പെടുകയായിരുന്നു. നാട്ടുകാരോട് ചോദിച്ചറിഞ്ഞാണ് വാടകവീട് കണ്ടെത്തിയത്. അടുത്തവീട്ടുകാര്‍ പറഞ്ഞതനുസരിച്ച് പൊതു ശ്മശാനത്തിലെത്തിയപ്പോഴേക്കും അതും കഴിഞ്ഞു. ഭാഗ്യത്തിന് വഴിയില്‍വച്ച് കാണാന്‍ പറ്റി.

പള്ളി പെരുന്നാളിനോടനുബന്ധിച്ച് മൂന്ന് മാസങ്ങള്‍ക്ക് മുമ്പേ ബുക്ക് ചെയ്ത് പകുതി കാശും വാങ്ങിയ നാടകം സമയത്ത് നടക്കില്ലെങ്കില്‍ രമേശുണ്ടാക്കിയ ഏയ്ഞ്ചല്‍ തീയറ്റേഴ്‌സ് ഇതോടെ അടച്ചു പൂട്ടേണ്ടിവരും. അതിലൂടെ താനുണ്ടാക്കിയെടുത്ത പേരും പെരുമയും ഒരുനിമിഷം കൊണ്ട് ഇല്ലാതാകും. സിന്ധുവില്ലാതെ നാടകം നടക്കില്ല. അവളെ കാണാന്‍ മാത്രം നാടകമുള്ളിടം തേടി വരുന്നവരുണ്ട്. ഇപ്പോഴൊരു നോക്കികുത്തിയെപ്പോലെ ഇരിക്കാന്‍ കഴിയില്ല.
കുര്‍ബാനയെന്നപേരില്‍ യേശുവിന്റെ ശരീരവും രക്തവും വിറ്റ് കാശുണ്ടാക്കുന്ന സഭകളെയും നാടക്തതില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഭര്‍ത്താവിന്റെ ചിതയണയും മുന്‍പേ നാടകത്തിലഭിനയിക്കണമെന്ന് ഇവളോട് എങ്ങനെ പറയാനാണ്. ഏതായാലും കാര്യങ്ങളെല്ലാം സിന്ധുവിനു മുന്നില്‍ പറഞ്ഞൊപ്പിച്ചു, എല്ലാം

രമേശിനുവേണ്ടിയെന്ന് ഇടയ്ക്കിടെ കൂട്ടിച്ചേര്‍ത്തു.
അവള്‍ എന്ത് ചെയ്യണമെന്നറിയാതെ വിദൂരത്തേക്കു നോക്കിനിന്നു. ഒരു ഭാഗത്ത് ഭര്‍ത്താവിന്റെ ചിത കത്തുന്നു. മറുഭാഗത്ത് അദ്ദേഹമെഴുതിയ നാടകം മുടങ്ങാന്‍ പോകുന്നു, അതും താന്‍ കാരണം. സാഹിത്യത്തെ സ്വന്തം തറവാടിനെക്കാള്‍ സ്‌നേഹിക്കുകയും ഹൃദയത്തോട് ചേര്‍ത്ത്‌വെക്കുകയും ചെയ്ത് ഭര്‍ത്താവിന്റെ ആത്മാവ് പറയുന്നു. നീ എനിക്കായി അഭിനയിക്കണം. നിനക്കറിയാമല്ലോ. നാടകം എന്റെ ആത്മാവാണ്. ഞാന്‍ തുടങ്ങിവെച്ചത് നീ തുടരണം. മനസ്സില്‍ ഇപ്പോള്‍ തങ്ങി നില്‍ക്കുന്നത് നഷ്ടബോധം മാത്രമല്ല കുറ്റബോധം കൂടിയാണ്. ജീവിത നാടകത്തിന്റെ വശ്യതയും ശൂന്യതയും അവള്‍ മുന്നില്‍ കണ്ടു. ഇനിയിതു കാണേണ്ടത് സാഹിത്യവാസനയായല്ല, ജീവിതവാസനയായി തന്നെയാണ്. ഈ കലയിലാണ് ജീവിതം മൊട്ടിട്ടതും വിടര്‍ന്നതും. കൊഴിഞ്ഞു വീഴാന്‍ ഇടം കൊടുക്കാതെ അത് സമൃദ്ധിയായി വളര്‍ന്ന് പന്തലിക്കാന്‍ വളവും വെള്ളവും കൊടുക്കുക.
തമ്പി യാചനയുടെ സ്വരത്തില്‍ പറഞ്ഞു.

”സിന്ധു.. രമേശിന്റെ ആത്മാവിനെ ഓര്‍ത്തെങ്കിലും അഭിനയിക്കണം. സിന്ധു കാരണം നടാകം മുടങ്ങരുത്, രമേശിന്റെ ആത്മാവ് അതു പൊറുക്കില്ല….”
ആ നിശബ്ദ നിമിഷങ്ങളില്‍ അവളുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു. എന്താണ് ചെയ്യേണ്ടത്. ഒരു ഭാഗത്ത് ഭര്‍ത്താവിന്റെ ചിതയെരിയുന്നു. മറുഭാഗത്ത് പ്രേക്ഷകരുടെ കൈയ്യടി. ഇതില്‍ ഏതാണ് സത്യം? അവള്‍ സാരിത്തലാപ്പുകൊണ്ട് കണ്ണീരൊപ്പി. മനസ്സ് ഒരേസമയം തന്നെ വേദനിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു.

തമ്പി വീണ്ടും പറഞ്ഞു.
”രമേശിനെ നമുക്ക് നഷ്ടപ്പെട്ടു. അതുകൊണ്ട് അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഭാര്യ തന്നെ നശിപ്പിക്കണോ? സിന്ധുവിന് പഠിപ്പും വിവരവുമുണ്ട്, കഴിവുണ്ട്, ഭാവിയുള്ള കലാകാരിയാണ്. ഞങ്ങളുടെ അടുത്ത സിനിമയില്‍ സിന്ധുവിനെ നായികയാക്കാന്‍ ഞാന്‍ രമേശിനോട് സമ്മതം ചോദിക്കാനിരിക്കയായിരുന്നു. മകന്റെ ഭാവിയും കാണണ്ടേ, ഈ രംഗത്ത് സിന്ധുവിന്റെ ഭാവി ശോഭനമാണ്. വിഷമിക്കേണ്ട ഞാനില്ലേ? കലയില്ലേ? എന്നെ ഒരു സഹോദരനായി കണ്ടുകൂടെ?”
രമേശിന്റെ ആശയങ്ങള്‍ മനസ്സില്‍ മായാതെ നിന്നു. ഒഴുക്കില്ലാത്ത ഒരു തടാകം പോലെയാകരുത് ജീവിതം. ഉത്തമ സുഹൃത്തും സഹോദരനുമായി ഒപ്പം നില്‍ക്കാമെന്നാണ് തമ്പി പറയുന്നത്. ഭാവി ശോഭനമാകണം. രമേശിന്റെ കുഞ്ഞ് വളരണം, അച്ഛനെപ്പോലെ വലിയൊരു മനസ്സിന് ഉടമയായി. അവനെ ഒന്ന് നോക്കി. അവനുവേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ ഒരുക്കമാണ്. അവന്റെ ഭാവിയാണ് ഞങ്ങളുടെ സമൃദ്ധി. മനുഷ്യന്റെ കരങ്ങള്‍ ബലഹീനമെങ്കിലും ദൈവത്തിന്റെ കരങ്ങള്‍ ശക്തമാണ്. അതുകൊണ്ടല്ലേ ഈ ദുഃഖവേളയില്‍ ഒരാശ്വാസമായി തമ്പി വന്നത്.

രമേശ് ജീവിതത്തെ കണ്ടത് സുഖസൗകര്യങ്ങളിലല്ല. അതിലുപരി ജീവിത മൂല്യങ്ങളിലാണ്. അദ്ദേഹത്തിന്റെ നാടക സ്വപനങ്ങള്‍ തന്നിലൂടെ സാക്ഷാത്കരിക്കട്ടെ എന്നു തന്നെയായിരുന്നു സിന്ധുവിന്റെ തീരുമാനം. ഉത്തമനായ ഒരു ഭര്‍ത്താവിനെ ദൈവം തന്നു. ആ ജീവനെ ദൈവം തന്നെ വേഗത്തില്‍ തിരിച്ചെടുത്തു. ഭൗതിക ജീവത സുഖത്തേക്കാള്‍ മനുഷ്യന്റെ ആന്തരിക സൗന്ദര്യത്തില്‍ മുഴുകി ജീവിച്ചവന്‍. ആ ജീവിതം കണ്ട് ഉള്ളില്‍ ഭക്തിയും വിനയവുമാണ് തോന്നിയിരുന്നത്. സ്ത്രീ എപ്പോഴും വിശ്വസ്തതയിലും ദൈവകൃപയിലും ആശ്രയിച്ച് ജീവിക്കണമെന്നു, ഈ ലോകത്തിന്റെ ശമ്പളവും പദവിയും ആഡംബരവും അഹങ്കാരവുമൊക്കെ ആപത്തിലേ കലാശിക്കൂ എന്നും പറയുമായിരുന്നു. ആ വാക്കുകള്‍ ചെവിക്കൊണ്ട് അവന്റെ വഴിയിലൂടെ മുന്നോട്ടു പോകാന്‍ അവള്‍ തീരുമാനിച്ചു.

കാറ്റ് തെല്ലൊരു തളര്‍ച്ചോടെ അവിടേക്കുവന്നു. മനസ്സിലെ അവസാനത്തെ വെയില്‍ നാളങ്ങള്‍ പടിഞ്ഞാറെ ചക്രവാളത്തിലേക്ക് മടങ്ങിപ്പോയി. എന്നും സൗന്ദര്യം വാരി വിതറിയ അഭിനയമോഹങ്ങള്‍ അന്നൊരിക്കല്‍ക്കൂടി അവളുടെ മനസ്സിനെ പിടിച്ചുലച്ചു. കണ്ണുകള്‍ നനഞ്ഞുവെങ്കിലും കലയെ തള്ളിപ്പറയാന്‍ അവള്‍ തയ്യാറായില്ല. രമേശിന്റെ നഷ്ടപ്പെട്ട മുഖം തിരിച്ചുവരണം. അതിന് ആരുമായും രമ്യതിയിലെത്താന്‍ അവള്‍ തയ്യാറായിരുന്നു. തമ്പിക്കൊപ്പം കാറില്‍ കയറുമ്പോഴും അവളുടെ മനസ്സ് പറഞ്ഞു, ഞാന്‍ വരുന്നത് എന്റെ രമേശിന് വേണ്ടിയാണ്. രമേശ് എന്നും ജീവിക്കണം. അതിനു വേണ്ടി മരിക്കാനും ഞാനൊരുക്കമാണ്.

ഇരുളിന്റെ മറവില്‍, നേരിയ വെട്ടത്തില്‍ നാടകത്തിന്റെ തിരശ്ശീലയുയര്‍ന്നു. നാടകത്തിന്റെ പേര് – ഞാനാര്. ഇത് രമേശിന്റെ രണ്ടാമത്തെ നാടകമാണ്. ഞാനാര്, ഹിന്ദുവോ, ക്രിസ്ത്യാനിയോ അതോ മുസ്ലീമോ? കാഴ്ചക്കാരില്‍ തികഞ്ഞ മരവിപ്പ് മാത്രം. അടുത്തിരുന്നവര്‍ പരസ്പരം നോക്കി. ഞാന്‍ ഏത് ജാതിയില്‍പ്പെട്ടവനാണ്. കനം തൂങ്ങുന്ന കണ്ണുകളുമായി അവര്‍ വേദിയിലേക്ക് നോക്കിയിരുന്നു. രാഷ്ട്രീയ പകപോക്കലില്‍ മരിച്ച ഒരുവന്റെ വിധവയുടെ ഭാഗമാണ് സിന്ധു അഭിനയിക്കുന്നത്. അകത്തെ മേക്കപ്പ് മുറിയില്‍ മാണി മേശപ്പുറത്ത് തലചായ്ച്ച് ഉറങ്ങിയിരുന്നു. പ്രേക്ഷകര്‍ ശ്വാസം വിടാതെ ഓരോ രംഗവും കണ്ടുകൊണ്ടിരുന്നു. ഓരോ രംഗം കാണുന്തോറും അവരുടെ മനസ്സിന്റെ മരവിപ്പ് മാറിവന്നു.

നാടകത്തിലൂടെ ജനങ്ങളില്‍ എത്തിക്കുന്ന ഒരു ചോദ്യം. ആരാണ് ഹിന്ദു? ആരാണ് ക്രിസ്ത്യാനി? ആരാണ് മുസ്ലീം? ഒന്നവര്‍ മനസ്സിലാക്കി ഞങ്ങള്‍, മതത്തിന്റെ പിണിയാളുകളല്ല, മനുഷ്യരാണ്. കാലാകാലങ്ങളായി ജനങ്ങള്‍ വഞ്ചിതരാണ്. ആരാണ് വഞ്ചകര്‍? ജനങ്ങളില്‍ ജാതി മതങ്ങളിലൂടെ വെറുപ്പും വിദ്വോഷവും വളര്‍ത്തുന്നത് ആരാണ്? ഹിന്ദുക്കളില്‍ എന്നാണ് സവര്‍ണ്ണരും അവര്‍ണ്ണരുമുണ്ടായത്? ക്രിസ്ത്യാനികള്‍ ആരാണ്? അവരില്‍ ധാരാളം സഭക്കാര്‍ എന്തുകൊണ്ട് ഉണ്ടായി? മുസ്ലീം ആരാണ്? ഷിയാകളോ അതോ സുന്നികളോ? ഹിന്ദുക്കള്‍ക്ക് ഭഗവദ്ഗീതയുണ്ട്. എന്നാല്‍ എത്ര ഹിന്ദുക്കള്‍ക്ക് വേദങ്ങളെപ്പറ്റിയറിയാം? മുസ്ലീം നിസ്‌ക്കരിക്കാന്‍ വരുമ്പോള്‍ ഒന്നാണ്. എന്നാല്‍ നിസ്‌ക്കാരം കഴിഞ്ഞ് പുറത്ത് വന്നാല്‍ അവരില്‍ ചിലര്‍ പാകിസ്ഥാനിലെ ഭീകരന്മാരുടെ ഇരകളായി മാറുന്നു. ക്രിസ്തു പറഞ്ഞു. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുക. ക്രിസ്ത്യന്‍ രാജ്യമായ അമേരിക്ക ബോംബിട്ട് മനുഷ്യനെ കൊല്ലുന്നു. സത്യത്തില്‍ നാം നമ്മോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. നാം ആരാണ്? മതത്തിന്റെ പേരില്‍ നാം എന്തിനാണ് പോരടിക്കുന്നത്? എന്തിന് പരസ്പരം വെട്ടി മരിക്കണം!

ഇനി മതത്തിലേക്ക് വന്നാല്‍, ആധ്യത്മികത മതങ്ങളിലുണ്ടോ? മതങ്ങളിലും, ജാതിയിലുമുള്ളവര്‍ അതുകൊണ്ട് രാഷ്ട്രീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നു. ആ പേരില്‍ വോട്ട് വാങ്ങി മന്ത്രിയാകുന്നു. സത്യത്തില്‍ ഇവര്‍ ആരാണ്? ദൈവത്തെ മാത്രമല്ല, മതത്തെ മാത്രമല്ല, മനുഷ്യരെ പോലും വഞ്ചിക്കുന്ന ജനദ്രോഹികള്‍. ഇത് മതത്തിന്റെ ഒരു വ്യാപാര തന്ത്രമല്ലേ? നമ്മെ ഭരിക്കുന്നത് ഒരു ഭീകരക്കൂട്ടമാണ്. ഹിന്ദുവായാലും, ക്രിസ്ത്യാനിയായാലും, മുസ്ലീമായാലും അവന് രാമായണവോ, മഹാഭാരതമോ, ഖുറാനോ, ബൈബിളോ അറിയില്ല. ഓരോ മതത്തിന്റെ വക്തക്കളാണ്. ഇവരൊന്നും യഥാര്‍ഥത്തില്‍ ഹിന്ദുവോ, മുസ്ലിമോ, ക്രിസ്ത്യാനിയോ അല്ല. രാജ്യത്തെ ഭീകരരാണ്. ആ അധികാര തണലില്‍ പരസ്പരം മനുഷ്യരെ വെട്ടിനുറുക്കുന്നു. ജനങ്ങള്‍ എന്നും വഞ്ചിതരാണ്. ഇങ്ങനെയൊരു സാമൂഹ്യ വ്യവസ്ഥിതിയില്‍ ഇന്ത്യാക്കാരന്‍ ജീവിച്ചാല്‍ ഒരിക്കലും അവന് സ്വാതന്ത്ര്യം ലഭിക്കില്ല. രാഷ്ട്രീയവും മതവും ഇന്ത്യയിലെ ജനങ്ങളെ വിഡ്ഢികളാക്കുന്ന വ്യവസ്ഥിതിക്ക് മാറ്റമുണ്ടാകണം. ദേവാലയങ്ങളില്‍ വിശുദ്ധി കാക്കണം. ഏകാധിപതികളായ മതരാഷ്ട്രീയ നേതാക്കളെ തിരസ്‌ക്കരിക്കാനും ജനങ്ങള്‍ തയ്യാറാകണം. ജനങ്ങളുടെ ഐക്യവും സഹകരണവുമാണ് ആവശ്യം. ജാതി മത ഭരണമല്ല ആവശ്യം.

മാറ്റമുണ്ടായില്ലെങ്കില്‍ മതവും രാഷ്ട്രീയവും മനുഷ്യനെ അടിമകളായി വളര്‍ത്തിക്കൊണ്ടിരിക്കം. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ഒരു വിപ്ലവകാരിയെ സര്‍ക്കാരിന്റെ വെടിയുണ്ടകൊണ്ട് തകര്‍ത്തപ്പോള്‍ അതിനെതിരെ രംഗത്ത് വന്ന് അലമുറയിടുന്ന അദ്ദേഹത്തിന്റെ ഭാര്യ ചോദിക്കുന്നു. ഞാനാരാണ്? എന്റെ ജാതി എന്താണ്? എന്റെ രാഷ്ട്രീയം എന്താണ്? ഇതിന്റെ പേരിലല്ലേ നിങ്ങള്‍ എന്റെ ഭര്‍ത്താവിനെ വെട്ടിനുറുക്കി കൊന്നത്? അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് തറയിലേക്ക് വീഴുമ്പോള്‍ ചോദിക്കുന്നു. മതത്തിന്റെ പിണിയാളല്ലാതെ, നിനക്കൊരു മനുഷ്യനാകാന്‍ കഴിയുമോ? എല്ലാ മുഖങ്ങളും ഒരു ക്ഷമാപണത്തോടെ അവളെ നോക്കി സങ്കടപ്പെടുന്നു. മത-രാഷ്ട്രീയ വന്യമൃഗങ്ങളിലേക്ക് ഒരു കിതപ്പോടെ അവര്‍ ഓടിയെത്തുന്നു. ജനാധിപത്യത്തിന്റെ താക്കോല്‍ ഭരണത്തിലുള്ളവരാണ്. അവര്‍ ഖജനാവ് തുറന്ന് ജനസമ്പത്ത് സ്വന്തമാക്കുന്നു. ആ പണവുമായി വീണ്ടും തെരഞ്ഞെടുപ്പ് കാലങ്ങളില്‍ മനുഷ്യന്റെ മുന്നിലെത്തുന്നു. ജനങ്ങളില്‍ ജാതിയും മതവും കുത്തി നിറയ്ക്കുന്നു. അതോടെ ഭാരതീയത അവനില്‍ നിന്ന് വാര്‍ന്ന് പോകുന്നു. അങ്ങനെ അവന്‍ ജനാധിപത്യത്തിന്റെ അടിമയാകുന്നു. സ്വാതന്ത്ര്യം എന്നുള്ളത് എവിടെയാണ്? ഞാനാരാണ്?

തളര്‍ന്നുവീണ വിധവയെ എല്ലാവരും തലയുയര്‍ത്തി നോക്കി. ആ വേഷം സിന്ധുവിനെ അഭിനയത്തിന്റെ ഉച്ചകോടിയിലെത്തിച്ചു. കര്‍ട്ടന്‍ വീഴുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ ഒരു വെമ്പലോടെ അവളെത്തന്നെ നോക്കി. മത രാഷ്ട്രീയ കൊലപാതകങ്ങളെ അവര്‍ അമര്‍ഷത്തോടെ കണ്ടു. തമ്പി വക്കു പാലിച്ചു, സിന്ധു സിനിമയിലെത്തി. ആദ്യ സിനിമയില്‍ സഹനടി. പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നില്ല. തിരക്കേറുന്നു എന്നു കണ്ടപ്പോള്‍, മകന്റെ പഠിപ്പും വളര്‍ച്ചയും പരിഗണിച്ച് അവനെ കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു സ്ഥാപനത്തില്‍ ചേര്‍ത്തു.

കേരളത്തിലും തമിഴ്‌നാട്ടിലും മാറിമാറി ഷൂട്ടിംഗ് യാത്രകള്‍. തമ്പി ഏയ്ഞ്ചല്‍ തീയറ്റേഴ്‌സിനെ കൈയ്യൊഴിഞ്ഞു. ആ നാടക സമിതിക്ക് അതോടെ തിരശ്ശീല വീണു, രമേശിന്റെ സ്വപ്നങ്ങള്‍ക്കും. തമ്പി റിയല്‍ എസ്റ്റേറ്റില്‍ കൂടുതല്‍ ശ്രദ്ധിച്ചു. വനഭൂമികള്‍ വെട്ടിപ്പിടിക്കാന്‍ അച്ഛന്‍ ഒത്താശകള്‍ ചെയ്തുകൊടുത്തു.
വര്‍ഷങ്ങള്‍ മുന്നോട്ട് പോയി. ഷൂട്ടിംഗ് ഇല്ലാതിരിക്കുമ്പോള്‍ ഒരു വിശിഷ്ടാതിഥിയെപ്പോലെ സിന്ധു മകനെ കാണാനെത്തും. മകന് മാത്രമല്ല മറ്റ് കുട്ടികള്‍ക്കും കളിപ്പാട്ടങ്ങളും മിഠായിയും അവള്‍ വാങ്ങിവന്നു. അവളുടെ നഗ്നമായ ചുമലിലും മാറിടത്തിലും തമ്പിയുടെ കണ്ണുകള്‍ ആഴ്ന്നിറങ്ങി. സിന്ധുവിന്റെ ഓരോ നടപ്പിലും ഇരിപ്പിലും തമ്പിയുടെ കണ്ണുകള്‍ അവളെ പിന്‍തുടര്‍ന്നു. ഊട്ടിയില്‍ ഒരു സിനിമ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ തമ്പിയുടെ കാറില്‍ കയറി പോകുന്നത് സഹപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചു. ഒറ്റത്തടിയല്ലേ ആരും കൂട്ടത്തിലുമില്ല. അവര്‍ ഇടയ്ക്കിടെ അവരെപ്പറ്റി പിറുപിറുത്തു. അവര്‍ക്കതില്‍ ആശ്ചര്യമൊന്നും തോന്നിയില്ല. വെളുത്ത് കൊഴുത്ത അവളുടെ ശരീരം കണ്ടാല്‍ ഏതൊരു പുരുഷനും മോഹിച്ചുപോകും. മാത്രവുമല്ല, ഭര്‍ത്താവുമില്ല. തമ്പിയും അവളുമായി പ്രണയ സല്ലാപം നടത്തുന്നതില്‍ മറ്റുള്ളവര്‍ എന്തിന് നിരാശപ്പെടണം. എന്നാലും എന്തിനാണ് അവളെ കാറില്‍ കൊണ്ടുപോയത്? ഇതിന് മുന്‍പും ഇങ്ങനെ കണ്ടിട്ടുണ്ട്.

(തുടരും)

About The Author

Leave a Reply

Your email address will not be published. Required fields are marked *