LIMA WORLD LIBRARY

സംസാരിക്കുന്ന പ്രതിമകള്‍ – ഡോ. വേണു തോന്നയ്ക്കല്‍

ഓരോ പ്രതിമയും നമ്മോട് ഒരുപാട് കഥകള്‍ പറയുന്നുണ്ടാവും. നടന്നു നീങ്ങിയ കാലത്തിന്റെയും നയിച്ച യുദ്ധങ്ങളുടേയും സഹന സമരങ്ങളുടേയും പട്ടിണിയുടേയും പകര്‍ച്ച വ്യാധികളുടേയും ജീവിത നേട്ടങ്ങളുടേയും ശാസ്ത്ര കണ്ടെത്തലുകളുടെയും കഥകള്‍. ജീവിതത്തില്‍ നാം ഇതുവരെ കണ്ടില്ലാത്തവര്‍ തോളോട് തോള്‍ ചേര്‍ന്ന് നമ്മെ നോക്കി ചിരിക്കുന്നുണ്ടാവും. നമ്മുടെ ഓര്‍മ്മയില്‍ നിന്നു പോലും വിസ്മൃതിയിലാണ്ടവര്‍ ജീവന്‍ മണത്ത് നമുക്കൊപ്പം നില്‍ക്കുന്ന കാഴ്ച.

ഒരു പുത്തന്‍ ലോകം നമുക്ക് മുന്നില്‍ തുറന്നിടുകയാണ്. കാഴ്ചയുടെയും വിനോദത്തിന്റേയും വിജ്ഞാനത്തിന്റെയും ഒരു ലോകം.
പെട്ടെന്ന് ഒരു അന്ധാളിപ്പ്. ഞാനിപ്പോള്‍ എവിടെയാണ്. ഭൂമിയില്‍ തന്നെയാണോ. സ്വപ്ന ലോകത്താണോ. കൈയ്യില്‍ ഒന്ന് നുള്ളി നോക്കി. അതെ സ്വപ്നമല്ല. യഥാര്‍ത്ഥ ലോകം തന്നെ.

താന്‍ ഇപ്പോള്‍ നില്‍ക്കുന്നത് പ്രതിമകള്‍ക്കൊപ്പമെന്നറിയാന്‍ പിന്നെയും വൈകി. അതെ മെഴുകു പ്രതിമകള്‍. മെഴുക് പ്രതിമകളുടെ ഒരു മ്യൂസിയം. ഊട്ടിയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം മെഴുകു മ്യൂസിയങ്ങള്‍ ഉണ്ട്.

ലോകമെമ്പാടും ഉള്ള ഒരു കാഴ്ചയാണ് മെഴുക് മ്യൂസിയം അഥവ വാക്‌സ് മ്യൂസിയം (wax museum). മെഴുകില്‍ രൂപങ്ങള്‍ തീര്‍ക്കുക. വിദഗ്ദ്ധരായ കലാകാരന്മാര്‍ മെഴുകില്‍ വ്യക്തികളെ അപ്പടി ആകൃതിപ്പെടുത്തുകയാണ്. അപ്രകാരമുണ്ടാക്കുന്ന കലാരൂപങ്ങളുടെ പ്രദര്‍ശനമാണ് വാക്‌സ് മൂസിയങ്ങള്‍.
മണ്‍ മറഞ്ഞു പോയവര്‍ മണ്ണിലേക്ക് മടങ്ങി വരുന്ന കാഴ്ചകള്‍. അവിടെ നമുക്ക് അനവധി മഹാരഥന്മാരെ കാണാം. ചരിത്രത്തിന്റെ ഏടുകളില്‍ അവരെ തെരയാം. മനസ്സ് കൊണ്ട് പരിചയപ്പെടാം. നമ്മുടെ ഓര്‍മ്മകളിലേക്ക് അവരെ കുടിയിരുത്താം.

മെഴുകില്‍ തീര്‍ത്ത ഈ രൂപങ്ങള്‍ നമ്മോട് സംവദിക്കും. വ്യക്തികളിലേക്കും സംഭവങ്ങളിലേക്കും കഴിഞ്ഞു പോയ കാലങ്ങളിലേക്കും ഒരു യാത്ര. ഈ വാക്‌സ് മ്യൂസിയം അസാധാരണമായ ഒരു കാഴ്ചയല്ല. എന്നാല്‍ ജീവിതത്തില്‍ ഇതിനകം ഒരു വാക്‌സ് മ്യൂസിയവു കണ്ടിട്ടില്ലാത്ത ഒരാള്‍ തീര്‍ച്ചയായും ഇതെങ്കിലും കാണേണ്ടതാണ്. നിങ്ങളുടെ ഊട്ടി യാത്രയില്‍ ഊട്ടി വാക്‌സ് മ്യൂസിയം (ooty wax museum) അഥവ വാക്‌സ് വേല്‍ഡ് മ്യൂസിയം (wax world museum) കൂടി സന്ദര്‍ശിക്കുക.
വാക്‌സ് രൂപകാഴ്ചകള്‍ തീര്‍ച്ചയായും വിസ്മയകരം തന്നെ. അത് ചരിത്രത്തിന്റെ ഛേദിച്ച നേര്‍പടമാണ്. വിനോദവും വിജ്ഞാനവുമാണ്. ഊട്ടിയിലെ വാക്‌സ് മ്യൂസിയം 130 വര്‍ഷം പഴക്കമുള്ള ഒരു കൊളോണിയല്‍ മാളികയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഇന്‍ഫോടെയ്ന്‍മെന്റ്(infotainment) ഇടമാണ്.
മ്യൂസിയും ചെറുതാണ്. എന്നാല്‍ അവിടെ നമ്മുടെ രാഷ്ട്ര ശില്‍പി മഹാത്മാ ഗാന്ധി, സ്വാതന്ത്ര സമര നേതാക്കളായ ബാല ഗംഗാധര തിലകന്‍, ഗോപാല കൃഷ്ണ ഗോഗലെ, നേതാജി സുഭാഷ് ചന്ദ്ര ബോസ്, തുടങ്ങി അനവധി മഹാരഥന്‍മാരെ പരിചയപ്പെടാം.

ഛത്രപതി ശിവാജി, രവീന്ദ്രനാഥ ടാഗോര്‍, വിശ്വേശ്വരയ്യ, മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ മെഴുക് പ്രതിമകളും അവിടെയുണ്ട്.

നമുക്ക് ഈ മാക്‌സ് മ്യൂസിയത്തിലെ ജീവന്‍ തുടിക്കുന്ന മെഴുക് പ്രതിമകള്‍ക്കൊപ്പം നിന്ന് ചിത്രമെടുക്കാം. നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രപതിയോടൊപ്പമോ, എന്തിന് ഒരു ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയോടോ മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയോടൊപ്പമോ ഒരു ഗ്രൂപ്പ് ഫോട്ടോ. എന്നെന്നും ഓര്‍ക്കാന്‍ ഒരു തുണ്ട് ഓര്‍മ സമൃതി പഥത്തില്‍ ശേഷിക്കാന്‍ അതൊക്കെ ധാരാളം.

ഇവിടെ മഹാന്മാരുടെ പ്രതിമകള്‍ മാത്രമല്ല ദൈവങ്ങളുടെയും മനുഷ്യ ദൈവങ്ങളുടെയും മെഴുകു പ്രതിമകള്‍ കൂടിയുണ്ട്.
ഒരാള്‍ക്ക് ഇന്ത്യയെ അറിയണോ. അതിനും മറ്റെങ്ങും പോവേണ്ടതില്ല. ഇന്ത്യയുടെ സംസ്‌കാരത്തെയും ഗ്രാമീണ ജീവിത ശൈലിയെയും പ്രതിനിധീകരിക്കുന്ന മെഴുക് രൂപങ്ങള്‍ ഇവിടെയുണ്ട്. കാര്‍ഷിക പ്രവര്‍ത്തനങ്ങളിലും മണ്‍പാത്രങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ആളുകളെ മെഴുകില്‍ വാര്‍ത്തെടുത്തിരിക്കുന്നു.
പ്രതിമകളുടെ കൂട്ടത്തില്‍ സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിനായുള്ള പ്രതിമകളുമുണ്ട്. അതിലൊന്നാണ് മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള വാക്‌സ് രൂപങ്ങള്‍.

ഈ പ്രതിമകള്‍ വ്യക്തികളുടെ അസല്‍ ആകൃതിയില്‍ ഉള്ളവയാണ്. ഈ മെഴുക് പ്രതിമകള്‍ വെറും മനുഷ്യ രൂപങ്ങള്‍ അല്ല മുഖത്ത് വികാരങ്ങള്‍ വാരി നിറച്ച് ജീവന്‍ സ്ഫുരിക്കുന്നവയാണ്.

ഐഐടി പ്രൊഫഷണലും ബിസിനസുകാരനുമായ ശ്രീജി ഭാസ്‌കരനാണ് (Shreeji Bhaskaran) ഈ മ്യൂസിയത്തിന്റെ ആശയം രൂപപ്പെടുത്തിയത്. 2007 മാര്‍ച്ചിലാണ് അന്നത്തെ നീലഗിരി ജില്ലാ കളക്ടരായിരുന്ന സന്തോഷ് കെ മിശ്ര (Santosh K Mishra) കാഴ്ചക്കാര്‍ക്കായി വാക്‌സ് വേല്‍ഡ് മ്യൂസിയം തുറന്നു കൊടുത്തത്.
ഊട്ടി നഗരത്തിലാണ് ഊട്ടി വാക്‌സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. കാഴ്ചകളെ വേണ്ടത്ര മനോഹരമാക്കി സൂക്ഷിച്ചിട്ടില്ല എന്ന ഒരു കുറവ് മ്യൂസിയത്തില്‍ ശ്രദ്ധേയമാണ്. പരാതി പറയരുതല്ലോ, അവിടെയുള്ള സ്റ്റാഫുകള്‍ സന്ദര്‍ശകരെ അതിഥിയായി കണ്ട് കാഴ്ചകള്‍ വിശദീകരിച്ചു തരും. ഇതില്‍ പരമെന്ത് വേണം. ഏതായാലും ഊട്ടിയിലെ മെഴുകുകളുടെ ഈ ലോകം ഒന്ന് കാണുക തന്നെ വേണം.

തണ്ടര്‍ വേല്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കിലുമുണ്ട് (thunder world amusement park) ഒരു വാക്‌സ് മ്യൂസിയം. ഊട്ടി വാക്‌സ് പ്ലാനറ്റ് (ooty wax planet).

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px