സിന്ധു തമ്പിയുടെ സമീപത്തായി മുന്‍സീറ്റിലിരുന്നു. അതില്‍ ഒപ്പം അഭിനയിക്കുന്ന പലര്‍ക്കും അസൂയയും കുശുമ്പുമുണ്ടെന്നും അവള്‍ക്കറിയാം. അവര്‍ രഹസ്യമായി മനസ്സില്‍ പല ആഗ്രഹങ്ങളും കൊണ്ടുനടക്കുന്നുണ്ട്. ഇപ്പോള്‍ അവരറിയാത്ത നഗ്നമായ ഒരു രഹസ്യം ഞാനും മനസ്സില്‍ കൊണ്ടുനടക്കുന്നുണ്ട്. അതവരറിഞ്ഞാല്‍ എന്നെപ്പറ്റി എന്തെല്ലാം കിംവദന്തികളും ഏഷണികളുമായിരിക്കും പറഞ്ഞുപരത്തുക. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഒപ്പം അഭിനയിക്കുന്ന പ്രമുഖ നടന്‍ മാഹിയുമായി കഴിവതും അകന്നു നില്‍ക്കുകയാണ്. സ്വന്തം ശരീരം അയാള്‍ക്ക് അടിയറവെക്കാന്‍ തയ്യാറല്ല. അയാളെ അഭിനയ ചക്രവര്‍ത്തിയായി പ്രേക്ഷകര്‍ അംഗീകരിച്ചു കഴിഞ്ഞു. ആ പേരില്‍ ധാരാളം ഫാന്‍സ് അസോസിയേഷനുമുണ്ട്. മലയാളത്തില്‍ മാത്രമല്ല മറ്റ് പല ഭാഷകളിലും അയാള്‍ അഭിനയിക്കുന്നുണ്ട്. സത്യത്തില്‍ അയാള്‍ക്കൊപ്പം അഭിനയിക്കാന്‍ മനസ്സില്ല. അയാളെ കാണുമ്പോഴെല്ലാം മനസ്സ് അസ്വസ്ഥമാകുന്നു. പ്രേമരംഗങ്ങളില്‍ പലവെട്ടം അഭിനയിക്കേണ്ടി വന്നപ്പോഴൊക്കെ തന്റെ ശരീരഭാഗങ്ങളില്‍ അറിഞ്ഞുകൊണ്ട് തന്നെയാണ് അയാള്‍ സ്പര്‍ശിച്ചത്. ഒരു ബലാല്‍സംഗ സീന്‍ അയാള്‍ ശരിക്കും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ക്യാമറക്കണ്ണുകള്‍ അതൊക്കെ ഒപ്പിയെടുത്തു. മറ്റൊരു രംഗത്ത് ചുണ്ടില്‍ അയാളുടെ ചുണ്ടുകള്‍ പറ്റിപ്പിടിച്ചിരുന്നു, ഒടുവില്‍ ഡയറക്ടര്‍ വന്നാണ് അയാളെ അകറ്റിയത്.
ഇങ്ങനെയുള്ള രംഗങ്ങളില്‍ അയാള്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുമ്പോള്‍ പ്രേക്ഷകര്‍ അതൊക്കെ ഇഷ്ടപ്പെടുന്നു. നടിയുടെ ചേതോവികാരം ആര്‍ക്കുമറിയേണ്ട. അഭിനയിക്കുന്ന ഭാഗങ്ങള്‍ സുഗന്ധമായാലും ദുര്‍ഗന്ധമായാലും ആശ്ചര്യം ജനിപ്പിക്കണം. മനസ്സിലെന്നും ഭാവി തെളിഞ്ഞുവരും. ഈ ശരീരം സ്വന്തം ഭര്‍ത്താവിന് സമര്‍പ്പിച്ചതാണ്. മറ്റൊരു പുരുഷന് കാഴ്ചവസ്തുവാക്കാന്‍ താത്പര്യമില്ല. പുരുഷന്റെ ഉള്ളിലുള്ള ഉദ്ദേശ്യങ്ങളൊക്കെ സാധിച്ചുകൊടുക്കാന്‍ ഞാനത്ര മണ്ടിയൊന്നുമല്ല. അഭിനയം കഴിയുമ്പോഴും ഇടയ്ക്കിടെ അയാള്‍ എന്റെ അടുത്ത് വന്നിരുന്ന് കുശലങ്ങള്‍ പറഞ്ഞതും ആ കണ്ണുകളുടെ തുടിപ്പും അവള്‍ മനസ്സിലാക്കിയിരുന്നു. തമ്പി പണം മുടക്കിയ ഒരു പടത്തില്‍ കഴിഞ്ഞമാസം മദ്രാസ്സില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് അയാളുടെ തനിനിറം ശരിക്കു മനസ്സിലായത്. ഒരു പ്രേമരംഗം അഭിനയിച്ചുകൊണ്ടിരിക്കെ കടല്‍ത്തിരയില്‍ വീണുമറിഞ്ഞ അവസരത്തില്‍ അയാള്‍ പിടിമുറുക്കിയത് എന്റെ മുലകളിലായിരുന്നു. വെള്ളത്തിലായതിനാല്‍ ക്യാമറാകണ്ണുകള്‍ക്ക് അത് കിട്ടിയില്ല. ആകാശത്ത് സൂര്യന്‍ ഉദിച്ചിരുന്നില്ല. കടപ്പുറം വിജനമായിരുന്നു. അകലെ മീന്‍പിടുത്തക്കാരുടെ തോണികള്‍ കാണപ്പെട്ടു.
അന്ന് രാത്രി തന്നെ മനസ്സിനെ ഞെട്ടിച്ച ഒരു സംഭവമുണ്ടായി. ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുറിയിലെ ബെല്‍ ശബ്ദിച്ചു. ആരാണ്? വാച്ചിലേക്ക് നോക്കി, ഒന്‍പത് മണി ആയിട്ടേയുള്ളൂ. ഹോട്ടല്‍ വേയിറ്റേഴ്‌സ് ആണോ? മേശപ്പുറത്ത് നോക്കി, വെള്ളം ഇരിപ്പുണ്ട്. ഇനി തമ്പിയാണോ? കേരളത്തില്‍ നിന്ന് ആകെ വന്നിട്ടുള്ളത് തമ്പിയും മാഹിയും ക്യാമറാമാനുമാണ്. മധുരയിലെ ചരിത്ര പ്രസിദ്ധമായ ചില ക്ഷേത്രപരിസരങ്ങളില്‍ ഞാനും മാഹിയുമായുള്ള പ്രണയരംഗങ്ങള്‍ അഭിനയിച്ചുകഴിഞ്ഞു. മധുരയില്‍ നിന്നാണ് മദ്രാസിലേക്ക് വന്നത്. നാളെ രാവിലെ കേരളത്തിലേക്ക് ട്രെയിന്‍ കയറുകയാണ്.
തമ്പിയും മാഹിയുമായുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് ആ ബെല്‍ ശബ്ദമെന്ന് സിന്ധു അപ്പോള്‍ അറിഞ്ഞില്ല. രണ്ട് പേരുടെയും മനസ്സില്‍ ഒറ്റ ലക്ഷ്യമേയുള്ളൂ. ഇവള്‍ ആരുടെയും മുന്നില്‍ വളയുന്നവളല്ല. ഇവളെ വളച്ചൊടിക്കണം. അവരുടെ മനസ്സില്‍ ഒരു വിറക് കക്ഷണം പോലെ അവള്‍ എരിഞ്ഞു. ഇനി അത് ചാമ്പലായി മാറണം.
പല സിനിമകളിലും പല വേഷങ്ങള്‍ അഭിനയിച്ചെങ്കിലും ഒരു നായികാ പദവി ലഭിക്കുന്നത് ആദ്യമായിട്ടാണ്. അതും തമ്പിയുടെ പടത്തില്‍. ഇതുവരെ രണ്ട് സിനിമയില്‍ ഉപനായികയുടെ വേഷം ലഭിച്ചു. സിനിമ പ്രേക്ഷകരുടെയിടയില്‍ സിന്ധു പേരെടുത്തു കഴിഞ്ഞു. അവളുടെ ശരീരഭംഗിയും ആകര്‍ഷകങ്ങളായ കണ്ണുകളും വശ്യതയാര്‍ന്ന ചിരിയും പ്രേക്ഷകര്‍ ഇഷടപ്പെട്ടു. അവളിലെ സൗന്ദര്യം അവള്‍തന്നെ അറിഞ്ഞില്ല. മറ്റ് പെണ്‍കുട്ടികളെപ്പോലെ കണ്ണാടിയില്‍ നോക്കി ആ സൗന്ദര്യം ആസ്വദിക്കാനും അവള്‍ ശ്രമിച്ചില്ല. ജീവിതത്തെ അവള്‍ കണ്ടത് വളരെ ഗൗരവത്തോടെയാണ്. സാധാരണ കുടുംബത്തില്‍ ജനിച്ചു. ചെറുപ്പത്തില്‍ ഒരു പൂമ്പാറ്റയെപ്പോലെ ആടിപാടി നടന്നു. പള്ളിയില്‍ കുര്‍ബാനകൂടാനും ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളുകളും കാണാന്‍ പോയി. വീണ്ടും വളര്‍ന്നു. ഒരു വാനമ്പാടിയെപ്പോലെ കലാരംഗത്ത് കാലുറപ്പിച്ചു. ഒരു അഭിനയത്രിയാകുക മനസ്സിന്റെ വലിയൊരു മോഹമായിരുന്നു. ഒരാളെ പ്രണയിച്ചു. വിവാഹം കഴിച്ചു. എല്ലാവരും പുറംതള്ളി. ഭര്‍ത്താവും മണ്‍മറഞ്ഞു. ചെറുപ്പത്തിലും ഇപ്പോള്‍ ട്രെയിന്‍ യാത്രയിലുമൊക്കെ ധാരാളം നോവലുകള്‍ വായിക്കാറുണ്ട്. പുസ്തകത്തിലൂടെയാണ് ഒരു സ്ത്രീയുടെ സൗന്ദര്യം മനോഹരമായ ഒരു പൂന്തോട്ടമാണെന്നും സ്ത്രീയുടെ സൗന്ദര്യത്തന് കാവ്യാനുഭൂതിയുണ്ടെന്നുമൊക്കെ തിരിച്ചറിയുന്നത്. യൗവനത്തില്‍ സ്വപ്നം കണ്ടുറങ്ങിയത് അഭിനയം മാത്രമായിരുന്നു. മനസ്സിനെ തഴുകിയുറക്കിയതും നാടകങ്ങളായിരുന്നു. മൗനമുറങ്ങിയ യൗവനത്തില്‍ മനസ്സിനെ തൊട്ടുണര്‍ത്തിയത് രമേശായിരുന്നു. പിന്നീടുള്ള ദാമ്പത്യജീവിതം ഒരു വസന്തകാലമാണ്. ആ പൂന്തോപ്പില്‍ ഒരു കുഞ്ഞും പിറവിയെടുത്തു. ഒരു പൂപോലെ ഒരാള്‍ കൊഴിഞ്ഞുവീണു.
വീണ്ടും ഡോര്‍ ബെല്‍ ശബ്ദിച്ചു. എഴുന്നേറ്റ് ചെന്ന് കതക് തുറന്നു. മുന്നില്‍ സുസ്‌മേരവദനനായി വെളള വസ്ത്രത്തില്‍ മാഹി എന്ന മഹേഷ് നില്‍ക്കുന്നു. എപ്പോഴും അയാളെ കണ്ടിട്ടുള്ളത് വെള്ള വസ്ത്രധാരിയായിട്ടാണ്. ഇയാള്‍ എന്തിനാണ് ഇങ്ങോട്ട് വന്നത്. തമ്പിക്കൊപ്പം ഒന്നിച്ചിരുന്ന് ആഹാരം കഴിച്ച് പിരിഞ്ഞതാണല്ലോ. അയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായി. ഒന്നും ചോദിക്കാതെ അയാള്‍ മുറിക്കുളളിലേക്ക് കടന്ന് കസേരയില്‍ ഇരുപ്പുറപ്പിച്ചു.
‘സിന്ധു നില്‍ക്കാതെ ഇരിക്ക്’. അവള്‍ ഉറപ്പില്ലാത്ത കാലടികളോടെ കട്ടിലില്‍ ഇരുന്നു. മാഹിയുടെ ഉള്ളില്‍ ആഗ്രഹങ്ങള്‍ പെരുകിപ്പെരുകി വന്നു. ആ കണ്ണുകള്‍ അവളുടെ ശരീരത്തിന്റെ തുടുപ്പില്‍ ഒഴുകി. മനസ്സിലെ ആഗ്രഹങ്ങള്‍ തുറന്നു പറയുന്നതില്‍ എന്ത് തെറ്റാണുള്ളത്. അവള്‍ അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കും. കാമുകീകാമുകന്മാര്‍ എത്രയോ വര്‍ഷങ്ങള്‍ പ്രണയിച്ചതിനുശേഷമാണ് ശാരീരകബന്ധത്തില്‍ ഏര്‍പ്പെടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി അവളുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചതും നോവിച്ചതും വെറുതേയാണോ. ഇതുവരെയായി കൂടുതലൊന്നും സാധിച്ചിട്ടില്ല. ഇനിയെങ്കിലും എന്റെ ഇംഗിതങ്ങള്‍ക്ക് അവള്‍ വഴങ്ങുകതന്നെ ചെയ്യും.
അയാള്‍ മുറിക്കുള്ളില്‍ കടന്നിരുന്നത് അവള്‍ക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ഒപ്പം അഭിനയിക്കുന്നതുകൊണ്ട് അത്ര വലിയ സ്വാതന്ത്ര്യമൊന്നും കൊടുത്തിട്ടുമില്ല. അയാള്‍ എന്റെ ശരീരത്ത് പലവട്ടം സ്പര്‍ശിച്ചിട്ടുണ്ട്. അപ്പോഴൊക്കെ കരണത്തടിക്കാന്‍ തോന്നും. അയാള്‍ കരുതിയിരിക്കുന്നത് അയാളുടെ സ്പര്‍ശം എന്നില്‍ നാണവും മോഹവും കൂട്ടുമെന്നാണ്. ഈ അസുഖത്തിനുള്ള ചികിത്സ എനിക്കറിയാം. പലപ്പോഴും മിണ്ടാതിരുന്നത് ഭാവിയെ ഓര്‍ത്താണ്. മേക്കപ്പ് മുറിയിലും ഇയാള്‍ കടന്നുവരാറുണ്ട്. തമ്പിയുടെ പടത്തില്‍ അഭിനയിക്കുമ്പോഴാണ് അയാളെന്റെ മുലകളില്‍ നുള്ളിയതും ഞെരിച്ചതും, ചുണ്ടില്‍ ആര്‍ത്തിയോടെ ചുംബിച്ചതും. മറ്റു പടങ്ങളിലൊന്നും ഇത്ര പ്രശ്‌നമുണ്ടാക്കിയിട്ടില്ല. ആരാധകര്‍ക്കു മുന്നില്‍ മഹാമാന്യന്‍, പാവങ്ങള്‍ക്ക് ധാരാളം ദാനം ചെയ്യുന്നവന്‍. ഇവനപ്പോലുള്ളവരുടെ വാക്കുകള്‍ക്ക് വലിയ മാന്യതയാണ്. മാധ്യമങ്ങള്‍ക്ക് ഏതോ മഹാസംഭവങ്ങള്‍ പോലെയാണ്. ഇവന്റെയൊക്കെ അരമന രഹസ്യങ്ങള്‍ പുറംലോകമറിയുന്നില്ല. ഇവനെപ്പെല പല നടന്‍ന്മാരും കേരളത്തിലുണ്ട്. അവരൊക്കെ എത്ര മാന്യമായിട്ടാണ് ഒപ്പം അഭിനയിക്കുന്ന സ്ത്രീകളോട് ഇടപെടുന്നത്.
പുറമെ കാറ്റും മഴയും ഒന്നായി വന്നു. ആകാശത്ത് നിന്ന് പെയ്തിറങ്ങിയ മഴയില്‍ മേഘങ്ങള്‍ വിതുമ്പി. അവരുടെയിടയില്‍ തെളിഞ്ഞുനിന്ന നിലാവിനും നക്ഷത്രങ്ങള്‍ക്കും ഒരു മങ്ങലുണ്ടായി. അവര്‍ മേഘക്കൂട്ടങ്ങളില്‍ ഒളിച്ചു. പ്രപഞ്ചം ഒരു പ്രതിഷേധംപോലെ മൂടിക്കെട്ടി നിന്നു.
‘എന്താ മാഹി വന്നത്?’
‘ഇനി നമ്മള്‍ എന്നാണ് കാണുക….’
ആ ശബ്ദത്തില്‍ ഒരു വേവലാതിയുണ്ടായിരുന്നു. പുറമെ മഴ ഉറഞ്ഞുതുള്ളി നിന്നു. മാഹിയുടെ മുഖത്ത് സ്‌നേഹത്തിന്റെ നീരൊഴുക്ക്. ആ നീരൊഴുക്കില്‍ ആഞ്ഞടിക്കുന്ന കാറ്റിന്റെ ശക്തി അവള്‍ തിരിച്ചറിഞ്ഞു.
‘സിന്ധു എന്താണ് കതകടയ്ക്കാത്തത്? സിന്ധുവിനോട് വളകെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് ഞാന്‍ വന്നത്? അത് മറ്റുള്ളവര്‍ കൂടി കേള്‍ക്കണോ?’
അവളുടെ ചിന്തയും നോട്ടവും വാതിലില്‍ പതിഞ്ഞു. എന്തായാലും കതകടയ്ക്കാം. ഇയാള്‍ ഏതറ്റം വരെ പോകുമെന്ന് അറിയാമല്ലോ? ഞങ്ങളുടെ സംസാരം എന്തിനാണ് മറ്റുളളവര്‍ കേള്‍ക്കുന്നത്? സിന്ധുവില്‍ കണ്ണുനട്ടിരുന്ന മാഹി എഴുന്നേറ്റ് കതകടച്ചു. കതകിന് കുറ്റിയിടാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു.
‘കുറ്റി ഇടണ്ട.’
മാഹിയുടെ മനസ്സൊന്ന് വിറച്ചു. സംശയത്തോടെ മടങ്ങിവന്നിരുന്നു. മുഖത്തേ വെറുപ്പ് പുറത്ത് കാണിച്ചില്ല. സ്വന്തം ഇഷ്ടത്തിനല്ല അവളെ വളയ്‌ക്കേണ്ടത്. അവളുടെ ഇഷ്ടത്തിനാകണം. സുസ്‌മേരവദനനായി പറഞ്ഞു.
‘നമ്മള്‍ നീണ്ട നാളുകളായി പല സെറ്റിലും കാണാറുണ്ട്. പലതും പറഞ്ഞ് ചിരിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കാര്യം ഇന്ന് പറയണമെന്ന് തോന്നി. സിന്ധുവിന് സര്‍ക്കാരിന്റെ ഒരു അവാര്‍ഡ് വേണമെന്ന് ആഗ്രഹമില്ലേ?’
‘ഞാന്‍ ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങള്‍ നടക്കണമെന്നുണ്ടോ?’
‘നാം അഗ്രഹിക്കുന്നതുപോലെ കാര്യങ്ങള്‍ നടക്കണം. എനിക്ക് എന്തെല്ലാം ബഹുമതികള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നുവരെ ലഭിച്ചു. ഇതൊന്നും വെറുതെ ആരും കൈയ്യില്‍ കൊണ്ട് തരില്ല സിന്ധു. ഒരല്‍പം അദ്ധ്വാനം ആവശ്യമാണ്.’
‘സര്‍ക്കാര്‍ അവാര്‍ഡുകള്‍ എന്ന് പറഞ്ഞാല്‍ ഞാന്‍ മനസ്സിലാക്കുന്നത് രാഷ്ട്രീക്കാരുടെ അവാര്‍ഡ് എന്നാണ്. പണം കൊടുത്താല്‍ എന്തും നേടാനുള്ള ജനാധിപത്യമല്ലേ നമ്മുടേത്. പണം കൊടുത്ത് ഒരു ബഹുമതിയും എനിക്ക് വേണ്ട.’
‘സിന്ധു പണമൊന്നും മുടക്കണ്ട, ഞാനുമായി ഒരു സൗഹൃദബന്ധം തുടങ്ങിയാല്‍ മാത്രം മതി. എന്താഗ്രഹവും ഞാന്‍ നടത്തിത്തരാം.’
‘എന്ന് പറഞ്ഞാല്‍ എന്റെ തുണികള്‍ അഴിച്ചുമാറ്റി അഴിഞ്ഞാട്ടക്കാരിയാകണം. മാഹി, നിങ്ങള്‍ ജനങ്ങള്‍ ആരാധിക്കുന്ന, എന്നുപറഞ്ഞാല്‍ സിനിമ കാണുന്ന കുറച്ചുപേര്‍ ആരാധിക്കുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ട് നിങ്ങള്‍ അഹങ്കരിക്കുന്നു. സത്യത്തില്‍ നമ്മള്‍ ആരാണ്? എഴുത്തുകാരുടെ തൂലികയില്‍ ആടിപ്പാടുന്ന വെറും പാവകള്‍. കുറെ കോടികള്‍ കൈയ്യില്‍ കിട്ടി പണവും പ്രശസ്തിയും വര്‍ധിച്ചപ്പോള്‍ ദുരഭിമാനികളായി മാറുന്നവരെപ്പറ്റി എന്താണ് പറയുക?’
മാഹി കൂര്‍പ്പിച്ചുനോക്കി. ‘ശരി അതുകൂടി പറയുക.. എന്താണ്?’ അയാളുടെ നെറ്റിചുളിഞ്ഞു.
‘സത്യത്തില്‍ നിങ്ങളെപ്പോലുള്ളവര്‍ എന്താണ് ചെയ്യുന്നത്? കിട്ടുന്ന തുകയുടെ പകുതിയും ഫാന്‍സ് അസോസിയേഷനും മാധ്യമങ്ങള്‍ക്കും കൊടുത്ത് തീയേറ്ററുകള്‍ നിറക്കുകകയല്ലേ? അത് മാധ്യമങ്ങള്‍ പാടിപുകഴ്ത്തുന്നു. നിങ്ങളൊക്കെ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. അതുവച്ച് എന്നെ വിലയ്‌ക്കെടുക്കാന്‍ നോക്കരുത്.’
ക്ഷുഭിതനായ മാഹി ചാടിയെഴുന്നേറ്റു. ‘നീ എന്താ എന്നെപ്പറ്റി മനസ്സിലാക്കയത്? ഇവിടുത്തെ ഭരണകൂടംപോലും എന്റെ വിരല്‍തുമ്പിലാടും? നിന്റെയൊരു നന്മയ്ക്കായി ഞാന്‍ വന്നപ്പോള്‍ നിയെന്നെ ആക്ഷേപിക്കുന്നു.’
അവളും രോഷത്തോടെ നോക്കി എഴുന്നേറ്റു.
‘ഇയാള്‍ ആരെന്നാ വിചാരം. ഇയാളെക്കാള്‍ അഭിനയിക്കുന്നസമര്‍ത്ഥരായ അഭിനേതാക്കള്‍ ഇവിടുത്തെ കലാമണ്ഡലത്തിലുണ്ട്. കുറെ മാക്രിമാരും ഫാന്‍സ് അസോസിയേഷനുമുള്ളതുകൊണ്ട് കൂടുതല്‍ അഹങ്കരിക്കേണ്ട. ഇതൊക്കെ വിവരമുള്ള മലയാളിക്ക് മനസ്സിലാകുന്ന കാര്യമാണ്.’
‘നിറുത്തെടീ. നിനക്കെന്ന അറിയില്ല. എന്നെ അധിക്ഷേപിക്കാന്‍ നീ വളര്‍ന്നോ? സിനിമയില്‍ ബലാല്‍സംഗം ചെയ്ത് പരിശീലനം ചെയ്ത എനിക്ക് നിന്നെ ഇപ്പോള്‍ ബലാല്‍സംഗം ചെയ്യാനാകും, അറിയാമോ?’
അവളുടെ കണ്ണുകളില്‍ വിദ്വേഷം പടര്‍ന്നു. ആ കണ്ണുകളില്‍ നിന്നു കനലുകള്‍ ഉതിര്‍ന്നു. ഇത്രയും നാള്‍ ഇവന്റെ ധിക്കാരവും അവിവേകവും സഹിച്ചു. ഇനിയും ഇങ്ങനെ തുടരാന്‍ അനുവദിച്ചുകൂടാ. ഉള്ളില്‍ അസഹ്യമായ അമര്‍ഷവും തലച്ചോറില്‍ വിദ്വേഷവും ആളിക്കത്തി. അവനെ പ്രസാദിപ്പിച്ചാല്‍ മതി, എന്തും നേടിത്തരും പോലും. ഇത്രയും നാള്‍ ഹൃദയത്തില്‍ ഒതുക്കിവെച്ച കാര്യമാണ്. അത് തെറ്റായിപ്പോയി എന്ന് ഇപ്പോള്‍ തോന്നുന്നു. മുലയില്‍ നുള്ളിയ നിമിഷങ്ങളില്‍ അത് മുളയിലെ നുള്ളണായിരുന്നു. ഇവന്‍ പല സ്ത്രീകളുടെയും മാറിലെ ചൂടറിഞ്ഞവനാണ്. അവരുടെ തലോടലും അനുഭവിച്ചിട്ടുണ്ട്. അവളുമാര്‍ സ്ത്രീകളുടെ മൂല്യങ്ങള്‍ അറിയുന്നവരാകില്ല. അഭിനയത്തില്‍ നിലനില്‍ക്കാന്‍ എന്ത് ത്യാഗവും ചെയ്തുകാണും. എല്ലാ സ്ത്രീകളും സ്വന്തം മൂല്യങ്ങള്‍ വില്‍ക്കുന്നവരല്ല. ഒരു വിധവയായ സ്ത്രീയോട് ഇങ്ങനെയാണെങ്കില്‍ മറ്റുള്ളവരോട് എങ്ങനെയായിരിക്കും! ദൈവഭക്തിയുള്ള സ്ത്രീകള്‍ ഒരിക്കലും വ്യാമോഹങ്ങളില്‍ അടിമപ്പെടില്ല. അവരുടെ ആത്മവിശ്വാസം അവരെ തളര്‍ത്തില്ല. ഇന്നും സ്വന്തം ഭര്‍ത്താവ് ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളോടും പോരാടി വിജയിച്ച ഭര്‍ത്താവ്. ആ വ്യക്തിയുടെ ഭാര്യ ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുന്നവനാകണം. യൗവനത്തിളപ്പില്‍ യാതൊരു അവിവേകവും കാട്ടാതെയാണ് വളര്‍ന്നത്. ജീവിതത്തിലെ സൗന്ദര്യവും സാമര്‍ത്ഥ്യവും സ്വന്തം ഭര്‍ത്താവിനും കുഞ്ഞിനും വേണ്ടി മാറ്റിവെച്ചതാണ്. അത് എന്നും ഭദ്രമായിരിക്കാനാണ് ആഗ്രഹം. എന്നിട്ടും ചുറ്റിനും അപകടങ്ങള്‍ പതിയിരിക്കുന്നു.
മാഹിയുടെ നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു. വരാന്തയിലൂടെ ആരോ നടക്കുന്ന കാലൊച്ച അവള്‍ കേട്ടു. ആ മുറിയില്‍ നടക്കുന്ന സംഘട്ടനം കാണാന്‍ കാണികള്‍ ആരുമുണ്ടായിരുന്നില്ല. അയാളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഉള്ളില്‍ ഒരു കുലുക്കം. ഇയാള്‍ എന്തിനുള്ള പുറപ്പാടാണ്. സിനിമയില്‍ നടക്കുന്നത് ജീവിതത്തിലും സംഭവിക്കുമോ? ആകാശത്ത് തെളിഞ്ഞ നിലാവും നക്ഷത്രങ്ങളും കണ്ണടച്ചിരുന്നു. അവള്‍ കണ്ണുമിഴിച്ച് നോക്കി പറഞ്ഞു.
‘മാഹി മര്യാദക്ക് പുറത്ത് പോ. എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ താല്‍പര്യമില്ല.’
‘മര്യാദക്ക് ഞാന്‍ പറയുന്നത് അനുസരിക്കുന്നതാണ് നിനക്ക് നല്ലത്.’
ഒരു ഞെട്ടലോടെയാണ് ആ വാക്കുകള്‍ അവള്‍ കേട്ടത്. അവളുടെ മുഖം കൂടുതല്‍ ആര്‍ദ്രമായി, ഉള്ളില്‍ പരിഭ്രമം. കതക് തുറക്കാനായി മുന്നോട്ട് നടന്നു. പെട്ടെന്ന് മാഹി അവളെ തടഞ്ഞു. അവള്‍ അടിക്കാനുയര്‍ത്തിയ വലതുകരം മാഹിയുടെ കൈകളില്‍ പിടഞ്ഞു. കൈയിലെ കുപ്പിവളകള്‍ നുറുങ്ങി, കൈത്തണ്ടയില്‍ ചോര പൊടിഞ്ഞു. പുറമെ മഴ നര്‍ത്തനമാടി. ആകാശം ഇരുണ്ടു നിന്നു. അവളെ സ്വന്തം കൈകളില്‍ വിരിഞ്ഞുമുറുക്കി നെഞ്ചോടമര്‍ത്തി. അവള്‍ ആക്രോശിച്ചു. ‘എന്നെ വിടൂ. എന്നെ വിടാനാ പറഞ്ഞേ…’ അവളുടെ മാര്‍ദ്ദവമേറിയ മേനിയില്‍ അവന്റെ കൈകള്‍ പതിഞ്ഞു. അവളുടെ ശബ്ദം തൊണ്ടയില്‍ കുടുങ്ങി. പിടിയും വലിയും ശക്തിയായി തുടര്‍ന്നു. അയാളുടെ കൈവിരലുകള്‍ താഴേക്ക് പരതിയിറങ്ങി.
(തുടരും)